بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

അല്ലാഹു ഖുർആൻ അവതരിപ്പിക്കുകയും നോമ്പ് നിർബന്ധമാക്കുകയും ഏറെ ശ്രേഷ്ഠതകൾ നൽകുകയും ചെയ്ത മാസമാണ് റമദാൻ. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ നോമ്പ് ഈ മാസത്തിലാണ്.

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «بُنِيَ الْإِسْلَامُ عَلَى خَمْسَةٍ، شَهَادَةِ أَنْ لاَ إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَصِيَامِ رَمَضَانَ، وَالْحَجِّ» (البخاري: 8، مسلم: 16)

അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنه) പറയുന്നു: നബി ﷺ പറഞ്ഞിരിക്കുന്നു: “ഇസ്‌ലാം പടുത്തുയർത്തപ്പെട്ടിട്ടുള്ളത് അഞ്ചു കാര്യങ്ങളിന്മേലാണ്: അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കുക, നിസ്കാരം നിലനിർത്തുക, സകാത് കൊടുത്തുവീട്ടുക, റമദാനിൽ നോമ്പെടുക്കുക, ഹജ്ജ് നിർവഹിക്കുക”

അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ എല്ലാം ഒരേ പോലുള്ളതല്ല. ശരീരം കൊണ്ടുമാത്രം നിർവഹിക്കേണ്ട ഇബാദത്തുകളുണ്ട്. സമ്പത്ത് വിനിയോഗിക്കേണ്ട കർമങ്ങളുണ്ട്. ശരീരവും സമ്പത്തും ഉപയോഗിക്കേണ്ട ഇബാദത്തുകളുണ്ട്. തനിക്കു തോന്നുന്ന രൂപത്തിൽ മാത്രം അല്ലാഹുവിനെ ഇബാദത് ചെയ്യുന്നവനാണോ അതല്ല, തന്റെ റബ്ബിന്റെ കല്പനകളേതും നടപ്പിലാക്കുന്നവനാണോ അടിമ എന്ന് അല്ലാഹു ഇതിലൂടെ പരീക്ഷിക്കുന്നു.

അല്ലാഹു അവന്റെ സംസാരമാകുന്ന ഖുർആൻ അവതരിപ്പിക്കാൻ തെരെഞ്ഞെടുത്ത മാസം റമദാനാണ്. അല്ലാഹു പറയുന്നു:

شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ (سورة البقرة: 185)

“റമദാൻ മാസമാകുന്നു ഖുർആൻ അവതരിപ്പിക്കപ്പെട്ടത്; ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചുകാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും. അതുകൊണ്ട് നിങ്ങളിൽ ആര് ആ മാസത്തിൽ സന്നിഹിതരാണോ അവർ അതിൽ നോമ്പെടുക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്‌താൽ പകരം മറ്റുള്ള ദിവസങ്ങളിൽ അത്രയും എണ്ണം (നോമ്പെടുക്കുക.) അല്ലാഹു ഉദ്ദേശിക്കുന്നത് നിങ്ങൾക്ക് എളുപ്പമുണ്ടാക്കാനാണ്. നിങ്ങൾക്ക് പ്രയാസമുണ്ടാക്കാൻ അവനുദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങളെ സന്മാർഗത്തിലാക്കിയതിന്റെ പേരിൽ അല്ലാഹുവിനെ നിങ്ങൾ പ്രകീർത്തിക്കുവാനും, നിങ്ങൾ നന്ദികാണിക്കാനും വേണ്ടിയാകുന്നു (അത്.)”

ഖുർആൻ മാത്രമല്ല, മുൻകഴിഞ്ഞ കിതാബുകളും അല്ലാഹു അവതരിപ്പിച്ചത് റമദാൻ മാസത്തിലായിരുന്നു.

ഇമാം ഇബ്‌നു കഥീർ (رحمه الله) പറയുന്നു: “മാസങ്ങളിൽ വെച്ച് റമദാനിനെ അല്ലാഹു പുകഴ്ത്തിപ്പറയുന്നു. മഹത്തായ ഖുർആൻ അവതരിപ്പിക്കാൻ അല്ലാഹു തെരെഞ്ഞെടുത്ത മാസമാണ് റമദാൻ എന്നതാണ് കാരണം. ഈ പ്രത്യേകതയോടൊപ്പം, നബിമാർക്ക് അല്ലാഹുവിന്റെ കിതാബുകൾ അവതരിക്കാറുണ്ടായിരുന്നത് റമദാനിലായിരുന്നു എന്ന് ഹദീഥിൽ വന്നിട്ടുണ്ട്.” (തഫ്സീർ ഇബ്നി കഥീർ: 1/501)

പാപമോചനത്തിന്റെ മാസമാണ് റമദാൻ.

റമദാനിലെ നോമ്പും രാത്രിനിസ്കാരവും നമ്മുടെ തെറ്റുകൾ പൊറുക്കപ്പെടാൻ കാരണമായിത്തീരുന്നു. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്ർ ഈ മാസത്തിലാണ്.

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ صَامَ رَمَضَانَ، إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ» (البخاري: 38، مسلم: 760)

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറയുന്നു: അല്ലാഹുവിന്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു: “ആരെങ്കിലും ഈമാനോടെയും പ്രതിഫലേച്ഛയോടെയും റമദാനിൽ നോമ്പെടുക്കുകയാണെങ്കിൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്. ആരെങ്കിലും ഈമാനോടെയും പ്രതിഫലേച്ഛയോടെയും ലൈലത്തുൽ ഖദ്റിൽ നിസ്കരിക്കുകയാണെങ്കിൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്”

റമദാനിൽ ജീവിക്കാൻ ആയുസ് ലഭിച്ചിട്ടും തിന്മകൾ പൊറുക്കപ്പെടാനുള്ള പ്രവർത്തനങ്ങളെ അവഗണിച്ചവൻ ശപിക്കപ്പെട്ടിരിക്കുന്നു.

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «وَرَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ ثُمَّ انْسَلَخَ قَبْلَ أَنْ يُغْفَرَ لَهُ» (الترمذي: 3545)

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറയുന്നു: അല്ലാഹുവിന്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു: “ആർക്കെങ്കിലും റമദാൻ വന്നെത്തുകയും എന്നിട്ട് അവന്റെ പാപങ്ങൾ പൊറുക്കപ്പെടാതെ റമദാൻ അവനിൽ നിന്ന് നീങ്ങിപ്പോവുകയുമാണെങ്കിൽ അവൻ തുലയട്ടെ!”

ഖുർആൻ പഠനത്തിന്റെയും, ദാനധർമങ്ങളുടെയും പരോപകാരത്തിന്റെയും മാസമാണ് റമദാൻ. അതിലെല്ലാം ഏറ്റവും മഹനീയമായ മാതൃകയാണ് നബി -ﷺ- നമുക്ക് കാണിച്ചുതന്നിട്ടുള്ളത്.

عَنِ ابْنِ عَبَّاسٍ، قَالَ: «كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَجْوَدَ النَّاسِ، وَكَانَ أَجْوَدُ مَا يَكُونُ فِي رَمَضَانَ حِينَ يَلْقَاهُ جِبْرِيلُ، وَكَانَ يَلْقَاهُ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ فَيُدَارِسُهُ القُرْآنَ، فَلَرَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَجْوَدُ بِالخَيْرِ مِنَ الرِّيحِ المُرْسَلَةِ» (البخاري: 6، مسلم: 2308)

അബ്ദുല്ലാഹിബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: “അല്ലാഹുവിന്റെ റസൂൽ -ﷺ- ജനങ്ങളിൽ വെച്ചേറ്റവും ഉദാരനായിരുന്നു. ജിബ്‌രീൽ റമദാനിൽ നബിയെ കണ്ടുമുട്ടുന്ന സന്ദർഭത്തിൽ അവിടുന്ന് -ﷺ- ഏറ്റവും ഉദാരത കാണിക്കുമായിരുന്നു. റമദാനിൽ എല്ലാ രാത്രിയിലും ജിബ്‌രീൽ നബി -ﷺ- യുമായി കൂടിക്കാഴ്ച നടത്തുകയും എന്നിട്ട് ഖുർആൻ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. ധനം ദാനം ചെയ്യുന്ന കാര്യത്തിൽ അല്ലാഹുവിന്റെ റസൂൽ -ﷺ- അയച്ചുവിട്ട കാറ്റിനേക്കാൾ ഉദാരനായിരുന്നു.”

സ്വർഗ്ഗകവാടങ്ങൾ തുറക്കപ്പെടുകയും, നരകകവാടങ്ങൾ കൊട്ടിയടക്കപ്പെടുകയും, പിശാചുക്കൾ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യുന്ന മാസമാണ് റമദാൻ.

عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ ﷺ ، قَالَ: «إِذَا دَخَلَ شَهْرُ رَمَضَانَ فُتِّحَتْ أَبْوَابُ الجَنَّةِ، وَغُلِّقَتْ أَبْوَابُ جَهَنَّمَ، وَسُلْسِلَتِ الشَّيَاطِينُ» (البخاري: 1899، مسلم: 1079)

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു: റമദാൻ മാസം കടന്നുവന്നാൽ സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറക്കപ്പെടും. നരകത്തിന്റെ വാതിലുകൾ അടക്കപ്പെടും. പിശാചുക്കൾ ചങ്ങലകളിൽ ബന്ധിക്കപ്പെടും”

“പിശാചുക്കൾ ബന്ധനസ്ഥരാക്കപ്പെടും” എന്നു പറഞ്ഞതിന്റെ ഉദ്ദേശം മുഴുവൻ പിശാചുക്കളുമല്ല, അവരിലെ ‘മാരിദു’കൾ അഥവാ കടുത്ത ധിക്കാരികൾ മാത്രമാണ് എന്നാണ് പല പണ്ഡിതന്മാരും വിശദീകരിച്ചിട്ടുള്ളത്. ഹദീഥിന്റെ ചില റിപ്പോർട്ടുകളിൽ അങ്ങനെയാണ് വന്നിട്ടുള്ളതും.

മാത്രമല്ല, നമുക്ക് അദൃശ്യമായ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ഹദീഥുകൾ അതുപോലെ സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുകയെന്നതാണ് ഒരു മുസ്‌ലിമിന്റെ ബാധ്യത. അതാണ് നമ്മുടെ ദീനിന് ഏറ്റവും സുരക്ഷിതം.

ഇമാം അഹ്‌മദ്‌ ബിൻ ഹമ്പലിനോട് (رحمه الله) അദ്ദേഹത്തിന്റെ മകൻ ഈ ഹദീഥിനെക്കുറിച്ച് ചോദിച്ചു: “ആളുകൾക്ക് റമദാനിൽ പിശാചുബാധയേൽക്കാറുണ്ടല്ലോ?” അപ്പോൾ ഇമാം അഹ്‌മദ്‌ പറഞ്ഞു: “ഹദീഥ് ഇങ്ങനെയാണ്! അതിനാൽ നീ അതേക്കുറിച്ചു സംസാരിക്കേണ്ടതില്ല.”

നബിﷺയുടെ വാക്കുകൾ അതേപടി സ്വീകരിക്കുക എന്നർത്ഥം.

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ (رحمه الله) പറഞ്ഞു: “മനുഷ്യന്റെ രക്തം സഞ്ചരിക്കുന്നിടത്തു കൂടി പിശാച് സഞ്ചരിക്കും” എന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്. രക്തം ഉണ്ടാകുന്നത് ഭക്ഷണ പാനീയങ്ങൾ കൊണ്ടാണെന്നതിൽ സംശയമില്ല. മനുഷ്യൻ തിന്നുകയും കുടിക്കുകയും ചെയ്‌താൽ പിശാചിന്റെ സഞ്ചാര പാത വിശാലമാകുന്നു.

അതുകൊണ്ടാണ് നബി ﷺ ഇങ്ങനെ പറഞ്ഞത്: “റമദാൻ മാസം കടന്നുവന്നാൽ സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറക്കപ്പെടും. നരകത്തിന്റെ വാതിലുകൾ അടക്കപ്പെടും. പിശാചുക്കൾ ബന്ധനസ്ഥരാക്കപ്പെടും” പിശാചിന്റെ സഞ്ചാരമാർഗമാകുന്ന രക്തം കുടുങ്ങിയതായിത്തീരും. അത് കുടുസ്സായിത്തീർന്നാൽ ഹൃദയം നന്മകളിലേക്ക് ചലിക്കും. സ്വർഗകവാടങ്ങൾ അതുമുഖേന തുറക്കപ്പെടും. തിന്മകളിൽ നിന്ന് വിട്ടുനിൽക്കാനും ഹൃദയം പ്രേരിതമാകും. നരകകവാടങ്ങൾ അതുമുഖേന അടക്കപ്പെടും.

പിശാചുക്കൾ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യും. ഈ ബന്ധനം മുഖേന പിശാചുക്കളുടെ ശക്തിയും പ്രവർത്തനവും ദുർബലമാകും. റമദാനല്ലാത്ത സമയത്ത് പ്രവർത്തിക്കുന്നതുപോലെ പ്രവർത്തിക്കാൻ റമദാനിൽ അവയ്ക്കു സാധ്യമല്ല.

പിശാചുക്കൾ കൊല്ലപ്പെട്ടുവെന്നോ മരിച്ചുവെന്നോ അല്ല നബി ﷺ പറഞ്ഞത്. മറിച്ച്, പിശാചുക്കൾ ബന്ധനസ്ഥരാക്കപ്പെടുമെന്നാണ് അവിടുന്ന് ﷺ പറഞ്ഞത്. ബന്ധനസ്ഥനാക്കപ്പെട്ട പിശാച് ഒരുപക്ഷെ ഉപദ്രവമുണ്ടാക്കിയേക്കാം. പക്ഷെ അത് റമദാനല്ലാത്ത സമയത്തേക്കാൾ കുറവും ദുർബലവുമായിരിക്കും.

ഈ ഉപദ്രവം നോമ്പിന്റെ പൂർണതയും ന്യൂനതയും പോലിരിക്കും. പരിപൂർണമായ അർത്ഥത്തിൽ നോമ്പെടുത്തവന് പിശാചിനെ നന്നായി തടുത്തുനിർത്താൻ കഴിയും. അപൂർണമായ നോമ്പുകാരന് അത്രയത് സാധ്യമാവുകയില്ല.” (മജ്മൂഉൽ ഫതാവാ: 25/246)

റമദാൻ പ്രാർത്ഥനകളുടെ മാസമാണ്. റമദാനും അതിലെ നോമ്പുമെല്ലാം പരാമർശിക്കപ്പെട്ട ആയത്തിന്റെ തൊട്ടടുത്ത വചനത്തിൽ അല്ലാഹു പറയുന്നു:

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ  (البقرة: 186)

“എന്റെ അടിമകൾ നിന്നോട് എന്നെക്കുറിച്ചു ചോദിക്കുകയാണെങ്കിൽ; ഞാൻ അടുത്തുതന്നെയുള്ളവനാണ്. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ അവന്റെ പ്രാർത്ഥനക്ക് ഞാൻ ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് അവർ എനിക്ക് ഉത്തരം നൽകുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യട്ടെ; അവർക്ക് നേർവഴി പ്രാപിക്കാം”

عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ ﷺ ، قَالَ: «إِنَّ أَبْخَلَ النَّاسِ مَنْ بَخِلَ بِالسَّلَامِ، وَأَعْجَزَ النَّاسِ مَنْ عَجَزَ عَنِ الدُّعَاءِ» (مسند أبي يعلى: 6649، انظر سلسلة الصحيحة للألباني: 601)

അബൂ ഹുറൈറ (رضي الله عنه) പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു: “നിശ്ചയം, സലാം പറയാൻ പിശുക്കിയവനാണ് ജനങ്ങളിൽ ഏറ്റവും പിശുക്കൻ. ദുആ ചെയ്യാൻ കഴിയാതെ പോയവനാണ് ജനങ്ങളിൽ ഏറ്റവും കഴിവുകെട്ടവൻ.”

ഉമർ (رضي الله عنه) പറഞ്ഞതായി അറിയപ്പെട്ട ഒരു വാചകമിങ്ങനെയാണ്: “പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുമോയെന്നതിനെക്കുറിച്ച് എനിക്ക് ഉത്കണ്ഠയില്ല. എന്റെ ഉത്കണ്ഠ ദുആ ചെയ്യാൻ സാധിക്കുമോ എന്നതിനെക്കുറിച്ചാണ്. കാരണം, പ്രാർത്ഥിക്കാൻ അല്ലാഹു ചിന്ത നൽകിയെങ്കിൽ ഉത്തരം അതിന്റെ കൂടെത്തന്നെയുണ്ട്.”

ഇഖ്‌ലാസ് നിറഞ്ഞുനിൽക്കുന്ന കർമമാണ് നോമ്പ്.

മറ്റുള്ള കർമങ്ങളെ അപേക്ഷിച്ച് നോമ്പിൽ രിയാഅ് കടന്നുവരാനുള്ള സാധ്യത കുറവാണ്. കാരണം നോമ്പുകാരനെ തിരിച്ചറിയാൻ പ്രത്യേകിച്ച് അടയാളങ്ങളൊന്നുമില്ല. റമദാനിൽ നോമ്പുകാരായ ആളുകളുടെ കൂടെ നോമ്പെടുക്കാത്ത ഒരാൾ ഇരിക്കുകയാണെങ്കിൽ അയാളെ വേർതിരിച്ചറിയാൻ മാർഗ്ഗമൊന്നുമില്ല. റമദാനല്ലാത്ത മാസങ്ങളിലൊന്നിൽ നോമ്പില്ലാത്ത കുറേയാളുകളുടെ കൂടെ ഒരു നോമ്പുകാരൻ വന്നിരുന്നാൽ അയാളെയും വേർതിരിക്കാനുള്ള ഉപായങ്ങളൊന്നുമില്ല.

അതിനാൽ പൊതുവെ ഒരു മുസ്‌ലിം നോമ്പെടുക്കുക അല്ലാഹുവിനു വേണ്ടി മാത്രമാണ്. അതുകൊണ്ടുതന്നെ അല്ലാഹു നോമ്പിനെക്കുറിച്ച് ‘അത് എനിക്കുള്ളതാണ്’ എന്നും, ‘ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്’ എന്നും പറഞ്ഞിരിക്കുന്നു.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «كُلُّ عَمَلِ ابْنِ آدَمَ لَهُ إِلَّا الصَّوْمَ، فَإِنَّهُ لِي وَأَنَا أَجْزِي بِهِ، يَدَعُ شَهْوَتَهُ وَأَكْلَهُ وَشُرْبَهُ مِنْ أَجْلِي، وَالصَّوْمُ جُنَّةٌ، وَلِلصَّائِمِ فَرْحَتَانِ: فَرْحَةٌ حِينَ يُفْطِرُ، وَفَرْحَةٌ حِينَ يَلْقَى رَبَّهُ، وَلَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ المِسْكِ» (البخاري: 5927، مسلم: 1151)

അബൂ ഹുറൈറ (رضي الله عنه) പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു: “ആദമിന്റെ പുത്രന്റെ എല്ലാ പ്രവർത്തനങ്ങളും അവനു വേണ്ടിയുള്ളതാണ്. നോമ്പ് ഒഴികെ. അത് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നൽകുക. അവൻ തന്റെ ആഹാരവും പാനീയവും ലൈംഗികമോഹവും ഉപേക്ഷിക്കുന്നത് എനിക്കുവേണ്ടിയാണ്. നോമ്പ് ഒരു പരിചയാണ്. നോമ്പുകാരന് രണ്ടു സന്തോഷമുണ്ട്. നോമ്പു തുറക്കുമ്പോഴുള്ള സന്തോഷവും, തന്റെ റബ്ബിനെ കണ്ടുമുട്ടുമ്പോൾ ഉള്ള സന്തോഷവും. നിശ്ചയം, നോമ്പുകാരന്റെ വായിലെ ഗന്ധം അല്ലാഹുവിങ്കൽ കസ്തൂരിയുടെ സുഗന്ധത്തേക്കാൾ വിശിഷ്ടമാകുന്നു.”

നന്മകൾ പ്രത്യേകം പ്രോത്സാഹിപ്പിക്കപ്പെട്ട മാസമാണ് റമദാൻ.

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ صُفِّدَتِ الشَّيَاطِينُ، وَمَرَدَةُ الجِنِّ، وَغُلِّقَتْ أَبْوَابُ النَّارِ، فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِّحَتْ أَبْوَابُ الجَنَّةِ، فَلَمْ يُغْلَقْ مِنْهَا بَابٌ، وَيُنَادِي مُنَادٍ: يَا بَاغِيَ الخَيْرِ أَقْبِلْ، وَيَا بَاغِيَ الشَّرِّ أَقْصِرْ، وَلِلَّهِ عُتَقَاءُ مِنَ النَّارِ، وَذَلكَ كُلُّ لَيْلَةٍ» (الترمذي: 682، وصححه الألباني)

അബൂ ഹുറൈറ (رضي الله عنه) പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു: “റമദാൻ മാസത്തിലെ ഒന്നാമത്തെ രാത്രിയായാൽ പിശാചുക്കളും ജിന്നുകളിലെ ധിക്കാരികളും ബന്ധനസ്ഥരാക്കപ്പെടും. നരകത്തിന്റെ വാതിലുകൾ അടക്കപ്പെടും. അതിൽ ഒരുവാതിൽ പോലും തുറന്നിടുകയില്ല. സ്വർഗകവാടങ്ങൾ തുറക്കപ്പെടും. അതിൽ ഒരു വാതിൽ പോലും അടച്ചിടുകയില്ല. വിളിച്ചുപറയുന്ന ഒരാൾ വിളിച്ചുപറയും: ഹേ, നന്മ (ചെയ്യാൻ) ആഗ്രഹിക്കുന്നവനേ! നീ മുന്നോട്ടുചെല്ലൂ! തിന്മ ഉദ്ദേശിക്കുന്നവനേ! നീ (അത്) അവസാനിപ്പിക്കൂ! അല്ലാഹുവിന് അവൻ നരകത്തിൽ നിന്ന് മോചിപ്പിക്കുന്ന ചിലരുണ്ട്. അത് എല്ലാ രാത്രിയിലും ഉണ്ടാകുന്നതാണ്.”

നോമ്പിന്റെ ഗുണഫലങ്ങൾ

വ്യക്തികൾക്കും സമൂഹത്തിനും ഉപകാരപ്രദമായ ധാരാളം കാര്യങ്ങൾ നോമ്പിലടങ്ങിയിട്ടുണ്ട്. അവയിൽ ചിലത് വിവരിക്കാം:

1. തഖ്‌വയുടെ പരിശീലനം.

ഈ ലോകത്തെയും പരലോകത്തെയും സൗഭാഗ്യത്തിലേക്കുള്ള മാർഗം തഖ്‌വയാണ്. തഖ്‌വ നേടിയെടുക്കാൻ കഴിയുക എന്നത് നോമ്പിന്റെ സുപ്രധാനമായ ലക്ഷ്യങ്ങളിലൊന്നാണ്. അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (البقرة: 183)

“(അല്ലാഹുവിലും അവന്റെ റസൂലായ മുഹമ്മദ് നബിയിലും) വിശ്വസിച്ചവരേ! നിങ്ങൾക്കു മുമ്പുള്ളവർക്ക് നിർബന്ധമാക്കപ്പെട്ടതുപോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങൾ സൂക്ഷ്മത പാലിക്കുന്നവരായേക്കാം”

എന്താണ് തഖ്‌വ? താബിഉകളിൽ പ്രമുഖനായ ത്വൽഖ് ബിൻ ഹബീബ് (رحمه الله) തഖ്‌വയെന്നാൽ എന്താണെന്ന് ചുരുക്കി വിവരിച്ചിരിക്കുന്നു:

«التَّقْوَى عَمَلٌ بِطَاعَةِ اللَّهِ، رَجَاءَ رَحْمَةِ اللَّهِ عَلَى نُورٍ مِنَ اللَّهِ، وَالتَّقْوَى تَرْكُ مَعْصِيَةِ اللَّهِ مَخَافَةَ عِقَابِ اللَّهِ عَلَى نُورٍ مِنَ اللَّهِ»

“തഖ്‌വയെന്നാൽ അല്ലാഹുവിൽ നിന്നുള്ള പ്രകാശമനുസരിച്ച്, അവന്റെ പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് അല്ലാഹുവിനെ അനുസരിച്ചുജീവിക്കലാണ്. തഖ്‌വയെന്നാൽ അല്ലാഹുവിൽ നിന്നുള്ള പ്രകാശമനുസരിച്ച്, അവന്റെ ശിക്ഷയെ ഭയപ്പെട്ടുകൊണ്ട്, അല്ലാഹുവിനെ ധിക്കരിക്കാതിരിക്കലാണ് ” (മുസ്വന്നഫു ഇബ്നി അബീശൈബഃ: 30356)

ത്വൽഖ് ബിൻ ഹബീബിന്റെ മേൽപറഞ്ഞ വാചകമുദ്ധരിച്ച ശേഷം ഇമാം ദഹബി (رحمه الله) പറഞ്ഞു:

“എത്ര മനോഹരവും സംക്ഷിപ്തവുമായ വാക്കുകൾ! കർമങ്ങളുണ്ടെങ്കിലല്ലാതെ തഖ്‌വയില്ല. കർമങ്ങളാകട്ടെ, അറിവിന്റെയും, നബിﷺയെ പിൻപറ്റുകയെന്നതിന്റെയും അടിസ്ഥാനത്തിലല്ലാതെ ശരിയാവുകയില്ല. ഇഖ്‌ലാസില്ലാതെ ഇപ്പറഞ്ഞതൊന്നും പ്രയോജനപ്പെടുകയുമില്ല. “ഇതാ! തന്റെ അറിവിന്റെ വെളിച്ചം കൊണ്ട് തിന്മകൾ ഉപേക്ഷിച്ചയാളാണിയാൾ” എന്ന് ജനങ്ങൾ പറയാൻ വേണ്ടിയല്ല തിന്മകൾ ഉപേക്ഷിക്കേണ്ടത്. എന്നാൽ പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെങ്കിൽ അതിനെക്കുറിച്ചുള്ള അറിവുണ്ടായേ തീരൂ. പക്ഷെ അത് ഉപേക്ഷിക്കേണ്ടത് അല്ലാഹുവിനോടുള്ള ഭയം കാരണത്താലായിരിക്കണം. തെറ്റുകൾ ചെയ്യാത്തവനെന്ന പ്രശംസക്ക് വേണ്ടിയാകരുത്. ത്വൽഖ് ബിൻ ഹബീബിന്റെ ഈ വസിയ്യത് എന്നും മുറുകെപ്പിടിച്ചവൻ വിജയിക്കുക തന്നെ ചെയ്യും.” (സിയറു അഅ്ലാമിന്നുബലാഅ്: 4/601)

ഈ തഖ്‌വ നേടിയെടുക്കാൻ നോമ്പ് കൊണ്ട് സാധിക്കേണ്ടതാണ്. നോമ്പുകാരൻ തന്റെ മുന്നിൽ ഭക്ഷണമുണ്ടെങ്കിലും അത് കഴിക്കുകയില്ല. ആരും അവനെ കാണുന്നില്ലെങ്കിൽ പോലും! കാരണം അല്ലാഹുവിനു വേണ്ടിയാണ് അവൻ നോമ്പെടുത്തിട്ടുള്ളത്. യഥാർത്ഥത്തിൽ മുഅ്മിനിന്റെ ജീവിതം മുഴുവൻ ഒരർത്ഥത്തിൽ നോമ്പാണ്. അല്ലാഹു വിലക്കിയ കാര്യങ്ങൾ ആരും കാണുന്നില്ലെങ്കിലും അവൻ ചെയ്യുകയില്ല. അവന്റെ യഥാർത്ഥ നോമ്പുതുറ സ്വർഗത്തിൽ വെച്ചാണ്.

2. നോമ്പുകാരൻ ഉന്നതമായ സ്വഭാവഗുണങ്ങൾ ശീലിക്കുന്നു.

നോമ്പിലൂടെ നാം ഉന്നതമായ മര്യാദകൾ പരിശീലിക്കുകയാണ്. ആർത്തിയും അക്ഷമയും പോലുള്ള മോശം സ്വഭാവങ്ങൾക്കു പകരം ക്ഷമയും സഹനവും നാം ശീലിക്കുന്നു. ദേഹേച്ഛകളോട് നാം നോമ്പിലൂടെ പോരാടുന്നു. മനുഷ്യൻ എന്നും തിന്നുകയും കുടിക്കുകയും രമിക്കുകയും മാത്രം ചെയ്യുകയാണെങ്കിൽ അവൻ സാദൃശ്യപ്പെടുന്നത് മൃഗങ്ങളോടാണ്. എന്നാൽ നോമ്പിലൂടെ അവൻ സാദൃശ്യപ്പെടുന്നത് ഉന്നതരായ മലക്കുകളോടാണ്.

3. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ തിരിച്ചറിയുന്നു.

നോമ്പുകാരൻ അല്ലാഹു തനിക്കു നൽകിയ എണ്ണിക്കണക്കാക്കാൻ സാധിക്കാത്ത അനുഗ്രഹങ്ങൾ തിരിച്ചറിയുന്നു. അതോടൊപ്പം താൻ റബ്ബിന്റെ മുന്നിൽ അങ്ങേയറ്റം ദരിദ്രനും ആവശ്യക്കാരനുമാണെന്ന യാഥാർഥ്യം അവൻ സ്മരിക്കുന്നു. ഭക്ഷണ പാനീയങ്ങളും അത് കഴിക്കാനുള്ള ആരോഗ്യവും അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹണങ്ങളിൽ ചിലതാണ്. അവൻ അന്നമേകിയില്ലായിരുന്നുവെങ്കിൽ നാമെല്ലാം പട്ടിണിയിലായേനെ! ഈ തിരിച്ചറിവ് അല്ലാഹുവിനോട് നന്ദിയുള്ളവനായി ജീവിക്കാൻ നോമ്പുകാരനെ പ്രേരിപ്പിക്കുന്നു.

4. പാവപ്പെട്ടവരുടെ പ്രയാസം തിരിച്ചറിയാൻ സഹായിക്കുന്നു.

വിശപ്പും ദാഹവും അനുഭവിക്കുന്നവരുടെ പ്രയാസം നോമ്പുകാരൻ തിരിച്ചറിയുന്നു. ഏത് പണക്കാരനും തന്റെ നോമ്പ് ആരംഭിക്കുന്നത് പാവപ്പെട്ടവൻ തന്റെ നോമ്പ് തുടങ്ങുന്ന അതേ സമയത്തുതന്നെയാണ്. അവസാനിപ്പിക്കുന്നതും അങ്ങനെത്തന്നെ. പട്ടിണി എന്താണെന്നറിയാൻ ഇതിലൂടെ നോമ്പുകാരന് സാധിക്കുന്നു. ആഹാരവും പാനീയവും ആവശ്യത്തിനില്ലാത്തവരോട് അനുകമ്പ തോന്നാനും അവരെ സഹായിക്കുവാനുള്ള മനസുണ്ടാകാനും ഇത് കാരണമാകുന്നു.

ഇത്രയും ശ്രേഷ്ഠതയുള്ള മഹത്തായ സൽകർമമാണ് നോമ്പ്. അതുകൊണ്ടുതന്നെ അത് പാഴായിപ്പോകാതിരിക്കാനും ഫലശൂന്യമായിപ്പോകാതിരിക്കാനും ഒരു മുഅ്മിൻ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതുണ്ട്. നോമ്പുകാരൻ തന്റെ പ്രയത്നം നഷ്ടത്തിലായിപ്പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങൾ സൂചിപ്പിക്കട്ടെ:

1. ഈമാനും ഇഹ്തിസാബും

ശരിയായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കർമങ്ങൾ മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ. വിശ്വാസം ശരിയല്ലെങ്കിൽ പ്രവർത്തനങ്ങളും ശരിയാവുകയില്ല. അല്ലാഹുവിലുള്ള വിശ്വാസമാണ് മറ്റുള്ള വിശ്വാസകാര്യങ്ങളുടെയെല്ലാം അടിസ്ഥാനം. റബ്ബിനെക്കുറിച്ചുള്ള ശരിയായ വിശ്വാസമാണ് വിജയത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം. അതിൽ പാളിച്ചകൾ സംഭവിച്ചുകൂടാ.

അല്ലാഹുവിൽ പങ്കുചേർത്തവന്റെ ഒരു പ്രവർത്തനവും അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. ശിർക്ക് ചെയ്തവന്റെ കർമങ്ങളെല്ലാം നിഷ്ഫലമാണ്. നോമ്പോ നിസ്കാരമോ ഹജ്ജോ മറ്റേത് കർമമോ ആകട്ടെ, അല്ലാഹുവിൽ പങ്കുചേർത്തവന് തന്റെ യാതൊരു നന്മയും ഉപകാരപ്പെടുകയില്ല. അതിനാൽ ശരിയായ ഈമാൻ നമുക്കുണ്ടായിരിക്കണം.

ഇഹ്തിസാബ് അഥവാ പ്രതിഫലേച്ഛ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. ‘ആളുകളെല്ലാം നോമ്പെടുക്കുന്നു. പിന്നെ ഞാൻ മാത്രമെങ്ങനെ തിന്നുകയും കുടിക്കുകയും ചെയ്യും?’ എന്ന മനസോടെയല്ല നാം നോമ്പെടുക്കേണ്ടത്. അല്ലാഹു നിശ്ചയിച്ച ഈ മഹത്തായ നിയമത്തോട് വെറുപ്പിന്റെ ഒരു ലാഞ്ചന പോലും ഒരു മുസ്‌ലിമിന് യോജിച്ചതല്ല. മറിച്ച്, സന്തോഷത്തോടെയാണ് നാം റമദാനിനെ വരവേൽക്കേണ്ടത്. അല്ലാഹു ഇങ്ങനെയൊരു മഹത്തായ കർമം എനിക്കുവേണ്ടി നിശ്ചയിച്ചു തന്നല്ലോ! ഇതിലൂടെ എനിക്ക് എന്റെ റബ്ബിലേക്ക് അടുക്കാമല്ലോ! എന്നാണ് ഈമാനുള്ളവർ ചിന്തിക്കേണ്ടത്. അല്ലാഹുവിന്റെ മഹത്തായ പ്രതിഫലവും കാരുണ്യവും പ്രതീക്ഷിച്ചുകൊണ്ടാണ് നാം നോമ്പെടുക്കേണ്ടത്.

3. നോമ്പിന്റെ വിധിവിലക്കുകൾ പഠിക്കുക.

ഏത് ആരാധനാകർമവും നാം നിർവഹിക്കേണ്ടത് അല്ലാഹുവിന്റെ റസൂലിﷺനെ മാതൃകയാക്കിക്കൊണ്ടാണ്. നോമ്പിന്റെ കാര്യവും അങ്ങനെത്തന്നെ. അവിടുന്ന് ﷺ പഠിപ്പിച്ചതുപോലെയാണ് നാം നോമ്പെടുക്കേണ്ടത്. നോമ്പിന്റെ വിധിവിലക്കുകൾ നാം നന്നായി പഠിക്കേണ്ടതുണ്ട്. ആർക്കൊക്കെയാണ് നോമ്പ് നിർബന്ധമാവുക? നോമ്പ് ആരംഭിക്കേണ്ട സമയവും അവസാനിപ്പിക്കേണ്ട സമയവും ഏതാണ്? നോമ്പ് മുറിയുന്ന കാര്യങ്ങൾ ഏതൊക്കെയാണ് എന്നീ വിഷയങ്ങൾ മനസിലാക്കുക അനിവാര്യമാണ്. അല്ലെങ്കിൽ അജ്ഞത കാരണം നമ്മുടെ നോമ്പ് പൊളിഞ്ഞുപോയേക്കും.

4. പാപങ്ങളെ സൂക്ഷിക്കുക

അല്ലാഹു ശ്രേഷ്ഠത നൽകുകയും പുണ്യത്തിന് പ്രോത്സാഹനം നൽകുകയും ചെയ്ത മാസത്തിൽ ഒരാൾ തിന്മകൾ പ്രവർത്തിക്കുകയാണെങ്കിലോ? അങ്ങേയറ്റം ദുഷിച്ച ഹൃദയമുള്ളവനല്ലാതെ അതിന് മുതിരുകയില്ല. അങ്ങനെയുള്ളവർ അല്ലാഹുവിന്റെ കടുത്ത ശിക്ഷയേൽക്കാൻ അർഹതപ്പെട്ടവരാണ്. അതുകൊണ്ട് റമദാനിൽ നാം തിന്മകളിൽ നിന്ന് അകന്നുനിൽക്കാൻ കൂടുതൽ ജാഗ്രത പുലർത്തുക. അല്ലെങ്കിൽ നമ്മുടെ നോമ്പിന്റെ പ്രഭ മങ്ങിപ്പോകും.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالعَمَلَ بِهِ، فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ» (البخاري: 1903)

അബൂ ഹുറൈറ (رضي الله عنه) പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു: “വ്യാജമായ വാക്കും, അതിനനുസരിച്ച പ്രവർത്തനവും ആരെങ്കിലും ഉപേക്ഷിക്കുന്നില്ലെങ്കിൽ അവൻ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതുകൊണ്ട് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല”

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «رُبَّ صَائِمٍ لَيْسَ لَهُ مِنْ صِيَامِهِ إِلَّا الْجُوعُ، وَرُبَّ قَائِمٍ لَيْسَ لَهُ مِنْ قِيَامِهِ إِلَّا السَّهَرُ» (ابن ماجه: 1690، وصححه الألباني)

അബൂ ഹുറൈറ (رضي الله عنه) പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു: “എത്രയോ നോമ്പുകാരുണ്ട്! അവന് തന്റെ നോമ്പിലൂടെ പട്ടിണികിടന്നതല്ലാതെ (മറ്റൊരു പ്രയോജനവും) ഇല്ല. എത്രയോ രാത്രി നിസ്കാരക്കാരുണ്ട്. അവന് തന്റെ നിസ്കാരത്തിലൂടെ ഉറക്കമിളച്ചു എന്നതല്ലാതെ (മറ്റൊരു പ്രയോജനവും) ഇല്ല.”

5) മോശം പെരുമാറ്റങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.

ക്ഷമ നിറഞ്ഞുനിൽക്കുന്ന ഇബാദത്താണ് നോമ്പ്. തനിക്ക് പ്രിയപ്പെട്ട പലതും അല്ലാഹുവിന് വേണ്ടി ഉപേക്ഷിച്ച ഒരാൾക്ക് യോജിക്കാത്ത ചീത്ത കാര്യങ്ങളൊന്നും നോമ്പുകാരൻ ചെയ്തുകൂടാ. തന്നോട് മര്യാദകേട് കാണിച്ചവരോട് അതുപോലെ പെരുമാറുക അവന് യോജിക്കുകയില്ല.

عنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «وَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلاَ يَرْفُثْ وَلاَ يَصْخَبْ، فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ، فَلْيَقُلْ إِنِّي امْرُؤٌ صَائِمٌ» (البخاري: 1904، مسلم: 1151)

അബൂ ഹുറൈറ (رضي الله عنه) പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു: “നിങ്ങളിലൊരാളും തന്റെ നോമ്പിന്റെ ദിവസം അശ്ലീലം പറയുകയോ കലഹിക്കുകയോ ചെയ്യരുത്. ആരെങ്കിലും അവനെ ചീത്ത പറയുകയോ പോരടിക്കാൻ വരികയോ ചെയ്‌താൽ അവൻ പറയട്ടെ; ‘ഞാനൊരു നോമ്പുകാരനാണ്’ എന്ന്.”

അല്ലാഹു തൃപ്തിപ്പെടുന്ന രൂപത്തിൽ അവനെ ഇബാദത് ചെയ്തുജീവിക്കാൻ റമദാനിലും അല്ലാത്തപ്പോഴും അവൻ നമ്മെ അനുഗ്രഹിക്കട്ടെ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: