മാലിന്യങ്ങൾ മാത്രമുള്ള ഇടങ്ങളിൽ ജീവിക്കുന്ന കന്നുകാലികൾ -മറ്റു ഭക്ഷണങ്ങൾ ലഭിച്ചില്ലെങ്കിൽ- മലമൂത്ര വിസർജ്യങ്ങൾ പോലുള്ള നജസുകൾ ഭക്ഷണമാക്കാറുണ്ട്. ഇങ്ങനെ പ്രധാന ഭക്ഷണം നജസായി തീർന്ന മൃഗങ്ങളെ അറബിയിൽ ‘ജല്ലാലഃ’ (الجَلَّالَةُ) എന്നാണ് വിശേഷിപ്പിക്കാറുള്ളത്. [1]

‘ജല്ലാലഃ’കളെ ഭക്ഷിക്കുന്നതും, അവയുടെ പാൽ കുടിക്കുന്നതും മക്റൂഹാണ് എന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ഹനഫീ, ശാഫിഈ മദ്ഹബുകളുടെ അഭിപ്രായം ഇപ്രകാരമാണ്. [2]

എന്നാല്‍ ജല്ലാലഃ ഭക്ഷിക്കുന്നത് നിഷിദ്ധമാണ് എന്ന വീക്ഷണമാണ് ഹമ്പലീ മദ്‌ഹബിലെ പ്രബലമായ അഭിപ്രായം. നജസ് മാത്രം ഭക്ഷിക്കുന്ന പക്ഷികളുടെ മുട്ടയും ഭക്ഷിക്കുന്നത് നിഷിദ്ധമാണെന്നാണ് മദ്ഹബിലെ വീക്ഷണം. [3] ഇമാം സ്വൻആനീ [4], ഇമാം ശൗകാനീ [5] തുടങ്ങിയവർ ഈ അഭിപ്രായമാണ് ശരിയായി സ്വീകരിച്ചിട്ടുള്ളത്. ലജ്നതുദ്ദാഇമയുടെ ഫത്‌വയും ഇതേ അഭിപ്രായത്തോട് യോജിച്ചു കൊണ്ടാണ്. [6]

عَنِ ابْنِ عَبَّاسٍ قَالَ: نَهَى رَسُولُ اللَّهِ -ﷺ- عَنْ لَبَنِ شَاةِ الْجَلالَةِ.

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: “നബി -ﷺ- ‘ജല്ലാലഃ’യില്‍ പെട്ട ആടിന്റെ പാൽ വിലക്കിയിരിക്കുന്നു.” (അബൂ ദാവൂദ്: 3786, തിര്‍മിദി: 1825, നസാഈ: 4448, അഹ്മദ്: 1989, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തിയിരിക്കുന്നു.)

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ: نَهَى رَسُولُ اللَّهِ -ﷺ-: يَوْمَ خَيْبَرَ عَنْ لُحُومِ الْحُمُرِ الْأَهْلِيَّةِ، وَعَنِ الجَلَّالَةِ، عَنْ رُكُوبِهَا وَأَكْلِ لَحْمِهَا.

അബ്ദുല്ലാഹി ബ്നു അംറ് ബ്നുൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഖൈബർ യുദ്ധദിവസം നബി -ﷺ- മനുഷ്യരുമായി ഇണങ്ങിക്കഴിയുന്ന കഴുതകളെയും, ജല്ലാലഃകളെയും വിലക്കിയിരിക്കുന്നു; അവയെ വാഹനമാക്കുന്നതും, അവയുടെ മാംസം ഭക്ഷിക്കുന്നതും.” (അബൂ ദാവൂദ്: 3811, നസാഈ: 4447, അഹ്മദ്: 7039, അല്‍ബാനി ഹസനുന്‍ സ്വഹീഹ് എന്ന് വിലയിരുത്തിയിരിക്കുന്നു.)

ഈ ഹദീഥുകളിൽ നബി -ﷺ- ‘ജല്ലാലഃ’കളുടെ മാംസം ഭക്ഷിക്കുന്നത് വിലക്കിയിരിക്കുന്നു. നബി -ﷺ- ഒരു കാര്യം വിലക്കിയാൽ അത് ഹറാമിനെയാണ് അറിയിക്കുന്നത് എന്നതാണ് അടിസ്ഥാനം; ഇതിൽ നിന്ന് വ്യതിചലിക്കാൻ തക്കതായ മറ്റെന്തെങ്കിലും തെളിവ് ഇല്ലാത്തിടത്തോളം ഈ നിയമത്തിൽ മാറ്റമുണ്ടാകുന്നതല്ല. അതിനാൽ ‘ജല്ലാലഃ’കളുടെ മാംസവും, പാലും നിഷിദ്ധമാണ്. [7]

എന്നാൽ ഇത്തരം മൃഗങ്ങളെ നജസുകൾ ഭക്ഷിക്കുന്നതിൽ നിന്ന് തടഞ്ഞു വെക്കുകയും, ശുദ്ധമായ ഭക്ഷണം നൽകി അതിൽ ശീലപ്പെടുത്തുകയും, അങ്ങനെ അവയുടെ ശരീരത്തിലെ നജസിന്റെ അടയാളം നീങ്ങുകയും, അവ ശുദ്ധമായിരിക്കുന്നു എന്ന് ബോധ്യപ്പെടുകയും ചെയ്താൽ അവയുടെ പാൽ ഉപയോഗപ്പെടുത്തുകയും, മാംസം ഭക്ഷിക്കുകയും ചെയ്യാവുന്നതാണ്. ഈ വിഷയത്തിൽ ഇജ്മാഉള്ളതായി ഇബ്‌നു ഖുദാമ, ഇബ്‌നു തൈമിയ്യഃ തുടങ്ങിയവർ രേഖപ്പെടുത്തിയിട്ടുണ്ട്. [8]

എത്ര ദിവസമാണ് നജസിൽ നിന്ന് ‘ജല്ലാലഃ’കളെ മാറ്റി നിർത്തേണ്ടത് എന്നതിൽ അഭിപ്രായവ്യത്യാസമുണ്ട്. വ്യത്യസ്ത എണ്ണം ദിവസങ്ങൾ ഓരോരുത്തരും നിർദേശിച്ചിട്ടുണ്ടെങ്കിലും, നജസിന്റെ അടയാളം മൃഗങ്ങളുടെ ശരീരത്തിൽ നിന്ന് നീങ്ങുന്നത് വരെ അവയെ പിടിച്ചു വെച്ചാൽ മതി എന്ന അഭിപ്രായമാണ് കൂടുതൽ ശരിയായി മനസ്സിലാകുന്നത്. [9] ഹനഫീ, ശാഫിഈ മദ്‌ഹബുകളുടെ അഭിപ്രായം ഇപ്രകാരമാണ്. ഇമാം ഇബ്‌നു ഹസ്മ് -رَحِمَهُ اللَّهُ- ഈ അഭിപ്രായത്തിന് മുൻഗണന നൽകിയിട്ടുണ്ട്. [10]

[1]  لسان العرب لابن منظور (11/119).

[2]  الحنفية: حاشية ابن عابدين (1/ 223)، الفتاوى الهندية (5/ 289)، بدائع الصنائع (5/ 40)، الجوهرة النيرة (2/ 185)، المبسوط (11/ 255).

الشافعية: مغني المحتاج (4/ 304)، أسنى المطالب (1/ 568)، تحفة المحتاج (9/ 386)، نهاية المحتاج (8/ 156).

[3]  الإنصاف (10/275)، كشاف القناع للبهوتي (6/193).

[4]  سبل السلام (4/77، 78).

[5]  السيل الجرار (ص: 728).

[6]  فتاوى اللجنة الدائمة- المجموعة الأولى (22/300).

[7]  سبل السلام للصنعاني (4/77، 78)، السيل الجرار للشوكاني (ص: 728).

[8]  ابن قدامة: المغني (9/414).

ابن تيمية: مجموع الفتاوى (21/618).

[9]  الحنفية: حاشية الطحطاوي (ص: 22)، حاشية ابن عابدين (1/223)، المبسوط للسرخسي (11/217)، بدائع الصنائع للكاساني (5/40).

الشافعية: المجموع (9/29)، وينظر: روضة الطالبين للنووي (3/278).

[10]  المحلى بالآثار (6/85).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: