മനുഷ്യചരിത്രത്തിൽ ഏറ്റവും നല്ല തലമുറയെന്ന് ഒരു സംശയവുമില്ലാതെ വിശേഷിപ്പിക്കാവുന്ന സമൂഹത്തിലാണ് നബി -ﷺ- ജീവിച്ചത്. അവരിലെ നേതാക്കന്മാരെ നോക്കൂ! അബൂബക്റും ഉമറും ഉഥ്മാനും അലിയും -رَضِيَ اللَّهُ عَنْهُمْ- പോലെ ചരിത്രപുരുഷന്മാരുടെ ഒരു വലിയ കൂട്ടംതന്നെ അവിടെ കാണാം. വിജ്ഞാനത്തിന്റെ വിഹായസ്സുകളിൽ മുങ്ങിനിവർന്ന ഇബ്നു മസ്ഊദിനെയും മുആദു ബ്നു ജബലിനെയും ഉബയ്യു ബ്നു കഅ്ബിനെയും പോലുള്ളവരുടെ കൂട്ടം. എല്ലാ നന്മകളിലും മാതൃക സൃഷ്ടിച്ച പതിനായിരക്കണക്കിന് വരുന്ന സ്വഹാബികളുടെ തലമുറ!
ഏറ്റവും ഉൽകൃഷ്ടമായ ആ തലമുറയിൽ, ഏറ്റവും നല്ല ഗോത്രത്തിൽ; അതില്‍ തന്നെ ഏറ്റവും നല്ല കുടുംബത്തിലാണ് നബി -ﷺ- ജനിക്കുന്നത്. ബഹുദൈവാരാധന നിറഞ്ഞു നിൽക്കെ പോലും, അല്ലാഹുവിന്റെ സംരക്ഷണവും സഹായവും ലഭിച്ച ഖുറൈശ് ഗോത്രം. ഹറമിന്റെയും പരിസരങ്ങളുടെയും പരിചരണം അറബികൾ വിശ്വസിച്ചേൽപ്പിച്ച തറവാട്. അബ്ദു മനാഫിനെയും ഹാശിമിനെയും അബ്ദുൽ മുത്വലിബിനെയും പോലുള്ളവരെ വളർത്തിയെടുത്ത കുടുംബം. നബി -ﷺ- യുടെ വംശപരമ്പരയുടെ മേന്മകൾ ആർക്കും നിഷേധിക്കാൻ കഴിയാത്ത വിധം പ്രകടമായിരുന്നു.
അല്ലാഹുവിന്റെ മഹത്തരമായ തിരഞ്ഞെടുപ്പായിരുന്നു ഇതെല്ലാം.
عَنْ عَلِيِّ بنِ أَبِي طَالِبٍ أَنَّ النَّبِيَّ -ﷺ- قَالَ: «خَرَجْتُ مِنْ نِكَاحٍ، ولَمْ أخْرُجْ مِنْ سِفَاحٍ، مِنْ لَدُنْ آدم إِلَى أَنْ وَلَدَنِي أَبِي وأُمِّي، لَمْ يُصِبْنِي مِنْ سِفَاحِ الجَاهِلِيَّةِ شَيءٌ»
നബി -ﷺ- പറഞ്ഞു: “ഞാൻ (പരിശുദ്ധമായ) വിവാഹത്തിലൂടെ മാത്രമാണ് ഉണ്ടായത്. വ്യഭിചാരത്തിലൂടെ ഞാൻ പുറത്തു വന്നിട്ടേയില്ല. ആദം -عَلَيْهِ السَّلَامُ- മുതൽ എന്റെ പിതാവും മാതാവും എനിക്ക് ജനനം നൽകുന്നത് വരെ അപ്രകാരമായിരുന്നു. ജാഹിലിയ്യതിലെ വൃത്തികേടുകളിൽ ഒന്നും എന്നെ ബാധിക്കുകയുമുണ്ടായിട്ടില്ല.” (ദലാഇലുന്നുബുവ്വ/ അബൂ നുഐം: 1/57, സ്വഹീഹുൽ ജാമിഅ്: 3977)
عَنْ وَاثِلَةَ بنِ الأَسْقَعِ قَالَ: قَالَ رسُولُ اللَّهِ -ﷺ-: «إِنَّ اللَّهَ اصْطفَى كنَانَةَ مِنْ وَلَدِ إسْمَاعِيلَ، واصْطفَى قُرَيْشًا مِنْ كنَانَةَ، واصْطفَى مِنْ قُريْشٍ بَنِي هَاشِمٍ، واصْطفَانِي مِنْ بَنِي هَاشِمٍ»
നബി -ﷺ- പറഞ്ഞു: “ഇസ്മാഈലിന്റെ മക്കളിൽ നിന്ന് അല്ലാഹു കിനാനഃയെ തിരഞ്ഞെടുത്തു. കിനാനഃയിൽ നിന്ന് ഖുറൈശിനെ തിരഞ്ഞെടുത്തു. ഖുറൈശികളിൽ നിന്ന് ഹാശിം കുടുംബത്തെ തിരഞ്ഞെടുത്തു. ഹാശിം കുടുംബത്തിൽ നിന്ന് എന്നെ അല്ലാഹു തിരഞ്ഞെടുത്തിരിക്കുന്നു.” (മുസ്ലിം: 2276)
നബി -ﷺ- യുടെ ശത്രുക്കൾ പോലും അവിടുത്തെ കുടുംബമഹിമ അംഗീകരിച്ചിരുന്നു. അല്ല! അവർക്ക് നിഷേധിക്കാൻ പോലും സാധ്യമാകാത്ത രൂപത്തിൽ പ്രകടമായിരുന്നു അക്കാര്യം എന്ന് വേണം പറയാൻ. നബി -ﷺ- യുടെ ഏറ്റവും വലിയ ശത്രുവായിരുന്ന കാലഘട്ടത്തിൽ അബൂ സുഫ്യാൻ ഹിർഖൽ ചക്രവർത്തിയെ സന്ദർശിച്ചപ്പോൾ അവർ രണ്ടു പേർക്കുമിടയിൽ നടന്ന സംഭാഷണം അതിനുള്ള തെളിവാണ്.
അറേബ്യയിൽ നിന്ന് ഒരു പുതിയ പ്രവാചകനെ കുറിച്ച് കേട്ടറിഞ്ഞിരുന്ന ഹിർഖൽ കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയുന്നതിന് വേണ്ടിയായിരുന്നു അബൂ സുഫ്യാനോട് നബി -ﷺ- യെ കുറിച്ച് ചോദിച്ചറിയാൻ തുടങ്ങിയത്. കൂട്ടത്തിൽ അദ്ദേഹം ചോദിച്ചു: “നിങ്ങൾക്കിടയിൽ മുഹമ്മദിന്റെ കുടുംബപരമ്പര എങ്ങനെയാണ്?” അബൂ സുഫ്യാൻ പറഞ്ഞു: “അവൻ ഞങ്ങൾക്കിടയിൽ നല്ല കുടുംബമഹിമയുള്ള വ്യക്തിയാണ്.” … ഹിർഖൽ പിന്നീട് പറയുകയും ചെയ്തു: “നബിമാർ അങ്ങനെയാണ്. തങ്ങളുടെ ജനതയിലെ ഏറ്റവും നല്ല കുടുംബത്തിലാണ് അവർ നിയോഗിക്കപ്പെടുക.” (ബുഖാരി: 7, മുസ്ലിം: 1773)
അതെ! എല്ലാ ഗുണങ്ങളും നന്മകളും അല്ലാഹു നബി -ﷺ- ക്ക് ഒരുക്കി നല്കി. അവിടുത്തെ ജനനത്തിന് മുന്‍പ് തന്നെ നാടും കുടുംബവും ഒരുങ്ങി നില്‍ക്കുന്നത് പോലെ. ലോകത്തെ നേര്‍വഴിക്ക് നടത്തുന്ന, ആദം സന്തതികളുടെ നേതാവിന്റെ ആഗാമാനമിതാ സമാഗതമായിരിക്കുന്നു!