ശൈഖ് മുഹമ്മദ് ബാസ്മൂൽ (ഹഫിദഹുല്ലാഹ്) എഴുതിയ ഒരു കുറിപ്പിൽ നിന്ന് (കശ്കൂൽ 116):

“ഒരു സഹോദരൻ പറയുന്നു: “ഖേദകരമെന്ന് പറയട്ടെ; ഇക്കാലഘട്ടത്തിൽ വ്യക്തികളോടുള്ള നിലപാടുകളാണ് പരിഗണിക്കപ്പെടുന്നത്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ: ഓരോ വ്യക്തിയും ഏതു ഗ്രൂപ്പിലാണെന്നതാണ് വിഷയം.  ഇന്ന വ്യക്തിയുടെ വിഷയത്തിൽ നിനക്കൊരു നിലപാടില്ല എന്നാണെങ്കിൽ നീ പിന്നെ ദീനിൽ കണിശതയില്ലാത്ത മുമയ്യിആയി മാറും!

ജനങ്ങളുടെ അഭിമാനം വ്രണപ്പെടുത്തുന്നതിൽ നീയും പങ്കുചേർന്നില്ല എന്നതും, അക്കാര്യത്തിൽ നീ നിശബ്ദത പാലിച്ചു എന്നതുമാണ് യഥാർത്ഥത്തിൽ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം! പ്രത്യേകിച്ചും സലഫിയ്യത് ഉള്ളവരാണെന്നും, അതിലേക്ക് ക്ഷണിക്കുകയും, അതിന് വേണ്ടി അസത്യവാദികൾക്കെതിരെ പടപൊരുതുകയും ചെയ്യുന്നവരാണെന്ന് അറിയപ്പെട്ട ചിലരുടെ കാര്യത്തിൽ നീ സ്വീകരിച്ച സമീപനമാണ് അവരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

അല്ലാഹു നാമേവരുടെയും അവസ്ഥ നന്നാക്കുകയും, നമുക്ക് വിവേകം നൽകുകയും ചെയ്യട്ടെ. സ്വന്തം നഫ്സിന്റെ തിന്മകളിൽ നിന്ന് അവൻ നമ്മെ കാത്തു രക്ഷിക്കട്ടെ.”

ഇതിന് മറുപടിയായി ഞാൻ (ശൈഖ് ബാസ്മൂൽ) ഇപ്രകാരം എഴുതി:

“ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ.

ചിലർ സലഫുകളെ ഇഷ്ടപ്പെടുകയും, അവരുടെ മാർഗം പിൻപറ്റാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവരുടെ വഴി സലഫിന്റെ വഴിയല്ല.

അവർ സലഫുകളുടെ സ്വഭാവമര്യാദകളും സ്വീകരിക്കുകയാണ് യഥാർത്ഥത്തിൽ വേണ്ടത്.

ഇത്തരം കാര്യങ്ങൾ അവർ പണ്ഡിതന്മാർക്ക് വിടട്ടെ.

ജനങ്ങളിൽ ഇന്നവരെയെല്ലാം നല്ലതു പറയുകയോ ചീത്തതു പറയുക എന്നതോ അല്ല അവന്റെ പ്രധാന വിഷയമായി അവൻ സ്വീകരിക്കേണ്ടത്.

നീ സലഫിയാകണമെങ്കിൽ ഇന്നയിന്നയാളുകളെ നല്ലതു പറയുകയും, മറ്റു ചിലരെ ചീത്തതു പറയുകയും ചെയ്യണമെന്ന് നിർബന്ധമില്ല.

നീ സുന്നത്ത് പഠിക്കുക.

പണ്ഡിതന്മാരെ പിൻപറ്റുക.

ബിദ്അതിനെയും അതിന്റെ വക്താക്കളെയും സൂക്ഷിക്കുക.

അവരോട് കൂടിച്ചേരുകയോ, അവരോടൊപ്പം കൂടിയിരിക്കുകയോ ചെയ്യാതിരിക്കുക.

നീ പഠിച്ചത് പ്രാവർത്തികമാക്കുക.

നബി -ﷺ- യുടെ സുന്നത്തുകൾ ജീവിപ്പിക്കുക.

പരലോകത്തിനായി തയ്യാറെടുക്കുക.

ഇഹലോകത്ത് നിന്ന് പാരത്രിക വിഭവങ്ങൾ വേണ്ടുവോളം ഒരുക്കി വെക്കുക.

ഇത്രയുമാണ് വേണ്ടത്.

അല്ലാഹുൽ മുസ്തആൻ!”

– മുഹമ്മദ് ബാസ്മൂൽ.

വിവർത്തനം: അബ്ദുൽ മുഹ്സിൻ ഐദീദ് -وَفَّقَهُ اللَّهُ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: