അസത്യത്തിനുണ്ടാകുന്ന വിജയവും വ്യാപനവും ദുര്‍ബലഹൃദയങ്ങളെ അസത്യത്തിന് മുന്നില്‍ തലകുനിക്കാനും, ജീവിതം ശാന്തമായി മുന്നോട്ട് പോകുന്നതിന് വേണ്ടി അതിന് കീഴൊതുങ്ങാനും പ്രേരിപ്പിക്കുമെന്നതില്‍ സംശയമില്ല. സത്യത്തില്‍ നിന്ന് വഴി തെറ്റിക്കുന്ന ഈ പ്രശ്നത്തെ കുറിച്ച് അതിനാലാണ് പണ്ഡിതന്മാര് വിശദമായി പ്രതിപാദിച്ചത്.
അബ്ദു റഹ്മാന് അസ്സഅ്ദി -رَحِمَهُ اللَّهُ- പറഞ്ഞു: “അസത്യത്തിന് വേണ്ടി (സത്യത്തിന്റെ) ശത്രുക്കള്‍ നടത്തുന്ന പ്രതിരോധവും, അതിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ചതിയിലൂടെയും വഞ്ചനയിലൂടെയും നടത്തുന്ന പരിശ്രമങ്ങളും, സത്യമതം മുറുകെ പിടിച്ചു ജീവിക്കുന്നവര്‍ അതിനെതിരെ പ്രതികരിക്കാതെ, സത്യത്തെ സഹായിക്കാതെ വെറുതെയിരിക്കുന്നതുമാണ് ജനങ്ങളില്‍ അധികപേരെയും സത്യത്തില്‍ നിലകൊള്ളുന്നതില്‍ നിന്ന് തടഞ്ഞത്.” (തയ്സീറുല്ലതീഫില് മന്നാന്‍ ഫീ ഖുലാസതി തഫ്സീരില് ഖുര്‍ആന്‍: 669)
മൂസ -عَلَيْهِ الصَّلَاةُ وَالسَّلَامُ- പ്രബോധനം ചെയ്ത സത്യവിശ്വാസത്തില്‍ നിന്ന് ഭയം ജനങ്ങളെ തടഞ്ഞതെങ്ങനെയാണെന്ന് നോക്കൂ.
(( فَمَا آمَنَ لِمُوسَى إِلَّا ذُرِّيَّةٌ مِنْ قَوْمِهِ عَلَى خَوْفٍ مِنْ فِرْعَوْنَ وَمَلَئِهِمْ أَنْ يَفْتِنَهُمْ وَإِنَّ فِرْعَوْنَ لَعَالٍ فِي الْأَرْضِ وَإِنَّهُ لَمِنَ الْمُسْرِفِينَ ))
“ഫിര്‍ഔനും അവരിലുള്ള പ്രധാനികളും മര്‍ദ്ദിച്ചേക്കുമോ എന്ന ഭയം കാരണത്താല്‍ മൂസയില്‍ അദ്ദേഹത്തിന്റെ ജനതയില്‍ നിന്നുള്ള ചില ചെറുപ്പക്കാരല്ലാതെ മറ്റാരും വിശ്വസിച്ചില്ല. തീര്‍ച്ചയായും ഫിര്ഔന് ഭൂമിയില്‍ ഔന്നത്യം നടിക്കുന്നവന് തന്നെയാകുന്നു. തീര്‍ച്ചയായും അവന് അതിരുകവിഞ്ഞവരുടെ കൂട്ടത്തില്‍ത്തന്നെയാകുന്നു.” (യൂനുസ്: 83)
ഇത് കൊണ്ടാണ് ഫിര്‍ഔനിന്റെ കുടുംബത്തില്‍ പെട്ടവര്‍ തങ്ങളുടെ വിശ്വാസം പുറത്ത് പ്രകടിപ്പിക്കാതെ മറച്ചു വെച്ചത്. അല്ലാഹു പറഞ്ഞു:
(( وَقَالَ رَجُلٌ مُؤْمِنٌ مِنْ آلِ فِرْعَوْنَ يَكْتُمُ إِيمَانَهُ أَتَقْتُلُونَ رَجُلًا أَنْ يَقُولَ رَبِّيَ اللَّهُ وَقَدْ جَاءَكُمْ بِالْبَيِّنَاتِ مِنْ رَبِّكُمْ وَإِنْ يَكُ كَاذِبًا فَعَلَيْهِ كَذِبُهُ وَإِنْ يَكُ صَادِقًا يُصِبْكُمْ بَعْضُ الَّذِي يَعِدُكُمْ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ مُسْرِفٌ كَذَّابٌ ))
“ഫിര്‍ഔന്റെ ആള്‍ക്കാരില്‍പ്പെട്ട -തന്റെ ഈമാന്‍ മറച്ചു വെച്ചിരുന്ന- ഒരു മുഅ്മിനായ മനുഷ്യന് പറഞ്ഞു: എന്റെ റബ്ബ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടു വന്നിട്ടുണ്ട്. അദ്ദേഹം കള്ളം പറയുന്നവനാണെങ്കില്‍ കള്ളം പറയുന്നതിന്റെ ദോഷം അദ്ദേഹത്തിന് തന്നെയാണ്. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ അദ്ദേഹം നിങ്ങള്‍ക്ക് താക്കീത് നല്കുന്ന ചില കാര്യങ്ങള്‍ (ശിക്ഷകള്‍) നിങ്ങളെ ബാധിക്കുകയും ചെയ്യും. അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.” (സൂറത്തുല്‍ ഗാഫിര്: 28)
ഫിര്‍ഔനിനെ അല്ലാഹു കടലില്‍ മുക്കിക്കൊല്ലുകയും, ‘ഭയം’ എന്ന ഈ കാരണം നീങ്ങുകയും ചെയ്തപ്പോള്‍ ജനങ്ങള്‍ കൂട്ടംകൂട്ടമായി സത്യം സ്വീകരിക്കുകയും, മൂസ-عَلَيْهِ الصَّلَاةُ وَالسَّلَامُ-യുടെ അനുയായികള്‍ വര്‍ദ്ധിക്കുകയും ചെയ്തത് ശ്രദ്ധിക്കുക. നബി -ﷺ- പറയുകയുണ്ടായി:
قَالَ رَسُولُ اللَّهِ -ﷺ-: «عُرِضَتْ عَلَيَّ الأُمَمُ، فَجَعَلَ النَّبِيُّ وَالنَّبِيَّانِ يَمُرُّونَ مَعَهُمُ الرَّهْطُ، وَالنَّبِيُّ لَيْسَ مَعَهُ أَحَدٌ، حَتَّى رُفِعَ لِي سَوَادٌ عَظِيمٌ، قُلْتُ: مَا هَذَا؟ أُمَّتِي هَذِهِ؟ قِيلَ: بَلْ هَذَا مُوسَى وَقَوْمُهُ»
“(മുന്‍കഴിഞ്ഞ നബിമാരുടെ) സമുദായങ്ങളെ എനിക്ക് കാണിക്കപ്പെട്ടു. അപ്പോഴതാ ഒരു നബി, അല്ലെങ്കില്‍ രണ്ടു പേര് ഒരു ചെറിയ സംഘം (അനുയായികളുമായി) നടന്നു പോകുന്നു. മറ്റൊരു നബി; അദ്ദേഹത്തോടൊപ്പം ഒരനുയായി പോലുമില്ല. അങ്ങനെ ഒരു വലിയ ജനക്കൂട്ടത്തെ എനിക്ക് വേണ്ടി ഉയര്‍ത്തിക്കാണിക്കപ്പെട്ടു. ഞാന്‍ ചോദിച്ചു: “ആരാണിവര്‍? എന്റെ സമൂഹമാണോ?” അപ്പോള്‍ പറയപ്പെട്ടു: “അല്ല! ഇത് മൂസ-عَلَيْهِ الصَّلَاةُ وَالسَّلَامُ-യും അദ്ദേഹത്തിന്റെ സമുദായവുമാണ്.” (ബുഖാരി: 5705, മുസ്ലിം: 374)
റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഹിര്‍ഖലിന്റെ സംഭവം നോക്കൂ! നമ്മുടെ റസൂല്‍ മുഹമ്മദ് നബി-ﷺ-യുടെ പ്രവാചകത്വത്തെ കുറിച്ചും, അവിടുന്ന് പറയുന്നത് സത്യമാണെന്നും അറിഞ്ഞപ്പോള്‍ അയാള്‍ തന്റെ ജനതയുടെ വിശ്വാസം പരിശോധിക്കാന്‍ തുനിഞ്ഞു. അതിനായി റോമിലെ നേതാക്കന്മാരെ തന്റെ കൂടാരത്തിലേക്ക് വിളിച്ചു വരുത്തുകയും, അവര്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ അതിന്റെ കവാടങ്ങള്‍ അടക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു.
ശേഷം അയാള്‍ ചോദിച്ചു: “ഹേ റോമക്കാരേ! നിങ്ങളുടെ അധികാരം നിലനില്ക്കുകയും, വിജയവും സന്മാര്ഗവും നിങ്ങള്‍ക്ക് ഉണ്ടാവുകയും ചെയ്യുന്നതിന് വേണ്ടി ഈ നബിയില്‍ നിങ്ങള്‍ക്ക് ബയ്അത്ത് ചെയ്തു കൂടയോ?”
അപ്പോള്‍ പേടിച്ചോടുന്ന കഴുതകളെ പോലെ അവരെല്ലാവരും കോട്ടയുടെ കവാടങ്ങളിലേക്ക് വിറളി പിടിച്ചോടി. ആ കവാടങ്ങള്‍ അടഞ്ഞു കിടക്കുന്നതായി അവര്‍ കണ്ടു. ഇവരുടെ ഭയന്നോട്ടം കണ്ടപ്പോള്‍ ഹിര്‍ഖല്‍ സത്യവിശ്വാസം സ്വീകരിക്കാമെന്ന തീരുമാനത്തില്‍ നിരാശനായി.
അയാള്‍ പറഞ്ഞു: “അവരെ എന്റെ അടുക്കലേക്ക് തിരിച്ചു കൊണ്ടു വരിക.” ശേഷം അവരോട് അയാള്‍ പറഞ്ഞു: “നിങ്ങളുടെ വിശ്വാസത്തില്‍ നിങ്ങള്‍ക്ക് ഉറപ്പുണ്ടോയെന്ന് പരിശോധിച്ചറിയുന്നതിന് ഞാനൊരു വര്‍ത്തമാനം പറഞ്ഞെന്നേയുള്ളൂ! അതേതായാലും ഞാനിപ്പോള്‍ കണ്ടു.” (ബുഖാരി: 1/33)
ഇബ്നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറയുന്നു: “ഹിര്‍ഖല്‍ സത്യം മനസ്സിലാക്കുകയും, അതില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ അയാളുടെ സമൂഹം അതിന് അയാളെ സമ്മതിച്ചില്ല. അയാള്‍ക്ക് സ്വന്തം കാര്യത്തില്‍ ഭയമുണ്ടായി. സത്യം മനസ്സിലായതിന് ശേഷം ഇസ്ലാമിന് പകരം കുഫ്ര് അയാള്‍ തിരഞ്ഞെടുത്തു.” (ഹിദായതുല്‍ ഹയാറ ഫീ അജ്–വിബതില് യഹൂദിവന്നസ്വാറ: 18)
സലഫുകളുടെ ഈ വാക്ക് പ്രസിദ്ധമാണ്; “അല്ലാഹു ഖുര്‍ആന്‍ കൊണ്ട് (തിന്മകളില് നിന്ന് ജനങ്ങളെ) തടയുന്നതിനെക്കാള്‍ സുല്‍ത്വാനെ കൊണ്ട് തടയുന്നതാണ്.” [1]
ഖാലിദ് ബ്നു ദുറൈക് പറഞ്ഞു: “ഇബ്നു മിഹ്രീസില് രണ്ട് സ്വഭാവങ്ങളുണ്ടായിരുന്നു. ഈ സമുദായത്തില്‍ വേറൊരാളിലും ഞാന്‍ കാണാത്ത രണ്ട് കാര്യങ്ങളാണ് അവ.
(ഒന്ന്) തനിക്ക് സത്യം മനസ്സിലായതിന് ശേഷം പിന്നീട് മിണ്ടാതിരിക്കുക എന്നതില്‍ നിന്ന് ജനങ്ങളിലെല്ലാവരെക്കാളും അദ്ദേഹം അകലം പാലിച്ചു. ആരെല്ലാം ദേഷ്യം പിടിച്ചാലും, ആര്‍ക്കെല്ലാം തൃപ്തികരമായാലും വേണ്ടില്ല; തനിക്ക് വ്യക്തമായ സത്യം അദ്ദേഹം തുറന്നു പറഞ്ഞു.
(രണ്ട്) തന്റെ അടുക്കലുള്ള ഏറ്റവും നല്ല കാര്യം (സ്വഭാവം, ഇബാദത്തുകള്‍ പോലുള്ളവ) മറച്ചു വെക്കുന്നതില്‍ ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ചിരുന്നത് അദ്ദേഹമായിരുന്നു.” (താരീഖു അബീ സുര്‍അഃ അദ്ദിമഷ്ഖി: 1/335)
ഇബ്നും ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “സത്യത്തിലേക്കെത്തുക എന്നതാണ് (നമ്മുടെ) ലക്ഷ്യം; അത് കണ്ടെത്തിക്കഴിഞ്ഞാല്‍ അതിന് പുറമെയുള്ളതെല്ലാം കാല്ക്കീഴിലിട്ടേക്കുക.” (ബദാഇഉല്‍ ഫവാഇദ്: 2/668)
ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ബലപ്രയോഗത്തിലൂടെയല്ലാതെ സത്യത്തിന് കീഴൊതുങ്ങുകയില്ല.” (ദര്‍ഉത്തആറുദ്: 7/174)
ജനങ്ങളില്‍ ബഹുഭൂരിപക്ഷം പേരും നിര്‍ബന്ധിതാവസ്ഥയിലല്ലാതെ സത്യം സ്വീകരിക്കില്ലെന്നത് കൊണ്ടാണ് ജനങ്ങള്‍ക്കും സത്യത്തിനുമിടയില് തടസ്സമായി നില്ക്കുന്ന കുഫ്റിന്റെ (സത്യനിഷേധത്തിന്റെ) നേതാക്കന്മാരെ വധിക്കാന്‍ ഇസ്ലാം കല്‍പ്പിച്ചത്. സത്യം സ്വീകരിക്കുന്നതില്‍ നിന്ന് തടസ്സം നില്‍ക്കുന്നത് പോകട്ടെ; അത് പരിശോധിക്കാന്‍ തടസ്സമുണ്ടാക്കുന്നുണ്ടെങ്കില്‍ തന്നെ അവരെ കീഴടക്കാനാണ് (ഇസ്ലാമിക ഭരണാധികാരികളോട്) മതം കല്‍പ്പിക്കുന്നത്.
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “മുസ്ലിംകള് തങ്ങളുടെ ശത്രുക്കളെ കീഴടക്കുന്നത് അവര്‍ ഇസ്ലാമിന്റെ നന്മകള് ദര്‍ശിക്കുന്നതിന് കാരണമാകും. ഈമാനിന് (നന്മകള്) പ്രവര്‍ത്തിപ്പിക്കുന്നതിലും, (തിന്മകള്) ഇല്ലാതെയാക്കുന്നതിലും വലിയ സ്വാധീനമുള്ളത് പോലെ തന്നെ ഭയത്തിനും സ്നേഹത്തിനും ഇസ്ലാം പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കുണ്ട്.” (ജാമിഉറസാഇല്: 1/238)
സത്യത്തിലേക്ക് വഴികാട്ടുന്ന ഗ്രന്ഥത്തിന് അതിനെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പടവാള് ആവശ്യമാണ്.
അല്ലാഹു പറഞ്ഞു:
(( لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنْزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ وَأَنْزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ ))
“തീര്‍ച്ചയായും നാം നമ്മുടെ റസൂലുകളെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വ്വം നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും [2] ഇറക്കികൊടുക്കുകയും ചെയ്തു. ഇരുമ്പും നാം ഇറക്കി കൊടുത്തു. അതില്‍ കഠിനമായ ആയോധന ശക്തിയുണ്ട്.” [3] (ഹദീദ്: 25)
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “സത്യമതത്തിന്റെ (പ്രചാരണത്തിന്) സന്മാര്ഗത്തിലേക്ക് വഴികാണിക്കുന്ന ഒരു ഗ്രന്ഥവും, അതിനെ സഹായിക്കുന്ന ഒരു പടവാളും അനിവാര്യമാണ്.” (മിന്‍ഹാജുസ്സുന്ന: 1/531)
സത്യം ഒഴിവാക്കുന്നതിന് വേണ്ടി ചിലപ്പോള്‍ ഒരാള്‍ക്ക് ധാരാളം പീഢനങ്ങളും ഭയപ്പെടുത്തലും നേരിടേണ്ടി വന്നേക്കാം. അത്തരം സാഹചര്യങ്ങളില്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും, ക്ഷമയോടെ പിടിച്ചു നില്‍ക്കുകയുമാണ് വേണ്ടത്.
ഇബ്നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു : “(ജീവിതമാകുന്ന) ഈ യാത്ര താണ്ടാന്‍ രണ്ട് കാര്യങ്ങളില്ലാതെ ഒരിക്കലും കഴിയില്ല.
ഒന്ന്: ആക്ഷേപകന്റെ ആക്ഷേപത്തെ ഭയന്ന് സത്യം സ്വീകരിക്കുന്നതില്‍ പിന്തിനില്ക്കാതിരിക്കുക. കുതിരയുടെ മേലുള്ള സഞ്ചാരം പതുക്കെയായാല്‍, യാത്രക്കാരന് അതിന്റെ മേല്‍ നിന്ന് താഴെ വീഴുകയും, അവന് ഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ടവനാവുകയും ചെയ്തേക്കാം.
രണ്ട്: അല്ലാഹുവിന്റെ മുന്നില്‍ സ്വന്തത്തെ നിസ്സാരമാക്കി കാണുക. അപ്പോള്‍ തന്നെ എന്തെങ്കിലും ബാധിച്ചേക്കുമോ എന്ന ഭയമില്ലാതെ (യാത്രയില്‍) അവന് മുന്നേറാന്‍ കഴിയും. മനസ്സ് എപ്പോള്‍ ഭയവിഹ്വലമാകുന്നോ, അപ്പോള്‍ അത് (യാത്രയില്‍) പിന്തിനില്‍ക്കുകയും, (അയാള്‍) ഭൂമിയിലേക്ക് ഇരുന്നു പോവുകയും ചെയ്യും.
ഈ രണ്ട് കാര്യങ്ങളും നേടിയെടുക്കണമെങ്കില്‍ അയാള്‍ക്ക് ക്ഷമ ഉണ്ടായിരിക്കണം. കുറച്ചൊന്ന് ക്ഷമിക്കാന്‍ തയ്യാറായാല്‍ ഭീതികളെല്ലാം സുഖമുള്ളൊരു കാറ്റായി ലക്ഷ്യത്തിലേക്ക് അവനെ നയിക്കാന്‍ തുടങ്ങും. എന്നാല്‍ അവന് പേടിച്ച് മാറിനില്ക്കുകയാണെങ്കിലോ, ആ ഭയം എപ്പോഴും അവന്റെ കൂടെത്തന്നെ നിലകൊള്ളും. ഈ അവസ്ഥ ജീവിതത്തില്‍ അനുഭവിച്ചവര്‍ക്കേ ഈ പറയുന്നത് മനസ്സിലാകൂ.
അല്ലാഹുവില്‍ സത്യസന്ധമായി ആശ്രയമര്‍പ്പിക്കുക.
പരിപൂര്‍ണമായി തന്നെ അവനില്‍ ഏല്‍പ്പിക്കുക.
എല്ലാ രൂപത്തിലും അവനിലേക്ക് യാചിച്ച് മടങ്ങുക.
അവനോട് താഴ്മ കാണിക്കുക.
സത്യസന്ധമായി അവനില്‍ ഭരമേല്‍പ്പിക്കുക.
അവനോട് സഹായമര്‍ഥിക്കുക.
അവന്റെ മുന്നില്‍ ഹൃദയം തുറക്കുക.
തന്നെ നിലനിര്‍ത്തുന്നവനും, തന്റെ രക്ഷാധികാരിയും ആയവനിലേക്ക് തന്നെ അര്‍പ്പിക്കുക.
സ്വന്തം അപാകതകളെ കുറ്റപ്പെടുത്തുക.
അവയെല്ലാം അല്ലാഹു അവന്റെ കനിവും ഔദാര്യവും കൊണ്ട് പൊറുത്തു തരണമെന്നും, മറ്റുള്ളവരില്‍ നിന്ന് മറച്ചു പിടിക്കണമെന്നും ആഗ്രഹിക്കുക.
ഇതെല്ലാം ഈ യാത്രയിലെ അവന്റെ വാഹനമാകട്ടെ.
അല്ലാഹു തന്നെ സന്മാര്ഗത്തിലേക്ക് നയിക്കും എന്ന് പ്രതീക്ഷിക്കാന്‍ അര്‍ഹതയുള്ളത് ഇവനാണ്. മറ്റുള്ളവര്‍ക്ക് കണ്ടെത്താന്‍ കഴിയാതെ പോയ യാഥാര്‍ഥ്യങ്ങള്‍ തനിക്ക് അവന് ഈ പാലയനത്തില്‍ വെളിപ്പെടുത്തി നല്‍കുമെന്നും അവന് പ്രതീക്ഷ വെക്കാം.” (രിസാലത്തുത്തബൂക്കിയ്യ: 69-70)
അടിക്കുറിപ്പുകള്‍:
[1] അതായത് ജനങ്ങള്‍ ഖുര്‍ആനിലെ വിധിവിലക്കുകള്‍ മനസ്സിലാക്കി തിന്മകളില് നിന്ന് വിട്ടു നില്ക്കുന്നതിനെക്കാള് കൂടുതല്‍ ചിലപ്പോള്‍ ഭരണാധികാരിയുടെ ശിക്ഷ ഭയന്ന് കൊണ്ട് വിട്ടു നിന്നേക്കാം.
[2] മുജാഹിദ്, ഖതാദ എന്നിവരുടെ അഭിപ്രായം മീസാന്‍ -തുലാസ്- എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നീതിയാണെന്നാണ്.” (ഇബ്നു കഥീര്‍: 8/27)
[3] ഇബ്നു കഥീര്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “തെളിവുകള്‍ വ്യക്തമായതിന് ശേഷവും സത്യത്തോട് വിദ്വേഷം പ്രകടിപ്പിക്കുയും, അത് സ്വീകരിക്കുന്നതിന് തടസ്സം നില്‍ക്കുകയും ചെയ്യുന്നവരെ ഭയപ്പെടുത്താന്‍ ഇരുമ്പിനെ നിശ്ചയിച്ചിരിക്കുന്നു എന്ന് വിവക്ഷ. പ്രവാചകത്വത്തിന് ശേഷം പതിമൂന്ന് വര്‍ഷം നബി -ﷺ- മക്കയില്‍ കഴിച്ചു കൂട്ടിയപ്പോള്‍ ഇറങ്ങിയ സൂറത്തുകളിലെല്ലാം ഇതു കൊണ്ടാണ് ബഹുദൈവാരാധാകരോടുള്ള തര്‍ക്കങ്ങളും, തൗഹീദ് കൂടുതല്‍ വ്യക്തമാക്കുന്ന ധാരാളം തെളിവുകളും മറ്റും കാണുന്നത്. അവര്‍ക്ക് മേല്‍ തെളിവുകള്‍ സ്ഥാപിതമായി കഴിഞ്ഞപ്പോള്‍ അല്ലാഹു മദീനയിലേക്ക് പാലായനം ചെയ്യാനും, വാളു കൊണ്ട് എതിര്‍ത്തു നിന്നവരോട് യുദ്ധം ചെയ്യുവാനും, ഖുര്‍ആനിനോട് എതിരാവുകയും അതിനെ കളവാക്കുകയും അതിനോട് ശത്രുത പുലര്‍ത്തുകയും ചെയ്തവരുടെ കഴുത്ത് വെട്ടാനും കല്പ്പിച്ചു.” (ഇബ്നു കഥീര്‍: 8/27-28.)
كَبَتَهُ: الشَّيْخُ حَمَد بْن إِبْرَاهِيم العُثْمَان -حَفِظَهُ اللَّهُ وَرَعَاهُ-
تَرْجَمَهُ وَعَلَّقَ عَلَيْهِ: أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيد
-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-