ആമുഖം:

ജിന്ന് മനുഷ്യ ശരീരത്തില്‍ ബാധിക്കുമെന്നതിന് ഖുര്‍ആനിലെ ചില തെളിവുകള്‍ നാം മുന്‍പുള്ള ലേഖനത്തില്‍ എടുത്തു കൊടുത്തിരുന്നു. ചിന്തിക്കുകയും, ആലോചിക്കുകയും ചെയ്യുന്നവര്‍ക്ക് അതില്‍ തന്നെ മതിയായ തെളിവുകള്‍ ഉണ്ട്. എന്നാല്‍ ജിന്ന് ബാധയുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ തല്‍പ്പര കക്ഷികള്‍ ഉണ്ടാക്കി വെച്ചിട്ടുള്ള ആശയക്കുഴപ്പങ്ങള്‍ ധാരാളമാണ്.  ജിന്ന് ബാധയെന്നാല്‍ കേവല ദുര്‍ബോധനമാണെന്നും, മുഅമിനീങ്ങള്‍ക്ക് ജിന്ന് ബാധിക്കുകയില്ലെന്നും മറ്റുമൊക്കെ പ്രചരിപ്പിക്കുന്നവര്‍ നാട്ടിലുണ്ട്. അതിനാല്‍ ഈ വിഷയത്തിലുള്ള ഹദീസുകളും, അവ വിശദീകരിക്കവെ പണ്ഡിതന്മാര്‍ പറഞ്ഞതെന്തെന്നും ഈ ലേഖനത്തില്‍ വായിക്കാം.

നവോഥാനത്തിന്റെ പേരു പറഞ്ഞ്, ഖുര്‍ആനിനെയും ഹദീസിനെയും കുറിച്ചുള്ള അജ്ഞതയില്‍ നിന്നാണ് ജിന്ന്  ബാധിക്കുമെന്ന വിശ്വാസം ഉടലെടുത്തതെന്ന് പ്രചരിപ്പിക്കുമ്പോള്‍, ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ പരിഹസിച്ചു ചിരിക്കാവുന്നിടത്തോളം അജ്ഞതയുള്ളതെന്നും, ഇക്കാലമത്രയും ജീവിച്ചു മരണപ്പെട്ട പണ്ഡിതന്മാര്‍ ആരുടെ പക്ഷത്താണെന്നും മനസ്സിലാക്കുന്നതിന് ഇത് അനിവാര്യമാണ്. ബുദ്ധിയുടെ മേന്മ പറയുന്നവര്‍ക്ക് അവര്‍ നല്‍കിയ ബുദ്ധിപരമായ മറുപടികളും ഇതില്‍ വായിക്കാം. ഇത് ഈ വിഷയത്തിലെ മുഴുവന്‍ ഹദീസുകളുമല്ല. ചിലതു മാത്രം. ബാക്കിയുള്ളവ ഇനിയൊരു ലേഖനത്തില്‍ മറ്റൊരവസരത്തില്‍ നല്‍കാം. ഇന്‍ഷാ അല്ലാഹ്.

04 :

عَنْ أَبِي هُرَيْرَةَ، يَقُولُ: قَالَ رَسُولُ اللهِ -ﷺ- : « إِنَّ عِفْرِيتًا مِنَ الْجِنِّ جَعَلَ يَفْتِكُ عَلَيَّ الْبَارِحَةَ، لِيَقْطَعَ عَلَيَّ الصَّلَاةَ، وَإِنَّ اللهَ أَمْكَنَنِي مِنْهُ فَذَعَتُّهُ، فَلَقَدْ هَمَمْتُ أَنْ أَرْبِطَهُ إِلَى جَنْبِ سَارِيَةٍ مِنْ سَوَارِي الْمَسْجِدِ، حَتَّى تُصْبِحُوا تَنْظُرُونَ إِلَيْهِ أَجْمَعُونَ – أَوْ كُلُّكُمْ – ثُمَّ ذَكَرْتُ قَوْلَ أَخِي سُلَيْمَانَ: {رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لَا يَنْبَغِي لِأَحَدٍ مِنْ بَعْدِي}، فَرَدَّهُ اللَّهُ خَاسِئًا »

അബൂ ഹുറൈറ -ِرَضِيَ اللَّهُ عَنْهُ- ഉദ്ദരിക്കുന്ന ഹദീഥില്‍ നബി -ﷺ- പറഞ്ഞു: “ജിന്നില്‍ പെട്ട ഇഫ്രീത് എന്റെ നിസ്കാരം തടസ്സപ്പെടുത്തുന്നതിന് വേണ്ടി എന്നെ പിടികൂടാന്‍ വന്നു. എന്നാല്‍ അല്ലാഹു എനിക്ക് അവന്റെ മേല്‍ ശക്തി നല്‍കുകയും ഞാന്‍ അവനെ കീഴടക്കുകയും ചെയ്തു. നിങ്ങളെല്ലാവരും കാണത്തക്ക വിധം അവനെ പള്ളിയുടെ തൂണുകളിലൊന്നില്‍ കെട്ടിയിടണമെന്ന് ഞാന്‍ വിചാരിച്ചു.

അപ്പോള്‍ ഞാന്‍ എന്റെ സഹോദരന്‍ സുലൈമാന്‍-عَلَيْهِ السَّلَامُ-ന്റെ പ്രാര്‍ഥന ഓര്‍ത്തു: “എന്റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തുതരികയും എനിക്ക് ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ.” (സ്വാദ്: 35) അല്ലാഹു അവനെ (പിശാചിനെ) നിന്ദ്യനായി മടക്കി. (ബുഖാരി:461,1210,3423,4808, മുസ്‌ലിം:541)

عَنْ أَبِي الدَّرْدَاءِ، قَالَ: قَامَ رَسُولُ اللهِ -ﷺ- فَسَمِعْنَاهُ يَقُولُ: «أَعُوذُ بِاللهِ مِنْكَ» ثُمَّ قَالَ «أَلْعَنُكَ بِلَعْنَةِ اللهِ» ثَلَاثًا، وَبَسَطَ يَدَهُ كَأَنَّهُ يَتَنَاوَلُ شَيْئًا، فَلَمَّا فَرَغَ مِنَ الصَّلَاةِ قُلْنَا: يَا رَسُولَ اللهِ قَدْ سَمِعْنَاكَ تَقُولُ فِي الصَّلَاةِ شَيْئًا لَمْ نَسْمَعْكَ تَقُولُهُ قَبْلَ ذَلِكَ، وَرَأَيْنَاكَ بَسَطْتَ يَدَكَ، قَالَ: « إِنَّ عَدُوَّ اللهِ إِبْلِيسَ، جَاءَ بِشِهَابٍ مِنْ نَارٍ لِيَجْعَلَهُ فِي وَجْهِي، فَقُلْتُ: أَعُوذُ بِاللهِ مِنْكَ، ثَلَاثَ مَرَّاتٍ، ثُمَّ قُلْتُ: أَلْعَنُكَ بِلَعْنَةِ اللهِ التَّامَّةِ، فَلَمْ يَسْتَأْخِرْ، ثَلَاثَ مَرَّاتٍ، ثُمَّ أَرَدْتُ أَخْذَهُ، وَاللهِ لَوْلَا دَعْوَةُ أَخِينَا سُلَيْمَانَ لَأَصْبَحَ مُوثَقًا يَلْعَبُ بِهِ وِلْدَانُ أَهْلِ الْمَدِينَةِ »

അബുദ്ദര്‍ദാഅ് -ِرَضِيَ اللَّهُ عَنْهُ- ഉദ്ദരിക്കുന്ന ഹദീഥില്‍ ഈ സംഭവം കുറച്ചു കൂടി വ്യക്തമായി വന്നിട്ടുണ്ട്. അദ്ദേഹം പറയുന്നു: “നബി -ﷺ- നിസ്കരിച്ചു കൊണ്ടിരിക്കെ അവിടുന്ന് ‘നിന്നില്‍ നിന്ന് ഞാന്‍ ശരണം തേടുന്നു’ എന്ന് പറയുന്നത് ഞങ്ങള്‍ കേട്ടു. പിന്നീട് ‘അല്ലാഹുവിന്റെ ശാപം കൊണ്ട് നിന്നെ ഞാന്‍ ശപിക്കുന്നു’ എന്ന് അവിടുന്ന് മൂന്ന് തവണ പറയുകയും, തന്റെ കൈ എന്തിനെയോ പിടിക്കാനെന്ന വണ്ണം നീട്ടുകയും ചെയ്തു.

നിസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! മുന്‍പ് താങ്കള്‍ പറയുന്നതായി ഞങ്ങള്‍ കേട്ടിട്ടില്ലാത്ത ചിലത് ഈ നിസ്കാരത്തില്‍ താങ്കള്‍ പറയുന്നതും അങ്ങയുടെ കൈ നീട്ടുന്നതും ഞങ്ങള്‍ കണ്ടുവല്ലോ?”

നബി -ﷺ- പറഞ്ഞു: “എന്റെ മുഖത്ത് അഗ്നിയുടെ ഒരു കൊള്ളി ഇടുവാന്‍ വേണ്ടി അല്ലാഹുവിന്റെ ശത്രുവായ ഇബ്ലീസ് വന്നു. അപ്പോള്‍ ഞാന്‍ ‘നിന്നില്‍ നിന്ന് അല്ലാഹുവിനോട് ഞാന്‍ ശരണം തേടുന്നുവെന്ന് മൂന്ന് തവണ പറഞ്ഞു. ശേഷം ‘അല്ലാഹുവിന്റെ പൂര്‍ണമായ ശാപം കൊണ്ട് നിന്നെ ഞാന്‍ ശപിക്കുന്നു’ എന്ന് മൂന്ന് തവണ പറഞ്ഞു.

പക്ഷേ അവന്‍ പിന്മാറിയില്ല. പിന്നീട് ഞാന്‍ അവനെ പിടികൂടാന്‍ ഉദ്ദേശിച്ചു. എന്റെ സഹോദരന്‍ സുലൈമാന്‍-عَلَيْهِ السَّلَامُ-യുടെ പ്രാര്‍ഥനയില്ലായിരുന്നെങ്കില്‍ മദീനയിലെ കുട്ടികള്‍ക്ക് കളിക്കാന്‍ പാകത്തില്‍ അവന്‍ കെട്ടപ്പെടുമായിരുന്നു.” (മുസ്‌ലിം: 542.)

‘പിശാച് കേവലം വസ്വാസ് മാത്രമേ ഉണ്ടാക്കൂ, ഇനി വല്ല ഒറ്റപ്പെട്ട (!) ശാരീരികമായ ഉപദ്രവവും പിശാചില്‍ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ അത് മുവഹ്ഹിദുകളെ ബാധിക്കുന്ന പ്രശ്നമേയല്ല’ എന്നിങ്ങനെ പ്രചരിപ്പിച്ച് പിശാചിനുള്ള വഴി എളുപ്പമാക്കി നല്‍കുന്ന അവന്റെ കൂട്ടാളികള്‍ക്കുള്ള മറുപടി മേലെ കൊടുത്ത ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചഹദീസിലുണ്ട്.

സൃഷ്ടികളില്‍ ഉത്തമനായ നബി-ﷺ-യെ കേവലം വസ്വാസ് നടത്താനല്ല ഇഫ്രീത് വര്‍ഗത്തില്‍ പെട്ട ആ ജിന്ന് മുതിര്‍ന്നത് എന്നതില്‍ നിന്ന് അവിടുത്തെക്കാള്‍ താഴെയുള്ളവര്‍ക്ക് ഇത്തരം ഉപദ്രവങ്ങള്‍ സംഭവിക്കില്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാണ്.

05 :

عَنْ أَبِي الْعَلَاءِ، أَنَّ عُثْمَانَ بْنَ أَبِي الْعَاصِ، أَتَى النَّبِيَّ -ﷺ-، فَقَالَ: يَا رَسُولَ اللهِ إِنَّ الشَّيْطَانَ قَدْ حَالَ بَيْنِي وَبَيْنَ صَلَاتِي وَقِرَاءَتِي يَلْبِسُهَا عَلَيَّ، فَقَالَ رَسُولُ اللهِ -ﷺ-: «ذَاكَ شَيْطَانٌ يُقَالُ لَهُ خَنْزَبٌ، فَإِذَا أَحْسَسْتَهُ فَتَعَوَّذْ بِاللهِ مِنْهُ، وَاتْفِلْ عَلَى يَسَارِكَ ثَلَاثًا» قَالَ: فَفَعَلْتُ ذَلِكَ فَأَذْهَبَهُ اللهُ عَنِّي.

ഉഥ്മാനു ബ്നു അബില്‍ ആസ് -ِرَضِيَ اللَّهُ عَنْهُ- പറയുന്നു: “അദ്ദേഹം നബി-ﷺ-യോട് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! പിശാച് എനിക്കും എന്റെ നിസ്കാരത്തിനും ഖുര്‍ആന്‍ പാരായണത്തിനുമിടയില്‍ മറയിട്ടിരിക്കുന്നു. (എന്റെ ഖുര്‍ആന്‍ പാരായണത്തില്‍) അവന്‍ സംശയമുണ്ടാക്കുകയും ചെയ്യുന്നു.”

അപ്പോള്‍ നബി -ﷺ- പറഞ്ഞു: “ഖിന്‍സബ് എന്ന് പേരുള്ള ഒരു ശ്വയ്ത്വാനാകുന്നു അത്. നിനക്ക് അത് അനുഭവപ്പെട്ടാല്‍ നീ അല്ലാഹുവിനോട് അവനില്‍ നിന്ന് ശരണം തേടുകയും, നിന്റെ ഇടതു ഭാഗത്തേക്ക് മൂന്നു തവണ (ചെറുതായി) തുപ്പുകയും ചെയ്യുക.” ഉഥ്മാന്‍ -ِرَضِيَ اللَّهُ عَنْهُ- പറയുന്നു: “ഞാന്‍ അപ്രകാരം ചെയ്തപ്പോള്‍ അല്ലാഹു അവനെ എന്നില്‍ നിന്ന് അകറ്റി.” (മുസ്‌ലിം:2203)

ഇമാം നവവി -رَحِمَهُ اللَّهُ- പറയുന്നു: “എനിക്കും നിസ്കാരത്തിനുമിടയില്‍ മറയിടുന്നു” എന്ന് പറഞ്ഞതിന്റെ ഉദ്ദേശം എന്നെ നിസ്കാരത്തില്‍ നിന്ന് തടയുകയും, അതിന്റെ ആസ്വാദനം ഇല്ലാതാക്കുകയും, നിസ്കാരത്തിലെ ഭയഭക്തി ഇല്ലാതാക്കുകയും ചെയ്തു എന്നാണ്.” (ശര്‍ഹുന്നവവി:14/190.)

06 :

عَنْ صَفِيَّةَ بِنْتِ حُيَيٍّ، قَالَتْ: كَانَ النَّبِيُّ -ﷺ- مُعْتَكِفًا، فَأَتَيْتُهُ أَزُورُهُ لَيْلًا، فَحَدَّثْتُهُ، ثُمَّ قُمْتُ لِأَنْقَلِبَ، فَقَامَ مَعِيَ لِيَقْلِبَنِي، وَكَانَ مَسْكَنُهَا فِي دَارِ أُسَامَةَ بْنِ زَيْدٍ، فَمَرَّ رَجُلَانِ مِنَ الْأَنْصَارِ، فَلَمَّا رَأَيَا النَّبِيَّ -ﷺ- أَسْرَعَا، فَقَالَ النَّبِيُّ -ﷺ- : «عَلَى رِسْلِكُمَا، إِنَّهَا صَفِيَّةُ بِنْتُ حُيَيٍّ» فَقَالَا: سُبْحَانَ اللهِ يَا رَسُولَ اللهِ، قَالَ: «إِنَّ الشَّيْطَانَ يَجْرِي مِنَ الْإِنْسَانِ مَجْرَى الدَّمِ، وَإِنِّي خَشِيتُ أَنْ يَقْذِفَ فِي قُلُوبِكُمَا شَرًّا» أَوْ قَالَ «شَيْئًا»

സഫിയ്യ ബിന്‍ത് ഹുയയ്യ് -ِرَضِيَ اللَّهُ عَنْها- പറയുന്നു: “നബി -ﷺ- ഇഅ്തികാഫിലായിരിക്കെ ഒരു രാത്രി അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വേണ്ടി ഞാന്‍ പോയി. അവിടുത്തോട് സംസാരിച്ചതിന് ശേഷം തിരിച്ചു പോകാനായി ഞാന്‍ എഴുന്നേറ്റു, അപ്പോള്‍ എന്നെ വീട്ടില്‍ തിരിച്ചെത്തിക്കാന്‍ വേണ്ടി നബി-ﷺ-യും എന്നോടൊപ്പം എഴുന്നേറ്റു.”

സഫിയ്യ താമസിച്ചിരുന്നത് ഉസാമത്ത് ബ്നു സൈദിന്റെ വീട്ടിലായിരുന്നു. (പില്‍ക്കാലത്ത് ഉസാമത്ത് ബ്നു സൈദിന്‍റേതായിത്തീര്‍ന്ന വീടാണ് ഉദ്ദേശം. കാരണം ഈ സംഭവം നടക്കുന്ന സമയത്ത് ഉസാമക്ക് സ്വന്തമായി വീടില്ലായിരുന്നു. (ഫത്ഹുല്‍ ബാരി:4/279)

അപ്പോള്‍ അന്‍സ്വാരികളില്‍ പെട്ട രണ്ട് പേര്‍ (ഞങ്ങളുടെ അടുത്തു കൂടെ) നടന്നു പോയി. നബി -ﷺ- അവരെ കണ്ടപ്പോള്‍ വേഗത്തില്‍ (അവരുടെ അടുത്തേക്ക്) നടന്നു.

ശേഷം നബി -ﷺ- പറഞ്ഞു: “നില്‍ക്കൂ! അത് സഫിയ്യ ബിന്‍ത് ഹുയയ്യ് ആണ്.” അപ്പോള്‍ അവര്‍ പറഞ്ഞു: “സുബ്ഹാനല്ലാഹ്! അല്ലാഹുവിന്റെ റസൂലേ!” (അവര്‍ പറഞ്ഞു : “അല്ലാഹുവിന്റെ റസൂലേ! അങ്ങയെ കുറിച്ച് ഞങ്ങള്‍ നല്ലതല്ലാതെ വിചാരിക്കുമോ?” (ഫത്ഹ്:4/279)

അപ്പോള്‍ നബി -ﷺ- പറഞ്ഞു: “നിശ്ചയമായും പിശാച് മനുഷ്യന്റെ രക്തം സഞ്ചരിക്കുന്നിടത്തെല്ലാം സഞ്ചരിക്കും, (ഇമാം ശാഫിഈ -رَحِمَهُ اللَّهُ- പറഞ്ഞു: “നബി-ﷺ-യെ സംബന്ധിച്ച് മോശം വിചാരം മനസ്സില്‍ ഉണ്ടാവുക വഴി അവര്‍ കുഫ്റില്‍ വീണു പോകുമോ എന്ന് ഭയന്നതു കൊണ്ടാണ് നബി -ﷺ- അപ്രകാരം പറഞ്ഞത്. അവരോടുള്ള ഗുണകാംക്ഷ കൊണ്ടും, പിശാച് അവരെ നശിപ്പിച്ചു കളയാന്‍ മാത്രം എന്തെങ്കിലും അവരുടെ മനസ്സില്‍ ഇട്ടു കൊടുക്കുന്നത് തടയാനും വേണ്ടിയാണ് അവിടുന്ന് ഇപ്രകാരം ധൃതിപ്പെട്ടത്.” (ഫത്ഹ്:4/280) നിങ്ങളുടെ മനസ്സില്‍ അവന്‍ എന്തെങ്കിലും തിന്മ ഇട്ടുതരുമോ എന്ന് ഞാന്‍ ഭയന്നു.” (ബുഖാരി: 3281, മുസ്‌ലിം: 2175)

മഹാന്മാരായ പണ്ഡിതന്മാര്‍ പലരും ഈ ഹദീഥ് പിശാച് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കും എന്നതിന് തെളിവാക്കിയിട്ടുണ്ട്. (ബുര്‍ഹാനുശ്ശര്‍അ്: 142, മജ്മൂഉല്‍ ഫതാവ: 24/ 276-277)

ഇമാം ഖുര്‍ത്വുബി -رَحِمَهُ اللَّهُ- ഈ ഹദീഥ് ഉദ്ദരിച്ചതിന് ശേഷം പറഞ്ഞു: “ജനങ്ങളില്‍ ധാരാളം പേര്‍ ഈ ഹദീഥ് നിഷേധിച്ചിട്ടുണ്ട്. ഒരു ശരീരത്തില്‍ രണ്ട് ആത്മാക്കള്‍ ഉണ്ടാകുന്നത് അസംഭവ്യമാണെന്നതാണ് അവര്‍ അതിന് കാരണം പറയുന്നത്. എന്നാല്‍ ജിന്നുകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുമെന്നത് ബുദ്ധിക്ക് എതിരല്ല… മനുഷ്യന്‍ ജീവനോടെയിരിക്കുമ്പോള്‍ പുഴുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാറുണ്ടല്ലോ?” (തഫ്സീറുല്‍ ഖുര്‍ത്വുബി:2/50)

“പിശാച് നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും തിന്മ ഇടുമോ എന്ന് ഞാന്‍ ഭയന്നു” എന്ന നബി-ﷺ-യുടെ വാക്കിന്റെ അടിസ്ഥാനത്തില്‍ ഈ ഹദീഥ് കൊണ്ടുദ്ദേശം വസ്വാസ് മാത്രമാണെന്ന് ചിലര്‍ വാദിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ഇബ്‌നു ഹജര്‍ -رَحِمَهُ اللَّهُ- ‘ബദ്ലുല്‍ മാഊന്‍’ (പേ:151) എന്ന തന്റെ ഗ്രന്ഥത്തില്‍ അവര്‍ക്ക് നല്‍കിയ മറുപടി ‘ബുര്‍ഹാനുശ്ശര്‍അ്..” (പേ:142) എന്ന പുസ്തകത്തില്‍ ഉദ്ദരിച്ചത് ഇപ്രകാരം വായിക്കാം: “നബി -ﷺ- ഈ വാക്കുകള്‍ പറഞ്ഞ സാഹചര്യത്തില്‍ അവിടെ ഉദ്ദേശിക്കപ്പെട്ടത് വസ്വാസ് മാത്രമാണെങ്കിലും, ഞാന്‍ നേരത്തെ സൂചിപ്പിച്ചതിന് ഈ ഹദീഥ് തെളിവ് തന്നെയാണ്. ജിന്ന് മനുഷ്യ ശരീരത്തില്‍ ബാധിച്ച സംഭവങ്ങള്‍ ധാരാളം ഉണ്ട്.”

ഇബ്‌നു ഹജറിന്റെ പ്രസ്തുത പുസ്തകത്തിലെ രണ്ടാം അധ്യായത്തിലെ ഈ ഉദ്ദരണി ഉള്‍ക്കൊള്ളുന്ന ആറാം ഭാഗത്തിന് അദ്ദേഹം കൊടുത്ത തലക്കെട്ട് ഇപ്രകാരമാണ്: “മാനസികവ്യഥ ഉണ്ടാക്കുക എന്നതിനപ്പുറം ചില സന്ദര്‍ഭങ്ങളില്‍ പിശാച് മനുഷ്യന്റെ മേല്‍ അധികാരമേറ്റെടുക്കും എന്നതിനുള്ള തെളിവുകള്‍.”

07 :

عَنْ أَبِي اليَسِيرِ قَالَ : كَانَ رَسُولُ اللَّهِ -ﷺ- يَقُولُ : « اللهم إِنِّي أَعُوذُ بِكَ مِنَ التَّرَدِّي وَالهَدْمِ، وَالغَرْقِ وَالحَرِيقِ، وَأَعُوذُ بِكَ أَنْ يَتَخَبَّطَنِيَ الشَّيْطَانُ عِنْدَ المَوْتِ، وَأَعُوذُ بِكَ أَنْ أَمُوتَ فِي سَبِيلِكَ مُدْبِراً، وَأَعُوذُ بِكَ أَنْ أَمُوتَ لَدِيغاً »

നബി -ﷺ- ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു: “അല്ലാഹുവേ! ഉയരത്തില്‍ നിന്ന് വീണുള്ള മരണത്തില്‍ നിന്നും, (കെട്ടിടം) തകര്‍ന്നു വീണുള്ള മരണത്തില്‍ നിന്നും, മുങ്ങി മരിക്കുന്നതില്‍ നിന്നും, തീ പിടിച്ചു മരിക്കുന്നതില്‍ നിന്നും ഞാന്‍ നിന്നെ കൊണ്ട് ശരണം തേടുന്നു. മരണവേളയില്‍ പിശാച് എന്നെ ഉപദ്രവിക്കുന്നതില്‍ നിന്നും (തഖബ്ബുത്) ഞാന്‍ നിന്നെ കൊണ്ട് ശരണം തേടുന്നു.

നിന്റെ മാര്‍ഗത്തില്‍ (യുദ്ധം ചെയ്യുന്ന വേളയില്‍) പിന്തിരിഞ്ഞോടവേ മരണപ്പെടുന്നതില്‍ നിന്നും ഞാന്‍ നിന്നെ കൊണ്ട് ശരണം തേടുന്നു. വിഷമേറ്റുള്ള മരണത്തില്‍ നിന്നും നിന്നെ കൊണ്ട് ഞാന്‍ ശരണം തേടുന്നു.” (അബൂദാവൂദ്:1552, നസാഈ:8/282, ത്വബ്റാനി മുഅ്ജമുല്‍ കബീറില്‍:19/152, ഹാകിം:1/531, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

പിശാച് ശാരീരികോപദ്രവമുണ്ടാക്കുമെന്നതിന് ഈ ഹദീഥ് കൊണ്ട് ഇമാം ഖുര്‍ത്വുബി -رَحِمَهُ اللَّهُ- തെളിവ് പിടിച്ചിട്ടുണ്ട്. (തഫ്സീറുല്‍ ഇമാം ഖുര്‍ത്വുബി:4/392) ഈ ഹദീഥില്‍ പറഞ്ഞ ‘തഖബ്ബുത്’ കൊണ്ടുദ്ദേശം മരണവേളയിലുള്ള വ്യക്തിയെ പിശാച് പരാജയപ്പെടുത്തുക എന്നാണെന്ന് ഇബ്‌നു മന്‍ദൂര്‍ -رَحِمَهُ اللَّهُ- പറഞ്ഞിട്ടുണ്ട്. (ലിസാനുല്‍ അറബ്:7/280)

08 :

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ: قَالَ رَسُولُ اللهِ -ﷺ-: «إِذَا تَثَاءَبَ أَحَدُكُمْ، فَلْيُمْسِكْ بِيَدِهِ عَلَى فِيهِ، فَإِنَّ الشَّيْطَانَ يَدْخُلُ»

നബി -ﷺ- പറഞ്ഞു: “നിങ്ങളിലൊരാള്‍ക്ക് കോട്ടുവായ വന്നാല്‍ അവന്‍ തന്റെ കൈ കൊണ്ട് അവന്റെ വായ പൊത്തിപ്പിടിക്കട്ടെ. തീര്‍ച്ചയായും പിശാച് (അതിലൂടെ) പ്രവേശിക്കും.” (മുസ്‌ലിം:2995)

ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: “പണ്ഡിതന്മാര്‍ പറഞ്ഞു: “കോട്ടുവായ അടക്കി നിര്‍ത്താനും പിടിച്ചു വെക്കാനും, കൈ വായയുടെ മീതെ വെക്കാനും അവിടുന്ന് കല്‍പ്പിച്ചു. കോട്ടുവായ ഇടുന്നവന്റെ രൂപം വികൃതമാക്കുകയും, അവന്റെ വായില്‍ പ്രവേശിക്കുകയും, അവനെ പരിഹസിച്ച് ചിരിക്കുകയും ചെയ്യുക എന്ന പിശാചിന്റെ ലക്ഷ്യം സാധിക്കാതിരിക്കാന്‍ വേണ്ടിയാണ് നബി -ﷺ- അപ്രകാരം പറഞ്ഞത്. അല്ലാഹു അഅ്ലം.” (ശര്‍ഹുന്നവവി:5/842.)

‘പിശാച് പ്രവേശിക്കും’ എന്ന് നബി -ﷺ- പറഞ്ഞത് അതിന്റെ യഥാര്‍ഥ അര്‍ഥത്തിലോ, പിശാച് അവന്റെ മേല്‍ അധികാരം ഏറ്റെടുക്കും എന്ന ഉദ്ദേശത്തിലോ ആണെന്നാണ് ഹാഫിദ് ഇബ്‌നു ഹജര്‍-رَحِمَهُ اللَّهُ-യുടെ അഭിപ്രായം.   രണ്ട് അര്‍ഥമാണെങ്കിലും പിശാചിന് മനുഷ്യരെ വസ്വാസിനും അപ്പുറത്ത് ഉപദ്രവമേല്‍പ്പിക്കാന്‍ സാധിക്കുമെന്നതിന് ഈ ഹദീഥ് വ്യക്തമായ തെളിവ് തന്നെയാണ്.

ഇബ്‌നു ഹജര്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “ഹദീഥില്‍ പറഞ്ഞ (പിശാചിന്റെ പ്രവേശനം) കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അതിന്റെ യഥാര്‍ഥ അര്‍ഥം തന്നെയാകാന്‍ സാധ്യതയുണ്ട്, പിശാചിന് മനുഷ്യ രക്തം സഞ്ചരിക്കുന്നിടത്തു കൂടെ എല്ലാം സഞ്ചരിക്കാമെങ്കിലും അവന്‍ അല്ലാഹുവിനെ സ്മരിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ അതിന് സാധിക്കുകയില്ല. എന്നാല്‍ കോട്ടുവായിടുന്നവന്‍ അല്ലാഹുവിനെ സ്മരിക്കുന്ന സ്ഥിതിയിലല്ലാത്തതു കൊണ്ട് ആ സന്ദര്‍ഭത്തില്‍ അവന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധിക്കും.

‘പിശാച് പ്രവേശിക്കും’ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അവന്റെ മേല്‍ അധികാരം ഏറ്റെടുക്കും എന്നാകാനും സാധ്യതയുണ്ട്. കാരണം ഏതെങ്കിലും ഒന്നില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതിന്റെ അധികാരം ഏറ്റെടുക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്.” (ഫത്ഹുല്‍ ബാരി ഇബ്‌നു ബാസിന്റെ തഅ്ലീഖോടെ:10/612.)

(ഈ വിഷയത്തില്‍ വന്ന മറ്റു ചില ഹദീസുകളും അതിന്റെ വിശദീകരണത്തില്‍ ആഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ വിശദീകരിച്ചതും അടുത്ത ലക്കത്തില്‍. ഇന്‍ഷാ അല്ലാഹ്.)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment