അറബികളുടെ ചരിത്രത്തിൽ അന്നു വരെ കേട്ടുപരിചയം പോലുമില്ലാത്ത തരത്തിലുള്ള അത്ഭുതമായിരുന്നു ആനക്കലഹവും അതിനോട് അനുബന്ധിച്ച് ഉണ്ടായ സംഭവങ്ങളും. ആനക്കലഹത്തിലേക്ക് നയിക്കുന്ന സംഭവവികാസങ്ങൾ ആരംഭിക്കുന്നത് അബ്സീനിയിലെ രാജാവായ നജാശി തന്റെ അധികാരപരിധിയിൽ പെട്ട യമനിലെ പ്രതിനിധിയായി നിശ്ചയിച്ച അബ്റഹതിൽ നിന്നാണ്. ക്രൈസ്തവനായ നജാശിയെ തൃപ്തിപ്പെടുത്തുന്നതിനായി യമനിലെ സ്വൻആഇൽ അബ്റഹത് അംബരചുംബിയായ ഒരു ആരാധനാലയം പണിതു. അക്കാലഘട്ടത്തിൽ അതു പോലെ വലുപ്പവും ആകാരഭംഗിയുമുള്ള ആരാധനാകേന്ദ്രങ്ങൾ ആരും കണ്ടിട്ടില്ല.
ആരാധനാലയത്തിന്റെ നിർമ്മാണം കഴിഞ്ഞ ശേഷം അബ്റഹത് നജാശിക്കെഴുതി. “താങ്കൾക്കായി ഞാൻ ഒരു പള്ളി പണികഴിപ്പിച്ചിട്ടുണ്ട്. താങ്കളുടെ മുൻപുള്ള ഒരു രാജാവിന് വേണ്ടിയും ഇതു പോലൊന്ന് നിർമ്മിക്കപ്പെട്ടിട്ടില്ല. അറബികളുടെ ഹജ്ജ് ഈ ആരാധനാലയത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നത് വരെ ഞാൻ വിശ്രമിക്കുന്നതല്ല.”
അബ്റഹതിന്റെ പള്ളിയും, നജാശിക്ക് അയാളെഴുതിയ കത്തും അറബികൾക്കിടയിൽ ചർച്ചാവിഷയമായി. കിനാനഃ ഗോത്രത്തിൽ പെട്ട ഒരാൾ ഈ വാർത്ത കേട്ടപ്പോൾ ശക്തമായി കോപിച്ചു. കഅ്ബയോടുള്ള സ്നേഹവും ആദരവും മുലപ്പാലിനോടൊപ്പം മനസ്സിൽ രുചിച്ചറിഞ്ഞ അയാൾക്ക് സഹിക്കാനായില്ല. കഅ്ബയിൽ നിന്ന് ജനങ്ങളെ തെറ്റിക്കാൻ മറ്റൊരു ആരാധനാലയമോ?! ഉടൻ തന്നെ അയാൾ സ്വൻആഇലേക്ക് പുറപ്പെട്ടു. അബ്റഹതിന്റെ കൊട്ടാരസമാനമായ പള്ളിയിൽ അയാൾ മലവും വിസർജ്യങ്ങളും തേച്ചുപിടിപ്പിച്ചു. രാത്രിയിൽ കുറേ മാലിന്യം കൊണ്ടുവന്ന് അതും അവിടെ നിക്ഷേപിച്ചു.
വിവരമറിഞ്ഞ അബ്രഹത് ശക്തമായി കോപിച്ചുവെന്ന് പറയേണ്ടതില്ലല്ലോ?! മക്കയിലേക്ക് യാത്ര ചെയ്ത് കഅ്ബ മണ്ണിനോട് ചേർക്കുന്നത് വരെ തനിക്ക്വിശ്രമമില്ലെന്ന് അയാൾ ശപഥമെടുത്തു. വലിയ ഒരു സൈന്യത്തെയും തയ്യാറാക്കി മക്ക ലക്ഷ്യമാക്കി അയാൾ യാത്ര തുടങ്ങി. സൈന്യത്തിൽ ഒൻപതോ പതിമൂന്നോ ആനകൾ ഉണ്ടായിരുന്നുവത്രെ. അബ്രഹതിന് മാത്രമായി കൂട്ടത്തിൽ ഏറ്റവും ഭീമാകാരനായ ഒരു ആനയെയും കരുതിയിട്ടുണ്ട്. മഹ്മൂദ് എന്നായിരുന്നു അതിന്റെ പേര്.
അറബികൾ അബ്രഹത്തിന്റെ പടപ്പുറപ്പാടറിഞ്ഞു. ഇടിത്തീ പോലെയാണ് ആ വാർത്ത അവർക്ക് മേൽ വന്നെത്തിയത്. അല്ലാഹുവിന്റെ പരിശുദ്ധ ഭവനത്തിനെതിരെ യുദ്ധത്തിനായി പുറപ്പെട്ട ഈ അക്രമികൾക്കെതിരെ സാധ്യമായ വിധത്തിൽ പൊരുതുക എന്നത് തങ്ങളുടെ കടമയാണെന്നവർ മനസ്സിലാക്കി. യമനിലെ പ്രമാണിമാരിൽ പെട്ട ദൂനഫർ എന്ന വ്യക്തി തന്റെ ജനങ്ങളെ വിളിച്ചു കൂട്ടി. അബ്രഹത്തിന്റെ സൈന്യത്തിനെതിരെ അവർ അണിനിരന്നു. എന്നാൽ ആ ഭീമമായ സൈന്യത്തിനു മുൻപിൽ അവർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവർ പരാജിതരായി. ദൂനഫറിനെ അബ്രഹത് ബന്ധിയായി പിടിക്കുകയും, കഅ്ബ തകർക്കുന്നതിന് സാക്ഷിയാകുന്നതിന് വേണ്ടി തന്നോടൊപ്പം കൂട്ടുകയും ചെയ്തു.
ഖസ്അം, ശഹ്റാൻ എന്നീ രണ്ട് ഗോത്രങ്ങൾ നുഫൈൽ ബ്നു ഹബീബിന്റെ നേതൃത്വത്തിലും അബ്രഹത്തിനെതിരെ സംഘടിച്ചിരുന്നു. അവരും പരാജിതരായി. നുഫൈലിനെയും അബ്രഹത് തന്നോടൊപ്പം തടവുകാരനായി -ചങ്ങലകളിൽ ബന്ധിച്ച്- കൂടെക്കൂട്ടി.
അബ്രഹതിന്റെ സൈന്യം മക്കയുടെ സമീപത്തുള്ള ത്വാഇഫിലെത്തി. ത്വാഇഫുകാർ ഏതെങ്കിലും നിലക്ക് പ്രതിരോധിക്കും എന്ന് പ്രതീക്ഷിച്ച അബ്രഹതിന് തെറ്റി. അവരുടെ നേതാവായ മസ്ഊദ് ബ്നു മുഅത്തിബ് അബ്രഹതിനെ കണ്ടു പറഞ്ഞു: “രാജാവേ! ഞങ്ങൾ നിങ്ങളുടെ അടിമകൾ മാത്രമാണ്; നിങ്ങൾ പറയുന്നത് കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ. ഞങ്ങൾക്ക് താങ്കളോട് യാതൊരു വിയോജിപ്പുമില്ല. ഞങ്ങളുടെ നാട്ടിലുള്ള ആരാധനാകേന്ദ്രം -ലാതയെ ആരാധിക്കുന്ന അമ്പലം- നിങ്ങൾ തകർക്കരുത്. മക്കയിലെ ആരാധനാകേന്ദ്രമാണല്ലോ നിങ്ങൾ ഉദ്ദേശിക്കുന്നത്; അവിടേക്കുള്ള വഴി നിങ്ങൾക്ക് കാണിച്ചു നൽകാൻ ഒരു വഴികാട്ടിയെ ഞങ്ങൾ പറഞ്ഞയക്കാം!” തീർത്തും നിന്ദ്യമായ നിലപാടായിരുന്നു ത്വാഇഫുകാർ സ്വീകരിച്ചത്.
ത്വാഇഫുകാരുടെ വഴികാട്ടിയെയും കൂട്ടി അബ്രഹത് യാത്ര തുടര്ന്നു. മക്കയുടെയും ത്വാഇഫിന്റെയും ഇടയിലുള്ള മുഗമ്മസ് എന്ന സ്ഥലത്ത് അവര് തമ്പടിച്ചു. ഖുറൈശികൾ കിനാനക്കാരോടും ഹുദൈലുകാരോടുമൊപ്പം ചേർന്ന് അബ്രഹത്തിന്റെ സൈന്യത്തെ നേരിടാമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഭീമമായ ആ സൈനികശക്തി കണ്ടപ്പോൾ അവരെ നേരിടാൻ കഴിയില്ലെന്ന് മനസ്സിലാക്കുകയും, ആ ഉദ്യമത്തിൽ നിന്ന് പിന്തിരിയുകയും ചെയ്തു.
മക്കക്കാരുടെ സമ്പത്ത് കൊള്ളയടിക്കാൻ അബ്രഹത് കൽപ്പന നൽകി. അവന്റെ സൈന്യം അനേകം ഒട്ടകങ്ങളെയും ആടുമാടുകളെയും മറ്റനേകം സമ്പത്തും കൊണ്ടുവന്നു. കൂട്ടത്തിൽ അബ്ദുൽ മുത്വലിബിന്റെ ഇരുന്നൂറോളം ഒട്ടകങ്ങളുമുണ്ടായിരുന്നു.
മക്കയിലെ നേതാവ് ആരാണെന്ന് അന്വേഷിക്കാൻ അബ്രഹത് കൽപ്പന നൽകി. ‘ഞാൻ നിങ്ങളോട് യുദ്ധം ചെയ്യാൻ വേണ്ടി വന്നതല്ലെന്നും, കഅ്ബ തകർക്കുക എന്നത് മാത്രമാണ് തന്റെ ഉദ്ദേശമെന്നും, നിങ്ങൾ എനിക്കെതിരെ യുദ്ധം ഉദ്ദേശിക്കുന്നില്ലെങ്കിൽ നിങ്ങളെ കൊലപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും’ മക്കക്കാരുടെ നേതാവിനെ അറിയിക്കാൻ അബ്രഹത് നിർദേശം നൽകി. മക്കക്കാർ യുദ്ധം ഉദ്ദേശിക്കുന്നില്ലെങ്കിൽ അയാളെ തന്റെ അരികിലേക്ക് കൊണ്ടുവരാനും അവൻ കൽപ്പിച്ചു.
അബ്രഹതിന്റെ ദൂതൻ വന്ന് കാര്യങ്ങൾ അറിയച്ചപ്പോൾ അബ്ദുൽ മുത്വലിബ് പറഞ്ഞു: “അല്ലാഹു സത്യം! ഞങ്ങൾ അയാളോട് യുദ്ധം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അതിനുള്ള ശക്തിയും ഞങ്ങൾക്കില്ല. ഇത് അല്ലാഹുവിന്റെ പരിശുദ്ധമായ ഭവനമാണ്. അവന് ഏറ്റവും പ്രിയങ്കരനായ ഖലീലുല്ലാഹി ഇബ്രാഹീമിന്റെ ഭവനം. അതിനെ അവൻ സംരക്ഷിക്കുന്നെങ്കിൽ അവന്റെ ഭവനവും പരിശുദ്ധഗേഹവുമാണത്. അവൻ അത് വിട്ടുനൽകുകയാണെങ്കിൽ അത് തടുക്കാൻ ഞങ്ങൾക്ക് ശേഷിയില്ല.”
അബ്ദുൽ മുത്വലിബിനോട് അബ്രഹതിന്റെ അരികിലേക്ക് വരാൻ ദൂതൻ ആവശ്യപ്പെട്ടത് പ്രകാരം അദ്ദേഹം അവരുടെ സൈന്യം തമ്പടിച്ച ഇടത്തേക്ക് ചെന്നു. അബ്രഹതിനെതിരെ ദൂനഫർ നടത്തിയ പ്രതിരോധത്തെ കുറിച്ചും, അദ്ദേഹം ഈ കൂട്ടത്തിലുണ്ടെന്നും അബ്ദുൽ മുത്വലിബിന് അറിയാമായിരുന്നു. തടവിൽ കഴിയുന്ന ദൂനഫറിനോട് ഈ പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് അബ്ദുൽ മുത്വലിബ് അന്വേഷിച്ചു.
ദൂനഫർ പറഞ്ഞു: ‘നാളെ പകലോ രാത്രിയോ കൊല്ലപ്പെട്ടേക്കാവുന്ന, ഒരു രാജാവിന്റെ തടവിൽ കഴിയുന്ന മനുഷ്യന് എന്തു ചെയ്യാൻ സാധിക്കും?! ഞാൻ നിസ്സഹായനാണ്. എന്നാൽ ആനകളുടെ പാപ്പാനായ ഉനൈസ് എന്നു പേരുള്ളയാള് എന്റെ കൂട്ടുകാരനാണ്. അയാളോട് താങ്കളുടെ കാര്യം ഞാൻ അവതരിപ്പിക്കാം. താങ്കൾക്ക് വേണ്ടി അവൻ അബ്രഹത്തിന്റെ അരികിൽ ശുപാർശ പറഞ്ഞേക്കാം.’ വാഗ്ദാനം ചെയ്ത പോലെ ദൂനഫർ ചെയ്തു. ആനക്കാരൻ അബ്രഹതിന്റെ അരികിൽ അബ്ദുൽ മുത്വലിബിന് വേണ്ടി ശുപാർശ നടത്തുകയും ചെയ്തു.
അവസാനം അബ്രഹതിന്റെ അരികിൽ പ്രവേശിക്കാൻ അബ്ദുൽ മുത്വലിബിന് അനുവാദം കിട്ടി. അദ്ദേഹം രാജാവിന്റെ കൂടാരത്തിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ അബ്രഹത്തിന്റെ മനസ്സിൽ അബ്ദുൽ മുത്വലിബിനോടുള്ള ബഹുമാനവും ആദരവും നിറഞ്ഞു. വളരെ ഗാംഭീര്യവും, ഭംഗിയും ആഢ്യത്വവും തോന്നിക്കുന്ന വ്യക്തിത്വമായിരുന്നു അബ്ദുൽ മുത്വലിബിന്റെത്. തന്റെ കാൽക്കീഴിൽ അബ്ദുൽ മുത്വലിബിനെ ഇരുത്താൻ അബ്റഹതിന് മനസ്സു വന്നില്ല. എന്നാൽ തന്റെ അധികാരക്കസേരയിൽ അബ്ദുൽ മുത്വലിബ് ഇരിക്കുന്നത് തന്നോടൊപ്പമുള്ളവർ കാണാനും വയ്യ. അതു കൊണ്ട് അബ്രഹത് അബ്ദുൽ മുത്വലിബ് ഇരുക്കിന്നിടത്തേക്ക് വന്നു. അദ്ദേഹത്തോടൊപ്പം താഴെയിരുന്നു.
അടുത്തു നിൽക്കുന്ന തർജമക്കാരനോട് അബ്രഹത് പറഞ്ഞു: “എന്താണ് താങ്കളുടെ ആവശ്യമെന്ന് അദ്ദേഹത്തോട് ചോദിക്കുക?”
ചോദ്യം കേട്ട അബ്ദുൽ മുത്വലിബ് പറഞ്ഞു: “എന്റെ ഇരുന്നൂറോളം ഒട്ടകങ്ങളെ രാജാവിന്റെ സൈന്യം പിടികൂടിയിട്ടുണ്ട്. അത് തിരിച്ചു നൽകണമെന്നതാണ് എന്റെ ആവശ്യം!”
അബ്രഹത് അത്ഭുതപ്പെട്ടു! അയാൾ പറഞ്ഞു: “താങ്കളെ കണ്ടപ്പോൾ എന്റെ മനസ്സിൽ വലിയ ആദരവ് ഉണ്ടായിരുന്നു. എന്നാൽ താങ്കളുടെ സംസാരം കേട്ടതോടെ അതെല്ലാം ഇല്ലാതെയായിരിക്കുന്നു. ഞാൻ പിടിച്ചെടുത്ത ഇരുന്നൂറ് ഒട്ടകങ്ങളെ കുറിച്ചാണോ നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത്?! നിങ്ങളുടെയും നിങ്ങളുടെ മുൻഗാമികളുടെയും മതമായി കൊണ്ടുനടക്കുന്ന ഈ ഭവനത്തെ കുറിച്ച് നിങ്ങൾക്കൊന്നും പറയാനില്ലേ?! ഞാൻ അത് തകർക്കുവാൻ വന്നതാണെന്നറിഞ്ഞിട്ടും അതിനെ കുറിച്ച് ഒന്നും സംസാരിക്കാനില്ലേ?!”
അബ്ദുൽ മുത്വലിബ് പറഞ്ഞു: “നിങ്ങളുടെ കയ്യിലുള്ള ഒട്ടകങ്ങളുടെ ഉടമസ്ഥൻ; അത് ഞാനാണ്. കഅ്ബയാകട്ടെ, അതിനൊരു ഉടമസ്ഥനുണ്ട്. അവനതിനെ സംരക്ഷിച്ചു കൊള്ളും.”
ഇതു കേട്ടപ്പോൾ അബ്രഹത് പറഞ്ഞു: “എങ്കില് ആ ഉടമസ്ഥന് എന്നെ തടുത്തു നിർത്താൻ കഴിയില്ല.” അബ്ദുൽ മുത്വലിബ് പറഞ്ഞു: “അത് താങ്കളും അവനുമായുള്ള കാര്യം!”
അബ്ദുൽ മുത്വലിബിന്റെ ഒട്ടകങ്ങളെ തിരിച്ചു നൽകാൻ അബ്രഹത് കൽപ്പന നൽകി. തന്റെ ഒട്ടകങ്ങളെ തിരികെ ലഭിച്ചപ്പോൾ അബ്ദുൽ മുത്വലിബ് അവയെ മുഴുവൻ അല്ലാഹുവിന്റെ മാർഗത്തിലുള്ള ബലിമൃഗങ്ങളായി നിശ്ചയിച്ചു. ബലിമൃഗങ്ങളായ ഒട്ടകങ്ങളുടെ കഴുത്തില് അടയാളം കെട്ടിത്തൂക്കിയും, അവയുടെ പൂഞ്ഞയിൽ രക്തം വരുന്ന രൂപത്തിൽ മുറിവ് വരുത്തിയും അവർ മൃഗങ്ങള്ക്ക് അടയാളം വെക്കുമായിരുന്നു; അബ്ദുൽ മുത്വലിബ് തന്റെ ഇരുന്നൂറ് ഒട്ടകങ്ങൾക്കും അതു പോലെ അടയാളമിട്ടു.
അവയെ മുഴുവൻ അദ്ദേഹം കഅ്ബയുടെ പരിസരത്ത് അഴിച്ചുവിട്ടു. ബലിമൃഗങ്ങളോട് അറബികൾക്ക് വലിയ ആദരവും ബഹുമാനവും ഉണ്ടായിരുന്നു; അതിലേതെങ്കിലും ഒന്നിനെ ആരെങ്കിലും ഉപദ്രവിക്കുകയും, അങ്ങനെ അല്ലാഹു അതിന് പ്രതികാരമെടുക്കുകയും ചെയ്യുമെന്ന ചിന്തയായിരുന്നു അബ്ദുൽ മുത്വലിബിന്റെ മനസ്സിൽ.
മക്കക്കാരോട് മുഴുവൻ അവരുടെ നാടിന് ചുറ്റുമുള്ള മലകൾക്ക് മുകളിൽ പോയി അഭയം തേടാൻ അബ്രഹത് നിർദേശം നൽകി. അബ്രഹത്തിന്റെ സൈന്യം മക്കയിലേക്ക് പ്രവേശിച്ചാൽ അവരിൽ നിന്ന് എന്തെങ്കിലും ഉപദ്രവം ബാധിക്കാതിരിക്കുന്നതിനായിരുന്നു അത്. തങ്ങൾക്ക് അബ്രഹതിനെ നേരിടാൻ കഴിയില്ലെന്നും, അങ്ങനെ ശ്രമിക്കുന്നത് ആത്മഹത്യാപരമാവുമെന്നും അബ്ദുൽ മുത്വലിബിന് ബോധ്യമുണ്ടായിരുന്നു. കഅ്ബയുടെ രക്ഷിതാവ് അതിനെ സംരക്ഷിക്കുമെന്നും അദ്ദേഹത്തിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു.
മക്ക വിട്ടു പോകുന്നതിന് മുൻപ് കഅ്ബയുടെ വാതിലിൽ പിടിച്ചു കൊണ്ട് അദ്ദേഹം ഒരു കവിത പാടി: [അർത്ഥം] “അല്ലാഹുവേ! എല്ലാവരും തങ്ങളുടെ ഭവനങ്ങൾ സംരക്ഷിക്കുമല്ലോ; നിന്റെ ഭവനത്തെ നീ സംരക്ഷിക്കേണമേ! അവരുടെ കുരിശുകളും തന്ത്രങ്ങളും നാളെ പകലിൽ നിന്റെ തന്ത്രത്തെ പരാജയപ്പെടുത്താതിരിക്കട്ടെ! ഇനി നീ അവരെയും ഞങ്ങളെയും ഖിബ്ലയെയും അവഗണിക്കുകയാണെങ്കിൽ; അത് നിന്റെ ഉദ്ദേശം മാത്രമാണ്.”
അടുത്ത ദിവസം നേരം പുലർന്നു. അബ്രഹത്ത് തന്റെ സൈന്യത്തോട് തയ്യാറെടുക്കാൻ കൽപ്പന നൽകി. കഅ്ബ തകർക്കുന്നതിന് വേണ്ടി കൊണ്ടുവന്ന തന്റെ ആനയെ ഒരുക്കി നിർത്താൻ നിർദേശിച്ചു. സൈന്യം മുന്നോട്ടു നീങ്ങാൻ തുടങ്ങി. മുസ്ദലിഫക്കും മിനാക്കും ഇടയിൽ മുഹസ്സിർ താഴ്വാരയിൽ എത്തിയപ്പോൾ -അത്ഭുതം!- ആനകളതാ മുട്ടുകുത്തുന്നു. അവയിൽ ഒന്നു പോലും കഅ്ബയുടെ അടുത്തേക്ക് ചലിക്കുന്നേയില്ല! ഇതു കണ്ടതോടെ ബന്ധിയാക്കപ്പെട്ടിരുന്ന നുഫൈൽ ബ്നു ഹബീബ് തന്റെ പരമാവധി ശക്തിയുമെടുത്ത് ഓടിരക്ഷപ്പെട്ടു. മക്കക്കാർ അഭയം തേടിയിരിക്കുന്ന മലയുടെ മുകളിലേക്ക് അദ്ദേഹം ഓടിയണഞ്ഞു.
അബ്രഹതിന്റെ സൈന്യമാകട്ടെ, ആനകളെ മുന്നോട്ട് നടത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. അവർ ആനയെ അടിക്കുകയും, അതിന്റെ തല പിടിച്ചു വലിക്കുകയും, തോട്ടി കൊണ്ട് കുത്തുകയുമെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ ഒരടി പോലും അവ മുന്നോട്ടു വെക്കുന്നില്ല. ഒരു പരീക്ഷണമെന്ന നിലക്ക് ആനകളെ അവർ യമനിലേക്ക് തിരിച്ചു നിർത്തി നോക്കി. അപ്പോഴതാ ആനകൾ ഉടനടി എഴുന്നേറ്റ് ഓടുന്നു! ശാമിന്റെ ഭാഗത്തേക്കും കിഴക്കോട്ടുമെല്ലാം ആനയെ തിരിച്ചു നിർത്തുമ്പോൾ അവ മുന്നോട്ടു നീങ്ങുന്നുണ്ട്. എന്നാൽ കഅ്ബയുടെ മുന്നിലേക്ക് തിരിക്കേണ്ട താമസം അവ മുട്ടുകുത്തുന്നു.
ഈ അവസ്ഥ തുടരവെ കടലിൽ നിന്ന് ഒരു കൂട്ടം അബാബീൽ പക്ഷികൾ വന്നെത്തി. അവയിൽ ഓരോ പക്ഷിയുടെയും പക്കൽ മൂന്നു കല്ലുകളുമുണ്ട്. ഒന്ന് അവയുടെ ചുണ്ടുകളിലും, രണ്ടെണ്ണം വീതം അവയുടെ കാലുകളിലും. അബ്രഹത്തിന്റെ സൈന്യത്തിന് മുകളിൽ ആ കല്ലുകൾ അവർ വർഷിച്ചു. അത് ശരീരത്തിൽ പതിക്കേണ്ട താമസം അവരുടെ അവയവങ്ങൾ കഷ്ണങ്ങളായി മുറിഞ്ഞു വീഴാൻ തുടങ്ങി! അങ്ങനെ അവരിൽ ബഹുഭൂരിപക്ഷവും വേദന നിറഞ്ഞ മരണം വരിച്ചു.
ആ സൈന്യത്തില് പെട്ട എല്ലാവരും അവിടെ വെച്ച് തന്നെ നശിച്ചില്ല. ചിലർ വന്ന വഴിയിൽ തിരിഞ്ഞോടി. വഴി മനസ്സിലാകാതെ കുറേ പേർ മരുഭൂമിയിൽ ദാഹിച്ചലഞ്ഞ് മരിച്ചു വീഴുകയും ചെയ്തു.
യമനിലേക്കുള്ള വഴി പറഞ്ഞു തരാൻ നുഫൈലു ബ്നു ഹബീബിനെ തിരയുകയാണ് മറ്റുചിലർ. ഇത് കണ്ടപ്പോൾ നുഫൈൽ ഒരു കവിത പാടിയത്രെ. അതിന്റെ അർഥം ഇപ്രകാരമാണ്: “എങ്ങോട്ടാണീ ഓടി രക്ഷപ്പെടുന്നത്; നിങ്ങളെ തേടി വരുന്നത് അല്ലാഹുവാണെന്നിരിക്കെ?! ഒടിഞ്ഞു തൂങ്ങിയ അബ്രഹതാകുന്നു പരാജിതൻ; അവനിന്ന് വിജയിയേയല്ല. അവരെല്ലാം ഇപ്പോൾ നുഫൈലിനെ അന്വേഷിക്കുന്നു; നുഫൈലിന്റെ പക്കൽ അവർക്ക് വല്ല കടവും ബാക്കിയുള്ളത് പോലെയുണ്ട്!” നുഫൈലിനെ തേടിനടന്നവരും വഴിയറിയാതെ മരിച്ചു വീണു.
അബ്രഹതാകട്ടെ, അവനെ ഒരു രോഗം ബാധിച്ചു. അവന്റെ കൈവിരലുകൾ ഒന്നൊന്നായി മുറിഞ്ഞു വീഴാൻ തുടങ്ങി. ആരുടെയെല്ലാമോ സഹായം കൊണ്ട് സ്വൻആഇലേക്ക് അബ്രഹത് തിരിച്ചെത്തി. പക്ഷേ ശരീരത്തിലെ അവയവങ്ങൾ ദ്രവിച്ചു വീണ്, ഒരു കിളിക്കുഞ്ഞിന്റെ രൂപത്തിലേക്ക് എത്തിയിരുന്നു അവൻ. പിന്നീട് നെഞ്ചിൽ നിന്ന് അവന്റെ ഹൃദയം തന്നെ പുറത്തേക്കു വീണു; അവസാനം ഏറ്റവും വികൃതമായ മരണമായിരുന്നു അയാൾക്ക് വന്നെത്തിയത്.
ആനക്കലഹത്തിന്റെ ചരിത്രമാണിത്. അറബികൾക്ക് അല്ലാഹു ധാരാളം നന്മകൾ ഉദ്ദേശിച്ചിരിക്കുന്നു എന്ന വ്യക്തമായ സൂചനയായിരുന്നു ഈ സംഭവം. മക്കയിൽ ജനിക്കാനിരിക്കുന്ന അന്തിമ ദൂതന്റെ ആഗമനത്തിന്റെ മുന്നൊരുക്കമായിരുന്നു ഒരർത്ഥത്തിൽ ഈ നടന്നതെല്ലാം. ആ നബിയുടെ മേൽ അവതരിക്കാനിരിക്കുന്ന, ലോകങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിന്റെ സംസാരമായ ഖുർആൻ എന്ന മഹാത്ഭുതത്തിന്റെ മുന്നോടിയായിരുന്നു ഈ അത്ഭുതങ്ങളെല്ലാം.
قال ابن القيم: «لَا خِلَافَ أَنَّهُ وُلِدَ -ﷺ- بِجَوْفِ مَكَّةَ، وَأَنَّ مَوْلِدَهُ كَانَ عَامَ الْفِيلِ، وَكَانَ أَمْرُ الْفِيلِ تَقْدِمَةً قَدَّمَهَا اللَّهُ لِنَبِيِّهِ وَبَيْتِهِ، وَإِلَّا فَأَصْحَابُ الْفِيلِ كَانُوا نَصَارَى أَهْلَ كِتَابٍ، وَكَانَ دِينُهُمْ خَيْرًا مِنْ دِينِ أَهْلِ مَكَّةَ إِذْ ذَاكَ؛ لِأَنَّهُمْ كَانُوا عُبَّادَ أَوْثَانٍ فَنَصَرَهُمُ اللَّهُ عَلَى أَهْلِ الْكِتَابِ نَصْرًا لَا صُنْعَ لِلْبَشَرِ فِيهِ، إِرْهَاصًا وَتَقْدِمَةً لِلنَّبِيِّ -ﷺ- الَّذِي خَرَجَ مِنْ مَكَّةَ، وَتَعْظِيمًا لِلْبَيْتِ الْحَرَامِ» [زاد المعاد: 1/75]
ഇബ്നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറയുന്നു: “അല്ലാഹു അവന്റെ റസൂൽ -ﷺ- യുടെ ആഗമനത്തിനും, അവന്റെ ഭവനത്തിനുള്ള ആദരവിനും നൽകിയ സൂചനയായിരുന്നു യഥാർത്ഥത്തിൽ ആനക്കലഹത്തിന്റെ പര്യവസാനം. അതല്ലെങ്കിൽ -ചിന്തിച്ചു നോക്കൂ-; അബ്റഹതും കൂട്ടരും വേദക്കാരായിരുന്ന നസ്വാറാക്കളായിരുന്നു. മക്കക്കാരുടെ വിഗ്രഹാരാധനയിലൂന്നിയ വിശ്വാസത്തേക്കാൾ നല്ലത് -അക്കാലഘട്ടത്തിൽ- അവരുടെ മതമായിരുന്നു.
എന്നാൽ അല്ലാഹു അവരുടെ മേൽ -മനുഷ്യരുടെ യാതൊരു ഇടപെടലും കടന്നു വരാത്ത രൂപത്തിൽ- ഖുറൈശികൾക്ക് വിജയം നൽകി. അല്ലാഹുവിന്റെ റസൂൽ -ﷺ- യുടെ ആഗമനത്തിലേക്കുള്ള സൂചനയായിരുന്നു അത്. അല്ലാഹുവിന്റെ ഭവനമായ കഅ്ബക്കുള്ള ആദരവും അതിലുണ്ടായിരുന്നു.” (സാദുൽ മആദ്: 1/75)
وقال ابن كثير: «وَلِسَانُ حَالِ الْقَدَرِ يَقُولُ: لَمْ نَنْصُرْكُمْ -يَا مَعْشَرَ قُرَيْشٍ-عَلَى الْحَبَشَةِ لِخَيْرِيَّتِكُمْ عَلَيْهِمْ، وَلَكِنْ صِيَانَةً لِلْبَيْتِ الْعَتِيقِ الَّذِي سَنُشَرِّفُهُ وَنُعَظِّمُهُ وَنُوَقِّرُهُ بِبَعْثَةِ النَّبِيِّ الْأُمِّيِّ مُحَمَّدٍ، صَلَوَاتُ اللَّهِ وَسَلَامُهُ عَلَيْهِ خَاتَمِ الْأَنْبِيَاءِ. [تفسير ابن كثير: 8/503]
ഇബ്നു കഥീർ -رَحِمَهُ اللَّهُ- പറയുന്നു: “ആനക്കലഹത്തിന്റെ പര്യവസാനം ഒരു നിലക്ക് വിളിച്ചു പറയുന്നതിപ്രകാരമാണ്; ഖുറൈശികളേ! നിങ്ങളെ നാം അബ്സീനിയക്കാർക്കെതിരെ സഹായിച്ചത് നിങ്ങൾ അവരേക്കാൾ നല്ലവരായതു കൊണ്ടല്ല. മറിച്ച് നിരക്ഷരനായ ഒരു നബിയുടെ നിയോഗത്തിലൂടെ നാം ശ്രേഷ്ഠതയും ആദരവും ബഹുമാനവും നൽകുന്ന നമ്മുടെ ഭവനത്തെ നാം സംരക്ഷിക്കുകയാണ് ചെയ്തത്.” (തഫ്സീർ ഇബ്നി കഥീർ: 8/503)
അല്ലാഹു ഖുർആനിൽ ആനക്കലഹത്തെ കുറിച്ച് മാത്രം പ്രതിപാദിച്ചു കൊണ്ട് ഒരു ചെറിയ സൂറത്ത് അവതരിപ്പിച്ചിട്ടുണ്ട്. ‘ആന’ എന്നർത്ഥമുള്ള ഫീൽ എന്നാണ് പ്രസ്തുത അദ്ധ്യായത്തിന്റെ പേര്.
അല്ലാഹു പറയുന്നു:
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ ﴿١﴾ أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ ﴿٢﴾ وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ ﴿٣﴾ تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ ﴿٤﴾ فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ ﴿٥﴾
“ആനക്കാരെ നിന്റെ റബ്ബ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ? അവരുടെ തന്ത്രം അവൻ പിഴവിലാക്കിയില്ലേ? കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേർക്ക് അവൻ അയക്കുകയും ചെയ്തു. ചുട്ടുപഴുപ്പിച്ച കളിമൺകല്ലുകൾ കൊണ്ട് (ആ പക്ഷികൾ) അവരെ എറിയുന്നു. അങ്ങനെ അവരെ അവൻ തിന്നൊടുക്കപ്പെട്ട വൈക്കോൽ തുരുമ്പു പോലെയാക്കി.” (ഫീൽ: 1-5)
അബ്സീനിയക്കാരിൽ നിന്ന് മക്കയെ അല്ലാഹു അത്ഭുതകരമായി രക്ഷിക്കുകയും, അവരെ ഭയാനകമായ മരണം പിടികൂടുകയും ചെയ്തതോടെ അറബികൾക്കിടയിൽ ഖുറൈശികളുടെ ആദരവ് വർദ്ധിച്ചു. അവർ പറഞ്ഞു: “മക്കക്കാർ അല്ലാഹുവിന്റെ ആളുകളാണ്. അവരെ അല്ലാഹു സംരക്ഷിക്കുകയും, അവർക്ക് വേണ്ടി അവന്റെ സൈന്യത്തെ ഇറക്കുകയും ചെയ്തു.” അറബികളുടെയും മറ്റു നാട്ടുകാരുടെയും മനസ്സിൽ കഅ്ബയോടുള്ള ആദരവും ഇതോടെ വർദ്ധിച്ചു.
ആനക്കലഹത്തെ കുറിച്ച് പ്രതിപാദിക്കുന്ന സൂറതിന് തൊട്ടുശേഷമുള്ള സൂറത് ഖുറൈശ് എന്ന പേരിലാണ്. ആനക്കലഹം അവർക്ക് നേടിക്കൊടുത്ത അനുഗ്രഹങ്ങളെ കുറിച്ചുള്ള സൂചനകൾ ആ സൂറത്തിൽ പ്രകടമാണ്.
لِإِيلَافِ قُرَيْشٍ ﴿١﴾ إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ ﴿٢﴾ فَلْيَعْبُدُوا رَبَّ هَـٰذَا الْبَيْتِ ﴿٣﴾ الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ ﴿٤﴾
“ഖുറൈശികൾക്ക് ഉണ്ടായ എളുപ്പം കാരണത്താൽ; ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്ര അവർക്ക് സൗകര്യപ്രദമായി തീർന്നതിനാൽ. ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാൽ; ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാൽ. ഈ ഭവനത്തിന്റെ (കഅ്ബയുടെ) റബ്ബിനെ മാത്രം അവർ ആരാധിക്കട്ടെ. അതായത് അവർക്ക് വിശപ്പിന്ന് ആഹാരം നല്കുകയും, ഭയത്തിന് പകരം സമാധാനം നല്കുകയും ചെയ്തവനെ. ” (ഖുറൈശ്: 1-4)