ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നോമ്പ് മുറിക്കും എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പുരുഷന്റെ ലിംഗം സ്ത്രീയുടെ യോനിയിൽ പ്രവേശിച്ചു കഴിഞ്ഞാലാണ്. ഇങ്ങനെ ഗുഹ്യഭാഗങ്ങൾ പരസ്പരം പ്രവേശിച്ചു കഴിഞ്ഞാൽ സ്ഖലനം സംഭവിച്ചാലും ഇല്ലെങ്കിലും നോമ്പ് മുറിയും. എന്നാൽ ബാഹ്യകേളികൾ മാത്രമാണ് നടന്നത് എങ്കിൽ -സ്ഖലനം സംഭവിച്ചില്ലെങ്കിൽ- അത് കൊണ്ട് നോമ്പ് മുറിയുകയില്ല. ബാഹ്യകേളികൾ കാരണത്താൽ സ്ഖലനം സംഭവിച്ചാൽ അതും നോമ്പ് മുറിയാൻ കാരണമാകും.
അല്ലാഹു പറഞ്ഞു:
أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَىٰ نِسَائِكُمْ ۚ هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ ۗ عَلِمَ اللَّـهُ أَنَّكُمْ كُنتُمْ تَخْتَانُونَ أَنفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنكُمْ ۖ فَالْآنَ بَاشِرُوهُنَّ وَابْتَغُوا مَا كَتَبَ اللَّـهُ لَكُمْ ۚ
“നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു. (ഭാര്യാസമ്പര്‍ക്കം നിഷിദ്ധമായി കരുതിക്കൊണ്ട്) നിങ്ങള്‍ ആത്മവഞ്ചനയില്‍ അകപ്പെടുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഇനി മേല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുകയും, (വൈവാഹിക ജീവിതത്തില്‍) അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചത് തേടുകയും ചെയ്തുകൊള്ളുക.” (ബഖറ: 187)
റമദാനിന്റെ രാത്രിയിൽ ഇണകൾക്ക് പരസ്പരം ബാഹ്യകേളികളാകാം എന്ന് അനുവദിച്ചതിൽ നിന്ന് റമദാനിന്റെ പകലിൽ അതിൽ നിന്ന് മാറിനിൽക്കണമെന്ന് മനസ്സിലാക്കാവുന്നതാണ്.
عَنْ أَبِي هُرَيْرَةَ قَالَ: بَيْنَمَا نَحْنُ جُلُوسٌ عِنْدَ النَّبِيِّ -ﷺ-، إِذْ جَاءَهُ رَجُلٌ فَقَالَ: يَا رَسُولَ اللَّهِ هَلَكْتُ. قَالَ: «مَا لَكَ؟» قَالَ: وَقَعْتُ عَلَى امْرَأَتِي وَأَنَا صَائِمٌ.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പം ഇരിക്കവെ ഒരിക്കൽ ഒരാൾ അവിടുത്തെ അരികിൽ വന്നു. അയാൾ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ! ഞാൻ നശിച്ചിരിക്കുന്നു!” നബി -ﷺ- ചോദിച്ചു: ‘നിനക്കെന്തു പറ്റി?” അയാൾ പറഞ്ഞു: ഞാൻ നോമ്പുകാരനായിരിക്കെ ഭാര്യയുമായി ബന്ധപ്പെട്ടു.” (ബുഖാരി: 1936, മുസ്ലിം: 1111)
ഈ ഹദീഥിൽ ഭാര്യയുമായി ബന്ധപ്പെട്ടതിലൂടെ താൻ നശിച്ചു എന്നാണ് സ്വഹാബി വിവരിക്കുന്നത്. റമദാനിന്റെ പകലിലെ ഈ തിന്മയുടെ ഗൗരവം അതിൽ നിന്ന് ബോധ്യപ്പെടും.