മനുഷ്യരിൽ പലരെയും ബാധിക്കുന്ന അനേകം സങ്കടങ്ങളും വ്യാകുലതകളുമുണ്ട്. നടന്നു കഴിഞ്ഞ സംഭവങ്ങളെ കുറിച്ചോർത്തുള്ള വിഷമത്തിൽ ജീവിതം മുന്നോട്ടു നീക്കുന്നവരുണ്ട്. ഭാവിയിൽ സംഭവിച്ചേക്കാവുന്ന പ്രയാസങ്ങളെ കുറിച്ചുള്ള വ്യാകുലതകളാണ് മറ്റുചിലർക്ക്. നിലവിലെ സ്ഥിതിഗതികൾ ഓർത്ത് കടുത്ത ദുഃഖം ബാധിക്കുന്നവരുമുണ്ട്. മൂന്നും ഒരു തരത്തിൽ പറഞ്ഞാൽ മനസ്സിനെ ബാധിക്കുന്ന വേദന തന്നെ.
അല്ലാഹുവിലേക്ക് സത്യസന്ധമായി മടങ്ങുക എന്നതല്ലാതെ ഹൃദയത്തെ പിടിച്ചുലക്കുന്ന ദുഃഖത്തിൽ നിന്ന് രക്ഷപ്പെടാൻ മറ്റൊരു വഴിയുമില്ല. അവന്റെ മുൻപിൽ കറതീർത്ത വിനയത്തോടെ, എല്ലാ നാട്യങ്ങളും അഹങ്കാരവും മാറ്റിവെച്ച്, ശുദ്ധഹൃദയത്തോടെ നിൽക്കുക. ‘ഞാനിതാ എന്നെ നിനക്ക് സമർപ്പിച്ചിരിക്കുന്നു’ എന്ന് സത്യസന്ധമായി ഏറ്റുപറയുക. അല്ലാഹുവിന് കീഴൊതുങ്ങുക; ഹൃദയത്തെ പിടിച്ചു നിർത്താൻ മറ്റൊരു ഔഷധവും വേണ്ടതില്ല.
ഹൃദയത്തെ ദുഃഖം പിടിച്ചുലച്ചാൽ ചൊല്ലേണ്ട മഹത്തരമായ ഒരു പ്രാർത്ഥന നബി -ﷺ- പഠിപ്പിച്ചു തന്നിട്ടുണ്ട്. പ്രസ്തുത ഹദീഥും, അതിന്റെ ചുരുങ്ങിയ വിശദീകരണവും വായിക്കുക.
عَنْ عَبْدِ اللَّهِ بن مَسْعُودٍ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَا أَصَابَ أَحَدًا قَطُّ هَمٌّ وَلَا حَزَنٌ، فَقَالَ: اللَّهُمَّ إِنِّي عَبْدُكَ، ابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجَلَاءَ حُزْنِي، وَذَهَابَ هَمِّي، إِلَّا أَذْهَبَ اللَّهُ هَمَّهُ وَحُزْنَهُ، وَأَبْدَلَهُ مَكَانَهُ فَرَحًا»، قَالَ: فَقِيلَ: يَا رَسُولَ اللَّهِ، أَلَا نَتَعَلَّمُهَا؟ فَقَالَ: «بَلَى، يَنْبَغِي لِمَنْ سَمِعَهَا أَنْ يَتَعَلَّمَهَا»
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ആർക്കെങ്കിലും ദുഃഖവും വിഷമവും ബാധിക്കുകയും, അവൻ ഇപ്രകാരം പറയുകയും ചെയ്താൽ അല്ലാഹു അവന്റെ ദുഃഖവും വിഷമവും നീക്കിനൽകുകയും, സന്തോഷം പകരമായി അവന് നൽകുകയും ചെയ്യാതിരിക്കില്ല.
اللَّهُمَّ إِنِّي عَبْدُكَ، ابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجَلَاءَ حُزْنِي، وَذَهَابَ هَمِّي
അല്ലാഹുവേ! ഞാൻ നിന്റെ അടിമയാകുന്നു. നിന്റെ അടിമയുടെയും നിന്റെ അടിയാത്തിയുടെയും മകനുമാകുന്നു. (എന്റെ മാതാപിതാക്കളും നിന്റെ അടിമകളാകുന്നു എന്നർത്ഥം.) എന്റെ മൂർദ്ദാവ് നിന്റെ കയ്യിലാകുന്നു. എന്റെ കാര്യത്തിൽ നിന്റെ തീരുമാനം നിറവേറ്റപ്പെടുന്നതാണ്. എന്റെ കാര്യത്തിലുള്ള നിന്റെ വിധി നീതിപൂർവ്വകമാകുന്നു.
നിനക്കുള്ളതായ നിന്റെ എല്ലാ നാമങ്ങളും കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു; നീ നിനക്ക് നൽകിയ പേരുകളും, നിന്റെ സൃഷ്ടികളിൽ ആർക്കെങ്കിലും പഠിപ്പിച്ചു നൽകിയ പേരുകളും, നിന്റെ ഗ്രന്ഥത്തിൽ നീ അവതരിപ്പിച്ച പേരുകളും, നിന്റെ അദൃശ്യജ്ഞാനത്തിൽ നീ നിന്റെ പക്കൽ മറച്ചു വെച്ചതുമായ നാമങ്ങൾ കൊണ്ട് (ഞാൻ നിന്നോട് തേടുന്നു.)
ഖുർആനിനെ നീ എന്റെ ഹൃദയത്തിന്റെ വസന്തവും, എന്റെ മനസ്സിന്റെ പ്രകാശവും, എന്റെ ദുഃഖത്തിന്റെ പരിഹാരവും, എന്റെ വ്യാകുലതകളെ നീക്കുന്നതുമാക്കേണമേ!”
സ്വഹാബികൾ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! ഈ പ്രാർത്ഥന ഞങ്ങൾ പഠിക്കട്ടെയോ?”
അവിടുന്ന് പറഞ്ഞു: അതെ! ഈ പ്രാർത്ഥന കേൾക്കുന്നവർ അത് പഠിക്കേണ്ടതുണ്ട്.” (അഹ്മദ്: 1/391, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)
മനുഷ്യരുടെ മനസ്സുകളെ ബാധിക്കുന്ന സങ്കടങ്ങളെയും വ്യാകുലതകളെയും മാറ്റാൻ സഹായിക്കുന്ന നാല് അടിസ്ഥാനങ്ങൾ ഈ പ്രാർത്ഥന ഉൾക്കൊള്ളുന്നുണ്ട്. അവ താഴെ പറയാം:
ഒന്ന്: അല്ലാഹുവിന്റെ യഥാർത്ഥ അടിമയാവുക.
ആദ്യത്തെ വചനങ്ങളിൽ ഉൾക്കൊള്ളുന്നത് ഈ അടിസ്ഥാനത്തിലേക്കുള്ള സൂചനകളാണ്. ഞാനും, എന്റെ മാതാപിതാക്കളും, അവർക്ക് മുൻപുള്ളവരും; എല്ലാം നിന്റെ അടിമകൾ മാത്രമാണ്. നീയാണ് ഞങ്ങളുടെ സ്രഷ്ടാവും ഉടമസ്ഥനും ഞങ്ങളുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നവനും. നിന്റെ സഹായമില്ലാതെ ഒരു നിമിഷം ഞങ്ങൾക്ക് മുന്നോട്ടു നീങ്ങാൻ സാധ്യമല്ല. അഭയം തേടിവന്നണയാൻ നീയല്ലാതെ ഞങ്ങൾക്ക് മറ്റാരുമില്ല. നിന്റെ കൽപ്പനകൾ അനുസരിക്കാനും, നീ വിലക്കിയതെല്ലാം ഉപേക്ഷിക്കാനും ഞങ്ങൾ ബാധ്യസ്ഥരാണ്. – ഇതാണ് ആദ്യത്തെ വരികളിലെ ഉദ്ദേശം.
اللَّهُمَّ إِنِّي عَبْدُكَ، ابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ
“അല്ലാഹുവേ! ഞാൻ നിന്റെ അടിമയാകുന്നു. നിന്റെ അടിമയുടെയും നിന്റെ അടിയാത്തിയുടെ മകനുമാകുന്നു.”
രണ്ട്: അല്ലാഹുവിന്റെ വിധിനിർണ്ണയത്തിൽ വിശ്വസിക്കുക.
രണ്ടാമതുള്ള വാചകങ്ങൾ ഈ അടിസ്ഥാനത്തിലേക്കാണ് സൂചന നൽകുന്നത്. അല്ലാഹുവേ! എന്നെ നിയന്ത്രിക്കുന്നവൻ നീയാണ്. നീ ഉദ്ദേശിച്ചതെല്ലാം നടപ്പിലാകും. നിന്റെ തീരുമാനത്തിനപ്പുറം ഒന്നും സംഭവിക്കുകയോ സാധിക്കുകയോ ഇല്ല. നിന്റെ വിധിയെ തടുക്കാനോ എതിർക്കാനോ ഒരാൾക്കും സാധ്യമല്ല. എന്റെ സൗഭാഗ്യവും ദൗർഭാഗ്യവും, ഞാൻ നേടിയതും നേടാതെ പോയതുമെല്ലാം നിന്റെ തീരുമാനപ്രകാരമാണ്.
ഈ വിശ്വാസം മനസ്സിൽ ഉറച്ചു കഴിഞ്ഞാൽ ഒരാളും സൃഷ്ടികളെ ഭയക്കുകയേ ഇല്ല. അവന്റെ പ്രതീക്ഷകളോ ആഗ്രഹങ്ങളോ ഒരു സൃഷ്ടിയിലേക്കും ചെന്നണയില്ല. അവരാരുമല്ല എന്റെയോ മറ്റാരുടെയെങ്കിലുമോ ഉടമസ്ഥനെന്നും, അവർക്കാർക്കും ഒരു സ്വാധീനവുമില്ലെന്നും അവന് ബോധ്യപ്പെടും. ഇതോടെ അല്ലാഹുവിൽ പൂർണ്ണമായി ഭരമേൽപ്പിക്കാനും അവന് സാധിക്കുന്നു.
نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ
“എന്റെ മൂർദ്ദാവ് നിന്റെ കയ്യിലാകുന്നു. എന്റെ കാര്യത്തിൽ നിന്റെ തീരുമാനം നിറവേറ്റപ്പെടുന്നതാണ്. എന്റെ കാര്യത്തിലുള്ള നിന്റെ വിധി നീതിപൂർവ്വകമാകുന്നു.”
മൂന്ന്: അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളിൽ വിശ്വസിക്കുക.
അല്ലാഹുവിന്റെ മഹത്തരമായ നാമങ്ങൾ കൊണ്ട് അവനെ വിളിച്ചു പ്രാർത്ഥിക്കുക എന്നത് അല്ലാഹു പ്രാർത്ഥനക്ക് ഉടനെ ഉത്തരം നൽകാനുള്ള കാരണങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ്. അല്ലാഹുവിന്റെ നാമങ്ങളെ കുറിച്ചും, അവന്റെ വിശേഷണങ്ങളെ കുറിച്ചുമുള്ള അറിവ് ഒരാളിൽ വർദ്ധിക്കുന്നതിന് അനുസരിച്ച് അല്ലാഹുവിനെ കുറിച്ചുള്ള അവന്റെ ആദരവും ഭയഭക്തിയും വർദ്ധിക്കും. തിന്മകളിൽ നിന്ന് അവൻ കൂടുതൽ അകന്നു പോവുകയും, നന്മകളിലേക്ക് അവൻ അടുത്തു കൊണ്ടേയിരിക്കുകയും ചെയ്യും.
അല്ലാഹുവിനെ കുറിച്ച് ഒരാൾക്ക് അറിയാൻ കഴിഞ്ഞതും, അവൻ ഇതു വരെ അറിഞ്ഞിട്ടില്ലാത്തതുമായ എല്ലാ നാമങ്ങളെയും മുൻനിർത്തി കൊണ്ടാണ് ഈ പ്രാർത്ഥനയിൽ അല്ലാഹുവിനോട് തേടുന്നത്. അതാകട്ടെ, പ്രാർത്ഥന ഉടനടി സ്വീകരിക്കപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്.
أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ
നിനക്കുള്ളതായ നിന്റെ എല്ലാ നാമങ്ങളും കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു; നീ നിനക്ക് നൽകിയ പേരുകളും, നിന്റെ സൃഷ്ടികളിൽ ആർക്കെങ്കിലും പഠിപ്പിച്ചു നൽകിയ പേരുകളും, നിന്റെ ഗ്രന്ഥത്തിൽ നീ അവതരിപ്പിച്ച പേരുകളും, നിന്റെ അദൃശ്യജ്ഞാനത്തിൽ നീ നിന്റെ പക്കൽ മറച്ചു വെച്ചതുമായ നാമങ്ങൾ കൊണ്ട് (ഞാൻ നിന്നോട് തേടുന്നു.)
നാല്: ഖുർആനുമായി ബന്ധം സ്ഥാപിക്കുക.
ഖുർആൻ അല്ലാഹുവിന്റെ സംസാരമാണ്. എല്ലാ സന്മാർഗവും നന്മയും രോഗശമനവും സൗഖ്യവും അതിലുണ്ട്. ഖുർആനുമായുള്ള ബന്ധം -പാരായണത്തിലൂടെയും പഠനത്തിലൂടെയും ഖുർആനിന്റെ അർത്ഥത്തെ കുറിച്ച് ചിന്തിക്കുന്നതിലൂടെയും- അധികരിക്കുന്നതിന് അനുസരിച്ച് അവന്റെ ഹൃദയം സന്തോഷത്താലും സമാധാനത്താലും ശാന്തിയാലും നിറയുന്നതാണ്. പ്രാർത്ഥനയുടെ അവസാന ഭാഗം അതിലേക്കാണ് സൂചനകൾ നൽകുന്നത്.
أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجَلَاءَ حُزْنِي، وَذَهَابَ هَمِّي
ഖുർആനിനെ നീ എന്റെ ഹൃദയത്തിന്റെ വസന്തവും, എന്റെ മനസ്സിന്റെ പ്രകാശവും, എന്റെ ദുഃഖത്തിന്റെ പരിഹാരവും, എന്റെ വ്യാകുലതകളെ നീക്കുന്നതുമാക്കേണമേ!”
അല്ലാഹു നമ്മുടെ ദുഃഖങ്ങളും പ്രയാസങ്ങളും നീക്കിത്തരുകയും, അവന്റെ ഉന്നതമായ സ്വർഗത്തിൽ നാമേവരെയും ഒരുമിച്ചു കൂട്ടുകയും ചെയ്യുമാറാകട്ടെ.
كَتَبَهُ الأَخُ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ
غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ
مَصْدَرُ المَادَّةِ: فِقْهُ الأَدْعِيَّةِ وَالأَذْكَارِ
لِلشَّيْخِ عَبْدِ الرَّزَّاقِ البَدْر حَفِظَهُ اللَّهُ
അൽഹംദുലില്ലാഹ്
നല്ല ഒരു അറിവാണ് കിട്ടിയത്
അള്ളാഹു തആല താങ്കൾക്ക്
ബർകത്ത് ചെയ്യട്ടെ
ആരോഗ്യവും ധീർഘായുസ്സും നൽകട്ടെ ആമീൻ