ഏതൊരു മുസ്‌ലിമിന്റെയും മനസ്സില്‍ നീറുന്ന വേദനയായി നിലകൊള്ളുകയാണ് ‘ശാം’ (സിറിയ). ദുരിതങ്ങളും വേദനകളും, അലറുന്ന ബോംബുകളും മിസൈലുകളും നിത്യകാഴ്ച്ചകളായ ഒരു സമൂഹത്തിന് പ്രതീക്ഷയേകുന്ന അനേകം വാക്കുകള്‍ നമ്മുടെ നബി -ﷺ- വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയിരിക്കുന്നു. അതിലൊന്നാണ് ‘മല്‍ഹമതുല്‍ കുബ്റ’യെ കുറിച്ചുള്ള അവിടുത്തെ ഹദീസുകള്‍.

നസ്വ്റാനികളുമായി മുസ്‌ലിംകള്‍ സന്ധിയിലേര്‍പ്പെടുകയും, അവരുടെ ഒരു പൊതുശത്രുവിനെതിരെ യുദ്ധം ചെയ്യുമെന്നും, അല്ലാഹുവിന്റെ സഹായം അവര്‍ക്ക് ലഭിക്കുമെന്നും നബി -ﷺ- അവിടുത്തെ ഹദീസുകളിലൂടെ അറിയിച്ചു. സമകാലിക സാഹചര്യങ്ങളെ വിലയിരുത്തി കൊണ്ട് ചിലര്‍ അതിന് വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ തുനിഞ്ഞിരിക്കുന്നു.

അമേരിക്കയുമായി മുസ്‌ലിംകള്‍ സന്ധിയിലേര്‍പ്പെടുകയും, നമ്മുടെയും അവരുടെയും പൊതുശത്രുവായ റഷ്യക്കും  സിറിയയിലെ നുസ്വൈരികള്‍ക്കും, അവരെ പിന്തുണക്കുന്ന ശിയാക്കള്‍ക്കുമെതിരെയാണ്‌ ഈ യുദ്ധം എന്ന നിലക്കുള്ള വ്യാഖ്യാനങ്ങള്‍ വ്യാപകമായിരിക്കുന്നു. ഹദീസുകള്‍ മനസ്സിലാക്കുന്നതിലുള്ള പാകപ്പിഴകളാണ് ഇത്തരം വിശദീകരണങ്ങള്‍ക്ക് പിന്നിലെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്ന മനോഹരമായ ഒരു ലേഖനമാണ് ‘അഹ്ദാസു സൂരിയ വ ഇര്‍ഹാസ്വാതുല്‍ മല്‍ഹമതില്‍ കുബ്റ’ എന്ന ശൈഖ് സലീം ബ്നു ഈദ് അല്‍-ഹിലാലിയുടെ -ഹഫിദഹുല്ലാഹ്- ലേഖനം.

എന്താണ് ‘മല്‍ഹമതുല്‍ കുബ്റ’?

എന്തെല്ലാമാണ് അതിന്റെ തുടക്കത്തില്‍ സംഭവിക്കുക?

സമകാലിക സംഭവ വികാസങ്ങളും ഈ ഹദീസുകളും തമ്മിലുള്ള ബന്ധമെന്താണ്?

ശാമില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ ഭാവിയും വര്‍ത്തമാനവുമെന്ത്?

അനേകം സുപ്രധാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ ലേഖനം. അല്ലാഹു -تَعَالَى- ലേഖകനും വിവര്‍ത്തകനും ഇത് വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കും ശാമിലും ലോകത്തിന്റെ വ്യത്യസ്ത ഇടങ്ങളിലുള്ള മുസ്‌ലിമീങ്ങള്‍ക്കും വിജയവും സമാധാനവും സ്വര്‍ഗ്ഗപ്രവേശവും നല്‍കി അനുഗ്രഹിക്കട്ടെ!

ആമീന്‍!

.

സിറിയയില്‍ വേദന നിറഞ്ഞ പ്രശ്നങ്ങള്‍ നടമാടുന്നു. മതം ഒരിക്കലും അംഗീകരിക്കാത്ത, ബുദ്ധിയുള്ള ഒരാള്‍ക്കും യോജിക്കാനാകാത്ത, ഒരു സമൂഹത്തിനും സമ്മതിക്കാനാകാത്ത ഗുരുതരമായ പ്രശ്നങ്ങള്‍..!

പ്രശ്നങ്ങള്‍ അവിടെ തുടര്‍ക്കഥയായിരിക്കുന്നു..!

രക്തപ്പുഴകള്‍ ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു..!

പരിശുദ്ധമായ ആ ഭൂമിയില്‍ ഇതു പോലുള്ള അനേകം കുഴപ്പങ്ങളും പരീക്ഷണങ്ങളും ഇനിയും നടക്കാനിരിക്കുന്നു; ഇസ്‌ലാമിന്റെ ഭാവിയുമായി അഭേദ്യ ബന്ധമുണ്ട് അവക്കെല്ലാം.

ഈ വിഷയത്തില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ അധികരിച്ചിരിക്കുന്നു. അവസാന കാലഘട്ടത്തില്‍ റോമക്കാരുമായി ചേര്‍ന്ന് നടക്കാനിരിക്കുന്ന സംഭവവികാസങ്ങളുമായി ഇതിനുള്ള ബന്ധം എന്താണെന്ന ചോദ്യം പലരും പലയിടങ്ങളില്‍ നിന്നായി ഉന്നയിച്ചു കൊണ്ടേയിരിക്കുന്നു.

പക്ഷേ ഈ ചോദ്യത്തിന് പിന്നിലുള്ള കാരണങ്ങള്‍ വ്യത്യസ്തമാണ്…! അതിന്റെ പിന്തുടര്‍ന്ന് വരുന്ന അഭിപ്രായങ്ങളാകട്ടെ കളവുകളും..! ഈ വിഷയത്തില്‍ സംസാരിക്കുന്നവരില്‍ ചിലര്‍ കേവല വൈകാരികതയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സംസാരിക്കുന്നത്..!  മറ്റു ചിലരാകട്ടെ, യാതൊരു അടിസ്ഥാനങ്ങളും പാലിക്കാതെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നത്..!  വേറെ ചിലരാകട്ടെ; അവ്യക്തതയില്‍ കിടന്നുഴലുകയാണ്..!  കളവുകള്‍ പടച്ചു വിടുന്നവരും, സ്വന്തം ബുദ്ധിയില്‍ വഞ്ചിതരായ വിവരമില്ലാത്ത റുവയ്ബിദ്വതുകള്‍ (വിവരമില്ലാതെ പൊതുമുസ്‌ലിം സമൂഹത്തിന്റെ കാര്യത്തില്‍ സംസാരിക്കുന്നവര്‍) വേറെയും. അതിനിടയില്‍ കാര്യങ്ങള്‍ കൂടിക്കലര്‍ന്ന്, വാര്‍ത്തകള്‍ അറിയാന്‍ കഴിയാതെ നിശബ്ദത പാലിക്കുന്ന ചിലരും..!

ഇവരെല്ലാം യഥാര്‍ഥത്തില്‍ നബി -ﷺ- യുടെ ഹദീഥുകളില്‍ വന്ന പ്രവചനങ്ങളെ യാതൊരു അവധാനതയും കൂടാതെ, വിഷയത്തില്‍ വ്യക്തതയില്ലാതെ, വൈജ്ഞാനികമായ മര്യാദകള്‍ പാലിക്കാതെ ആധുനിക സംഭവ വികാസങ്ങളിലേക്ക് ചേര്‍ത്തു വെക്കാന്‍ ശ്രമിക്കുകയാണ്.

ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ, വരും ദിവസങ്ങളില്‍ ശാമില്‍ സംഭവിക്കുമെന്ന് നബി -ﷺ- അറിയിച്ച കുഴപ്പങ്ങളും പരീക്ഷണങ്ങളും വിശദീകരിച്ചു മനസ്സിലാക്കല്‍ അനിവാര്യമാണ്.

(തുടര്‍ന്നു വായിക്കുക: ‘മല്‍ഹമതുല്‍ കുബ്റ സംഭവിക്കുന്നതിന് മുന്‍പ് നടക്കാനിരിക്കുന്ന അടയാളങ്ങള്‍)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • വ അലൈക്കസ്സല്ലാം വ റഹ്മതുല്ലാഹി വ ബറകാതുഹു.

    ഇന്‍ഷാ അല്ലാഹ്. അടുത്ത് തന്നെ ആരംഭിക്കും. നിര്‍ദേശത്തിന് നന്ദി.

Leave a Comment