ഏതൊരു മുസ്‌ലിമിന്റെയും മനസ്സില്‍ നീറുന്ന വേദനയായി നിലകൊള്ളുകയാണ് ‘ശാം’ (സിറിയ). ദുരിതങ്ങളും വേദനകളും, അലറുന്ന ബോംബുകളും മിസൈലുകളും നിത്യകാഴ്ച്ചകളായ ഒരു സമൂഹത്തിന് പ്രതീക്ഷയേകുന്ന അനേകം വാക്കുകള്‍ നമ്മുടെ നബി -ﷺ- വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയിരിക്കുന്നു. അതിലൊന്നാണ് ‘മല്‍ഹമതുല്‍ കുബ്റ’യെ കുറിച്ചുള്ള അവിടുത്തെ ഹദീസുകള്‍.

നസ്വാറാക്കളുമായി മുസ്‌ലിംകള്‍ സന്ധിയിലേര്‍പ്പെടുകയും, അവരുടെ ഒരു പൊതുശത്രുവിനെതിരെ യുദ്ധം ചെയ്യുമെന്നും, അല്ലാഹുവിന്റെ സഹായം അവര്‍ക്ക് ലഭിക്കുമെന്നും നബി -ﷺ- അവിടുത്തെ ഹദീസുകളിലൂടെ അറിയിച്ചു. സമകാലിക സാഹചര്യങ്ങളെ വിലയിരുത്തി കൊണ്ട് ചിലര്‍ അതിന് വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ തുനിഞ്ഞിരിക്കുന്നു. അമേരിക്കയുമായി മുസ്‌ലിംകള്‍ സന്ധിയിലേര്‍പ്പെടുകയും, നമ്മുടെയും അവരുടെയും പൊതുശത്രുവായ റഷ്യക്കും  സിറിയയിലെ നുസ്വൈരികള്‍ക്കും, അവരെ പിന്തുണക്കുന്ന ശിയാക്കള്‍ക്കുമെതിരെയാണ്‌ ഈ യുദ്ധം എന്ന നിലക്കുള്ള വ്യാഖ്യാനങ്ങള്‍ വ്യാപകമായിരിക്കുന്നു.

ഹദീസുകള്‍ മനസ്സിലാക്കുന്നതിലുള്ള പാകപ്പിഴകളാണ് ഇത്തരം വിശദീകരണങ്ങള്‍ക്ക് പിന്നിലെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്ന മനോഹരമായ ഒരു ലേഖനമാണ് ‘അഹ്ദാസു സൂരിയ വ ഇര്‍ഹാസ്വാതുല്‍ മല്‍ഹമതില്‍ കുബ്റ’ എന്ന തലക്കെട്ടിൽ ശൈഖ് സലീം ബ്നു ഈദ് അല്‍-ഹിലാലി -ഹഫിദഹുല്ലാഹ്- എഴുതിയ ലേഖനം.

എന്താണ് ‘മല്‍ഹമതുല്‍ കുബ്റ’?

എന്തെല്ലാമാണ് അതിന്റെ തുടക്കത്തില്‍ സംഭവിക്കുക?

സമകാലിക സംഭവ വികാസങ്ങളും ഈ ഹദീസുകളും തമ്മിലുള്ള ബന്ധമെന്താണ്?

ശാമില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ ഭാവിയും വര്‍ത്തമാനവുമെന്ത്?

അനേകം സുപ്രധാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ ലേഖനം. അല്ലാഹു -تَعَالَى- ലേഖകനും വിവര്‍ത്തകനും ഇത് വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കും ശാമിലും ലോകത്തിന്റെ വ്യത്യസ്ത ഇടങ്ങളിലുള്ള മുസ്‌ലിമീങ്ങള്‍ക്കും വിജയവും സമാധാനവും സ്വര്‍ഗ്ഗപ്രവേശവും നല്‍കി അനുഗ്രഹിക്കട്ടെ!

ആമീന്‍!

.

സിറിയയില്‍ വേദന നിറഞ്ഞ പ്രശ്നങ്ങള്‍ നടമാടുന്നു. മതം ഒരിക്കലും അംഗീകരിക്കാത്ത, ബുദ്ധിയുള്ള ഒരാള്‍ക്കും യോജിക്കാനാകാത്ത, ഒരു സമൂഹത്തിനും സമ്മതിക്കാനാകാത്ത ഗുരുതരമായ പ്രശ്നങ്ങള്‍..!

കുഴപ്പങ്ങൾ അവിടെ തുടര്‍ക്കഥയായിരിക്കുന്നു..! രക്തപ്പുഴകള്‍ ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു..! പരിശുദ്ധമായ ആ ഭൂമിയില്‍ ഇതു പോലുള്ള അനേകം കുഴപ്പങ്ങളും പരീക്ഷണങ്ങളും ഇനിയും നടക്കാനിരിക്കുന്നു; ഇസ്‌ലാമിന്റെ ഭാവിയുമായി അഭേദ്യ ബന്ധമുണ്ട് അവക്കെല്ലാം.

ഈ വിഷയത്തില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ അധികരിച്ചിരിക്കുന്നു. അവസാന കാലഘട്ടത്തില്‍ റോമക്കാരുമായി ചേര്‍ന്ന് നടക്കാനിരിക്കുന്ന സംഭവവികാസങ്ങളുമായി ഇതിനുള്ള ബന്ധം എന്താണെന്ന സംശയം പലരും പലയിടങ്ങളില്‍ നിന്നായി ഉന്നയിച്ചു കൊണ്ടേയിരിക്കുന്നു.

പക്ഷേ ഈ ചോദ്യത്തിന് പിന്നിലുള്ള കാരണങ്ങള്‍ വ്യത്യസ്തമാണ്..! അതിന്റെ പിന്തുടര്‍ന്ന് വരുന്ന അഭിപ്രായങ്ങളാകട്ടെ കളവുകളും..! ഈ വിഷയത്തില്‍ സംസാരിക്കുന്നവരില്‍ ചിലര്‍ കേവല വൈകാരികതയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സംസാരിക്കുന്നത്..!  മറ്റു ചിലരാകട്ടെ, യാതൊരു അടിസ്ഥാനങ്ങളും പാലിക്കാതെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നത്..!  വേറെ ചിലരാകട്ടെ; അവ്യക്തതയില്‍ കിടന്നുഴലുകയാണ്..!  കളവുകള്‍ പടച്ചു വിടുന്നവരും, സ്വന്തം ബുദ്ധിയില്‍ വഞ്ചിതരായ വിവരമില്ലാത്ത റുവയ്ബിദ്വതുകള്‍ (വിവരമില്ലാതെ മുസ്‌ലിം പൊതുസമൂഹത്തിന്റെ കാര്യത്തില്‍ സംസാരിക്കുന്നവര്‍) വേറെയും. അതിനിടയില്‍ കാര്യങ്ങള്‍ കൂടിക്കലര്‍ന്ന്, വാര്‍ത്തകള്‍ അറിയാന്‍ കഴിയാതെ നിശബ്ദത പാലിക്കുന്ന ചിലരും..!

ഇവരെല്ലാം യഥാര്‍ഥത്തില്‍ നബി -ﷺ- യുടെ ഹദീഥുകളില്‍ വന്ന പ്രവചനങ്ങളെ യാതൊരു അവധാനതയും കൂടാതെ, വിഷയത്തില്‍ വ്യക്തതയില്ലാതെ, വൈജ്ഞാനികമായ മര്യാദകള്‍ പാലിക്കാതെ ആധുനിക സംഭവ വികാസങ്ങളിലേക്ക് ചേര്‍ത്തു വെക്കാന്‍ ശ്രമിക്കുകയാണ്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ, വരും ദിവസങ്ങളില്‍ ശാമില്‍ സംഭവിക്കുമെന്ന് നബി -ﷺ- അറിയിച്ച കുഴപ്പങ്ങളും പരീക്ഷണങ്ങളും വിശദീകരിച്ചു മനസ്സിലാക്കല്‍ അനിവാര്യമാണ്.

‘മല്‍ഹമതുല്‍ കുബ്റാഃ സംഭവിക്കുന്നതിന് മുന്‍പ് നടക്കാനിരിക്കുന്ന അടയാളങ്ങള്‍

1- മദീനയുടെ തകര്‍ച്ച:

عَنْ مُعَاذِ بْنِ جَبَلٍ قَالَ قَالَ رَسُولُ اللَّهِ -ﷺ-: «عُمْرَانُ بَيْتِ الْمَقْدِسِ خَرَابُ يَثْرِبَ وَخَرَابُ يَثْرِبَ خُرُوجُ الْمَلْحَمَةِ وَخُرُوجُ الْمَلْحَمَةِ فَتْحُ قُسْطَنْطِينِيَّةَ وَفَتْحُ الْقُسْطَنْطِينِيَّةِ خُرُوجُ الدَّجَّالِ»

മുആദു ബ്നു ജബല്‍ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ബയ്തുല്‍ മുഖദ്ദസ് (ധാരാളം ആളുകളാലും സമ്പാദ്യം കൊണ്ടും) പരിചരിക്കപ്പെടുക എന്നത് യഥ്രിബിന്റെ (മദീനയുടെ) തകര്‍ച്ചയാണ്. മദീനയുടെ തകര്‍ച്ച ‘മല്‍ഹമ’യുടെ തുടക്കമാണ്. ‘മല്‍ഹമ’യുടെ ആരംഭം കോണ്‍സ്റ്റന്‍റനോപ്പിള്‍ വിജയിച്ചടക്കലാണ്. കോണ്‍സ്റ്റന്‍റനോപ്പിള്‍ വിജയിച്ചടക്കല്‍ ദജ്ജാലിന്റെ പുറപ്പാടാണ്.” (അബൂദാവൂദ്: 4294)

കോണ്‍സ്റ്റന്‍റനോപ്പിള്‍ പട്ടണം; ചിത്രങ്ങളിലൂടെ…

[URIS id=1549]

2- ജസീറതുല്‍ അറബും പേര്‍ഷ്യയും മുസ്‌ലിംകള്‍ വിജയിച്ചടക്കല്‍:

عَنْ جَابِرِ بْنِ سَمُرَةَ، عَنْ نَافِعِ بْنِ عُتْبَةَ، قَالَ: كُنَّا مَعَ رَسُولِ اللَّهِ -ﷺ- فِي غَزْوَةٍ، قَالَ: فَأَتَى النَّبِيَّ -ﷺ- قَوْمٌ مِنْ قِبَلِ الْمَغْرِبِ، عَلَيْهِمْ ثِيَابُ الصُّوفِ، فَوَافَقُوهُ عِنْدَ أَكَمَةٍ، فَإِنَّهُمْ لَقِيَامٌ وَرَسُولُ اللَّهِ -ﷺ- قَاعِدٌ، قَالَ: فَقَالَتْ لِي نَفْسِي: ائْتِهِمْ فَقُمْ بَيْنَهُمْ وَبَيْنَهُ لَا يَغْتَالُونَهُ، قَالَ: ثُمَّ قُلْتُ: لَعَلَّهُ نَجِيٌّ مَعَهُمْ، فَأَتَيْتُهُمْ فَقُمْتُ بَيْنَهُمْ وَبَيْنَهُ، قَالَ: فَحَفِظْتُ مِنْهُ أَرْبَعَ كَلِمَاتٍ، أَعُدُّهُنَّ فِي يَدِي، قَالَ: «تَغْزُونَ جَزِيرَةَ الْعَرَبِ فَيَفْتَحُهَا اللَّهُ، ثُمَّ فَارِسَ فَيَفْتَحُهَا اللَّهُ، ثُمَّ تَغْزُونَ الرُّومَ فَيَفْتَحُهَا اللَّهُ، ثُمَّ تَغْزُونَ الدَّجَّالَ فَيَفْتَحُهُ اللَّهُ» فَقَالَ نَافِعٌ: يَا جَابِرُ، لَا نَرَى الدَّجَّالَ يَخْرُجُ، حَتَّى تُفْتَحَ الرُّومُ.

നാഫിഉ ബ്നു ഉത്ബഃ പറഞ്ഞു: ഞങ്ങള്‍ ഒരു യുദ്ധത്തില്‍ നബി -ﷺ- യോടൊപ്പമായിരുന്നു. അപ്പോള്‍ (മദീനയുടെ) പടിഞ്ഞാറു ഭാഗത്ത് നിന്ന് ഒരു വിഭാഗം ആളുകള്‍ നബി -ﷺ- യുടെ അരികില്‍ വന്നു. അവര്‍ കമ്പിളി കൊണ്ടുള്ള വസ്ത്രമാണ് ധരിച്ചിട്ടുള്ളത്. ഒരു ഉയര്‍ന്ന സ്ഥലത്ത് നബി -ﷺ- യുമായി അവര്‍ സന്ധിച്ചു. നബി -ﷺ- ഇരിക്കുകയും അവര്‍ നില്‍ക്കുകയുമാണ്.

അപ്പോള്‍ ഞാന്‍ എന്റെ മനസ്സില്‍ പറഞ്ഞു: “നീ അവരുടെ അടുക്കല്‍ ചെല്ലുക. എന്നിട്ട് നബി -ﷺ- ക്കും അവര്‍ക്കും ഇടയില്‍ നിലയുറപ്പിക്കുക. ചിലപ്പോള്‍ അവര്‍ റസൂലുല്ലയെ വഞ്ചനയില്‍ പെടുത്തിയേക്കാം.” പിന്നീട് എനിക്ക് തോന്നി അവര്‍ രഹസ്യം പറയുകയായിരിക്കുമെന്ന്. (എന്തായാലും) ഞാന്‍ നബി -ﷺ- യുടെയും അവരുടെയും ഇടയില്‍ പോയി നിന്നു.

അന്ന് നാല് വാക്കുകള്‍ നബി -ﷺ- യില്‍ നിന്ന് ഞാന്‍ മനപാഠമാക്കി; കൈ കൊണ്ട് അവ എനിക്ക് എണ്ണിപ്പറയാന്‍ കഴിയും. നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ അറബ് ഉപദ്വീപിനോട് നിങ്ങള്‍ യുദ്ധം ചെയ്യും; അത് അല്ലാഹു നിങ്ങള്‍ക്ക് വിജയിപ്പിച്ചു നല്‍കും. പിന്നീട് പേര്‍ഷ്യക്കാരോട് നിങ്ങള്‍ യുദ്ധം ചെയ്യും; അതും അല്ലാഹു നിങ്ങള്‍ക്ക് വിജയിപ്പിച്ചു നല്‍കും. പിന്നീട് റോമക്കാരോട് നിങ്ങള്‍ യുദ്ധം ചെയ്യും; അതും അല്ലാഹു നിങ്ങള്‍ക്ക് വിജയിപ്പിച്ചു നല്‍കും. പിന്നീട് ദജ്ജാലിനോട് നിങ്ങള്‍ യുദ്ധം ചെയ്യും; അവനെയും നിങ്ങള്‍ക്ക് അല്ലാഹു കീഴ്പ്പെടുത്തി നല്‍കും.”

ഹദീഥിന്റെ നിവേദകന്മാരിലൊരാളായ നാഫിഅ് -رَحِمَهُ اللَّهُ- സ്വഹാബിയായ ജാബിര്‍ -رَضِيَ اللَّهُ عَنْهُ- വിനോട് പറഞ്ഞു: “ഹേ ജാബിര്‍! റോമക്കാര്‍ (മുസ്‌ലിംകളാല്‍) കീഴടക്കപ്പെടുന്നത് വരെ ദജ്ജാല്‍ പുറപ്പെടുകയില്ലെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. (മുസ്‌ലിം: 2900)

3- നിര്‍ഭയത്വം നല്‍കുന്ന സമാധാനകരാര്‍ മുസ്‌ലിമീങ്ങള്‍ക്കും റോമക്കാര്‍ക്കും ഇടയില്‍ സംഭവിക്കലും, റോമക്കാര്‍ മുസ്‌ലിമീങ്ങളെ ചതിക്കലും. റോമക്കാരെന്നത് കൊണ്ട് ഉദ്ദേശം നസ്വാറാക്കളാണ്; ഇക്കാലഘട്ടത്തില്‍ യൂറോപ്പും അമേരിക്കയും.

عَنْ ذِي مِخْمَرٍ، عَنِ النَّبِيِّ -ﷺ- قَالَ: «تُصَالِحُونَ الرُّومَ صُلْحًا آمِنًا، وَتَغْزُونَ أَنْتُمْ وَهُمْ عَدُوًّا مِنْ وَرَائِهِمْ، فَتَسْلَمُونَ وَتَغْنَمُونَ، ثُمَّ تَنْزِلُونَ بِمَرْجٍ ذِي تُلُولٍ، فَيَقُومُ رَجُلٌ مِنَ الرُّومِ، فَيَرْفَعُ الصَّلِيبَ، وَيَقُولُ: أَلَا غَلَبَ الصَّلِيبُ، فَيَقُومُ إِلَيْهِ رَجُلٌ مِنَ الْمُسْلِمِينَ فَيَقْتُلُهُ، فَعِنْدَ ذَلِكَ تَغْدِرُ الرُّومُ وَتَكُونُ الْمَلَاحِمُ، فَيَجْتَمِعُونَ إِلَيْكُمْ، فَيَأْتُونَكُمْ فِي ثَمَانِينَ غَايَةً، مَعَ كُلِّ غَايَةٍ عَشْرَةُ آلَافٍ»

… ദീ മഖ്മര്‍ നിവേദനം: നബി -ﷺ- പറയുന്നത് ഞാന്‍ കേട്ടു: “നിങ്ങള്‍ റോമക്കാരുമായി സമാധാനക്കരാറില്‍ ഏര്‍പ്പെടും. പിന്നീട് നിങ്ങളും അവരും നിങ്ങളുടെയും അവരുടെയും പിന്നിലുള്ള ഒരു ശത്രുവിനോട് യുദ്ധം ചെയ്യും. അങ്ങനെ നിങ്ങള്‍ വിജയിക്കുകയും, യുദ്ധാര്‍ജ്ജിത സ്വത്ത് നേടുകയും ചെയ്യും.

പിന്നീട് ഉയരമുള്ള ഒരു പ്രദേശത്ത് നിങ്ങള്‍ തമ്പടിക്കും. അപ്പോള്‍ റോമക്കാരില്‍ പെട്ട ഒരാള്‍ കുരിശ് ഉയര്‍ത്തിക്കൊണ്ട് പറയും: കുരിശാണ് വിജയിച്ചത്. മുസ്‌ലിമീങ്ങളില്‍ നിന്നൊരാള്‍ എഴുന്നേറ്റ് അയാളുടെ കഥ കഴിക്കും. അപ്പോള്‍ റോമക്കാര്‍ നിങ്ങളെ വഞ്ചിക്കും. അതോടു കൂടി ‘മല്‍ഹമ’യുണ്ടാകും. അവര്‍ നിങ്ങള്‍ക്കെതിരെ ഒരുമിക്കും. എണ്‍പത് കൊടിക്കൂറകള്‍ക്ക് കീഴില്‍ അവര്‍ നിങ്ങള്‍ക്കെതിരെ (യുദ്ധത്തിന്) വരും. ഓരോ കൊടിക്കൂറക്ക് കീഴിലും പതിനായിരം പേരുണ്ടായിരിക്കും.” (അഹ്മദ്: 4/91, അബൂദാവൂദ്: 4292, ഇബ്‌നു മാജ: 4089)

عَنْ عَوْفِ بْنِ مَالِكٍ، قَالَ: أَتَيْتُ النَّبِيَّ -ﷺ- فِي غَزْوَةِ تَبُوكَ وَهُوَ فِي قُبَّةٍ مِنْ أَدَمٍ، فَقَالَ: «اعْدُدْ سِتًّا بَيْنَ يَدَيِ السَّاعَةِ: مَوْتِي، ثُمَّ فَتْحُ بَيْتِ المَقْدِسِ، ثُمَّ مُوْتَانٌ يَأْخُذُ فِيكُمْ كَقُعَاصِ الغَنَمِ، ثُمَّ اسْتِفَاضَةُ المَالِ حَتَّى يُعْطَى الرَّجُلُ مِائَةَ دِينَارٍ فَيَظَلُّ سَاخِطًا، ثُمَّ فِتْنَةٌ لاَ يَبْقَى بَيْتٌ مِنَ العَرَبِ إِلَّا دَخَلَتْهُ، ثُمَّ هُدْنَةٌ تَكُونُ بَيْنَكُمْ وَبَيْنَ بَنِي الأَصْفَرِ، فَيَغْدِرُونَ فَيَأْتُونَكُمْ تَحْتَ ثَمَانِينَ غَايَةً، تَحْتَ كُلِّ غَايَةٍ اثْنَا عَشَرَ أَلْفًا»

ഔഫ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: തബൂക് യുദ്ധ സമയത്ത് ഞാന്‍ നബി -ﷺ- യുടെ അരികില്‍ ചെന്നു. മൃഗത്തോലുകള്‍ കൊണ്ടുണ്ടാക്കിയ ഒരു ഖുബ്ബയുടെ മേലായിരുന്നു അവിടുന്ന് നിന്നിരുന്നത്.

നബി -ﷺ- പറഞ്ഞു: “അന്ത്യനാളിന് മുന്‍പായി ആറു കാര്യങ്ങള്‍ നീ എണ്ണിക്കൊള്ളുക.

എന്റെ മരണം.

പിന്നീട് ബയ്തുല്‍ മുഖദ്ദസിന്റെ വിജയം.

പിന്നീട് വ്യാപകമായ മരണമുണ്ടാകും; ഒട്ടകങ്ങള്‍ പൊടുന്നനെ മരണപ്പെടുന്ന ഒരു രോഗം ബാധിക്കുന്നത് പോലെ അത് നിങ്ങളെ പിടികൂടും.

പിന്നീട് സമ്പത്ത് നിങ്ങള്‍ക്കിടയില്‍ ഒഴുകും; ഒരാള്‍ക്ക് നൂറു ദീനാറുകള്‍ നല്‍കിയാല്‍ അയാള്‍ക്ക് ദേഷ്യമുണ്ടാകുന്നത്ര (സമ്പത്ത് വ്യാപിക്കും).

പിന്നീട് ഒരു ഫിത്നയുണ്ടാകും; അറബികളില്‍ ഒരു വീടും അത് പ്രവേശിക്കാതെയുണ്ടാകില്ല.

പിന്നീട് നിങ്ങള്‍ക്കും റോമക്കാര്‍ക്കുമിടയില്‍ ഒരു സമാധാനകരാര്‍ ഉണ്ടാകും; പക്ഷേ അവര്‍ നിങ്ങളെ വഞ്ചിക്കും. എണ്‍പത് കൊടിക്കൂറകള്‍ക്ക് കീഴില്‍ അവര്‍ നിങ്ങള്‍ക്കെതിരെ വരും; ഓരോ കൊടിക്കൂറക്ക് കീഴിലും പന്ത്രണ്ടായിരം പേരുണ്ടായിരിക്കും.” (ബുഖാരി: 3176)

‘മല്‍ഹമ’യുടെ ദിനങ്ങളില്‍ മുസ്‌ലിമീങ്ങളുടെ കോട്ട എവിടെയായിരിക്കും?

عَنْ أَبِى الدَّرْدَاءِ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «إِنَّ فُسْطَاطَ الْمُسْلِمِينَ يَوْمَ الْمَلْحَمَةِ بِالْغُوطَةِ إِلَى جَانِبِ مَدِينَةٍ يُقَالُ لَهَا دِمَشْقُ مِنْ خَيْرِ مَدَائِنِ الشَّامِ»

അബുദ്ദര്‍ദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “‘മല്‍ഹമ’യുടെ ദിനങ്ങളില്‍ മുസ്‌ലിമീങ്ങളുടെ കോട്ട ‘ഗ്വൂത്വ’ എന്ന പ്രദേശത്തായിരിക്കും. ശാമിലെ ഏറ്റവും നല്ല പട്ടണങ്ങളിലൊന്നായ ദിമഷ്ഖ് (ഡെമസ്കസ്) എന്ന് പേരുള്ള ഒരു പട്ടണത്തിന്റെ അരികിലായിരിക്കും ‘ഗ്വൂത്വ’.” ചില നിവേദനങ്ങളില്‍ ഇപ്രകാരമുണ്ട്: “അന്നേ ദിവസം മുസ്‌ലിമീങ്ങളുടെ ഭവനങ്ങളില്‍ ഏറ്റവും നന്മയുള്ളത് അവിടെ (ഡെമസ്കസ്) ആയിരിക്കും.” (അബൂദാവൂദ്: 4298)

‘മല്‍ഹമ’യുടെ ആരംഭത്തോട് കൂടി മുസ്‌ലിമീങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ അവസാനിക്കും:

عَنْ عَوْفِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ -ﷺ-: «لَنْ يَجْمَعَ اللَّهُ عَلَى هَذِهِ الأُمَّةِ سَيْفَيْنِ سَيْفًا مِنْهَا وَسَيْفًا مِنْ عَدُوِّهَا»

മാലിക് ബ്നു ഔഫ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “അല്ലാഹു ഈ ഉമ്മത്തിനെതിരെ രണ്ട് വാളുകള്‍ ഒരുമിപ്പിക്കുകയില്ല. അതിന്റെ ഉള്ളില്‍ നിന്നും, പുറത്ത് ശത്രുക്കളില്‍ നിന്നും.” (അബൂദാവൂദ്: 4301)

അല്ലാഹുവിന്റെ സഹായം:

عَنْ أَبِي هُرَيْرَةَ قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «إِذَا وَقَعَتِ الْمَلَاحِمُ خَرَجَ بَعْثٌ مِنَ الْمَوَالِي مِنْ دِمَشْقَ، هُمْ أَكْرَمُ الْعَرَبِ فَرَسًا، وَأَجْوَدُهُ سِلَاحًا، يُؤَيِّدُ اللَّهُ بِهُمُ الدِّينَ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “‘മല്‍ഹമ’ സംഭവിച്ചാല്‍ അല്ലാഹു ഡെമസ്കസില്‍ നിന്ന് ഒരു വിഭാഗം സൈന്യത്തെ നിയോഗിക്കും. അറബികളില്‍ ഏറ്റവും നല്ല കുതരപ്പടയാളികള്‍! അവരില്‍ ഏറ്റവും നല്ല ആയുധപ്പോരാളികള്‍! അല്ലാഹു അവരെ കൊണ്ട് ദീനിന് ശക്തി നല്‍കും.” (ഹാകിം: 8646)

എങ്ങനെയാണ് ‘മല്‍ഹമ’ സംഭവിക്കുക?

عَنْ يُسَيْرِ بْنِ جَابِرٍ، قَالَ: هَاجَتْ رِيحٌ حَمْرَاءُ بِالْكُوفَةِ، فَجَاءَ رَجُلٌ لَيْسَ لَهُ هِجِّيرَى إِلَّا: يَا عَبْدَ اللَّهِ بْنَ مَسْعُودٍ جَاءَتِ السَّاعَةُ، قَالَ: فَقَعَدَ وَكَانَ مُتَّكِئًا، فَقَالَ: إِنَّ السَّاعَةَ لَا تَقُومُ، حَتَّى لَا يُقْسَمَ مِيرَاثٌ، وَلَا يُفْرَحَ بِغَنِيمَةٍ، ثُمَّ قَالَ: بِيَدِهِ هَكَذَا – وَنَحَّاهَا نَحْوَ الشَّأْمِ – فَقَالَ: عَدُوٌّ يَجْمَعُونَ لِأَهْلِ الْإِسْلَامِ، وَيَجْمَعُ لَهُمْ أَهْلُ الْإِسْلَامِ، قُلْتُ: الرُّومَ تَعْنِي؟ قَالَ: نَعَمْ، وَتَكُونُ عِنْدَ ذَاكُمُ الْقِتَالِ رَدَّةٌ شَدِيدَةٌ، فَيَشْتَرِطُ الْمُسْلِمُونَ شُرْطَةً لِلْمَوْتِ لَا تَرْجِعُ إِلَّا غَالِبَةً، فَيَقْتَتِلُونَ حَتَّى يَحْجُزَ بَيْنَهُمُ اللَّيْلُ، فَيَفِيءُ هَؤُلَاءِ وَهَؤُلَاءِ، كُلٌّ غَيْرُ غَالِبٍ، وَتَفْنَى الشُّرْطَةُ، ثُمَّ يَشْتَرِطُ الْمُسْلِمُونَ شُرْطَةً لِلْمَوْتِ، لَا تَرْجِعُ إِلَّا غَالِبَةً، فَيَقْتَتِلُونَ حَتَّى يَحْجُزَ بَيْنَهُمُ اللَّيْلُ، فَيَفِيءُ هَؤُلَاءِ وَهَؤُلَاءِ، كُلٌّ غَيْرُ غَالِبٍ، وَتَفْنَى الشُّرْطَةُ، ثُمَّ يَشْتَرِطُ الْمُسْلِمُونَ شُرْطَةً لِلْمَوْتِ، لَا تَرْجِعُ إِلَّا غَالِبَةً، فَيَقْتَتِلُونَ حَتَّى يُمْسُوا، فَيَفِيءُ هَؤُلَاءِ وَهَؤُلَاءِ، كُلٌّ غَيْرُ غَالِبٍ، وَتَفْنَى الشُّرْطَةُ، فَإِذَا كَانَ يَوْمُ الرَّابِعِ، نَهَدَ إِلَيْهِمْ بَقِيَّةُ أَهْلِ الْإِسْلَامِ، فَيَجْعَلُ اللَّهُ الدَّبْرَةَ عَلَيْهِمْ، فَيَقْتُلُونَ مَقْتَلَةً – إِمَّا قَالَ لَا يُرَى مِثْلُهَا، وَإِمَّا قَالَ لَمْ يُرَ مِثْلُهَا – حَتَّى إِنَّ الطَّائِرَ لَيَمُرُّ بِجَنَبَاتِهِمْ، فَمَا يُخَلِّفُهُمْ حَتَّى يَخِرَّ مَيْتًا، فَيَتَعَادُّ بَنُو الْأَبِ، كَانُوا مِائَةً، فَلَا يَجِدُونَهُ بَقِيَ مِنْهُمْ إِلَّا الرَّجُلُ الْوَاحِدُ، فَبِأَيِّ غَنِيمَةٍ يُفْرَحُ؟ أَوْ أَيُّ مِيرَاثٍ يُقَاسَمُ، فَبَيْنَمَا هُمْ كَذَلِكَ إِذْ سَمِعُوا بِبَأْسٍ، هُوَ أَكْبَرُ مِنْ ذَلِكَ، فَجَاءَهُمُ الصَّرِيخُ، إِنَّ الدَّجَّالَ قَدْ خَلَفَهُمْ فِي ذَرَارِيِّهِمْ، فَيَرْفُضُونَ مَا فِي أَيْدِيهِمْ، وَيُقْبِلُونَ، فَيَبْعَثُونَ عَشَرَةَ فَوَارِسَ طَلِيعَةً، قَالَ رَسُولُ اللَّهِ -ﷺ-: «إِنِّي لَأَعْرِفُ أَسْمَاءَهُمْ وَأَسْمَاءَ آبَائِهِمْ، وَأَلْوَانَ خُيُولِهِمْ، هُمْ خَيْرُ فَوَارِسَ عَلَى ظَهْرِ الْأَرْضِ يَوْمَئِذٍ – أَوْ مِنْ خَيْرِ فَوَارِسَ عَلَى ظَهْرِ الْأَرْضِ يَوْمَئِذٍ -» 

യസീര്‍ ബ്നു ജാബിര്‍ നിവേദനം: ഒരിക്കല്‍ കൂഫയില്‍ ഒരു ചുവന്ന കാറ്റ് വീശി. അപ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു: ‘ഹേ അബ്ദുല്ലാഹി ബ്നു മസ്ഊദ്! അന്ത്യനാള്‍ സംഭവിക്കാനായിരിക്കുന്നു.’ അയാളുടെ സ്ഥിരം സ്വഭാവമാണ് ഇപ്രകാരം പറഞ്ഞു കൊണ്ടിരിക്കല്‍.

ഇബ്‌നു മസ്ഊദ് കിടക്കുകയായിരുന്നു- നേരെയിരുന്നു കൊണ്ട് പറഞ്ഞു: “അനന്തരസ്വത്ത് വീതം വെക്കപ്പെടാതിരിക്കുകയും, ഗനീമത് കൊണ്ട് സന്തോഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്നത് വരെ തീര്‍ച്ചയായും അന്ത്യനാള്‍ സംഭവിക്കുകയില്ല.” പിന്നീട് -ശാമിന്റെ ഭാഗത്തേക്ക് ഇപ്രകാരം കൈ ചൂണ്ടി കൊണ്ട്- അദ്ദേഹം പറഞ്ഞു: “ഇസ്‌ലാമിനെതിരെ ശത്രു ഒരുമിക്കും. അവര്‍ക്കെതിരെ മുസ്‌ലിമീങ്ങളും ഒരുമിക്കും.”

ഞാന്‍ ചോദിച്ചു: റോമക്കാരെയാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?

അദ്ദേഹം പറഞ്ഞു: അതെ. അങ്ങനെ ആ യുദ്ധത്തില്‍ ശക്തമായ തിരിച്ചടിയുണ്ടാകും. മുസ്‌ലിമീങ്ങള്‍ ഒരു വിഭാഗത്തെ യുദ്ധത്തിന് തയ്യാറാക്കി വിടും. വിജയമില്ലാതെ മടങ്ങി വരരുതെന്ന നിശ്ചയവുമായി (അവര്‍ പുറപ്പെടും). രാത്രി അവര്‍ക്കിടയില്‍ മറയിടുന്നത് വരെ അവര്‍ യുദ്ധം ചെയ്യും. അങ്ങനെ ഇവരും (മുസ്‌ലിംകള്‍) അവരും (കാഫിറുകള്‍) മടങ്ങും. ആരും വിജയിക്കുകയില്ല. (രണ്ടു പക്ഷത്തുമുള്ള) പടയാളികളും മരണപ്പെടും.

അങ്ങനെ മുസ്‌ലിമീങ്ങള്‍ വീണ്ടും ഒരു വിഭാഗത്തെ യുദ്ധത്തിന് തയ്യാറാക്കി വിടും. വിജയമില്ലാതെ മടങ്ങി വരരുതെന്ന നിശ്ചയവുമായി (അവര്‍ പുറപ്പെടും). രാത്രി അവര്‍ക്കിടയില്‍ മറയിടുന്നത് വരെ അവര്‍ യുദ്ധം ചെയ്യും. അങ്ങനെ ഇവരും (മുസ്‌ലിംകള്‍) അവരും (കാഫിറുകള്‍) മടങ്ങും. ആരും വിജയിക്കുകയില്ല. (രണ്ടു പക്ഷത്തുമുള്ള) പടയാളികളും മരണപ്പെടും.

അങ്ങനെ മുസ്‌ലിമീങ്ങള്‍ വീണ്ടും ഒരു വിഭാഗത്തെ യുദ്ധത്തിന് തയ്യാറാക്കി വിടും. വിജയമില്ലാതെ മടങ്ങി വരരുതെന്ന നിശ്ചയവുമായി (അവര്‍ പുറപ്പെടും). വൈകുന്നേരമാകുന്നത് വരെ അവര്‍ യുദ്ധം ചെയ്യും. അങ്ങനെ ഇവരും (മുസ്‌ലിംകള്‍) അവരും (കാഫിറുകള്‍) മടങ്ങും. ആരും വിജയിക്കുകയില്ല. (രണ്ടു പക്ഷത്തുമുള്ള) പടയാളികളും മരണപ്പെടും.

അങ്ങനെ നാലാം ദിവസമായാല്‍; ബാക്കിയുള്ള മുസ്‌ലിമീങ്ങളെല്ലാം യുദ്ധത്തിന് പുറപ്പെടും. അപ്പോള്‍ അല്ലാഹു (മുസ്‌ലിമീങ്ങളെ കൊണ്ട്) റോമക്കാര്‍ക്ക് കനത്ത് നാശനഷ്ടങ്ങള്‍ വരുത്തും. ചരിത്രത്തില്‍ ഒരിക്കലും കാണപ്പെട്ടിട്ടില്ലാത്ത തരം പോരാട്ടം അവര്‍ (മുസ്‌ലിമീങ്ങള്‍) നടത്തും. അവരുടെ അടുത്തു കൂടെ ഒരു പക്ഷി പറന്നു പോയാല്‍ അത് അവരെ മറികടന്നു പോകുന്നതിന് മുന്‍പ് ചത്ത് താഴെ വീഴാതിരിക്കുകയില്ല.

(യുദ്ധം അവസാനിച്ചാല്‍) കുടുംബക്കാര്‍ (തങ്ങളോടൊപ്പം വന്നവരെ) എണ്ണിനോക്കും. നൂറു പേരുണ്ടായിരുന്നവരിൽ ഇപ്പോള്‍ ഒരാള്‍ മാത്രമാണ് ബാക്കിയായിരിക്കുന്നത്. അപ്പോള്‍ ഏതു ഗനീമത് കൊണ്ടാണ് സന്തോഷിക്കുക? ഏത് അനന്തരസ്വത്താണ് വീതം വെക്കപ്പെടുക?

അങ്ങനെ അവര്‍ ആ അവസ്ഥയില്‍ നിലകൊള്ളവെ, മുന്‍പുണ്ടായതിനെക്കാള്‍ വലിയ ഒരു ആപത്തിനെ കുറിച്ച് അവര്‍ കേള്‍ക്കും. അട്ടഹസിച്ചു കൊണ്ടൊരാള്‍ അവരുടെ അരികില്‍ വന്നു പറയും: “നിങ്ങളുടെ വീടുകളില്‍ ദജ്ജാല്‍ എത്തിയിരിക്കുന്നു.” അത് കേള്‍ക്കുന്നതോടെ തങ്ങളുടെ കൈകളിലുള്ളതെല്ലാം വിട്ടേച്ച് അവര്‍ (ദജ്ജാലിന്റെ അരികിലേക്ക്) മുന്നേറും. (വിവരങ്ങള്‍ അറിയുന്നതിനായി) പത്ത് കുതിരപ്പടയാളികളെ അവര്‍ പറഞ്ഞയക്കും.

നബി -ﷺ- പറഞ്ഞു: “തീര്‍ച്ചയായും എനിക്ക് അവരുടെയും അവരുടെ പിതാക്കളുടെയും പേരുകള്‍ അറിയാം. അവരുടെ കുതിരകളുടെ നിറവുമറിയാം. ഭൂമിയില്‍ അന്നുള്ളവരില്‍ ഏറ്റവും നല്ല കുതിരപ്പടയാളികളാണവര്‍.” (മുസ്‌ലിം: 2899)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «لَا تَقُومُ السَّاعَةُ حَتَّى يَنْزِلَ الرُّومُ بِالْأَعْمَاقِ أَوْ بِدَابِقٍ، فَيَخْرُجُ إِلَيْهِمْ جَيْشٌ مِنَ الْمَدِينَةِ، مِنْ خِيَارِ أَهْلِ الْأَرْضِ يَوْمَئِذٍ، فَإِذَا تَصَافُّوا، قَالَتِ الرُّومُ: خَلُّوا بَيْنَنَا وَبَيْنَ الَّذِينَ سَبَوْا مِنَّا نُقَاتِلْهُمْ، فَيَقُولُ الْمُسْلِمُونَ: لَا، وَاللَّهِ لَا نُخَلِّي بَيْنَكُمْ وَبَيْنَ إِخْوَانِنَا، فَيُقَاتِلُونَهُمْ، فَيَنْهَزِمُ ثُلُثٌ لَا يَتُوبُ اللَّهُ عَلَيْهِمْ أَبَدًا، وَيُقْتَلُ ثُلُثُهُمْ، أَفْضَلُ الشُّهَدَاءِ عِنْدَ اللَّهِ، وَيَفْتَتِحُ الثُّلُثُ، لَا يُفْتَنُونَ أَبَدًا فَيَفْتَتِحُونَ قُسْطَنْطِينِيَّةَ، فَبَيْنَمَا هُمْ يَقْتَسِمُونَ الْغَنَائِمَ، قَدْ عَلَّقُوا سُيُوفَهُمْ بِالزَّيْتُونِ، إِذْ صَاحَ فِيهِمِ الشَّيْطَانُ: إِنَّ الْمَسِيحَ قَدْ خَلَفَكُمْ فِي أَهْلِيكُمْ، فَيَخْرُجُونَ، وَذَلِكَ بَاطِلٌ، فَإِذَا جَاءُوا الشَّأْمَ خَرَجَ، فَبَيْنَمَا هُمْ يُعِدُّونَ لِلْقِتَالِ، يُسَوُّونَ الصُّفُوفَ، إِذْ أُقِيمَتِ الصَّلَاةُ، فَيَنْزِلُ عِيسَى ابْنُ مَرْيَمَ -ﷺ-، فَأَمَّهُمْ، فَإِذَا رَآهُ عَدُوُّ اللَّهِ، ذَابَ كَمَا يَذُوبُ الْمِلْحُ فِي الْمَاءِ، فَلَوْ تَرَكَهُ لَانْذَابَ حَتَّى يَهْلِكَ، وَلَكِنْ يَقْتُلُهُ اللَّهُ بِيَدِهِ، فَيُرِيهِمْ دَمَهُ فِي حَرْبَتِهِ»

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “റോമക്കാര്‍ അഅ്മാഖിലോ ദാബിഖിലോ (ശാമിലെ ഹലബ് എന്ന പ്രദേശത്തിന് അടുത്തുള്ള രണ്ട് സ്ഥലങ്ങളാണ് ഇവ) ഇറങ്ങുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല. അപ്പോള്‍ അവരെ നേരിടാന്‍ മദീനയില്‍ നിന്ന് ഒരു സൈന്യം പുറപ്പെടും. അന്ന് ഭൂമിയിലുള്ളവരില്‍ ഏറ്റവും നല്ലവര്‍ അവരായിരിക്കും.

അങ്ങനെ അവര്‍ മുഖാമുഖം എത്തിയാല്‍ റോമക്കാര്‍ പറയും: “ഞങ്ങളുടെ സന്താനങ്ങളെ തടവിലാക്കിയ ഇവരുമായി (ശാമിലുള്ളവര്‍) യുദ്ധം ചെയ്യുന്നതിന് ഞങ്ങളെ സമ്മതിക്കുക.” അപ്പോള്‍ മുസ്‌ലിംകള്‍ പറയും: “ഇല്ല! അല്ലാഹു സത്യം! ഞങ്ങളുടെ സഹോദരങ്ങളെ നിങ്ങള്‍ക്ക് ഞങ്ങള്‍ വിട്ടു തരികയില്ല.”

തുടര്‍ന്ന് അവര്‍ റോമക്കാരുമായി യുദ്ധം ചെയ്യും. അവരില്‍ മൂന്നിലൊരു വിഭാഗം കൊല്ലപ്പെടും; അവര്‍ക്ക് അല്ലാഹു ഒരിക്കലും പൊറുത്തു കൊടുക്കയില്ല (അവര്‍ കുഫ്റില്‍ മരണപ്പെട്ടതിനാല്‍). മൂന്നിലൊരു വിഭാഗം കൂടി കൊല്ലപ്പെടും; അവര്‍ അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠതയുള്ള ശുഹദാക്കളാണ്. മൂന്നിലൊരു വിഭാഗം; അവര്‍ക്ക് വിജയം ലഭിക്കുകയും ചെയ്യും.

അവര്‍ക്ക് പിന്നീട് ഒരു പരീക്ഷണവും ഉണ്ടാവുകയില്ല. അവര്‍ കോണ്‍സ്റ്റന്‍റനോപ്പിള്‍ കീഴടക്കും. തങ്ങളുടെ ഗനീമത് അവര്‍ വീതം വെച്ചു കൊണ്ടിരിക്കെ -അവരുടെ വാളുകള്‍ സയ്തൂന്‍ മരത്തില്‍ അവര്‍ തൂക്കിയിട്ടിട്ടുണ്ടായിരിക്കും-; ശ്വയ്ത്വാന്‍ അവര്‍ക്കിടയില്‍ വന്ന് വിളിച്ചു കൂവും: ‘നിങ്ങളുടെ കുടുംബങ്ങളില്‍ ദജ്ജാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.’ അപ്പോള്‍ അവര്‍ (കോണ്‍സ്റ്റന്‍റനോപ്പിളില്‍ നിന്ന് ദജ്ജാലിനെ നേരിട്ടുന്നതിനായി) പുറപ്പെടും. പക്ഷേ, (ദജ്ജാല്‍ പുറപ്പെട്ടു എന്ന വാര്‍ത്ത) അസത്യമായിരിക്കും.

അങ്ങനെ അവര്‍ ശാമിലേക്ക് (തിരിച്ചു) വന്നു കഴിഞ്ഞാല്‍ (ദജ്ജാല്‍) പുറപ്പെടും. (ദജ്ജാലുമായി) യുദ്ധം ചെയ്യുന്നതിന് തയ്യാറെടുക്കുന്നതിനിടയില്‍, അവര്‍ സ്വഫ്ഫ് ശരിയാക്കി കൊണ്ടിരിക്കുകയും, നിസ്കാരത്തിന് ഇഖാമത് കൊടുക്കുകയും ചെയ്താല്‍; ഈസ ബ്നു മര്‍യം -عَلَيْهِ السَّلَامُ- ഇറങ്ങി വരും. അദ്ദേഹം അവര്‍ക്ക് ഇമാമായി നിന്ന് നിസ്കരിക്കും.

അല്ലാഹുവിന്റെ ശത്രുവായ (ദജ്ജാല്‍) അദ്ദേഹത്തെ കണ്ടു കഴിഞ്ഞാല്‍ ഉപ്പ് വെള്ളത്തില്‍ അലിഞ്ഞു പോകുന്നത് പോലെ അലിയും. അവനെ (അലിഞ്ഞില്ലാതെയാകാന്‍) വിട്ടാല്‍ പൂര്‍ണമായും അവന്‍ ഇല്ലാതെയാകുമായിരുന്നു. എന്നാല്‍, അല്ലാഹു -تَعَالَى- ഈസ -عَلَيْهِ السَّلَامُ- യുടെ കൈകള്‍ കൊണ്ട് അവനെ കൊല്ലും. അദ്ദേഹം അവന്റെ (ദജ്ജാലിന്റെ) രക്തം തന്റെ ആയുധത്തില്‍ (പതിഞ്ഞത് മുസ്‌ലിമീങ്ങള്‍ക്ക്) കാണിച്ചു കൊടുക്കും.” (മുസ്‌ലിം: 2897)

മല്‍ഹമതുല്‍ കുബ്റ: സംഭവങ്ങള്‍ ക്രമത്തില്‍

മേലെ നല്‍കിയ ഹദീഥുകളുടെ അടിസ്ഥാനത്തില്‍ ‘മല്‍ഹമതുല്‍ കുബ്റ’ എന്ന സംഭവം താഴെ കാണുന്ന രൂപത്തില്‍ ക്രമീകരിക്കാന്‍ കഴിയും -വല്ലാഹു അഅ്ലം-.

1- മുസ്‌ലിമീങ്ങള്‍ക്കും റോമക്കാര്‍ക്കുമിടയില്‍ ഒരു സമാധാനകരാര്‍ ഉണ്ടാകും. റോമക്കാര്‍ എന്നതിന്റെ ഉദ്ദേശം യൂറോപ്പും അമേരിക്കയുമാണ്. നാമും അവരും ഒരുമിച്ച് നമ്മുടെ പിറകിലുള്ള ഒരു ശത്രുവിനെ -അല്ലെങ്കില്‍; അവരുടെ പിറകിലുള്ള ഒരു ശത്രുവിനെ- നേരിടും. ഈ പറഞ്ഞതില്‍ നിന്ന് ചില കാര്യങ്ങള്‍ കൂടി മനസ്സിലാക്കാം:

ഒന്ന്: മുസ്‌ലിമീങ്ങള്‍ റോമക്കാരോട് ചേര്‍ന്ന് അവരുടെ പൊതുശത്രുവിനെതിരെ നടത്തുന്ന യുദ്ധം വ്യത്യസ്ത ഗ്രൂപ്പുകളായി കൊണ്ടല്ല. മറിച്ച്, മുസ്‌ലിംകളെല്ലാം ഒരൊറ്റ ഇസ്‌ലാമിക കൊടിക്കൂറക്ക് കീഴിലായിരിക്കും അണി നിരക്കുക. നസ്വാറാകളും അപ്രകാരം അവരുടെ കൊടിക്കൂറക്ക് കീഴിലായിരിക്കും. കാരണം:

– (മുസ്‌ലിമീങ്ങളില്‍ പെട്ട ചിലര്‍ ഉയര്‍ത്തുന്ന) അജ്ഞാതമായ കൊടിക്കൂറകള്‍ക്ക് പിറകില്‍ നടത്തുന്ന പോരാട്ടങ്ങള്‍ ഹറാമാണെന്നതില്‍ സംശയമേതുമില്ല. അപ്പോള്‍ -പിന്നെ- കാഫിറുകളുടെ കൊടിക്കൂറക്ക് കീഴിലുള്ള യുദ്ധം എങ്ങനെയാണ് അനുവദനീയമാവുക?! (അതിനാല്‍ മുസ്‌ലിമീങ്ങളുടെ യുദ്ധം കാഫിറുകളുടെ നേതൃത്വത്തിന് കീഴിലായിരിക്കില്ല; അവര്‍ ഒറ്റക്ക് തന്നെ നിലകൊള്ളും).

– റോമക്കാരും മുസ്‌ലിമീങ്ങളും ചേര്‍ന്നുള്ള യുദ്ധം അവര്‍ വിജയിച്ചതിന് ശേഷം, നസ്വാറാകളില്‍ പെട്ട ചിലര്‍ ഈ വിജയം തങ്ങളുടേതാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുമെന്ന് ഹദീഥിലുണ്ട്. മുസ്‌ലിമീങ്ങള്‍ കാഫിറുകളുടെ കൊടിക്കൂറക്ക് കീഴിലാണ് യുദ്ധം ചെയ്തിരുന്നതെങ്കില്‍ അവര്‍ അപ്രകാരം അവകാശവാദം ഉന്നയിക്കാനേ ശ്രമിക്കില്ലായിരുന്നു. കാരണം, യുദ്ധം അവരുടെ കൊടിക്കൂറക്ക് കീഴിലാണ് നടന്നിട്ടുള്ളതെന്നതിനാല്‍ പിന്നെ എന്തിനാണ് മറ്റൊരു അവകാശവാദം നടത്തുന്നത്?

ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട ‘അര്‍മഗദോന്‍’ യുദ്ധമാണോ ഹദീഥില്‍ വന്നിട്ടുള്ള ‘മല്‍ഹമതുല്‍ കുബ്റ’?

അല്ല! മുസ്‌ലിമീങ്ങളും റോമക്കാരുമായി ചേര്‍ന്ന് അവരുടെ പൊതുശത്രുവിനെതിരെ നടത്തുന്ന യുദ്ധം വേദക്കാരുടെ പഴംപുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ‘അര്‍മഗദോന്‍’ യുദ്ധമല്ല. കാരണം;

– ‘അര്‍മഗദോന്‍’ എന്ന പദപ്രയോഗം തന്നെ നസ്വാറാകളുടെയും യഹൂദരുടെയും സൃഷ്ടിപ്പാണ്. അതിന് സത്യത്തില്‍ നിന്ന് യാതൊരു പങ്കുമില്ല. ഈ പദപ്രയോഗത്തെ ബലപ്പെടുത്തുന്ന ഒന്നും തന്നെ ഹദീഥുകളിലും വന്നിട്ടില്ല.

– വേദക്കാരുടെ തന്നെ വാദപ്രകാരം ‘അര്‍മഗദോന്‍’ യുദ്ധം ലോകത്തുള്ള എല്ലാവരും തിന്മയുടെ ശക്തികള്‍ക്കെതിരെ നടത്തുന്ന ഒരുമിച്ചുള്ള യുദ്ധമാണ്. തിന്മയുടെ വക്താക്കള്‍ എന്നത് കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നതാകട്ടെ; മുസ്‌ലിമീങ്ങളും വിഗ്രഹാരാധകരുമാണ്.

– വേദക്കാരുടെ കാഴ്ച്ചപ്പാടില്‍ ‘ഹര്‍മഗദോന്‍’ യുദ്ധത്തില്‍ മുസ്‌ലിമീങ്ങള്‍ക്കെതിരെ നസ്വാറാകള്‍ക്കാണ് വിജയം ലഭിക്കുക. അത് ഹദീഥില്‍ വന്നതിന് വിരുദ്ധവുമാണ്.

ചുരുക്കത്തില്‍ -ഈ പറഞ്ഞതെല്ലാം ഒരു കാര്യം ശക്തമായി ഊട്ടിയുറപ്പിക്കുന്നു-: മുസ്‌ലിമീങ്ങളും നസ്വാറാകളും ചേര്‍ന്നുള്ള ലോക മുന്നണി അവരുടെ വേദങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ‘അര്‍മഗദോന്‍’ യുദ്ധമല്ല. അതുമായി ഇതിന് യാതൊരു ബന്ധവുമില്ല. മാത്രമല്ല, ഈ അര്‍മഗദോന്‍ കഥ തന്നെ ഒരു ലോക വഞ്ചനയുടെ ഭാഗമാണ്.

2- കാഫിറുകളുടെ പൊതുസ്വഭാവത്തില്‍ പെട്ടതാണ് ചതിയും വഞ്ചനയും. അതിനാല്‍ എല്ലാ സ്ഥലങ്ങളിലും നേടിയ വിജയം അവര്‍ കുരിശിന്റെ അനുഗ്രഹം കൊണ്ടാണെന്ന് വാദിക്കും. അവരിലൊരാള്‍ കുരിശ് ഉയര്‍ത്തിപ്പിടിച്ച് അപ്രകാരം അവകാശപ്പെടുമ്പോഴാണ് ‘മല്‍ഹമതുല്‍ കുബ്റ’യില്‍ അത് സംഭവിക്കുക. ഇതില്‍ വളരെ വലിയ പാഠങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത്:

* നസ്വാറാകള്‍ -അമേരിക്കയും യൂറോപ്പും- ലോകത്തിന്റെ വ്യത്യസ്ത ഇടങ്ങളില്‍ മുസ്‌ലിമീങ്ങള്‍ക്കെതിരെ ഇളക്കി വിട്ടു കൊണ്ടിരിക്കുന്ന യുദ്ധങ്ങളെല്ലാം ശരിയായ കുരിശുയുദ്ധം തന്നെയാണ്. അവരുടെ നേതാക്കന്മാര്‍ അക്കാര്യം മറച്ചു വെക്കാതെ പരസ്യമാക്കിയിട്ടുമുണ്ട്.

ഒന്നാം ലോക മഹായുദ്ധത്തില്‍ സഖ്യകക്ഷികളുടെ സൈനിക വിഭാഗത്തിന്റെ തലവനായിരുന്ന ഇംഗ്ലീഷ് ജനറല്‍ അലന്‍ബൈ 1919 ല്‍ മസ്ജിദുല്‍ അഖ്സയില്‍ പ്രവേശിക്കവെ ഇക്കാര്യം ഒന്നു കൂടി ഊന്നിപ്പറഞ്ഞു കൊണ്ടാണ് തന്റെ പ്രസിദ്ധമായ പ്രസ്താവന നടത്തിയത്: “ഇപ്പോഴാണ് കുരിശുയുദ്ധം അവസാനിച്ചത്.”

2001 സെപ്തംബര്‍ 11 ന് നടന്ന (വേള്‍ഡ് ട്രേഡ് സെന്‍റര്‍ അക്രമണ ശേഷം) ജോര്‍ജ് സംസാരിക്കവെ അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് ഇക്കാര്യം അംഗീകരിച്ചു കൊണ്ടാണ് ഇപ്രകാരം പറഞ്ഞത്: “ഇതാ! ഇപ്പോള്‍ മുതല്‍ കുരിശു യുദ്ധം ആരംഭിച്ചിരിക്കുന്നു.” പിന്നീട് അയാള്‍ തന്റെ പ്രസ്താവന പിന്‍വലിച്ചെങ്കിലും അതിന് പിന്നിലുള്ള രാഷ്ട്രീയമായ കാരണങ്ങള്‍ തനിച്ച വിഡ്ഢികള്‍ക്കല്ലാതെ മനസ്സിലാകാതിരിക്കില്ല.

3- (നസ്വാറാകളില്‍ ഒരുവന്‍ കുരിശ് ഉയര്‍ത്തുന്നതോടെ) മുസ്‌ലിമീങ്ങളില്‍ നിന്നൊരാള്‍ ചാടി എഴുന്നേറ്റ് അയാളെ വധിക്കുകയും, അവന്റെ കൈയ്യിലുള്ള കുരിശ് തകര്‍ക്കുകയും ചെയ്യും. മുസ്‌ലിമീങ്ങളുടെ ചതിക്കും വഞ്ചനക്കും കാരണമായി നസ്വാറാകള്‍ അത് എടുത്തു പറയും.

4- അതോടെ ‘മല്‍ഹമ’ ആരംഭിക്കും. റോമക്കാര്‍ തങ്ങളുടെ എണ്ണം തിട്ടപ്പെടുത്തി, എല്ലാ നാടുകളില്‍ നിന്നും സൈന്യത്തെ ഒരുക്കി മുന്നോട്ടു വരും. എണ്‍പത് കൊടിക്കൂറകള്‍ക്ക് കീഴെ, ഏതാണ്ട് 9 60 000 പടയാളികളുണ്ടാകും അവര്‍.

5- ശാമിലെ ‘ഹലബ്’ എന്ന പ്രദേശത്തിന് തൊട്ടടുത്തുള്ള ‘അഅ്മാഖി’ലോ ‘ദാബിഖി’ലോ ആണ് അവര്‍ തമ്പടിക്കുക.

6- ഡെമസ്കസിന് അരികെ ‘ഗ്വൂത്വ’ എന്ന സ്ഥലത്താണ് മുസ്‌ലിംകള്‍ ഒരുമിച്ചു കൂടുക.

7- മദീനയില്‍ നിന്ന് അവര്‍ക്ക് സഹായം എത്തും.

8- മദീനയില്‍ നിന്ന് സഹായവുമായി എത്തിയ മുസ്‌ലിംകളോട് നസ്വാറാകള്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെടും.

9- എന്നാല്‍ മുസ്‌ലിമീങ്ങള്‍ ഈ ആവശ്യം നിരസിക്കും. തങ്ങളുടെ സഹോദരങ്ങളെ ശത്രുക്കളുടെ കൈകളില്‍ വിട്ടു പോരുകയില്ലെന്ന് അവര്‍ പ്രഖ്യാപിക്കും. കാരണം, ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവർ അവനെ ശത്രുവിന് വിട്ടു കൊടുക്കുകയോ, വഞ്ചിക്കുകയോ, അവനോട് അതിക്രമം പ്രവര്‍ത്തിക്കുകയോ, അവനെ നിന്ദിക്കുകയോ ഇല്ല.

മദീനയില്‍ നിന്ന് വന്ന സൈന്യം മൂന്ന് വിഭാഗക്കാരാകും:

– അവരില്‍ മൂന്നില്‍ ഒരു വിഭാഗം പരാജയപ്പെടും; അവര്‍ക്ക് തൗബ (പശ്ചാതാപം) ക്കുള്ള അവസരം നല്‍കപ്പെടുകയില്ല.

– അവരില്‍ മൂന്നില്‍ ഒരു വിഭാഗം ശഹീദുകളാകും; അവര്‍ അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠരായ ശഹീദുകളാണ്.

– ബാക്കിയുള്ള മൂന്നിലൊരു വിഭാഗത്തിന് അല്ലാഹു വിജയം നല്‍കും; അവര്‍ക്ക് പിന്നീട് പരീക്ഷണങ്ങളുണ്ടാകില്ല.

10- യുദ്ധം താഴെ പറയുന്ന രൂപത്തിലാണ് ആരംഭിക്കുക:

– മരണമോ വിജയമോ അല്ലാതെ തിരിച്ചു വരില്ലെന്ന നിശ്ചയവുമായി മുസ്‌ലിമീങ്ങള്‍ ഒരു വിഭാഗത്തെ സജീകരിച്ചു പറഞ്ഞയക്കും; രാത്രി അവര്‍ക്കിടയില്‍ തടസ്സമുണ്ടാക്കുന്നത് വരെ അവര്‍ യുദ്ധം ചെയ്തു കൊണ്ടിരിക്കും. അവരും ഇവരും-വിജയമില്ലാതെ- മടങ്ങും. യുദ്ധത്തിന് സജീകരിച്ചയക്കപ്പെട്ടവര്‍ നശിക്കും. ഇത് മൂന്ന് ദിവസം തുടരും.

– നാലാം ദിവസം ബാക്കിയുള്ള എല്ലാ മുസ്‌ലിമീങ്ങളും ഒരുമിച്ച് യുദ്ധത്തിന് ഇറങ്ങും. അപ്പോള്‍ അല്ലാഹു റോമക്കാര്‍ക്ക് പരാജയം വരുത്തും. ചരിത്രം ഒരിക്കലും കണ്ടിട്ടില്ലാത്ത തരം യുദ്ധം നടക്കും. താഴെ മരിച്ചു കിടക്കുന്ന ശവശരീരങ്ങളുടെ ചീഞ്ഞളിഞ്ഞ മണം കാരണം അവര്‍ക്കരികിലൂടെ പറക്കുന്ന പക്ഷികള്‍ ചത്ത് താഴെ വീഴും.

11- യുദ്ധത്തിന്റെ അവസാന ഫലങ്ങള്‍ താഴെ പറയുന്നതായിരിക്കും:

– നസ്വാറാകള്‍ക്ക് കനത്ത പരാജയമുണ്ടാകും; ഭൂമി അവരുടെ ശവശരീരങ്ങള്‍ കൊണ്ട് നിറയും.

– മുസ്‌ലിം സൈന്യത്തിലെ ബഹുഭൂരിപക്ഷവും മരണപ്പെടും; യുദ്ധം ആരംഭിക്കുമ്പോള്‍ നൂറു പേരുണ്ടായിരുന്നിടത്ത് ഒരാള്‍ മാത്രമേ ബാക്കിയുണ്ടാവുകയുള്ളൂ.

– കോണ്‍സ്റ്റന്‍റനോപ്പില്‍ വിജയിച്ചടക്കപ്പെടും. അത് രണ്ടാമത്തെ വിജയമായിരിക്കും. റോമക്കാരില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ചവരുടെ സൈന്യമാണ് അത് നേടിയെടുക്കുക. എഴുപതിനായിരം പേരുണ്ടായിരിക്കും അവര്‍.

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ -ﷺ- قَالَ: «سَمِعْتُمْ بِمَدِينَةٍ جَانِبٌ مِنْهَا فِي الْبَرِّ وَجَانِبٌ مِنْهَا فِي الْبَحْرِ؟» قَالُوا: نَعَمْ، يَا رَسُولَ اللَّهِ قَالَ: «لَا تَقُومُ السَّاعَةُ حَتَّى يَغْزُوَهَا سَبْعُونَ أَلْفًا مِنْ بَنِي إِسْحَاقَ، فَإِذَا جَاءُوهَا نَزَلُوا، فَلَمْ يُقَاتِلُوا بِسِلَاحٍ وَلَمْ يَرْمُوا بِسَهْمٍ، قَالُوا: لَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ، فَيَسْقُطُ أَحَدُ جَانِبَيْهَا الَّذِي فِي الْبَحْرِ، ثُمَّ يَقُولُوا الثَّانِيَةَ: لَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ، فَيَسْقُطُ جَانِبُهَا الْآخَرُ، ثُمَّ يَقُولُوا الثَّالِثَةَ: لَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ، فَيُفَرَّجُ لَهُمْ، فَيَدْخُلُوهَا فَيَغْنَمُوا، فَبَيْنَمَا هُمْ يَقْتَسِمُونَ الْمَغَانِمَ، إِذْ جَاءَهُمُ الصَّرِيخُ، فَقَالَ: إِنَّ الدَّجَّالَ قَدْ خَرَجَ، فَيَتْرُكُونَ كُلَّ شَيْءٍ وَيَرْجِعُونَ»

അബൂ ഹുറൈറ നിവേദനം: നബി -ﷺ- പറഞ്ഞു: “ഒരു ഭാഗം കരയിലും ഒരു ഭാഗം കടലിലുമുള്ള ഒരു പട്ടണത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?” സ്വഹാബികള്‍ പറഞ്ഞു: “അതെ! അല്ലാഹുവിന്റെ റസൂലേ!”

നബി -ﷺ- പറഞ്ഞു: “ആ പട്ടണം ഇസ്ഹാഖിന്റെ പുത്രന്മാരില്‍ പെട്ട എഴുപതിനായിരും പേര്‍ യുദ്ധം ചെയ്ത് കീഴടക്കുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല. അവര്‍ അവിടെയെത്തിയാല്‍ അവിടെ തമ്പടിക്കും.

അവര്‍ വാളു കൊണ്ട് വെട്ടുകയോ, അമ്പെയ്യുകയോ ചെയ്യുമ്പോഴെല്ലാം ‘ലാ ഇലാഹ ഇല്ലല്ലാഹ്; വല്ലാഹു അക്ബര്‍’ എന്ന് പറയാതിരിക്കില്ല. അപ്പോള്‍ അതിന്റെ കടലിനോട് ചേര്‍ന്നു കിടക്കുന്ന ഭാഗം അവര്‍ വിജയിച്ചടക്കും.

രണ്ടാമതും അവര്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്; വല്ലാഹു അക്ബര്‍’ എന്നുച്ചരിച്ചു കൊണ്ട് (യുദ്ധം ചെയ്യും); അപ്പോള്‍ അതിന്റെ മറു ഭാഗവും അവര്‍ വിജയിച്ചടക്കും.

മൂന്നാം തവണ ‘ലാ ഇലാഹ ഇല്ലല്ലാഹ്; വല്ലാഹു അക്ബര്‍’ എന്നുച്ചരിച്ചു (കൊണ്ട് യുദ്ധം ചെയ്യുമ്പോള്‍) അവര്‍ക്ക് അത് തുറന്നു നല്‍കപ്പെടും. അങ്ങനെ അവര്‍ ആ പട്ടണത്തില്‍ പ്രവേശിക്കുകയും, അവിടെയുള്ള ‘ഗനീമത്ത്’ (യുദ്ധാര്‍ജ്ജിത സ്വത്ത്) ശേഖരിക്കാന്‍ തുടങ്ങുകയും ചെയ്യും.

(അവര്‍ ശേഖരിച്ച) ഗനീമത് വീതം വെച്ചു കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഒരാള്‍ ആര്‍ത്തട്ടഹസിച്ചു കൊണ്ട് അവിടേക്ക് വരിക. ‘ദജ്ജാല്‍ പുറപ്പെട്ടിരിക്കുന്നു’വെന്ന് അയാള്‍ വിളിച്ചു പറയും. അപ്പോള്‍ അവര്‍ എല്ലാം അവിടെ വിട്ടേച്ച് കൊണ്ട് മടങ്ങിച്ചെല്ലും.” (മുസ്‌ലിം: 2920)

– മുസ്‌ലിമീങ്ങള്‍ അവരുടെ ഗനീമത് അവിടെ തന്നെ വിട്ടേച്ചു കൊണ്ട് മടങ്ങിച്ചെല്ലുന്നത് പൈശാചികമായ നസ്വാറാകളുടെ തെറ്റിദ്ധരിപ്പിക്കലില്‍ വഞ്ചിതരായാണ്. ദജ്ജാല്‍ വന്നുവെന്ന് അവന്‍ അവരെ അറിയിക്കും; എന്നാല്‍ ഈ സൈന്യം ശാമിലേക്ക് തിരിച്ചെത്തുന്നത് വരെ ദജ്ജാലിന്റെ പുറപ്പാടുണ്ടാവുകയില്ല.

ചുരുക്കം

ഇത്രയും വായിച്ചതില്‍ നിന്ന് നമുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. അവയിതാണ്:

1- ഇന്നും ഇനി വരാനിരിക്കുന്ന നാളുകളിലുമെല്ലാം സംഭവിക്കാനിരിക്കുന്ന പ്രധാന സംഭവങ്ങളുടെയെല്ലാം മദ്ധ്യത്തില്‍ നിലകൊള്ളുന്ന പ്രദേശമാണ് ശാം. മക്കയില്‍ നിന്നാണ് അല്ലാഹുവിന്റെ മതപരവും പ്രാപഞ്ചികവുമായ കല്‍പ്പനകളുടെ ആരംഭമുണ്ടായിട്ടുള്ളതെങ്കില്‍; ശാം അല്ലാഹുവിന്റെ മതപരവും പ്രാപഞ്ചികവുമായ കല്‍പ്പനകളുടെ അന്തിമ ഗേഹമാണ്.

ശാമിന്റെ ശ്രേഷ്ഠത അറിയിക്കുന്ന -മുതവാതിറിനോളം എത്തുന്ന- നബി -ﷺ- യുടെ ഹദീഥുകള്‍ തന്നെ അതിനുള്ള വ്യക്തമായ തെളിവാണ്. അവയിൽ അറിയിക്കപ്പെട്ടതു പോലെ: ‘മുസ്‌ലിമീങ്ങളുടെ അറവുശാലയാണ് ശാം.’

സമകാലിക സംഭവങ്ങളും ഇതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. ഇപ്പോഴും അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്ന വേദനാജനകമായ സംഭവങ്ങളില്‍ ഐക്യത്തോടെ ഒരു നിലപാട് സ്വീകരിക്കാന്‍ ലോകത്തിന് കഴിഞ്ഞിട്ടില്ല. ലോകത്തുള്ള രാജ്യങ്ങളെല്ലാം രണ്ടു വിഭാഗങ്ങളായി ശാമിന്റെ പേരില്‍ പരസ്പരം എതിരിട്ടു നില്‍ക്കുന്നു എന്നതില്‍ നിന്ന് തന്നെ ശാമിന് ആധുനിക രാഷ്ട്രീയത്തിലുള്ള പ്രാധാന്യം മനസ്സിലാക്കാന്‍ കഴിയും!

2- അന്ത്യനാളില്‍ സംഭവിക്കുമെന്ന് നബി -ﷺ- അറിയിച്ച ‘മല്‍ഹമതുല്‍ കുബ്റ’ പോലുള്ള സംഭവങ്ങളുമായി ഇപ്പോള്‍ ശാമില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ബന്ധമില്ല. കാരണം; ‘മല്‍ഹമ’ സംഭവിക്കുന്നതിന് മുന്‍പ് ഉണ്ടാകുമെന്ന് നബി -ﷺ- അറിയിച്ച അനേകം ആമുഖങ്ങള്‍ ഇപ്പോഴും സംഭവിച്ചിട്ടില്ല. വല്ലാഹു അഅ്ലം.

3- ശാമില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ ‘മല്‍ഹമതുല്‍ കുബ്റ’യുടെ ഹദീഥുകള്‍ മനസ്സിലാക്കാന്‍ ഒരു വേള സഹായിക്കുന്നതാണ്. കാരണം;

ഒന്ന്: ആധുനിക രാഷ്ട്രീയത്തിലും ഭാവിയിലും ശാമിനുള്ള പ്രാധാന്യം. വർത്തമാന കാലം ഭാവിയിലേക്കുള്ള വഴികാട്ടിയാണ്.

രണ്ട്: ശാമില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ ഫലമായി ലോകം രണ്ട് ചേരികളില്‍ അണിനിരന്ന് യുദ്ധത്തിന് കോപ്പു കൂട്ടിക്കൊണ്ടിരിക്കുന്നതാണ് നാമിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ‘അനുകൂലിക്കുന്നവരും’ ‘പ്രതികൂലിക്കുന്നവരും’ എന്നിങ്ങനെ രണ്ടു ചേരികളിലാണ് ലോകമിപ്പോള്‍. ഓരോരുത്തരും തങ്ങളുടെ ഭൗതിക ലാഭങ്ങള്‍ക്ക് വേണ്ടിയാണ് യുദ്ധത്തില്‍ ഇപ്പോള്‍ അണിചേര്‍ന്നിരിക്കുന്നതെങ്കിലും, വരാനിരിക്കുന്ന യുദ്ധ പുറപ്പാടുകള്‍ അല്ലാഹുവിന്റെ ദീനിന്റെ അടിസ്ഥാനത്തിലായിരിക്കും.

മൂന്ന്: ഇപ്പോള്‍ ശാമിന്റെ വിഷയത്തില്‍ ഉണ്ടായിരിക്കുന്ന അന്താരാഷ്ട ചേരികള്‍ മുസ്‌ലിമീങ്ങളുടെ നന്മക്ക് വേണ്ടിയല്ല എന്നതില്‍ സംശയമില്ല. നുസ്വൈരീ ഭരണകൂടത്തിനും അവരുടെ റാഫിദ്വീ കൂട്ടുകെട്ടിനും വേണ്ടുവോളം മുസ്‌ലിം രക്തം -പ്രത്യേകിച്ച്; അഹ്ലുസ്സുന്നയുടെ രക്തം- കുടിക്കാനുള്ള അവസരം എല്ലാവരും വിട്ടു കൊടുത്തിട്ടുണ്ട്.

മറ്റു ഇസ്‌ലാമിക രാജ്യങ്ങളിലെ കാര്യം അവിടെ നില്‍ക്കട്ടെ; ശാമിലെ അഹ്ലുസ്സുന്നയുടെ കാര്യത്തില്‍ കണ്ണീരൊഴുക്കാന്‍ ആരുമില്ല എന്നതാണ് സത്യം. ശാമുകാര്‍ അവരുടെ അഖീദ ശുദ്ധീകരിക്കുകയും, നബി -ﷺ- യുടെ സ്വഹാബത്ത് നിലകൊണ്ട മാര്‍ഗത്തിലേക്ക് മടങ്ങുകയും ചെയ്താല്‍; അന്ധവും അജ്ഞാതവുമായ കൊടിക്കൂറകള്‍ക്ക് കീഴെ അവര്‍ യുദ്ധം ചെയ്യാതിരുന്നാല്‍; കേവല വംശീയതയുടെ പേരിലുള്ള പോരാട്ടങ്ങളായി അവ മാറാതിരുന്നാല്‍; ജാഹിലിയ്യഃ വര്‍ഗീയതയായി മാറാതിരുന്നാല്‍; അല്ലാഹു -تَعَالَى- അവരോടൊപ്പം, അവര്‍ക്ക് വേണ്ടി നിലകൊള്ളും.

നാല്: ഇപ്പോള്‍ ലോക രാഷ്ട്രീയത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ സംഭവ വികാസങ്ങളും അവസാനം നടക്കാനിരിക്കുന്ന ‘മല്‍ഹമതുല്‍ കുബ്റ’യുടെ ആമുഖങ്ങളാണ്. എന്നാല്‍ അവസാനം ഇസ്‌ലാമിനും മുസ്‌ലിമീങ്ങള്‍ക്കുമാണ് വിജയമുണ്ടാവുക. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇസ്‌ലാം പ്രചരിക്കുന്നതിനാണ് അതെല്ലാം കാരണമാവുക; എത്രയെല്ലാം കാഫിറുകള്‍ക്ക് അത് വെറുപ്പുണ്ടാക്കിയാലും.

كَتَبَهُ: فَضِيلَةُ الشَّيْخِ سَلِيمُ بْنُ عِيدٍ الهِلَالِيُّ -حَفِظَهُ اللَّهُ تَعَالَى-.

وَتَرْجَمَهُ: الأَخُ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ -غَفَرَ اللَّهُ لَهُ-.

الرِّسَالَةُ: أَحْدَاثُ سُورِيَّةَ وَإِرْهَاصَاتُ المَلْحَمَةِ الكُبْرَى.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • വ അലൈക്കസ്സല്ലാം വ റഹ്മതുല്ലാഹി വ ബറകാതുഹു.

    ഇന്‍ഷാ അല്ലാഹ്. അടുത്ത് തന്നെ ആരംഭിക്കും. നിര്‍ദേശത്തിന് നന്ദി.

Leave a Comment