സലഫിയ്യഃ എന്നത് കൊണ്ട് അർഥമാക്കുന്നത് സ്വഹാബത്തിന്റെ മാർഗം മുറുകെ പിടിക്കലാണ് എന്ന് മുൻപുള്ള ലേഖനങ്ങളിൽ പലതവണ നാം വിശദീകരിച്ചു കഴിഞ്ഞു. സലഫിയ്യത് നിലകൊള്ളുന്ന മൂന്ന് അടിസ്ഥാനങ്ങളെ കുറിച്ചാവട്ടെ ഇത്തവണ നാം മനസ്സിലാക്കുന്നത്. പിഴച്ച കക്ഷികളിൽ നിന്നും വ്യതിയാന മാർഗങ്ങളിൽ നിന്നും അതിനെ വേറിട്ടു നിർത്തുന്ന മൂന്ന് വ്യതിരിക്തതകളാണവ.
ഒന്ന്: ഇബാദതുകൾ സർവ്വവും അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുക.
രണ്ട്: നബി -ﷺ- യെ പിൻപറ്റുകയും, ദീനിൽ പുതിയതൊന്നും നിർമ്മിക്കാതിരിക്കുകയും ചെയ്യുക.
മൂന്ന്: മുസ്‌ലിം ഭരണാധികാരിയെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക.
അഹ്ലുസ്സുന്നത്തിന്റെ മാർഗത്തിൽ ചരിക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും നിർബന്ധമായും ശ്രദ്ധിക്കേണ്ട മൂന്ന് അടിസ്ഥാനങ്ങളാണിവ. നബി -ﷺ- യുടെ ഹദീഥുകളിൽ ഈ മൂന്ന് അടിത്തറകളിലേക്കുള്ള സൂചനകളും വ്യക്തമായ നിർദേശങ്ങളും കാണാൻ സാധിക്കും.
عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِنَّ اللَّهَ يَرْضَى لَكُمْ ثَلَاثًا … يَرْضَى لَكُمْ أَنْ تَعْبُدُوهُ وَلَا تُشْرِكُوا بِهِ شَيْئًا، وَأَنْ تَعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا، وَأَنْ تُنَاصِحُوا مَنْ وَلَّاهُ اللَّهُ أَمْرَكُمْ»
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “തീർച്ചയായും അല്ലാഹു നിങ്ങൾക്ക് മൂന്ന് കാര്യങ്ങൾ തൃപ്തിപ്പെടുന്നു… നിങ്ങൾ അവനെ മാത്രം ആരാധിക്കുകയും അവനിൽ പങ്കുചേർക്കാതിരിക്കുകയും ചെയ്യുന്നത് അവൻ നിങ്ങളിൽ ഇഷ്ടപ്പെടുന്നു. അല്ലാഹുവിന്റെ പാശത്തിൽ നിങ്ങൾ മുറുകെ പിടിക്കുകയും ഭിന്നിച്ചു പോവാതിരിക്കുകയും ചെയ്യുന്നതും, നിങ്ങളുടെ കാര്യം അല്ലാഹു ഏൽപ്പിച്ചു നൽകിയവരോട് നിങ്ങൾ ഗുണകാംക്ഷ പുലർത്തുന്നതും (നിങ്ങളിൽ അല്ലാഹു ഇഷ്ടപ്പെടുന്നു).” (അഹ്മദ്: 8799, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)
അല്ലാഹു മുസ്‌ലിംകളിൽ നിന്ന് ഇഷ്ടപ്പെടുന്ന മൂന്ന് കാര്യങ്ങൾ നബി -ﷺ- ഈ ഹദീഥിൽ അറിയിച്ചിരിക്കുന്നു.
അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനിൽ പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഒന്നാമത്തെ കാര്യം; അല്ലാഹുവിനോടുള്ള ഇബാദത്തുകൾ നിഷ്കളങ്കമാക്കുക എന്ന ആദ്യത്തെ അടിസ്ഥാനത്തിലേക്കുള്ള സുചന അത് ഉൾക്കൊള്ളുന്നുണ്ട്. കാരണം അല്ലാഹുവിൽ പങ്കുചേർക്കുന്നത് ഇബാദതുകൾ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുക എന്നതിനോട് എതിരാകുന്ന കാര്യമാണ്.
അല്ലാഹുവിന്റെ പാശത്തിൽ മുറുകെ പിടിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഖുർആനും അതിന്റെ വിശദീകരണമായ ഹദീഥും മുറുകെ പിടിക്കലാണ്; അവയിൽ ഇല്ലാത്ത എന്തെങ്കിലും കാര്യം ഒരാൾ നിർമ്മിച്ചുണ്ടാക്കി ദീനിലേക്ക് ചേർത്തു വെച്ചാൽ അത് ദീനിൽ പുതിയത് നിർമ്മിക്കലാകും. ദീനിൽ പുതിയത് നിർമ്മിക്കരുത് എന്ന രണ്ടാമത്തെ അടിസ്ഥാനത്തിലേക്കാണ് അത് സൂചന നൽകുന്നത്.
അല്ലാഹു നിങ്ങളുടെ കാര്യങ്ങൾ ഏൽപ്പിച്ച ഭരണാധികാരികളോട് നിങ്ങൾ ഗുണകാംക്ഷ പുലർത്തുക എന്നതാണ് മൂന്നാമത്തെ അടിസ്ഥാനം. മുസ്‌ലിം ഭരണാധികാരികൾ കൽപ്പിക്കുന്ന -ഇസ്‌ലാമിന് വിരുദ്ധമല്ലാത്ത കാര്യങ്ങളിൽ- അവരെ അനുസരിക്കുക എന്നതാണ് ഈ ഗുണകാംക്ഷ കൊണ്ടുള്ള ഉദ്ദേശം.
عَنِ الْعِرْبَاضِ قَالَ: صَلَّى بِنَا رَسُولُ اللَّهِ -ﷺ- ذَاتَ يَوْمٍ، ثُمَّ أَقْبَلَ عَلَيْنَا فَوَعَظَنَا مَوْعِظَةً بَلِيغَةً ذَرَفَتْ مِنْهَا الْعُيُونُ وَوَجِلَتْ مِنْهَا الْقُلُوبُ، فَقَالَ قَائِلٌ: يَا رَسُولَ اللَّهِ كَأَنَّ هَذِهِ مَوْعِظَةُ مُوَدِّعٍ، فَمَاذَا تَعْهَدُ إِلَيْنَا؟ فَقَالَ «أُوصِيكُمْ بِتَقْوَى اللَّهِ وَالسَّمْعِ وَالطَّاعَةِ، وَإِنْ عَبْدًا حَبَشِيًّا، فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ، تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلَالَةٌ»
ഇർബാദു ബ്നു സാരിയ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: ഒരു ദിവസം നബി -ﷺ- ഞങ്ങളെയും കൊണ്ട് നിസ്കരിച്ചു. ശേഷം ഞങ്ങൾക്ക് നേരെ തിരിഞ്ഞു നിന്നു കൊണ്ട് അവിടുന്ന് ആശയസമ്പുഷ്ടമായ ഒരു ഉൽബോധനം നടത്തി. (അത് കേട്ടപ്പോൾ) കണ്ണുകൾ ഈറനണിഞ്ഞു. ഹൃദയങ്ങൾ വിറകൊണ്ടു. ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! ഇത് ഒരു വിടവാങ്ങുന്നയാളുടെ ഉപദേശം പോലുണ്ടല്ലോ?! അങ്ങ് ഞങ്ങളോട് എന്താണ് കരാർ ചെയ്യുന്നത്?!
നബി -ﷺ- പറഞ്ഞു: “നിങ്ങളോട് അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് ഞാൻ വസ്വിയ്യത് ചെയ്യുന്നു. ഒരു അബ്സീനിയ്യക്കാരനായ അടിമയാണ് (ഭരണാധികാരി) എങ്കിലും കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും (വസ്വിയ്യത്ത് നൽകുന്നു).
നിങ്ങളിൽ എനിക്ക് ശേഷം ജീവിക്കുന്നവർ ധാരാളം അഭിപ്രായവ്യത്യാസങ്ങൾ കാണുന്നതാണ്. അപ്പോൾ നിങ്ങൾ എന്റെയും സന്മാർഗത്തിലേക്ക് നയിക്കപ്പെട്ട ഖുലഫാഉറാഷിദുകളുടെയും സുന്നത്ത് സ്വീകരിക്കുക. നിങ്ങളത് മുറുകെ പിടിക്കുക. നിങ്ങളുടെ അണപ്പല്ല് കൊണ്ട് കടിച്ചു പിടിക്കുക.
പുതിയകാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും എല്ലാ പുതിയ കാര്യങ്ങളും ബിദ്അതുകളാണ്. എല്ലാ ബിദ്അതുകളും വഴികേടുകളാണ്.” (അബൂ ദാവൂദ്: 4607, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)
നാം പറഞ്ഞ മൂന്ന് അടിസ്ഥാനങ്ങളിലേക്കുമുള്ള സൂചന ഈ ഹദീഥുകളിലുമുണ്ട്.
നബി -ﷺ- നൽകിയ ഒന്നാമത്തെ വസ്വിയ്യത് അല്ലാഹുവിനെ സൂക്ഷിക്കാണമെന്നാണ്; -അവനോട് തഖ്‌വ പുലർത്തണമെന്നാണ്-. തഖ്‌വയെന്നാൽ അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിക്കലും, അവൻ വിലക്കിയത് ഉപേക്ഷിക്കലുമാണ്. അല്ലാഹുവിന്റെ കൽപ്പനകളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഒന്നാമത്തേതുമായ കൽപ്പന അവനെ മാത്രം ആരാധിക്കണമെന്നതാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന അടിസ്ഥാനത്തിലേക്കുള്ള വ്യക്തമായ സൂചനയാണ് ഈ കൽപ്പന എന്ന് അതിൽ നിന്ന് മനസ്സിലാക്കാം.
രണ്ടാമത് നബി -ﷺ- ഓർമ്മപ്പെടുത്തിയത് ഭരണാധികാരികളെ അനുസരിക്കണമെന്നാണ്. ഒരു അടിമയാണ് ഭരണം ഏറ്റെടുക്കുന്നതെങ്കിലും അയാളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് ശക്തമായ ഭാഷയിൽ നബി -ﷺ- ഓർമ്മപ്പെടുത്തി. ഇസ്‌ലാമിക നിയമപ്രകാരം അടിമകൾക്ക് ഭരണാധികാരിയാകാൻ അർഹതയില്ല. എന്നാൽ അത്തരമൊരു സാഹചര്യം വന്നെത്തിയാൽ പോലും അവരെ കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് പറഞ്ഞതിൽ നിന്ന് ഈ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുന്നതാണ്. ഇത് സലഫിയ്യതിന്റെ മൂന്നാമത്തെ അടിസ്ഥാനത്തെ കുറിച്ച് അറിയിക്കുന്നു.
മഹത്തരമായ ഈ ഉപദേശം നബി -ﷺ- അവസാനിപ്പിച്ചത് ദീനിൽ പുതുതായി നിർമ്മിക്കപ്പെടുന്ന കാര്യങ്ങളെ സൂക്ഷിക്കണമെന്ന് പറഞ്ഞു കൊണ്ടാണ്. ദീനിൽ പുതിയതൊന്നും നിർമ്മിക്കാതിരിക്കുക എന്ന സലഫിയ്യതിന്റെ രണ്ടാമത്തെ അടിസ്ഥാനത്തിലേക്ക് അതും സൂചന നൽകുന്നു.
ഈ മൂന്ന് അടിസ്ഥാനങ്ങളിലേക്ക് സൂചന നൽകുന്ന മറ്റൊരു ഹദീഥ് കൂടി നൽകാം.
عَنْ تَمِيمٍ الدَّارِيِّ أَنَّ النَّبِيَّ -ﷺ- قَالَ: «الدِّينُ النَّصِيحَةُ» قُلْنَا: لِمَنْ؟ قَالَ: «لِلَّهِ وَلِكِتَابِهِ وَلِرَسُولِهِ وَلِأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ»
തമീമുദ്ദാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ദീൻ എന്നാൽ നസ്വീഹത് (ഗുണകാംക്ഷ) ആകുന്നു.” ഞങ്ങൾ (സ്വഹാബികൾ) ചോദിച്ചു: “ആരോടാണ് (ഗുണകാംക്ഷ പുലർത്തേണ്ടത്?)” നബി -ﷺ- പറഞ്ഞു: “അല്ലാഹുവിനോടും അവന്റെ ഗ്രന്ഥത്തോടും അവന്റെ റസൂലിനോടും -ﷺ- മുസ്‌ലിം നേതാക്കന്മാരോടും അവരിലെ സാധാരണക്കാരോടും.” (മുസ്‌ലിം: 95)
ഈ ഹദീഥിൽ അല്ലാഹുവിനോടുള്ള ഗുണകാംക്ഷയിൽ ഒന്നാമത് ഉൾപ്പെടുക അവന് മാത്രം അർഹതപ്പെട്ട ആരാധനകൾ നിഷ്കളങ്കമായി അല്ലാഹുവിന് സമർപ്പിക്കുകയും, അവന്റെ ആദ്യത്തെ കൽപ്പനയായ തൗഹീദ് പൂർത്തീകരിക്കലുമാണ്. നബി -ﷺ- യോടുള്ള നസ്വീഹതിൽ പെട്ടതാണ് അവിടുന്ന് കൊണ്ടു വന്നതിൽ വിശ്വസിക്കുകയും അവിടുത്തെ ദീനിനെ -പുത്തൻമാർഗങ്ങൾ സൃഷ്ടിച്ചു കൊണ്ടും മറ്റും- വികലമാക്കാതിരിക്കുകയും ചെയ്യൽ. മുസ്‌ലിം ഭരണാധികാരിയോടുള്ള ഗുണകാംക്ഷയിൽ പെട്ടതാണ് -അല്ലാഹുവിന്റെ കൽപ്പനക്ക് വിരുദ്ധമാകാത്തിടത്തോളം- അവരുടെ വാക്കുകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യൽ. ചുരുക്കത്തിൽ ഈ ഹദീഥും നാം തുടക്കത്തിൽ പറഞ്ഞ മൂന്ന് അടിസ്ഥാനങ്ങളിലേക്ക് തന്നെയാണ് സൂചന നൽകുന്നത്. (വായിക്കുക: അല്‍ മന്‍ഹജുസ്സലഫി/ മുഹമ്മദ് ബാസ്മൂല്‍)
ഈ മൂന്ന് അടിസ്ഥാനങ്ങളും പാലിക്കുന്നതില്‍ സലഫുകള്‍ സ്വീകരിച്ച ശ്രദ്ധയും, അവക്ക് അവര്‍ നല്‍കിയ പ്രാധാന്യം വിശദമായി തന്നെ നാം മനസ്സിലാക്കേണ്ടതാണ്. അതിനാല്‍ ഈ മൂന്ന് അടിസ്ഥാനങ്ങളും ഓരോന്നായി ഇനിയുള്ള ലേഖനങ്ങളില്‍ വിശദമായി മനസ്സിലാക്കാം. ഇന്‍ശാ അല്ലാഹ്.