നായയുടെ നജസ് ബാധിച്ച വസ്തുക്കൾ -നിർബന്ധമായും- മണ്ണു കൊണ്ട് തന്നെ കഴുകുകയാണ് വേണ്ടത് എന്നാണ് ശാഫിഈ മദ്ഹബിലെ അഭിപ്രായം. [1] ശുദ്ധീകരിക്കാൻ അനുയോജ്യമായ മണ്ണ് ലഭ്യമല്ലാത്ത സ്ഥിതിവിശേഷം ഉണ്ടാവുകയോ, മണ്ണു കൊണ്ട് കഴുകുന്നത് കൊണ്ട് ശുദ്ധീകരിക്കപ്പെടുന്ന വസ്തു ഉപയോഗശൂന്യമാകാൻ കാരണമാവുകയോ ചെയ്യുമെങ്കിൽ മണ്ണ് ഒഴിവാക്കാം എന്നുമുള്ള ഒരു വീക്ഷണം ശാഫിഈ മദ്ഹബിലുണ്ട്. [2] ശൈഖ് ഇബ്നു ഉഥൈമീൻ -رَحِمَهُ اللَّهُ- ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്.
ഇബ്നു ഉഥൈമീൻ -رَحِمَهُ اللَّهُ- പറയുന്നു: “നായയുടെ നജസ് ശുദ്ധീകരിക്കുന്നതിന് വേണ്ടി മണ്ണിന് പകരം മറ്റേതെങ്കിലും വസ്തു ഉപയോഗപ്പെടുത്താം എന്ന വീക്ഷണം കൃത്യതയുള്ളതല്ല. അതിന്റെ കാരണങ്ങൾ ഇവയാണ്.
1- നായയുടെ നജസ് ശുദ്ധീകരിക്കാൻ മണ്ണ് ഉപയോഗപ്പെടുത്തണമെന്നത് ഇസ്ലാമിക പ്രമാണങ്ങളിൽ ഖണ്ഡിതമായി നിർദേശിക്കപ്പെട്ട കാര്യമാണ്. അത് പിൻപറ്റുക എന്നതാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്.
2- (ശുദ്ധീകരണത്തിന് ഉപയോഗിക്കപ്പെട്ടിരുന്ന) സിദ്ർ, കാരം പോലുള്ളവ നബി -ﷺ- യുടെ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇവയൊന്നും ഉപയോഗിക്കാമെന്ന് നബി -ﷺ- സൂചന നൽകിയിട്ടില്ല.
3- നായയുടെ ഉമിനീരിൽ നിന്ന് പുറത്തു വരുന്ന രോഗാണുക്കളെ നശിപ്പിക്കുന്ന എന്തെങ്കിലും പ്രത്യേകമായ ഘടകം മണ്ണിൽ ഉണ്ടായിരിക്കാം.
4- ഇസ്ലാമിലെ ശുദ്ധീകരണത്തിന്റെ രണ്ട് പ്രധാന മാർഗങ്ങളിൽ ഒന്നാണ് മണ്ണും വെള്ളവും. വെള്ളമില്ലാത്ത സന്ദർഭങ്ങളിൽ മണ്ണ് അതിന് പകരമായി ഉപയോഗിക്കപ്പെടാറുണ്ട്. (ഇത് ശുദ്ധീകരണത്തിൽ മണ്ണിന് പ്രത്യേകതയുണ്ടെന്ന് സൂചന നൽകുന്നു.)
അതിനാൽ മണ്ണിന് പകരം ഇത്തരം വസ്തുക്കൾ ഉപയോഗപ്പെടുത്തുന്നത് ശരിയാവുകയില്ല. എന്നാൽ മണ്ണ് ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടാവുകയാണെങ്കിൽ -അതാകട്ടെ, വളരെ വിദൂര സാധ്യത മാത്രമാണ്-; അപ്പോൾ സോപ്പോ മറ്റോ ഉപയോഗിക്കുന്നതാണ് അത് ഉപേക്ഷിക്കുന്നതിനേക്കാൾ നല്ലത്.” (ശർഹുൽ മുംതിഅ്: 1/292)
[1] نهاية المحتاج (1/ 236)، روضة الطالبين (1/ 32)، طرح التثريب (2/ 133).
[2] كشاف القناع (1/ 209)، الإنصاف (1/ 310).