മൂക്കിലൂടെ തൊണ്ടയിൽ എത്തുന്ന രൂപത്തിൽ വെള്ളമോ മരുന്നോ മറ്റെന്തെങ്കിലുമോ ഇറ്റിക്കുന്നത് നോമ്പ് മുറിക്കും. കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു:

عَنْ لَقِيطِ بْنِ صَبِرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «بَالِغْ فِى الاِسْتِنْشَاقِ إِلاَّ أَنْ تَكُونَ صَائِمًا»

“(വുദുവെടുക്കുമ്പോൾ) നീ നന്നായി മൂക്കിൽ വെള്ളം കയറ്റുക; നോമ്പുകാരനാണെങ്കിൽ ഒഴികെ.” (തിർമിദി: 788)

ഈ ഹദീഥിൽ നിന്ന് മൂക്കിലൂടെ തൊണ്ടയിലേക്ക് വെള്ളം ഇറങ്ങുന്നത് നോമ്പിനെ അപായപ്പെടുത്തും എന്ന് മനസ്സിലാക്കാൻ കഴിയും. ‘അപ്പോൾ മൂക്കിൽ ഇറ്റിക്കുന്നത് തൊണ്ടയിലോ വയറ്റിലോ എത്തിയാൽ അത് നോമ്പ് മുറിക്കും… എന്നാൽ തൊണ്ടയിലേക്ക് എത്താത്ത രൂപത്തിൽ മൂക്കിൽ എന്തെങ്കിലും ഇറ്റിക്കുന്നത് നോമ്പ് മുറിക്കുകയില്ല.” (ഫതാവാ റമദാൻ/ഇബ്‌നു ഉഥൈമീൻ: 511)

എന്നാൽ പരമാവധി മൂക്കിൽ ഇറ്റിക്കുന്ന മരുന്നുകൾ നോമ്പുള്ള വേളകളിൽ ഉപയോഗപ്പെടുത്താതിരിക്കലാണ് സൂക്ഷ്മമായിട്ടുള്ളത്. കാരണം ചിലപ്പോൾ പ്രതീക്ഷിക്കാതെ മൂക്കിലിറ്റിക്കുന്ന മരുന്ന് ഇറങ്ങിപ്പോവുകയും, അതിലൂടെ അവന്റെ നോമ്പ് മുറിയുകയും ചെയ്തേക്കാം. ഇനി മൂക്കിൽ ഇറ്റിച്ചു കഴിഞ്ഞാൽ ഉറപ്പായും തൊണ്ടയിൽ എത്തുമെന്ന് അവന് അറിയുമെങ്കിൽ അത് ഉപേക്ഷിക്കുക എന്നത് നിർബന്ധവുമായി തീരും. വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment