ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം തൗഹീദാണ്. ഈ ദീൻ നിലകൊള്ളുന്നത് പ്രസ്തുത അടിത്തറയുടെ മേലാണ്. ഇസ്ലാമിന്റെ സന്ദേശം മനസ്സിലാക്കുന്ന ഒരാൾക്കും തൗഹീദിന്റെ വിഷയത്തിൽ നമ്മുടെ ദീൻ പുലർത്തുന്ന ശ്രദ്ധയും സൂക്ഷ്മതയും ബോധ്യപ്പെടാതിരിക്കില്ല. നബി -ﷺ- യുടെ പ്രബോധന ചരിത്രവും, കഴിഞ്ഞു പോയ സർവ്വ നബിമാരുടെയും ചരിത്രങ്ങളും വായിക്കുന്ന ഏതൊരാൾക്കും അത് തെളിവോടെ തിരിച്ചറിയാൻ കഴിയുന്നതാണ്.
അല്ലാഹുവിന് മാത്രം നൽകേണ്ട ആരാധനകളിൽ -ഇബാദതുകളിൽ- എന്തെങ്കിലുമൊരു ചെറിയ പങ്കോ വിഹിതമോ അവനല്ലാത്ത സൃഷ്ടികൾക്ക് നൽകുന്നതിനേക്കാൾ ഗുരുതരമായ ഒരു തിന്മയും ഭൂമിയിൽ സംഭവിച്ചിട്ടില്ല. ഇനി സംഭവിക്കുകയുമില്ല. എല്ലാ തിന്മകളുടെയും തുടക്കം തൗഹീദിലുള്ള പിഴവിൽ നിന്നാണ്. എല്ലാ നന്മകളുടെയും ആരംഭം തൗഹീദ് ശരിയാകുന്നതോടെയാണ്. സ്വർഗം തൗഹീദുള്ളവരുടെ മാത്രം ഗേഹമാണ്; നരകത്തിൽ അന്ത്യമില്ലാതെ ജീവിക്കുക തൗഹീദ് നശിപ്പിച്ചവർ മാത്രവുമാണ്.
എന്നാൽ ഇസ്ലാമിക സമൂഹത്തിൽ നിന്ന് തൗഹീദിന്റെ അന്തസ്സത്ത ചോർത്തിക്കളയുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് അവർക്കിടയിൽ കെട്ടിയുയർത്തപ്പെട്ട ജാറങ്ങളും മഖ്ബറകളും, അവിടേക്ക് നയിക്കുന്ന പുരോഹിതവർഗവുമാണ്. ഖബറിന് മുൻപിൽ സുജൂദിൽ വീഴുകയും, അവിടെ മറമാടപ്പെട്ട വ്യക്തിയോട് സർവ്വ ആവശ്യങ്ങളും തേടുകയും, എല്ലാ പ്രയാസങ്ങളും നീക്കിത്തരാൻ തേടുകയും ചെയ്യുന്ന മുസ്ലിം നാമധാരികളുടെ എണ്ണം ഒട്ടുംചെറുതല്ല. അല്ലാഹുവിന്റെ മുൻപിൽ അഞ്ചു നേരവും നിസ്കാരത്തിന് നിൽക്കുമ്പോൾ പോലുമില്ലാത്ത ഭക്തിയാദരവുകളോടെ ഖബറുകളുടെ അരികിൽ തേട്ടങ്ങളുമായി നിലയുറപ്പിച്ചവരുടെ ഹൃദയത്തിൽ ഇസ്ലാം പഠിപ്പിച്ച തൗഹീദിന്റെ ഏതു ഭാഗമാണ് ബാക്കിയുള്ളത്?!
ഇതിനെല്ലാം പുറമെയാണ് ജാറങ്ങളുടെയും മഖ്ബറകളുടെയും ചുറ്റും നടക്കുന്ന ആണ്ടുകളും നേർച്ചകളും; ഹൈന്ദവ ക്ഷേത്രങ്ങളിൽ നടത്തപ്പെടുന്ന പൂരങ്ങളോട് പലനിലക്കും സാമ്യത പുലർത്തുന്ന, ഇസ്ലാമിന്റെ മര്യാദകളെയും മാന്യതകളെയും അട്ടിമറിക്കുകയും വികൃതമാക്കുകയും ചെയ്യുന്ന പേക്കൂത്തുകളുടെ സംഗമവേളയാണ് ഇത്തരം നേർച്ചകൾ. അവിടെയുള്ള തിന്മകൾ എതിർക്കുന്നതിന് വേണ്ടിയല്ലാതെ, ഈ നേർച്ചപ്പൂരങ്ങൾ ആസ്വദിക്കുന്നതിനോ അവിടെ നടക്കുന്ന അനാചാരങ്ങൾക്ക് ആശംസകൾ നൽകുന്നതിനോ വേണ്ടി അങ്ങോട്ട് പോകാൻ തൗഹീദിനെ സ്നേഹിക്കുന്നവർക്ക് സാധിക്കുകയില്ല.
എന്നാൽ ഖുർആനും സുന്നത്തും പഠിച്ച മതവിദ്യാർത്ഥികളും പണ്ഡിതന്മാരും ഇസ്ലാമിന്റെ ഈ അടിസ്ഥാനപാഠങ്ങളെ വിസ്മരിക്കുമ്പോൾ നമ്മുടെ ദുഃഖമെത്ര കഠിനമാണ്?! ഇസ്ലാമിന്റെയും മുസ്ലിമീങ്ങളുടെയും പക്ഷത്ത് നിലയുറപ്പിച്ചു സംസാരിക്കുകയും, യുവാക്കളും വളർന്നു വരുന്ന തലമുറയും നോക്കിപ്പഠിക്കുകയും ചെയ്യുന്നവർ അവ വിസ്മരിക്കുമ്പോൾ അതുണ്ടാക്കുന്ന വേദന എത്ര വലുതാണ്!
പൊന്നാനിക്ക് അടുത്തുള്ള പുത്തൻപള്ളിയിലെ മഖാമിൽ ആണ്ടുതോറും നടക്കാറുള്ള ‘നേർച്ച’യിൽ പങ്കെടുത്ത് അതിനെ ‘മഹത്തായ ആചാരമെന്ന്’ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി അലിയാർ ഖാസിമി വിശേഷിപ്പിച്ചത് കണ്ടപ്പോൾ ഉണ്ടായത് സമാനമായ ദുഃഖവും വേദനയുമാണ്. അനാചാരങ്ങളുടെ കൂത്തരങ്ങായ ഇത്തരം നേർച്ചകളിൽ പങ്കെടുക്കാൻ ലഭിച്ച അവസരം ഉപയോഗപ്പെടുത്തുകയും, അവിടെ നടക്കുന്ന ശിർക്കൻ ആചാരങ്ങളെ തിരുത്തുകയും ചെയ്യേണ്ടതിന് പകരം എല്ലാ അനാചാരങ്ങളെയും ‘തവസ്സുൽ’ എന്ന പുതപ്പിൽ കടത്തി ന്യായീകരിക്കാൻ അദ്ദേഹം നടത്തിയ ശ്രമം ഇസ്ലാമിനും മുസ്ലിമീങ്ങൾക്കും നന്മയല്ല കൊണ്ടു വരിക എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ!
പുത്തൻപള്ളിയിലും സമാനമായ ജാറങ്ങളിലും മഖ്ബറകളിലും നടക്കുന്ന ശിർകും അനാചാരങ്ങളും അനേകമുണ്ട്. ഖബറുകൾ കെട്ടിയുയർത്തുകയും, അതിന്റെ പരിസരം ആരാധനകൾക്കുള്ള ഇടമായി നിശ്ചയിക്കുകയും ചെയ്യുക എന്നത് തന്നെ നബി -ﷺ- യുടെ അനേകം ഹദീഥുകളിലെ കൽപ്പനകളെ ധിക്കരിക്കലാണ്. അതോടൊപ്പം അല്ലാഹുവല്ലാത്തവരോടുള്ള സഹായതേട്ടവും പ്രാർത്ഥനകളും അവിടെ നിരന്തരമായി നടന്നു കൊണ്ടിരിക്കുന്നു. അതാകട്ടെ, ഇസ്ലാമിൽ നിന്ന് തന്നെ പുറത്തു പോകുന്ന തനിച്ച ശിർകും കുഫ്റുമാണ്. എന്നാൽ ‘ഇവിടെ തവസ്സുലല്ലാതെ മറ്റൊന്നും നടക്കുന്നില്ല’ എന്നാണ് ഖാസിമി തന്റെ പ്രഭാഷണത്തിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
‘യാ അക്റമൽ ഖൽഖി’ എന്ന് തുടങ്ങുന്ന വരികളിലൂടെ നബി -ﷺ- യോട് നേരിട്ട് സഹായം തേടുകയും, പ്രയാസങ്ങളിൽ അവിടുന്നല്ലാതെ മറ്റാരുമില്ലെന്ന് പാടിപ്പറയുകയും ചെയ്യുന്ന ബുർദ്ധ ആലാപനം നടന്ന നേർച്ചയിൽ തന്നെയാണല്ലോ അദ്ദേഹം ഇത്തരം പ്രസ്താവനകൾ നടത്തുന്നത് എന്നത് എത്ര വേദനാജനകമാണ്. അല്ലാഹുവിന്റെ ശാപത്തിന് കാരണമാകുന്ന ‘ആരാധനാകേന്ദ്രങ്ങളായി മാറിയിരിക്കുന്ന ഖബറുകളുടെ’ വിഷയം അദ്ദേഹത്തെ പോലൊരാൾ നിസ്സാരമായി കാണുന്നത് തീർത്തും ശരിയല്ല.
അല്ലാഹുവിന്റെ മുൻപിൽ ഒറ്റക്കു നിന്ന് മറുപടി പറയേണ്ട ഒരു ദിനത്തിൽ അല്ലാഹുവിന് ഏറ്റവും കോപമുണ്ടാക്കുന്ന തിന്മക്ക് സാക്ഷ്യം നിന്നതിന് എന്തു മറുപടിയാണ് ഒരാൾക്ക് പറയാനാവുക?! അല്ലാഹു കനിഞ്ഞരുളിയ വിജ്ഞാനവും സംസാരവൈഭവവും തൗഹീദിന്റെ വിജയത്തിനായി ഉപയോഗിക്കേണ്ടതിന് പകരം അതല്ലാത്ത മാർഗത്തിൽ മാറ്റിവെച്ചതിന് എന്തു ന്യായീകരണമാണ് നാളെ നമുക്കുണ്ടാവുക?! മരണം നമ്മുടെ ചെരുപ്പിന്റെ വാറിനേക്കാൾ അടുത്തുണ്ട് എന്ന ബോധ്യമുള്ള ഒരാൾക്ക് എങ്ങനെയാണ് വ്യക്തമായ തെളിവോ പ്രമാണമോ ഇല്ലാത്ത ഒരു വാദത്തിനായി തർക്കിക്കാൻ സാധിക്കുക?!
ഗുരുതരമായ ഈ അബദ്ധം അലിയാർ ഖാസിമി തിരുത്തുമെന്ന് തീർച്ചയായും പ്രതീക്ഷിക്കുന്നു.
എത്രയും സ്നേഹം നിറഞ്ഞ മുസ്ലിം സഹോദരങ്ങളേ!
ശിർക് എന്നത് ഏറ്റവും ഗുരുതരമായ തിന്മയാണ്. നമുക്കിടയിലേക്ക് പ്രവേശിച്ചിരിക്കുന്ന ശിർകിന്റെ കറുത്തകരങ്ങളല്ലാതെ മറ്റൊന്നുമല്ല നമ്മെ ദുർബലരാക്കിയിരിക്കുന്നത്. നമ്മെ ഭിന്നിപ്പിച്ചതും നമ്മുടെ സുഗന്ധം നഷ്ടപ്പെടുത്തിയതും നമ്മെ ഛിന്നഭിന്നമാക്കിയതും ബഹുദൈവാരാധനയുടെ വഴികളും മാർഗങ്ങളുമാണ്. അതിനോട് നമുക്ക് ഒരു സന്ധിയുമുണ്ടായിക്കൂടാ. അക്കാര്യത്തിൽ -അല്ലാഹുവിനെയല്ലാതെ- മറ്റാരെയും നാം ഭയന്നു കൂടാ.
നബി -ﷺ- യുടെ വാക്ക് ഓർമ്മപ്പെടുത്തി കൊണ്ട് നിർത്തട്ടെ.
عَنْ أَبِي الدَّرْدَاءِ، قَالَ: أَوْصَانِي خَلِيلِي -ﷺ- أَنْ: «لَا تُشْرِكْ بِاللَّهِ شَيْئًا، وَإِنْ قُطِّعْتَ وَحُرِّقْتَ …»
അബുദ്ദര്ദാഅ് പറഞ്ഞു: “എന്റെ കൂട്ടുകാരനായ (നബി -ﷺ-) എനിക്ക് വസ്വിയ്യത്ത് (ഉപദേശം) നല്കി: ‘നീ ശിർക് ചെയ്യരുത്; നിന്റെ ശരീരം വെട്ടിനുറുക്കപ്പെട്ടാലും, നീ കത്തിക്കരിക്കപ്പെട്ടാലും.” (ഇബ്നു മാജ: 4034, അല്ബാനി ഹസന് എന്ന് വിലയിരുത്തി)
- അബ്ദുൽ മുഹ്സിൻ ഐദീദ്
അലിയാർ ഖാസിമിയുടെ പ്രഭാഷണത്തിന് ബഹുമാന്യ സഹോദരൻ നിയാഫ് ബ്നു ഖാലിദ് നൽകിയ മറുപടി കേൾക്കാം: