بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
അല്ലാഹു പവിത്രമാക്കിയ നാലു മാസങ്ങളിലൊന്നാണ് റജബ്. ദുൽ ഖഅ്ദ, ദുൽഹിജ്ജ, മുഹറം എന്നിവയാണ് ബാക്കി മൂന്നു മാസങ്ങൾ. ഈ മാസങ്ങളെ കുറിച്ച് അല്ലാഹു പറഞ്ഞു:
إِنَّ عِدَّةَ الشُّهُورِ عِندَ اللَّـهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّـهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ الدِّينُ الْقَيِّمُ ۚفَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ ۚ
“തീർച്ചയായും അല്ലാഹുവിങ്കൽ മാസങ്ങളുടെ എണ്ണം, അവൻ ആകാശഭൂമികളെ പടച്ച അന്നുമുതൽ, അവന്റെ (വിധിയാകുന്ന) ഗ്രന്ഥത്തിൽ, പന്ത്രണ്ടു മാസങ്ങളാണ്. അവയിൽ നാലെണ്ണം പവിത്രമായതുണ്ട്. അതാകുന്നു നേരായ മതം. അതിനാൽ ആ മാസങ്ങളിൽ നിങ്ങൾ സ്വദേഹങ്ങളോട് തന്നെ അക്രമം കാണിക്കരുത്.” (തൗബ: 36)
പവിത്ര മാസങ്ങളിലൊന്നാണ് റജബ്. എല്ലാ മാസങ്ങളിലും പാപങ്ങളിൽ നിന്ന് നാം വിട്ടുനിൽക്കുക. അല്ലാഹു പവിത്രമാക്കിയ മാസങ്ങളിൽ അക്കാര്യം പ്രത്യേകം സൂക്ഷിക്കുക. ഈ ഒരു പ്രത്യേകതയല്ലാതെ റജബ് മാസത്തിന് മറ്റൊരു സവിശേഷതയുമില്ല. റജബ് 27 നാണ് ഇസ്റാഉം മിഅ്റാജും നടന്നത് എന്നൊരു തെറ്റിദ്ധാരണ പല മുസ്ലിംകൾക്കിടയിലുമുണ്ട്. നമ്മുടെ നാട്ടിൽ ഈ പേരിൽ റജബ് ഇരുപത്തി ഏഴിന് ചിലയാളുകൾ പ്രത്യേകമായി നോമ്പെടുക്കുന്നുമുണ്ട്. ഇത് ശരിയല്ല. മറിച്ച് ബിദ്അതാണ്.
കാരണം അല്ലാഹുവിന്റെ റസൂൽ ﷺ ഇങ്ങനെ ഒരു കർമ്മം നമ്മെ പഠിപ്പിച്ചിട്ടില്ല. നബി-ﷺ-യോ അവിടുത്തെ സ്വഹാബികളോ റജബ് ഇരുപത്തി ഏഴിന് പ്രത്യേകമായി നോമ്പെടുത്തതായി യാതൊരു തെളിവുമില്ല. ഇസ്റാഉം മിഅ്റാജും റജബ് മാസമാണ് നടന്നത് എന്നതിന് യാതൊരു തെളിവുമില്ല. ഇനി മിഅ്റാജ്, റജബ് മാസമായിരുന്നു സംഭവിച്ചതെന്ന് വന്നാൽപോലും അതിന്റെ പേരിൽ പ്രത്യേകമായൊരു ഇബാദത്ത് പുതുതായി ചെയ്യാൻ നമുക്ക് പാടില്ല. കാരണം അല്ലാഹുവിന്റെ റസൂൽ -ﷺ- അല്ലാഹുവിനെ എങ്ങനെ ഇബാദത്ത് ചെയ്തുവോ അതുപോലെ മാത്രമേ നമുക്ക് റബ്ബിന് ഇബാദത്ത് ചെയ്യാൻ അനുവാദമുള്ളൂ. കാരണം ഇസ്ലാം പൂർത്തിയായ മതമാണ്. ഇതിൽ ഇനിയൊന്നും കൂട്ടിച്ചേർക്കാൻ ഒരാൾക്കുമവകാശമില്ല.
നബി -ﷺ- പറഞ്ഞിരിക്കുന്നു:
«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ» (متفق عليه من حديث عائشة، وهذا لفظ مسلم: 1718)
“ആരെങ്കിലും നമ്മുടെ ഈ മതത്തിൽ ഇല്ലാത്ത വല്ലതും ഇതിൽ പുതുതായി കൂട്ടിച്ചേർത്താൽ അത് തള്ളപ്പെടേണ്ടതാണ്.” (മുസ്ലിം:1718)
മറ്റൊരു റിപ്പോർട്ടിൽ കാണാം:
«مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ»
“നമ്മുടെ ഈ മതത്തിൽ ഇല്ലാത്ത വല്ല പ്രവർത്തനവും ആരെങ്കിലും (പുതുതായി) ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്.”
നബി -ﷺ- അവിടുത്തെ അവസാന വസിയ്യത്തുകളിൽ പോലും ബിദ്അത്തിനെതിരിൽ ശക്തമായി നമ്മെ താക്കീത് ചെയ്തിട്ടുണ്ട്. ആ ബിദ്അത്തുകളുടെ കൂട്ടത്തിലാണ് റജബ് ഇരുപത്തി ഏഴിലെ നോമ്പിന്റെ സ്ഥാനം. “നോമ്പല്ലേ, നോമ്പ് ഒരു പുണ്യകർമമല്ലേ, നോമ്പെടുത്താൽ എങ്ങനെയാണ് കുറ്റം ലഭിക്കുക?” എന്ന് ചിലർ ചോദിച്ചേക്കാം. ബിദ്അത്ത് എന്താണെന്ന് അറിയാത്തവരാണ് ഇതുപോലുള്ള ചോദ്യം ചോദിക്കുക. ബിദ്അത്ത് എന്നാൽ ഇങ്ങനെയൊക്കെ തന്നെയാണ്. അല്ലാഹുവിന്റെ റസൂൽ -ﷺ- പഠിപ്പിക്കാത്ത, പുതിയ രൂപത്തിൽ അല്ലാഹുവിന് ഇബാദത്ത് ചെയ്യൽ ബിദ്അത്താണ്. സൽകർമ്മങ്ങളുടെ രൂപത്തിൽ തന്നെയാണ് ബിദ്അത്ത് വരിക.
റജബ് ഇരുപത്തി ഏഴിന് പ്രത്യേകമായി ചിലർ നോമ്പെടുക്കുന്നു. ചില നാടുകളിൽ അന്ന് പ്രത്യേകമായി ഒരു നിസ്കാരവും കാണാം. ‘റഗാഇബ് നിസ്കാരം’ എന്ന് അതിന് പേരും പറയപ്പെടുന്നു. ഇതിനൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്ന് അഹ്ലു സുന്നത്തിന്റെ മഹാൻമാരായ പണ്ഡിതൻമാർ തെളിവ് സഹിതം വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ഇബ്നുഹജർ അൽ അസ്ക്വലാനിക്ക് ഈ വിഷയത്തിൽ പ്രത്യേകമായി ഒരു കിതാബ് തന്നെ ഉണ്ട്. تَبْيينُ العَجَب بما وَرَدَ في شَهْرِ رَجَب എന്നാണ് ആ രിസാലയുടെ പേര്.
അതിൽ അദ്ദേഹം പറയുന്നു:
«لَمْ يَرِدْ فِي فَضْلِ شَهْرِ رَجَبَ وَلَا صِيَامِهِ وَلَا فِي صِيَامٍ شَيْءٍ مُعَيَّنٍ مِنْهُ، وَلَا فِي قِيَامِ لَيْلَةٍ مَخْصُوصَةٍ فِيهِ حَدِيثٌ صَحِيحٌ يَصْلُحُ لِلْحُجَّةٍ» (تبيين العجب : 23)
“റജബ് മാസത്തിന്റെ ശ്രേഷ്ഠതയോ ആ മാസത്തിലെ നോമ്പിനെക്കുറിച്ചോ അതിൽ പ്രത്യേകമായ ഏതെങ്കിലും ദിവസം നോമ്പെടുക്കുന്നതിനെക്കുറിച്ചോ അതിൽ ഏതെങ്കിലും ഒരു പ്രത്യേക രാത്രി നിസ്കരിക്കുന്നതിനെക്കുറിച്ചോ പറയുന്ന, തെളിവാക്കാൻ കൊള്ളുന്ന ഒരൊറ്റ സ്വഹീഹായ ഹദീസും വന്നിട്ടില്ല.”
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ പറയുന്നു:
«وَأَمَّا صَوْمُ رَجَبٍ بِخُصُوصِهِ فَأَحَادِيثُهُ كُلُّهَا ضَعِيفَةٌ بَلْ مَوْضُوعَةٌ» (مجموع فتاوى: 25/290)
“റജബ് മാസം പ്രത്യേകമായി നോമ്പെടുക്കാൻ പറയുന്ന ഹദീഥുകളെല്ലാം ദഈഫ് (ദുർബലം) ആകുന്നു, അല്ല! അവ മൗദൂഅ് (കെട്ടിച്ചമക്കപ്പെട്ടവ) തന്നെയാണ്.”
അല്ലാഹു നമ്മുടെ പ്രവർത്തനങ്ങൾ സ്വീകരിക്കണമെങ്കിൽ രണ്ട് നിബന്ധനകൾ ഒത്തുവന്നിരിക്കണം.
ഒന്ന്: നമ്മുടെ ഇബാദതുകൾ മുഴുവൻ റബ്ബിന് വേണ്ടി മാത്രമായിരിക്കണം. ُلَا إِلَهَ إِلَّا اللَّه എന്ന നമ്മുടെ സാക്ഷ്യത്തിന്റെ താല്പര്യം ഇതാണ്. ഇതിന് വിപരീതമാണ് ശിർക്ക്. അഥവാ അല്ലാഹുവിൽ പങ്കു ചേർക്കൽ.
രണ്ട്: നമ്മുടെ ഇബാദതുകൾ റസൂൽ ﷺപഠിപ്പിച്ചതുപോലെയായിരിക്കണം. ِمُحَمَّدٌ رَسُولُ اللَّه എന്ന എന്ന നമ്മുടെ സാക്ഷ്യത്തിന്റെ താല്പര്യം ഇതാണ്. ഇതിന് വിപരീതമാണ് ബിദ്അത്.
അല്ലാഹു തൗഹീദിലും സുന്നത്തിലുമായി നമ്മെ മരിപ്പിക്കുമാറകട്ടെ. ശിർക്കിൽ നിന്നും ബിദ്അതിൽ നിന്നും റബ്ബ് നമ്മെ മരണംവരെ കാത്തുരക്ഷിക്കട്ടെ.
وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين
كتبه : نياف بن خالد
21، رجب، 1440
مكتبة الإمام ابن باز السلفية