വുദു എടുക്കുമ്പോൾ വായിൽ വെള്ളം എത്താതിരിക്കാൻ പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്. നോമ്പുകാരൻ മൂക്കിൽ വെള്ളം കയറ്റുമ്പോൾ സൂക്ഷിക്കണം എന്നറിയിക്കുന്ന നബി -ﷺ- യുടെ ഹദീഥ് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്. നബി -ﷺ- പറഞ്ഞു:
عَنْ لَقِيطِ بْنِ صَبِرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «بَالِغْ فِى الاِسْتِنْشَاقِ إِلاَّ أَنْ تَكُونَ صَائِمًا»
“(വുദുവെടുക്കുമ്പോൾ) നീ നന്നായി മൂക്കിൽ വെള്ളം കയറ്റുക; നോമ്പുകാരനാണെങ്കിൽ ഒഴികെ.” (തിർമിദി: 788)
എന്നാൽ ആരെങ്കിലും വുദുവെടുക്കുമ്പോൾ -വായിൽ വെള്ളം കൊപ്ലിക്കുന്നതിന് ഇടയിലോ, മൂക്കിൽ വെള്ളം കയറ്റിയപ്പോഴോ- അറിയാതെ വെള്ളം തൊണ്ടയിലേക്ക് എത്തുകയോ, തൊണ്ടയിൽ നിന്ന് ഇറങ്ങിപ്പോവുകയോ ചെയ്താൽ അത് അവന്റെ നോമ്പ് നഷ്ടപ്പെടുത്തുകയില്ല. കാരണം അബദ്ധത്തിൽ സംഭവിക്കുന്നത് അല്ലാഹു പൊറുത്തു തന്നിരിക്കുന്നു. (ശർഹുൽ മുംതിഅ്/ഇബ്നു ഉഥൈമീൻ: 6/240) അല്ലാഹു പറയുന്നു:
وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُم بِهِ وَلَـٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ
“അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു.)” (അഹ്സാബ്: 5)