ആരോഗ്യം ഇല്ലാത്ത അവസ്ഥയാണല്ലോ രോഗാവസ്ഥ. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ് ആരോഗ്യം എന്ന് ബോധ്യപ്പെടുത്തുന്ന ഒരു പരീക്ഷണം തന്നെയാണ് രോഗം എന്നതില് സംശയമില്ല. രോഗികള്ക്ക് നോമ്പിന്റെ കാര്യത്തില് അല്ലാഹു ചില ഇളവുകള് നല്കിയിരിക്കുന്നു. അവ വിശദീകരിക്കുന്നതിന് മുന്പ്:
രോഗങ്ങള് രണ്ടു തരമുണ്ട്.
ഒന്ന്: മാറുമെന്ന് പ്രതീക്ഷയുള്ള രോഗങ്ങള്.
ഇത്തരം രോഗങ്ങള് ബാധിച്ചവര്ക്ക് നോമ്പ് ഒഴിവാക്കാനുള്ള അനുവാദമുണ്ട്. അവര്ക്ക് നഷ്ടപ്പെട്ട നോമ്പുകള് രോഗം മാറിയതിന് ശേഷം നോറ്റു വീട്ടിയാല് മതി.
അല്ലാഹു -تَعَالَى- പറഞ്ഞു:
أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ
“എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില് മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല് മറ്റു ദിവസങ്ങളില് നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.)” (ബഖറ: 184)
അല്ലാഹു -تَعَالَى- പറഞ്ഞു:
فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ
“അതു കൊണ്ട് നിങ്ങളില് ആര് ആ മാസത്തില് സന്നിഹിതരാണോ അവര് ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല് പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) നിങ്ങള്ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്ക്ക് ഞെരുക്കം ഉണ്ടാക്കാന് അവന് ഉദ്ദേശിക്കുന്നില്ല.” (ബഖറ: 185)
രണ്ട്: മാറുമെന്ന പ്രതീക്ഷയില്ലാത്ത രോഗങ്ങള്.
പ്രായാധിക്യം ബാധിച്ചവര് ഉദാഹരണം. ഇത്തരക്കാര് നോമ്പ് ഒഴിവാക്കുന്നതിന് മുന്പ് വിശ്വസ്തനായ ഒരു മുസ്ലിം ഡോക്ടറുടെ അഭിപ്രായം അന്വേഷിക്കേണ്ടതുണ്ട്. അവര്ക്ക് നോമ്പ് അനുഷ്ഠിക്കാന് കഴിയില്ലെന്ന് ഡോക്ടര് സാക്ഷ്യപ്പെടുത്തിയാല്, അവര് നോമ്പ് നോല്ക്കേണ്ടതില്ല. എന്നാല് നഷ്ടപ്പെട്ട ഓരോ ദിവസത്തെയും നോമ്പുകള്ക്ക് പകരമായി അവര് ദരിദ്രര്ക്ക് ഭക്ഷണം നല്കണം.
മാറുമെന്ന് പ്രതീക്ഷയുള്ള രോഗങ്ങള്ക്ക് മൂന്ന് അവസ്ഥകളുണ്ട്. അവ താഴെ പറയാം.
ഒന്ന്: നോമ്പ് നോല്ക്കുക എന്നത് കൊണ്ട് ഒരു പ്രയാസവും സൃഷ്ടിക്കാത്ത, ശരീരത്തിന് ഉപദ്രവവും ചെയ്യാത്ത രോഗങ്ങള്.
ഉദാഹരണത്തിന്; ചെറിയ ജലദോഷമോ, ശരീരത്തിലെ ഏതെങ്കിലും അവയവത്തില് സംഭവിക്കുന്ന ചെറിയ വേദനയോ മറ്റോ. ഇത്തരം രോഗങ്ങള് ഉള്ള സന്ദര്ഭത്തില് നോമ്പ് അനുഷ്ഠിക്കുക എന്നത് പൊതുവേ ഒരു പ്രയാസവും ഉണ്ടാക്കുകയില്ല. ഇങ്ങനെയുള്ള രോഗങ്ങള് ബാധിച്ചവര് നോമ്പ് അനുഷ്ഠിക്കല് നിര്ബന്ധമാണ്. കാരണം നോമ്പ് ഒഴിവാക്കാവുന്ന ഒരു ഒഴിവു കഴിവും അവര്ക്കില്ല.
രണ്ട്: നോമ്പ് നോല്ക്കുക എന്നത് അവന് പ്രയാസമുണ്ടാക്കുന്ന, എങ്കിലും ശരീരത്തിന് ഉപദ്രവമുണ്ടാക്കാത്ത രോഗങ്ങള്.
ഉദാഹരണത്തിന്; ചെറിയ പനി, വയറിന് ബാധിക്കുന്ന ചില അസുഖങ്ങള്. ഇത്തരം സന്ദര്ഭത്തില് പ്രയാസത്തോട് കൂടിയേ അവന് നോമ്പ് അനുഷ്ഠിക്കാന് കഴിയൂ. എങ്കിലും ശരീരത്തിന് അത് ഉപദ്രവമുണ്ടാക്കുകയില്ല. നോമ്പ് എടുത്തു എന്നത് കൊണ്ട് അവന്റെ ആരോഗ്യ സ്ഥിതി വഷളാവുകയോ, രോഗശമനം വൈകുകയോ ഒന്നുമില്ല.
ഇതാണ് അവസ്ഥയെങ്കില് അവന് നോമ്പ് മുറിക്കുകയാണ് വേണ്ടത്. പ്രയാസത്തോട് കൂടി നോമ്പ് അനുഷ്ഠിക്കല് അവനെ സംബന്ധിച്ചിടത്തോളം മക്റൂഹ് (വെറുക്കപ്പെട്ടത്) ആണ്. കാരണം അല്ലാഹു -تَعَالَى- നല്കിയ ഇളവിനെ അവന് അവഗണിച്ചിരിക്കുന്നു. സ്വന്തം ശരീരത്തെ ആവശ്യമില്ലാതെ അവന് പ്രയാസപ്പെടുത്തിയിരിക്കുന്നു.
നബി -ﷺ- യുടെ ഹദീസ് അവന് ഓര്ക്കട്ടെ! അവിടുന്നു പറഞ്ഞു:
«إِنَّ اللَّهَ يُحِبُّ أَنْ تُؤْتَى رُخَصُهُ كَمَا يَكْرَهُ أَنْ تُؤْتَى مَعْصِيَتُهُ»
“തീര്ച്ചയായും അല്ലാഹു -تَعَالَى- അവന്റെ നിരോധങ്ങള് (ഹറാമുകള്) പ്രവര്ത്തിക്കപ്പെടുന്നത് വെറുക്കുന്നത് പോലെ, അവന്റെ ഇളവുകള് സ്വീകരിക്കപ്പെടുന്നത് ഇഷ്ടപ്പെടുകയും ചെയ്യുന്നു.” (അഹമദ്: 2/108)
എന്നാല് ഇത്തരക്കാര് പ്രയാസത്തോടെ നോമ്പെടുത്താല് അത് സ്വീകരിക്കപ്പെടുമോ?
അതെ! സ്വീകരിക്കപ്പെടും. എന്നാല് അവന് കറാഹതായ ഒരു കാര്യം ആ നോമ്പിനോടൊപ്പം പ്രവര്ത്തിച്ചിരിക്കുന്നു.
മൂന്ന്: നോമ്പെടുക്കുന്നത് അവനെ പ്രയാസപ്പെടുത്തുകയും, ശരീരത്തിന് ഉപദ്രവമുണ്ടാക്കുകയും ചെയ്യുന്ന തരം രോഗങ്ങള്.
ഉദാഹരണത്തിന്; കടുത്ത പനി, വയറിന് വരുന്ന അസ്വസ്ഥതകള് പോലുള്ളവ. ഈ അവസ്ഥയില് അവന് നോമ്പ് എടുക്കരുത്. അതവന് അനുവദനീയമല്ല. അല്ലാഹു -تَعَالَى- പറഞ്ഞിരിക്കുന്നു:
وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا ﴿٢٩﴾
“നിങ്ങള് നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു.” (നിസാഅ്: 29)
അല്ലാഹു നോമ്പ് തുറക്കാന് അനുവാദം നല്കിയിട്ടും അത് സ്വീകരിക്കാതെ നോമ്പെടുക്കുകയും, സ്വന്തം ശരീരത്തെ ഉപദ്രവിക്കുകയും ചെയ്യുക എന്നത് തെറ്റാണ്.
ചില ചോദ്യങ്ങളും ഉത്തരങ്ങളും
- ഒരാള്ക്ക് രാവിലെ അസുഖമൊന്നും ഉണ്ടായിരുന്നില്ല എന്നതിനാല് അയാള് നോമ്പെടുത്തു; എന്നാല് പകല് മദ്ധ്യേ അയാള്ക്ക് അസുഖം ആരംഭിച്ചു; എന്തു ചെയ്യണം?
നോമ്പ് അയാള്ക്ക് പ്രയാസമുണ്ടാക്കുമെങ്കില് നോമ്പ് ഒഴിവാക്കാം. ശരീരത്തിന് ഉപദ്രവമുണ്ടാക്കുമെങ്കില് നോമ്പ് ഒഴിവാക്കല് നിര്ബന്ധമാണ്. രോഗം സുഖമായാല് പിന്നീട് നോമ്പ് കടം വീട്ടണം.
- റമദാനിന്റെ പകലില് രോഗമുണ്ടായതിനാല് ഒരാള് നോമ്പ് മുറിച്ചു; എന്നാല് മഗ്രിബിന് മുന്പ് അദ്ദേഹത്തിന്റെ രോഗം സുഖപ്പെടുകയും ചെയ്തു; എന്ത് ചെയ്യണം?
രോഗം സുഖമായത് മുതല് അയാള് നോമ്പുകാരെ പോലെ കഴിച്ചു കൂട്ടണം. നഷ്ടപ്പെട്ട നോമ്പുകള് പിന്നീട് നോറ്റു വീട്ടുകയും ചെയ്യണം.
- രോഗമായതിനാല് നോമ്പ് എടുക്കണം എന്ന് ഉദ്ദേശിച്ചിരുന്നില്ല. എന്നാല് സുബഹ് ബാങ്ക് കൊടുത്തതിന് ശേഷം ഉറക്കമുണര്ന്നപ്പോള് അസുഖം മാറിയിരിക്കുന്നു; എന്തു ചെയ്യണം?
മഗ്രിബിന്റെ സമയം വരെ അയാള് നോമ്പുകാരെ പോലെ കഴിച്ചു കൂട്ടട്ടെ. എന്നാല് അന്നേ ദിവസത്തെ നോമ്പ് ശരിയായതായി പരിഗണിക്കപ്പെടില്ല. കാരണം സുബഹ് ബാങ്കിന് മുന്പ് നോമ്പിന് നിയ്യത് വെക്കേണ്ടതുണ്ട്. ഇയാള്ക്ക് നിയ്യത് ഇല്ലായിരുന്നു എന്നതിനാല് നോമ്പും ഇല്ല. മറ്റൊരു ദിവസം ഈ നോമ്പ് അയാള് നോറ്റു വീട്ടേണ്ടതുണ്ട്.
- ഇപ്പോള് രോഗം ഒന്നുമില്ല. എന്നാല് നോമ്പെടുത്താല് രോഗം ഉണ്ടാകാന് സാധ്യതയുണ്ടെന്നു വിശ്വസ്തനായ ഒരു മുസ്ലിം ഡോക്ടര് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നോമ്പ് മുറിക്കാമോ?
അതെ! കാരണം നോമ്പെടുക്കുന്നത് രോഗം വര്ദ്ധിപ്പിക്കുമെങ്കില് അത് ഒഴിവാക്കാന് അനുവാദമുണ്ട് എന്നത് പോലെ തന്നെയാണ് നോമ്പ് എടുക്കുന്നത് രോഗം വരുത്തുമെന്നതിനാല് ഒഴിവാക്കുന്നതും. എന്നാല് അയാള് പിന്നീടൊരു ദിവസം -ഈ പ്രശ്നങ്ങളില് നിന്ന് മുക്തനായാല്- നോമ്പ് നോറ്റു വീട്ടണം.
- നോമ്പ് എടുത്താല് രോഗം വര്ദ്ധിക്കില്ലെങ്കിലും രോഗശമനം വൈകാന് കാരണമാകും എന്നാണ് വിശ്വസ്തനായ ഒരു മുസ്ലിം ഡോക്ടര് പറയുന്നത്. എന്തു ചെയ്യണം?
രോഗശമനം വൈകിപ്പിക്കുക എന്നത് നോമ്പ് ഒഴിവാക്കാന് അനുവാദം ലഭിക്കുന്ന കാരണങ്ങളില് ഒന്നാണ്. അതിനാല് അയാള്ക്ക് നോമ്പ് ഒഴിവാക്കാം. പിന്നീടൊരു ദിവസം നോമ്പ് കടം വീട്ടണം.
- രോഗം കാരണം നോമ്പ് എടുക്കാന് കഴിയില്ല. മാറുമെന്ന് പ്രതീക്ഷയുള്ള രോഗം അല്ലാത്തതിനാല് ഇനി നോറ്റു വീട്ടാനും കഴിയില്ല. എന്തു ചെയ്യണം?
നഷ്ടപ്പെട്ട ഓരോ നോമ്പിനും പകരമായി അയാള് ഒരു ദരിദ്രന് ഭക്ഷണം നല്കണം. ഒരാള്ക്ക് സ്വാഇന്റെ പകുതി എന്നതാണ് കണക്ക്. ഏതാണ്ട് ഒന്നരക്കിലോ വരുന്ന ഭക്ഷണമാണ് സ്വാഇന്റെ പകുതി എന്നാണു ഇബ്നു ബാസിന്റെ അഭിപ്രായം.
- നോമ്പിന് പകരമായി നല്കുന്ന ഭക്ഷണം ഒരു ദരിദ്രന് നല്കിയാല് മതിയോ; അതല്ല വ്യത്യസ്ത ദരിദ്രര്ക്ക് നല്കണോ?
രണ്ടും അനുവദനീയമാണ്. ഉദാഹരണത്തിന്; ഒരാള്ക്ക് അഞ്ചു നോമ്പുകള് കടം ഉണ്ടെന്ന് കരുതുക. ഒന്നല്ലെങ്കില് അയാള്ക്ക് അഞ്ച് ദരിദ്രരെ തിരഞ്ഞെടുത്ത് ഒരോരുത്തര്ക്കായി അര സ്വാഅ് വീതം ഭക്ഷണം നല്കാം. അല്ലെങ്കില് ഒരു ദരിദ്രന് മാത്രമായി അഞ്ചു ദിവസത്തിന് പകരമായ ഭക്ഷണം നല്കുകയും ചെയ്യാം. രണ്ടും അനുവദനീയമാണ്.
- ദരിദ്രരെ എന്റെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം കൊടുക്കണോ? അതല്ല; അങ്ങോട്ട് കൊണ്ടു പോയി കൊടുക്കണമോ?
രണ്ടും അനുവദനീയമാണ്. അവരവര്ക്ക് സൌകര്യമുള്ളത് പോലെ ചെയ്യാം.
- ഭക്ഷണമായി കൊടുക്കാതെ അതിന് പകരമായി പണം നല്കാമോ?
പാടില്ല. ഭക്ഷണം തന്നെ നല്കണം. കാരണം നബി -ﷺ- യുടെ കാലത്തും പണം ഉണ്ടായിരുന്നു. എന്നാല് ഭക്ഷണത്തിന് പകരം ആരും അന്ന് പണം നല്കിയിട്ടില്ല. അത് അനുവദനീയമാണെന്ന് അവിടുന്ന് വ്യക്തമാക്കിയിട്ടുമില്ല. അതിനാല് അവിടുന്ന് പഠിപ്പിച്ച രീതിയില് തന്നെ ഉറച്ചു നില്ക്കണം.
- ഭക്ഷണം പാകം ചെയ്തു കൊടുക്കണമോ? അതല്ല; അരി, ഗോതമ്പ് പോലുള്ളവ പാകം ചെയ്യാതെ കൊടുക്കണോ?
വലിയൊരു വിഭാഗം പണ്ഡിതന്മാര് പാകം ചെയ്യാതെ നല്കല് നിര്ബന്ധമാണെന്ന് പറഞ്ഞിട്ടുണ്ട്. കാരണം ഭക്ഷണം ലഭിച്ച വ്യക്തിക്ക് തന്റെ ഇഷ്ടമനുസരിച്ച് ഈ സമ്പാദ്യം ഉപയോഗിക്കാന് കഴിയും. പാകം ചെയ്തു നല്കിയാല് അത് കഴിക്കുക എന്നതല്ലാതെ വില്ക്കാനോ, എടുത്തു വെക്കാനോ ഒന്നും സാധിക്കില്ല.
وَهَذَا وَاللَّهُ تَعَالَى أَعْلَمُ بِالصَّوَابِ، وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.
كَتَبَهُ: الأَخُ أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ
-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-
ലേഖനത്തിന്റെ പ്രധാന അവലംബം: അസ്സ്വിയാമു ഫില് ഇസ്ലാം/ശൈഖ് സഈദ് അല്-ഖഹ്ത്വാനി