സിഹ്റുമായി ബന്ധപ്പെട്ട നമ്മുടെ ചര്‍ച്ചയില്‍ ഏറെ പ്രധാനപ്പെട്ടതും, ഗൗരവമുള്ളതുമായ വിഷയമാണ് ജിന്ന് ബാധ. മതവുമായി ബന്ധപ്പെട്ട അനേകം വിഷയങ്ങളില്‍ മുസ്ലിം ഉമ്മത്തില്‍ പെട്ട പിഴച്ച കക്ഷികള്‍ അതിരു കവിയുകയോ, അലംബാവം കാണിക്കുകയോ ചെയ്തിട്ടുള്ളതു പോലെ ഈ വിഷയത്തിലും ചില കക്ഷികള്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ട്.
ഇമാം അല്‍ബാനി -رَحِمَهُ اللَّهُ- പറയുന്നത് നോക്കുക : “മനുഷ്യശരീരത്തില്‍ പിശാച് ബാധിക്കുമെന്നും, അവന് ഉപദ്രവങ്ങള്‍ ഉണ്ടാക്കുമെന്നും, അവനെ മറിച്ചു വീഴ്ത്തുമെന്നുമുള്ള വിശ്വാസത്തെ ചില ആധുനികര്‍ നിഷേധിച്ചിട്ടുണ്ട്… വേറെ ചിലര്‍ ഈ ശരിയായ വിശ്വാസത്തെ ദുരുപയോഗം ചെയ്യുകയും, അതിലേക്ക് പലതും കൂട്ടിച്ചേര്‍ക്കുകയും, നിഷേധികള്‍ക്ക് (പിടിച്ചു നില്‍ക്കാനുള്ള ന്യായമുണ്ടാക്കിക്കൊടുത്ത്) അവരെ സഹായിക്കുകയും ചെയ്തു.
ജനങ്ങളെ തങ്ങള്‍ക്ക് ചുറ്റും ഒരുമിച്ചു കൂട്ടാനും, അവരെ ബാധിച്ചിട്ടുള്ള ജിന്നിനെ ഒഴിപ്പിച്ചു കൊടുക്കുമെന്ന് വാഗ്ദാനം നല്കി, ജനങ്ങളുടെ സമ്പാദ്യം അന്യായമായി ഭക്ഷിക്കാനുള്ള ഒരു ജോലിയായി അവരതിനെ സ്വീകരിച്ചിരിക്കുന്നു. അവരില്‍ ചിലര്‍ (ഇതു കൊണ്ട്) വലിയ സമ്പന്നരാകുന്നത് വരെ കാര്യങ്ങളെത്തിയിരിക്കുന്നു. എന്നാല്‍ സത്യം ഈ കപടന്മാര്‍ക്കും മുന്‍പ് പറഞ്ഞ നിഷേധികള്ക്കുമിടയിലാണ്.” (തഹ്രീമു ആലാതിത്ത്വര്ബ്: 166)
ജിന്ന്ബാധ എന്ന വിഷയത്തില്‍ കേരളത്തില്‍ സംഭവിച്ചതിന്റെ നേര്‍ചിത്രം തന്നെയാണ് ശൈഖ് അല്‍ബാനി-رَحِمَهُ اللَّهُ-യുടെ വാക്കുകളില്‍ കാണാന്‍ സാധിക്കുന്നത്. എന്തൊരു രോഗം വന്നാലും അതെല്ലാം ജിന്ന് ബാധയാണെന്ന് ഉറപ്പിച്ച്, ഭൗതികചികിത്സ നിഷിദ്ധമാണെന്ന് ധരിച്ച്, തങ്ങന്മാരുടെയും ബീവിമാരുടെയും വാലില്‍ തൂങ്ങി നടക്കുന്ന വലിയ വിഭാഗം വരുന്ന അന്ധവിശ്വാസികള്‍ ഒരു ഭാഗത്ത്.
അവരെ ചൂണ്ടി പരിഹസിച്ച്, ജിന്ന് ബാധയെ തന്നെ നിഷേധിക്കുകയും, അതിനെ സ്ഥിരപ്പെടുത്തുന്ന ആയത്തുകളെയും ഹദീഥുകളെയും ദുര്‍വ്യാഖ്യാനിക്കുകയോ നിഷേധിക്കുകയോ ദുര്‍ബലമാക്കുകയോ ചെയ്യുന്ന ആധുനികന്മാര് മറ്റൊരു ഭാഗത്ത്.
സത്യത്തിന്റെ വക്താക്കള്‍ ഈ രംഗത്ത് നടക്കുന്ന ചൂഷണങ്ങളെ എതിര്‍ത്താല്‍ പുരോഹിത വര്‍ഗം പറയും – “നിങ്ങള്‍ക്ക് ജിന്നില്‍ തന്നെ വിശ്വാസമില്ല!!”. ഈ വിഷയത്തില്‍ വന്ന സ്വഹീഹായ ഹദീഥുകള്‍ ജനങ്ങളെ ഓര്‍മ്മപ്പെടുത്തിയാല്‍ ആധുനിക ബുദ്ധിപൂജകര് പറയും – “നിങ്ങള്‍ അന്ധവിശ്വാസത്തിലേക്ക് പിന്‍വിളി നടത്തുന്നവരാണ്!”.
അല്ലാഹുവില്‍ ശരണം!
ജിന്ന് ബാധയെന്നത് ഖുര്‍ആന്‍ കൊണ്ടും ഹദീഥ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. ആ രംഗത്ത് ചൂഷണം നടക്കുന്നുണ്ടെന്നതോ, അതിനെ സ്ഥിരീകരിക്കുന്നത് നമ്മെ ‘നവോഥാന ധ്വംസകര്’ എന്ന് വിളിക്കാന്‍ കാരണമാകുമെന്നതോ സത്യം മൂടിവെക്കാനുള്ള ന്യായമല്ല. ഇത് പ്രബോധന രംഗത്ത് നിന്ന് മാറ്റി നിര്‍ത്തേണ്ട ഒരു വിഷയമാണെന്നത് യഥാര്‍ഥത്തില്‍ പുത്തന്വാദമാണ്. എന്താണ് ജിന്ന് ബാധയും, അതിന്റെ പിന്നിലുള്ള യാഥാര്‍ഥ്യങ്ങളും എന്നറിയേണ്ടത് ഇക്കാലത്ത് തൗഹീദീ പ്രബോധകന്റെ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു.
അറബിയില്‍ ജിന്ന്ബാധയെ സൂചിപ്പിക്കുന്നതിനായി ‘സ്വര്അ്’, ‘മസ്സ്’ എന്നിങ്ങനെ രണ്ട് പദങ്ങള്‍ ഉപയോഗിക്കാറുണ്ട്.
അബ്ദുല്ലാഹി ബ്നു മുഹമ്മദ് അത്ത്വയ്യാര് പറയുന്നു : “മനുഷ്യ ശരീരത്തിന്റെ പുറത്ത് നിന്നോ ഉള്ളില്‍ നിന്നോ, അകത്തും പുറത്തും ഒരുമിച്ച് നിന്ന് കൊണ്ടോ (അവനെ) ജിന്ന് ഉപദ്രവിക്കുന്നതിനാണ് ‘മസ്സ്’ എന്ന് പറയുക. സ്വര്അ് എന്നതിനെക്കാള്‍ വിശാലമായ അര്‍ഥമാണ് ‘മസ്സി’നുള്ളത്.” (ഫത്ഹുല്‍ ഹഖില്‍ മുബീന് ഫീ ഇലാജിസ്സര്ഇ വസ്സിഹ്രി വല്‍ അയ്ന്:161)
ഇബ്നു മന്ദൂര് -رَحِمَهُ اللَّهُ- പറയുന്നു : “ഭൂമിയില്‍ മറിഞ്ഞു വീഴുക എന്നാണ് ‘സ്വര്അ്’ എന്ന പദത്തിന്റെ അര്‍ഥം. എല്ലാവര്ക്കും അറിയുന്ന ഒരു രോഗമാണത്. ഭ്രാന്തനെ ‘സ്വരീഅ്’ എന്ന് പറയാറുണ്ട്.” (ലിസാനുല്‍ അറബ്:8/197)
ഇബ്നു സീന പറയുന്നു : “ശരീരാവയവങ്ങളുടെ ചലനം, സ്പര്‍ശനം എന്നിവ ഭാഗികമായി തടയുന്ന രോഗമാണ് (സ്വര്അ്).” (അല്‍-ഖാനൂന്‍ ഫിത്ത്വിബ്ബ്:2/76)
അബ്ദുറസാഖ് അന്നൗഫല് പറയുന്നു : “മനുഷ്യന്റെ ബുദ്ധിയെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ‘സ്വര്അ്’. ഇത് ബാധിച്ചയാള്‍ക്ക് താന്‍ പറയുന്നത് എന്താണെന്ന് തിരിച്ചറിയാനോ, മുന്‍പ് പറഞ്ഞതും ഇനി പറയാന്‍ പോകുന്നതുമായ കാര്യങ്ങള്‍ തമ്മില്‍ ശരിയായി ബന്ധിപ്പിക്കാനോ സാധിക്കില്ല. ഇത്തരക്കാര്‍ക്ക് ഓര്‍മ്മശക്തി നഷ്ടപ്പെടാറുണ്ട്. രോഗബാധിതനായ വ്യക്തിയുടെ ചലനങ്ങള്‍ക്കും പ്രശ്നമുണ്ടാകും; ശരീരചലനങ്ങളില്‍ നിയന്ത്രണം കൊണ്ടു വരാനോ കൃത്യമായ ചുവടുകള്‍ വെക്കാനോ അയാള്‍ക്ക് കഴിയില്ല.” (ആലമുല്‍ ജിന്നി വല്‍ മലാഇക:76-77)
സ്വര്അ് എന്ന പദം അപസ്മാരം എന്ന അര്‍ഥത്തിലും ഉപയോഗിക്കപ്പെടാറുണ്ട്. സ്വര്അ് രണ്ട് രൂപത്തിലുണ്ട്.
ഇമാം ഇബ്നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറയുന്നു : “സ്വര്അ് രണ്ട് രൂപത്തിലുണ്ട്. പൈശാചിക ബാധ മൂലമുണ്ടാകുന്നതും, ശാരീരിക പ്രശ്നങ്ങള്‍ കാരണത്താലുണ്ടാകുന്നതും.
രണ്ടാമത് പറഞ്ഞ രോഗത്തെ സംബന്ധിച്ചാണ് ഡോക്ടര്‍മാര്‍ പഠനവിധേയമാക്കുന്നതും, രോഗകാരണവും പ്രതിവിധികളും നിശ്ചയിക്കുന്നതും. പൈശാചിക ബാധ മൂലമുണ്ടാകുന്ന ‘സ്വര്അ്’ വൈദ്യശാസ്ത്രത്തിലെ വിദഗ്ധര്‍ അംഗീകരിച്ചിട്ടുണ്ട്. അതിന്റെ ചികിത്സ മതരംഗത്തുള്ളവരെ കൊണ്ടാണ് കഴിയുക എന്നതും അവരില്‍ പലരും സമ്മതിച്ചിട്ടുണ്ട്.
ശാരീരിക പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന ‘സ്വര്ഇ’നുള്ള ചികിത്സാ വിധികള്‍ ചിലത് നിര്‍ദേശിച്ച ശേഷം (വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന) ബുക്വ്റാത്വ് പറഞ്ഞു: “ഇതെല്ലാം ശാരീരികമായ പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന ‘സ്വര്ഇ’ന്റെ ചികിത്സയില്‍ മാത്രമേ ഉപകാരപ്പെടുകയുള്ളൂ. എന്നാല്‍ പൈശാചിക ബാധ മൂലമുണ്ടാകുന്ന സ്വര്ഇന് ഈ ചികിത്സ ഉപകാരപ്പെടുകയില്ല.”
(ഇബ്നുല്‍ ഖയ്യിം തുടരുന്നു:) എന്നാല്‍ വൈദ്യശാസ്ത്ര രംഗത്തുള്ള വിവരദോഷികളും, നിരീശ്വര ചിന്താഗതിയുള്ളവരും ഇതിനെ നിഷേധിക്കാറുണ്ട്. അവരുടെയടുക്കല്‍ അജ്ഞതയല്ലാതെ (തെളിവ്) ഇല്ല. മാത്രവുമല്ല, ഈ രോഗത്തെ തടയുവാനുള്ള ചികിത്സാവഴികള് വൈദ്യശാസ്ത്രത്തിലും നിലവിലില്ല. അവരുടെ അടുക്കലുള്ള ചികിത്സാ സമ്പ്രദായങ്ങളാകട്ടെ, സ്വര്ഇന്റെ എല്ലാ ഇനത്തിലും ഫലിക്കുകയില്ല…
നിരീശ്വരവാദികളായ വൈദ്യശാസ്ത്രജ്ഞന്മാര് ശാരീരിക കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ‘സ്വര്അ്’ മാത്രമേ അംഗീകരിക്കുകയുള്ളൂ. കേവല ബുദ്ധിയും ജിന്നുകളെ പറ്റി വിവരവുമുള്ള ഏതൊരാളും ഇത്തരക്കാരുടെ അറിവില്ലായ്മയും വിഢിത്തവും ചിരിച്ചു തള്ളുകയാണ് ചെയ്യുക.” (സാദുല്‍ മആദ്: 4/66-70. ആശയവിവര്‍ത്തനം)
നമ്മുടെ നാട്ടിലുള്ള പലരും പിശാച് ബാധയെയും, പൈശാചിക ഉപദ്രവങ്ങളെയും വസ്വാസില് ഒതുക്കി നിര്‍ത്താനും, അതിനപ്പുറത്തുള്ള ഉപദ്രവങ്ങള്‍ പിശാചിന് സാധിക്കില്ലെന്നോ, മുവഹ്ഹിദിനെ പിശാച് ഉപദ്രവിക്കുകയില്ലെന്നോ ഉള്ള പ്രചാരണങ്ങള്‍ നടത്താന്‍ വ്യാപകമായി പരിശ്രമിച്ചിട്ടുണ്ട്.
പിഴച്ച കക്ഷികളില്‍ പെട്ട മുഅ്തസലികളും അവരുടെ നേതാക്കന്മാരായ അലി അല്‍-ജുബ്ബാഈ, റാസി, സമഖ്ഷരി പോലുള്ളവരും, റാഫിദികളില് പെട്ട ചില കക്ഷികളുമാണ് യഥാര്‍ഥത്തില്‍ ഈ വിശ്വാസത്തെ നിഷേധിച്ചവരായുള്ളൂ. (അഹ്കാമുറുഖാ വത്തമാഇം:113, ബുര്ഹാനുശ്ശര്ഇ ഫീ ഇഥ്ബാതില് മസ്സിവസ്സര്അ്:8)
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- പറയുന്നു : “ജിന്നിന്റെ അസ്തിത്വം ഖുര്‍ആനും ഹദീഥും കൊണ്ടും, ഈ ഉമ്മത്തിലെ മുന്‍ഗാമികളുടെയും ഇമാമുമാരുടെയും ഇജ്മാഅ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. അഹ്ലുസ്സുന്ന വല്‍ ജമാഅഃയുടെ ഇമാമുമാരുടെ ഇജ്മാഇനാല് മനുഷ്യ ശരീരത്തില്‍ ജിന്ന് ബാധിക്കുമെന്നതും ഇതേ പ്രകാരം തന്നെ സ്ഥിരപ്പെട്ടിരിക്കുന്നു… മുസ്ലിം ഉമ്മത്തിന്റെ ഇമാമുമാരില്‍ ഒരാള്‍ പോലും മനുഷ്യ ശരീരത്തില്‍ ജിന്ന് ബാധിക്കുമെന്ന കാര്യം നിഷേധിച്ചവരായിട്ടില്ല.
ആരെങ്കിലും അക്കാര്യം നിഷേധിക്കുകയും, മതം അക്കാര്യം അംഗീകരിക്കുന്നില്ലെന്ന് വാദിക്കുകയുമാണെങ്കില് അവന് ഇസ്ലാമിന്റെ മേല്‍ കളവ് കെട്ടിച്ചമക്കുകയാണ്. മതപ്രമാണങ്ങളില്‍ എവിടെയും ജിന്ന് ബാധയെ നിഷേധിക്കുന്ന ഒരു തെളിവുമില്ല.” (മജ്മൂഉല്‍ ഫതാവ:24/ 276-277)
കേവലം വസ്വാസിനപ്പുറം ജിന്ന് മനുഷ്യ ശരീരത്തില്‍ ബാധിക്കുമെന്നും മനുഷ്യരെ ഉപദ്രവിക്കാന്‍ ജിന്നിന് സാധിക്കുമെന്നും തെളിയിക്കുന്ന ധാരാളം തെളിവുകള്‍ വിശുദ്ധ ഖുര്‍ആനിലും ഹദീഥിലും കാണുവാന്‍ കഴിയും. അവയില്‍ ചിലത് നമുക്ക് വായിക്കാം.
തെളിവ് 1:
അല്ലാഹു പറയുന്നു:
الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ
“പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന് എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്ക്കുകയില്ല.” (ബഖറ :275)
ഇബ്നു കഥീര്‍ -رَحِمَهُ اللَّهُ- പറയുന്നു: “അന്ത്യനാളില്‍ അവര്‍ തങ്ങളുടെ ഖബറുകളില്‍ നിന്ന് അപസ്മാരം ബാധിക്കുകയും, പിശാച് മറിച്ചിടുകയും ചെയ്യുന്നവന് എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്ക്കുകയില്ല. വെറുപ്പുണ്ടാക്കുന്ന രീതിയിലായിരിക്കും അവന് ഉയര്‍ത്തെഴുന്നേല്‍ക്കുക എന്ന് സാരം.
ഇബ്നു അബ്ബാസ് -ِرَضِيَ اللَّهُ عَنْهُ- പറയുന്നു: “ശ്വാസതടസ്സമുള്ളവനും, ഭ്രാന്തനുമായിട്ടായിരിക്കും അന്ത്യനാളില്‍ പലിശ തിന്നവന്‍ എഴുന്നേല്ക്കുക.” (2/483-484)
ഇമാം ഖുര്‍ത്വുബി -رَحِمَهُ اللَّهُ- പറയുന്നു : “ജിന്ന് ബാധയുണ്ടെന്നതിനെ നിഷേധിക്കുകയും, അത് കേവലം പ്രകൃതി പ്രതിഭാസം മാത്രമാണെന്നും, പിശാച് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കില്ലെന്നും, പൈശാചിക ബാധ കാരണം ഭ്രാന്ത് ഉണ്ടാവില്ലെന്നും ജല്പ്പിച്ചവരുടെ നിരര്‍ഥകത ഈ ആയത്തില്‍ നിന്ന് വ്യക്തമാണ്.” (തഫ്സീറുല്‍ ഖുര്‍ത്വുബി:4/391.)
അറബികളുടെ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ഒരു അന്ധവിശ്വാസത്തെ ഖുര്‍ആന്‍ ഉപമ പറയുന്നതിന് വേണ്ടി എടുത്തു പറയുക മാത്രമാണ് ചെയ്തതെന്ന് ചിലര്‍ ഈ ആയത്തിനെ ദുര്‍വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതവര്‍ക്ക് ലഭിച്ചിട്ടുള്ളതാകട്ടെ മുഅ്തസലികളുടെ നേതാവായ സമഖ്ഷരിയില് നിന്നുമാണ്.
സമഖ്ഷരി പറഞ്ഞു: “ശ്വയ്ത്വാന് മറിച്ചിടുക എന്നത് അറബികളുടെ അന്ധവിശ്വാസത്തില്‍ പെട്ടതായിരുന്നു” (അല്‍-കഷാഫ്:1/164)
അഹ്ലുസ്സുന്നയുടെ എല്ലാ മുഫസ്സിറുകളും യോജിച്ച തഫ്സീറിനെതിരാണ് ഇതെന്നതിന് പുറമേ, നാളെ പരലോകത്ത് പലിശ തിന്നുന്നവന് അനുഭവിക്കാനിരിക്കുന്ന ശിക്ഷ ആര്‍ക്കും മനസ്സിലാകാത്ത കേവലം അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഖുര്‍ആനില്‍ അല്ലാഹു അവതരിപ്പിച്ചു എന്നു പറയുന്നത് കേവല ബുദ്ധിക്ക് പോലും എതിരാണ്.
തെളിവ് 2:
അല്ലാഹു പറയുന്നു:
وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ ﴿٩٧﴾ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ ﴿٩٨﴾
“നീ പറയുക: എന്റെ റബ്ബേ, പിശാചുക്കളുടെ ദുര്ബോധനങ്ങളില് നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു. അവര്‍ (പിശാചുക്കള്‍) എന്റെ അടുത്ത് സന്നിഹിതരാകുന്നതില്‍ നിന്നും എന്റെ രക്ഷിതാവേ, ഞാന്‍ നിന്നോട് രക്ഷതേടുന്നു.” (മുഅ്മിനൂന്: 97-98)
മേലെ കൊടുത്ത ആയത്തിന്റെ ഉദ്ദേശം കേവലം വസ്വാസ് മാത്രമല്ലെന്നാണ് പണ്ഡിതന്മാര് വിശദമാക്കിയത്.
നാസ്വിര്‍ അസ്സഅ്ദി -رَحِمَهُ اللَّهُ- പറയുന്നു: “തിന്മയുടെ എല്ലാ ഇനങ്ങളില്‍ നിന്നും അതിന്റെ മൂലകാരണങ്ങളില്‍ നിന്നുമുള്ള ശരണം തേടലാണിത്. പിശാചില്‍ നിന്നുള്ള എല്ലാ ദുഷ്പ്രേരണകളില് (നസഗാത്) നിന്നും പിശാച് ബാധിക്കുന്നതില്‍ (മസ്സ്) നിന്നും അവന്റെ ദുര്ബോധനങ്ങളില് (വസ്വാസ്) നിന്നുമുള്ള ശരണം തേടല്‍ ഈ പ്രാര്‍ഥന ഉള്‍ക്കൊള്ളുന്നു.
ഈ തിന്മകളില് നിന്ന് അല്ലാഹു അവന്റെ അടിമയെ സംരക്ഷിക്കുകയും, അവന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുകയും ചെയ്താല്‍, എല്ലാ തിന്മകളില് നിന്നും ആ അടിമ സുരക്ഷിതനാവുകയും, എല്ലാ നന്മകള്ക്കുമുള്ള സൗഭാഗ്യം അവന് ലഭിക്കുകയും ചെയ്യും.” (തഫ്സീറുസ്സഅ്ദി:559)
തെളിവ് 3:
അല്ലാഹു പറയുന്നു:
وَاذْكُرْ عَبْدَنَا أَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الشَّيْطَانُ بِنُصْبٍ وَعَذَابٍ ﴿٤١﴾
“നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏല്പിച്ചിരിക്കുന്നു എന്ന് തന്റെ റബ്ബിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം.” (സ്വാദ്: 41)
അയ്യൂബ് -عَلَيْهِ السَّلَامُ- തന്നെ ബാധിച്ചത് പൈശാചികമായ ഉപദ്രവമാണെന്ന് വ്യക്തമാക്കുന്നു. അദ്ദേഹം നേരിട്ടത് കേവലം വസ്വാസ് മാത്രമായിരുന്നെങ്കില്‍ താഴെ ഹദീഥില്‍ കാണുന്നതു പോലെ അദ്ദേഹത്തിന് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരില്ലായിരുന്നു.
عَنْ أَنَسِ بْنِ مَالِكٍ أَنَّ رَسُولَ اللَّهِ -ﷺ- قَالَ : « إِنَّ أَيُّوبَ نَبِيَّ اللَّهِ –ﷺ- لَبِثَ فِي بَلَائِهِ ثَمَانِ عَشَرَةَ سَنَةً، فَرَفَضَهُ القَرِيبُ وَالبَعِيدُ إِلَّا رَجُلَيْنِ مِنْ إِخْوَانِهِ .. فَأَقْبَلَ عَلَيْهَا قَدْ أَذْهَبَ اللَّهُ مَا بِهِ مِنَ البَلَاءِ فَهُوَ أَحْسَنُ مَا كَانَ فَلَمَّا رَأَتْهُ قَالَتْ : أَيْ بَارَكَ اللَّهُ فِيكَ هَلْ رَأَيْتَ نَبِيَّ اللَّهِ هَذَا المُبْتَلَى وَاللَّهِ عَلَى ذَلِكَ مَا رَأَيْتُ أَحَداً كَانَ أَشْبَهُ بِهِ مِنْكَ إِذْ كَانَ صَحِيحاً، قَالَ : فَإِنِّي أَنَا هُوَ … »
അനസ് -ِرَضِيَ اللَّهُ عَنْهُ- ഉദ്ദരിക്കുന്ന ഹദീഥില്‍ നബി -ﷺ- പറഞ്ഞു: “പതിനെട്ട് വര്‍ഷത്തോളം അയ്യൂബ് നബി -عَلَيْهِ السَّلَامُ- തനിക്ക് അനുഭവിച്ച പരീക്ഷണം നേരിട്ടു. അദ്ദേഹത്തോട് അടുപ്പമുള്ളവരും അല്ലാത്തവരും അദ്ദേഹത്തെ അകറ്റി നിര്‍ത്തി. അദ്ദേഹത്തിന്റെ കൂട്ടുകാരില്‍ പെട്ട രണ്ടു പേരൊഴികെ…
(രോഗം മാറിയതിന് ശേഷം) അദ്ദേഹം ഭാര്യയുടെ അടുത്തേക്ക് ചെന്നു. അല്ലാഹു അദ്ദേഹത്തിന്റെ മേലുള്ള പരീക്ഷണം നീക്കിയിരുന്നു. മുന്പുണ്ടായിരുന്നതിനെക്കാള് ഭംഗി വന്നിട്ടുണ്ട്.
അദ്ദേഹത്തെ കണ്ടപ്പോള്‍ ഭാര്യ പറഞ്ഞു: “അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ. അല്ലാഹുവിനാല്‍ പരീക്ഷിക്കപ്പെട്ട ആ പ്രവാചകനെ താങ്കള്‍ കണ്ടിട്ടുണ്ടോ? അല്ലാഹുവാണ സത്യം! അദ്ദേഹത്തിന് ആരോഗ്യമുണ്ടായിരുന്നപ്പോള് താങ്കളെക്കാള്‍ അദ്ദേഹത്തോടെ സാദൃശ്യമുള്ള മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല.”
അപ്പോള്‍ അയ്യൂബ്-عَلَيْهِ السَّلَامُ- പറഞ്ഞു: “നിശ്ചയമായും ഞാന്‍ തന്നെയാണ് ആ പ്രവാചകന്…” (അത്തഅ്ലീഖാതുല് ഹിസാന് അലാ) സ്വഹീഹി ഇബ്നി ഹിബ്ബാന്‍:2887, മുസ്നദു അബീ യഅ്ല:1/176-177, അബൂ നുഐം അല്‍-ഹില്യയില്:3/374-375, അല്‍ബാനി (സില്സിലത്തുസ്സ്വഹീഹയില്:17) സ്വഹീഹ് എന്ന് വിലയിരുത്തി.)
(നബി -ﷺ- യുടെ ഹദീസുകളില്‍ വന്നിട്ടുള്ള തെളിവുകളും, ഈ വിഷയത്തില്‍ വന്ന ആഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ഉദ്ധരണികളും അടുത്ത ലക്കത്തില്‍)
Baarakallah