അലസത കാരണത്താൽ അനേകം വർഷങ്ങൾ നോമ്പ് നോറ്റില്ല എന്നത് ഗുരുതരമായ തെറ്റാണ്. എന്നാൽ അല്ലാഹു സംഭവിച്ചു പോയ തിന്മകൾ പൊറുത്തു നൽകുന്നവനാണ്. അതിനാൽ സംഭവിച്ചു പോയതിൽ ആത്മാർത്ഥമായി തൗബ ചെയ്യുക. ആത്മാർത്ഥമായ തൗബയെന്നാൽ സംഭവിച്ചതിലുള്ള ശക്തമായ ഖേദവും, ഇനി ഒരിക്കലും അതിലേക്ക് തിരിച്ചു പോകില്ലെന്ന ഉറച്ച തീരുമാനവും, അല്ലാഹുവിനോട് പൊറുക്കൽ ചോദിക്കലുമാണ്.
അതോടൊപ്പം നഷ്ടപ്പെട്ട നോമ്പുകൾ അയാൾ നോറ്റുവീട്ടുകയും ചെയ്യണം. സാധിക്കുമെങ്കിൽ തുടർച്ചയായി തന്നെ നോറ്റു വീട്ടാൻ ശ്രമിക്കുക. ഇല്ലെങ്കിൽ വിട്ടുവിട്ടുള്ള ദിവസങ്ങളിലായി നോറ്റുവീട്ടാൻ ശ്രമിക്കുക. അതിനും കഴിയില്ലെങ്കിൽ ആഴ്ച്ചയിൽ ഒരു നോമ്പ് എന്ന നിലക്കെങ്കിലും നഷ്ടപ്പെട്ട നോമ്പുകൾ നോറ്റു വീട്ടാൻ ശ്രമിക്കുക. രോഗമോ മറ്റെന്തെങ്കിലും പ്രയാസമോ ബാധിച്ചതിനാൽ ഖദ്വാഅ് വീട്ടാൻ സാധിക്കില്ലെങ്കിൽ മാറുമെന്ന് പ്രതീക്ഷയുള്ള രോഗമാണെങ്കിൽ അതിനായി കാത്തിരിക്കുകയും, രോഗം മാറിയ ശേഷം നോമ്പ് നോറ്റുവീട്ടുകയും ചെയ്താൽ മതി. എന്നാൽ രോഗം മാറുമെന്ന പ്രതീക്ഷയില്ലെങ്കിൽ ഓരോ നോമ്പിനും പകരമായി ഭക്ഷണം നൽകിയാൽ മതി. വല്ലാഹു അഅ്ലം.