ഇസ്‌ലാം ഏറ്റവും ശക്തമായി പോരാടിയ തിന്മ ശിര്‍ക്കാണ്‌. ഏറ്റവും ശക്തമായി വാദിച്ചത് തൌഹീദിന് വേണ്ടിയും. തൌഹീദിലേക്ക് എത്തിക്കുന്ന എല്ലാ വഴികളെയും ഇസ്‌ലാം സംരക്ഷിച്ചു. ശിര്‍ക്കിലേക്ക് നയിക്കുന്ന ഏതെല്ലാം മാര്‍ഗങ്ങളുണ്ടോ; അവയെല്ലാം ഇസ്‌ലാം അടക്കുകയും അതില്‍ നിന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.

ശിര്‍ക്കിലേക്ക് എത്തിക്കുന്ന വഴികളില്‍ ജനങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ളത്; ഖബറുകളുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍ക്കും പിഴച്ച വിശ്വാസങ്ങള്‍ക്കുമാണ്. മരണപ്പെട്ട സ്വാലിഹീങ്ങളായ മനുഷ്യരുടെ ഖബറുകളുമായി ബന്ധപ്പെട്ട് ഉടലെടുത്ത ശിര്‍ക്കന്‍ ആചാരങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഇത് കൊണ്ട് തന്നെ ഖബറുകളുമായി ബന്ധപ്പെട്ട ഇസ്‌ലാമിന്റെ താക്കീതുകളും ഓര്‍മ്മപ്പെടുത്തലുകളും ധാരാളമുണ്ട്.

എല്ലാ ദിവസവും അഞ്ചു നേരത്തെ നിസ്കാരങ്ങളില്‍ ഒരു മുസ്‌ലിം യഹൂദ-നസ്വാറാക്കളുടെ വഴിയില്‍ നിന്ന് രക്ഷ ചോദിക്കുന്നു. സ്വാലിഹീങ്ങള്‍ മരണപ്പെട്ടാല്‍ അവരുടെ ഖബറുകളെ ആരാധനാ കേന്ദ്രങ്ങള്‍ ആക്കുക എന്നത് അവരുടെ പിഴച്ച മാര്‍ഗങ്ങളില്‍ പെട്ടതാണ് എന്ന് നബി -ﷺ- നമ്മെ അറിയിച്ചിട്ടുണ്ട്.

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ رَسُولُ اللَّهِ -ﷺ- فِي مَرَضِهِ الَّذِي لَمْ يَقُمْ مِنْهُ: «لَعَنَ اللَّهُ اليَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ»، لَوْلاَ ذَلِكَ أُبْرِزَ قَبْرُهُ غَيْرَ أَنَّهُ خَشِيَ – أَوْ خُشِيَ – أَنَّ يُتَّخَذَ مَسْجِدًا.

ആഇശ -ِرَضِيَ اللَّهُ عَنْهَا- പറഞ്ഞു: നബി -ﷺ- വഫാതായ രോഗത്തില്‍ അവിടുന്നു പറഞ്ഞു: “യഹൂദ-നസ്വാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ തങ്ങളുടെ നബിമാരുടെ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കി.” ആഇശ -ِرَضِيَ اللَّهُ عَنْهَا- പറഞ്ഞു: “അതല്ലായിരുന്നെങ്കില്‍ നബി -ﷺ- യുടെ ഖബര്‍ (ജനങ്ങള്‍ക്ക്) കാണപ്പെടാവുന്ന രൂപത്തില്‍ പുറത്താകുമായിരുന്നു. എന്നാല്‍ അവിടുത്തെ ഖബര്‍ മസ്ജിദാക്കുമോ എന്ന് ഭയക്കപ്പെട്ടു. (ബുഖാരി: 1390, മുസ്‌ലിം: 529)

നോക്കൂ! മരണ വേളയില്‍ പോലും നബി -ﷺ- ഖബറുകളെ ആരാധനാ കേന്ദ്രമാക്കുന്നതിനെ എതിര്‍ക്കുന്നു. അത് മുസ്‌ലിംകളുടെ വഴിയല്ല; മറിച്ച് യഹൂദരുടെയും നസ്വാറാക്കളുടെയും വഴിയാണെന്ന് അറിയിക്കുന്നു. അതിന്റെ പേരില്‍ അവരെ ശപിക്കുന്നു. അല്ലാഹുവിന്റെ റസൂലിനോട് സ്നേഹമുള്ള ആര്‍ക്കെങ്കിലും -ഇത് വായിച്ചതിന് ശേഷം- ഖബറുകളുടെ കാര്യത്തില്‍ നബി -ﷺ- യുടെ താക്കീത് പ്രാവര്‍ത്തികമാക്കാതിരിക്കാന്‍ സാധിക്കുമോ?

ഈ ഉമ്മത്തില്‍ ഖബറുകളുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍ ഉണ്ടാകും എന്ന ഭയം കാരണത്താലാണ് നബി -ﷺ- യുടെ ഖബര്‍ ജനങ്ങള്‍ക്ക് പ്രകടമായി കാണാത്ത രൂപത്തില്‍ ആഇഷ -ِرَضِيَ اللَّهُ عَنْهَا- യുടെ മുറിയില്‍ നിശ്ചയിക്കപ്പെട്ടത് എന്ന നമ്മുടെ ഉമ്മയുടെ വാക്കില്‍ നിന്ന് അവരും സ്വഹാബികളും എന്തു മാത്രം ശിര്‍ക്കിനെ ഭയപ്പെട്ടിരുന്നു എന്ന കാര്യം മനസ്സിലാക്കാവുന്നതാണ്. കാരണം മുസ്‌ലിം ഉമ്മത്തില്‍ പില്‍ക്കാലഘട്ടത്തില്‍ ഖബറുമായി ബന്ധപ്പെട്ട ശിര്‍ക്ക് ഉണ്ടാകുമെന്ന ഭയം ഇല്ലെങ്കില്‍ അല്ലാഹുവിന്റെ റസൂലിന്റെ ഖബര്‍ എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന രൂപത്തില്‍ അവര്‍ക്ക് ആക്കാമായിരുന്നു.

മുസ്‌ലിമീങ്ങളില്‍ ശിര്‍ക്ക് ഉണ്ടാകില്ലെന്ന് പ്രചരിപ്പിക്കുകയും, ശിര്‍ക്കിനെ കുറിച്ച് നിങ്ങള്‍ ഭയക്കേണ്ടതില്ലെന്ന് തങ്ങളുടെ അനുയായി വൃന്ദത്തെ സമാധാനപ്പെടുത്തുകയും ചെയ്യുന്ന പുരോഹിതന്മാര്‍ എപ്പോഴെങ്കിലും -ബുഖാരിയും മുസ്‌ലിമും വരെ ഉദ്ധരിച്ച- ഈ ഹദീസുകള്‍ സമൂഹത്തെ കേള്‍പ്പിച്ചിട്ടുണ്ടോ എന്ന് ആലോചിച്ചാല്‍ തന്നെ നമ്മുടെ നാട്ടിലെ പുരോഹിതന്മാര്‍ ജനങ്ങളെ എങ്ങോട്ടാണ് വലിച്ചു കൊണ്ടു പോകുന്നതെന്ന് മനസ്സിലാകും. സ്വഹാബികള്‍ വരെ തങ്ങളുടെ സമൂഹത്തില്‍ ഭയന്ന ഒരു തിന്മ എങ്ങനെയാണ് ഇത്രയും കാലം പിന്നിട്ട ശേഷം നമ്മുടെ കാര്യത്തില്‍ ഭയക്കാതിരിക്കുക?

عَنْ عَائِشَةَ، وَعَبْدِ اللَّهِ بْنِ عَبَّاسٍ، قَالاَ: لَمَّا نَزَلَ بِرَسُولِ اللَّهِ -ﷺ- طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا عَنْ وَجْهِهِ، فَقَالَ وَهُوَ كَذَلِكَ: «لَعْنَةُ اللَّهِ عَلَى اليَهُودِ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ» يُحَذِّرُ مَا صَنَعُوا.

ആഇഷ -ِرَضِيَ اللَّهُ عَنْهَا- യും ഇബ്‌നു അബ്ബാസ് -ِرَضِيَ اللَّهُ عَنْهُمَا- യും നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരമുണ്ട്. അവര്‍ പറഞ്ഞു: “നബി -ﷺ- ക്ക് മരണം ആസന്നമായപ്പോള്‍ അവിടുന്ന് ഒരു വസ്ത്രം എടുത്ത് തന്റെ മുഖത്ത് ഇട്ടുകൊണ്ടിരുന്നു. ബോധം നഷ്ടപ്പെട്ടാല്‍ അത് അവിടുത്തെ മുഖത്ത് നിന്നെടുത്ത് നീക്കും. ആ അവസ്ഥയിലായിരിക്കെ നബി -ﷺ- പറഞ്ഞു: “അല്ലാഹുവിന്റെ ശാപം യഹൂദ-നസ്വാറാക്കളുടെ മേല്‍ ഉണ്ടാകട്ടെ. അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കി.” നബി -ﷺ- അവര്‍ ചെയ്തതില്‍ നിന്ന് തന്റെ സമൂഹത്തെ താക്കീത് ചെയ്യുകയായിരുന്നു. (ബുഖാരി: 435, മുസ്‌ലിം: 531)

അല്ലാഹുവിന്റെ റസൂലിനെ -ﷺ- സ്നേഹിക്കുന്ന ഏതൊരു മുസ്‌ലിമിന്റെയും കണ്ണു നനയിക്കുന്ന ഹദീസാണ് ഇത്. റസൂലുല്ല -ﷺ- ഇത്ര പ്രയാസം നിറഞ്ഞു നില്‍ക്കുന്ന വേളയില്‍ നമ്മെ അറിയിച്ച ഈ കല്‍പ്പന എങ്ങനെയാണ് ഒരു മുസ്‌ലിമിന് ധിക്കരിക്കാന്‍ കഴിയുക?!

عَنْ جُنْدَبٍ قَالَ: سَمِعْتُ النَّبِيَّ -ﷺ- قَبْلَ أَنْ يَمُوتَ بِخَمْسٍ، وَهُوَ يَقُولُ: «… أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ، أَلَا فَلَا تَتَّخِذُوا الْقُبُورَ مَسَاجِدَ، إِنِّي أَنْهَاكُمْ عَنْ ذَلِكَ»

ജൂന്‍ദുബ് -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നബി -ﷺ- വഫാതാകുന്നതിന് അഞ്ചു ദിവസം മുന്‍പ് ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: “അറിയുക! നിങ്ങള്‍ക്ക് മുന്‍പുള്ളവര്‍ തങ്ങളിലെ നബിമാരുടെയും സ്വാലിഹീങ്ങളുടെയും ഖബറുകളെ ആരാധനാ കേന്ദ്രങ്ങള്‍ ആക്കാറുണ്ടായിരുന്നു. അറിയുക! നിങ്ങള്‍ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കരുത്. ഞാന്‍ നിങ്ങളോട് അത് തടയുന്നു.” (മുസ്‌ലിം: 532)

നബി -ﷺ- അവിടുത്തെ വഫാതിന്റെ തൊട്ടു മുന്‍പ് ഖബറുകളുടെ വിഷയത്തില്‍ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തലുകളും താക്കീതുകളും നല്‍കിയിട്ടുണ്ട് എന്ന് വ്യത്യസ്തങ്ങളായ ഈ ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. അവിടുന്നു മരണവേളയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇക്കാര്യം പറഞ്ഞു എന്നതില്‍ നിന്ന് രണ്ടു കാര്യങ്ങള്‍ നമുക്ക് പഠിക്കാനുണ്ട്.

ഒന്ന്: നബി -ﷺ- തന്റെ ഉമ്മത്തില്‍ ഖബറുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍ ഉണ്ടാകും എന്ന് വളരെ ഭയപ്പെട്ടിരുന്നു. അവിടുന്ന് നമ്മോടുള്ള സ്നേഹവും ഗുണകാംക്ഷയും കാരണത്താല്‍ ഈ തെറ്റില്‍ നിന്ന് ആവര്‍ത്തിച്ച് ഉപദേശിച്ചു കൊണ്ടിരുന്നു. അതിനാല്‍ റസൂലിനെ സ്നേഹിക്കുന്ന ഏതൊരു മുസ്‌ലിമും അവിടുത്തെ ഈ വിഷയത്തിലുള്ള കല്‍പ്പനകള്‍ മനസ്സിലാക്കണം. ഖബറുകളുമായി ഇടപഴുകുമ്പോള്‍ വമ്പിച്ച ശ്രദ്ധയും സൂക്ഷ്മതയും പാലിക്കുകയും, നബി -ﷺ- യുടെ കല്‍പ്പനകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനം തന്നില്‍ ഉണ്ടാകുന്നുണ്ടോ എന്നു പരിശോധിക്കുകയും വേണം.

രണ്ട്: ഖബറുമായി ബന്ധപ്പെട്ട അനാചാരങ്ങളുടെ ഗൌരവം. നബി -ﷺ- ഈ വിഷയം താക്കീത് ചെയ്യാന്‍ തിരിഞ്ഞെടുത്ത സമയത്തില്‍ നിന്ന് അത് മനസ്സിലാക്കാം. അവിടുന്ന് ജീവിതം മുഴുവന്‍ തൌഹീദിലേക്ക് ക്ഷണിക്കുകയും, ശിര്‍ക്കില്‍ നിന്ന് താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്. എങ്കിലും മരണവേളയില്‍ ഖബറുകളുമായി ബന്ധപ്പെട്ട വിഷയം അവിടുന്ന് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നു. ഏതൊരാളും മരണ വേളയില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഉപദേശിക്കുക. അത്ര പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍ മരണ വേളയില്‍ ഒരാളും ഉപദേശിക്കില്ല. നബി -ﷺ- ഉപദേശിച്ചത് ഖബറുമായി ബന്ധപ്പെട്ട അനാചാരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനാണ്.

മേല്‍ പറഞ്ഞ രണ്ടു കാര്യവും മനസ്സിലായാല്‍ ഒരു മുസ്‌ലിം എന്ന നിലക്ക് നമ്മുടെ മേല്‍ നിര്‍ബന്ധമാകുന്നത് അവിടുത്തെ -ﷺ- ഈ കല്‍പ്പന ഒരു ചെറിയ വ്യത്യാസം പോലുമില്ലാതെ നിറവേറ്റുക എന്നതാണത്. കാരണം നമ്മുടെ റസൂല്‍ മരണവേളയില്‍ ചെയ്ത വസ്വിയ്യത് ആണിത്. മരണവേളയിലെ ഉപദേശം മറ്റേതൊരു സമയത്തുള്ള ഉപദേശത്തെക്കാളും ഗുരുതരമാണ്. ഒരു പിതാവ് മരണവേളയില്‍ എന്തെങ്കിലും ഒരു ഉപദേശം നല്‍കിയാല്‍ ഏതൊരു മകനും -പിതാവിനോട് കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കില്‍- ആ കല്‍പ്പനകള്‍ നിറവേറ്റാന്‍ പരമാവധി ശ്രമിക്കും.

നബി -ﷺ- നമുക്ക് നമ്മെക്കാള്‍ വേണ്ടപ്പെട്ടവരാണ്. അവിടുത്തെ വാക്കുകള്‍ നമുക്ക് ദുനിയാവിലെ എന്തിനേക്കാളും വിലപ്പെട്ടതാണ്. അവിടുത്തെക്ക് വെറുപ്പുണ്ടാക്കുന്ന ഒന്നും ഒരു മുസ്‌ലിം ചെയ്തു കൂടാ. അപ്പോള്‍ എങ്ങനെ നബി -ﷺ- അവിടുത്തെ മരണത്തിന് തൊട്ടു മുന്‍പ് പറഞ്ഞ ഈ പ്രധാന ഉപദേശങ്ങള്‍ അവന് അവഗണിക്കാന്‍ കഴിയും?! എങ്ങനെ നേതാക്കന്മാരും പുരോഹിതരും പറഞ്ഞതു കേള്‍ക്കുകയും, റസൂലിന്റെ വാക്കുകള്‍ നിസ്സാരവല്‍ക്കരിക്കുകയും ചെയ്യും?

മേല്‍ നല്‍കിയ ഹദീസുകളല്ലാതെയും മറ്റനേകം ഹദീസുകള്‍ ഖബറുമായി ബന്ധപ്പെട്ട അനാചാരങ്ങളില്‍ നിന്ന് വിലക്കുന്നതായി ഉണ്ട്. അവയില്‍ ചിലത് താഴെ നല്‍കാം.

عَنْ أَبِي هُرَيْرَةَ: أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «قَاتَلَ اللَّهُ اليَهُودَ، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ»

അബൂ ഹുറൈറ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “അല്ലാഹു യഹൂദരെ ശപിക്കട്ടെ! അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കി.” (ബുഖാരി: 437, മുസ്‌ലിം: 530)

റസൂല്‍ -ﷺ- യുടെ ശാപം കിട്ടുന്ന കാര്യമാണ് ഖബറുകളുമായി ബന്ധപ്പെട്ട അനാചാരങ്ങളില്‍ ഏര്‍പ്പെടുക എന്നത്. എങ്ങനെയാണ് അല്ലാഹുവിന്റെ റസൂലിന്റെ വാക്കിന് ഒരു മുടിനാരിന്റെ വിലയെങ്കിലും കല്‍പ്പിക്കുന്നവര്‍ക്ക് അവിടുത്തെ ശാപം ഏറ്റു വാങ്ങാന്‍ കഴിയുക?! എങ്ങനെയാണ് ഇതെല്ലാം വായിച്ചതിന് ശേഷം ഖബറുമായി ബന്ധപ്പെട്ട് എന്തൊരു കാര്യം ചെയ്യുമ്പോഴും അങ്ങേയറ്റം സൂക്ഷ്മതയോടെയല്ലാതെ അവന് പ്രവര്‍ത്തിക്കാന്‍ കഴിയുക?!

നബി -ﷺ- യുടെ വഫാതിന് മുന്‍പ് അവിടുന്നു നടത്തിയ ഒരു പ്രാര്‍ത്ഥന നോക്കൂ.

عَنْ عَطَاءِ بْنِ يَسَارٍ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «اللهم لاَ تَجْعَلْ قَبْرِي وَثَنًا يُعْبَدُ اشْتَدَّ غَضَبُ الله عَلَى قَوْمٍ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ»

“അല്ലാഹുവേ! എന്റെ ഖബറിനെ നീ ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹമാക്കരുതേ! തങ്ങളുടെ നബിമാരുടെ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കിയ സമൂഹത്തിന്റെ മേല്‍ അല്ലാഹുവിന്റെ കോപം കഠിനമായിരിക്കുന്നു.”

ഈ ഹദീസില്‍ നബി -ﷺ- സ്വന്തം ഖബര്‍ ആരാധനാ കേന്ദ്രമോ, ആരാധിക്കപ്പെടുന്ന വിഗ്രഹമോ ആകുന്നതില്‍ നിന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള നമ്മുടെ റസൂലിന്റെ ഖബര്‍ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കപ്പെടാന്‍ പാടില്ലെങ്കില്‍ മറ്റുള്ളവരുടെ ഖബറിന്റെ കാര്യം എന്തായിരിക്കണം? ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ.

وَعَنْ أَبِي عُبَيْدَةَ بْنِ الجَرَّاحِ قَالَ: آخِرُ مَا تَكَلَّمَ بِهِ النَّبِيُّ -ﷺ-: «… وَاعْلَمُوا أَنَّ شِرَارَ النَّاسِ الَّذِينَ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ»

അബൂ ഉബൈദ ബ്നുല്‍ ജര്‍റാഹ് -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞു: നബി -ﷺ- അവസാനം പറഞ്ഞ കാര്യം ഇതായിരുന്നു: “… അറിയുക! തങ്ങളുടെ നബിമാരുടെ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കിയ സമൂഹമാണ് മനുഷ്യരില്‍ ഏറ്റവും തിന്മ നിറഞ്ഞവര്‍.” (അഹ്മദ്: 1691)

മനുഷ്യരില്‍ ഏറ്റവും മോശക്കാര്‍ ഖബറുകളെ ചുറ്റിപ്പറ്റി അനാചാരങ്ങളുമായി കൂടുന്നവാനാണ് എന്നല്ലേ നബി -ﷺ- ഈ ഹദീസില്‍ നമ്മെ അറിയിച്ചത്? അതായത് ദുനിയാവില്‍ അവരെക്കാള്‍ മോശം മറ്റാരുമില്ല എന്നര്‍ത്ഥം. ഇത്തരക്കാരില്‍ ഉള്‍പ്പെടാനാണോ നീ ആഗ്രഹിക്കുന്നത്? അവരുടെ കൂട്ടത്തില്‍ പരലോകത്ത് ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടാനാണോ നീ പ്രവര്‍ത്തിക്കുന്നത്?

അല്ലയോ സഹോദരാ! എങ്ങനെയാണ് ഇതെല്ലാം കേട്ടു കഴിഞ്ഞതിന് ശേഷം നിനക്ക് ഖബറുമായി ബന്ധപ്പെട്ട -യാതൊരു അടിസ്ഥാനവുമില്ലാത്ത- അനാചാരങ്ങളുടെ പിറകെ പോകാന്‍ കഴിയുക?

അല്ലാഹുവിന്റെ റസൂലിനെ നമ്മെക്കാള്‍ സ്നേഹിച്ചിരുന്ന സ്വഹാബികള്‍; റസൂലുല്ലയുടെ ഖബര്‍ അടുത്തു തന്നെ ഉണ്ടായിരിക്കെ ഒരിക്കലെങ്കിലും -ഒരു തവണയെങ്കിലും- അവിടെ വെച്ച് റസൂലുല്ലയെ വിളിച്ചു പ്രാര്‍ഥിച്ചിട്ടുണ്ടോ?

അല്ലെങ്കില്‍ അവര്‍ക്കിടയില്‍ മരണപ്പെട്ടു വീണ ആയിരക്കണക്കിന് ശഹീദുകളുടെ ഖബറുകള്‍ ഏതെങ്കിലും കെട്ടിപ്പൊക്കിയോ?

എന്നെങ്കിലും ഒരിക്കല്‍ നമ്മുടെ റസൂലിന്റെ ഖബറിന്റെ അടുത്ത് ചെന്ന് ഒരു സ്വലാത്ത് കൂട്ടമായിരുന്നു ചൊല്ലിയോ?

എപ്പോഴെങ്കിലും അവിടുത്തെ ഖബറിലേക്ക് കൂട്ടമായി സിയാറത് ടൂറുകള്‍ സംഘടിപ്പിച്ചോ?

ഒരു തവണയെങ്കിലും അവിടുത്തെ ഖബറിന്റെ അടുക്കല്‍ കൂട്ടം കൂടിയിരുന്നു ദിക്ര്‍ ഹല്‍ഖകള്‍ സംഘടിപ്പിച്ചോ?

എന്നെങ്കിലും ഒരു ദുആ സമ്മേളനം നടത്തിയോ? മൌലീദ് സദസ്സുകളോ മറ്റോ പോസ്റ്ററടിച്ചു പ്രചരിപ്പിച്ചോ?

സഹോദരാ! ഇതിനൊന്നും ഒരു തെളിവ് പോലും നീ കാണുന്നില്ലെങ്കില്‍ -അതോടൊപ്പം ബുഖാരിയും മുസ്‌ലിമും മറ്റു ഹദീസ് പണ്ഡിതന്മാരും ഉദ്ധരിച്ച സ്വഹീഹായ ധാരാളം ഹദീസുകള്‍- മേലെ കണ്ടതു പോലെ നീ വായിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍… എങ്ങനെയാണ് നിനക്ക് ഇനിയും ഇത്തരം അടിസ്ഥാനമില്ലാത്ത അനാചാരങ്ങളുടെ പിറകെ പോകാന്‍ കഴിയുക?! ഇതെല്ലാം വായിച്ചതിന് ശേഷവും ഖബര്‍ പൂജയുടെ ശിര്‍ക്കന്‍ വഴിയാണ് നീ തിരഞ്ഞെടുക്കുന്നതെങ്കില്‍ എങ്ങനെയാണ് നിനക്ക് ഞാനുമൊരു മുസ്‌ലിമാണെന്ന് പറയാന്‍ കഴിയുക?

ഇപ്പോള്‍ ഇത്രയും എഴുതാന്‍ ഒരു കാരണം കൂടിയുണ്ട്. മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട നമ്മുടെ സഹോദരന്‍ ഫൈസല്‍ -അല്ലാഹു അദ്ദേഹത്തെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും, ശഹീദുകളുടെ കൂട്ടത്തില്‍ സ്വീകരിക്കുകയും ചെയ്യട്ടെ- മരണപ്പെട്ടതിന്റെ ഒന്നാം ആണ്ടു വാര്‍ഷികമെന്ന പേരില്‍ ചില പിശാചിന്റെ കൂട്ടങ്ങള്‍ ഒരു പരിപാടി സംഘടിപ്പിക്കുന്നതിന്റെ പരസ്യം വായിച്ചു.

അദ്ദേഹത്തിന്റെ പേരില്‍ ആണ്ടു നേര്‍ച്ച സംഘടിപ്പിക്കുകയും, അവിടെ ആരാധനാ കര്‍മ്മങ്ങള്‍ നടത്താന്‍ പോവുകയും ചെയ്യുന്ന ഇക്കൂട്ടര്‍ ഫൈസലിന്റെ ശരീരത്തില്‍ ആഞ്ഞു വെട്ടിയ ഇസ്‌ലാമിന്റെ ശത്രുക്കളെക്കാള്‍ കഠിന ഹൃദയരും, ഏതൊരു മാര്‍ഗത്തിലേക്കാണോ ഫൈസല്‍ കടന്നു വന്നത് ആ വഴിയെ ഒന്നും ബാക്കി വെക്കാതെ തകര്‍ക്കുന്ന പിശാചിന്റെ സന്താനങ്ങളുമാണ് എന്നതില്‍ ഇസ്‌ലാമും ഈമാനുമുള്ള ഒരാള്‍ക്കും സന്ദേഹമുണ്ടാകില്ല.

ഇസ്‌ലാമില്‍ ആയിരക്കണക്കിന് ശഹീദുകള്‍ ഉണ്ടായിട്ടുണ്ട്. നബി -ﷺ- യുടെ കാലത്തും അതിന് ശേഷവും. ഏതെങ്കിലും ഒരു ശഹീദിന്റെ ഖബറിടത്തില്‍ നബി-ﷺ-യോ സ്വഹാബത്തോ താബിഈങ്ങളോ നിങ്ങള്‍ ഈ ചെയ്യുന്നതില്‍ ഏതെങ്കിലും ഒരു കാര്യമെങ്കിലും ചെയ്തതായി ഒരു തുണ്ട് തെളിവെങ്കിലും കാണിച്ചു തന്നതിന് ശേഷമായിരുന്നെങ്കില്‍; ആയിക്കോളൂ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍; ഞങ്ങളും അതോടൊപ്പം കൂടാം എന്നേ പറയാനുള്ളൂ. എന്നാല്‍ ഒരു തെളിവു പോലും നിങ്ങളോടൊപ്പമില്ല. അല്ല! തെളിവുകളെല്ലാം നിങ്ങള്‍ക്കെതിരാണ്.

ഫൈസലിന്റെ മാര്‍ഗം പിന്തുടര്‍ന്ന് ഇസ്‌ലാമിലേക്ക് വന്ന അദ്ദേഹത്തിന്റെ കുടുംബത്തെ ഇത്തരം അനാചാരങ്ങളിലേക്ക് നിങ്ങള്‍ വലിച്ചിഴക്കുന്നെങ്കില്‍ എന്തു വലിയ അപരാധമാണ് നിങ്ങള്‍ ഫൈസലിനോട് ചെയ്യുന്നത്?! അവരെ ഇസ്‌ലാമില്‍ നിന്ന് തനിച്ച കുഫ്രിലേക്കും, അതിലൂടെ ശാശ്വത നരകത്തിലേക്കുമാണ് നിങ്ങള്‍ നയിക്കാന്‍ പോകുന്നത്. ഫൈസല്‍ -ഇന്‍ഷാ അല്ലാഹ്- എത്തിപ്പെടാനിരിക്കുന്ന സ്വര്‍ഗത്തിന്റെ വഴിയില്‍ നിന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ അകറ്റുന്ന നാശം പിടിച്ച പുരോഹിത കോലങ്ങളെ നിങ്ങള്‍ക്ക് നാശം!

അല്ലാഹു ഫൈസലിന്റെ കുടുംബത്തിന് നല്‍കിയ ഹിദായത്തിന്റെ മാര്‍ഗത്തില്‍ നിന്ന് നരകത്തിന്റെ വഴിയിലേക്കാണ് നിങ്ങള്‍ ജനങ്ങളെ നയിക്കുന്നത്? അല്ലാഹുവിങ്കല്‍ എന്തു മറുപടിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങള്‍ കരുതി വെച്ചിരിക്കുന്നത്? അവന്റെ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എന്തു ന്യായീകരണമാണ് നിങ്ങളോടൊപ്പം ഉള്ളത്?

ഏതൊരു വിഗ്രഹാരാധനയും ബുദ്ധി ശൂന്യതയുമാണോ ഫൈസല്‍ ഇട്ടേച്ചു പോന്നത്; അതിലേക്ക് ജനങ്ങളെ വലിച്ചു കൊണ്ടു പോകാന്‍ ഫൈസലിന്റെ പേരു തന്നെ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ കല്ലിച്ച, കാഠിന്യം നിറഞ്ഞ മനസ്സിനെ ഓര്‍ത്ത് സഹതപിക്കുകയല്ലാതെ എന്തു ചെയ്യാന്‍?!

ഇത്രയും കാലം ഞാന്‍ ആരാധിച്ചിരുന്നത് നിര്‍ത്തി വെച്ച വിഗ്രഹങ്ങളെയായിരുന്നു; ഇനി കുറച്ച് കാലം കിടത്തി വെച്ച വിഗ്രഹങ്ങളെ ആരാധിക്കാം എന്ന ചിന്തയിലായിരുന്നോ ഫൈസല്‍ ഇസ്‌ലാം സ്വീകരിച്ചത്? അതല്ല, അല്ലാഹു സൃഷ്ടിച്ചവയെ ഒന്നും ആരാധിക്കാന്‍ പാടില്ലെന്നും, പ്രയാസങ്ങളിലും ദുരിതങ്ങളിലും അല്ലാഹുവിനെ മാത്രമാണ് വിളിച്ചു പ്രാര്‍ഥിക്കേണ്ട എന്ന തിരിച്ചറിവില്‍ നിന്നുമാണോ ഫൈസലിന്റെ ഇസ്‌ലാമാശ്ലേഷണം സംഭവിച്ചത്? ബുദ്ധിയുള്ള ഏവര്‍ക്കും ഇതിന്റെയെല്ലാം ഉത്തരം അറിയാതിരിക്കില്ല.

അല്ല! ഇതല്ല ഫൈസലോ ഫൈസലിന്റെ റസൂലോ, ആ റസൂലിനെ അയച്ച നമ്മുടെ റബ്ബോ ആഗ്രഹിച്ചത്. ഇതല്ല ഖുര്‍ആനും സുന്നത്തും പഠിപ്പിച്ചത്. ഇതല്ല സ്വഹാബികളുടെ മാര്‍ഗം. അവരെ പിന്‍പറ്റിയ സലഫുകളുടെ മാര്‍ഗം. അല്ല! ഇതല്ല മുസ്‌ലിമിന്റെ വഴി.

ഇത് യഹൂദരുടെ മാര്‍ഗമാണ്. നസ്വ്റാനികളുടെ വഴിയാണ്. നശിച്ച കാഫിറുകളുടെ മാര്‍ഗമാണ്. പിശാചിന്റെ രീതിയും അവന്റെ സുന്നതുമാണ്. ഏറ്റവും തിന്മയുള്ളവരുടെ വഴി. നശിച്ചവരുടെ വഴി. നശിപ്പിക്കുന്നവരുടെ വഴി. ലോകത്തിലേറ്റവും വെറുക്കപ്പെട്ട വഴി.

അതിനാല്‍ കൊടിഞ്ഞിയിലും പരിസരത്തുമുള്ള മുസ്‌ലിമീങ്ങളോടായി ഉപദേശിക്കട്ടെ. അല്ലാഹുവിനെ ഭയക്കുന്നെങ്കില്‍ ഈ മാര്‍ഗത്തില്‍ നിന്ന് പിന്തിരിയുക. ഇതിന് ചുക്കാന്‍ പിടിക്കുന്ന പുരോഹിത കോമരങ്ങളുടെ ചെവി പിടിച്ച് നേര്‍ വഴിക്ക് കൊണ്ടു വരിക. ഇസ്‌ലാമിന്റെ മാര്‍ഗമിതെല്ലെന്നവരെ ബോധ്യപ്പെടുത്തി നല്‍കുക.

അല്ലാഹുവേ!

നിന്റെ ദീനിന്റെ മാര്‍ഗത്തെ നശിപ്പിക്കുന്ന, നിന്റെ റസൂലിന്റെ കല്‍പ്പനകളെ ധിക്കരിക്കുന്ന, ഫൈസലിന്റെ മാര്‍ഗത്തെ തകര്‍ക്കുന്ന ഈ പുരോഹിതന്മാരെ നീ നശിപ്പിക്കണേ!

ഫൈസലിന്റെ പേരില്‍ ഇവര്‍ നടത്തുന്ന ഈ പേക്കൂത്തിനെ നീ നശിപ്പിക്കുകയും, അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നീ അങ്ങേയറ്റം നിന്ദ്യരാക്കുകയും ചെയ്യേണമേ!

ഈ പരിപാടിയെ സഹായിക്കുകയോ, ഈ തിന്മയിലേക്ക് ക്ഷണിക്കുകയോ ചെയ്യുന്നവരുടെ മേല്‍ നിന്റെ ശാപം വര്‍ഷിക്കുകയും അവരുടെ നാശത്തില്‍ നിന്ന് ഈ ഉമ്മത്തിനെ നീ കാത്തു രക്ഷിക്കുകയും ചെയ്യണേ!

ജാറങ്ങള്‍ കെട്ടിപ്പൊക്കുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നവരുടെ മേല്‍ അല്ലാഹുവിന്റെ മലക്കുകളുടെയും സകല മനുഷ്യരുടെയും ജീവജാലങ്ങളുടെയും ശാപമുണ്ടാകട്ടെ!

ശിര്‍ക്കിനെ സൂക്ഷിക്കുക!

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment