നോമ്പുകാരന് പല്ലു തേക്കുന്നത് അനുവദനീയമാണ്. മദ്ധ്യാഹ്നത്തിന് മുൻപും ശേഷവും അവന് പല്ലു തേക്കാം. അത് വെറുക്കപ്പെട്ട മക്റൂഹായ കാര്യമാണ് എന്ന ചില പണ്ഡിതന്മാരുടെ അഭിപ്രായം ശരിയല്ല. ഹനഫീ മദ്‌ഹബിലെ അഭിപ്രായവും, ഇമാം ശാഫിഇയുടെയും ഇമാം അഹ്മദിന്റെയും അഭിപ്രായങ്ങളിലൊന്നും ഇപ്രകാരമാണ്. [1]

ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “നോമ്പുകാരന് പകലിന്റെ ആദ്യത്തിലോ അവസാനത്തിലോ പല്ലു തേക്കുന്നത് നബി -ﷺ- വിലക്കിയിട്ടുണ്ട് എന്നത് സ്ഥിരപ്പെട്ടിട്ടില്ല. മറിച്ച്, അതിന് നേർവിപരീതമായിട്ടാണ് നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത്.” (സാദുൽ മആദ്: 2/63)

പല്ലു തേക്കുക എന്നത് അല്ലാഹുവിന് തൃപ്തികരമായ കാര്യമാണ് എന്നത് ഹദീഥിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.

عَنْ عَائِشَةَ: عَنِ النَّبِيِّ -ﷺ-: «السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ»

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: “പല്ലു തേക്കുന്നത് വായക്ക് ശുദ്ധി നൽകുന്നതും, അല്ലാഹുവിന് തൃപ്തികരവുമാണ്.” (അഹ്മദ്: 24969, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

ഏതെങ്കിലുമൊരു സന്ദർഭത്തിൽ പല്ലു തേക്കുന്നത് അല്ലാഹുവിന് തൃപ്തികരമല്ലാതെയില്ല എന്നാണ് ഹദീഥിന്റെ പ്രത്യക്ഷസൂചന. മാത്രവുമല്ല, നോമ്പുകാരനെ സംബന്ധിച്ചിടത്തോളം ഭക്ഷണമോ വെള്ളമോ വായിലേക്ക് പ്രവേശിക്കാതെ കൂടുതൽ സമയം കഴിച്ചു കൂട്ടുന്നതിനാൽ വായയുടെ മണത്തിൽ വ്യത്യാസമുണ്ടാകും. ഇത് നീക്കാൻ അവൻ കൂടുതൽ പല്ലു തേക്കുകയാണ് വേണ്ടത്. (ശർഹുൽ മുംതിഅ് / ഇബ്‌നു ഉഥൈമീൻ: 1/147, സാദുൽ മആദ്: 4/297)

[1]  الحنفية: البحر الرائق لابن نجيم (2/302)، وينظر: بدائع الصنائع للكاساني (1/19).

قول الشافعي: المجموع (6/377).

رواية عن أحمد: الفروع لابن مفلح (1/145)، كشاف القناع للبهوتي (1/72).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: