നോമ്പ് സ്വീകരിക്കപ്പെടാന്‍ മൂന്ന് നിബന്ധനകള്‍ ഉണ്ട്. അവ താഴെ പറയാം.
ഒന്ന്: ഇസ്ലാം (الإِسْلَامُ).
നോമ്പ് നോല്‍ക്കുന്ന വ്യക്തി മുസ്ലിമായിരിക്കണം എന്നത് സ്വീകാര്യമായ നോമ്പിന്റെ ഒന്നാമത്തെ നിബന്ധനയാണ്. മുസ്ലിമല്ലാത്ത ഒരാളില്‍ നിന്ന് അല്ലാഹു നോമ്പോ മറ്റു കര്‍മ്മങ്ങളോ സ്വീകരിക്കുകയില്ല.
അല്ലാഹു പറയുന്നു:
وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ ﴿٦٥﴾
“തീര്‍ച്ചയായും താങ്കൾക്കും താങ്കൾക്ക് മുമ്പുള്ളവര്ക്കും സന്ദേശം നല്കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും, തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.” (സുമർ: 65)
രണ്ട്: ബുദ്ധി (العَقْلُ).
ബുദ്ധി ഉള്ളവരില്‍ നിന്നേ അല്ലാഹു എന്തൊരു കര്‍മ്മവും സ്വീകരിക്കുകയുള്ളൂ. കാരണം അവര്‍ക്ക് മാത്രമേ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ ലക്ഷ്യവും ഉദ്ദേശവും ഉണ്ടാവുകയുള്ളൂ. അതു കൊണ്ട് തന്നെ ഇസ്ലാമിലെ ബഹുഭൂരിപക്ഷം നിയമങ്ങളും ബുദ്ധിയില്ലാത്ത വ്യക്തികളുടെ മേല്‍ നിര്‍ബന്ധമില്ല. അവര്‍ ചെയ്യുന്ന നന്മകള്‍ക്ക് പ്രതിഫലമോ, തിന്മകള്ക്ക് ശിക്ഷയോ ഇല്ല. കാരണം അതൊന്നും അവര്‍ ഉദ്ദേശിച്ചു കൊണ്ട് ചെയ്യുന്നതല്ല.
عَنْ عَائِشَةَ رضى الله عنها أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «رُفِعَ الْقَلَمُ عَنْ ثَلاَثَةٍ عَنِ النَّائِمِ حَتَّى يَسْتَيْقِظَ وَعَنِ الْمُبْتَلَى حَتَّى يَبْرَأَ وَعَنِ الصَّبِىِّ حَتَّى يَكْبَرَ»
ആയിശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: “മൂന്ന് പേരിൽ നിന്ന് (പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന) പേന ഉയർത്തപ്പെട്ടിരിക്കുന്നു. ഉറക്കത്തിൽ പെട്ട ഒരുവൻ എഴുന്നേൽക്കുന്നത് വരെയും, ബുദ്ധിഭ്രമം ബാധിച്ചവന് (രോഗം) മാറുന്നത് വരെയും, കുട്ടി വലിയവനാകുന്നത് (പ്രായപൂർത്തി) വരെയും.” (അബൂദാവൂദ്: 4400)
മൂന്ന്: നിയ്യത് (النِّيَّةُ).
ഇസ്ലാമില്‍ ഏതൊരു കര്‍മ്മവും സ്വീകരിക്കാന്‍ നിയ്യത് ഉണ്ടായിരിക്കണം. നിയ്യത് എന്നാല്‍ ഉദ്ദേശം എന്നാണ് അര്‍ഥം. നോമ്പിന്റെ നിയ്യത്ത് നോമ്പ് ആരംഭിക്കുന്നതിന് മുന്‍പ് -രാത്രിയില്‍- വെക്കേണ്ടതുണ്ട്. നിയ്യത് ചൊല്ലി പറയുക എന്നത് തീര്‍ത്തും ഒഴിവാക്കേണ്ട നിഷിദ്ധമായ ബിദ്അതാണ്.
عَنْ عُمَرَ بْنَ الخَطَّابِ قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى»
ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “പ്രവർത്തനങ്ങൾ ഉദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചതെന്തോ, അതാണുള്ളത്.” (ബുഖാരി: 1, മുസ്ലിം: 1907)
ഈ പറഞ്ഞ നിബന്ധനകള്‍ എല്ലാം പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരു പോലെയാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമായി നാലാമതൊരു നിബന്ധന കൂടി ഉണ്ട്.
[നാല്:] ഹയ്ദ്വ്, നിഫാസ് എന്നിവ ഇല്ലാതിരിക്കുക (انْقِطَاعُ دَمِ الحَيْضِ وَالنِّفَاسِ).
ആര്‍ത്തവ രക്തത്തിനാണ് ഹയ്ദ്വ് എന്നു പറയുക. പ്രസവശേഷം ഉണ്ടാകുന്ന രക്തത്തിനാണ് നിഫാസ് എന്നു പറയുക. ഇവ ഉള്ള സമയത്ത് സ്ത്രീകള്‍ നോമ്പ് നോല്‍ക്കേണ്ടതില്ല. എന്നാല്‍ ഹയ്ദ്വില്‍ നിന്നോ നിഫാസില്‍ നിന്നോ ശുദ്ധിയായാല്‍ അവര്‍ നഷ്ടപ്പെട്ട നോമ്പുകള്‍ എടുത്തു വീട്ടേണ്ടതുണ്ട്.
عَنْ عَائِشَةَ قَالَتْ: «كَانَ يُصِيبُنَا ذَلِكَ، فَنُؤْمَرُ بِقَضَاءِ الصَّوْمِ، وَلَا نُؤْمَرُ بِقَضَاءِ الصَّلَاةِ»
ആയിശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: “ഞങ്ങൾക്ക് അത് (ആർത്തവം) ബാധിക്കാറുണ്ടായിരുന്നു. അപ്പോൾ നോമ്പ് നോറ്റു വീട്ടാൻ ഞങ്ങളോട് കൽപ്പിക്കപ്പെടാറുണ്ടായിരുന്നു.” (മുസ്ലിം: 335)