8
وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّـهِ وَبِالْيَوْمِ الْآخِرِ وَمَا هُم بِمُؤْمِنِينَ ﴿٨﴾

ജനങ്ങളുടെ കൂട്ടത്തിൽ ചിലരുണ്ട്; ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് അവർ പറയുന്നു. എന്നാൽ അവർ വിശ്വാസികളേയല്ല.

തഫ്സീർ മുഖ്തസ്വർ :

وَلَمَّا بَيَّنَ اللَّهُ صِفَاتَ الكَافِرِينَ الذِّينَ فَسَدَ ظَاهِرُهُمْ وَبَاطِنُهُمْ، بَيَّنَ صِفَاتَ المُنَافِقِينَ الذِّينَ فَسَدَ بَاطِنُهُمْ وَصَلُحَ ظَاهِرُهُمْ فِيمَا يَبْدُو لِلنَّاسِ، فَقَالَ:

وَمِنَ النَّاسِ طَائِفَةٌ يَزْعُمُونَ أَنَّهُمْ مُؤْمِنُونَ، يَقُولُونَ ذَلِكَ بِأَلْسِنَتِهِمْ خَوْفًا عَلَى دِمَائِِهِمْ وَأَمْوَالِهِمْ، وَهُمْ فِي البَاطِنِ كَافِرُونَ.

അകവും പുറവും ഒരു പോലെ നശിച്ച കുഫ്ഫാറുകളെ കുറിച്ച് വിവരിച്ചതിന് ശേഷം കപടവിശ്വാസികളുടെ വിശേഷണങ്ങൾ അല്ലാഹു വ്യക്തമാക്കുന്നു. അവർ ജനങ്ങൾക്ക് കാണാൻ കഴിയുന്ന രൂപത്തിൽ പുറമേക്ക് നല്ലവരാണെങ്കിലും അവരുടെ ഉള്ളകം നശിച്ചിരിക്കുന്നു. അല്ലാഹു അവരെ കുറിച്ച് പറയുന്നു:

ജനങ്ങളിൽ ഒരു കൂട്ടമാളുകളുണ്ട്. തങ്ങൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചിരിക്കുന്നു എന്നാണ് അവർ അവകാശപ്പെടുന്നത്. തങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെടുമെന്ന ഭയത്തിലാണ് അവരത് പറയുന്നത്. ഹൃദയത്തിനുള്ളിൽ അവർ കുഫ്ഫാറുകൾ തന്നെയാണ്.

വിശദീകരണം:

സൂറ. ബഖറഃയുടെ ആരംഭത്തിൽ അല്ലാഹുവിൽ വിശ്വസിക്കുന്ന മുഅ്മിനീങ്ങളുടെ വിശേഷണങ്ങൾ നാല് ആയത്തുകളിലും, അല്ലാഹുവിനെ നിഷേധിക്കുന്ന കുഫ്ഫാറുകളുടെ വിശേഷണങ്ങൾ രണ്ട് ആയത്തുകളിലും വിവരിക്കുകയുണ്ടായി. എന്നാൽ പുറമേക്ക് വിശ്വാസികളാണെന്ന് നടിക്കുകയും ഉള്ളിൽ നിഷേധം ഒളിപ്പിക്കുകയും ചെയ്യുന്ന കപടവിശ്വാസികളായ മുനാഫിഖുകളുടെ വിശേഷണങ്ങളാണ് പന്ത്രണ്ട് ആയത്തുകളിലായി ഇനി വിവരിക്കപ്പെടുന്നത്.

മുഅ്മിനിനെയും കാഫിറിനെയും എളുപ്പത്തിൽ വേർതിരിച്ചറിയാൻ സാധിക്കുമെങ്കിലും കപടതയുടെ മറക്കുള്ളിൽ ഒളിച്ചിരിക്കുന്ന മുനാഫിഖുകളെ വേർതിരിച്ചറിയുക എന്നത് പ്രയാസകരമാണ്. ഇക്കാരണം കൊണ്ടാണ് അവരുടെ വിശേഷണങ്ങൾ കൂടുതൽ വിശദവും വ്യക്തവുമായി വിവരിക്കപ്പെട്ടത്. ഈ ആയത്തുകളിൽ പറയപ്പെടുന്ന എല്ലാ വിശേഷണങ്ങളും കപടവിശ്വാസികളുടേതാണ്. (തഫ്സീറുൽ മുഹർറർ: 1/85)

ഹൃദയത്തിലില്ലാത്തത് നാവു കൊണ്ടു പറയൽ:

നിഫാഖിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണിത്. തന്റെ ഹൃദയത്തിൽ വിശ്വസിക്കാത്തത് നാവു കൊണ്ട് പറയുക എന്നത് കപടവിശ്വാസികളുടെ പൊതുസ്വഭാവമാണ്. കപടവിശ്വാസികളുടെ ആദ്യത്തെ സ്വഭാവമായി ഇവിടെ എടുത്തു പറഞ്ഞ ഇതേ കാര്യമാണ് ‘മുനാഫിഖൂൻ’ എന്ന പേരിൽ അവതരിച്ച അദ്ധ്യായത്തിന്റെ ആരംഭത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ളത്.

അല്ലാഹു പറയുന്നു:

إِذَا جَاءَكَ الْمُنَافِقُونَ قَالُوا نَشْهَدُ إِنَّكَ لَرَسُولُ اللَّـهِ ۗ وَاللَّـهُ يَعْلَمُ إِنَّكَ لَرَسُولُهُ وَاللَّـهُ يَشْهَدُ إِنَّ الْمُنَافِقِينَ لَكَاذِبُونَ ﴿١﴾

“മുനാഫിഖുകൾ താങ്കളുടെ അടുത്ത് വന്നാല്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്‍റെ റസൂലാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്നറിയാം തീര്‍ച്ചയായും താങ്കൾ അവൻ്റെ റസൂലാണെന്ന്. മുനാഫിഖുകള്‍ (കപടന്‍മാര്‍) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.” (മുനാഫിഖൂൻ: 1)

പാഠങ്ങൾ:

1- നാവു കൊണ്ട് വിശ്വാസിയാണ് എന്ന് പറഞ്ഞതിനാൽ മാത്രം ഒരാളും പരലോകത്തിൽ രക്ഷപ്പെടുകയില്ല. മറിച്ച് നാവു കൊണ്ട് ഏറ്റുപറയുന്ന വിശ്വാസത്തോട് ഹൃദയവും യോജിക്കേണ്ടതുണ്ട്. (ഇബ്‌നു ഉഥൈമീൻ: 1/39)

9
يُخَادِعُونَ اللَّـهَ وَالَّذِينَ آمَنُوا وَمَا يَخْدَعُونَ إِلَّا أَنفُسَهُمْ وَمَا يَشْعُرُونَ ﴿٩﴾

അല്ലാഹുവിനെയും (അവനിൽ) വിശ്വസിച്ച മുഅ്മിനീങ്ങളെയും വഞ്ചിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്‌. (വാസ്തവത്തില്‍) അവര്‍ തങ്ങളെ തന്നെയാണ് വഞ്ചിക്കുന്നത്‌. അവരത് മനസ്സിലാക്കുന്നില്ല.

തഫ്സീർ മുഖ്തസ്വർ :

يُخَادِعُونَ اللَّهَ وَالمُؤْمِنِينَ بِإِظْهَارِ الإِيمَانِ وَإِبْطَانِ الكُفْرِ، وَهُمْ فِي الحَقِيقَةِ يَخْدَعُونَ أَنْفَُسَهُمْ فَقَطْ، وَلَكِنَّهُمْ لَا يَشْعُرُونَ بِذَلِكَ، لِأَنَّ اللَّهَ تَعَالَى يَعْلَمُ السِّرَّ وَأَخْفَى، وَقَدْ أَطْلَعَ المُؤْمِنِينَ عَلَى صِفَاتِهِمْ وَأَحْوَالِهِمْ.

അല്ലാഹുവിൽ വിശ്വാസമുണ്ടെന്ന് പുറമേക്ക് കാണിച്ചു കൊണ്ടും, നിഷേധം ഉള്ളിലൊളിപ്പിച്ചു കൊണ്ടും തങ്ങൾ അല്ലാഹുവിനെയും അവനിൽ വിശ്വസിച്ച മുഅ്മിനീങ്ങളെയും വഞ്ചിക്കുകയാണ് (എന്ന ധാരണയിലാണവർ). എന്നാൽ യഥാർത്ഥത്തിൽ അവർ തങ്ങളെയല്ലാതെ മറ്റാരെയും വഞ്ചിക്കുന്നില്ല. പക്ഷേ അവർ അക്കാര്യം തിരിച്ചറിയുന്നില്ലെന്ന് മാത്രം.

രഹസ്യവും പരസ്യവും അറിയുന്നവനാണ് അല്ലാഹു; (അവനെ വഞ്ചിക്കുക സാധ്യമല്ല). കപടവിശ്വാസികളുടെ വിശേഷണങ്ങളും മുഅ്മിനീങ്ങൾക്ക് അല്ലാഹു അറിയിച്ചു നൽകിയിട്ടുള്ളതിനാൽ അവരെയും വഞ്ചിക്കുക സാധ്യമല്ല.

വിശദീകരണം:

* വഞ്ചന കാപട്യമുള്ളവരുടെ അടയാളം

ജനങ്ങളെ വഞ്ചിക്കുക എന്നത് കപടവിശ്വാസികളുടെ പ്രധാന അടയാളങ്ങളിലൊന്നാണ്. അതിനായി സാധ്യമായ വഴികളെല്ലാം അവർ സ്വീകരിക്കുന്നതുമാണ്.

അല്ലാഹു പറയുന്നു:

يَوْمَ يَبْعَثُهُمُ اللَّـهُ جَمِيعًا فَيَحْلِفُونَ لَهُ كَمَا يَحْلِفُونَ لَكُمْ ۖ وَيَحْسَبُونَ أَنَّهُمْ عَلَىٰ شَيْءٍ ۚ أَلَا إِنَّهُمْ هُمُ الْكَاذِبُونَ ﴿١٨﴾

“അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന ദിവസം. നിങ്ങളോടവര്‍ ശപഥം ചെയ്യുന്നത് പോലെ അവനോടും അവര്‍ ശപഥം ചെയ്യും. തങ്ങള്‍ (ഈ കള്ള സത്യം മൂലം) എന്തോ ഒന്ന് നേടിയതായി അവര്‍ വിചാരിക്കുകയും ചെയ്യും. അറിയുക: തീര്‍ച്ചയായും അവര്‍ തന്നെയാകുന്നു കള്ളം പറയുന്നവര്‍.” (മുജാദിലഃ: 18)

എന്നാൽ അവരുടെ വഞ്ചനയുടെ ദുഷ്ഫലം അവരിലേക്ക് തന്നെയാണ് മടങ്ങുന്നത് എന്ന കാര്യം അവർ മനസ്സിലാക്കുന്നില്ല. മറ്റുള്ളവരെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ് തങ്ങൾ എന്ന ധാരണയിലാണ് അവർ ജീവിക്കുന്നതെങ്കിലും തങ്ങൾ സ്വന്തങ്ങളെ തന്നെയാണ് നാശത്തിലേക്ക് കൊണ്ടെത്തിക്കുന്നതെന്ന് അവർക്ക് ബോധ്യപ്പെടുന്നില്ല.

അല്ലാഹു പറയുന്നു:

إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّـهَ وَهُوَ خَادِعُهُمْ

“തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്‌.” (നിസാഅ്: 142)

പാഠങ്ങൾ:

1- കപടവിശ്വാസികളെ സൂക്ഷിക്കുകയും, അവരിൽ നിന്ന് എപ്പോഴും മുൻകരുതൽ സ്വീകരിക്കുകയും ചെയ്യുക. ‘ഒരാൾ വഞ്ചകനാണ്’ എന്ന് അറിഞ്ഞു കഴിഞ്ഞാൽ അവനോട് ശ്രദ്ധാപൂർവ്വമാണല്ലോ ഓരോരുത്തരും ഇടപഴകുക. കപടന്മാരുടെ സ്വഭാവം പുലർത്തുന്നവരോടും ഈ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്. അവരുടെ വഞ്ചനയിൽ പെട്ടു പോകുന്ന തരത്തിൽ അശ്രദ്ധനും അവിവേകിയുമായി ഒരു മുഅ്മിൻ മാറിക്കൂടാ. (ഇബ്‌നു ഉഥൈമീൻ: 1/41)

2- കുതന്ത്രങ്ങൾ ചെയ്യുന്നവർക്ക് തന്നെയാണ് അതിന്റെ പ്രയാസം വന്നെത്തുക. കപടവിശ്വാസികൾ അല്ലാഹുവിനെ തങ്ങൾ വഞ്ചിക്കുന്നുവെന്ന ധാരണയിലാണ്; തങ്ങൾ അതിൽ വിജയിച്ചിരിക്കുന്നു എന്നാണ് അവർ ധരിച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ അവരുടെ ഓരോ നീക്കവും അവരെ തന്നെയാണ് അപകടത്തിലാക്കാൻ പോകുന്നത്. (ഇബ്‌നു ഉഥൈമീൻ: 1/41)

3- കപടവിശ്വാസികൾ എന്തെല്ലാം കുതന്ത്രങ്ങൾ ചെയ്താലും അത് അല്ലാഹുവിനോ അവന്റെ റസൂലിനോ മുഅ്മിനീങ്ങൾക്കോ യാതൊരു പ്രയാസവുമേൽപ്പിക്കുകയില്ല. “അവർ സ്വന്തങ്ങളെ മാത്രമാണ് വഞ്ചിക്കുന്നത്’ എന്ന വാക്കിൽ നിന്ന് അക്കാര്യം മനസ്സിലാക്കാൻ സാധിക്കും. (ഇബ്‌നു ഉഥൈമീൻ: 1/41)

10
فِي قُلُوبِهِم مَّرَضٌ فَزَادَهُمُ اللَّـهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ ﴿١٠﴾

അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്‌. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞു കൊണ്ടിരുന്നതിൻ്റെ ഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക.

തഫ്സീർ മുഖ്തസ്വർ :

وَالسَّبَبُ أَنَّ فِي قُلُوبِهِمْ شَكًّا، فَزَادَهُمُ اللَّهُ شَكًّا إِلَى شَكِّهِمْ، وَالجَزَاءُ مِنْ جِنْسِ العَمَلِ، وَلَهُمْ عَذَابٌ أَلِيمٌ فِي الدَّرْكِ الأَسْفَلِ مِنَ النَّارِ، بِسَبَبِ كَذِبِهْم عَلَى اللَّهِ وَعَلَى النَّاسِ، وَتَكْذِيبِهِمْ بِمَا جَاءَ بِهِ مُحَمَّدٌ ﷺ.

(കപടവിശ്വാസികളുടെ ഈ സ്ഥിതിക്ക് പിന്നിലുള്ള) കാരണം അവരുടെ ഹൃദയത്തിൽ (ഇസ്ലാമിനെ കുറിച്ച്) സംശയമുണ്ട് എന്നതാണ്. അപ്പോൾ അവരുടെ സംശയത്തിന് മേൽ അല്ലാഹു സംശയം അവർക്ക് വർദ്ധിപ്പിച്ചു നൽകി. പ്രവർത്തനത്തിന് അനുയോജ്യമായ പ്രതിഫലം തന്നെയാണല്ലോ നൽകപ്പെടുക?!

നരകത്തിൻ്റെ ഏറ്റവും അടിത്തട്ടിൽ വേദനയേറിയ ശിക്ഷ തന്നെ അവർക്കുണ്ടായിരിക്കുന്നതാണ്. അല്ലാഹുവിൻ്റെ മേലും, ജനങ്ങളുടെ മേലും അവർ കള്ളം കെട്ടിച്ചമച്ചതിനും, മുഹമ്മദ് നബി (സ) കൊണ്ടുവന്നതിനെ (ഇസ്ലാമിനെ) അവർ കളവാക്കിയതിനുമുള്ള പ്രതിഫലമത്രെ അത്.

വിശദീകരണം:

* എന്താണ് മുനാഫിഖുകളെ ബാധിച്ച രോഗം?

ഈ ആയത്തിൽ പരാമർശിക്കപ്പെട്ട രോഗം എന്നത് കൊണ്ട് ഉദ്ദേശം സംശയമാണ് എന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. (തഫ്സീർ ഇബ്നി ജരീർ: 1/286) അല്ലാഹുവിലും, അവന്റെ റസൂലിന്റെ -ﷺ- സത്യസന്ധതയിലും, പരലോകത്തിന്റെ സംഭവ്യതയിലും, അല്ലാഹുവിന്റെ ദീനായ ഇസ്‌ലാമിന്റെ സത്യതയിലും സംശയങ്ങൾ വെച്ചു പുലർത്തുക എന്നത് കപടവിശ്വാസികളുടെ സ്വഭാവത്തിൽ പെട്ടതാണ്.

പാഠങ്ങൾ:

1- സത്യം സ്വീകരിക്കാനുള്ള മനസ്സിലാതിരിക്കുകയും, ഹൃദയം സംശയരോഗത്തിൽ ആടിക്കളിക്കുകയും ചെയ്യുന്നവർക്ക് അവരുടെ സംശയം വർദ്ധിച്ചു കൊണ്ടേയിരിക്കും. സത്യത്തിനോടുള്ള അവരുടെ അവഗണനക്ക് ലഭിക്കുന്ന ശിക്ഷയാണത്.

അല്ലാഹു പറഞ്ഞതു നോക്കൂ:

“അവരുടെ ഹൃദയങ്ങളിൽ രോഗമുണ്ട്; അപ്പോൽ അല്ലാഹു അവർക്ക് രോഗം വർദ്ധിപ്പിച്ചു കൊടുത്തു.” (ഇബ്‌നു ഉഥൈമീൻ: 1/44)

2- ഒരാൾ വഴികേടിലെത്തുന്നത് അവന്റെ തന്നെ പ്രവർത്തനങ്ങളുടെ കാരണത്താലാണ്. അല്ലാഹു ഒരാളോടും അനീതി കാണിക്കുന്നതല്ല. അവരുടെ ഹൃദയങ്ങളിൽ രോഗമുണ്ടായപ്പോൾ -അതിനുള്ള ശിക്ഷയായി കൊണ്ടാണ്- അല്ലാഹു അവരുടെ രോഗം വർദ്ധിപ്പിച്ചത്. (ഇബ്‌നു ഉഥൈമീൻ: 1/44)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: