ഏറ്റവും നല്ല വംശപരമ്പരയിലാണ് നബി -ﷺ- ജനിച്ചത്. മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠരായ അവിടുത്തെ കുടുംബപരമ്പരയും ഏറ്റവും ഉന്നതമായിരുന്നു.
ഖാദ്വി ഇയാദ്വ് -رَحِمَهُ اللَّهُ- പറയുന്നു: “നബി -ﷺ- യുടെ കുടുംബപരമ്പരയുടെ ശ്രേഷ്ഠതയും, അവിടുത്തെ നാടിന്റെയും അവിടുന്ന് വളർന്നു വന്നതിന്റെയും മഹത്വവും പ്രത്യേകിച്ചൊരു തെളിവിന്റെ ആവശ്യമേയില്ലാത്ത കാര്യമാണ്. ഹാശിം സന്തതികളിൽ നിന്നും, ഖുറൈശികളുടെ സന്താനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട, അറബികളിൽ ഏറ്റവും ശ്രേഷ്ഠരായ വ്യക്തിയാണ് അവിടുന്ന്.” (അശ്ശിഫാ: 1/77)
നബി -ﷺ- യുടെ വംശപരമ്പര ക്രമത്തിൽ താഴെ നൽകാം.
1- മുഹമ്മദ് ബ്നു അബ്ദില്ലാഹ് (مُحَمَّدُ بْنُ عَبْدِ اللَّهِ).
2- അബ്ദുല്ലാഹി ബ്നു അബ്ദിൽ മുത്വലിബ് (عَبْدُ اللَّهِ بْنُ عَبْدِ المُطَّلِبِ).
3- അബ്ദുൽ മുത്വലിബ് ബ്നു ഹാശിം (عَبْدُ المُطَّلِبِ بْنِ هَاشِمٍ).
4- ഹാശിം ബ്നു അബ്ദി മനാഫ് (هَاشِمُ بْنُ عَبْدِ مَنَافٍ).
5- അബ്ദു മനാഫ് ബ്നു ഖുസ്വയ്യ് (عَبْدُ مَنَافِ بْنُ قُصَيٍّ).
6- ഖുസ്വയ്യ് ബ്നു കിലാബ് (قُصَيُّ بْنُ كِلَابٍ).
7- കിലാബ് ബ്നു മുർറഃ (كِلَابُ بْنُ مُرَّةَ).
8- മുർറതു ബ്നു കഅ്ബ് (مُرَّةُ بْنُ كَعْبٍ).
9- കഅ്ബ് ബ്നു ലുഅയ്യ് (كَعْبُ بْنُ لُؤَيٍّ).
10- ലുഅയ്യ് ബ്നു ഗാലിബ് (لُؤَيُّ بْنُ غَالِبٍ).
11- ഗാലിബ് ബ്നു ഫിഹ്ർ (غَالِبُ بْنُ فِهْرٍ).
12- ഫിഹ്ർ ബ്നു മാലിക് (فِهْرُ بْنُ مَالِكٍ).
13- മാലിക് ബ്നു നദ്വ്ർ (مَالِكُ بْنُ النَّضْرِ).
14- നദ്വ്ർ ബ്നു കിനാനഃ (النَّضْرُ بْنُ كِنَانَةَ).
15- കിനാനതു ബ്നു ഖുസൈമഃ (كِنَانَةُ بْنُ خُزَيْمَةَ).
16- ഖുസൈമതു ബ്നു മുദ്രികഃ (خُزَيْمَةُ بْنُ مُدْرِكَةَ).
17- മുദ്രികതു ബ്നു ഇൽയാസ് (مُدْرِكَةُ بْنُ إِلْيَاسٍ).
18- ഇൽയാസ് ബ്നു മുദ്വർ (إِلْيَاسُ بْنُ مُضَرَ).
19- മുദ്വർ ബ്നു നിസാർ (مُضَرُ بْنُ نِزَارَ).
20- നിസാർ ബ്നു മഅ്ദ് (نِزَارُ بْنُ مَعْدٍ).
21- മഅ്ദു ബ്നു അദ്നാൻ (مَعْدُ بْنُ عَدْنَانٍ).
22- അദ്നാൻ (عَدْنَانُ)
അദ്നാൻ: അദ്നാൻ വരെയുള്ള നബി -ﷺ- യുടെ കുടുംബപരമ്പര പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ലാതെ സ്ഥിരപ്പെട്ടതാണ്. ഇസ്മാഈൽ നബി -عَلَيْهِ السَّلَامُ- ന്റെ സന്തതിപരമ്പരയിൽ പെട്ടയാളാണ് അദ്നാൻ എന്നതിൽ അഭിപ്രായവ്യത്യാസമില്ലെങ്കിലും അവർക്ക് രണ്ടു പേർക്കും ഇടയിൽ എത്ര പേരുണ്ട് എന്നതിൽ ശക്തമായ അഭിപ്രായവ്യത്യാസമുണ്ട്. (ശർഹുസ്സുന്നഃ/ബഗവി: 13/193) സലഫുകളിലും മുൻഗാമികളിലും പെട്ട ചിലർ അദ്നാനിന് മുകളിലേക്ക് വംശപരമ്പര ചേർത്തിപ്പറയുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇസ്മാഈലീ പരമ്പരയിൽ വന്ന അറബികളുടെ എല്ലാവരുടെയും വംശപരമ്പര എത്തിച്ചേരുന്നതും, അവർ ചേർത്തിപ്പറയാറുള്ളതും അദ്നാനിലേക്കാണ്.
ഖുറൈശ്: അറബികളിലെ പ്രസിദ്ധ ഗോത്രമായ ഖുറൈശ് ഗോത്രം നദ്വ്റു ബ്നു കിനാനയിലേക്ക് ചേർത്തി പറയുന്നവരാണ്. ഫിഹ്റു ബ്നു മാലികിലേക്ക് ചേർത്തി പറയുന്നവരാണ് എന്നും അഭിപ്രായമുണ്ട്. ഖുറൈശികളുടെ ഒരുമ കാരണത്താലും, കച്ചവടത്തിലുള്ള അവരുടെ താല്പര്യം കാരണത്താലുമാണ് ഖുറൈശ് എന്ന പേര് അവർക്ക് പറയപ്പെട്ടത് എന്ന് ചിലർ പറഞ്ഞിട്ടുണ്ട്. അറബി ഭാഷാപരമായ ചർച്ചകളുടെ അടിസ്ഥാനത്തില് ഈ പറഞ്ഞതല്ലാതെയുമുള്ള വിശദീകരണങ്ങളും നൽകപ്പെട്ടിട്ടുണ്ട്.
ധാരാളം മഹത്വങ്ങളും ശ്രേഷ്ഠതകളും ഉള്ളവരാണ് ഖുറൈശ് ഗോത്രം. വിശുദ്ധ ഖുർആനിൽ അല്ലാഹു അവരുടെ പേരിൽ ഒരു സൂറത് തന്നെ അവതരിപ്പിച്ചിരിക്കുന്നു. നബി -ﷺ- യുടെ ധാരാളം ഹദീഥുകളും ഖുറൈശികളുടെ ശ്രേഷ്ഠത വിവരിക്കുന്നതായുണ്ട്.
عَنْ أُمِّ هَانِئٍ عَنِ النَّبِيِّ -ﷺ- قَالَ: «فَضَّلَ اللَّهُ قُرَيْشًا بِسَبْعِ خِصَالٍ: فَضَّلَهُمْ بِأَنَّهُمْ عَبَدُوا اللَّهَ عَشْرَ سِنِينَ لَا يَعْبُدُهُ إِلَّا قُرَشِيٌّ، وَفَضَّلَهُمْ بِأَنَّهُ نَصَرَهُمْ يَوْمَ الفِيلِ وَهُمْ مُشْرِكُونَ، وَفَضَّلَهُمْ بِأَنَّهُ نَزَلَتْ فِيهِمْ سُورَةٌ مِنَ القُرْآنِ لَمْ يَدْخُلْ فِيهِمْ غَيْرُهُمْ: «لِإِيلَافِ قُرَيْشٍ»، وَفَضَّلَهُمْ بِأَنَّ فِيهِمْ النُّبُوَّةُ، وَالخِلَافَةُ، وَالحِجَابَةُ، وَالسِّقَايَةُ»
ഉമ്മു ഹാനിഅ് നിവേദനം: നബി -ﷺ- പറഞ്ഞു: “അല്ലാഹു ഏഴു കാര്യങ്ങൾ കൊണ്ട് ഖുറൈശികൾക്ക് ശ്രേഷ്ഠത നൽകിയിരിക്കുന്നു. ഒരു ഖുറൈശിയല്ലാതെ മറ്റാരും അല്ലാഹുവിനെ ആരാധിക്കാത്ത പത്തു വർഷങ്ങളിൽ അവർ മാത്രം അല്ലാഹുവിനെ ആരാധിച്ചു എന്നതിലൂടെ അവർക്ക് ശ്രേഷ്ഠത നൽകി. അവർ ബഹുദൈവാരാധകർ ആയിരിക്കെ ആനക്കലഹത്തിന്റെ ദിവസം അല്ലാഹു അവരെ സഹായിച്ചതിലൂടെയും അവർക്ക് ശ്രേഷ്ഠത നൽകി. അവരൊഴികെ മറ്റാരും ഉൾപ്പെട്ടിട്ടില്ലാത്ത ഒരു സൂറത്ത് അവരുടെ വിഷയത്തിൽ അവതരിച്ചതിലൂടെയും അല്ലാഹു അവർക്ക് ശ്രേഷ്ഠത നൽകി. അവരിൽ നുബുവ്വത് (പ്രവാചകത്വം) നൽകിക്കൊണ്ടും, ഖിലാഫത് (അധികാരം) നിശ്ചയിച്ചു കൊണ്ടും, ഹിജാബതും (കഅ്ബ തുറന്നു കൊടുക്കാനുള്ള അവകാശം), സിഖായതും (ഹജ്ജിന് വരുന്നവർക്ക് വെള്ളം നൽകുക) അവർക്ക് നൽകിക്കൊണ്ടും അല്ലാഹു അവർക്ക് ശ്രേഷ്ഠത നൽകി.” (സിൽസിലതു സ്വഹീഹ/അൽബാനി: 1944)
ഖുറൈശികളിലെ സ്ത്രീകളെ നബി -ﷺ- പ്രത്യേകം പുകഴ്ത്തുകയും, അവരുടെ സ്വഭാവമേന്മ എടുത്തു പറയുകയും ചെയ്തിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «نِسَاءُ قُرَيْشٍ خَيْرُ نِسَاءٍ رَكِبْنَ الإِبِلَ، أَحْنَاهُ عَلَى طِفْلٍ، وَأَرْعَاهُ عَلَى زَوْجٍ فِي ذَاتِ يَدِهِ»
നബി -ﷺ- പറഞ്ഞു: “അറബികളിലെ സ്ത്രീകളിൽ ഏറ്റവും നല്ലവർ ഖുറൈശീ സ്ത്രീകളാണ്. കുഞ്ഞിനോട് ഏറ്റവും ഊഷ്മളസ്നേഹമുള്ളവർ. തന്റെ ഭർത്താവിന്റെ സമ്പത്തിൽ ഏറ്റവും ശ്രദ്ധയുള്ളവർ.” (ബുഖാരി: 3434, മുസ്ലിം: 2527)
عَنِ ابْنِ عَبَّاسٍ قَالَ: إِنَّ النَّبِيَّ -ﷺ- لَمْ يَكُنْ بَطْنٌ مِنْ قُرَيْشٍ، إِلَّا كَانَ لَهُ فِيهِمْ قَرَابَةٌ.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “നബി -ﷺ- ക്ക് കുടുംബബന്ധമില്ലാത്ത ഒരു ‘ബത്വ്നും’ (ബത്വ്ൻ: വംശപരമ്പരയിലെ നാലാമത്തെ വ്യക്തിയിൽ നിന്നുള്ള ബന്ധങ്ങൾ) ഖുറൈശികളിൽ ഉണ്ടായിരുന്നില്ല.” (ബുഖാരി: 4818)
ഹാശിം ബ്നു അബ്ദി മനാഫ്: മക്കക്കാർക്കിടയിൽ സ്ഥാനവും പദവിയുമുള്ള, വലിയ ദാനശീലനായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഹാശിം എന്നത് വിളിപ്പേരാണ്; യഥാർത്ഥ പേര് അംറ് എന്നാണ്. ഹജ്ജിന് വരുന്നവർക്ക് റൊട്ടി മുറിച്ചു നൽകുകയും, വേവിച്ച മാംസത്തോടൊപ്പം അതവരെ ഭക്ഷിപ്പിക്കുകയും ചെയ്തതിനാൽ ലഭിച്ച പേരാണ് ഹാശിം (ഹശമ (هَشَمَ) എന്നാൽ മുറിച്ചു നൽകുക എന്ന അർത്ഥമുണ്ട്). ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഹജ്ജിന് വരുന്നവർക്ക് ഹജ്ജിന്റെ ദിവസങ്ങളിൽ മുഴുവൻ അദ്ദേഹം ഭക്ഷണവും വെള്ളവും സൗകര്യപ്പെടുത്താറുണ്ടായിരുന്നു. അവർ തങ്ങളുടെ നാടുകളിലേക്ക് മടങ്ങിപ്പോകുന്നത് വരെ അദ്ദേഹത്തിന്റെ ആതിഥ്യം തുടരുമായിരുന്നു. മക്കക്കാർക്ക് ക്ഷാമം ബാധിച്ച സന്ദർഭത്തിൽ പോലും അദ്ദേഹം ഈ ആതിഥ്യം മുടക്കിയിട്ടില്ലെന്ന് അക്കാലഘട്ടത്തിലെ അറബി കവിതകളിൽ കാണാം. വർഷത്തിൽ രണ്ട് തവണ ഖുറൈശികൾ നടത്തിയിരുന്ന യാത്രകൾ -വേനൽക്കാല യാത്രയും ശീതകാല യാത്രയും- ആദ്യമായി നിശ്ചയിച്ചു നൽകിയതും അദ്ദേഹമാണ്.
അബ്ദുൽ മുത്വലിബ്: ഹാശിമിന്റെ മകനായിരുന്ന അബ്ദുൽ മുത്വലിബിന്റെ പേര് ശയ്ബഃ എന്നായിരുന്നു. മുത്വലിബിന്റെ അടിമ എന്ന് അർഥം വരുന്ന ഈ വിളിപ്പേര് അദ്ദേഹത്തിന് ലഭിച്ചതിന് പിന്നിൽ ഒരു കഥയുണ്ട്. പിതാവായ ഹാശിം മരണപ്പെടുന്ന വേളയിൽ മദീനയിലെ ബനുന്നജ്ജാറുകാരുടെ അടുത്തായിരുന്നു അബ്ദുൽ മുത്വലിബ് ഉണ്ടായിരുന്നത്. ഹാശിമിന്റെ സഹോദരൻ മുത്വലിബാണ് അദ്ദേഹത്തെ മദീനയിൽ നിന്ന് മക്കയിലേക്ക് തിരിച്ചു കൊണ്ടുവന്നത്. മുത്വലിബിനോടൊപ്പം വന്ന ഈ കുട്ടിയെ കണ്ട മക്കക്കാർ ധരിച്ചത് ഇത് അദ്ദേഹം അടിമച്ചന്തയിൽ നിന്ന് വാങ്ങിയ കുട്ടിയാണെന്നാണ്. അത് കൊണ്ട് മുത്വലിബിന്റെ അടിമയെന്ന് അർത്ഥം വരുന്ന അബ്ദുൽ മുത്വലിബ് എന്ന പേര് അദ്ദേഹത്തിന് ചാർത്തിക്കിട്ടി. മക്കക്കാരുടെ തെറ്റിദ്ധാരണ മുത്വലിബ് തിരുത്തിയെങ്കിലും ആ വിളിപ്പേര് പിന്നീട് നീങ്ങിപ്പോയില്ല!
മുത്വലിബിന്റെ മരണശേഷം കഅ്ബയുടെ പരിചരണം അബ്ദുൽ മുത്വലിബിന്റെ കയ്യിൽ വന്നുചേർന്നു. മക്കക്കാർക്കിടയിൽ മാത്രമല്ല, മുഴുവൻ അറബികൾക്കിടയിലും അറിയപ്പെടുന്ന തരത്തിൽ അബ്ദുൽ മുത്വലിബിന്റെ സ്ഥാനവും മഹത്വവും വർദ്ധിച്ചു. അദ്ദേഹത്തിന്റെ പിതാക്കന്മാർക്ക് ഉണ്ടായിരുന്നതിനേക്കാൾ പദവിയും ആദരവും അബ്ദുൽ മുത്വലിബിന് ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നന്മകൾ ജനങ്ങൾ ധാരാളമായി പാടിപ്പുകഴ്ത്തിയതിനാൽ ‘ശയ്ബതുൽ ഹംദ് (ഹംദ് = സ്തുതി)’ എന്ന് അദ്ദേഹം അറിയപ്പെട്ടു. ഒഴുകുന്ന നദി പോലെ ദാനധർമ്മങ്ങൾ ചെയ്തിരുന്നതിനാൽ ‘ഫയ്യാദ്വ്’ എന്ന വിശേഷണവും അവരദ്ദേഹത്തിന് ചാർത്തിനൽകി. പർവ്വതങ്ങളിലും മറ്റും കൂടുകൂട്ടിയ പക്ഷികൾക്ക് ഭക്ഷണം നൽകുന്നതിനായി ഭക്ഷണവുമെടുത്ത് അദ്ദേഹം പോകാറുണ്ടായിരുന്നത്രെ!
നബി -ﷺ- യുടെ പ്രബോധന കാലഘട്ടം ആരംഭിച്ചതിന് ശേഷം -അബ്ദുൽ മുത്വലിബിന്റെ മരണത്തിന് ശേഷം വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടും- അറബികൾ അദ്ദേഹത്തിന്റെ നന്മകൾ ഓർത്തിരുന്നു.
وَعَنْ عِمْرَانَ بنِ حُصَيْنٍ قَالَ: جَاءَ حُصَيْنٌ إِلَى النَّبِيِّ -ﷺ- قَبْلَ أَنْ يُسْلِمَ، فَقَالَ: يا مُحَمَّدُ، كَانَ عَبْدُ المُطَّلِبِ خَيْرًا لِقَوْمِهِ مِنْكَ: كَانَ يُطْعِمُهُمُ الكَبِدَ والسَّنَامَ.
ഇംറാനു ബ്നു ഹുസ്വൈൻ -رَضِيَ اللَّهُ عَنْهُ- പറയുന്നു: “(അദ്ദേഹത്തിന്റെ പിതാവായ) ഹുസ്വൈൻ മുസ്ലിമാകുന്നതിന് മുൻപ് നബി -ﷺ- യുടെ അരികിൽ ചെന്നു കൊണ്ട് പറഞ്ഞു: “മുഹമ്മദ്! അബ്ദുൽ മുത്വലിബ് തന്റെ ജനതയോട് നിന്നേക്കാൾ നന്മ പുലർത്തിയിരുന്നു. തന്റെ നാട്ടുകാർക്ക് (ഭക്ഷണമായി ഒട്ടകത്തിന്റെ) കരളും പൂഞ്ഞയും അദ്ദേഹം നൽകിയിരുന്നു.” (അഹ്മദ്: 19992, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)
അബ്ദുൽ മുത്വലിബിന്റെ നന്മകൾ അറബികൾ കാലമേറെ കഴിഞ്ഞതിന് ശേഷവും മറന്നിരുന്നില്ല എന്ന് വ്യക്തമാക്കുന്നതിനാണ് ഈ ഹദീഥ് ഇവിടെ നൽകിയത്. ഹുസ്വൈൻ മുസ്ലിമാകുന്നതിന് മുൻപാണ് ഈ വാക്കുകൾ പറഞ്ഞത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ നബി -ﷺ- അബ്ദുൽ മുത്വലിബിനേക്കാൾ എത്രയോ മടങ്ങ് നന്മയുള്ളവരായിരുന്നു എന്നതിൽ സംശയമില്ല.