അബ്ദുൽ മുത്വലിബിന്റെ ജീവിത കാലഘട്ടത്തിൽ നടന്ന സുപ്രധാനമായ രണ്ട് സംഭവങ്ങൾ ഇവിടെ പറയുന്നത് പ്രസക്തമായിരിക്കും. നബി -ﷺ- യുടെ ജീവിതവുമായും അതിന് ചില ബന്ധങ്ങളുണ്ട് എന്നതിനാലും ആ സംഭവങ്ങൾക്ക് പ്രസക്തിയുണ്ട്.

സംസം വെള്ളം:

ഇസ്‌ലാമിൽ പ്രത്യേക പരിഗണന നൽകപ്പെട്ട, പരിശുദ്ധവും അനുഗ്രഹീതവുമായ വെള്ളമാണ് സംസം വെള്ളം. കഅ്ബയോട് ചേർന്നുള്ള അല്ലാഹുവിന്റെ മഹത്തരമായ ദൃഷ്ടാന്തങ്ങളിലൊന്നാണത്. സംസമിന്റെ ചരിത്രം വിശദമായി ഹദീഥിൽ വന്നിട്ടുണ്ട്.

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: ഇബ്രാഹീം -عَلَيْهِ السَّلَامُ- ഹാജറിനെയും തന്റെ മകൻ ഇസ്മാഈലിനെയും കൊണ്ട് മക്കയിൽ വന്നു. ഇസ്മാഈലിന് ഹാജർ മുലപ്പാൽ കൊടുക്കുന്ന സമയമാണത്. അങ്ങനെ അവരെ രണ്ട് പേരെയും കഅ്ബയുടെ അരികിൽ, ഒരു വലിയ മരത്തിന്റെ അടുത്തായി അദ്ദേഹം വിട്ടേച്ചു. സംസമിന്റെ മുകളിൽ, മസ്ജിദിന്റെ മേൽ ഭാഗത്തായിരുന്നു അത്.  അന്ന് മക്കയിൽ ആരുമില്ല. അവിടെ വെള്ളവുമുണ്ടായിരുന്നില്ല. അവരെ രണ്ട് പേരെയും അവിടെ വിട്ടുകൊണ്ട് പോകുമ്പോൾ, അവർക്ക് അടുത്തായി ഈത്തപ്പഴമുള്ള ഒരു തോൽപ്പാത്രവും, വെള്ളം നിറച്ച ഒരു വെള്ളപ്പാത്രവും അദ്ദേഹം അവർക്ക് വെച്ചു കൊടുത്തു. ശേഷം ഇബ്രാഹീം അവരെ വിട്ടുകൊണ്ട് തിരിഞ്ഞു നടന്നു.

ഇസ്മാഈലിന്റെ ഉമ്മ (ഹാജർ) അദ്ദേഹത്തെ പിന്തുടർന്നു. അവർ പറഞ്ഞു: ഇബ്രാഹീം! ഒരു മനുഷ്യനോ ഒന്നുമില്ലാത്ത ഈ താഴ്വാരത്തിൽ ഞങ്ങളെ ഉപേക്ഷിച്ചു കൊണ്ട് നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്?! അവർ പല തവണ ചോദിച്ചെങ്കിലും ഇബ്രാഹീം അവരെ നോക്കിയതേയില്ല. ഹാജർ ചോദിച്ചു: അല്ലാഹുവാണോ താങ്കളോട് ഇപ്രകാരം കൽപ്പിച്ചത്?! അദ്ദേഹം പറഞ്ഞു: അതെ! അപ്പോൾ അവർ പറഞ്ഞു: എങ്കിൽ അവൻ ഞങ്ങളെ ഉപേക്ഷിക്കുകയില്ല.

അങ്ങനെ അവർ തിരിച്ചു പോയി. മലമുകളിലുള്ള വഴിയിൽ -അവർക്ക് അദ്ദേഹത്തെ കാണാൻ സാധിക്കാത്തിടത്ത്- എത്തിയപ്പോൾ ഇബ്രാഹീം കഅ്ബയിലേക്ക് തിരിഞ്ഞു നിന്നു കൊണ്ട്, തന്റെ കൈകളുയർത്തി ഇങ്ങനെ പ്രാർത്ഥിച്ചു: “എന്റെ റബ്ബേ! എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! അവര്‍ നിസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്‌.) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചേക്കാം.”

അങ്ങനെ ഹാജർ ഇസ്മാഈലിന് മുലപ്പാൽ കൊടുത്തു കൊണ്ടിരുന്നു. അവർ (ഇബ്രാഹീം വെച്ചു കൊടുത്ത) വെള്ളത്തിൽ നിന്ന് കുടിക്കുകയും ചെയ്തു. പാത്രത്തിലെ വെള്ളം കഴിഞ്ഞപ്പോൾ അവർക്കും അവരുടെ കുഞ്ഞിനും ദാഹിക്കാൻ തുടങ്ങി. കുട്ടിയാകട്ടെ ദാഹം കാരണത്താൽ മരണലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. കുട്ടിയെ നോക്കാൻ കഴിയാതെ അവർ അവിടെ നിന്ന് മാറിനിന്നു.

തങ്ങളോട് ഏറ്റവും അടുത്തുള്ള മല സ്വഫാ മലയാണെന്ന് കണ്ട അവർ അതിന്റെ മേൽ കയറി. ശേഷം താഴ്വാരത്തിൽ ആരെയെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി. പക്ഷേ ആരെയും അവർ കണ്ടില്ല. അങ്ങനെ സ്വഫയിൽ നിന്നിറങ്ങി അവർ താഴ്വാരത്തിലേക്കെത്തി. തന്റെ വസ്ത്രത്തിന്റെ അറ്റം ഉയർത്തിപ്പിടിച്ചു കൊണ്ട്, പരിക്ഷീണയായി കൊണ്ട് അവർ ഓടാൻ തുടങ്ങി. താഴ്വാരം കടന്ന് മർവയുടെ മുകളിൽ അവർ എത്തി, അതിന്റെ മേലെ നിന്നു കൊണ്ട് ആരെയെങ്കിലും കാണുന്നുണ്ടോ എന്ന് അവർ നോക്കി. പക്ഷേ ആരെയും കണ്ടില്ല. അങ്ങനെ ഏഴ് തവണ അവർ ചെയ്തു. നബി -ﷺ- പറഞ്ഞു: സ്വഫാക്കും മർവക്കും ഇടയിൽ ജനങ്ങൾ ഏഴുതവണ ഓടുന്നത് അതുകൊണ്ടാണ്.

അങ്ങനെ അവർ മർവക്ക് മുകളിലെത്തിയപ്പോൾ ഒരു ശബ്ദം കേട്ടു. (ശബ്ദം എന്താണെന്ന് ശ്രദ്ധിക്കുന്നതിനായി) അവർ സ്വന്തത്തോട് തന്നെ പറഞ്ഞു: ‘മിണ്ടാതിരിക്ക്!’ ശേഷം അവർ കാതോർത്തു. അപ്പോൾ അവർ വീണ്ടും ആ ശബ്ദം കേട്ടു. അവർ പറഞ്ഞു: നീ ശബ്ദം കേൾപ്പിച്ചിരിക്കുന്നു. നിങ്ങളുടെ പക്കൽ എന്തെങ്കിലും സഹായമുണ്ടെങ്കിൽ (എന്നെ സഹായിക്കൂ).

അപ്പോഴതാ ഒരു മലക്ക് സംസമിന്റെ സ്ഥാനത്ത് നിൽക്കുന്നു. തന്റെ കാല് കൊണ്ട് -അല്ലെങ്കിൽ ചിറക് കൊണ്ട്- മലക്ക് ഒരു കുഴിയെടുത്തു. അങ്ങനെ വെള്ളം പുറത്തു വന്നു. ഹാജർ അത് കെട്ടിനിർത്താൻ ശ്രമിച്ചു. കൈ കൊണ്ട് അവർ അത് തടുത്തു കൊണ്ടിരുന്നു. തന്റെ വെള്ളപാത്രത്തിൽ ആ വെള്ളം അവർ നിറച്ചു. വെള്ളമാകട്ടെ, പാത്രം നിറഞ്ഞ ശേഷവും പുറത്തേക്കൊഴുകുകയാണ്.

നബി -ﷺ- പറഞ്ഞു: “അല്ലാഹു ഇസ്മാഈലിന്റെ ഉമ്മയുടെ മേൽ കാരുണ്യം ചൊരിയട്ടെ! അവർ സംസമിനെ വെറുതെ വിട്ടിരുന്നെങ്കിൽ -അതല്ലെങ്കിൽ അവർ അതിൽ നിന്ന് (പാത്രത്തിലേക്ക്) കോരിയെടുത്തിരുന്നില്ലെങ്കിൽ- സംസം ഒഴുകുന്ന ഒരു ഉറവയായിരുന്നേനേ!”

അങ്ങനെ ഹാജർ അതിൽ നിന്ന് കുടിക്കുകയും, തന്റെ കുഞ്ഞിന് മുലപ്പാൽ നൽകുകയും ചെയ്തു. മലക്ക് അവരോട് പറഞ്ഞു: നിങ്ങൾ നാശം ഭയക്കേണ്ടതില്ല. ഇവിടെയാണ് അല്ലാഹുവിന്റെ ഭവനമുണ്ടാവുക. ഈ കുട്ടിയും അവന്റെ പിതാവും ആ ഭവനം പടുത്തുയർത്തുന്നതാണ്. തീർച്ചയായും അല്ലാഹു അവന്റെ ദാസന്മാരെ നഷ്ടത്തിലാക്കുകയില്ല.

കഅ്ബയുടെ ഭാഗമാകട്ടെ, അന്ന് ഭൂമിയിൽ നിന്ന് ഉയർന്നു നിൽക്കുന്ന തരത്തിലായിരുന്നു. മഴവെള്ളപ്പാച്ചിൽ വന്നാൽ വെള്ളം അതിന്റെ വലതും ഇടതും വശങ്ങളിലൂടെ ഒഴുകും. അങ്ങനെ ഹാജർ സംസം കുടിച്ചും, കുട്ടിക്ക് മുലപ്പാൽ നൽകിയും കഴിഞ്ഞു കൂടി.

ആയിടക്കാണ് ജുർഹുമിൽ (യമനിൽ നിന്നുള്ള, മക്കയുടെ അടുത്ത താമസിക്കുന്ന ജനവിഭാഗം) നിന്നുള്ള ഒരു സംഘം ആ വഴി കടന്നു പോയത്. (മക്കയുടെ ഉയർന്ന ഭാഗത്തുള്ള) ‘കദാഇ’ലെ വഴിയിലൂടെയായിരുന്നു അവർ സഞ്ചരിച്ചിരുന്നത്. മക്കയുടെ താഴ്ഭാഗത്തായി അവർ തമ്പടിച്ചു. അപ്പോഴാണ് വെള്ളം ലഭിക്കുന്നയിടത്ത് കാണപ്പെടുന്ന ഒരു പക്ഷിയെ അവരവിടെ കണ്ടത്. അവർ പറഞ്ഞു: “ഈ പക്ഷി വെള്ളത്തിന് ചുറ്റും കാണപ്പെടുന്ന പക്ഷിയാണ്. ഇവിടെയുള്ള താഴ്വാരത്തിലാകട്ടെ, വെള്ളമില്ല എന്ന് നമുക്ക് ഉറപ്പുമുണ്ട്.”

അങ്ങനെ അവർ ഒന്നോ രണ്ടോ പേരെ വെള്ളമുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി പറഞ്ഞയച്ചു. വെള്ളം കണ്ടെത്തിയപ്പോൾ അവർ തങ്ങളുടെ ഒപ്പമുള്ളവരുടെ അടുക്കലേക്ക് തിരിച്ചു ചെല്ലുകയും, വെള്ളം കണ്ടെത്തിയ കാര്യം അറിയിക്കുകയും ചെയ്തു. അങ്ങനെ അവരെല്ലാം വെള്ളം ഉള്ളയിടത്തേക്ക് വന്നു. ഇസ്മാഈലിന്റെ ഉമ്മയാകട്ടെ, വെള്ളത്തിന്റെ അരികിൽ തന്നെയുണ്ട്.

ഹാജറിനോട് അവർ പറഞ്ഞു: “നിങ്ങളുടെ അരികിൽ ഞങ്ങളും താമസമാക്കുന്നതിന് അനുവാദമുണ്ടോ?!” അവർ പറഞ്ഞു: അതെ! എന്നാൽ വെള്ളത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല. അവർ അത് സമ്മതിച്ചു. ഇസ്‌ലാമീലിന്റെ മാതാവ് മനുഷ്യസാമീപ്യം ആഗ്രഹിക്കുന്നുണ്ടെന്ന് അവർക്ക് മനസ്സിലായി. അങ്ങനെ അവർ തങ്ങളുടെ കുടുംബങ്ങളെ കൊണ്ടു വരികയും, മക്കയിൽ താമസമാക്കുകയും ചെയ്തു.” (ബുഖാരി: 3364)

ഇതാണ് സംസിന്റെ ചരിത്രം. ഹദീഥിൽ പരാമർശിക്കപ്പെട്ട പോലെ, സംസം തന്നെയാണ് മക്കയിലെ ജനവാസത്തിന്റെ കാരണമായി മാറിയതും.

വഹബ് ബ്നു മുനബ്ബിഹ് -رَحِمَهُ اللَّهُ- പറയുന്നു: “മക്കയിൽ വെള്ളമില്ലായിരുന്നു. അവിടെ ആർക്കും സ്ഥിരതാമസവും സാധ്യമല്ലായിരുന്നു. ഇസ്മാഈൽ -عَلَيْهِ السَّلَامُ- നായി അല്ലാഹു സംസമിന്റെ ഉറവ തുറന്നു നൽകുന്നത് വരെ അങ്ങനെയായിരുന്നു. അതിന് ശേഷം മക്കയിൽ ജനവാസമുണ്ടാവുകയും, ആ വെള്ളം കാരണത്താൽ യമനിൽ നിന്നുള്ള ഗോത്രമായ ജുർഹും അവിടെ താമസമാക്കുകയും ചെയ്തു.” (അഖ്ബാറു മക്ക/ഫാകിഹി: 1055)

വർഷങ്ങൾ പിന്നിട്ടു. ജുർഹും ഗോത്രത്തിലെ വിവരദോഷികളായ ചിലർ കഅ്ബയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാതെയായി. അവർ ഹറമിന്റെ പരിസരങ്ങളിൽ വരെ തിന്മകളും തോന്നിവാസങ്ങളും പ്രവർത്തിക്കുന്ന സ്ഥിതിവിശേഷമെത്തി. ജുർഹും ഗോത്രത്തിൽ പെട്ട വിവേകികളായ പലരും തന്നെ ഇക്കൂട്ടരെ ഉപദേശിച്ചെങ്കിലും അവർ ആരുടെയും ഉപദേശങ്ങൾ ചെവികൊണ്ടില്ല. ക്രമേണ സംസം കിണറിലെ വെള്ളം ഉറവ പൊട്ടുന്നത് നിലച്ചു. കാലം കുറച്ചു കൂടി നീങ്ങിയപ്പോൾ ആ കിണർ മൂടിപ്പോവുകയും, സംസമിന്റെ സ്ഥാനം ഏതാണെന്ന് പോലും ജനങ്ങൾ വിസ്മരിക്കുകയും ചെയ്തു.

അങ്ങനെ അബ്ദുൽ മുത്വലിബിന്റെ കാലമെത്തി. ഒരു ദിവസം കഅ്ബയുടെ അരികിലായി അബ്ദുൽ മുത്വലിബ് കിടന്നുറങ്ങുകയായിരുന്നു. ആ ഉറക്കത്തിൽ അദ്ദേഹം ഒരു സ്വപ്നം കണ്ടു. ഒരാൾ വന്ന് അദ്ദേഹത്തോട് ‘ത്വയ്ബഃ’ (പരിശുദ്ധമായത് എന്നർത്ഥം) കുഴിക്കാൻ കൽപ്പിക്കുന്നു. എന്താണ് ത്വയ്ബയെന്ന് അബ്ദുൽ മുത്വലിബ് ചോദിച്ചെങ്കിലും അതിനുള്ള ഉത്തരം ലഭിക്കാതെ സ്വപ്നം അവസാനിച്ചു. അടുത്ത ദിവസവും സമാനമായ സ്വപ്നം അദ്ദേഹം കണ്ടു. ‘ബർറഃ’ (പുണ്യമുള്ളത് എന്നർത്ഥം) കുഴിക്കണമെന്നാണ് അന്നത്തെ കൽപ്പന. എന്താണത് എന്ന ഉത്തരം ലഭിക്കാതെ ആ സ്വപ്നവും അവസാനിച്ചു. അടുത്ത ദിവസവും സമാനമായ സ്വപ്നം തന്നെ. ‘മദ്വനൂനഃ’ (അവിശ്വാസികളെ പ്രയാസപ്പെടുത്തുന്നത്) കുഴിക്കണമെന്നാണ് കൽപ്പന.

അങ്ങനെ നാലാമത്തെ ദിവസം വന്നെത്തി. ‘സംസം കുഴിക്കണം’ എന്നാണ് അന്ന് സ്വപ്നത്തിൽ ലഭിച്ച കൽപ്പന. സ്വപ്നത്തിൽ എന്താണ് സംസമെന്നും, അതിന്റെ സ്ഥാനമേതെന്നും അദ്ദേഹത്തിന് വിവരിച്ചു നൽകപ്പെട്ടു. അബ്ദുൽ മുത്വലിബ് തന്റെ മകനായ ഹാരിഥിനെയും കൂട്ടി നിര്‍ദേശം നല്‍കപ്പെട്ട സ്ഥലം കുഴിക്കാൻ ആരംഭിച്ചു. വെള്ളം കണ്ടതോടെ അദ്ദേഹം ഉച്ചത്തിൽ തക്ബീർ (അല്ലാഹു അക്ബർ = അല്ലാഹുവാണ് ഏറ്റവും വലിയവൻ) മുഴക്കി. വിവരമറിഞ്ഞ് ഖുറൈശികൾ അവിടെ വന്നെത്തി. അവർ പറഞ്ഞു: ഇത് ഞങ്ങളുടെ പിതാവ് ഇസ്മാഈലിന്റെ കിണറാണ്. അതിനാൽ ഞങ്ങൾക്കും ഇതിൽ അവകാശമുണ്ട്. ഇതിന്റെ നടത്തിപ്പിൽ ഞങ്ങൾക്കും പങ്കുവേണം.

എന്നാൽ അബ്ദുൽ മുത്വലിബ് ഖുറൈശികളുടെ പ്രസ്തുത ആവശ്യം അംഗീകരിച്ചില്ല. അദ്ദേഹം പറഞ്ഞു: ഇത് നിങ്ങൾക്കാർക്കും ലഭിക്കാത്ത, എനിക്ക് മാത്രം പ്രത്യേകമായി ലഭിച്ച കാര്യമാണ്. അതിനാൽ നിങ്ങളെ ഇതിന്റെ കൈകാര്യകർതൃത്വത്തിൽ പങ്കുചേർക്കുന്ന പ്രശ്നമില്ല.

അവർ പറഞ്ഞു: എങ്കിൽ ഈ വിഷയം ഒരു മദ്ധ്യസ്ഥന് മുൻപിൽ അവതരിപ്പിക്കാൻ താങ്കൾ അനുവദിക്കണം. ആ നിർദേശം അബ്ദുൽ മുത്വലിബ് അംഗീകരിച്ചു. നിങ്ങൾ ഉദ്ദേശിക്കുന്ന ഒരു മദ്ധ്യസ്ഥനെ തീരുമാനിക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ബനൂ സഅ്ദുകാരുടെ മന്ത്രവാദിയായിരുന്ന ഹുദൈമിനെ അവർ മദ്ധ്യസ്ഥയായി തിരഞ്ഞെടുത്തു. ശാമിൽ താമസിക്കുന്ന ഹുദൈമിനെ കാണുന്നതിന് വേണ്ടി അബ്ദുൽ മുത്വലിബും ഒപ്പം അദ്ദേഹത്തിന്റെ ഒരു സംഘവും, മറ്റു ഖുറൈശികളും അവരുടെ സംഘവും പുറപ്പെട്ടു.

യാത്രാവഴിയിൽ ഫഖീർ എന്ന സ്ഥലത്ത് എത്തിച്ചേർന്നപ്പോൾ അബ്ദുൽ മുത്വലിബിന്റെയും ഒപ്പമുള്ളവരുടെയും കുടിവെള്ളം തീർന്നു. ദാഹം കാരണത്താൽ തങ്ങൾ മരണപ്പെടും എന്ന് ഉറപ്പായപ്പോൾ ഒപ്പമുള്ള ഖുറൈശികളോട് അവർ കുടിക്കാൻ കുറച്ചു വെള്ളം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ നിങ്ങളുടെ വെള്ളം തീർന്നതു പോലെ ഞങ്ങൾക്കും സംഭവിക്കുമെന്ന ഭയമുള്ളതിനാൽ വെള്ളം നൽകാൻ കഴിയില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്!

തന്റെ കൂടെ വന്ന ഖുറൈശികൾ കൈവിട്ടുവെന്നും, താനും ഒപ്പമുള്ളവരും മരിക്കുമെന്ന് ഉറപ്പാവുകയും ചെയ്തപ്പോൾ അദ്ദേഹം കൂടെ വന്നവരോട് കൂടിയാലോചിച്ചു. അവർ അബ്ദുൽ മുത്വലിബിന്റെ തീരുമാനം എന്താണെങ്കിലും അത് അംഗീകരിക്കാമെന്ന് അറിയിച്ചു.

അദ്ദേഹം പറഞ്ഞു: എല്ലാവരും ഇപ്പോഴുള്ള ആരോഗ്യം ഉപയോഗിച്ച് തങ്ങളുടെ മൃതദേഹം മറവു ചെയ്യാനുള്ള കുഴിയൊരുക്കുക. മരണപ്പെടുന്ന ഓരോരുത്തരെയും ജീവനോടെ ബാക്കിയുള്ളവര്‍ മറമാടുക. അവസാനത്തെ വ്യക്തിയുടെ മൃതദേഹം മാത്രം പുറത്തു കിടന്ന് ചീഞ്ഞളിയുന്നതാണല്ലോ എല്ലാവരുടെയും മൃതദേഹങ്ങൾ കൂടിക്കിടക്കുന്നതിനേക്കാൾ നല്ലത്!

അങ്ങനെ അവരെല്ലാം തങ്ങളുടെ ശവക്കുഴി തയ്യാറാക്കി മരണവും കാത്തിരുന്നു. നേരം കുറച്ചു നീങ്ങിയപ്പോൾ അബ്ദുൽ മുത്വലിബിന് മനംമാറ്റമുണ്ടായി. അദ്ദേഹം പറഞ്ഞു: ‘അല്ലാഹു സത്യം! ഭൂമിയിൽ സഞ്ചരിച്ചു നോക്കുകയോ, ഒന്ന് ശ്രമിച്ചു നോക്കുകയോ ചെയ്യാതെ മരണത്തിലേക്ക് ഇങ്ങനെ സ്വയം ഇട്ടുകൊടുക്കുക എന്നത് ശരിയല്ല. അല്ലാഹു എവിടെയെങ്കിലും നമുക്ക് കുറച്ച് വെള്ളം ഒരുക്കി നൽകിയേക്കാം. അതിനാൽ എഴുന്നേൽക്കൂ!’

ഇതും പറഞ്ഞു കൊണ്ട് അബ്ദുൽ മുത്വലിബ് എഴുന്നേറ്റ് തന്റെ വാഹനപ്പുറത്ത് കയറി. ഒട്ടകം മുന്നിലേക്ക് കാലെടുത്ത് വെച്ചതും അതിന്റെ കുളമ്പിനടിയിൽ നിന്നതാ ശുദ്ധമായ വെള്ളം പുറത്തു വരുന്നു! അബ്ദുൽ മുത്വലിബും ഒപ്പമുള്ളവരും സന്തോഷത്തോടെ തക്ബീർ മുഴക്കി. അവരെല്ലാവരും തങ്ങള്‍ക്ക് വേണ്ടത്ര വെള്ളം കുടിച്ചുവെന്ന് മാത്രമല്ല, തങ്ങളോടൊപ്പം വന്ന ഖുറൈശികളോടും വെള്ളം എടുത്തു കൊള്ളാന്‍ പറഞ്ഞു.

അബ്ദുൽ മുത്വലിബിന്റെ മാന്യമായ ഈ നടപടി ഖുറൈശികളുടെ ഹൃദയത്തിൽ മാറ്റമുണ്ടാക്കി. അവർ അദ്ദേഹത്തോട് പറഞ്ഞു: “അല്ലാഹു സത്യം! നമുക്കും നിങ്ങൾക്കുമിടയിൽ ഇതോടെ തീരുമാനമായിരിക്കുന്നു! സംസമിന്റെ കാര്യത്തിൽ ഇനി താങ്കളോട് ഞങ്ങൾ തർക്കിക്കാനില്ല. ഈ വിജനമരുഭൂമിയിൽ താങ്കൾക്ക് വെള്ളം നൽകിയവൻ തന്നെയാണ് സംസമും താങ്കൾക്ക് കാണിച്ചു നൽകിയത്. അതിനാൽ സന്തോഷത്തോടെ നാട്ടിലേക്ക് തിരിച്ചോളൂ.”

അതോടെ ജോത്സ്യന്റെ അരികിലേക്ക് പോകാതെ അവർ തിരിച്ച് മക്കയിലേക്ക് തന്നെ പുറപ്പെട്ടു. (ദലാഇലുന്നുബുവ്വഃ/ബയ്ഹഖി: 1/93) [1]

കഅ്ബയുടെ വളർച്ചയിലും പുരോഗതിയിലും സംസം വെള്ളത്തിനുള്ള പങ്ക് നാം മുൻപ് വായിക്കുകയുണ്ടായി. അത് തിരിച്ചെത്തിക്കാൻ അബ്ദുൽ മുത്വലിബിന്റെ പ്രവൃത്തി കാരണമായി. ഈ സംഭവം അബ്ദുൽ മുത്വലിബിന്റെ സ്ഥാനം മക്കക്കാർക്കിടയിൽ മുൻപുള്ളതിനേക്കാൾ ഉയർത്തുകയും, അവർക്കിടയിൽ അനിഷേധ്യമായ പദവിയും ആദരവും അദ്ദേഹത്തിന് നേടിക്കൊടുക്കുകയും ചെയ്തു.

[1] ദലാഇലുന്നുബുവ്വയിൽ ഈ സംഭവം കൂടുതൽ വിശദാംശങ്ങളോടെയാണ് വന്നിട്ടുള്ളത്. ഇവിടെ ചുരുങ്ങിയ രൂപത്തിലാണ് പ്രസ്തുത സംഭവം നൽകിയിട്ടുള്ളത്. നബി -ﷺ- യുടെ പ്രവാചകത്വത്തിനും ജനനത്തിനും മുൻപുള്ള ഇത്തരം സംഭവങ്ങൾ സ്വഹീഹായ ഹദീഥുകളോ മറ്റോ പോലെയല്ല കാണേണ്ടത്. മറിച്ച് അറബികളുടെ ചരിത്രവിവരണത്തിന്റെ ഏടുകൾ മാത്രമാണ് ഇവ. ഹദീഥുകൾ പോലെയല്ല ചരിത്രം വായിക്കപ്പെടേണ്ടത് എന്ന കാര്യം ആമുഖത്തിൽ വിശദീകരിച്ചത് ഓർക്കുക. അതോടൊപ്പം ഓർക്കുക; ഈ സംഭവത്തോടൊപ്പം പറയപ്പെട്ടിട്ടുള്ള മറ്റനേകം കഥകൾ തീർത്തും ദുർബലമാണ്. ഉദാഹരണത്തിന് സംസം കിണറിൽ ഒരു സ്വർണ്ണത്തിന്റെ വാൾ ലഭിച്ചുവെന്നും, ഒരു മൃഗത്തെ കണ്ടെത്തിയെന്നുമുള്ള കഥകൾ പരിഗണിക്കാവുന്ന പരമ്പരകളിലൂടെ വന്നിട്ടില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: