വിശുദ്ധ റമദാന്‍ അനേകം ശ്രേഷ്ഠതകളുള്ള മാസമാണ്. ഖുര്‍ആനിന്റെ അവതരണം, ലൈലത്തുല്‍ ഖദ്ര്‍ പോലുള്ള അനേകം കാരണങ്ങള്‍ കൊണ്ട് തന്നെ ആ മാസം മുസ്‌ലിമിന്റെ മനസ്സില്‍ വളരെ പവിത്രവുമാണ്. എന്നാല്‍ മതത്തെ നശിപ്പിക്കുന്ന പൗരോഹിത്യത്തിന്റെയും, അറിവില്ലാത്ത പാമരജനങ്ങളുടെയും പ്രവൃത്തികള്‍ കാരണത്താല്‍ അനേകം ബിദ്അത്തുകള്‍ ഈ മാസത്തില്‍ ഉടലെടുത്തിട്ടുണ്ട്.
മുസ്‌ലിമിന്റെ ഇബാദത്തുകളെ നശിപ്പിക്കുകയും, ഇസ്‌ലാമിന്റെ അടിസ്ഥാനത്തെ തകര്‍ക്കുകയും ചെയ്യുന്ന ബിദ്അത്തുകളെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുകയും, അവയില്‍ അകപ്പെട്ടു പോയവരെ അതില്‍ നിന്ന് താക്കീത് നല്‍കുകയും ചെയ്യുക എന്നത് അഹ്ലുസ്സുന്നയുടെ വക്താക്കളുടെ ബാധ്യതയാണ്.
അതോടൊപ്പം റമദാനിന്റെ ശ്രേഷ്ഠതകളും, അവയിലെ സുന്നത്തുകളും അറിയുന്നതോടൊപ്പം അതിന്റെ പവിത്രത നശിപ്പിക്കുന്ന പുഴുക്കുത്തുകളെ തിരിച്ചറിയുക എന്നത് അല്ലാഹുവിങ്കല്‍ പ്രതിഫലം ലഭിക്കുന്ന മഹനീയമായ ഇബാദതുകളില്‍ പെട്ടതുമാണ്.
റമദാന്‍ മാസത്തില്‍ പ്രത്യേകമായി ഉണ്ടാക്കപ്പെട്ടതോ, വര്‍ദ്ധിക്കുന്നതോ ആയ ചില ബിദ്അത്തുകളെ സംബന്ധിച്ച് ഓര്‍മ്മപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ലേഖനം. മുന്‍ഗാമികളോ ആധുനികരോ ആയ പണ്ഡിതന്മാര്‍ ബിദ്അത്ത് എന്ന് വിശേഷിപ്പിച്ച കാര്യങ്ങള്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റമദാനില്‍ അറിവില്ലായ്മ കൊണ്ട് സംഭവിക്കാറുള്ള ചില അബദ്ധങ്ങളെ സംബന്ധിച്ചും സൂചിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
അല്ലാഹു -تَعَالَى- നബി-ﷺ-യുടെ സുന്നത്തില്‍ ഉറച്ചു നില്‍ക്കുന്നവരായി, അതിന്റെ വക്താക്കളോടൊപ്പം, ബിദ്അത്തില്‍ നിന്നും അതിന്റെ ആളുകളില്‍ നിന്നും അകന്നു നില്‍ക്കുന്നവരായി നമ്മെ മരിപ്പിക്കട്ടെ.
സംശയമുള്ള ദിവസം റമദാനിലെ നോമ്പാണ് എന്ന ഉദ്ദേശത്തോടെ നോമ്പ് അനുഷ്ഠിക്കല്‍.
റമദാനിലേക്ക് പ്രവേശിച്ചിട്ടുണ്ടോ ഇല്ലേ എന്ന് വ്യക്തമാകാത്ത ദിവസമാണ് സംശയമുള്ള ദിവസം എന്നത് കൊണ്ട് ഉദ്ദേശം. ശഅ്ബാന്‍ ഇരുപത്തിഒമ്പത് കഴിഞ്ഞാല്‍ പിന്നീട് ശഅ്ബാന്‍ മുപ്പതാണോ, അതല്ല റമദാന്‍ ഒന്നാണോ എന്ന് സംശയമുള്ള ദിവസമാണത്.
അത്തരം ദിവസങ്ങളില്‍ ഞാന്‍ റമദാനിലെ നോമ്പാണ് അനുഷ്ഠിക്കുന്നത് എന്ന ഉദ്ദേശത്തില്‍ വ്രതമെടുക്കുന്നത് ബിദ്അത്താണ്. സംശയമുള്ള ദിവസത്തില്‍ നോമ്പ് അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണെന്നാണ് പിഴച്ച കക്ഷിയായ ശിയാക്കളിലെ റാഫിദിയ്യാക്കളുടെ അഭിപ്രായം.
عَنْ عَمَّارِ بْنِ يَاسَرٍعَنِ النَّبِيِّ -ﷺ- أَنَّهُ قَالَ : « مَنْ صَامَ يَوْمَ الشَّكِّ فَقَدْ عَصَى أَبَا القَاسِمِ »
അമ്മാര്‍ ഇബ്‌നു യസ്സാര്‍ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ആരെങ്കിലും സംശയത്തിന്റെ ദിവസം നോമ്പെടുത്താല്‍ അവന്‍ അബുല്‍ ഖാസിമിനെ ധിക്കരിച്ചിരിക്കുന്നു.” (അബൂദാവൂദ്: 2334, തിര്‍മിദി: 686, നസാഇ: 2187, ഇബ്‌നു മാജ: 1645)
റമദാന്‍ മാസത്തിന്റെ തുടക്കം കൃത്യമായി മനസ്സിലാക്കുന്നതിന് വേണ്ടി ശഅ്ബാന്‍ മാസത്തിലെ ദിവസങ്ങളുടെ എണ്ണം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താന്‍ നബി -ﷺ- കല്‍പ്പിച്ചിട്ടുണ്ട്. അവിടുന്ന് അക്കാര്യത്തില്‍ സൂക്ഷ്മത കാണിക്കാറുമുണ്ടായിരുന്നു.
عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «أَحْصُوا هِلَالَ شَعْبَانَ لِرَمَضَانَ»
അബൂ ഹുറൈറ നിവേദനം: നബി -ﷺ- പറഞ്ഞു: “റമദാനിന് വേണ്ടി നിങ്ങള്‍ ശഅ്ബാന്‍ മാസപ്പിറവി കണക്കാക്കുക.” (തിര്‍മിദി: 687)
عَنْ عَائِشَةَ -رَضِيَ اللَّهُ عَنْهَا – قَالَتْ: «كَانَ رَسُولُ اللَّهِ –ﷺ– يَتَحَفَّظُ مِنْ شَعْبَانَ مَا لَا يَتَحَفَّظُ مِنْ غَيْرِهِ، ثُمَّ يَصُومُ لِرُؤْيَةِ رَمَضَانَ، فَإِنْ غُمَّ عَلَيْهِ عَدَّ ثَلَاثِينَ يَوْماً ثُمَّ صَامَ»
ആയിശ -رَضِيَ اللَّهُ عَنْهَا- നിവേദനം: “(ദിവസങ്ങള്‍ എണ്ണി കണക്കാക്കുന്നതില്‍) നബി -ﷺ- മറ്റൊരു മാസത്തിലും കാണിക്കാത്ത സൂക്ഷ്മത ശഅ്ബാനില്‍ കാണിക്കുമായിരുന്നു. പിന്നീട് റമദാന്‍ മാസം കണ്ടുകഴിഞ്ഞാല്‍ അവിടുന്ന് നോമ്പ് അനുഷ്ഠിച്ച് തുടങ്ങും. റമദാന്‍ മാസപ്പിറവി അവിടുത്തേക്ക് മറക്കപ്പെട്ടാല്‍ (ശഅ്ബാന്‍) മുപ്പതായി കണക്കാക്കി അടുത്ത ദിവസം (മുതല്‍) നോമ്പ് നോറ്റു തുടങ്ങും.”
ചിലര്‍ ‘നാളെ റമദാനാണെങ്കില്‍ ഫര്‍ദ് നോമ്പിന്റെ പ്രതിഫലവും, അല്ലെങ്കില്‍ സുന്നത്ത് നോമ്പിന്റെ പ്രതിഫലവും കിട്ടുമല്ലോ’ എന്ന ന്യായത്തില്‍ സൂക്ഷ്മതയെന്ന പേരില്‍ ഇത്തരം ദിവസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കാറുണ്ട്; അത് നിഷിദ്ധമാണ്.
എന്നാല്‍ സാധാരണയായി സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിക്കാറുള്ള വ്യക്തി -ഉദാഹരണത്തിന് തിങ്കളും വ്യാഴവുമുള്ള നോമ്പുകള്‍- ഈ ദിവസവുമായി അദ്ദേഹത്തിന്റെ നോമ്പ് യോജിച്ച് വന്നതിന്റെ പേരില്‍ നോമ്പ് എടുക്കുകയാണെങ്കില്‍ അതില്‍ തെറ്റില്ല.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ -ﷺ- أَنَّهُ قَالَ: « لَا يَتَقَدَّمَنَّ أَحَدُكُمْ رَمَضَانَ بِصَوْمِ يَوْمٍ أَوْ يَوْمَيْنِ، إِلَّا أَنْ يَكُونَ رَجُلٌ كَانَ يَصُومُ صَوْماً فَلْيَصُمْ ذَلِكَ اليَوْمُ »
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ഒന്നോ രണ്ടോ ദിവസം മുന്‍പ് നോമ്പ് അനുഷ്ഠിച്ച് കൊണ്ട് നിങ്ങളാരും തന്നെ റമദാനിനെ വരവേല്‍ക്കരുത്. (റമദാനിന് തൊട്ടു മുന്‍പുള്ള ദിവസമായി വന്ന ആ ദിവസങ്ങളില്‍) മുന്‍പ് നോമ്പ് എടുക്കാറുണ്ടായിരുന്ന വ്യക്തി ഒഴികെ.” (തിര്‍മിദി: 687)
മാസപ്പിറവി നിശ്ചയിക്കാന്‍ കണക്കിനെ അവലംബിക്കല്‍.
റമദാന്‍ മാസത്തിന്റെ ആരംഭത്തിലും, അവസാനത്തിലും, ഹജ്ജ് പെരുന്നാളിന്റെ സന്ദര്‍ഭങ്ങളിലും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ബിദ്അത്താണ് മാസപ്പിറവി കണക്കിന്റെ അടിസ്ഥാനത്തില്‍ ആകണമെന്ന വാദം.
عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، أَنَّ رَسُولَ اللَّهِ -ﷺ-، قَالَ: «الشَّهْرُ تِسْعٌ وَعِشْرُونَ لَيْلَةً، فَلاَ تَصُومُوا حَتَّى تَرَوْهُ، فَإِنْ غُمَّ عَلَيْكُمْ فَأَكْمِلُوا العِدَّةَ ثَلاَثِينَ»
അബ്ദുല്ലാഹിബ്നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- റമദാനിനെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ പറഞ്ഞു: “നിങ്ങള്‍ മാസപ്പിറവി കാണുന്നത് വരെ നോമ്പ് അനുഷ്ഠിക്കരുത്. മാസപ്പിറവി കാണുന്നത് വരെ നിങ്ങള്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യരുത്. അത് നിങ്ങള്‍ക്ക് മറയിടപ്പെട്ടാല്‍ നിങ്ങള്‍ മുപ്പത് ദിവസമായി എണ്ണം പൂര്‍ത്തീകരിക്കുക.” (ബുഖാരി: 1907, മുസ്‌ലിം: 1080)
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “നോമ്പ്, ഹജ്ജ് എന്നിങ്ങനെ ഹിലാലുമായി ബന്ധപ്പെട്ട വിധിവിലക്കുകള്‍ക്ക് കണക്കുകാരെ അടിസ്ഥാനമാക്കുന്നത് അനുവദനീയമല്ല എന്നത് ദീനില്‍ അനിവാര്യമായും അറിയപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്. ഇക്കാര്യം അറിയിക്കുന്ന തെളിവുകള്‍ ധാരാളമുണ്ട്. മുസ്‌ലിംകള്‍ എല്ലാവരും ഇക്കാര്യത്തില്‍ യോജിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ മുന്‍ഗാമികള്‍ക്കിടയില്‍ ഒരു അഭിപ്രായവ്യത്യാസവും ഇല്ല; പില്‍ക്കാലക്കാരിലും അഭിപ്രായവ്യത്യാസം ഇല്ല.” (മജ്മൂഉല്‍ ഫതാവ: 25/133)
മുന്‍കാലക്കാര്‍ എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് സ്വഹാബികളും താബിഈങ്ങളും അടങ്ങുന്ന സമൂഹത്തെയും, പില്‍ക്കാലക്കാര്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അവര്‍ക്ക് ശേഷം വന്ന -നമുക്ക് മുന്‍കാലക്കാര്‍ തന്നെയായ- ഇമാമീങ്ങള്‍ അടക്കമുള്ള പണ്ഡിതന്മാര്‍ ജീവിച്ച കാലഘട്ടത്തെയുമാണ്.
അതല്ലെങ്കില്‍ അദ്ദേഹം തന്നെ മേല്‍ പറഞ്ഞ വരികള്‍ക്ക് തൊട്ടു താഴെ ഏതു കാലം മുതലാണ് പില്‍ക്കാലക്കാരില്‍ ഈ ബിദ്അത്ത് ആരംഭിച്ചതെന്നും, അവര്‍ മൂലമുണ്ടായ അഭിപ്രായവ്യത്യാസം എന്താണെന്നും, അതിന് പണ്ഡിതന്മാര്‍ക്കിടയില്‍ യാതൊരു പരിഗനനയുമില്ലെന്നും വിശദീകരിച്ചിരിക്കുന്നു.
ബദ്രീങ്ങളെ സ്മരിച്ച് കൊണ്ടുള്ള ആഘോഷമായ ബദ്രീങ്ങളുടെ ആണ്ട്.
റമദാന്‍ പതിനേഴിന് ബദ്ര്‍ യുദ്ധത്തെയും ബദ്രീങ്ങളെയും സ്മരിച്ചു കൊണ്ട് നടത്തപ്പെടുന്ന ഈ ആഘോഷം പല നാടുകളിലും പടര്‍ന്നു പിടിച്ചിട്ടുണ്ട്. ബദ്രീങ്ങളോട് ഏറ്റവും അധികം സ്നേഹമുണ്ടായിരുന്ന നബി-ﷺ-യോ, ബദ്രീങ്ങളുടെ ആദര്‍ശ സഹോദരന്മാരോ ചെയ്തിട്ടില്ലെന്നതിന് പുറമെ, പലപ്പോഴും ബദ്രീങ്ങള്‍ തന്നെ പോരാടിയ ആദര്‍ശത്തിന് കടക വിരുദ്ധമാണ് ഈ ആഘോഷങ്ങളില്‍ നടക്കുന്ന ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങളും അന്ധവിശ്വാസങ്ങളും.
‘യാ അഹ്ല ബദ്റശ്ശുഹദാഅ്’ (ബദ്ര്‍ രക്തസാക്ഷികളേ!), എന്നിങ്ങനെ വിളിച്ച് കൊണ്ട് ബദ്രീങ്ങളോട് സഹായം തേടുകയും, അവരെ വിളിച്ച് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഈ ആഘോഷത്തിന് ഖുര്‍ആനിലോ സുന്നത്തിലോ ഒരടിസ്ഥാനവും കാണാന്‍ സാധിക്കുകയില്ലെന്ന് മാത്രമല്ല; പിഴച്ചു പോയ നസ്വാറാക്കളുടെ രീതിയാണ് ഇതെന്ന് ചിന്തിച്ചാല്‍ മനസ്സിലാവുകയും ചെയ്യും.
ശൈഖുല്‍ ഇസ്‌ലാം -رَحِمَهُ اللَّهُ- പറയുന്നു : “നബി-ﷺ-യുടെ ജീവിതത്തിലെ വ്യത്യസ്ത ദിനങ്ങളിലായി നടന്ന അനേകം സംഭവങ്ങള്‍ -(ഓര്‍ക്കപ്പെടുന്ന) പ്രഭാഷണങ്ങള്‍, (പ്രധാനപ്പെട്ട) കരാറുകള്‍ എന്നിങ്ങനെ പലതും- ഉണ്ടായിട്ടുണ്ട്.
ബദ്ര്‍, ഹുനൈന്‍, ഖന്‍ദഖ്, മക്ക വിജയം എന്നിവ സംഭവിച്ച ദിവസങ്ങള്‍, ഹിജ്റയുടെ ദിനരാത്രങ്ങള്‍, മദീനയില്‍ പ്രവേശിച്ച ദിവസം എന്നിവ ചില ഉദാഹരണങ്ങള്‍. അതു പോലെ തന്നെ ഇസ്‌ലാമിന്റെ അടിസ്ഥാന നിയമങ്ങള്‍ പ്രതിപാദിച്ച അനേകം പ്രസംഗങ്ങളും അവിടുന്ന് നടത്തിയിട്ടുണ്ട്.
എന്നാല്‍ അത്തരം ദിവസങ്ങളെ പിന്നീട് ആഘോഷദിനങ്ങളായി കൊണ്ടാടാന്‍ അവിടുന്ന് കല്‍പ്പിച്ചിട്ടില്ല. ഇപ്രകാരം ചെയ്യുക ക്രൈസ്തവര്‍ മാത്രമാണ്. ഈസ നബി-ﷺ-യുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ ദിവസങ്ങള്‍ ആഘോഷമാക്കി മാറ്റിയത് അവരാണ്. യഹൂദരും അപ്രകാരം തന്നെ.
ആഘോഷങ്ങള്‍ മതവുമായി ബന്ധപ്പെട്ടതാണ്. അല്ലാഹു നിശ്ചയിച്ചത് മാത്രമാണ് മതത്തിന്റെ കാര്യത്തില്‍ നബി-ﷺ- പിന്‍പറ്റിയത്. അതല്ലാതെ ദീനില്‍ പെടാത്തത് അവിടുന്ന് നിര്‍മ്മിച്ചിട്ടില്ല.” (ഇഖ്തിദാഉസ്വിറാതില്‍ മുസ്തഖീം: 2/614-615)
നോമ്പിന് നിയ്യത്ത് ചൊല്ലിപ്പറയല്‍
നിസ്കാരത്തിലും നോമ്പിലും നിയ്യത്ത് ചൊല്ലിപ്പറയുക എന്ന ബിദ്അത്ത് നമ്മുടെ നാട്ടിലെ ശാഫീ മദ്ഹബിന്റെ വക്താക്കള്‍ എന്ന് അവകാശപ്പെടുന്നവരില്‍ വ്യാപകമാണ്. നമസ്കാരങ്ങളില്‍ ഓരോരുത്തരും നിയ്യത്ത് വ്യക്തിപരമായി ചൊല്ലുകയാണ് പതിവെങ്കില്‍, നോമ്പിനുള്ള നിയ്യത്ത് ഇമാം ചൊല്ലിക്കൊടുക്കുകയും ബാക്കിയുള്ളവര്‍ ഏറ്റു പറയുകയുമാണ് ചെയ്യാറുള്ളത്.
അടുത്ത ദിവസം യാത്ര ചെയ്യുന്നതിനാല്‍ നോമ്പ് ഒഴിവാക്കാമെന്ന് കരുതുന്ന വ്യക്തിയും ആ നിയ്യത്ത് ഒരു ചടങ്ങ് പോലെ ചിലപ്പോള്‍ ആവര്‍ത്തിച്ചേക്കാം. ഹൃദയവുമായി അഭേദ്യമായ ബന്ധമുള്ള നിയ്യത്തിനെ മനസ്സിന് മേല്‍ യാതൊരു സ്വാധീനവുമില്ലാത്ത കേവലമൊരു ചടങ്ങാക്കി മാറ്റിയതില്‍ ഈ ബിദ്അത്തിന് വലിയ പങ്കുണ്ട്.
നിസ്കാരത്തിലോ നോമ്പിലോ മറ്റേത് ഇബാദത്തുകളിലോ ആവട്ടെ, നിയ്യത്ത് ചൊല്ലിപ്പറയുക എന്നത് ബിദ്അത്താണെന്ന് ശാഫിഈ മദ്ഹബിലെ ചില മുഖല്ലിദുകള്‍ അല്ലാത്ത എല്ലാവരും അംഗീകരിച്ചിട്ടുണ്ട്.
ഇമാം ശാഫിഇ-رَحِمَهُ اللَّهُ-യുടെ അഭിപ്രായം ഇതാണെന്ന് പറയുന്നവര്‍ അദ്ദേഹത്തിന്റെ വാക്കിനെ തെറ്റായി മനസ്സിലാക്കുകയാണുണ്ടായത്.
ഇമാം ഇബ്‌നു അബില്‍ ഇസ്സ് -رَحِمَهُ اللَّهُ- പറയുന്നു: “നാല് ഇമാമുമാരില്‍ ഒരാളും തന്നെ -ഇമാം ശാഫിഇയോ മറ്റാരെങ്കിലുമോ- നിയ്യത്ത് ചൊല്ലിപ്പറയല്‍ ഇബാദത്ത് സ്വീകരിക്കാനുള്ള നിബന്ധനയായി നിശ്ചയിച്ചിട്ടില്ല. നിയ്യത്തിന്റെ സ്ഥാനം ഹൃദയമാണെന്നത് അവരെല്ലാം യോജിച്ച കാര്യവുമാണ്. എന്നാല്‍ ചില പില്‍ക്കാലക്കാര്‍ നിയ്യത്ത് ചൊല്ലിപ്പറയല്‍ നിര്‍ബന്ധമാക്കുകയും, ഇമാം ശാഫിഇയുടെ മദ്ഹബില്‍ പുതിയ ഒരു വഴി വെട്ടിത്തുറക്കുകയും ചെയ്തു! അത് അബദ്ധമാണെന്ന് നവവി വ്യക്തമാക്കിയിട്ടുണ്ട്. നിയ്യത്തിന്റെ സ്ഥാനം ഹൃദയമാണെന്ന് മുന്‍ഗാമികളുടെ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ട വിഷയമാണ്.” (അല്‍-ഇത്തിബാഅ: 62)
ഇബാദത്തുകളില്‍ നിയ്യത്ത് ചൊല്ലിപ്പറയല്‍ നിര്‍ബന്ധമാണെന്ന് ഇമാം ശാഫിഇ പറഞ്ഞതായി പില്‍ക്കാലക്കാരില്‍ ചിലര്‍ തെറ്റിദ്ധരിച്ച വാചകം നിസ്കാരത്തില്‍ തക്ബീര്‍ ചൊല്ലുന്നതിനെ സംബന്ധിച്ചാണെന്ന നവവിയുടെ വിശദീകരണത്തെയാണ് ഇബ്‌നു അബില്‍ ഇസ്സ് മേലെ സൂചിപ്പിച്ചത്.
നവവി-رَحِمَهُ اللَّهُ-യുടെ വാക്കുകള്‍ തന്നെ വായിക്കുക:
قال النووي : «قَالَ أَصْحَابُنَا: غَلِطَ هَذَا القَائِلُ، وَلَيْسَ مُرَادُ الشَّافِعِيِّ بِالنُّطْقِ فِي الصَّلَاةِ هَذَا، بَلْ مُرَادُهُ التَّكْبِيرُ »
ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: “(നിയ്യത്ത് ശരിയാകണമെങ്കില്‍ ഹൃദയത്തിലും നാവിലും നിയ്യത്ത് ഒരുമിക്കണമെന്ന അബൂ അബ്ദുല്ല അസ്സുബൈരിയുടെ വാദത്തെ കുറിച്ച്) നമ്മുടെ മദ്ഹബിന്റെ വക്താക്കള്‍ പറഞ്ഞു: ഇദ്ദേഹത്തിന് പിഴവ് സംഭവിച്ചിരിക്കുന്നു. നിസ്കാരത്തില്‍ നാവ് കൊണ്ട് ചൊല്ലിപ്പറയല്‍ നിര്‍ബന്ധമാണെന്ന് ഇമാം ശാഫിഇ പറഞ്ഞത് തക്ബീറിനെ കുറിച്ചാണ്.
ഒരാള്‍ നാവ് കൊണ്ട് നിയ്യത്ത് ചൊല്ലിപ്പറയുകയും, ഹൃദയം കൊണ്ട് നിയ്യത്ത് കരുതുകയും ചെയ്തിട്ടില്ലെങ്കില്‍ അയാളുടെ നിസ്കാരം സ്വീകാര്യമാകില്ലെന്നതില്‍ ഇജ്മാഉണ്ട്. അവന്‍ ഹൃദയം കൊണ്ട് ദ്വുഹര്‍ ഉദ്ദേശിക്കുകയും, അവന്റെ നാവ് കൊണ്ട് നിയ്യത്ത് ഉച്ചരിക്കുമ്പോള്‍ അസ്വര്‍ എന്ന് പറഞ്ഞു പോവുകയും ചെയ്താല്‍; ഹൃദയത്തിലെ ഉദ്ദേശമായ ദ്വുഹര്‍ നിസ്കാരമാണ് ഉദ്ദേശിക്കപ്പെടുക.” (മജ്മൂഅ: 3/277)
ശൈഖ് അല്‍ബാനി -رَحِمَهُ اللَّهُ- പറയുന്നു: “ഇഹ്റാമിലോ നോമ്പ്, നിസ്കാരം പോലുള്ള മറ്റ് ഇബാദത്തുകളുടെ സന്ദര്‍ഭങ്ങളിലോ നിയ്യത്ത് ചൊല്ലിപ്പറയുക എന്നത് പാടില്ല. നിയ്യത്ത് ഹൃദയം കൊണ്ട് മാത്രമാണ്. അത് ചൊല്ലിപ്പറയല്‍ ബിദ്അത്താണ്. “എല്ലാ ബിദ്അത്തും വഴികേടാണ്; എല്ലാ വഴികേടും നരകത്തിലേക്കുമാണ്.” (ഖാമൂസുല്‍ ബിദഅ: 377)
സൂക്ഷ്മതയുടെ പേരില്‍ നോമ്പ് തുറ വൈകിപ്പിക്കുകയും, അത്താഴം നേരത്തെയാക്കുകയും ചെയ്യല്‍
പല മുസ്‌ലിം വീടുകളിലും കണ്ടുവരാറുള്ള ബിദ്അത്താണിത്. നബി-ﷺ-യുടെ മാര്‍ഗമാണ് ഏറ്റവും സൂക്ഷ്മതയുള്ളതെന്ന് തിരിച്ചറിഞ്ഞ യഥാര്‍ഥ മുസ്‌ലിമിന് ഇത്തരം കാര്യങ്ങള്‍ ബിദ്അത്തുകളാണെന്ന് തിരിച്ചറിയാന്‍ സാധിക്കും.
ഈ ബിദ്അത്തില്‍ അകപ്പെട്ടിട്ടുള്ള മുഅദ്ദിനുകള്‍ -പ്രത്യേകിച്ച് റമദാന്‍ മാസത്തില്‍- സുബ്ഹ് നിസ്കാരത്തിനുള്ള അദാന്‍ (ബാങ്ക്) നേരത്തെയാക്കുന്നതും, മഗ്രിബിന്‍റേത് വൈകിപ്പിക്കുന്നതും കാണാം.
നോമ്പ് തുറ ധൃതി കൂട്ടുവാനും, അത്താഴം വൈകിപ്പിക്കാനും പ്രേരിപ്പിക്കുന്ന അനേകം ഹദീഥുകള്‍ നബി-ﷺ-യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ആരെങ്കിലും ഈ ഹദീഥുകളുടെ അടിസ്ഥാനത്തിന്‍ നോമ്പ് തുറക്കുന്നതിന് ധൃതി കൂട്ടിയാല്‍ ജനങ്ങളെല്ലാവരും അവനെ ആക്ഷേപിക്കുകയും, ‘ഇത്ര നേരം ക്ഷമിച്ചില്ലേ; ഇനി കുറച്ചു നേരം കാത്തു നിന്നുകൂടേ’ എന്ന അര്‍ഥത്തില്‍ അവരെ പരിഹസിക്കുന്നതും കാണാം.
അത്താഴം വൈകിപ്പിക്കുകയും, നോമ്പ് തുറ ധൃതിയാക്കലുമാണ് സുന്നത്ത് എന്ന് വ്യക്തമാക്കുന്ന ഹദീഥുകള്‍ മുതവാതിറാണെന്നാണ് ഇബ്‌നു അബ്ദില്‍ ബറിന്റെ പക്ഷം. (ഫത്ഹുല്‍ ബാരി: 4/199)
ഇന്ന് ജനങ്ങള്‍ പുതുതായി നിര്‍മ്മിച്ചിട്ടുള്ള ഈ ആചാരം ഹദീഥുകള്‍ക്കെല്ലാം എതിരാണ് എന്നതിനാല്‍ മഹാന്മാരായ പണ്ഡിതന്മാര്‍ ഈ ആചാരത്തെ ബിദ്അത്തുകളില്‍ എണ്ണിയിട്ടുണ്ട്.
ഇമാം ശാഫിഈ -رَحِمَهُ اللَّهُ- പറഞ്ഞു: “നോമ്പ് തുറ ധൃതി കൂട്ടുന്നതും, വൈകിപ്പിക്കുന്നത് ഒഴിവാക്കുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നു. നോമ്പ് തുറ വൈകിപ്പിക്കുന്നതില്‍ പ്രത്യേക ശ്രേഷ്ഠതയുണ്ടെന്ന് വിചാരിച്ച് വൈകിപ്പിക്കുന്നതിനെയാണ് ഞാന്‍ കറാഹത്തായി (നിഷിദ്ധം) മനസ്സിലാക്കുന്നത്.” (അല്‍ ഉമ്മ്: 2/106)
സലഫുകളായ പലരും ഉപയോഗിച്ചിരുന്നത് പോലെ ഇമാം ശാഫിഇ കറാഹത്ത് എന്ന പദം പലപ്പോഴും ഹറാം എന്ന അര്‍ഥത്തിലായിരുന്നു പ്രയോഗിച്ചിരുന്നത് എന്ന കാര്യം ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം സ്മരണീയമാണ്. (ഇഅലാമുല്‍ മുവഖിഈന്‍: 1/42-43)
ഹാഫിദ് ഇബ്‌നു ഹജര്‍ -رَحِمَهُ اللَّهُ- പറയുന്നു : “റമദാന്‍ മാസത്തില്‍ സുബഹിന്റെ സമയമാകുന്നതിന് കുറച്ച് സമയം മുന്‍പ് ബാങ്ക് കൊടുക്കുക എന്നത് ഇക്കാലഘത്തില്‍ നിര്‍മ്മിക്കപ്പെട്ട വെറുക്കപ്പെട്ട ബിദ്അത്തുകളില്‍ ഒന്നാണ്… ഇബാദത്തുകളില്‍ സൂക്ഷ്മത പാലിക്കുന്നു എന്ന പേരിലാണ് ഇത്തരം പുതുനിര്‍മ്മിതികള്‍ മതത്തില്‍ കടത്തിക്കൂട്ടിയിരിക്കുന്നത്. ജനങ്ങളില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അത് ബിദ്അത്താണെന്ന തിരിച്ചറിവുള്ളൂ.
സൂക്ഷ്മതയുടെ പേരു പറഞ്ഞ് സൂര്യന്‍ അസ്തമിച്ചതിന് ശേഷവും കുറച്ച് നേരത്തേക്ക് ബാങ്ക് വിളിക്കാതിരിക്കുന്ന അവസ്ഥയിലേക്കാണ് അവരെ ഇത് കൊണ്ടെത്തിച്ചിട്ടുള്ളത്. നോമ്പ് തുറ വൈകിപ്പിക്കുകയും, അത്താഴം നേരത്തെയാക്കുകയും ചെയ്തിരിക്കുന്നു ഇവര്‍. അതിനാല്‍ അവരിലെ നന്മകള്‍ കുറയുകയും, തിന്മകള്‍ അധികരിക്കുകയും ചെയ്തിരിക്കുന്നു.” (ഫത്ഹുല്‍ ബാരി: 4/199)
സൂര്യന്‍ അസ്തമിച്ചാല്‍ ഉടനെ തന്നെ നോമ്പുകാരന് തന്റെ നോമ്പില്‍ നിന്ന് വിരമിക്കാവുന്നതാണ്; സൂര്യാസ്തമയത്തിന് ശേഷവും ചക്രവാളത്തില്‍ കണ്ടേക്കാവുന്ന ചുവന്ന നിറത്തിലുള്ള സൂര്യകിരണങ്ങള്‍ നോമ്പ് തുറക്കുന്നതില്‍ നിന്ന് അവനെ തടയേണ്ടതില്ല.
ശൈഖ് സുലൈമാന്‍ ബ്നു സഹ്മാന്‍ പറഞ്ഞു: “ചക്രവാളത്തില്‍ നിന്ന് സൂര്യകിരണങ്ങള്‍ പരിപൂര്‍ണമായി ഇല്ലാതാകുന്നത് വരെ അദാന്‍ വിളിക്കുന്നതും, നോമ്പ് തുറക്കുന്നതും വൈകിപ്പിക്കണമെന്നത് (ശിയാക്കളിലെ) റാഫിദികളുടെ മദ്ഹബാണ്. അവരാണ് ഇത്രയും നേരം നോമ്പു തുറ വൈകിപ്പിക്കാറുള്ളത്.” (അദ്ദുററുസ്സനിയ്യ: 6/376)
തസ്ഹീര്‍
അത്താഴത്തിന് സമയമായി എന്ന് അറിയിക്കുന്നതിനാണ് തസ്ഹീര്‍ എന്നു പറയുക. പല നാടുകളില്‍ പല രൂപത്തിലാണ് ഈ ബിദ്അത്തുള്ളത്.
ചില നാടുകളില്‍ മസ്ജിദുകളില്‍ നിന്ന് ‘അത്താഴത്തിന് സമയമായിട്ടുണ്ട്’ എന്നിങ്ങനെ വിളിച്ചു പറയും. വേറെ ചിലയിടങ്ങളില്‍ നോമ്പ് നിര്‍ബന്ധമാക്കിയ ആയത്ത് പത്ത് തവണ മൈക്കിലൂടെ വിളിച്ചു പറയും. ചിലയിടങ്ങളില്‍ ഹറാമായ ചെണ്ട കൊട്ടിയും മറ്റുമൊക്കെയാണ് ഇബാദത്തായ അത്താഴത്തിന് വിളിച്ചെഴുന്നേല്‍പ്പിക്കാറുള്ളത്! നമ്മുടെ നാട്ടില്‍ ചിലയിടങ്ങളില്‍ കണ്ടു വരാറുള്ള രൂപം മൈക്കിലൂടെ മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന ഖുര്‍ആന്‍ പാരായണം കേള്‍പ്പിക്കുക എന്നതാണ്.
ഇത്തരം രൂപങ്ങള്‍ ബിദ്അത്താണെന്നതിന് പുറമെ, ഖുര്‍ആനിനെ അപമാനിക്കലും ഉറങ്ങാന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ -അവരില്‍ രോഗികളും പ്രയാസമനുഭവിക്കുന്നവരും ഉണ്ടായേക്കാം- അവരെ പ്രയാസപ്പെടുത്തലുമാണ്.
ഇബ്‌നുല്‍ ഹാജ് പറഞ്ഞു: “റമദാന്‍ മാസത്തില്‍ മുഅദ്ദിനുകള്‍ പുതുതായി കണ്ടെത്തിയിട്ടുള്ള തസ്ഹീര്‍ വിരോധിക്കണം. കാരണം അത് നബി-ﷺ-യുടെ കാലത്ത് ഉണ്ടാവുകയോ, അവിടുന്ന് അതിന് കല്‍പ്പിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞു പോയ സലഫുകളുടെ കാലഘട്ടത്തിലും ഇത് ഉണ്ടായിട്ടില്ല. അവരെ പിന്‍പറ്റുന്നതിലാണ് എല്ലാ നന്മയുമുള്ളത്.” (മദ്ഖല്‍: 2/253)
ഏതൊരു ബിദ്അത്തും അതിന് പകരമായി മറ്റൊരു സുന്നത്തിനെ നശിപ്പിക്കും എന്ന സലഫുകളുടെ വാക്കിന് വ്യക്തമായ ഉദാഹരണമാണ് ഈ സംഭവം. റമദാന്‍ മാസത്തില്‍ അത്താഴത്തിന്റെ സമയം അവസാനിക്കാറായി എന്ന് അറിയിക്കുന്ന ഒന്നാം ബാങ്കും, അത്താഴത്തിന്റെ സമയം അവസാനിച്ചു എന്ന് അറിയിക്കുന്ന രണ്ടാം ബാങ്കും ഇന്ന് തീര്‍ത്തും വിസ്മരിക്കപ്പെട്ട സുന്നത്തായിരിക്കുന്നു.
عَنِ ابْنِ عُمَرَ قَالَ: أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «إِنَّ بِلاَلًا يُؤَذِّنُ بِلَيْلٍ، فَكُلُوا وَاشْرَبُوا حَتَّى يُنَادِيَ ابْنُ أُمِّ مَكْتُومٍ»
ഇബ്‌നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: “തീര്‍ച്ചയായും ബിലാല്‍ രാത്രിയുടെ സമയത്താണ് അദാന്‍ വിളിക്കുന്നത്. അപ്പോള്‍ നിങ്ങള്‍ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു കൊള്ളുക; ഇബ്‌നു ഉമ്മിമക്തൂമിന്റെ അദാന്‍ കേള്‍ക്കുന്നത് വരെ.” (ബുഖാരി: 617, മുസ്‌ലിം: 1092)
എന്നാല്‍ ജനങ്ങള്‍ രണ്ടാമത്തെ അദാനാണെന്ന് തെറ്റിദ്ധരിക്കുകയും, തങ്ങളുടെ അത്താഴം അവസാനിപ്പിക്കുകയും ചെയ്യും എന്ന് ഭയപ്പെട്ടാല്‍ ഒന്നാമത്തെ അദാന്‍ വിളിക്കുന്നത് കറാഹത്താണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടതും, രണ്ട് അദാനുകളും വേര്‍തിരിച്ചറിയുന്ന രൂപത്തില്‍ രണ്ട് മുഅദ്ദിനുകള്‍ ഉണ്ടെങ്കില്‍ മാത്രം അപ്രകാരം ചെയ്താല്‍ മതിയെന്നും ചില പണ്ഡിതന്മാര്‍ ഓര്‍മ്മപ്പെടുത്തിയത് ഈ സന്ദര്‍ഭത്തില്‍ സ്മരിക്കേണ്ടതുണ്ട്. (മുഗ്നി: 1/298)
“സുബ്ഹി ബാങ്ക് കൊടുക്കുന്നതിന് മുന്‍പ് ഭക്ഷണം (ആവശ്യമുണ്ടെങ്കിലും സൂക്ഷ്മതയുടെ പേര് പറഞ്ഞ്) അത്താഴം കഴിക്കുന്നത് നിര്‍ത്തി വെക്കുന്നത് ബിദ്അത്താണ്”
ശൈഖ് അല്‍ബാനി -رَحِمَهُ اللَّهُ- അദ്ദേഹത്തിന്റെ സില്‍സിലത്തു സ്സ്വഹീഹയിലെ 1394 ാമത് ഹദീഥിന് നല്‍കിയ തലക്കെട്ടിന്റെ വിവര്‍ത്തനമാണ് മേലെ നല്‍കിയിട്ടുള്ളത്. അതിന് താഴെ അദ്ദേഹം നല്‍കിയ ഹദീഥ് ശ്രദ്ധിക്കുക:
عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِذَا سَمِعَ أَحَدُكُمُ النِّدَاءَ وَالإِنَاءُ عَلَى يَدِهِ فَلَا يَضَعَهُ حَتَّى يَقْضِي حَاجَتَهُ مِنْهُ»
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ഭക്ഷണ പാത്രം കയ്യിലുണ്ടായിരിക്കെ നിങ്ങളിലാരെങ്കിലും നിസ്കാരത്തിലേക്കുള്ള വിളി കേട്ടുകഴിഞ്ഞാല്‍ തന്റെ ആവശ്യം കഴിയുന്നത് വരെ അത് താഴെ വെക്കേണ്ടതില്ല.” (അബൂദാവൂദ്: 1/539)
ഭക്ഷണം വായില്‍ ഉണ്ടായിരിക്കെ ബാങ്ക് കൊടുത്താല്‍ അത് തുപ്പിക്കളയണം എന്ന സയ്യിദ് സാബിഖിന്റെ അഭിപ്രായത്തിന് മറുപടിയായി ശൈഖ് അല്‍ബാനി മേലുദ്ധരിച്ച ഹദീഥ് നല്‍കിയതിന് ശേഷം പറഞ്ഞു :
“തന്റെ കയ്യില്‍ ഭക്ഷണത്തളിക ഉണ്ടായിരിക്കെ ബാങ്ക് കൊടുക്കുന്നത് കേട്ടു കഴിഞ്ഞാല്‍ തന്റെ ആവശ്യം നിര്‍വ്വഹിക്കുന്നത് വരെ അത് താഴെ വെക്കേണ്ടതില്ലെന്നതിന് ഈ ഹദീഥില്‍ തെളിവുണ്ട്.
(( وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ))
“നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ” എന്ന ആയത്തില്‍ നിന്ന് ഇക്കാര്യം മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു … ഈ ഹദീഥില്‍ പറഞ്ഞ കാര്യത്തിന് ഇജ്മാഉം എതിരല്ല. മാത്രവുമല്ല, സ്വഹാബികളില്‍ ചിലര്‍ ഈ ഹദീഥില്‍ നിന്ന് മനസ്സിലാകുന്നതിനെക്കാള്‍ അധികം ചില സന്ദര്‍ഭങ്ങളില്‍ (ഭക്ഷണം കഴിക്കുന്നത്) അനുവദിച്ചിട്ടുമുണ്ട്.” (തമാമുല്‍ മിന്ന: 4/109-110)
അല്ലാഹുവിനോട് ഏറ്റവും സൂക്ഷ്മതയും, ഭയഭക്തിയുമുണ്ടായിരുന്ന മുഹമ്മദ് നബി -ﷺ- തന്റെ സമുദായത്തിന് പഠിപ്പിച്ച് നല്‍കിയത് ഇപ്രകാരമായിരുന്നു. അതിനെക്കാള്‍ നന്മയുള്ളത് തന്റെ പ്രവര്‍ത്തിയിലാണെന്ന് വാദിക്കുന്നവന്‍ ഇസ്‌ലാമിന്റെ വൃത്തത്തില്‍ നിന്ന് പുറത്താണ്.
എന്നാല്‍ സൂക്ഷ്മതയുടെ പേരു പറഞ്ഞ് അത്താഴം തന്നെ ഒഴിവാക്കുന്നവരുടെ അവസ്ഥ അതിനെക്കാള്‍ കഷ്ടമാണ്. അത് ബിദ്അത്തുകളില്‍ ഉള്‍പ്പെടുമെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അല്ലാഹുവിന്റെ പ്രതിഫലം ഉദ്ദേശിച്ചു കൊണ്ട് ശരീരത്തെ പ്രയാസപ്പെടുത്തുത്തുന്ന കാര്യങ്ങള്‍ ഇബാദത്തില്‍ ഉള്‍പ്പെടുത്തല്‍ ബിദ്അത്താണെന്ന് വിശദീകരിച്ചതിന് ശേഷം ശൈഖ് മഹ്മൂദ് ശല്‍തൂത് പറഞ്ഞു: “ഇതിന്റെ ഉദാഹരണങ്ങളില്‍ പെട്ടതാണ് നോമ്പിന്റെ ലക്ഷ്യങ്ങളിലൊന്നായ ശരീരത്തെ തളര്‍ത്തല്‍ ഇരട്ടിയാകുമെന്ന കാരണത്താല്‍ ഇബാദത്ത് ഉദ്ദേശിച്ചു കൊണ്ട് അത്താഴം ഒഴിവാക്കല്‍.” (അല്‍ ബിദഅ; അസ്ബാബഹാ.. : 32)
അത്താഴത്തിന്റെ ശ്രേഷ്ഠത വ്യക്തമാക്കുന്ന അനേകം ഹദീഥുകള്‍ നബി-ﷺ-യില്‍ നിന്ന് നിവേദനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന് ആളുകള്‍ക്ക് പണം കൊടുക്കല്‍
കേരളത്തിലെ ചിലയിടങ്ങളില്‍ ഈ സമ്പ്രദായം ഉണ്ടെന്ന് അറിയാന്‍ സാധിച്ചതു കൊണ്ടാണ് ഇതിനെ സംബന്ധിച്ച് ഓര്‍മ്മപ്പെടുത്തിയത്. റമദാന്‍ മാസം ഖുര്‍ആന്‍ അവതരിപ്പിച്ച മാസമാണെന്നതും, ആ മാസത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് വളരെ പ്രതിഫലമുള്ള കാര്യമാണെന്നും സംശയമില്ല.
പക്ഷേ തനിക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ മറ്റുള്ളവരെ പണം കൊടുത്ത് ഏല്‍പ്പിക്കുക എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന നിയമങ്ങള്‍ക്ക് എതിരും, നബി-ﷺ-യോ സ്വഹാബത്തോ കാണിച്ചു തരാത്ത പുത്തനാചാരവുമാകുന്നു.
ശൈഖ് മുഹമ്മദ് അബ്ദുസ്സലാം അശ്ശഖീരി പറഞ്ഞു: “റമദാനിന്റെ രാത്രികളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനായി ഖാരിഈങ്ങളെ (ഖുര്‍ആന്‍ പാരായണക്കാര്‍) വിലക്കെടുക്കുന്നത് വളരെ ആക്ഷേപാര്‍ഹമായ ബിദ്അത്താണ്.” (അസ്സുനനു വല്‍ മുബ്തദആത്: 160)
ഓരോരുത്തരും അവനവന് വേണ്ടി കരുതി വെക്കുന്നവ മാത്രമേ അല്ലാഹുവിങ്കല്‍ ഉണ്ടാകൂ എന്നത് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പലയിടത്തും ഊന്നിപ്പറഞ്ഞ അടിസ്ഥാനതത്വമാണ്.
അല്ലാഹു -تَعَالَى- പറഞ്ഞു:
(( وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَى ))
“പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല.” (ഫാത്വിര്‍: 18)
താനല്ലാത്തവരുടെ പാപഭാരം ഏറ്റെടുക്കേണ്ടി വരില്ലെന്നതു പോലെ തന്നെ, മറ്റുള്ളവരുടെ നന്മകളുടെ പ്രതിഫലവും ഒരാള്‍ക്കും നേടിയെടുക്കാനാവില്ല.
ഇബ്‌നു കഥീര്‍ -رَحِمَهُ اللَّهُ- ഈ ആയത്തിന്റെ വിശദീകരണത്തില്‍ പറഞ്ഞു: “മറ്റൊരാളുടെ പാപഭാരം വേറൊരാളും ചുമക്കേണ്ടി വരില്ലെന്നതു പോലെ തന്നെ, പുണ്യത്തിന്റെ ഫലവും അനുഭവിക്കാന്‍ സാധ്യമല്ല.”
ഇസ്സു ബ്നു അബ്ദിസ്സലാം -رَحِمَهُ اللَّهُ- പറയുന്നു: “ആരെങ്കിലും ഒരു സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, ശേഷം അതിന്റെ പ്രതിഫലം ജീവിച്ചിരിക്കുകയോ മരണപ്പെടുകയോ ചെയ്ത ആര്‍ക്കെങ്കിലും സമ്മാനിക്കുകയും ചെയ്താല്‍ അയാളിലേക്ക് അതിന്റെ പ്രതിഫലം നീങ്ങുകയില്ല.” (അല്‍-ഫതാവ: 24/1692)
ഇത്തരം അന്ധവിശ്വാസങ്ങള്‍ മുസ്‌ലിം സമൂഹത്തിലുണ്ടാക്കിയ അപകടങ്ങളെ കുറിച്ച് ശൈഖ് അല്‍ബാനി ഓര്‍മ്മപ്പെടുത്തുന്നത് നോക്കൂ: “ഇത്തരം വിശ്വാസമുള്ളവര്‍ അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുവാനും, സ്വര്‍ഗത്തില്‍ ഉന്നത പദവി ലഭിക്കുവാനും സ്വന്തമായി ഒന്നും പ്രവര്‍ത്തിക്കാതെ മറ്റുള്ളവരെ ഏല്‍പ്പിക്കുകയാണ് ചെയ്യുക. കാരണം ഒരു ദിവസം തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലായി എത്രയെത്ര പേരാണ് മുസ്‌ലിംകളിലെ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായവര്‍ക്ക് വേണ്ടി സല്‍കര്‍മ്മങ്ങള്‍ ‘സ്പോണ്‍സര്‍’ ചെയ്തു കൊണ്ടിരിക്കുന്നത്.
ലോകമുസ്‌ലിംകളില്‍ പെട്ട ഒരു മെമ്പറാണ് അവനും! മറ്റുള്ളവര്‍ അവന് സമ്മാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരിക്കെ പിന്നെ എന്തിന് അവന്‍ സ്വയം പ്രവര്‍ത്തിക്കണം?! പണക്കാരായ പലര്‍ക്കും സാധിക്കുമെങ്കിലും ഹജ്ജ് ഒഴിവാക്കാനുള്ള ന്യായം ഈ അന്ധവിശ്വാസമാണ്…
ഇത്തരം വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും, പ്രമാണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവരുടെയും പ്രവര്‍ത്തനങ്ങള്‍ തമ്മില്‍ നീ മാറ്റുരച്ചു നോക്കുക. അവര്‍ തമ്മിലുള്ള വ്യത്യാസം സൂര്യപ്രകാശം പോലെ നിനക്ക് വ്യക്തമാകും. …
സലഫുകള്‍ ധാരാളം മുന്നോട്ട് പോയതിന്റെ കാരണം ഇത്തരം അന്ധവിശ്വാസങ്ങളെ അവര്‍ പുണര്‍ന്നില്ല എന്നതും, നമ്മുടെ ഈ അധഃപതനത്തിന് കാരണം നാം അവ സ്വീകരിച്ചു എന്നതുമാണ്. അവരെ സന്മാര്‍ഗത്തിലേക്ക് നയിച്ചതു പോലെ നമ്മെയും സന്മാര്‍ഗത്തിലെക്ക് നയിക്കേണമേ എന്ന് അല്ലാഹുവിനോട് നാം ചോദിക്കുന്നു.” (ആഹ്കാമുല്‍ ജനാഇസ്: 175)
വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന് പണം വാങ്ങുക എന്നതാകട്ടെ, വലിയ തിന്മയാണെന്ന് നബി -ﷺ- അറിയിച്ച കാര്യവുമാണ്.
عَنْ عِمْرَانَ بْنِ حُصَيْنٍ، قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «مَنْ قَرَأَ القُرْآنَ فَلْيَسْأَلِ اللَّهَ بِهِ، فَإِنَّهُ سَيَجِيءُ أَقْوَامٌ يَقْرَءُونَ القُرْآنَ يَسْأَلُونَ بِهِ النَّاسَ»
ഇംറാനുബ്നു ഹുസ്വൈന്‍ -رَضِيَ اللَّهُ عَنْهُ- നിവേദനം : നബി -ﷺ- പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട് : “ആരെങ്കിലും ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അവന്‍ അത് മുന്‍നിര്‍ത്തി അല്ലാഹുവിനോട് ചോദിക്കട്ടെ. തങ്ങള്‍ നടത്തിയ ഖുര്‍ആന്‍ പാരായണം മുന്‍നിര്‍ത്തി ജനങ്ങളോട് ചോദിക്കുന്ന ഒരു സമൂഹം വരാനിരിക്കുന്നു.” (തിര്‍മിദി: 2917)
കേരളത്തിലെ ചില പ്രദേശങ്ങളില്‍ പണം സമ്പാദിക്കാനുള്ള ഒരു മാര്‍ഗമായി മുസ്ല്യാക്കന്മാരും, ചില വയസ്സായ സ്ത്രീകളും റമദാനിലെ പ്രധാന വരുമാന മാര്‍ഗമാക്കി ഇതിനെ മാറ്റിയിട്ടുണ്ട്. 500 രൂപ കൊടുത്തു കഴിഞ്ഞാല്‍ -ഈ റമദാനില്‍ ഇതിനുള്ള ഫീസ് എത്രയാകും എന്ന് അല്ലാഹുവിനറിയാം- ഒരു ദിവസം കൊണ്ട് ഖുര്‍ആന്‍ ‘പൂര്‍ണമായി’ പാരായണം ചെയ്ത് പണം കൊടുത്തയാളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന ഒരു വയസ്സായ സ്ത്രീയെ പറ്റി കഴിഞ്ഞ റമദാനില്‍ എന്നോട് ഒരാള്‍ പറയുകയുണ്ടായി!
മതത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധയൊന്നും വെച്ചു പുലര്‍ത്താത്ത തിരക്കുകാരായ ബിസിനസ്സുകാര്‍ക്ക് തങ്ങളെന്തെങ്കിലും ചെയ്തിട്ടുണ്ട് എന്ന് സ്വയം സമാധിക്കാനുള്ള ഒരു വഴിയാണ് ഇതെന്നത് കൊണ്ട് തന്നെ ഈ ബിദ്അത്ത് വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ പാപങ്ങളുടെ ഏടുകളാണ് നിറച്ചു കൊണ്ടിരിക്കുന്നതെന്ന് പണം കൊടുക്കുന്നവരും വാങ്ങുന്നവരും തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ!
തറാവീഹ് നമസ്കാരത്തിലെ ഓരോ രണ്ട് റക്അത്തുകള്‍ക്ക് ശേഷവും ഒരുമിച്ചുള്ള ദിക്ര്‍ ചൊല്ലല്‍
നബി-ﷺ-യുടെയും സ്വഹാബത്തിന്റെയും ചര്യയില്‍ യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഈ പ്രവര്‍ത്തനം നമ്മുടെ നാട്ടിലെ മിക്ക പള്ളികളിലും വ്യാപകമാണ്.
മാലിക്കി പണ്ഡിതനായ ഇബ്‌നുല്‍ ഹാജ് പറയുന്നു : “തറാവീഹ് നമസ്കാരത്തിലെ ഓരോ രണ്ട് റക്അത്തുകള്‍ക്ക് ശേഷം ചിലര്‍ കടത്തിക്കൂട്ടിയ ശബ്ദം ഉയര്‍ത്തിയുള്ള ഒരേ താളത്തിലുള്ള ദിക്റില്‍ നിന്ന് മാറി നില്‍ക്കേണ്ടതുണ്ട്. അവയെല്ലാം തന്നെ ബിദ്അത്തുകളാണ്.
നമസ്കാരത്തിന് ശേഷം മുഅദ്ദിന്‍ ഉറക്കെ “അസ്സ്വലാ! യര്‍ഹമുകുമുല്ലാഹ്” എന്ന് പറയുന്നതും പാടില്ല. അതും കടത്തിക്കൂട്ടപ്പെട്ടതാണ്. മതത്തില്‍ പുതിയത് കടത്തിക്കൂട്ടുക എന്നത് വിരോധിക്കപ്പെട്ട കാര്യമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദ് നബി-ﷺ-യുടെ ചര്യയാണ്. ശേഷം അവിടുത്തെ ഖലീഫമാരുടെയും സ്വഹാബിമാരുടെയും. സലഫുകളില്‍ ആരില്‍ നിന്നും ഈ പ്രവൃത്തി സ്ഥിരപ്പെട്ടിട്ടില്ല. അവര്‍ക്ക് വിശാലതയുള്ളതില്‍ നമുക്ക് വിശാലതയുണ്ട്.” (അല്‍ മദ്ഖല്‍: 2/293)
റമദാന്‍ 27 ാം രാവ് ആഘോഷദിനമാക്കല്‍
ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ബിദ്അത്തുകളില്‍ ഒന്നാണിത്. റമദാന്‍ 27 ലയ്ലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന ദിനങ്ങളില്‍ പ്രബലമാണെന്നതു കൊണ്ട് തന്നെ സാധാരണക്കാരുടെ സമ്പാദ്യം തട്ടിയെടുക്കാനുള്ള അവസരമായി പുരോഹിതന്മാരില്‍ വലിയൊരു വിഭാഗം ഇതിനെ മാറ്റിയിരിക്കുന്നു.
അന്ന് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന വലിയ സംഘം മൈതാനങ്ങളില്‍ തമ്പടിക്കുകയും, സ്വലാത്ത് വാര്‍ഷികമെന്നും, ദിക്ര്‍ ഹല്‍ഖകളെന്നും, ദുആ മജ്ലിസുകളെന്നും പേരുകള്‍ നല്‍കപ്പെട്ടിട്ടുള്ള സദസ്സുകളില്‍ പങ്കെടുത്ത് പൈശാചികമായ ‘ആത്മീയ’ നിര്‍വൃതി നേടി തിരിച്ചു പോവുകയും ചെയ്യുന്ന കാഴ്ച്ച വളരെ പ്രകടമായിരിക്കുന്നു. അല്ലാഹു ഇത്തരം പുരോഹിതന്മാരെ ശപിക്കുകയും, അവരുടെ ഫിത്നകളില്‍ നിന്ന് സമൂഹത്തെ രക്ഷിക്കുകയും ചെയ്യട്ടെ!
ജനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠരായിരുന്ന, അല്ലാഹുവിനെ അങ്ങേയറ്റം ഭയന്നിരുന്ന മുഹമ്മദ് നബി -ﷺ- റമദാനിലെ അവസാനത്തെ പത്തുകളിലും, ലയ്ലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന ദിവസങ്ങളിലും എപ്രകാരമായിരുന്നുവെന്ന് ഹദീഥുകളില്‍ വന്നത് നോക്കൂ.
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا: «أَنَّ النَّبِيَّ -ﷺ-، كَانَ يَعْتَكِفُ العَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ»
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: “നബി -ﷺ- അവിടുന്ന് വഫാത് ആകുന്നത് വരെ റമദാനിലെ അവസാനത്തെ പത്തുകളില്‍ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുത്തെ വഫാത്തിന് ശേഷം നബി-ﷺ-യുടെ ഭാര്യമാര്‍ ഇഅ്തികാഫ് ഇരുന്നു.” (ബുഖാരി: 2026, മുസ്‌ലിം: 1172)
സഊദിയിലെ ഉന്നത പണ്ഡിത സഭയുടെ ഫത്വകളിലൊന്ന് ഇപ്രകാരമാണ്: “റമദാന്‍ മാസത്തിലെ 27 ാം രാവ് പ്രത്യേകമായി ആഘോഷദിനമാക്കുന്നത് പുതുതായി നിര്‍മ്മിക്കപ്പെട്ട ബിദ്അത്താണ്. മറ്റെല്ലാ രാത്രികളിലും ഉള്ളത് പോലെ ആ ദിവസവും ഇബാദത്തുകളും സ്വദഖകളും പോലുള്ള ഇബാദത്തുകള്‍ കൊണ്ട് ജീവിപ്പിക്കുക എന്നതാണ് മതത്തില്‍ സ്ഥിരപ്പെട്ടിട്ടുള്ളത്.” (അല്‍ ബിദഉ വല്‍ മുഹ്ദസാത്: 594)
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدِ بْنِ عَبْدِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.
كَتَبَهُ : أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيدُ
-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-