സിഹ്റിന് സ്വാധീനമുണ്ടാക്കാന്‍ സാധിക്കുമെന്നും, പൈശാചിക സഹായത്തോടെ ചെയ്യപ്പെടുന്ന ഈ പ്രവൃത്തി കൊണ്ട് ചില ഉപദ്രവങ്ങള്‍ ഉണ്ടായേക്കാമെന്നും കഴിഞ്ഞ അധ്യായങ്ങളില്‍ നാം പറഞ്ഞത് ആരെയെങ്കിലും ആ മാര്‍ഗത്തിലേക്ക് നയിക്കുവാന്‍ വേണ്ടിയോ, പലര്‍ക്കും അവ്യക്തമായിരുന്ന ഒരു തിന്മയെ സംബന്ധിച്ച് വിവരം നല്‍കുവാന്‍ വേണ്ടിയോ അല്ല. മറിച്ച് സിഹ്ര്‍ ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന ഒരു പ്രതിഭാസമാണെന്നും, അതിന് ചില സ്വാധീനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും, അവയുടെ സാന്നിധ്യം നിഷേധിക്കുന്നത് പ്രമാണങ്ങളിലെ അനേകം തെളിവുകളെ നിഷേധിക്കലാണെന്ന് ഓര്‍മ്മപ്പെടുത്താനുമായിരുന്നു.
എന്നാല്‍ ധാരാളമാളുകള്‍ തങ്ങളുടെ പല ലക്ഷ്യസാക്ഷാല്‍ക്കാരത്തിനും വേണ്ടി സാഹിറന്മാരുടെ അടുക്കല്‍ ചെല്ലുകയും, അവര്‍ നിര്‍ദേശിക്കുന്ന ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യാറുണ്ട്. ഖേദകരമെന്ന് പറയട്ടെ, നമ്മുടെ നാട്ടില്‍ സാഹിറന്മാരെ ഔലിയാക്കളെന്ന് വിളിക്കുകയും അവരുടെ കാല്‍ക്കല്‍ വീഴുന്നത് അല്ലാഹുവിങ്കല്‍ പുണ്യം കരസ്ഥമാക്കാന്‍ സാധിക്കുന്ന ഇബാദത്താണെന്നും കരുതുന്ന ബഹുഭൂരിപക്ഷം വരുന്ന പാമരജനങ്ങളാണുള്ളത്.
കോഴിമുട്ടയുടെ മേല്‍ ചില എഴുത്തുകുത്തുകള്‍ നടത്തിയും, കവടിയില്‍ അറബി അക്ഷരമാല ക്രമം തെറ്റിച്ചെഴുതിയും, ‘യാസീനോതി’ കെട്ടുകളില്‍ ഊതിയും, ചില പ്രത്യേക ഹോമങ്ങളും മന്ത്രോഛാരണങ്ങളും സംഘടിപ്പിച്ചും, ശിര്‍ക്കന്‍ വരികള്‍ നിറഞ്ഞു നില്‍ക്കുന്ന മാലമൗലീദുകള്‍ പാരായണം ചെയ്തും ഇത്തരക്കാര്‍ കാട്ടിക്കൂട്ടുന്ന സിഹ്റന്‍ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിനുള്ള മഹത്തരമായ ഇബാദത്താണെന്നാണ് ജനങ്ങള്‍ ധരിച്ചു വശായിരിക്കുന്നത്; യഥാര്‍ഥത്തില്‍ ധിക്കാരിയായ പിശാചിനെയത്രെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നത്.
അല്ലാഹുവിന്റെ വിധിവിലക്കുകളെ മാനിക്കുകയും, ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ക്ക് കാതോര്‍ക്കുകയും ചെയ്യുന്ന ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം സിഹ്റിന്റെ നേര്‍ത്ത വാസനയുള്ളിടത്തേക്ക് പോലും പോകുവാന്‍ അവന് കഴിയില്ല. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പരിശോധിക്കുന്ന ഏതൊരു വ്യക്തിക്കും ഇക്കാര്യം മനസ്സിലാവുകയും ചെയ്യും. സിഹ്റിന്റെ ഗൗരവത്തെ കുറിച്ചുള്ള അറിവില്ലായ്മ ധാരാളം പേരെ ഈ തിന്മയിലേക്ക് എത്തിക്കുന്നതിന് കാരണമായിട്ടുണ്ട്.
قَالَ الإِمَامُ الذَّهَبِيُّ: «فَتَرَى خَلْقاً كَثِيراً مِنَ الضُّلَّالِ يَدْخُلُونَ فِي السِّحْرِ وَيَظُنُّونَهُ حَرَاماً فَقَطْ، وَمَا يَشْعُرُونَ أَنَّهُ الكُفْرُ، فَيَدْخُلُونَ فِي تَعَلُّمِ السِّيمِيَاءِ وَعَمَلِهَا، وَهِيَ مَحْضُ السِّحْرِ، وَفِي عَقْدِ المَرْءِ عَنْ زَوْجَتِهِ وَهُوَ سِحْرٌ، وَفِي مَحَبَّةِ الزَّوْجِ لِامْرَأَتِهِ وَفِي بُغْضِهَا وَبُغْضِهِ، وَأَشْبَاهُ ذَلِكَ بِكَلِمَاتٍ مَجْهُولَةٍ، أَكْثَرُهَا شِرْكٌ وَضَلَالٌ»
ഇമാം ദഹബി -رَحِمَهُ اللَّهُ- പറയുന്നു: “കേവലമൊരു ഹറാം മാത്രമാണ് സിഹ്ര്‍ എന്ന ധാരണയില്‍ അനേകം പേര്‍ ഈ തിന്മയുടെ വഴിയില്‍ പ്രവേശിച്ചു കഴിഞ്ഞതായി നിനക്ക് കാണാം. സിഹ്ര്‍ ചെയ്യല്‍ കുഫ്റാണെന്ന് അവര്‍ക്ക് ബോധ്യമായിട്ടില്ല. മാജിക്ക് എന്ന തനിച്ച സിഹ്ര്‍ പഠിക്കുന്നതിലും, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് തടയുന്ന സിഹ്റിലും, തന്റെ ഇണയോട് സ്നേഹവും വെറുപ്പും ഉണ്ടാക്കിത്തീര്‍ക്കാന്‍ സാധിക്കുന്ന സിഹ്റിലും അവര്‍ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. ഇവയില്‍ അധികവും ശിര്‍ക്കും വഴികേടുമാണ്.” (അല്‍-കബാഇര്‍:102)
قَالَ الإِمَامُ الذَّهَبِيُّ: «وَاعْلَمْ أَنَّ كَثِيراً مِنْ هَذِهِ الكَبَائِرِ، بَلْ عَامَّتُهَا إِلَّا الأَقَلُّ، يَجْهَلُ خَلْقٌ كَثِيرٌ مِنَ الأُمَّةِ تَحْرِيمَهُ، وَمَا بَلَغَهُ الزَّجَرُ فِيهِ وَلَا الوَعِيدُ»
ഇമാം ദഹബി -رَحِمَهُ اللَّهُ- തന്നെ പറയുന്നു: “(തിവലത്ത്, തമീമത്ത് എന്നിങ്ങനെ സിഹ്റില്‍ ഉള്‍പ്പെട്ട) ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അധിക ഇനങ്ങളും നിഷിദ്ധമാണെന്നതിനെ സംബന്ധിച്ച് മുസ്‌ലിം ഉമ്മത്തിലെ വളരെയധികം പേരും അജ്ഞരാണ്. ഈ വിഷയത്തിലുള്ള താക്കീതോ വിലക്കുകളോ അവര്‍ക്ക് ലഭിച്ചിട്ടില്ല.” (അല്‍-കബാഇര്‍:102)
ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുന്ന കുഫ്റന്‍ പ്രവര്‍ത്തനമാണ് സിഹ്ര്‍. വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും പരാമര്‍ശങ്ങളിലെ വ്യക്തതയും താക്കീതിന്റെ ശക്തിയും ഈ വിഷയത്തില്‍ ഏകാഭിപ്രായം പറയുന്നതിലേക്ക് പണ്ഡിതന്മാരെ എത്തിച്ചിട്ടുണ്ട്.
സൂറത്തുല്‍ ബഖറയിലെ 102 ാം ആയത്തിലെ ഒന്നിലധികം പരാമര്‍ശങ്ങള്‍ സിഹ്റിന്റെ ഗൗരവത്തിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്. സുലൈമാന്‍ നബി -عَلَيْهِ السَّلَامُ- തന്റെ അധികാരം നിലനിര്‍ത്തിയത് സിഹ്ര്‍ കൊണ്ടാണെന്നും, അതിനാല്‍ സുലൈമാന്‍ നബി -عَلَيْهِ السَّلَامُ- കാഫിറാണെന്നും ജല്‍പ്പിച്ച യഹൂദന്മാര്‍ക്ക് മറുപടി പറയവേ അല്ലാഹു പറഞ്ഞു:
وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ
“സുലൈമാന്‍ (കുഫ്‌ർ) നിഷേധം പ്രവർത്തിച്ചിട്ടില്ല. സിഹ്ര്‍ പഠിപ്പിക്കുന്നതിലൂടെ പിശാചുക്കളാണ് കാഫിറുകളായത്.” (ബഖറ: 102)
പിശാചുക്കള്‍ കാഫിറായതിനുള്ള കാരണമായി അല്ലാഹു പറഞ്ഞത് അവര്‍ സിഹ്ര്‍ പഠിപ്പിച്ചു നല്‍കി എന്നതാണ്. പ്രസ്തുത ആയത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നുല്‍ അറബി -رَحِمَهُ اللَّهُ- പറഞ്ഞു:
قَالَ ابْنُ العَرَبِيِّ : «وَمَا كَفَرَ سُلَيْمَانُ قَطُّ وَلَا سَحَرَ، وَلَكِنِ الشَّيَاطِينُ كَفَرُوا بِسِحْرِهِمْ، وَأَنَّهُمْ يُعَلِّمُونَهُ النَّاسَ؛ وَمُعْتَقَدُ الكُفْرِ كَافِرٌ، وَقَائِلُهُ كَافِرٌ، وَمُعَلِّمُهُ كَافِرٌ»
“സുലൈമാന്‍ നബി -عَلَيْهِ السَّلَامُ- സത്യനിഷേധിയായിട്ടില്ല; സിഹ്ര്‍ ചെയ്തിട്ടുമില്ല. എന്നാല്‍ പിശാചുക്കളാണ് തങ്ങളുടെ സിഹ്ര്‍ കൊണ്ട് കാഫിറായത്. അവര്‍ അത് ജനങ്ങള്‍ക്ക് പഠിപ്പിക്കുന്നുമുണ്ട്. കുഫ്ര്‍ വിശ്വസിക്കുന്നവനും, അതിന് അനുകൂലമായി സംസാരിക്കുന്നവനും, കുഫ്ര്‍ പഠിപ്പിച്ചു കൊടുക്കുന്നവനും കാഫിറാണ്.” (അഹ്കാമുല്‍ ഖുര്‍ആന്‍:1/44)
പിശാചുക്കള്‍ മനുഷ്യരെ ശിര്‍ക്കിലേക്കെത്തിക്കുന്ന ഒരു കാര്യമല്ലാതെ അവരെ പഠിപ്പിക്കല്ലെന്നതിൽ സംശയമില്ല. സിഹ്‌ർ ശിർകും കുഫ്റുമാണെന്ന് അതിൽ നിന്നും മനസ്സിലാക്കാം.
قَالَ الإِمَامُ الذَّهَبِيُّ: «وَمَا لِلشَّيْطَانِ المَلْعُونِ غَرْضٌ فِي تَعْلِيمِهِ الإِنْسَانَ السِّحْرَ إِلَّا لِيُشْرَكَ بِهِ»
ഇമാം ദഹബി -رَحِمَهُ اللَّهُ- പറയുന്നു: “(ഒരാള്‍) സാഹിറാകണമെങ്കില്‍ കാഫിറാകണം… മനുഷ്യന്‍ സിഹ്റിലൂടെ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതിലേക്ക് എത്തിച്ചേരണം എന്ന ലക്ഷ്യമല്ലാതെ സിഹ്ര്‍ പഠിപ്പിക്കുന്നതില്‍ ശപിക്കപ്പെട്ട പിശാചിന് മറ്റൊരു ലക്ഷ്യവുമില്ല.” (അല്‍-കബാഇര്‍:102)
മനുഷ്യര്‍ക്ക് പരീക്ഷണമായിക്കൊണ്ട് അല്ലാഹു നിയോഗിച്ച രണ്ട് മലക്കുകള്‍ -ഹാറൂത്തും മാറൂത്തും- സിഹ്ര്‍ പഠിപ്പിക്കുമ്പോള്‍ നല്‍കിയിരുന്ന താക്കീതും സൂറ. ബഖറയിലെ ആയത്തിൽ വന്നിട്ടുണ്ട്.
وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ
“എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങള്‍ (നിങ്ങള്‍ക്ക്) ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് കാരണത്താല്‍) നിങ്ങള്‍ കാഫിറാകരുത് എന്ന് പറഞ്ഞുകൊടുക്കാതിരുന്നില്ല.” (ബഖറ: 102)
قَالَ ابْنُ عَبَّاسٍ فِي تَفْسِيرِ الآيَةِ : «فَإِذَا أَتَاهُمَا الآتِي يُرِيدُ السِّحْرَ نَهَيَاهُ أَشَدَّ النَّهْيِ، وَقَالَا لَهُ : إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ، وَذَلِكَ أَنَّهُمَا عَلِمَا الخَيْرَ وَالشَّرَّ، وَالكُفْرَ وَالإِيمَانَ، فَعَرَفَا أَنَّ السِّحْرَ مِنَ الكُفْرِ»
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: “ഹാറൂതിനെയും മാറൂതിനെയും സിഹ്ര്‍ പഠിക്കുന്നതിനായി ആരെങ്കിലും സമീപിച്ചാല്‍ അവര്‍ ശക്തമായ ഭാഷയില്‍ വന്നവനെ വിലക്കുകയും, ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാണ്, നിങ്ങള്‍ ഇത് മൂലം സത്യനിഷേധികളാകരുത് എന്ന് പറയുകയും ചെയ്യുമായിരുന്നു. കാരണം അവര്‍ക്ക് നന്മയും തിന്മയും, ഈമാനും കുഫ്റും (വേര്‍തിരിച്ച്) അിറയാമായിരുന്നു. സിഹ്ര്‍ കുഫ്റില്‍ പെട്ട പ്രവര്‍ത്തനമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു.” (ഇബ്‌നു കഥീര്‍:1/535)
قَالَ الشَّوْكَانِيُّ : «فَلَا تَكْفُرْ» أَبْلَغُ إِنْذَارٍ وَأَعْظَمُ تَحْذِيرٍ، أَيْ أَنَّ هَذَا ذَنْبٌ يَكُونُ مَنْ فَعَلَهُ كَافِراً فَلَا تَكْفُرْ، وَفِيهِ دَلِيلٌ عَلَى أَنَّ تَعَلُّمَ السِّحْرِ كُفْرٌ »
ഇമാം ശൗകാനി -رَحِمَهُ اللَّهُ- പറയുന്നു : “(ഹാറൂത്തും മാറൂത്തും നിങ്ങള്‍ സിഹ്ര്‍ ചെയ്യുന്നതിലൂടെ കാഫിറാകരുത് എന്ന് വിലക്കിയത്) ഈ പ്രവര്‍ത്തനം ചെയ്യുന്ന വ്യക്തി കാഫിര്‍ ആകുമെന്നത് കൊണ്ടാണ്. സിഹ്ര്‍ പഠിക്കല്‍ കുഫ്റാണെന്ന് ഈ ആയത്തിന്റെ പ്രത്യക്ഷാര്‍ഥം വ്യക്തമാക്കുന്നുണ്ട്.” (ഫത്ഹുല്‍ ഖദീര്‍:1/80)
قَالَ الإِمَامُ القُرْطُبِي: «فَلَا تَكْفُرْ» قَالَتْ فِرْقَةٌ: بِتَعْلِيمِ السِّحْرِ، وَقَالَتْ فِرْقَةٌ: بِاسْتِعْمَالِهِ»
ഇമാം ഖുര്‍ത്വുബി -رَحِمَهُ اللَّهُ- പറഞ്ഞു: “സിഹ്ര്‍ പഠിക്കുന്നതിലൂടെ നിങ്ങള്‍ കാഫിറുകളാകരുത് എന്നാണ് മലക്കുകള്‍ പറഞ്ഞതിന്റെ ഉദ്ദേശം എന്ന് ഒരു വിഭാഗം പറഞ്ഞു. മറ്റൊരു വിഭാഗം പറഞ്ഞത് സിഹ്ര്‍ പ്രവര്‍ത്തിക്കുന്നതിലൂടെ നിങ്ങള്‍ കാഫിറുകളാകരുത് എന്നാണ് ആ വാക്കിന്റെ ഉദ്ദേശം എന്നാണ്.” (തഫ്സീറുല്‍ ഖുര്‍ത്വുബി:2/289)
قَالَ ابْنُ جُرَيْجٍ: «لَا يَجْتَرِئُ عَلَى السِّحْرِ إِلَّا كَافِرٌ»
ഇബ്‌നു ജുറൈജ് -رَحِمَهُ اللَّهُ- പറഞ്ഞു: “സിഹ്ര്‍ ചെയ്യാന്‍ കാഫിറിനല്ലാതെ ധൈര്യം വരില്ല.” (തഫ്സീര്‍ ഇബ്നി കഥീര്‍:1/535)
സൂറ. ബഖറയിലെ ആയത്തിന്റെ അവസാനത്തില്‍ അല്ലാഹു പറഞ്ഞു:
وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ ﴿١٠٢﴾
“അത് (സിഹ്ര്‍) ആര്‍ വാങ്ങി (കൈവശപ്പെടുത്തി) യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!” (ബഖറ: 102)
‘പരലോകത്ത് യാതൊരു വിഹിതവുമുണ്ടാകില്ലെന്ന് മനസ്സിലായവര്‍’ എന്നത് കൊണ്ട് ഉദ്ദേശം യഹൂദന്മാരോ, പിശാചുക്കളോ, ഹാറൂത്ത് മാറൂത്ത് എന്നീ മലക്കുകളോ ആകാമെന്ന അഭിപ്രായങ്ങള്‍ പണ്ഡിതന്മാര്‍ക്കുണ്ട്. (തഫ്സീറുല്‍ ഖുര്‍ത്വുബി:2/292)
യഹൂദന്മാര്‍ ആണ് എന്നതാണ് ആയത്തിന്റെ സന്ദര്‍ഭത്തിനോട് കൂടുതല്‍ യോജിക്കുന്നത്. അല്ലാഹു അഅ്ലം. ഉദ്ദേശം ആരാകട്ടെ, പരലോകത്ത് യാതൊരു വിഹിതവും ഇല്ലാത്തവന്‍ കാഫിറാണെന്നതില്‍ സംശയം വേണ്ടതില്ല. യഹൂദന്മാര്‍ വിശ്വാസത്തിന് പകരം സിഹ്റിനെ സ്വീകരിച്ചവരാണെന്ന് അല്ലാഹു മറ്റൊരിടത്തും അറിയിച്ചിട്ടുണ്ട്.
അല്ലാഹു -تَعَالَى- പറഞ്ഞു:
أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِّنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا هَـٰؤُلَاءِ أَهْدَىٰ مِنَ الَّذِينَ آمَنُوا سَبِيلًا ﴿٥١﴾
“വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലെ? അവര്‍ ജിബ്തിലും ത്വാഗൂത്തിലും വിശ്വസിക്കുന്നു. കാഫിറുകളെ പറ്റി അവര്‍ പറയുന്നു; ഇക്കൂട്ടരാണ് മുഅ്മിനീങ്ങളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്. എന്നാല്‍ അവരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്. ഏതൊരുവനെ അല്ലാഹു ശപിച്ചിരിക്കുന്നുവോ അവന്ന് ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല.” (നിസാഅ്: 51)
قَالَ عُمَرٌ : «الجِبْتُ هُوَ السِّحْرُ، وَالتَّاغُوتُ هُوَ الشَّيْطَانُ»
ഉമര്‍ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “ജിബ്ത് എന്നാല്‍ സിഹ്റും, ത്വാഗൂത് എന്നാല്‍ ശൈത്വാനുമാണ് ഉദ്ദേശം.” (ഇബ്‌നു കഥീര്‍:4/115)
സിഹ്റിലും ശ്വൈതാനിലും വിശ്വസിക്കുന്നു എന്ന് അല്ലാഹു പറഞ്ഞത് സിഹ്റും പിശാചുമെല്ലാം നിലനില്‍ക്കുന്നുണ്ടെന്ന് യഹൂദന്മാര്‍ വിശ്വസിക്കുന്നു എന്ന അര്‍ഥത്തിലല്ല. മറിച്ച്, സിഹ്റും പൈശാചികബന്ധങ്ങളും യഹൂദന്മാര്‍ക്കിടയില്‍ വ്യാപകമാണെന്ന് അറിയിക്കാന്‍ വേണ്ടിയാണ്.
ഈ അര്‍ഥത്തില്‍ വന്നിട്ടുള്ള, നബി-ﷺ-യിലേക്ക് ചേര്‍ക്കപ്പെട്ട ഹദീഥിനെയും മനസ്സിലാക്കേണ്ടത് ഇപ്രകാരമാണ്.
عَنْ أَبِي مُوسَى قَالَ : قَالَ رَسُولُ اللَّهِ -ﷺ- : «لَا يَدْخُلُ الجَنَّةَ مُدْمِنُ خَمْرٍ وَلَا مُؤْمِنٌ بِسِحْرٍ وَلَا قَاطِعُ رَحِمٍ»
അബൂ മൂസ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “മൂന്ന് വിഭാഗം ആളുകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. മദ്യത്തിന് അടിമപ്പെട്ടവനും, സിഹ്റില്‍ വിശ്വസിക്കുന്നവനും, കുടുംബബന്ധം വിഛേദിക്കുന്നവനും.” (ഇബ്‌നു ഹിബ്ബാന്‍: 1381, സില്‍സിലത്തുസ്സ്വഹീഹ:678. “സിഹ്ര്‍ സത്യപ്പെടുത്തുന്നവന്‍” എന്ന അര്‍ഥത്തില്‍ വന്ന നിവേദനത്തില്‍ ചില ദുര്‍ബലതകളുണ്ട്.)
സിഹ്റില്‍ വിശ്വസിക്കുന്നവന്‍ എന്നത് കൊണ്ട് ഇവിടെയുള്ള ഉദ്ദേശവും സിഹ്റിന്റെ അസ്തിത്വം അംഗീകരിക്കുന്നവന്‍ എന്നോ, അതിന് സ്വാധീനമുണ്ടെന്ന് അംഗീകരിക്കുന്നവന്‍ എന്നോ അല്ല. മറിച്ച്, സിഹ്റിലൂടെയും സിഹ്റിന്റെ ഇനങ്ങളായ ജ്യോതിഷം, കണക്കുനോക്കല്‍ പോലുള്ളവയിലൂടെയും അറിയിക്കപ്പെടുന്ന വിവരങ്ങള്‍ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്യുന്നവന്‍ എന്നാണ്. (അത്തംഹീദു ലിശര്‍ഹി കിതാബിത്തൗഹീദ്-സ്വാലിഹ് ആലു ശൈഖ്:347-348)
അക്കാര്യം നബി -ﷺ- യുടെ മറ്റു ഹദീഥുകളിൽ അവിടുന്ന് വിശദമാക്കിയിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ -ﷺ-: «مَنْ أَتَى عَرَّافًا أَوْ كَاهِنًا فَصَدَّقَهُ فِيمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ -ﷺ-»
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ആരെങ്കിലും ജ്യോതിഷനെയോ കണക്കു നോക്കുന്നവനെയോ സമീപിക്കുകയും, അവന്‍ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താല്‍ മുഹമ്മദ് നബി-ﷺ-യുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍ അവന്‍ അവിശ്വസിച്ചിരിക്കുന്നു.” (ഹാകിം: 1/8, ബയ്ഹഖി അസ്സുനനുല്‍ കുബ്റയില്‍: 8/135, ഹാകിം സ്വഹീഹെന്ന് അഭിപ്രായപ്പെടുകയും ഇമാം ദഹബി അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തിരിക്കുന്നു)
عَنْ بَعْضِ أَزْوَاجِ النَّبِيِّ -ﷺ- عَنِ النَّبِيِّ -ﷺ- قَالَ: «مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَيْءٍ، لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ لَيْلَةً»
നബി -ﷺ- യുടെ പത്‌നിമാരിൽ ഒരാൾ നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: “ആരെങ്കിലും ജ്യോത്സ്യനെ സമീപിക്കുകയും, അവനോട് എന്തെങ്കിലും ചോദിക്കുകയും ചെയ്താല്‍ നാല്‍പ്പത് രാത്രികളിലെ അവന്റെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല.” (മുസ്‌ലിം:2230)
ഈ ഹദീഥിന്റെ വിശദീകരണത്തില്‍ ഇബ്‌നു അബില്‍ ഇസ്സ് -رَحِمَهُ اللَّهُ- പറഞ്ഞു: “ജോത്സ്യനോട് ചോദിക്കുന്നവന് ഇത്ര വലിയ ശിക്ഷയാണെങ്കില്‍ ജോത്സ്യന്റെ ശിക്ഷ എന്തു മാത്രം ഗൗരവമുള്ളതായിരിക്കും?!” (ശര്‍ഹുത്ത്വഹാവിയ്യ: 516)
ജ്യോതിഷം സിഹ്റില്‍ പെട്ടതാണെന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്:
عَنِ ابْنِ عَبَّاسٍ قَالَ قَالَ رَسُولُ اللَّهِ -ﷺ- «مَنِ اقْتَبَسَ عِلْمًا مِنَ النُّجُومِ اقْتَبَسَ شُعْبَةً مِنَ السِّحْرِ زَادَ مَا زَادَ»
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: “ആരെങ്കിലും ജ്യോതിഷത്തില്‍ നിന്ന് ഒരു വിജ്ഞാനം നേടിയെടുത്താല്‍ അവന്‍ സിഹ്റിന്റെ ഒരു ശാഖയാണ് നേടിയിട്ടുള്ളത്. (ജ്യോതിഷത്തില്‍ നിന്ന്) എത്ര മാത്രം വര്‍ദ്ധിപ്പിക്കുന്നുവോ, അത്ര മാത്രം (സിഹ്റില്‍ നിന്ന്) അവന്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു.” (അബൂദാവൂദ്: 3905, ഇബ്‌നു മാജ: 3726, ഇബ്‌നു അബീ ശൈബ: 8/602, ത്വബ്റാനി മുഅ്ജമുല്‍ കബീറില്‍: 11/135)
നക്ഷത്രങ്ങളുടെ സ്ഥാനചലനങ്ങള്‍ക്കനുസരിച്ച് ഭൂമിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും, അവ ഓരോ വ്യക്തിയുടെയും ജീവിത സൗഭാഗ്യങ്ങളിലും ദൗര്‍ഭാഗ്യങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നുമുള്ള ശിര്‍ക്കന്‍ വിശ്വാസമാണ് ജ്യോതിഷം എന്നതു കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഗ്രഹങ്ങളെ സംബന്ധിച്ചും, പ്രപഞ്ചത്തിലെ അത്ഭുതങ്ങളെ സംബന്ധിച്ചും മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള ഗോളശാസ്ത്രമോ, നക്ഷത്രങ്ങളുടെ സ്ഥാനം മനസ്സിലാക്കി വഴി കണ്ടെത്തുക, ഖിബ്ല മനസ്സിലാക്കുക പോലുള്ള വിജ്ഞാനങ്ങളോ അല്ല ഈ ഹദീഥിന്‍ പരാമർശിക്കപ്പെട്ടിരിക്കുന്നത്.
സിഹ്റിന്റെ കെടുതി എത്ര മാത്രം ഭയാനകമാണെന്ന് വ്യക്തമാക്കുന്നതാണ് സൂറത്തുല്‍ ഫലഖിലെ ആയത്തുകള്‍. തിന്മകളില്‍ നിന്ന് ശരണം തേടുന്നതിന് വേണ്ടി അവതരിപ്പിക്കപ്പെട്ട ‘മുഅവ്വിദാത്ത്’ സൂറത്തുകളില്‍ പെട്ട ഈ സൂറത്തില്‍ അല്ലാഹു പറഞ്ഞു:
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾
“പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്. ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും. കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍ നിന്നും.” (ഫലഖ്: 1-5)
കെട്ടുകളില്‍ ഊതുന്നവന്‍ എന്നതു കൊണ്ടുള്ള ഉദ്ദേശം സിഹ്ര്‍ ചെയ്യുന്ന സ്ത്രീകളാണെന്നാണ് ഇമാം മുജാഹിദ്, ഇക്രിമ, ഹസന്‍, ഖതാദ, ദിഹാക് എന്നിവര്‍ വിശദീകരിച്ചത്. (തഫ്സീര്‍ ഇബ്നി കഥീര്‍:15/525) സ്ത്രീകളെ പ്രത്യേകം എടുത്തു പറഞ്ഞത് അവരാണ് പുരുഷന്മാരെക്കാള്‍ സിഹ്റുമായി കൂടുതല്‍ ബന്ധപ്പെടുന്നത് എന്ന പരമാര്‍ഥം പരിഗണിച്ചു കൊണ്ടാണ്. പ്രസ്തുത ആയത്തുകള്‍ സിഹ്റിന്റെ ഗൗരവവും, അതിന്റെ കെടുതിയുടെ വ്യാപ്തിയും ബോധ്യപ്പെടുത്തി നല്‍കുന്നുണ്ട്.
قَالَ الشَّوْكَانِيُّ : « ذَكَرَ اللَّهُ سُبْحَانَهُ فِي هَذِهِ السُّورَةِ إِرْشَادَ رَسُولِهِ -ﷺ- إِلَى الاسْتِعَاذَةِ مِنْ شَرِّ كُلِّ مَخْلُوقَاتِهِ عَلَى العُمُومِ، ثُمَّ ذَكَرَ بَعْضَ الشُّرُورِ عَلَى الخُصُوصِ مَعَ انْدِرَاجِهِ تَحْتَ العُمُومِ لِزِيَادَةِ شَرِّهِ، وَمَزِيدِ ضَرِّهِ، وَهُوَ الغَاسِقُ، وَالنَّفَاثَاتُ، وَالحَاسِدُ، فَكَأَنَّ هَؤُلَاءِ لِمَا فِيهِمْ مِنْ مَزِيدِ الشَّرِّ حَقِيقُونَ بِإِفْرَادِ كُلِّ وَاحِدٍ مِنْهُمْ بِالذِّكْرِ »
ഇമാം ശൗകാനി-رَحِمَهُ اللَّهُ- പറയുന്നു: “അല്ലാഹുവിന്റെ സൃഷ്ടികളില്‍ പെട്ട എല്ലാത്തിന്റെയും കെടുതികളില്‍ നിന്ന് ശരണം തേടാന്‍ നബി-ﷺ-യോട് കല്‍പ്പിച്ച കാര്യം അല്ലാഹു ഈ ആയത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. പിന്നീട് ചില കെടുതികള്‍ അവന്‍ പ്രത്യേകമായി എടുത്തു പറഞ്ഞിരിക്കുന്നു.
അല്ലാഹുവിന്റെ എല്ലാ സൃഷ്ടികളിലുമുള്ള തിന്മകളില്‍ നിന്ന് ശരണം തേടുമ്പോള്‍ ഇവയും അതില്‍ ഉള്‍പ്പെടുമെങ്കിലും, ഇവയെ സംബന്ധിച്ച് അവന്‍ പ്രത്യേകം പറഞ്ഞത് ഇവയുടെ കെടുതികള്‍ അത്ര മാത്രം അധികമാണെന്നതു കൊണ്ടാണ്. ഇരുളടഞ്ഞ രാത്രിയും, കെട്ടുകളില്‍ ഊതുന്നവരും, അസൂയാലുവുമാണ് അവ. എടുത്തു പറയാന്‍ മാത്രം കെടുതി അവരില്‍ ഉണ്ടെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.” (ഫത്ഹുല്‍ ഖദീര്‍:4/1671)
സിഹ്റിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്ന ഹദീഥുകളില്‍ പ്രസിദ്ധമാണ് വന്‍പാപങ്ങളെ സംബന്ധിച്ച് അറിയിക്കുന്ന നബി-ﷺ-യുടെ ഹദീഥ്.
عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ -ﷺ- قَالَ: «اجْتَنِبُوا السَّبْعَ المُوبِقَاتِ»، قَالُوا: يَا رَسُولَ اللَّهِ وَمَا هُنَّ؟ قَالَ: «الشِّرْكُ بِاللَّهِ، وَالسِّحْرُ …»
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ഏഴു വന്‍പാപങ്ങള്‍ നിങ്ങള്‍ വെടിയുക.” (സ്വഹാബികള്‍) ചോദിച്ചു: “ഏതാണ് അവ , അല്ലാഹുവിന്റെ റസൂലേ!?” നബി-ﷺ- പറഞ്ഞു : “അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍, സിഹ്ര്‍…” (ബുഖാരി:2766, മുസ്‌ലിം:89)
عَنْ عِمْرَانَ بْنِ حُصَيْنٍ قَالَ : قَالَ رَسُولُ اللَّهِ -ﷺ- : «لَيْسَ مِنَّا مَنْ تَطَيَّرَ ، أَوْ تُطِيَّرَ لَهُ أَوْ تَكَهَّنَ ، أَوْ تُكِهِّنَ لَهُ أَوْ سَحَرَ ، أَوْ سُحِرَ لَهُ»
ഇംറാന്‍ ഇബ്‌നു ഹുസൈന്‍ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി-ﷺ- പറഞ്ഞു: “ശകുനം നോക്കുന്നവനും, ശകുനം നോക്കിപ്പിക്കുന്നവനും, ഭാവി പ്രവചിക്കുന്നവനും, (തനിക്ക് വേണ്ടി) ഭാവി പ്രവചിപ്പിക്കുന്നവനും, സിഹ്ര്‍ ചെയ്യുന്നവനും തനിക്ക് വേണ്ടി സിഹ്ര്‍ ചെയ്യിപ്പിക്കുന്നവനും നമ്മില്‍ പെട്ടവനല്ല.” (മുഅ്ജമുല്‍ കബീര്‍: 1/73, മുസ്നദുല്‍ ബറാസ്: 169, സില്‍സിലത്തുസ്സ്വഹീഹ: 2195)
ഒരു പ്രത്യേക തിന്മ എടുത്തു പറഞ്ഞു കൊണ്ട് അത് ചെയ്യുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന് നബി-ﷺ- പറഞ്ഞാല്‍ ആ പ്രവൃത്തി വന്‍പാപങ്ങളില്‍ പെട്ടതാണെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. (അത്തംഹീദ് ലിശര്‍ഹി കിതാബിത്തൗഹീദ്: 323) സിഹ്റും, അതില്‍ പെട്ട ജ്യോതിഷം, ശകുനം നോക്കല്‍ എന്നിവ വന്‍പാപങ്ങളില്‍ പെട്ടതാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
സാഹിറിന്റെ ഇഹ-പരലോകങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന് അല്ലാഹു അറിയിച്ചിട്ടുണ്ട്.
وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ ﴿٦٩﴾
“സാഹിര്‍ എവിടെച്ചെന്നാലും വിജയിയാവുകയില്ല.” (ത്വാഹ: 69)
وَلَا يُفْلِحُ السَّاحِرُونَ
“സാഹിറന്മാര്‍ വിജയം പ്രാപിക്കുകയില്ല.” (യൂനുസ്: 77)
ആത്യന്തികമായ വിജയം സാഹിറിനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അസാധ്യമാണെന്ന് ഈ ആയത്തുകള്‍ വ്യക്തമാക്കുന്നു. ഒരു കാഫിറിനോ മുഷ്രിക്കിനോ അല്ലാതെ ആ അവസ്ഥയുണ്ടാവുകയില്ലെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ നമ്മെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ മേല്‍ തെളിവുകളും സിഹ്ര്‍ കുഫ്റന്‍ പ്രവര്‍ത്തനമാണെന്ന വസ്തുത ഊട്ടിയുറപ്പിക്കുന്നു.
സിഹ്റിനോടുള്ള സലഫുകളുടെ രോഷം ശക്തമായിരുന്നു. ഇസ്‌ലാമിക ഭരണകൂടത്തില്‍ സാഹിറിനെ വധിച്ചു കളയണമെന്ന അഭിപ്രായം സ്വഹാബികളില്‍ അനേകം പേര്‍ക്കുണ്ടായിരുന്നു.
قَالَ بَجَلَةُ بْنُ عَبَدَةٍ : «أَتَانَا كِتَابُ عُمَرٍ -رَضِيَ اللَّهُ عَنْهُ- قَبْلَ مَوْتِهِ بِسَنَةٍ أَنِ اقْتُلُوا كُلَّ سَاحِرٍ وَسَاحِرَةٍ، فَقَتَلْنَا ثَلَاثَ سَوَاحِرٍ»
ബജാലത്തുബ്നു അബദ -رَحِمَهُ اللَّهُ- പറയുന്നു: “ഉമര്‍ -رَضِيَ اللَّهُ عَنْهُ- മരണപ്പെടുന്നതിന് ഒരു വര്‍ഷം മുന്‍പ് എല്ലാ പുരുഷ-സ്ത്രീ സാഹിറന്മാരെയും കൊന്നുകളയണമെന്ന അദ്ദേഹത്തിന്റെ എഴുത്ത് ഞങ്ങള്‍ക്ക് ലഭിച്ചു. എന്നിട്ട് ഞങ്ങള്‍ മൂന്നു സാഹിറന്മാരെ കൊന്നു കളഞ്ഞു.” (അഹ്മദ്: 1/190-191, മുസന്നഫ് ഇബ്നി അബീശൈബ: 10/136, മുസന്നഫ് അബ്ദി റസാഖ്: 10/179-181, ഇബ്‌നു ഹസ്മ് അല്‍-മുഹല്ലയില്‍: 11/397, അദ്ദേഹം ഇത് സ്വഹീഹാണെന്ന് അഭിപ്രായപ്പെട്ടു)
عَنِ ابْنِ عُمَرَ، « أَنَّ جَارِيَةً لِحَفْصَةَ زَوْجِ النَّبِيِّ -ﷺ- سَحَرَتْهَا، فَاعْتَرَفَتْ بِهِ عَلَى نَفْسِهَا، فَأَمَرَتْ حَفْصَةُ عَبْدَ الرَّحْمَنِ بن زَيْدٍ، فَقَتَلَهَا، فَأَنْكَرَ ذَلِكَ عَلَيْهَا عُثْمَانُ، فَأَتَاهُ عَبْدُ اللَّهِ، فَقَالَ: إِنَّهَا سَحَرَتْهَا وَاعْتَرَفَتْ بِهِ، وَكَانَ عُثْمَانُ أَنْكَرَ عَلَيْهَا مَا فَعَلَتْ دُونَ السُّلْطَانِ »
ഇബ്‌നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ഹഫ്സ-رَضِيَ اللَّهُ عَنْهَا-യുടെ ഒരു അടിമപ്പെണ്ണ് അവര്‍ക്കെതിരെ സിഹ്ര്‍ ചെയ്തു. (ചോദ്യം ചെയ്തപ്പോള്‍) അവള്‍ (സിഹ്ര്‍ ചെയ്ത കാര്യം) സമ്മതിച്ചു. അപ്പോള്‍ ഹഫ്സ -رَضِيَ اللَّهُ عَنْهَا- അബ്ദു റഹ്മാന്‍ ബ്നു സയ്ദിനെ വിട്ട് അവളെ വധിച്ചു കളഞ്ഞു. (ഇതറിഞ്ഞ) ഉഥ്മാന്‍ -رَضِيَ اللَّهُ عَنْهُ- ഹഫ്സ-رَضِيَ اللَّهُ عَنْهَا-യോട് (ഇപ്രകാരം ചെയ്തതില്‍) എതിര്‍പ്പ് പ്രകടിപ്പിച്ചു.
അപ്പോള്‍ ഇബ്‌നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- ചോദിച്ചു: “സത്യവിശ്വാസികളുടെ മാതാവിനെതിരെ സിഹ്ര്‍ ചെയ്യുകയും, അത് സ്വയം സമ്മതിക്കുകയും ചെയ്ത ഒരു പെണ്ണിന്റെ പേരിലാണോ താങ്കള്‍ അവരോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്.” ശേഷം ഉഥ്മാന്‍ -رَضِيَ اللَّهُ عَنْهُ- ഒന്നും മിണ്ടിയില്ല. (ത്വബ്റാനി മുഅ്ജമുല്‍ കബീറില്‍:18824, മുസന്നഫ് ഇബ്നി അബീ ശൈബ:27912, മുസന്നഫ് അബ്ദി റസാഖ്:18747)
സാഹിറിനെ വധിക്കേണ്ടതില്ല എന്ന അഭിപ്രായമല്ല ഉഥ്മാന്‍-رَضِيَ اللَّهُ عَنْهُ-വിന്റെ എതിര്‍പ്പിന് കാരണമായത്. മറിച്ച് താന്‍ അധികാരത്തിലിരിക്കെ അനുവാദം ചോദിക്കാതെ ഹഫ്സ -رَضِيَ اللَّهُ عَنْهَا- അവരെ കൊന്നു കളഞ്ഞതാണ് ഉഥ്മാന്‍ -رَضِيَ اللَّهُ عَنْهُ- എതിര്‍ത്തത് എന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്.
عَنْ جُنْدُبٍ أَنَّهُ قَالَ : « حَدُّ السَّاحِرِ ضَرْبُهُ بِالسَّيْفِ »
ജുന്‍ദുബ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “സാഹിറിനുള്ള ശിക്ഷ വാളു കൊണ്ട് വധിച്ചു കളയലാണ്.” (ഇബ്‌നു കഥീര്‍:1/538, അല്‍-കബാഇര്‍: 104, പ്രസ്തുത വാചകം നബി-ﷺ-യിലേക്ക് ചേര്‍ത്ത് പറയപ്പെട്ടിട്ടുള്ളത് (തിര്‍മിദി:1460) ദുര്‍ബലമാണ്)
പറയുക മാത്രമല്ല, അപ്രകാരം പ്രവര്‍ത്തിക്കുക കൂടി ചെയ്ത സ്വഹാബിയാണ് ജുന്‍ദുബ് -رَضِيَ اللَّهُ عَنْهُ-. വലീദ് ബ്നു ഉഖ്ബയുടെ കാലത്ത് അദ്ദേഹത്തിന്റെ സന്നിധിയില്‍ ചില വിദ്യകള്‍ കാണിച്ചിരുന്ന ഒരുത്തനുണ്ടായിരുന്നു. അയാള്‍ ഒരു മനുഷ്യന്റെ കഴുത്ത് ഛേദിക്കുന്നതായി കാണിക്കുകയും, ശേഷം ശിരസ്സിലേക്ക് തിരിച്ച് വെക്കുകയും ചെയ്യുമായിരുന്നു. ഇത് കണ്ടപ്പോള്‍ ജനങ്ങള്‍ പറഞ്ഞു: “സുബ്ഹാനല്ലാഹ്! ഇയാള്‍ മരിച്ചവരെ ജീവിപ്പിക്കുന്നു.”
മുഹാജിറുകളില്‍ പെട്ട ഒരാള്‍ ഇത് കണ്ടു. അടുത്ത ദിവസവും തന്റെ വാളുമായി വന്ന് താന്‍ കാണിക്കാറുണ്ടായിരുന്ന ആ വിദ്യ അയാള്‍ പ്രദര്‍ശിപ്പിക്കാന്‍ ആരംഭിച്ചു. അപ്പോള്‍ (മുഹാജിറുകളില്‍ പെട്ട) ആ വ്യക്തി വാള്‍ പിടിച്ചു വാങ്ങി സാഹിറിന്റെ തല തന്നെ ഛേദിച്ചു! ശേഷം അദ്ദേഹം പറഞ്ഞു: “അവന്‍ സത്യവാനാണെങ്കില്‍ സ്വന്തത്തെ ജീവിപ്പിക്കട്ടെ!”
വലീദ് ബ്നു ഉഖ്ബഃ ഈ പ്രവര്‍ത്തനത്തില്‍ ദേഷ്യം പിടിക്കുകയും, തന്നോട് സമ്മതം ചോദിക്കാതെ അയാളെ കൊന്നതിന്റെ പേരില്‍ കുറച്ച് നാള്‍ അദ്ദേഹത്തെ കാരാഗൃഹത്തില്‍ അടക്കുകയും ചെയ്തു. ആ സ്വഹാബി ജുന്‍ദുബ് -رَضِيَ اللَّهُ عَنْهُ- ആയിരുന്നു എന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. (ഇബ്‌നു കഥീര്‍:1/538, അല്‍-ഇസാബ:1/251)
അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ വാക്കുകളിലും സിഹ്റിനും സാഹിറിനുമെതിരെയുള്ള അനേകം വാക്കുകള്‍ കണ്ടെത്താന്‍ സാധിക്കും. ചിലത് താഴെ കൊടുക്കുന്നു.
قَالَ الإِمَامُ أَبُو حَنِيفَةَ : « السَّاحِرُ يُقْتَلُ إِذَا عُلِمَ أَنَّهُ سَاحِرٌ، وَلَا يُسْتَتَابُ، وَلَا يُقْبَلُ قَوْلُهُ إِنِّي أَتْرُكَ السِّحْرَ وَأَتُوبُ مِنْهُ، فَإِذَا أَقَرَّ أَنَّهُ سَاحِرٌ فَقَدْ حَلَّ دَمَهُ، وَكَذَلِكَ العَبْدُ المُسْلِمُ، وَالحُرُّ الذِّمِيُّ مَنْ أَقَرَّ مِنْهُمْ أَنَّهُ سَاحِرٌ فَقَدْ حَلَّ دَمَهُ »
ഇമാം അബൂ ഹനീഫ -رَحِمَهُ اللَّهُ- പറയുന്നു: “ഒരു വ്യക്തി സാഹിറാണെന്ന് അറിഞ്ഞാല്‍ (ഇസ്‌ലാമിക ഭരണകൂടത്തില്‍) അവന്‍ വധിക്കപ്പെടണം. (വിധി നടപ്പാക്കുന്നതില്‍) അവന്റെ തൗബ പരിഗണിക്കപ്പെടുകയില്ല. ഞാന്‍ സിഹ്ര്‍ ഒഴിവാക്കുകയും, അതില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്തു എന്ന് അവന്‍ പറഞ്ഞാലും അവന്റെ വാക്ക് പരിഗണിക്കപ്പെടുകയില്ല. താന്‍ സാഹിറാണെന്ന് അവന്‍ സമ്മതിച്ചാല്‍ തന്നെ അവന്റെ രക്തം അനുവദനീയമായി. ഇതു പോലെ തന്നെയാണ് മുസ്‌ലിം അടിമയും, ജിസ്യ നല്‍കുന്ന സ്വതന്ത്രനായ അമുസ്‌ലിമും (ദിമ്മിയ്യ്); അവരും തങ്ങള്‍ സാഹിറാണെന്ന് അംഗീകരിച്ചാല്‍ അവരുടെ രക്തം അനുവദനീയമായി.” (തഫ്സീറുസ്സ്വാബൂനി: 1/58)
قَالَ الإِمَامُ مَالِك : « السَّاحِرُ كَافِرٌ يُقْتَلُ بِالسِّحْرِ وَلَا يُسْتَتَابُ »
ഇമാം മാലിക്ക് -رَحِمَهُ اللَّهُ- പറഞ്ഞു: “സാഹിര്‍ കാഫിറാണ്; അവന്‍ സിഹ്ര്‍ ചെയ്താല്‍ അതിന്റെ പേരില്‍ അവന്‍ (ഇസ്‌ലാമിക ഭരണകൂടത്തില്‍) വധിക്കപ്പെടണം. അവന്റെ തൗബ പരിഗണിക്കപ്പെടുകയില്ല.” (ഫത്ഹുല്‍ ബാരി:10/36)
قَالَ النَّوَوِيُّ: «عَمَلُ السِّحْرِ حَرَامٌ وَهُوَ مِنَ الكَبَائِرِ بِالإِجْمَاعِ فَقَدْ عَدَّهُ النَّبِيُّ -ﷺ- مِنَ السَّبْعِ المُوبِقَاتِ»
ഇമാം നവവി -رَحِمَهُ اللَّهُ- പറയുന്നു: “സിഹ്ര്‍ ചെയ്യല്‍ ഹറാമും, വന്‍പാപങ്ങളില്‍ പെട്ടതാണെന്നുമുള്ള കാര്യത്തില്‍ ഇജ്മാഉണ്ട്. ഏഴു വന്‍പാപങ്ങളില്‍ നബി-ﷺ- സിഹ്റിനെ എണ്ണുകയും ചെയ്തിട്ടുണ്ട്.” (ശര്‍ഹുന്നവവി:14/176)
സാഹിര്‍ കാഫിറാണെന്നും, അവന്റെ സിഹ്ര്‍ കാരണം മറ്റൊരാളെ അവന്‍ വധിച്ചാലും ഇല്ലെങ്കിലും അവന്‍ വധിക്കപ്പെടണമെന്നതിലും ഇമാം അഹ്മദിന് അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ഇയാളുടെ തൗബ സ്വീകരിക്കപ്പെടുമോ ഇല്ലേ എന്നതില്‍ അദ്ദേഹത്തില്‍ നിന്ന് രണ്ട് അഭിപ്രായങ്ങള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (തഫ്സീറുല്‍ ആലൂസി:1/340)
വല്ലാഹു അഅ്ലം.
وَكُلُّ مَا فِي هَذِهِ الرِّسَالَةِ مِنَ الصَّوَابِ فَمِنَ اللَّهِ وَحْدَهُ
وَمَا فِيهِ مِنَ الأَخْطَاءِ وَالزَّلَّاتِ فَمِنِّي وَمِنَ الشَّيْطَانِ
فَأَرْجُو مِمَّنْ وَجَدَ شَيْئًا مِنْهَا التَّنْبِيهَ وَالنَّصِيحَةَ، وَلَهُ مِنِّي خَالِصُ الدُّعَاءِ وَالشُّكْرِ.
وَاللَّهُ المُوَفِّقُ لِكُلِّ مَا يُحِبُّهُ وَيَرْضَاهُ، وَهُوَ السَّمِيعُ البَصِيرُ، الرَّحِيمُ الغَفُورُ.
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.
جَمَعَهُ الفَقِيرُ إِلَى عَفْوِ رَبِّهِ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ
-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-