റമദാനിലെ നഷ്ടപ്പെട്ട നോമ്പുകൾ ഖദ്വാഅ് വീട്ടാനുള്ള അവസ്ഥയിൽ ഒരാൾ മരിക്കുന്നത് വ്യത്യസ്ത അവസ്ഥകളായി വേർതിരിക്കാം.
ഒന്ന്: റമദാനിലെ നോമ്പ് കാരണമില്ലാതെ -അശ്രദ്ധയോ മടിയോ കാരണത്താൽ- ഉപേക്ഷിക്കുകയും, അത് നോറ്റു വീട്ടാൻ കഴിയുന്നതിന് മുൻപ് മരിക്കുകയും ചെയ്യുക. ഈ അവസ്ഥയിൽ അയാളുടെ നോമ്പിന്റെ കാര്യത്തിൽ ഒന്നും ചെയ്യാനില്ല; അയാൾക്ക് പൊറുത്തു കൊടുക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം എന്നല്ലാതെ. കാരണം നിർബന്ധമായും നോമ്പ് നോൽക്കേണ്ട സമയം ബോധപൂർവ്വം ഉപേക്ഷിക്കുകയാണ് ഈ വ്യക്തി ചെയ്തിരിക്കുന്നത്.
രണ്ട്: എന്തെങ്കിലും ന്യായമായ കാരണത്താൽ റമദാനിലെ നോമ്പ് ഉപേക്ഷിക്കുകയും, ന്യായമായ കാരണത്താൽ തന്നെ ഖദ്വാഅ് വീട്ടുന്നത് വൈകിപ്പിക്കുകയും ചെയ്യുക. ഉദാഹരണത്തിന് ഒരാൾക്ക് റമദാനിൽ രോഗം ബാധിക്കുകയും, അങ്ങനെ നോമ്പ് ഉപേക്ഷിക്കുകയും ചെയ്തു. ഈ രോഗം റമദാനിന് ശേഷം തുടരുകയും, നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടാൻ കഴിയാതെ അയാൾ മരിക്കുകയും ചെയ്തു. ഈ അവസ്ഥയിൽ അയാളുടെ നോമ്പിന്റെ കാര്യത്തിൽ ഒന്നും ചെയ്യാനില്ല. അനുവദനീയമാായ ഒരു കാര്യം മാത്രമാണ് അയാൾ ചെയ്തിട്ടുള്ളത് എന്നതിനാൽ അയാൾ ഈ വിഷയത്തിൽ തെറ്റുകാരനേയല്ല.
മൂന്ന്: എന്തെങ്കിലും ന്യായമായ കാരണത്താൽ റമദാനിലെ നോമ്പ് ഉപേക്ഷിക്കുകയും, പ്രത്യേകിച്ച് കാരണമില്ലാതെ നോമ്പ് നോറ്റു വീട്ടുന്നത് വൈകിപ്പിക്കുകയും ചെയ്യൽ. ഉദാഹരണത്തിന്, റമദാനിൽ രോഗം കാരണത്താൽ നോമ്പ് ഒഴിവാക്കുകയും, റമദാൻ കഴിഞ്ഞ് രോഗം മാറിയ ശേഷവും നോമ്പ് നോറ്റു വീട്ടാതിരിക്കുകയും ചെയ്യുക. ഈ അവസ്ഥയിൽ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമുണ്ട്. അവ ചുരുങ്ങിയ രൂപത്തിൽ താഴെ നൽകാം.
1- മരിച്ച വ്യക്തിയുടെ നഷ്ടപ്പെട്ട നോമ്പുകൾക്ക് പകരമായി ദരിദ്രർക്ക് ഭക്ഷണം നൽകണം. ഉദാഹരണത്തിന് പത്തു നോമ്പുകളാണ് ഇപ്രകാരം റമദാനിൽ നഷ്ടപ്പെടുകയും, കാരണമില്ലാതെ നോറ്റു വീട്ടാതിരിക്കുകയും ചെയ്തതെങ്കിൽ പത്ത് ദരിദ്രർക്ക് ഭക്ഷണം നൽകണം. ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം ഇപ്രകാരമാണ്. സ്വഹാബികളിൽ പെട്ട ആഇശ, ഇബ്നു ഉമർ, ഇബ്നു അബ്ബാസ് തുടങ്ങിയവരിൽ നിന്ന് ഈ അഭിപ്രായം വന്നിട്ടുണ്ട്. ഇമാം ശാഫിഈ, ഇമാം അഹ്മദ് തുടങ്ങിയവരുടെയും അഭിപ്രായം ഇപ്രകാരമാണ്.
2- മരിച്ച വ്യക്തിയുടെ നഷ്ടപ്പെട്ട നോമ്പുകൾക്ക് പകരമായി നോമ്പ് നോറ്റുവീട്ടുകയോ, ഭക്ഷണം നൽകുകയോ ചെയ്യേണ്ടതില്ല. ഈ അഭിപ്രായം ഇമാം മാലിക്, അബൂ ഹനീഫ, ശാഫിഈ തുടങ്ങിയവരിൽ നിന്ന് വന്നിട്ടുണ്ട്.
3- മരിച്ച വ്യക്തിയുടെ നഷ്ടപ്പെട്ട നോമ്പുകൾക്ക് പകരമായി അദ്ദേഹത്തിന്റെ കുടുംബക്കാർ നോമ്പ് നോറ്റു വീട്ടുകയോ, അല്ലെങ്കിൽ മരിച്ച വ്യക്തി ഉപേക്ഷിച്ചു പോയ സ്വത്തിൽ നിന്ന് നഷ്ടപ്പെട്ട നോമ്പുകൾക്ക് പകരമായി ദരിദ്രർക്ക് ഭക്ഷണം നൽകുകയോ ചെയ്യുക. ഉദാഹരണത്തിന് ഒരാൾക്ക് റമദാനിലെ പത്ത് നോമ്പുകൾ നഷ്ടപ്പെട്ടുവെങ്കിൽ അദ്ദേഹത്തിന്റെ മകനോ മറ്റോ ഈ നഷ്ടപ്പെട്ട നോമ്പുകൾ നോറ്റുവീട്ടണം. അല്ലെങ്കിൽ അയാൾ ഉപേക്ഷിച്ചു പോയ സ്വത്തിൽ നിന്ന് നഷ്ടപ്പെട്ട നോമ്പുകൾക്ക് തുല്ല്യമായി ഭക്ഷണം നൽകണം. അഹ്ലുൽ ഹദീഥിന്റെ അഭിപ്രായം ഇപ്രകാരമായിരുന്നു എന്ന് ഇമാം ശൗകാനി പറഞ്ഞിട്ടുണ്ട്. നബി -ﷺ- യുടെ ഹദീഥാണ് ഈ വിഷയത്തിലുള്ള തെളിവ്.
عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: جَاءَ رَجُلٌ إِلَى النَّبِيِّ -ﷺ- فَقَالَ: يَا رَسُولَ اللَّهِ! إِنَّ أُمِّي مَاتَتْ وَعَلَيْهَا صَوْمُ شَهْرٍ، أَفَأَقْضِيهِ عَنْهَا؟ قَالَ: «نَعَمْ، قَالَ: فَدَيْنُ اللَّهِ أَحَقُّ أَنْ يُقْضَى»
അബ്ദുല്ലാഹിബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരാൾ നബി -ﷺ- യുടെ അരികിൽ വന്നുകൊണ്ട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! എന്റെ ഉമ്മ മരിച്ചിരിക്കുന്നു; അവർക്ക് മേൽ ഒരു മാസത്തെ നോമ്പ് ഉണ്ട്. ഞാൻ അവർക്ക് വേണ്ടി നോമ്പ് നോറ്റുവീട്ടട്ടയോ?! നബി -ﷺ- പറഞ്ഞു: “അതെ! അല്ലാഹുവിന്റെ കടം വീട്ടിത്തീർക്കാൻ ഏറ്റവും അർഹമാണ്.” (ബുഖാരി: 1952, മുസ്ലിം: 1147)
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ»
അവിടുന്ന് പറഞ്ഞു: “നോമ്പ് ബാധ്യതയുള്ളവനായിരിക്കെ ഒരാൾ മരിച്ചാൽ അയാളുടെ വലിയ്യ് അവന് വേണ്ടി നോമ്പ് നോൽക്കണം.” (ബുഖാരി, മുസ്ലിം)
ഇങ്ങനെ മരിച്ചവർക്ക് വേണ്ടി അദ്ദേഹത്തിന്റെ കുടുംബം നോമ്പ് നോൽക്കുക എന്നത് നിർബന്ധ ബാധ്യതയില്ല; സുന്നത്താണെന്നാണ് ഈ ഹദീഥിനെ വിശദീകരിച്ചവരുടെ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ആരും അങ്ങനെ നോമ്പ് നോറ്റുവീട്ടുന്നില്ലെങ്കിൽ നഷ്ടപ്പെട്ട നോമ്പുകൾക്ക് പകരം ദരിദ്രർക്ക് ഭക്ഷണം നൽകുകയുമാവാം. വല്ലാഹു അഅ്ലം.