സോഷ്യല്‍ മീഡിയയിലെ ചുവരുകള്‍ ഇന്ന് വൃത്തികേടുകള്‍ നിറച്ചു വെച്ച പൊതു കക്കൂസുകളുടെ ചുമരുകള്‍ പോലെയായിരിക്കുന്നു. നാട്ടില്‍ നടന്ന -ചിലതെല്ലാം നടന്നിട്ടില്ലാത്തതും- അവിഹിത ബന്ധങ്ങളുടെയും, മ്ലേഛവൃത്തികളുടെയും വാര്‍ത്തകള്‍ വീഡിയോകളായും, പത്രവാര്‍ത്തകളായും ഷെയറും ലൈകും ചെയ്യുന്നവരില്‍ മുസ്‌ലിം സഹോദരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന് കാണുന്നത് വളരെ സങ്കടകരം തന്നെ.
ഇപ്രകാരം തിന്മകളെ കുറിച്ചുള്ള വാര്‍ത്തകള്‍ നാട്ടില്‍ പ്രചരിപ്പിക്കുന്നവരില്‍ പലരും ഈ വിഷയത്തിലെ ഇസ്‌ലാമിക വിധി എന്താണെന്ന് അറിയാത്തവരായിരിക്കാം എന്നതിനാല്‍ പറയട്ടെ.
അല്ലാഹു -തആല- പറഞ്ഞു:
إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ
“മ്ലേച്ചവാര്‍ത്തകള്‍ മുഅമിനുകള്‍ക്കിടയില്‍ പ്രചരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍; അവര്‍ക്ക് ദുനിയാവിലും ആഖിറത്തിലും വേദനയുള്ള ശിക്ഷയുണ്ട്. അല്ലാഹു അറിയുന്നു; നിങ്ങള്‍ അറിയുന്നില്ല.” (നൂര്‍: 19)
ആഇഷ -റദിയല്ലാഹു അന്‍ഹാ-യെ കുറിച്ച് മുനാഫിഖുകളും -അറിവില്ലാതെ ചില മുഅമിനീങ്ങളും- പറഞ്ഞു പരത്തിയ അപവാദ പ്രചരണത്തിന്റെ വിഷയത്തിലാണ് ഈ ആയത്ത് ഇറങ്ങിയത്.
ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ഇബ്‌നുല്‍ ഖയ്യിം -റഹിമഹുല്ലാഹ്- പറഞ്ഞു:
“തിന്മ പ്രചരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പോലും ദുനിയാവിലും ആഖിറത്തിലും ഇത്ര വേദനയുള്ള ശിക്ഷ ഉണ്ടെങ്കില്‍ അത് പ്രചരിപ്പിക്കുകയെന്ന പണി സ്വയം ഏറ്റെടുക്കുകയും, അതിന് മുന്നിട്ടിറങ്ങുകയും ചെയ്തവരുടെ അവസ്ഥ എന്തായിരിക്കും? ഇബ്ലീസിനുള്ള അനുസരണവും, ഇബ്ലീസിന്റെ പണി സ്വയം ഏറ്റെടുക്കലും ആണിത്.
ഇവന്‍ ആരേ കുറിച്ചാണോ തിന്മകള്‍ പ്രചരിപ്പിക്കുന്നത്; ആ വ്യക്തിയുടെ തിന്മകള്‍ ആകാശം നിറയെ ഉണ്ടെങ്കിലും അതിനേക്കാള്‍ എത്രയോ ഗൗരവമുള്ള തിന്മയാണ് അവ പ്രചരിപ്പിക്കുന്നവന്‍ ചെയ്തിരിക്കുന്നത്! തെറ്റുകള്‍ പറ്റിയവന്‍ ചിലപ്പോള്‍ രാത്രികളില്‍ അല്ലാഹുവിനോട് ആത്മാര്‍ഥമായി പാശ്ചാത്താപം തേടുകയും അവന്റെ തിന്മകള്‍ അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്തിട്ടുണ്ടായിരിക്കാം. എന്നാല്‍ ഇവനോ?! അവന്റെ പ്രവര്‍ത്തനം മുഅമിനീങ്ങളെ ഉപദ്രവിക്കലും, അവരുടെ രഹസ്യങ്ങള്‍ അന്വേഷിച്ചറിയലും, അവരെ വഷളാക്കലുമാണ്.” (ബദാഇഉല്‍ ഫവാഇദു: 2/484