മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചതിന്റെ ലക്ഷ്യം തന്നെ പരീക്ഷണമാണ്. ആരാണ് സത്യം പറയുന്നവർ?! കളവു പറയുന്നവർ ആരെല്ലാമാണ്?! യഥാർത്ഥ വിശ്വാസിയും വിശ്വാസത്തിൽ കലർപ്പുകളുള്ളവരും ആരെല്ലാമാണ്?! ഇതെല്ലാം വേർതിരിയേണ്ടതുണ്ട്. മരണവും ജീവിതവുമെല്ലാം ഈയൊരു ലക്ഷ്യത്തോടെയാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്.
الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ
“നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്ത്തിക്കുന്നവന് എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്.” (മുൽക്: 2)
وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ
“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും.” (ബഖറ: 155)
‘ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിട്ടുണ്ട്; നബിയെ സ്നേഹിക്കുന്നുണ്ട്; പരലോകത്തിൽ പ്രതീക്ഷയുണ്ട്’ എന്നെല്ലാം പറഞ്ഞതു കൊണ്ട് മാത്രം മനുഷ്യർ വെറുതെ വിട്ടയക്കപ്പെടുകയില്ല. ആകാശഭൂമികളേക്കാൾ വിശാലമായ സ്വർഗം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്, സത്യസന്ധതയോ അർഥമോ ഇല്ലാതെ ചില വാക്കുകൾ ഉരുവിടുന്നതിനല്ലല്ലോ?!
الم ﴿١﴾ أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ ﴿٢﴾ وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّـهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ ﴿٣﴾
“അലിഫ് ലാം മീം. ഞങ്ങള്‍ (അല്ലാഹുവിലും അവന്റെ ദീനിലും) വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് ജനങ്ങൾ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുക തന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും.” (അൻകബൂത്: 1-3)
പരീക്ഷണങ്ങളുടെ ചരിത്രമാണ് ഖുർആനിൽ എമ്പാടുമുള്ളത്. ആദമിന്റെ സൃഷ്ടിപ്പിന് തൊട്ടുടനെ തന്നെ പരീക്ഷണം ആരംഭിച്ചില്ലേ?! മനുഷ്യർ ഭൂമിയിലേക്ക് എത്തിയതിന് ശേഷവും പരീക്ഷണങ്ങളുടെ ചരിത്രം തുടർന്നു കൊണ്ടേയിരുന്നിട്ടുണ്ട്. നൂഹിന്റെയും ഹൂദിന്റെയും സ്വാലിഹിന്റെയുമെല്ലാം -عَلَيْهِمُ السَّلَامُ- ചരിത്രം പൂമാലകൾ വിതറിയ പരവതാനികളാൽ സ്വീകരിക്കപ്പെട്ട ചരിത്രമായിരുന്നില്ലല്ലോ?! അല്ലാഹുവിന്റെ ഖലീലായ ഇബ്രാഹീം -عَلَيْهِ السَّلَامُ- വലിച്ചെറിയപ്പെട്ടത് തീകുണ്ഡാരത്തിലേക്കായിരുന്നു. മൂസയുടെ -عَلَيْهِ السَّلَامُ- ജനത കൊന്നൊടുക്കപ്പെടുകയും, കാലങ്ങളോളം പീഢനങ്ങളുടെ തീഛൂളകളിലൂടെ കടന്നു പോവുകയും ചെയ്തു.
أَمْ حَسِبْتُمْ أَن تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ الَّذِينَ خَلَوْا مِن قَبْلِكُم ۖ مَّسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّـهِ ۗ أَلَا إِنَّ نَصْرَ اللَّـهِ قَرِيبٌ ﴿٢١٤﴾
“അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞു പോയവര്ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അല്ലാഹുവിന്റെ റസൂലും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞു പോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്.” (ബഖറ: 214)
നബിമാരിൽ അന്തിമനായ മുഹമ്മദ് നബി -ﷺ- യുടെ ചരിത്രത്തിൽ വല്ല വ്യത്യാസവും നിങ്ങൾ കാണുന്നുണ്ടോ?! നാൽപ്പത് വർഷക്കാലം അൽ-അമീൻ (വിശ്വസ്തൻ) എന്നറിയപ്പെട്ട ശേഷം, നന്മയിലേക്കും വിജയത്തിലേക്കും തന്റെ ജനങ്ങളെ ക്ഷണിച്ചതിന്റെ പേരിൽ കള്ളനും മാരണക്കാരനും ഭ്രാന്തനുമായി മുദ്രകുത്തപ്പെട്ട്, പീഢനങ്ങളും ദുരിതങ്ങളും നേരിട്ട്, നാട്ടിൽ ഭഷ്ട് കൽപ്പിക്കപ്പെടുകയും ക്രമേണ നാട്ടിൽ നിന്ന് പാലായനം ചെയ്യേണ്ടി വരികയും ചെയ്ത നബി -ﷺ- യുടെ അനുയായികൾക്ക് പരീക്ഷണങ്ങളുടെ ചരിത്രം അപരിചിതമാകുമോ?!
وَإِذْ يَمْكُرُ بِكَ الَّذِينَ كَفَرُوا لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ اللَّـهُ ۖ وَاللَّـهُ خَيْرُ الْمَاكِرِينَ ﴿٣٠﴾
“നിന്നെ തടവിലാക്കുകയോ കൊലപ്പെടുത്തുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി (അല്ലാഹുവിനെ) നിഷേധിച്ചവർ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് ഏറ്റവും നന്നായി തന്ത്രം പ്രയോഗിക്കുന്നവൻ.” (അൻഫാൽ: 30)
ഈ ചരിത്രങ്ങളെല്ലാം വായിക്കുക! ഇസ്ലാമിന്റെ ശത്രുക്കളുടെ പക്കലുണ്ടായിരുന്ന ശക്തിയുടെ വ്യാപ്തിയും അവർക്കുണ്ടായിരുന്ന ബുദ്ധിശക്തിയും അവരുടെ തന്ത്രങ്ങളിലെ കാഠിന്യവും ശ്രദ്ധിക്കുക. ശത്രുക്കളുടെ എണ്ണവും വണ്ണവും, അവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളുടെ മൂർച്ചയും, അവ കയ്യിലേന്തിയവരുടെ കാരുണ്യം വറ്റിയ ഹൃദയങ്ങളും ഓർക്കുക. അല്ലാഹു പറഞ്ഞതു പോലെ:
أَفَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ ۚ كَانُوا أَكْثَرَ مِنْهُمْ وَأَشَدَّ قُوَّةً وَآثَارًا فِي الْأَرْضِ
“അവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചു നോക്കിയിട്ടില്ലേ? അവര്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് അവർ നോക്കിക്കാണട്ടെ! അവര്‍ ഇവരെക്കാള്‍ എണ്ണം കൂടിയവരും, ശക്തി കൊണ്ടും ഭൂമിയില്‍ വിട്ടേച്ചുപോയ അടയാളങ്ങൾ കൊണ്ടും ഏറ്റവും ശക്തരുമായിരുന്നു.” (ഗാഫിർ: 82)
أَوَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ ۚ كَانُوا أَشَدَّ مِنْهُمْ قُوَّةً وَأَثَارُوا الْأَرْضَ وَعَمَرُوهَا أَكْثَرَ مِمَّا عَمَرُوهَا
“അവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചു നോക്കിയിട്ടില്ലേ?! തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് അവർ നോക്കട്ടെ. അക്കൂട്ടർ ഇവരേക്കാള്‍ കൂടുതല്‍ ശക്തിയുള്ളവരായിരുന്നു. അവര്‍ ഭൂമി ഉഴുതു മറിക്കുകയും, ഇവര്‍ അധിവാസമുറപ്പിച്ചതിനെക്കാള്‍ കൂടുതല്‍ അതില്‍ അധിവാസമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്.” (റൂം: 9)
നബിമാർക്കും അവരിൽ വിശ്വസിച്ചവർക്കും എതിരെ നിലകൊണ്ടവരിൽ രാജാക്കന്മാരുണ്ടായിരുന്നു. ഗോത്രനേതാക്കന്മാരും പ്രമാണിമാരും സമ്പന്നരുമുണ്ടായിരുന്നു. ശക്തിയും ശേഷിയും അനുയായികളുടെ പിന്തുണയുമുള്ളവരുമുണ്ടായിരുന്നു. എന്നാൽ ഏതെങ്കിലുമൊരു ചരിത്രം അവരുടെ മുഖങ്ങളിലെ ചിരി മായാത്ത നിലയിൽ അവസാനിക്കുന്നതായി കാണുന്നുണ്ടോ?! അവർ സമ്പാദിച്ചു വെച്ചതെന്തെങ്കിലും അവർക്ക് ഉപകാരപ്പെട്ടതായി കാണുന്നുണ്ടോ?!
فَمَا أَغْنَىٰ عَنْهُم مَّا كَانُوا يَكْسِبُونَ ﴿٨٢﴾
“അവര്‍ നേടിയെടുത്തിരുന്നതൊന്നും അവര്‍ക്ക് പ്രയോജനപ്പെട്ടില്ല.” (ഗാഫിർ: 82)
അധികാരവും സമ്പത്തുമെല്ലാം വിട്ടേച്ച്, പരിവാരങ്ങളെയും സേവകരേയും ഉപേക്ഷിച്ച്, നിർമ്മിച്ചുണ്ടാക്കിയ കൊട്ടാരങ്ങളും മണിമാളികകളും തകർന്നടിഞ്ഞ നിലയിൽ അവരീ ലോകം വിട്ടുപിരിഞ്ഞു. മുങ്ങി നശിച്ച സ്വേഛാധിപതികൾ അക്കൂട്ടത്തിലുണ്ട്. മലർന്നടിച്ചു ചത്തുമലച്ചു വീണ പ്രമാണിമാരും സമ്പന്നരുമുണ്ട്. തകർന്നടിഞ്ഞവരുടെ കൂട്ടത്തിൽ നേതാക്കൾക്ക് പിന്നിൽ അണിനിരന്ന പട്ടാളങ്ങളും അവർക്കൊപ്പം ആർത്തു വിളിച്ച അനുയായിക്കൂട്ടങ്ങളുമുണ്ട്.
كَمْ تَرَكُوا مِن جَنَّاتٍ وَعُيُونٍ ﴿٢٥﴾ وَزُرُوعٍ وَمَقَامٍ كَرِيمٍ ﴿٢٦﴾ وَنَعْمَةٍ كَانُوا فِيهَا فَاكِهِينَ ﴿٢٧﴾ كَذَٰلِكَ ۖ وَأَوْرَثْنَاهَا قَوْمًا آخَرِينَ ﴿٢٨﴾ فَمَا بَكَتْ عَلَيْهِمُ السَّمَاءُ وَالْأَرْضُ وَمَا كَانُوا مُنظَرِينَ ﴿٢٩﴾
“എത്രയെത്ര തോട്ടങ്ങളും അരുവികളും കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളുമാണ് അവര്‍ വിട്ടേച്ചു പോയത്! അവര്‍ ആഹ്ലാദപൂര്‍വ്വം അനുഭവിച്ചിരുന്ന (എത്രയെത്ര) സൗഭാഗ്യങ്ങള്‍! അങ്ങനെയാണത് (കലാശിച്ചത്.) അതെല്ലാം മറ്റൊരു ജനതയ്ക്ക് നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു. അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല.” (ദുഖാൻ: 25-29)
فَتَرَى الْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ ﴿٧﴾ فَهَلْ تَرَىٰ لَهُم مِّن بَاقِيَةٍ ﴿٨﴾
“അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം. ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ?” (ഹാഖ്ഖഃ: 7-8)
ചരിത്രം എപ്പോഴും ഇപ്രകാരമായിരുന്നു. അതിന്റെ ആവർത്തനമല്ലാതെ മറ്റൊന്നും ഇനിയും സംഭവിക്കാനില്ല. അതു കൊണ്ട് പ്രയാസങ്ങളുടെ കാഠിന്യം വർദ്ധിക്കുമ്പോൾ വിജയത്തിന്റെ ദൂരം അടുത്തു വരുന്നുവെന്നേ ഒരു മുഅ്മിൻ ഉറച്ചു വിശ്വസിക്കേണ്ടതുള്ളൂ. നബിമാരുടെ ചരിത്രങ്ങളിൽ പലതും ഈ പാഠം ഊട്ടിയുറപ്പിക്കുന്നതായി കാണാൻ സാധിക്കും.
حَتَّىٰ إِذَا اسْتَيْأَسَ الرُّسُلُ وَظَنُّوا أَنَّهُمْ قَدْ كُذِبُوا جَاءَهُمْ نَصْرُنَا فَنُجِّيَ مَن نَّشَاءُ ۖ وَلَا يُرَدُّ بَأْسُنَا عَنِ الْقَوْمِ الْمُجْرِمِينَ ﴿١١٠﴾ لَقَدْ كَانَ فِي قَصَصِهِمْ عِبْرَةٌ لِّأُولِي الْأَلْبَابِ ۗ
“അങ്ങനെ അല്ലാഹുവിന്റെ റസൂലുമാർ നിരാശപ്പെടുകയും (അവര്‍) തങ്ങളോട് പറഞ്ഞത് കളവാണെന്ന് ജനങ്ങള്‍ വിചാരിക്കുകയും ചെയ്തപ്പോള്‍ നമ്മുടെ സഹായം അവര്‍ക്ക് വന്നെത്തി. അങ്ങനെ നാം ഉദ്ദേശിച്ചിരുന്നവര്‍ രക്ഷിക്കപ്പെട്ടു. കുറ്റവാളികളായ ജനങ്ങളില്‍ നിന്നും നമ്മുടെ ശിക്ഷ തടുക്കപ്പെടുന്നതല്ല. തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്മാര്ക്ക് പാഠമുണ്ട്.” (യൂസുഫ്: 110-111)
ഈ ആയത്തിന്റെ വിശദീകരണത്തിൽ മുഫസ്സിറുകൾ പറഞ്ഞു: “നബിയേ! താങ്കൾക്ക് മുൻപുള്ള നബിമാർക്ക് അല്ലാഹുവിന്റെ സഹായം ഉടനടി എത്തിച്ചേരുകയായിരുന്നില്ല. മറിച്ച് തങ്ങളുടെ ജനത (അല്ലാഹുവിൽ) വിശ്വസിക്കില്ലെന്ന് നബിമാർ നിരാശപ്പെടുകയും, അവർ തങ്ങളെ നിഷേധിച്ചു തള്ളിയിരിക്കുന്നു എന്ന് നബിമാർക്ക് ഉറപ്പാവുകയും, കടുത്ത പ്രയാസം അവരെ ബാധിക്കുകയും ചെയ്യുമ്പോഴായിരുന്നു നമ്മുടെ സഹായം വന്നെത്താറുണ്ടായിരുന്നത്.” (തഫ്സീറുൽ മുയസ്സർ: 248)
وَلَقَدْ كُذِّبَتْ رُسُلٌ مِّن قَبْلِكَ فَصَبَرُوا عَلَىٰ مَا كُذِّبُوا وَأُوذُوا حَتَّىٰ أَتَاهُمْ نَصْرُنَا ۚ
“നിനക്ക് മുമ്പും നബിമാർ നിഷേധിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ തങ്ങള്‍ നിഷേധിക്കപ്പെടുകയും, മര്‍ദ്ദിക്കപ്പെടുകയും ചെയ്തത് അവര്‍ സഹിച്ചു നിലകൊണ്ടു. അങ്ങനെ നമ്മുടെ സഹായം അവർക്ക് വന്നെത്തുന്നത് വരെ (അവർ ക്ഷമിച്ചു).” (അൻആം: 34)
നൂഹ് നബി -عَلَيْهِ السَّلَامُ- യുടെ ചരിത്രം നോക്കൂ. 950 വർഷത്തോളം പരീക്ഷണങ്ങളുടെയും പ്രതിസന്ധികളുടെയും നടുവിൽ അദ്ദേഹം ക്ഷമയോടെ നിലകൊണ്ടു. അവ കഠിനമായി തീർന്നപ്പോൾ അല്ലാഹുവിന്റെ സഹായം അദ്ദേഹത്തിന് വന്നെത്തുകയും ചെയ്തു.
وَنُوحًا إِذْ نَادَىٰ مِن قَبْلُ فَاسْتَجَبْنَا لَهُ فَنَجَّيْنَاهُ وَأَهْلَهُ مِنَ الْكَرْبِ الْعَظِيمِ ﴿٧٦﴾ وَنَصَرْنَاهُ مِنَ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَا ۚ
“നൂഹിനെയും (ഓര്‍ക്കുക). മുമ്പ് അദ്ദേഹം വിളിച്ച് പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിന് നാം ഉത്തരം നല്കി. അങ്ങനെ അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കുടുംബത്തെയും നാം കടുത്ത പ്രയാസത്തിൽ നിന്ന് രക്ഷപ്പെടുത്തി. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയ ജനങ്ങൾക്കെതിരെ അദ്ദേഹത്തെ നാം സഹായിക്കുകയും ചെയ്തു.” (അമ്പിയാഅ്: 76-77)
പരീക്ഷണങ്ങൾ വിജയത്തിന്റെ തുടക്കമാണ്. ഈ ചരിത്രങ്ങളെല്ലാം ഒരു പോലെ പഠിപ്പിക്കുന്നുണ്ട് അക്കാര്യം. വിജയം സത്യത്തിനായിരിക്കും. ഇസ്ലാമിന് തന്നെയാണ് പ്രതാപവും ശക്തിയുമുണ്ടാവുക. വിജയത്തിന്റെ പതാക പാറിപ്പറക്കുക ദീൻ മുറുകെ പിടിച്ചവരുടെ കൈകളിൽ തന്നെയായിരിക്കും. ചരിത്രം എന്നും ആവർത്തിച്ചു പഠിപ്പിച്ചത് അക്കാര്യം തന്നെയാണ്.
അന്തിമവിജയം ഇസ്ലാമിന് മാത്രം!
ഇസ്ലാം പ്രചരിച്ച വേഗതയിൽ ലോകചരിത്രത്തിൽ ഒരു മതവും പ്രചരിച്ചിട്ടില്ല എന്ന് കാണാൻ കഴിയും. ഇസ്ലാമിനെ അടിച്ചമർത്താനുള്ള ശത്രുക്കളുടെ കൊണ്ടുപിടിച്ച ശ്രമങ്ങൾ ഇസ്ലാമിന്റെ വളർച്ചയിൽ വേഗത വർദ്ധിപ്പിക്കുകയല്ലാതെ ചെയ്തിട്ടില്ല. അല്ലാഹു അവതരിപ്പിച്ച ഈ ദീൻ മറ്റെല്ലാ മതങ്ങൾക്കും മേൽ വിജയക്കൊടി പാറിക്കുമെന്ന അല്ലാഹുവിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണം തന്നെയാണത്.
ഇസ്ലാമിന്റെ ആരംഭചരിത്രം തന്നെ നോക്കുക. നബി -ﷺ- മക്കയിൽ ഇസ്ലാമിക പ്രബോധനം ആരംഭിക്കുന്നു. ഇന്നലെ വരെ തങ്ങൾക്കിടയിൽ നടന്നു പോയ ഒരാളിതാ ഇന്നെഴുന്നേറ്റ് ‘ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്ന്’ വിളിച്ചു പറയുന്നു. കാലങ്ങളായി തങ്ങൾ ആരാധിച്ചു പോന്ന വിഗ്രഹങ്ങളെ ഉപേക്ഷിക്കണമെന്നും, നബിമാരെയും മലക്കുകളെയും ജിന്നുകളെയുമെല്ലാം വിളിച്ച് തേടുന്നത് അവസാനിപ്പിക്കണമെന്നും കൽപ്പിക്കുന്നു. മരണശേഷം പരലോകമുണ്ടെന്നും, നരകത്തിൽ ശിക്ഷയും സ്വർഗത്തിൽ സുഖാനുഗ്രഹങ്ങളും കാത്തിരിക്കുന്നുണ്ടെന്ന് അറിയിക്കുന്നു.
നാട് മുഴുവൻ നബി -ﷺ- ക്ക് എതിരെനിന്നു. വളരെ കുറഞ്ഞ ചിലർ മാത്രം ഇസ്ലാം സ്വീകരിക്കാൻ തയ്യാറായി. അവരിൽ പലരും അടിമകളായിരുന്നു; ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ തങ്ങളുടെ ഉടമസ്ഥന്മാരിൽ നിന്ന് നിരന്തരമായി മർദ്ധനങ്ങൾ ഏറ്റുവാങ്ങി കൊണ്ടേയിരുന്നു അക്കൂട്ടർ. ദരിദ്രരും തീർത്തും അടിച്ചമർത്തപ്പെട്ടവരുമായ ഒരു കൂട്ടം. കുടുംബവും നാടുമെല്ലാം എതിര്. പലരും വീട്ടിൽ നിന്ന് തന്നെ പുറത്താക്കപ്പെട്ടു. ചിലർ അതിക്രമികളുടെ കൈകളാൽ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടു.
എതിർപക്ഷത്തുള്ളവർ ബഹുഭൂരിപക്ഷവും പ്രമാണിമാരായിരുന്നു; നേതാക്കന്മാരും സമ്പന്നരും സ്വാധീനവും കൈക്കരുത്തുമുള്ളവർ. ഇസ്ലാമിന്റെ പ്രകാശം മക്കയുടെ അതിരിന് പുറത്തു പോകാതിരിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും അവർ സ്വീകരിച്ചു. മക്കയിൽ പ്രവേശിക്കുന്ന പുറംനാട്ടുകാരോട് തങ്ങളുടെ നാട്ടിലുള്ള കുഴപ്പക്കാരെ കുറിച്ച് താക്കീത് ചെയ്യാനായി അവർ ആളുകളെ നിശ്ചയിച്ചു. നബി -ﷺ- യുടെ സംസാരങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു. അവിടുന്ന് സംസാരിക്കുമ്പോൾ സദസ്സ് ഇളക്കിവിട്ടു; ഒച്ചയിട്ടും മുക്രയിട്ടും കേൾവിക്കാരെ അകറ്റി.
കൊട്ടിയടക്കാനും കെട്ടിപ്പൂട്ടി വെക്കാനും എല്ലാ വഴിയും സ്വീകരിച്ച ശത്രുക്കളുടെ കൈപ്പിടിക്കുള്ളിൽ -മുഷ്ഠികൾക്കുള്ളിൽ- ഇസ്ലാം ഞെരുങ്ങിയമർന്നു പോയോ?! 1400 വർഷങ്ങൾക്കപ്പുറം വായിച്ചു തള്ളാവുന്ന ഒരു ചരിത്രം മാത്രമായി അനാഥനായി ജനിച്ചു വീണ മുഹമ്മദിന്റെ -ﷺ- ചരിത്രം അവസാനിച്ചുവോ?! ഇല്ല!
ഈ ദീൻ വളർന്നു. മക്കയുടെ അതിരുകൾ കടന്ന് മദീനയിലേക്ക് ഇസ്ലാം പ്രചരിച്ചു. അവിടെ നിന്ന് അറബ് ഉപദ്വീപുകളിലേക്ക്; ലോകത്തെ വിറപ്പിച്ച സാമ്രാജ്യങ്ങളുടെ മതിലുകൾ തകർത്ത്, കിസ്റയുടെയും കയ്സറിന്റെയും കൊട്ടാരങ്ങൾക്ക് മുകളിൽ ഇസ്ലാമിന്റെ -ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ് എന്ന ശഹാദത്തിന്റെ- ആരവം മുഴങ്ങി. മനസ്സുകൾ കീഴടക്കി, ഹൃദയങ്ങളിൽ പ്രകാശം ചൊരിഞ്ഞു, ഇരുട്ടും കാളിമയും പരന്ന ലോകത്തെ പ്രകാശത്തിലേക്ക് നയിച്ച്, ഒരു മരുഭൂമിയിൽ നിന്ന് തുടക്കം കുറിച്ച ആ വെളിച്ചമിന്ന് എത്തിച്ചേരാത്ത ഇടമേതുണ്ട്?!
1400 വർഷങ്ങൾക്കപ്പുറം, അണിചേർന്നു നിൽക്കുന്ന തന്റെ അനുചരന്മാരുടെ നിസ്കാരം നോക്കി പുഞ്ചിരിച്ച്, ഒന്നുയർന്നു നേരെ നിന്നാൽ തല മുട്ടുന്ന സ്വന്തം കുടിലിൽ തന്റെ പ്രിയപത്നി ആയിശ -رَضِيَ اللَّهُ عَنْهَا- യുടെ മടിയിൽ തല വെച്ച്, ചുറ്റും കൂടി നിന്ന -ഹൃദയം പകുത്തു നൽകിയ, ജീവനെക്കാൾ തന്നെ സ്നേഹിച്ച- അനുചരന്മാർക്കിടയിൽ നിന്ന് അവിടുന്ന് -നമ്മുടെ റസൂൽ -ﷺ– വിടപറഞ്ഞു പോയി. ഇന്ന് ലോകത്തിന്റെ ഏതേതു കോണുകളിലാണ് അവിടുത്തെ പേര് ഉച്ചത്തിൽ മുഴങ്ങാതിരിക്കുന്നത്?!
ഈ ദീൻ അല്ലാഹു അവതരിപ്പിച്ചത് മറ്റെല്ലാത്തിനും മുകളിൽ വിജയക്കൊടി പാറിക്കാൻ തന്നെയാണ്. അത് സംഭവിക്കുക തന്നെ ചെയ്യുമെന്നതിൽ സംശയമില്ല. അല്ലാഹു പറയുന്നു:
هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ ۚ وَكَفَىٰ بِاللَّـهِ شَهِيدًا ﴿٢٨﴾
“സന്മാര്ഗവും സത്യമതമായ (ഇസ്ലാമുമായി) തന്റെ റസൂലിനെ നിയോഗിച്ചത് അല്ലാഹുവാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ വിജയിപ്പിക്കുന്നതിനായി.” (ഫത്ഹ്: 28)
ഇസ്ലാമിന്റെ വിജയം പ്രവചിക്കുന്ന ഈ ആയത്ത് ഖുർആനിലെ സൂറ. ഫത്ഹിലാണ് ഉള്ളത്. മക്കയിൽ ഉംറ ലക്ഷ്യം വെച്ച് പുറപ്പെട്ട നബി -ﷺ- യെയും സ്വഹാബത്തിനെയും ബഹുദൈവാരാധകർ ഹുദൈബിയ്യ എന്ന പ്രദേശത്ത് വെച്ച് തടയുകയും, അങ്ങനെ ഏറെ നീണ്ടുനിന്ന സന്ധിസംഭാഷണങ്ങൾക്ക് ശേഷം പരസ്പരം കരാറിലേർപ്പെട്ട്, ഉംറ ചെയ്യാതെ ദുഖത്തോടെ മടങ്ങിയ സ്വഹാബികൾക്കിടയിലേക്കാണ് ഈ ആയത്ത് അവതരിച്ചത്! അമർത്തിപ്പിടിച്ച അരിശവുമായി, മുശ്രിക്കുകൾ തങ്ങളോട് ചെയ്തു കൂട്ടുന്ന അനീതിയിലുള്ള കടുത്ത അമർഷവുമായി മദീനയിലേക്ക് യാത്ര പോകുന്ന സ്വഹാബികൾക്ക് മേൽ അവതരിച്ച ആയത്താണിത് എന്നർത്ഥം!
പരീക്ഷണങ്ങളുടെ ആ ദിനങ്ങളിൽ സ്വഹാബികൾ അല്ലാഹുവിന്റെ ഈ വാഗ്ദാനത്തിൽ സംശയിച്ചോ?! നബി -ﷺ- ഈ ആയത്തുകളുടെ പൂർത്തീകരണത്തെ കുറിച്ച് ചെറിയ ഒരു സന്ദേഹമെങ്കിലും പ്രകടിപ്പിച്ചോ?! ഇല്ല. ഒരിക്കലുമുണ്ടായില്ല. അവർക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു ഇസ്ലാം തന്നെയാണ് -അല്ല! ഇസ്ലാം മാത്രമാണ്- വിജയിക്കുകയെന്ന്. അതിലവർ സംശയിച്ചില്ല. ഒരു നിമിഷ നേരത്തേക്ക് പോലും അക്കാര്യത്തിൽ അവർക്കുള്ള ദൃഢബോധ്യത്തിൽ കുറവ് സംഭവിച്ചില്ല.
إِنَّا لَنَنصُرُ رُسُلَنَا وَالَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا وَيَوْمَ يَقُومُ الْأَشْهَادُ ﴿٥١﴾
“തീര്‍ച്ചയായും നാം നമ്മുടെ റസൂലുകളെയും (അല്ലാഹുവിൽ) വിശ്വസിച്ചവരെയും ഐഹികജീവിതത്തിലും സാക്ഷികള്‍ രംഗത്തു വരുന്ന ദിവസത്തിലും സഹായിക്കുക തന്നെ ചെയ്യും.” (ഗാഫിർ: 51)
وَكَانَ حَقًّا عَلَيْنَا نَصْرُ الْمُؤْمِنِينَ ﴿٤٧﴾
“(അല്ലാഹുവിലും പരലോകത്തിലും) വിശ്വസിച്ചവരെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു.” (റൂം: 47)
يُرِيدُونَ أَن يُطْفِئُوا نُورَ اللَّـهِ بِأَفْوَاهِهِمْ وَيَأْبَى اللَّـهُ إِلَّا أَن يُتِمَّ نُورَهُ وَلَوْ كَرِهَ الْكَافِرُونَ ﴿٣٢﴾
“അല്ലാഹുവിന്റെ പ്രകാശം തങ്ങളുടെ വായ കൊണ്ട് കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്റെ പ്രകാശം പൂര്‍ണ്ണമാക്കാതെ വിടുകയില്ല. (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അത് അനിഷ്ടകരമായാലും.” (തൗബ: 32)
بَلِ اللَّـهُ مَوْلَاكُمْ ۖ وَهُوَ خَيْرُ النَّاصِرِينَ ﴿١٥٠﴾
“അല്ല, അല്ലാഹുവാകുന്നു നിങ്ങളുടെ രക്ഷാധികാരി. അവനാകുന്നു സഹായിക്കുന്നവരിൽ ഏറ്റവും ഉത്തമൻ.” (ആലു ഇംറാൻ: 150-151)
كَتَبَهُ: الأَخُ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد
غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ