പന്നിയുടെ മുഴുവൻ ശരീര ഭാഗങ്ങളും നജസാണ്. ഈ പറഞ്ഞതിൽ പന്നിയുടെ ഇറച്ചിയും തൊലിയും രോമങ്ങളും എല്ലുകളുമെല്ലാം ഉൾപ്പെടും. പന്നിയുടെ ശരീരത്തിൽ നിന്ന് ഉത്ഭവിക്കുന്ന വിയർപ്പും, അതിന്റെ ഉമിനീരും നജസ് തന്നെ. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമാകുന്നു. [1] പന്നി -ജീവിച്ചിരിക്കുന്നിടത്തോളം- നജസല്ല എന്ന മാലികീ മദ്‌ഹബിലെ അഭിപ്രായം ഒഴിച്ചു നിർത്തിയാൽ പൊതുവെ ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ ഇജ്മാഉള്ളതായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്. [2]

قَالَ ابْنُ حَزْمٍ: «اتَّفَقُوا أنَّ لحم الميتةِ وشَحمَها ووَدَكَها وغُضروفَها ومُخَّها، وأنَّ لحم الخنزير وشحمَه ووَدَكَه وغُضروفَه ومخَّه وعصَبَه، حرامٌ كلُّه، وكلُّ ذلك نجِسٌ» [مراتب الإجماع: ص: 23]

ഇമാം ഇബ്‌നു ഹസ്മ് -رَحِمَهُ اللَّهُ- പറയുന്നു: “പന്നിയുടെ മാംസം, കൊഴുപ്പ്, നെയ്യ്, എല്ല്, തലച്ചോർ, ഞരമ്പുകൾ എന്നിവയെല്ലാം നിഷിദ്ധമാണ് എന്നതിൽ പൊതുവെ പണ്ഡിതന്മാർ യോജിച്ചിരിക്കുന്നു. അവയെല്ലാം നജസുമാണ്.” (മറാതിബുൽ ഇജ്മാഅ്: 23)

قُل لَّا أَجِدُ فِي مَا أُوحِيَ إِلَيَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُ إِلَّا أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ فَإِنَّهُ رِجْسٌ

“(നബിയേ,) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ.” (അൻആം: 145)

قال السعديُّ: (أي: فإنَّ هذه الأشياء الثلاثة رجس؛ أي: خبثٌ نجسٌ مُضِرٌّ، حرَّمه الله؛ لطفًا بكم، ونزاهةً لكم عن مُقاربةِ الخَبائِثِ). [تفسير السعدي: 1/277]

ഈ ആയത്തിന്റെ വിശദീകരണത്തിൽ ശൈഖ് നാസ്വിർ അസ്സഅ്ദി -رَحِمَهُ اللَّهُ- പറയുന്നു: “ഈ ആയത്തിൽ പറയപ്പെട്ട മൂന്നു കാര്യങ്ങളും മ്ലേഛവും നജസും ഉപദ്രവകരവുമാണ്. അതിനാൽ നിങ്ങളോടുള്ള കാരുണ്യമായി കൊണ്ട് അല്ലാഹു അവയെല്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങൾ വൃത്തികേടുകളിൽ നിന്ന് അകന്നു നിൽക്കുന്നതിനുമത്രെ ഇപ്രകാരം അല്ലാഹു വിധിച്ചിരിക്കുന്നത്.” (തഫ്സീറുസ്സഅ്ദി: 1/277)

പന്നി നജസാണെന്ന കാര്യം ബോധ്യപ്പെടുന്നതിനാണ് ഇത്രയും പറഞ്ഞത്. എന്നാൽ പന്നിയുടെയും മറ്റു ജീവികളുടെയും രോമത്തിന്റെ കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ശക്തമായ അഭിപ്രായവ്യത്യാസം ഉള്ളതായി കാണാം. ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം പന്നിയുടെ രോമവും നജസാണ്; അനിവാര്യസാഹചര്യത്തിൽ അകപ്പെട്ടാലല്ലാതെ അവ ഉപയോഗിക്കുന്നത് അനുവദനീയമല്ലെന്നാണ്. പഴയകാലഘട്ടങ്ങളിൽ തോൽതുന്നുന്നവർക്കും മറ്റും -നിർബന്ധസാഹചര്യത്തിൽ- ഇവ ഉപയോഗിക്കാൻ ചില പണ്ഡിതന്മാർ ഇളവ് അനുവദിച്ചതായി കാണാം. [3]

എന്നാൽ പണ്ഡിതന്മാരിൽ ചിലർക്ക് പന്നിയുടെ രോമം നജസല്ലെന്നും അവ ഉപയോഗപ്പെടുത്താമെന്നും അഭിപ്രായമുണ്ട്. ഇമാം മാലികിന്റെ അഭിപ്രായവും, ഇമാം അഹ്മദിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട വ്യത്യസ്ത അഭിപ്രായങ്ങളിൽ ഒന്നും [4] ഇപ്രകാരമാണ്. പന്നിയുടെ രോമം നജസാണെന്ന് ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവില്ല എന്നതാണ് ഇവരുടെ ന്യായം. [5] ജീവാംശം നിലകൊള്ളുന്ന മാംസമോ തൊലിയോ പോലെ, നിർജ്ജീവമായ രോമത്തെ കണക്കാക്കാനാവില്ല എന്നും ഈ വിഭാഗം പണ്ഡിതന്മാർ വിവരിച്ചതായി കാണാം. [6] ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ, ഇബ്‌നുൽ ഖയ്യിം തുടങ്ങിയവർ ഈ അഭിപ്രായത്തിന് മുൻഗണന നൽകിയതായി കാണാം. [7] ഈ വീക്ഷണം ശക്തമായ തെളിവുകളുടെ പിൻബലമുള്ളതാണെന്നാണ് മനസ്സിലാകുന്നത് -വല്ലാഹു അഅ്ലം-.

എന്നാൽ -പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തിട്ടുള്ള വിഷയങ്ങളിൽ- സൂക്ഷ്മത പുലർത്തുകയും, ഹറാം എന്ന് -ബഹുഭൂരിപക്ഷം പണ്ഡിതന്മാരും- അഭിപ്രായപ്പെട്ടവയെ പരമാവധി അകറ്റി നിർത്തുകയും ചെയ്യുന്നതാണ് ഏറ്റവും നല്ലത്. സംശയലേശമന്യേ അനുവദനീയമാണെന്ന് സ്ഥിരപ്പെട്ട മറ്റു മാർഗങ്ങൾ നിലനിൽക്കുമ്പോൾ പ്രത്യേകിച്ചും.

ചോദ്യത്തിൽ പരാമർശിക്കപ്പെട്ടത് പന്നിരോമം കൊണ്ട് നിർമ്മിക്കപ്പെടുന്ന ബ്രഷുകളാണ്. പന്നിമാംസം കൊണ്ടല്ലാതെ നിർമ്മിക്കപ്പെടുന്ന മറ്റു ബ്രഷുകളും ഉപകരണങ്ങളും വ്യാപകമായി ലഭ്യമാണെന്നിരിക്കെ അത്തരം മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ സൂക്ഷ്മവും, മതപരമായി സമാധാനമേകുന്നതും എന്നതിൽ സംശയമില്ല. വല്ലാഹു അഅ്ലം.

[1]  الحنفية: المبسوط للسرخسي (1/48)، وينظر: بدائع الصنائع للكاساني (1/63).

الشافعية: روضة الطالبين للنووي (1/31)، المجموع للنووي (2/568).

الحنابلة: الفروع لابن مفلح (1/314)، الإنصاف للمرداوي (1/310).

[2]   المجموع للنووي (2/568)، مراتب الإجماع لابن حزم (ص: 23)، بداية المجتهد لابن رشد (1/83)، المغني لابن قدامة (1/42)

[3]  بدائع الصنائع للكاساني (1/63)

[4]  الإنصاف للمرداوي (2/277)

[5]  الفتاوى الكبرى لابن تيمية (1/264)

[6]  مواهب الجليل للحطاب (1/125)

[7]  الإنصاف للمرداوي (2/277)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: