അന്ധമായി അനുകരിക്കുന്നവന് (മുഖല്ലിദ്) [1] സലഫുകള്‍ നല്‍കിയ പേര് ഇമ്മഅഃ (കൂടെക്കൂടി) എന്നാണ്. മുഖല്ലിദ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു പണ്ഡിതനെ എല്ലാ വിഷയത്തിലും നിരുപാധികം സ്വീകരിക്കുന്നവനെയാണ്. -അറിഞ്ഞു കൊണ്ടല്ലെങ്കിലും- താന്‍ അനുസരിക്കുന്ന ഈ പണ്ഡിതന്‍ അബദ്ധങ്ങളില്‍ നിന്ന് മുക്തനാണെന്നാണ് (ഇസ്മത്) യഥാര്‍ഥത്തില്‍ ഇതിലൂടെ അവന്‍ ജല്‍പ്പിക്കുന്നത്.
നബി-ﷺ-യുടേത് അല്ലാതെ ഒരാളുടെയും വാക്കുകള്‍ നിരുപാധികം പൂര്‍ണമായും ശരിയാണെന്ന് പറയാന്‍ കഴിയില്ല. സത്യം എപ്പോഴും അവിടുന്ന് പറഞ്ഞതിനോടൊപ്പം മാത്രമായിരിക്കും.
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “നബി -ﷺ- കൊണ്ടു വന്നതില്‍ മാത്രമാണ് ശരിയുള്ളത്. അതിനെ സഹായിക്കുന്നവര്‍ക്ക് മാത്രമാണ് നമ്മുടെ സഹായമുള്ളത്. അതിനെ പിന്‍പറ്റിയവര്‍ക്ക് (ഇഹ-പര) സൗഭാഗ്യമുണ്ട്. അതില്‍ വിശ്വസിക്കുകയും, അത് പഠിപ്പിച്ചു നല്‍കുകയും ചെയ്യുന്നവരുടെ മേല്‍ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടായിരിക്കട്ടെ. സത്യം എപ്പോഴും അവിടുന്ന് പറഞ്ഞതിന് ഒപ്പമായിരിക്കും.” (മിന്‍ഹാജുസ്സുന്ന: 5/233)
തന്റെ ശൈഖ് എവിടെയാണൊ അവിടെ ആവുക എന്നതല്ല; മറിച്ച് സത്യം എവിടെയാണോ അതിനോടൊപ്പമാവുക എന്നതാണ് ഓരോ വ്യക്തിയുടെയും മേലുള്ള ബാധ്യത. എപ്പോഴും സത്യം അന്വേഷിക്കാനും തേടിപ്പിടിക്കാനും ഈ ചിന്ത മനുഷ്യനെ പ്രേരിപ്പിക്കുമെന്നതില്‍ സംശയമില്ല.
എന്നാല്‍ പ്രവര്‍ത്തിപ്പിക്കാത്ത തലച്ചോറും, ഒന്നിനും ഉപകാരപ്പെടാത്ത ചിന്താശേഷിയും, ബുദ്ധിശക്തിയുമായിരിക്കും ഒരു മുഖല്ലിദിന്റെ പക്കലുണ്ടാവുക.
ഇബ്‌നു ഹസ്മ് -رَحِمَهُ اللَّهُ- പറഞ്ഞു: “തന്റെ ബുദ്ധി ദുര്‍ബലമാക്കപ്പെടുന്നതില്‍ ഒരു മുഖല്ലിദ് തൃപ്തനായിരിക്കും.” (മുദാവാതുന്നുഫൂസ്: 74)
ശൈഖുല്‍ ഇസ്‌ലാം പറഞ്ഞു: “തീര്‍ച്ചയായും തഖ്ലീദ് വിഢികളെ മാത്രമേ സമ്മാനിക്കുകയുള്ളൂ.” (മിന്‍ഹാജുസ്സുന്ന: 5/381)
ഈ രണ്ടു പേരും പറഞ്ഞത് വളരെ ശരിയാണ്. കാരണം ഒരു മുഖല്ലിദ് ഏറ്റവും അങ്ങേയറ്റം പോയാല്‍ ചെയ്യുക ഏതെങ്കിലുമൊരു പണ്ഡിതനിലേക്ക് തന്നെ ചേര്‍ത്തിപ്പറയുക എന്നത് മാത്രമാണ്. ആ പണ്ഡിതന്റെ വാക്കുകള്‍ എന്താണ്, അദ്ദേഹത്തിന്റെ തെളിവുകള്‍ ഏതെല്ലാമാണ് എന്നൊന്നും ചിന്തിക്കാതെയാണ് അവന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വീകരിക്കുന്നത്.
അദ്ദേഹത്തിന് സ്വീകാര്യമായ എന്തെങ്കിലും തെളിവുണ്ടോ? ആ തെളിവ് തര്‍ക്ക വിഷയത്തില്‍ തെളിവായി പരിഗണിക്കാന്‍ സാധിക്കുന്നതാണോ? അദ്ദേഹത്തോട് എതിരഭിപ്രായമുള്ളവരുടെ തെളിവുകള്‍ എന്താണ്? വിഷയത്തിന്റെ ഏത് ഭാഗത്താണ് അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നത്? ഇതൊന്നും ചിന്തിക്കാത്ത ഒരാളുടെ ബുദ്ധി തീര്‍ത്തും ശൂന്യവും ഉപയോഗശൂന്യവുമായിരിക്കും.
ശൈഖ് അബ്ദുറഹ്മാന്‍ അസ്സഅ്ദി -رَحِمَهُ اللَّهُ- പറഞ്ഞു: “താന്‍ പിന്‍പറ്റുന്ന വാദങ്ങളുടെ തെളിവുകള്‍ സ്വീകാര്യമാണോ ദുര്‍ബലമാണൊ, അതല്ല അതിന് തെളിവ് തന്നെയില്ലേ എന്നൊന്നും പരിശോധിക്കാതെ (പണ്ഡിതന്മാരുടെ) വാക്കുകള്‍ക്ക് പിറകെ പോകുന്നവര്‍ തന്റെ ബുദ്ധിയെ നിശ്ചലമാക്കുകയും, ഉയരത്തിലേക്ക് കയറിപ്പോകാന്‍ ശ്രമിക്കാതിരിക്കുകയുമാണ്. അവന്റെ ചിന്തയും ബുദ്ധിശേഷിയും തീര്‍ത്തും ദുര്‍ബലമായിരിക്കും.” (അല്‍-മുനാദറാത്തുല്‍ ഫിഖ്ഹിയ്യ: 37)
സത്യത്തില്‍ നിന്ന് അകറ്റിക്കളയുന്ന ഏറ്റവും ഗൗരവമേറിയ കാര്യമാണ് തഖ്ലീദ്. കാരണം അയാള്‍ ഏതെങ്കിലുമൊരു പണ്ഡിതന്റെ വാക്കുകളെ മാത്രം മുറുകെ പിടിക്കുകയും, (ശരിയാണെങ്കിലും അല്ലെങ്കിലും) അതിന് വേണ്ടി മാത്രമായി വാദിക്കുകയും ചെയ്തുകൊണ്ടിരിക്കും.
അല്‍-വസീര്‍ ഇബ്‌നു ഹുബൈറ -رَحِمَهُ اللَّهُ- പറഞ്ഞു: “പിശാചിന്റെ കുതന്ത്രങ്ങളില്‍ പെട്ടതാണ് അല്ലാഹുവിന് പുറമേ ആരാധിക്കപ്പെടുന്ന ആശയപരമായ ചില വിഗ്രഹങ്ങളെ മനുഷ്യമനസ്സുകളില്‍ പ്രതിഷ്ഠിക്കുക എന്നത്. സത്യം വ്യക്തമായാലും ഇത്തരക്കാര്‍ പറയും; ഇത് നമ്മുടെ മദ്ഹബിന് യോജിച്ചതല്ലെന്ന്. താന്‍ ബഹുമാനിക്കുന്ന വ്യക്തിയോടുള്ള തഖ്ലീദാണ് അവനെ ഇതിന് പ്രേരിപ്പിക്കുന്നത്. സത്യത്തിന് മീതെ അവന്‍ ആ വ്യക്തിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.” (ലവാമിഉല്‍ അന്‍വാര്‍: 2/465)
ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “(തര്‍ക്കത്തിലുള്ള വിഷയത്തെ കുറിച്ച്) തങ്ങള്‍ ബഹുമാനിക്കുന്ന (ചില പണ്ഡിതന്മാരില്‍) നിന്ന് സ്വീകരിച്ച ചില വാക്കുകളും, അവരെ കുറിച്ച് നല്ലത് വിചാരിക്കുക എന്ന മനസ്സും മാത്രമാണ് മാത്രമാണ് ചിലരുടെ അടുക്കലുള്ളത്. [2] തങ്ങളുടെ നേതാക്കളുടെ വാക്കുകള്‍ മാത്രമേ അവര്‍ കേട്ടിട്ടുള്ളൂ; അതിന് പുറമെയുള്ളതൊന്നും അവര്‍ക്കറിയില്ല. അതവര്‍ക്കും (സത്യത്തിനുമിടയില്‍) ഒരു മറയായി മാറിയിരിക്കുന്നു. ആ മറ എന്തു മാത്രം വലുതായിരിക്കുന്നു?!” (ത്വരീഖുല്‍ ഹിജ്റതയ്നി: 215)
താന്‍ പറഞ്ഞ വാക്കുകളെല്ലാം ശരിയായിട്ടുള്ള ഒരു പണ്ഡിതനുമില്ല. എല്ലാവരുടെയും വാക്കുകളില്‍ കൊള്ളേണ്ടതും തള്ളേണ്ടതുമുണ്ട്.
ശൈഖുല്‍ ഇസ്‌ലാം പറഞ്ഞു: “ഒരാള്‍ സിദ്ദീഖ് (സത്യസന്ധന്‍) എന്ന പദവിയിലെത്തുന്നതിന് അയാള്‍ പറഞ്ഞ എല്ലാം ശരിയാകുകയും, അയാളുടെ പ്രവര്‍ത്തികളെല്ലാം (പിന്തുടരപ്പെടേണ്ട) സുന്നത്താകണമെന്നുമില്ല. അങ്ങനെ ആയാല്‍ അയാള്‍ നബി-ﷺ-യുടെ പദവിലേക്ക് എത്തിക്കഴിഞ്ഞു; (അതൊരിക്കലും സാധ്യമല്ല).” (ഇഖ്തിദാഉസ്സ്വിറാതില്‍ മുസ്തഖീം: 2/106)
ഹാഫിദ് ഇബ്‌നു റജബ് -رَحِمَهُ اللَّهُ- പറഞ്ഞു: “നബി-ﷺ-യുടെ ഏതെങ്കിലുമൊരു കല്‍പ്പന കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്ത എല്ലാവരുടെയും മേല്‍ അത് ഈ ഉമ്മത്തിന് പഠിപ്പിച്ചു കൊടുക്കുക എന്നതും, അവരോട് ഗുണകാംക്ഷിക്കുക എന്നതും, നബി-ﷺ-യുടെ കല്‍പ്പന സ്വീകരിക്കാന്‍ അവരെ ഉപദേശിക്കുക എന്നതും നിര്‍ബന്ധമാണ്. ഈ ഉമ്മത്തിലെ ബഹുമാനിക്കപ്പെടുന്ന ഏതെങ്കിലും ഒരു പ്രധാനപ്പെട്ട വ്യക്തിയുടെ വാക്കിന് അത് എതിരായാലും ശരി (മേല്‍ പറഞ്ഞത് പോലെയാണ് അവന്‍ ചെയ്യേണ്ടത്). കാരണം നബി-ﷺ-യുടെ വാക്കാണ് ബഹുമാനിക്കപ്പെടാനും, പിന്‍പറ്റപ്പെടാനും മറ്റെല്ലാതിനെക്കാളും അര്‍ഹമായിട്ടുള്ളത്.” (അല്‍-ഹുക്മുല്‍ ജദീറതു ബില്‍ ഇദാഅ: 34)
അല്ലാമ അബ്ദുല്‍ ഖാദിര്‍ ബ്നു ബദ്റാന്‍ അദ്ദിമഷ്ഖി -رَحِمَهُ اللَّهُ- പറഞ്ഞു: “തഖ്ലീദ് സത്യത്തില്‍ നിന്ന് അകറ്റുകയും, അസത്യത്തെ മനോഹരമാക്കി തോന്നിപ്പിക്കുകയും ചെയ്യും.” (അല്‍-മദ്ഖല്‍ ഇലാ മദ്ഹബില്‍ ഇമാം അഹ്മദ്: 495)
ചിലരോട് അവന്‍ വാദിക്കുന്നതിന് എതിരായി (നിനക്ക് മനസ്സിലായ സത്യം) നീ പറഞ്ഞു കൊടുക്കുകയും, അവന്‍ നിലകൊള്ളുന്ന വാദത്തിന്റെ പിഴവുകള്‍ വിശദമാക്കി നല്‍കുകയും ചെയ്താല്‍ വളരെ വേഗം അവന്‍ പറയുന്നത് കാണാം: നീയാണോ അതല്ല ഇന്ന ഇമാമാണോ കൂടുതല്‍ അറിവുള്ളയാള്‍?
ശൈഖുല്‍ ഇസ്‌ലാം പറഞ്ഞു: “സത്യത്തിലേക്ക് ക്ഷണിക്കുകയും വഴികാണിച്ചു കൊടുക്കുകയും ചെയ്യുന്നവരോട് നീയാണോ അതല്ല ഇന്ന പണ്ഡിതനാണോ കൂടുതല്‍ അറിവുള്ളവന്‍ എന്ന് ഒരാള്‍ എതിര്‍ക്കുന്നുണ്ടെങ്കില്‍ അത് വലിയ അബദ്ധമാണ്. കാരണം ഈ ഇമാം പറഞ്ഞതിനോട് അദ്ദേഹത്തെക്കാള്‍ അറിവുള്ള അബൂബക്കര്‍, ഉമര്‍, ഉഥ്മാന്‍, അലി, ഇബ്‌നു മസ്ഊദ്, ഉബയ്യു ബ്നു കഅ്ബ്, മുആദ് പോലുള്ളവര്‍ എതിരായിട്ടുണ്ട്!
അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളില്‍ ഈ പറഞ്ഞ സ്വഹാബികള്‍ (മതവിജ്ഞാനത്തില്‍) പരസ്പരം കിടപിടിക്കുന്നവരായിട്ടു കൂടി തങ്ങള്‍ക്കിടയില്‍ ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ അത് അല്ലാഹുവിലേക്കും റസൂലിലേക്കുമാണ് അവര്‍ മടക്കിയത്. അവരില്‍ ചിലര്‍ മറ്റു ചിലരെക്കാള്‍ ചില വിഷയങ്ങളില്‍ അറിവുള്ളവരായിരുന്നിട്ട് കൂടി (ഈ മാര്‍ഗമാണ് അവര്‍ പിന്തുടര്‍ന്നത്).” (ഫതാവ അല്‍-കുബ്റ: 5/126)
ശൈഖ് അബ്ദു റഹ്മാന്‍ ബ്നു യഹ്യ അല്‍-മുഅല്ലിമി -رَحِمَهُ اللَّهُ- പറഞ്ഞു: “നീ അറിയുക! മറ്റുള്ളവരെ പരിശോധിക്കുന്നതിന് വേണ്ടി അല്ലാഹു ചിലപ്പോള്‍ തന്റെ ചില നിഷ്കളങ്കരായ ദാസന്മാരെ കൊണ്ട് അബദ്ധങ്ങള്‍ പറയിച്ചേക്കാം. തന്റെ അടിമകള്‍ സത്യം പിന്തുടരുകയും ഈ വ്യക്തിയുടെ വാക്കുകള്‍ ഒഴിവാക്കുകയുമാണോ ചെയ്യുക, അതല്ല ആ വ്യക്തിയുടെ ശ്രേഷ്ഠതയും മഹത്വവും കണ്ട് വഞ്ചിതനാവുകയാണോ ചെയ്യുക (എന്നറിയുന്നതിന് വേണ്ടിയാണത്).
അബദ്ധം പറഞ്ഞ മുജ്തഹിദിന് അല്ലാഹു ഒഴിവ് കഴിവ് നല്‍കും; അല്ല! സത്യം കണ്ടെത്താന്‍ വേണ്ടി അദ്ദേഹം നടത്തിയ ആ പരിശ്രമത്തിനും, സത്യം ആഗ്രഹിച്ചതിനും, അത് (തേടിപ്പിടിക്കുന്നതില്‍) കുറവ് വരുത്താതിരുന്നതിലും അല്ലാഹു അദ്ദേഹത്തിന് പ്രതിഫലം നല്‍കും.
എന്നാല്‍ ആ പണ്ഡിതനോടുള്ള ആദരവില്‍ വഞ്ചിതനായി, ഖുര്‍ആനും സുന്നത്തുമാകുന്ന തെളിവുകള്‍ പരിശോധിക്കാത്തവന് ഒരിക്കലും ഒഴിവ് കഴിവ് നല്‍കപ്പെടുകയില്ല. അവന്‍ യഥാര്‍ഥത്തില്‍ വലിയ പിഴവിലാണ് വീണു പോയിരിക്കുന്നത്.
ജമല്‍ യുദ്ധം സംഭവിക്കുന്നതിന് മുന്‍പ് വിശ്വാസികളുടെ മാതാവായ ആയിശ -ِرَضِيَ اللَّهُ عَنْهَا- ബസ്വറയിലേക്ക് പോയപ്പോള്‍ അലി -ِرَضِيَ اللَّهُ عَنْهُ- തന്റെ മകനായ ഹസനെയും അമ്മാര്‍ ബ്നു യാസിറിനെ-ِرَضِيَ اللَّهُ عَنْهُمَا-യും അവരെ അനുഗമിക്കുവാന്‍ വേണ്ടി പറഞ്ഞയച്ചു.
ബസ്വറയിലുള്ളവരോട് പ്രസംഗിച്ച കൂട്ടത്തില്‍ അമ്മാര്‍ -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞു: “അല്ലാഹുവാണ സത്യം! അവര്‍ നിങ്ങളുടെ റസൂലിന്റെ ദുനിയാവിലെയും ആഖിറത്തിലെയും പ്രിയപ്പെട്ട ഭാര്യയാണ്. എന്നാല്‍ അല്ലാഹു അവരെ കൊണ്ട് നിങ്ങളെ പരീക്ഷിക്കുന്നു; നിങ്ങള്‍ അല്ലാഹുവിനെയാണോ അവരെയാണോ അനുസരിക്കുക എന്നറിയുന്നതിന് വേണ്ടി.”
ഈ ആശയത്തിലുള്ള മറ്റൊരു പ്രധാനപ്പെട്ട ഉദാഹരണമാണ് ഫാതിമ -ِرَضِيَ اللَّهُ عَنْهَا- തന്റെ പിതാവില്‍ നിന്നുള്ള അനന്തരസ്വത്ത് ആവശ്യപ്പെട്ട സംഭവം; അബൂബക്കര്‍ സിദ്ധീഖ്-ِرَضِيَ اللَّهُ عَنْهُ-വിനെ സംബന്ധിച്ചിടത്തോളം അത് വലിയൊരു പരീക്ഷണമായിരുന്നു.” (റഫ്ഉല്‍ ഇഷ്തിബാഹ് അന്‍ മഅ്നല്‍ ഇബാദതി വല്‍ ഇലാഹ്: 152-153)
മേല്‍ പറഞ്ഞതിന്റെ അര്‍ഥം മതവിദ്യാര്‍ഥികള്‍ പ്രമാണങ്ങള്‍ നേരിട്ട് വായിച്ച് സ്വയം ഖുര്‍ആനും ഹദീഥും മനസ്സിലാക്കണമെന്നും, (മുന്‍കഴിഞ്ഞ ഒരു പണ്ഡിതനും പറഞ്ഞിട്ടില്ലാത്ത) ഒറ്റപ്പെട്ട വാദങ്ങളുമായി അവന്‍ മാറിനില്‍ക്കണമെന്നുമല്ല.
മറിച്ച് ഓരോ മതവിദ്യാര്‍ഥിയുടെയും മേല്‍ നിര്‍ബന്ധമായിട്ടുള്ളത് പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതില്‍ പണ്ഡിതന്മാരുടെ സഹായം തേടുക എന്നതാണ്. പണ്ഡിതന്മാരെ അന്ധമായി പിന്‍പറ്റുക (തഖ്ലീദ്) എന്നതും, അവരുടെ സഹായത്താല്‍ പ്രമാണങ്ങളെ മനസ്സിലാക്കുക എന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
അമീര്‍ അസ്സന്‍ആനി -رَحِمَهُ اللَّهُ- പറയുന്നത് നോക്കൂ: “ഒരു പണ്ഡിതന്‍ പറഞ്ഞ എല്ലാ കാര്യങ്ങളും അന്ധമായി പിന്‍പറ്റുക എന്നതും, അദ്ദേഹത്തിന്റെ സഹായത്താല്‍ പ്രമാണങ്ങളുടെ ആശയം മനസ്സിലാക്കിയെടുക്കുക എന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ആദ്യത്തേത് ഖുര്‍ആനോ സുന്നത്തോ പരിശോധിക്കാതെ ഒരാളുടെ വാക്ക് സ്വീകരിക്കുക എന്നതാണെങ്കില്‍, രണ്ടാമത്തേത് വഴിയറിയാന്‍ ഒരു വഴികാട്ടിയെ സ്വീകരിക്കുന്നത് പോലെയാണ്. അയാള്‍ തെളിവിലേക്ക് എത്തിക്കുന്ന മറ്റൊരു തെളിവാണ്.” (ഇര്‍ഷാദുന്നഖ്ദി ഇലാ തയ്സീരില്‍ ഇജ്തിഹാദ്: 105)
ചിലര്‍ തഖ്ലീദിനെ എതിര്‍ക്കുന്നതില്‍ അതിര് കവിഞ്ഞത് കാണുന്നതിനാലാണ് നമ്മള്‍ ഇത് അവസാനം ഓര്‍മ്മപ്പെടുത്തുന്നത്. പണ്ഡിതന്മാരില്‍ നിന്ന് പൂര്‍ണമായും വിരക്തി പ്രകടിപ്പിക്കാനും, അവരുടെ വിജ്ഞാനം കൊണ്ട് ഉപകാരം തേടുന്നത് അവസാനിപ്പിക്കാനും, മതത്തില്‍ അവഗാഹം തേടുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ഒരു വഴി ഉപേക്ഷിക്കാനുമാണ് അത് അവരെ പ്രേരിപ്പിച്ചത്.
ശൈഖുല്‍ ഇസ്‌ലാം പറഞ്ഞു: “മുസ്‌ലിംകള്‍ പിന്‍പറ്റിയ അവരുടെ ഇമാമുമാര്‍ ജനങ്ങള്‍ക്കും റസൂല്‍-ﷺ-ക്കും ഇടയിലുള്ള കണ്ണിയും മാര്‍ഗവും വഴികാട്ടിയുമാണ്. അവിടുന്ന് പറഞ്ഞത് ജനങ്ങള്‍ക്ക് എത്തിച്ചു കൊടുത്തത് ഈ പണ്ഡിതന്മാരാണ്. തങ്ങളുടെ പരിശ്രമവും കഴിവുമനുസരിച്ച് അവിടുന്ന് പറഞ്ഞ വാക്കുകളുടെ ഉദ്ദേശം വ്യക്തമാക്കി നല്‍കിയതും അവരാണ്.” (മജ്മൂഉല്‍ ഫതാവ: 20/224)
അടിക്കുറിപ്പുകള്‍:
[1] തഖ്ലീദ് ചെയ്യുന്നവന് മുഖല്ലിദ് എന്ന് പറയും.
[2] അവര്‍ വലിയ പണ്ഡിതന്മാരല്ലേ? അവര്‍ നമ്മള്‍ കണ്ടിട്ടില്ലാത്ത ഹദീഥുകള്‍ കണ്ടിരിക്കും? അവരൊക്കെ ഒന്നും കാണാതെ പറയുമോ? എന്നിങ്ങനെ സത്യം വ്യക്തമായാലും പണ്ഡിതന്മാരെ സംബന്ധിച്ച് നല്ലത് വിചാരിക്കുക എന്നതാണ് മേല്‍ പറഞ്ഞതിന്റെ ഉദ്ദേശം.