പല്ലു തേക്കുന്നതിന് പ്രോത്സാഹനം നൽകുന്ന അനേകം ഹദീഥുകളുണ്ട്. അത് സുനനുൽ ഫിത്റയിൽ പെട്ടതാണ് എന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ: أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «لَوْلاَ أَنْ أَشُقَّ عَلَى أُمَّتِي أَوْ عَلَى النَّاسِ لَأَمَرْتُهُمْ بِالسِّوَاكِ مَعَ كُلِّ صَلاَةٍ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എന്റെ ഉമ്മത്തിന് -അല്ലെങ്കിൽ ജനങ്ങൾക്ക്- ബുദ്ധിമുട്ടാകില്ലായിരുന്നെങ്കിൽ എല്ലാ നിസ്കാരത്തിനോടുമൊപ്പം പല്ലു തേക്കാൻ ഞാൻ അവരോട് കൽപ്പിക്കുമായിരുന്നു.” (ബുഖാരി: 887, മുസ്‌ലിം: 252)

عَنْ عَائِشَةَ: عَنِ النَّبِيِّ -ﷺ-: «السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ»

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: “പല്ലു തേക്കുന്നത് വായക്ക് ശുദ്ധി നൽകുന്നതും, അല്ലാഹുവിന് തൃപ്തികരവുമാണ്.” (അഹ്മദ്: 24969, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

ഓരോ തവണയും വീട്ടിൽ പ്രവേശിക്കുമ്പോൾ നബി -ﷺ- പല്ലു തേക്കുമായിരുന്നു.

عَنْ عَائِشَةَ أَنَّ النَّبِيَّ -ﷺ- كَانَ إِذَا دَخَلَ بَيْتَهُ بَدَأَ بِالسِّوَاكِ.

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: “നബി -ﷺ- തന്റെ വീട്ടിൽ പ്രവേശിച്ചാൽ ആദ്യം ചെയ്തിരുന്നത് പല്ലു തേക്കലാണ്.” (മുസ്‌ലിം: 253)

നബി -ﷺ- അവിടുത്തെ മരണത്തിന് തൊട്ടുമുൻപ് വരെ പല്ലു തേക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. പ്രയാസകരമായ അവസ്ഥയിലും അവിടുന്ന് അത് നിർവ്വഹിക്കുകയും ചെയ്തു.

عَنْ عَائِشَةَ كَانَتْ تَقُولُ: إِنَّ مِنْ نِعَمِ اللَّهِ عَلَيَّ: أَنَّ رَسُولَ اللَّهِ -ﷺ- تُوُفِّيَ فِي بَيْتِي، وَفِي يَوْمِي، وَبَيْنَ سَحْرِي وَنَحْرِي، وَأَنَّ اللَّهَ جَمَعَ بَيْنَ رِيقِي وَرِيقِهِ عِنْدَ مَوْتِهِ: دَخَلَ عَلَيَّ عَبْدُ الرَّحْمَنِ، وَبِيَدِهِ السِّوَاكُ، وَأَنَا مُسْنِدَةٌ رَسُولَ اللَّهِ -ﷺ-، فَرَأَيْتُهُ يَنْظُرُ إِلَيْهِ، وَعَرَفْتُ أَنَّهُ يُحِبُّ السِّوَاكَ، فَقُلْتُ: آخُذُهُ لَكَ؟ فَأَشَارَ بِرَأْسِهِ أَنْ نَعَمْ، فَتَنَاوَلْتُهُ، فَاشْتَدَّ عَلَيْهِ، وَقُلْتُ: أُلَيِّنُهُ لَكَ؟ فَأَشَارَ بِرَأْسِهِ أَنْ نَعَمْ، فَلَيَّنْتُهُ، فَأَمَرَّهُ.

ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: “എന്റെ വീട്ടിൽ, എനിക്ക് നിശ്ചയിക്കപ്പെട്ട ദിവസത്തിൽ, എന്റെ മടിയിൽ കിടന്നു കൊണ്ടാണ് നബി -ﷺ- മരണപ്പെട്ടത് എന്ന കാര്യം അല്ലാഹു എനിക്ക് നൽകിയ അനുഗ്രഹങ്ങളിൽ പെട്ടതാണ്. അവിടുത്തെ മരണവേളയിൽ അല്ലാഹു എന്റെ ഉമിനീരും നബി -ﷺ- യുടെ ഉമിനീരും ഒരുമിച്ചു ചേർക്കുകയും ചെയ്തു.

അല്ലാഹുവിന്റെ റസൂൽ -ﷺ- യെ ഞാൻ താങ്ങി നിർത്തിക്കൊണ്ടിരുന്ന വേളയിൽ (എന്റെ സഹോദരനായ) അബ്ദുറഹ്മാൻ അവിടേക്ക് കയറിവന്നു. അവന്റെ കയ്യിൽ ‘സിവാക്’ (പല്ലു തേക്കാനുള്ള അറാക്) ഉണ്ടായിരുന്നു. നബി -ﷺ- അതിലേക്ക് നോക്കുന്നത് ഞാൻ കണ്ടു. അപ്പോൾ ഞാൻ ചോദിച്ചു: “താങ്കൾക്കായി ഞാനത് എടുത്തു നൽകട്ടെ?!” നബി -ﷺ- തന്റെ ശിരസ്സ് കൊണ്ട് അതെ എന്നു പറഞ്ഞു. അങ്ങനെ ഞാൻ അത് അവിടുത്തേക്ക് നൽകി. എന്നാൽ സിവാക്കിന് നല്ല കട്ടിയുണ്ടായിരുന്നു.

ഞാൻ ചോദിച്ചു: “അങ്ങേക്ക് വേണ്ടി ഞാനതിന്റെ കട്ടി കുറച്ചു തരട്ടെയോ?!” നബി -ﷺ- അതെ എന്ന അർത്ഥത്തിൽ തന്റെ ശിരസ്സ് ചലിപ്പിച്ചു. ഞാൻ സിവാകിന്റെ കട്ടി കുറച്ചു കൊടുത്തു. അവിടുന്ന് തന്റെ പല്ലുകൾക്ക് മുകളിലൂടെ സിവാക്ക് ചലിപ്പിക്കുകയും ചെയ്തു.” (ബുഖാരി: 4449, മുസ്‌ലിം: 2443)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: