മത് ന്‍
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
اعْلَمْ أَنَّ مِنْ أَعْظَمِ نَوَاقِضِ الإِسْلَامِ عَشَرَةً
അര്‍ഥം
റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തില്‍.
നീ അറിയുക! ഇസ്‌ലാമിന്റെ നവാഖിദ്വുകളില്‍ ഏറ്റവും ഗൗരവതരം പത്ത് (നവാഖിദ്വുകള്‍ ആണ്).
ചോദ്യോത്തരങ്ങള്‍
അല്ലാഹുവിന്റെ കിതാബായ ഖുര്‍ആനില്‍ എല്ലാ സൂറത്തുകളും ബിസ്മി കൊണ്ടാണ് ആരംഭിച്ചിട്ടുള്ളത്. നബി -ﷺ- രാജാക്കന്മാര്‍ക്കും മറ്റും അയച്ച കത്തുകള്‍ ആരംഭിച്ചതും ബിസ്മി കൊണ്ടായിരുന്നു. സുലൈമാന്‍ -عليه السلام- ബില്‍ഖീസ് രാജ്ഞിക്ക് അയച്ച കത്ത് ആരംഭിച്ചിട്ടുള്ളത് ബിസ്മി കൊണ്ടാണെന്ന് സൂറത്തുന്നമ്ലിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മുന്‍ഗാമികളായ പണ്ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങള്‍ ആരംഭിച്ചതും ബിസ്മി കൊണ്ട് തന്നെ.
അല്ലാഹു അവന്റെ കിതാബിലും, റസൂല്‍ -ﷺ- അവിടുത്തെ പ്രവര്‍ത്തനങ്ങളിലും, പണ്ഡിതന്മാര്‍ തങ്ങളുടെ ഗ്രന്ഥങ്ങളിലും സ്വീകരിച്ച ഈ രീതിയെ പിന്‍പറ്റിക്കൊണ്ടാണ് ഈ ഗ്രന്ഥം അദ്ദേഹവും ആരംഭിച്ചിരിക്കുന്നത്.
‘ബിസ്മില്ലാഹി’ എന്നതിന്റെ അര്‍ഥം ‘അല്ലാഹുവിന്റെ നാമം കൊണ്ട്’ എന്നാകുന്നു. ഏതൊരു പ്രവര്‍ത്തനത്തിന്റെ മുന്‍പാണോ ബിസ്മി പറയപ്പെടുന്നത്, അതിനോട് യോജിച്ച ഒരു പ്രവൃത്തി ഈ വാചകത്തില്‍ മറഞ്ഞിരിക്കുന്നുണ്ട്.
ഉദാഹരണമായി, നീ എഴുതുന്നതിന് മുന്‍പാണ് ‘ബിസ്മി’ ചൊല്ലുന്നതെങ്കില്‍ ‘അല്ലാഹുവിന്റെ നാമം കൊണ്ട് ഞാന്‍ എഴുതുന്നു’ എന്നാണ് നീ ഉദ്ദേശിക്കുന്നത്. ഇപ്രകാരം തന്നെ മറ്റു പ്രവര്‍ത്തനങ്ങളും.
അല്ലാഹുവിന്റെ നാമം കൊണ്ട് നീ ഒരു കാര്യം ആരംഭിക്കുന്നത് ആ പ്രവൃത്തിയില്‍ അവന്റെ സഹായം നിനക്ക് ലഭിക്കുന്നതിന് വേണ്ടിയും, അല്ലാഹുവിന്റെ നാമം കൊണ്ട് ‘ബറകത്’ (അനുഗ്രഹം) തേടുന്നതിനുമാണ്.
അല്ലാുഹുവിന്റെ അങ്ങേയറ്റം ഉത്തമമായ നാമങ്ങളില്‍ പെട്ട -അസ്മാഉല്‍ ഹുസ്നയില്‍ പെട്ട- രണ്ടു നാമങ്ങളാണിവ.
റഹ്മാന്‍ എന്ന നാമം അല്ലാഹുവിന്റെ അസ്തിത്വവുമായി (ദാത്/നഫ്സ്) ചേര്‍ന്നു നില്‍ക്കുന്ന അവന്റെ അറ്റമില്ലാത്ത, വിശാലമായ റഹ്മതിനെ (കാരുണ്യം) അറിയിക്കുന്ന നാമമാണ്.
റഹീം എന്നതാകട്ടെ, സൃഷ്ടികളിലേക്ക് അവന്‍ നല്‍കിയിട്ടുള്ള, കാരുണ്യം ചൊരിയുക എന്ന അവന്റെ പ്രവൃത്തിയെ അറിയിക്കുന്ന നാമവുമാണ്.
റഹ്മാന്‍ എന്നാല്‍ ഇഹലോകത്ത് മുഅ്മിനുകള്‍ക്കും കാഫിറുകള്‍ക്കും കാരുണ്യം ചൊരിയുന്നവനും, റഹീം എന്നാല്‍ പരലോകത്ത് മുഅ്മിനുകള്‍ക്ക് മാത്രം കാരുണ്യം ചൊരിയുന്നവനുമാണെന്ന മറ്റൊരു അഭിപ്രായവും സലഫുകളിലെ ചില പണ്ഡിതന്മാര്‍ക്കുണ്ട്. വല്ലാഹു അഅ്ലം.
‘നാഖിദ്വ്’ (الناقض) എന്നതിന്റെ ബഹുവചനമാണ് ‘നവാഖിദ്വ്’ (النواقض) . ഒരു വസ്തുവിനെ തകര്‍ക്കുക, നശിപ്പിക്കുക എന്നതിനാണ് അറബിയില്‍ ‘നഖദ്വ’ (نقض) എന്ന് പറയുക.
ഖുര്‍ആനില്‍ ഈ പദം വന്നിട്ടുണ്ട്.
“നിങ്ങള്‍ ഉറപ്പിച്ച് സത്യം ചെയ്തശേഷം അത് ‘നഖ്ദ്വ്’ ചെയ്യരുത് (ലംഘിക്കരുത്/നശിപ്പിക്കരുത്).” (നഹ്ല്‍: 91)
‘നവാഖിദ്വുല്‍ ഇസ്‌ലാം’ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഒരു മനുഷ്യനെ ഇസ്‌ലാമില്‍ നിന്ന് പുറത്താക്കുന്ന -അറിഞ്ഞു കൊണ്ടോ അല്ലാതെയോ ചെയ്യുന്ന- ചില കാര്യങ്ങളാണ്. ഇപ്രകാരം എന്തെങ്കിലും പ്രവര്‍ത്തിച്ചു കൊണ്ട് ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുന്നതിന് രിദ്ദത് എന്നാണ് പറയുക. ആ വ്യക്തിയെ മുര്‍തദ്ദ് എന്നും വിശേഷിപ്പിക്കും.
തീര്‍ച്ചയായും. പൗരാണികരും ആധുനികരുമായ പണ്ഡിതന്മാര്‍ ഈ വിഷയം ധാരാളമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ചിലര്‍ ഈ വിഷയത്തിന് വേണ്ടി മാത്രമായി പ്രത്യേകം ഗ്രന്ഥങ്ങള്‍ രചിച്ചെങ്കില്‍, വേറെ ചിലര്‍ ഫിഖ്ഹിന്റെ (കര്‍മ്മശാസ്ത്രം) ഗ്രന്ഥങ്ങളില്‍ ‘ബാബു ഹുക്മില്‍ മുര്‍തദ്ദ്’ (മതഭ്രഷ്ടന്റെ വിധി) എന്ന പേരില്‍ ഒരു അദ്ധ്യായം തന്നെ മാറ്റിവെച്ചു.
ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്നും, അവയില്‍ ഏതിലെങ്കിലും ആപതിക്കുന്നവന്റെ വിധിയെന്താണെന്നും അവര്‍ വിശദീകരിച്ചിട്ടുണ്ട്.
പത്തില്‍ കൂടുതല്‍ നവാഖിദ്വുകള്‍ -വളരെയധികം എണ്ണം- ഉണ്ട്. വളരെ ഗൗരവതരമായ, ധാരാളമായി ജനങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന പത്ത് നവാഖിദ്വുകള്‍ മാത്രമാണ് ഇവിടെ ശൈഖ് നല്‍കിയിട്ടുള്ളത്. നവാഖിദ്വുകളെ കുറിച്ച് പ്രതിപാദിക്കവെ 400 ല്‍ അധികം നാഖിദ്വുകള്‍ ഹയ്തമി എണ്ണിയിട്ടുണ്ട്.
നാഖിദ്വുകളെ കുറിച്ച് പഠിക്കല്‍ ഇസ്‌ലാമിനെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമാണെന്നതാണ് ഈ ചോദ്യത്തിനുള്ള പ്രാഥമിക മറുപടി. അതോടൊപ്പം പറയട്ടെ;
ഹിദായത്തില്‍ (സന്മാര്‍ഗം) ഉറച്ചു നില്‍ക്കണമെങ്കില്‍ ദലാലത്തിന്റെ (ദുര്‍മാര്‍ഗം) വഴികള്‍ എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. നന്മ മാത്രം പഠിച്ചവനെക്കാള്‍ സത്യത്തിന്റെ വഴിയില്‍ സ്ഥിരതയും ദൃഢതയുമുണ്ടാവുക അസത്യത്തിന്റെ വഴികളെ കുറിച്ച് കൂടി ബോധ്യമുള്ളവനായിരിക്കും.
രോഗം അനുഭവിച്ചവനല്ലാതെ ആരോഗ്യത്തിന്റെ വില തിരിച്ചറിയുകയില്ല. ഇരുട്ടില്‍ അകപ്പെട്ടവനല്ലാതെ വെളിച്ചത്തിന്റെ വില ബോധ്യമാവില്ല. ദാഹം രുചിച്ചവനല്ലാതെ വെള്ളത്തിന്റെ മൂല്യം മനസ്സിലാവില്ല. വിശപ്പ് അറിഞ്ഞവനല്ലാതെ ഭക്ഷണത്തിന്റെ വില അറിയാന്‍ കഴിയില്ല. ഭയമെന്തെന്ന് അറിഞ്ഞവനല്ലാതെ നിര്‍ഭയത്വത്തിന്റെ വില തിരിച്ചറിയില്ല.
ഇപ്രകാരം; തൗഹീദിന്റെ വിലയും ശ്രേഷ്ഠതയും തിരിച്ചറിയുക ശിര്‍ക്ക് എന്താണെന്ന് അറിഞ്ഞവനും, ജാഹിലിയ്യത്തിന്റെ അവസ്ഥ എന്താണെന്ന് ബോധ്യപ്പെട്ടവനും മാത്രമാണ്. അപ്പോഴാണ് ശിര്‍ക്കിനെ വെടിയാനും, തന്റെ തൗഹീദിനെ സുരക്ഷിതമാക്കാനും അവന് സാധിക്കുകയുള്ളു.
ഫിത്നയുടെ കാലഘട്ടത്തില്‍ എപ്രകാരം നിലകൊള്ളണമെന്നതിന് മുസ്‌ലിംകള്‍ക്ക് വളരെ വിലപ്പെട്ട ഉപദേശങ്ങള്‍ ഹദീഥുകളായും മറ്റും പകര്‍ന്നു നല്‍കിയ സ്വഹാബിയാണ് ഹുദൈഫ -ﷺ-. തന്റെ പഠനരീതിയെ കുറിച്ച് അദ്ദേഹം പറയുന്നത് നോക്കൂ:
“ജനങ്ങള്‍ നബി-ﷺ-യോട് നന്മയെ കുറിച്ചായിരുന്നു കൂടുതല്‍ ചോദിച്ചിരുന്നത്; എന്നാല്‍ ഞാന്‍ അവിടുത്തോട് തിന്മകളെ കുറിച്ചായിരുന്നു കൂടുതല്‍ അന്വേഷിച്ചത്; അവ (തിന്മകള്‍) എന്നെ പിടികൂടുമോ എന്ന ഭയം കാരണ(മായിരുന്നു ഞാന്‍ അപ്രകാരം ചെയ്തത്).” (ബുഖാരി: 3606, മുസ്‌ലിം: 1847)
രണ്ട് വഴികളെയും കുറിച്ചോ, രണ്ടിലേതെങ്കിലും ഒന്നിനെകുറിച്ചോ ഉള്ള അറിവില്‍ കുറവുണ്ടാകുമ്പോഴാണ് ഒരാള്‍ക്ക് തന്റെ മാര്‍ഗത്തില്‍ അവ്യക്തതയുണ്ടാവുക.
ഉമര്‍ ബ്നുല്‍ ഖത്താബ് -رضي الله عنه- പറഞ്ഞത് പോലെ: “ജാഹിലിയ്യത്ത് എന്താണെന്നറിയാത്തവര്‍ ഇസ്‌ലാമില്‍ വളര്‍ന്നു വന്നാല്‍; ഇസ്‌ലാമിന്റെ കണ്ണികള്‍ ഓരോന്നോരോന്നായി അഴിഞ്ഞു പോകാറാകും.”
‘അസ്ലമ’ എന്ന അറബി പദത്തിന്റെ അര്‍ഥം സമര്‍പ്പിക്കുക എന്നാണ്.
“തൗഹീദ് കൊണ്ട് അല്ലാഹുവിന് സമര്‍പ്പിക്കുകയും, അനുസരണം കൊണ്ട് അല്ലാഹുവിന് കീഴൊതുങ്ങുകയും, ശിര്‍ക്കില്‍ (അല്ലാഹുവല്ലാത്തവര്‍ക്ക് ഇബാദത് നല്‍കല്‍) നിന്നും അതിന്റെ വക്താക്കളില്‍ നിന്നും ബന്ധവിഛേദനം നടത്തലുമാണ് ഇസ്‌ലാം.”
‘തൗഹീദ് കൊണ്ട് അല്ലാഹുവിന് സമര്‍പ്പിക്കുക’: തൗഹീദ് എന്നാല്‍ ഇബാദത് (ആരാധന) അല്ലാഹുവിന് മാത്രമാക്കലാണ്. തന്റെ ആരാധ്യനായി അല്ലാഹുവല്ലാത്ത മറ്റാരെയും അവന്‍ നിശ്ചയിക്കരുത്.
“ഏക ഇലാഹിനെ (ആരാധ്യന്‍) മാത്രം ആരാധിക്കുവാനാണ് അവര്‍ കല്‍പ്പിക്കപ്പെട്ടത്; (അല്ലാഹു;) അവനല്ലാതെ മറ്റൊരു ഇലാഹില്ല. അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നെല്ലാം അവനെത്ര പരിശുദ്ധന്‍!” (തൗബ: 31)
‘അനുസരണം കൊണ്ട് അല്ലാഹുവിന് കീഴൊതുങ്ങുക’: തൗഹീദിനോടൊപ്പം അല്ലാഹുവിനുള്ള അനുസരണവും അനിവാര്യമാണ്. അവന്റെ കല്‍പ്പനകള്‍ നീ പ്രാവര്‍ത്തികമാക്കുകയും, അവന്റെ വിലക്കുകള്‍ നീ വെടിയുകയും വേണം. പ്രവര്‍ത്തനമില്ലാതെ അല്ലാഹു ഏകനാണെന്നുള്ള വിശ്വാസം കൊണ്ട് മാത്രം കാര്യമില്ല.
‘ശിര്‍ക്കില്‍ നിന്നും അതിന്റെ വക്താക്കളില്‍ നിന്നും ബന്ധവിഛേദനം നടത്തല്‍’: അല്ലാഹുവിന് ഇബാദത് ചെയ്യുക എന്നത് കൊണ്ട് മാത്രം മതിയായില്ല; മറിച്ച് അതിനെതിരെ നിലകൊള്ളുന്ന ശിര്‍ക്കിനും, അതിന്റെ വക്താക്കള്‍ക്കുമെതിരെ ആയിരിക്കണം അവന്‍. ശിര്‍ക്കിന്റെ നിരര്‍ഥകതയും, അതിന്റെ വക്താക്കളുടെ കുഫ്റും (അനിസ്ലാമികത) അവന്‍ ഉറച്ചു വിശ്വസിക്കുകയും വേണം.
അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ചിലര്‍ ഇസ്‌ലാമില്‍ ജനിച്ചതിന് ശേഷം മുസ്‌ലിമായിട്ടല്ലാതെ മരിച്ചേക്കാം. ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം അതില്‍ നിന്ന് പുറത്തു പോകാന്‍ ചില വാക്കുകളും പ്രവൃത്തികളും വിശ്വാസങ്ങളും കാരണമായേക്കാം.
ഇസ്‌ലാമില്‍ പ്രവേശിക്കുക എന്നത് വളരെ എളുപ്പമാണ്. എന്നാല്‍ അതില്‍ നിന്ന് പുറത്തു പോകാനുള്ള സാധ്യതകളാകട്ടെ, വളരെ വേഗം ബാധിക്കാവുന്നതും, ധാരാളവുമാണ്. (സുബുലുസ്സലാം: 18)
വിഗ്രഹങ്ങളെ തകര്‍ക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അനേകം പീഢനങ്ങള്‍ സഹിക്കുകയും ചെയ്ത ഇബ്രാഹീം നബി -عليه السلام- വിഗ്രഹങ്ങളെ ആരാധിക്കുന്ന സ്ഥിതിവിശേഷം തനിക്കുണ്ടാകുന്നതില്‍ നിന്ന് രക്ഷിക്കാന്‍ അല്ലാഹുവിനോട് തേടിയതായി ഖുര്‍ആനില്‍ കാണാം.
‘എന്റെ റബ്ബേ! നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും, എന്നെയും എന്റെ മക്കളെയും വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ. എന്റെ റബ്ബേ തീര്‍ച്ചയായും അവ (വിഗ്രഹങ്ങള്‍) മനുഷ്യരില്‍ വളരെയധികം പേരെ വഴിപിഴപ്പിച്ച് കളഞ്ഞിരിക്കുന്നു’ എന്ന് ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭം.” (ഇബ്രാഹീം: 35-36)
നബിമാരുടെയും, ആദം സന്തതികളുടെയും നേതാവായ, അന്തിമ റസൂലായ, തൗഹീദിന്റെ നേതാവായ മുഹമ്മദ് നബി-ﷺ-യുടെ ദുആകളിലൊന്ന് എന്താണെന്ന് നോക്കൂ!
ഉമ്മുസലമ -رضي الله عنها- നിവേദനം: “നബി -ﷺ- യുടെ ദുആകളില്‍ ഏറ്റവും കൂടുതല്‍ അവിടുന്ന് പറഞ്ഞിരുന്നത് ‘ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ ഉറപ്പിച്ചു നിര്‍ത്തേണമേ’ എന്നായിരുന്നു.” (തിര്‍മിദി: 3522, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)
ശിര്‍ക്കില്‍ നിന്ന് രക്ഷ തേടുന്നതിനായി നബി -ﷺ- അബൂബക്കര്‍ സിദ്ധീഖ് -رضي الله عنه- വിന് പഠിപ്പിച്ചു കൊടുത്ത പ്രാര്‍ഥനയും ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.
“അല്ലാഹുവേ! ഞാന്‍ അറിഞ്ഞു കൊണ്ട് നിന്നില്‍ ശിര്‍ക്ക് ചെയ്യുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. അറിയാതെ സംഭവിക്കുന്നതില്‍ ഞാന്‍ നിന്നോട് പാപമോചനം തേടുന്നു.” (അദബുല്‍ മുഫ്റദ്: 716, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)
മഹാന്മാരായ അമ്പിയാക്കളും, സ്വഹാബികളും ശിര്‍ക്കിനെ ഭയന്നിരുന്നെങ്കില്‍ അവരെക്കാള്‍ വളരെ ശ്രേഷ്ഠതകള്‍ കുറവുള്ളവരും, നന്മകളില്‍ പിന്നാക്കമുള്ളവരുമായ നാം എന്തു കൊണ്ടും ശിര്‍ക്കിനെ ഭയപ്പെടാന്‍ അര്‍ഹരാണ്.
മുസ്‌ലിമായതിന് ശേഷം കുഫ്ര്‍ -ഇസ്‌ലാമല്ലാത്ത മതങ്ങളോ, ഭൗതികചിന്താധാരകളോ- സ്വീകരിക്കുകയും, അതില്‍ തന്നെ മരണപ്പെടുകയും ചെയ്തവര്‍ക്ക് വളരെ വേദനാജനകമായ ശിക്ഷയാണ് അല്ലാഹു പരലോകത്ത് ഒരുക്കി വെച്ചിരിക്കുന്നത്.
അല്ലാഹു -تعالى- പറഞ്ഞു:
“തങ്ങളുടെ ഈമാനിന് (സത്യവിശ്വാസമാകുന്ന ഇസ്‌ലാം) ശേഷം കുഫ്ര്‍ സ്വീകരിച്ച ഒരു സമൂഹത്തെ അല്ലാഹു എങ്ങനെ നേര്‍വഴിയിലാക്കും? റസൂല്‍ സത്യമാണെന്ന് സാക്ഷ്യം വഹിച്ചവരും, തെളിവുകള്‍ വന്നുകിട്ടിയവരുമായിരുന്നു അവര്‍. അല്ലാഹു അതിക്രമകാരികളായ സമൂഹത്തെ നേര്‍വഴിയില്‍ ആക്കുകയില്ല.
അല്ലാഹുവിന്റെയും മലക്കുകളുടെയും സര്‍വ്വജനങ്ങളുടെയും ശാപം അവരുടെ മേല്‍ ഉണ്ടാവുകയെന്നതാണ് അവര്‍ക്കുള്ള പ്രതിഫലം. അവര്‍ അതില്‍ സ്ഥിരവാസികളായിരിക്കും; ശിക്ഷ അവര്‍ക്ക് ലഘൂകരിക്കപ്പെടുന്നതേയല്ല. അവര്‍ക്ക് അവധി നല്‍കപ്പെടുകയുമില്ല.
അതിന് ശേഷം തൗബ (പശ്ചാത്താപം) ചെയ്യുകയും, (ജീവിതം) നന്നാക്കുകയും, ചെയ്തവരൊഴികെ. അപ്പോള്‍ അല്ലാഹു ഗഫൂറും റഹീമും ആകുന്നു.
ഈമാനിന് ശേഷം കുഫ്ര്‍ സ്വീകരിക്കുകയും, പിന്നീട് കുഫ്ര്‍ അധികരിക്കുകയും ചെയതവര്‍ ആരോ, അവരുടെ തൗബ (പശ്ചാത്താപം) സ്വീകരിക്കപ്പെടുകയില്ല. അവര്‍ തന്നെയാകുന്നു വഴിപിഴച്ചവര്‍.
കാഫിറുകളാവുകയും, കുഫ്റില്‍ തന്നെ മരണപ്പെടുകയും ചെയ്തവര്‍; ഭൂമി നിറയെ സ്വര്‍ണമാണ് അവര്‍ പ്രായശ്ചിത്തം നല്‍കുന്നതെങ്കിലും, അവരില്‍ ഒരാളില്‍ നിന്നും അത് സ്വീകരിക്കപ്പെടുകയില്ല. അവര്‍ക്കാകുന്നു വേദനാജനകമായ ശിക്ഷയുള്ളത്. അവര്‍ക്ക് യാതൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല.” (ആലുഇംറാന്‍: 86-91)
അല്ലാഹു -تعالى- പറഞ്ഞു:
“ഈമാന്‍ സ്വീകരിക്കുകയും, പിന്നീട് കാഫിറുകളാവുകയും, പിന്നീട് മുഅ്മിനാവുകയും, പിന്നീട് കാഫിറാവുകയും, പിന്നീട് കുഫ്ര്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തവര്‍; അവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കുകയില്ല. അവരെ അവന്‍ സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതുമല്ല.” (നിസാഅ്: 137)
ഇതല്ലാതെയും മതഭ്രഷ്ടര്‍ക്കുള്ള കഠിനശിക്ഷ അറിയിക്കുന്ന അനേകം തെളിവുകള്‍ വേറെയുമുണ്ട്. ഹദീഥുകളിലെ ചില തെളിവുകള്‍ കൂടി വായിക്കുക.
ഇബ്‌നു അബ്ബാസ് നിവേദനം: നബി -ﷺ- പറഞ്ഞു: “തന്റെ ദീന്‍ മാറ്റിമറിച്ചവനെ നിങ്ങള്‍ കൊന്നുകളയുക.” (ബുഖാരി: 3017)
അബ്ദുല്ലാഹിബ്നു മസ്ഊദ് -رضي الله عنه- നിവേദനം: നബി -ﷺ- പറഞ്ഞു : “ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ്’ എന്ന് സാക്ഷ്യം വഹിക്കുന്ന ഒരു മുസ്‌ലിമിന്റെ രക്തം മൂന്നാലൊരു കാര്യം കൊണ്ടല്ലാതെ അനുവദനീയമാകില്ല. കൊലക്ക് കൊല, വിവാഹിതനായ വ്യഭിചാരി, തന്റെ ദീന്‍ ഉപേക്ഷിച്ച് മുസ്‌ലിം സമൂഹത്തെ വെടിഞ്ഞവന്‍.” (ബുഖാരി: 6878, മുസ്‌ലിം: 1676)
മേല്‍ കല്‍പ്പനകള്‍ നിര്‍വ്വഹിക്കേണ്ടത് ഇസ്‌ലാമിക സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുത്തിട്ടുള്ള മുസ്‌ലിം ഭരണാധികാരിയാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകാന്‍ കാരണമാകുന്ന ഏതെങ്കിലും ‘നാഖിദ്വ്’ പ്രവര്‍ത്തിച്ചു കൊണ്ട് മതഭ്രഷ്ടനാകുന്നതിനാണ് രിദ്ദത്ത് എന്നു പറയുക എന്ന കാര്യം മുന്‍പ് സൂചിപ്പിക്കുകയുണ്ടായി. രിദ്ദത് എന്നതിന്റെ അറബിഭാഷയിലെ അര്‍ഥം മടക്കം എന്നാണ്.
(ഇസ്‌ലാമില്‍ നിന്ന് പുറത്താകുന്ന) എന്തെങ്കിലും വാക്കോ, വിശ്വാസമോ, പ്രവൃത്തിയോ, (മതത്തിലുള്ള) സംശയമോ കൊണ്ട് ഇസ്‌ലാമാകുന്ന തന്റെ ദീനില്‍ നിന്ന് മടങ്ങിപ്പോകുന്നവനാണ് ‘മുര്‍തദ്ദ്’ എന്നു പറയുക.
മേല്‍ പറഞ്ഞ നിര്‍വ്വചനത്തില്‍ നിന്ന് രിദ്ദത്തിന്റെ അടിസ്ഥാന ഇനങ്ങളും മനസ്സിലാക്കാന്‍ കഴിയും. അവ നാലെണ്ണമാണ്.
1- വാക്ക്.
2- വിശ്വാസം.
3- പ്രവൃത്തി.
4- സംശയം.
ഇവ രിദ്ദത്തിന്റെ അടിസ്ഥാന ഇനങ്ങളാണ്; അനേകം ശാഖോപശാഖകള്‍ അവക്ക് കീഴിലുണ്ട്.
വാക്ക് കൊണ്ടുള്ള രിദ്ദത്: ആരാലും നിര്‍ബന്ധിക്കപ്പെടാതെ, സ്വേഛപ്രകാരം കുഫ്റിന്റെയോ ശിര്‍ക്കിന്റെയോ വാക്കുകള്‍ -ബോധപൂര്‍വ്വമോ അശ്രദ്ധനായോ തമാശയായോ ആകട്ടെ- സംസാരിക്കുക എന്നത് ഉദാഹരണം. കുഫ്റിന്റെ സംസാരം അവന്‍ നടത്തിക്കഴിഞ്ഞാല്‍ അവന്‍ മുര്‍തദ്ദാണെന്ന് വിധിക്കപ്പെടും.
അല്ലാഹു -تعالى- പറഞ്ഞു:
“തീര്‍ച്ചയായും അവര്‍ കുഫ്റിന്റെ വാക്ക് പറഞ്ഞിരിക്കുന്നു; അവരുടെ ഇസ്‌ലാം (ആശ്ലേഷണത്തിന്) ശേഷം അവര്‍ കാഫിറുകളായിരിക്കുന്നു.” (തൗബ: 74)
അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാര്‍ഥിക്കുക, അവരോട് സഹായതേട്ടം നടത്തുക, മരണപ്പെട്ടവരെ വിളിച്ച് കൊണ്ട്, ‘എന്നെ സഹായിക്കണേ’, ‘എന്നെ രക്ഷിക്കണേ’ എന്നിങ്ങനെ പറയുന്നതും വാക്ക് കൊണ്ടുള്ള രിദ്ദതിന് മറ്റൊരു ഉദാഹരണമാണ്.
വിശ്വാസം കൊണ്ടുള്ള രിദ്ദത്: ഇസ്‌ലാമിന് തീര്‍ത്തും കടകവിരുദ്ധമായ, അതിനെ ഇല്ലാതാക്കിക്കളയുന്ന ഒരു കാര്യം മനസ്സില്‍ വിശ്വസിച്ചാല്‍ അയാള്‍ കാഫിറാകും.
ഉദാഹരണത്തിന്; നിസ്കാരം വാജിബ് (നിര്‍ബന്ധം) അല്ലെന്നും, അതിന് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ലെന്നും, അത് കേവലം ചില അഭ്യാസങ്ങള്‍ മാത്രമാണെന്നും ഒരാള്‍ വിശ്വസിച്ചാല്‍ അയാള്‍ കാഫിറാകും. അവന്‍ ചിലപ്പോള്‍ പുറമേക്ക് നിസ്കരിക്കുന്നണ്ടാകും; എന്നാലും മനസ്സില്‍ ഈ വിശ്വാസമാണ് അവന് ഉള്ളതെങ്കില്‍ അവന്‍ മുസ്‌ലിമല്ല.
മുനാഫിഖുകളോടാണ് ഇത്തരക്കാര്‍ സാദൃശ്യപ്പെട്ടിരിക്കുന്നത്. മുഹമ്മദ് -ﷺ- അല്ലാഹുവിന്റെ നബിയാണെന്ന് പുറമേക്ക് അവര്‍ പറഞ്ഞിരുന്നെങ്കില്‍ കൂടി അവര്‍ക്ക് മനസ്സില്‍ ആ വിശ്വാസമില്ലായിരുന്നു. അവരുടെ മനസ്സുകളിലുള്ള ആ വിശ്വാസം കാരണത്താല്‍ അല്ലാഹു അവരെ കാഫിറുകളായാണ് വിശേഷിപ്പിച്ചത്.
അല്ലാഹു -تعالى- പറഞ്ഞു:
“മുനാഫിഖുകള്‍ (കപടവിശ്വാസികള്‍) നിന്റെ അരികില്‍ വന്നാല്‍ ‘നീ അല്ലാഹുവിന്റെ റസൂലാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു’ എന്ന് പറയും. അല്ലാഹുവിന് അറിയാം നീ അവന്റെ റസൂലാണെന്ന്. മുനാഫിഖുകള്‍ തീര്‍ച്ചയായും കളവു പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. തങ്ങളുടെ ശപഥങ്ങളെ അവര്‍ പരിചയാക്കിയിരിക്കുകയാണ്.” (മുനാഫിഖൂന്‍: 1-2)
പ്രവൃത്തി കൊണ്ടുള്ള രിദ്ദത്: അല്ലാഹുവല്ലാത്തവര്‍ക്ക് വേണ്ടി ബലിയറുക്കുക എന്നത് ഒരു ഉദാഹരണം. ആരെങ്കിലും മുശ്രിക്കുകള്‍ ആരാധിക്കുന്ന വിഗ്രഹങ്ങളില്‍ ഏതെങ്കിലും ഒന്നിനോ, ഖബറുകള്‍ക്ക് വേണ്ടിയോ ബലിയറുത്താല്‍ -അവന്‍ നിസ്കരിക്കുകയും ഖുര്‍ആന്‍ പാരായണം ചെയ്യുകയും, ഹജ്ജ് നിര്‍വ്വഹിക്കുകയും ചെയ്തവനാണെങ്കിലും- അവന്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകും.
സംശയം കൊണ്ടുള്ള രിദ്ദത്: ഒരാള്‍ നബി -ﷺ- എത്തിച്ചു തന്ന ദീന്‍ ശരിയാണോ അല്ലേ എന്ന് സംശയിക്കുകയോ, പരലോകത്തിന്റെ കാര്യത്തില്‍ ശങ്കയുള്ളവനാവുകയോ, സ്വര്‍ഗ-നരകങ്ങളുടെ യാഥാര്‍ഥ്യത്തില്‍ ഉറപ്പില്ലാത്തവനാവുകയോ ചെയ്താല്‍ അവന്‍ കാഫിറാകും. ദീനില്‍ പെട്ട കാര്യങ്ങള്‍ -നിസ്കാരവും നോമ്പും സകാതുമെല്ലാം- പ്രവൃത്തിയില്‍ കൊണ്ടു വരുന്നുണ്ടെങ്കിലും, ദീനിന്റെ അടിസ്ഥാനകാര്യങ്ങളില്‍ സംശയമുള്ളവനാണ് അവനെങ്കില്‍ ഈ പ്രവര്‍ത്തനങ്ങളൊന്നും അല്ലാഹുവിങ്കല്‍ സ്വീകാര്യമാവില്ലെന്ന് മാത്രമല്ല, അവന്‍ കാഫിറായാണ് പരിഗണിക്കപ്പെടുക.
ഈ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ മൂന്ന് നിലപാടുകള്‍ നിലനില്‍ക്കുന്നുണ്ട്. അവയെ കുറിച്ച് ഇവിടെ ചുരുക്കി പ്രതിപാദിക്കാം.
1- അതിരുകവിയുന്നവര്‍. ഇവര്‍ ഖുര്‍ആനിലോ സുന്നത്തിലോ ശിര്‍ക്ക്, കുഫ്ര്‍ എന്നിങ്ങനെ വിശേഷിപ്പിക്കട്ടെ എന്തെങ്കിലും കാര്യം ആരിലെങ്കിലും കണ്ടാല്‍ അവരെ കാഫിര്‍ എന്ന് മുദ്രകുത്തുകയും, തക്ഫീര്‍ (കാഫിറാക്കല്‍) നടത്തുകയും ചെയ്യും. വ്യക്തമായ അറിവോ, അവഗാഹമോ, അവധാനതയോ ഇല്ലാതെ ജനങ്ങളെ കാഫിറുകളെന്ന് വിശേഷിപ്പിക്കുന്ന ഇത്തരക്കാര്‍ ഇസ്‌ലാമിലെ ആദ്യ പിഴച്ച കക്ഷിയായ ഖവാരിജുകളുടെ വഴിയിലാണ്. തങ്ങള്‍ക്കെതിരായവരെയെല്ലാം കാഫിറുകള്‍ ആക്കുകയെന്നത് അവരുടെ പ്രധാന അടിസ്ഥാനതത്വങ്ങളില്‍ ഒന്നായിരുന്നു.
ഖുര്‍ആനിലും സുന്നത്തിലും വന്ന തെളിവുകളെ പരിപൂര്‍ണമായും പരിശോധിക്കാതെ, ഏതെങ്കിലും ഒരു തെളിവ് മാത്രം പൊക്കിപ്പിടിച്ച് അത് പ്രാവര്‍ത്തികമാക്കി എന്നതായിരുന്നു അവര്‍ക്ക് ഈ അബദ്ധം സംഭവിക്കാനുണ്ടായ പ്രധാനകാരണം.
ഖുര്‍ആനില്‍ കുഫ്ര്‍, ശിര്‍ക്ക് എന്നിങ്ങനെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളവയില്‍ വലിയ ശിര്‍ക്ക്/കുഫ്ര്‍, ചെറിയ ശിര്‍ക്ക്/കുഫ്ര്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. ചെറിയ ശിര്‍ക്ക് ചെയ്തവന്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകില്ലെന്ന അടിസ്ഥാനവിവരം പോലും അവര്‍ക്ക് അജ്ഞമായപ്പോള്‍ സംഭവിച്ചത് മുസ്‌ലിം ബഹുഭൂരിപക്ഷത്തെ കാഫിറുകളായി മുദ്രകുത്തുകയെന്ന ഗൗരവതരമായ അബദ്ധമായിരുന്നു.
2- അലസതയുള്ളവര്‍. ഈമാന്‍ ഹൃദയത്തിലുണ്ടായാല്‍ മതിയെന്നും, അവര്‍ എന്തെല്ലാം പ്രവര്‍ത്തിച്ചാലും -വലിയ കുഫ്റും ശിര്‍ക്കുമാകുന്ന ഏതെല്ലാം നവാഖിദ്വുകളായാലും- അവര്‍ ഇസ്‌ലാമിന്റെ വലയത്തിനുള്ളില്‍ തന്നെയാണെന്ന് പറയുന്നവരാണ് ഇവര്‍. ഇസ്‌ലാമിലെ പിഴച്ച കക്ഷികളിലൊന്നായ മുര്‍ജിഅതുകളോടാണ് ഇത്തരക്കാര്‍ക്ക് സാദൃശ്യമുള്ളത്.
അല്ലാഹു സ്വമദും, ഖാദിറുമാണെന്ന വിശ്വാസമുണ്ടെങ്കില്‍ ഏത് ഖബ്റിന്റെ മുന്നില്‍ പോയി കുമ്പിട്ടാലും, ഏത് ഔലിയയെ വിളിച്ച് പ്രാര്‍ഥിച്ചാലും അവന്‍ കാഫിറാകില്ലെന്ന് പറയുന്ന നമ്മുടെ നാട്ടിലെ ഖബര്‍പൂജകര്‍ തങ്ങളുടെ വാദങ്ങള്‍ക്ക് അവലംബം കണ്ടെത്തിയത് ഈ പിഴച്ച ചിന്താഗതിയില്‍ നിന്നാണെന്ന് ആലോചിച്ചാല്‍ മനസ്സിലാകും.
കാഫിറിന് തന്റെ കുഫ്റിനോടൊപ്പം ഒരു ഇബാദത്തും ഉപകാരം ചെയ്യില്ലെന്നത് പോലെ, മുഅ്മിനിന് തന്റെ ഹൃദയത്തിലെ ഈമാനിനൊപ്പം ഒരു തിന്മയും ഉപദ്രവമേല്‍പ്പിക്കില്ലെന്നതാണ് അവരുടെ ന്യായം. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞവര്‍ക്ക് സ്വര്‍ഗമുണ്ടെന്ന് വാഗ്ദാനം ചെയ്യുന്ന ഹദീഥുകള്‍ മാത്രം പരിഗണിക്കുകയും, തിന്മ ചെയ്തവര്‍ക്ക് ശിക്ഷയുണ്ടെന്ന ഹദീഥുകളെ അവഗണിക്കുകയും ചെയ്തതാണ് ഈ പിഴവിന്റെ അടിസ്ഥാന കാരണം.
3- മദ്ധ്യമനിലപാടുള്ളവര്‍. ഖവാരിജുകളുടെയും മുര്‍ജിഅത്തിന്റെയും വാദമുഖങ്ങളിലേക്ക് ചായാതെ മദ്ധ്യമ നിലപാട് -വസ്വത്വ്- സ്വീകരിച്ചവരാണിവര്‍. ശിര്‍ക്കും കുഫ്റും വലുതും ചെറുതുമെന്നിങ്ങനെ രണ്ട് തരമുണ്ടെന്നും, വലിയവ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകാന്‍ കാരണമാകുമെന്നും, മറ്റുള്ളവ അങ്ങനെയല്ലെന്നും അവര്‍ വിശദീകരിച്ചു. മുര്‍ജിഉകളെ പോലെ അല്ലാഹുവിന്റെ കാരുണ്യം മാത്രം പ്രതീക്ഷിച്ച് തിന്മകളെ ലഘൂകരിക്കാതെയും, ഖവാരിജുകളെ പോലെ അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് അവയെ അനാവശ്യമായി പര്‍വതീകരിക്കാതെയും അവര്‍ മദ്ധ്യമനിലപാടില്‍ നിലകൊണ്ടു.
അറിവില്ലായ്മ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും.
ഇസ്‌ലാമുമായി ബന്ധമില്ലാത്ത, പണ്ഡിതന്മാരില്ലാത്ത ഒരു നാട്ടില്‍ ജീവിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്റെ അറിവില്ലായ്മ ഇല്ലാതെയാക്കാന്‍ വഴികളില്ല. അവന് ഒഴിവുകഴിവ് നല്‍കപ്പെടും.
എന്നാല്‍ ഇസ്‌ലാമിന്റെ ആളുകള്‍ക്കിടയില്‍ ജീവിക്കുന്ന, ഖുര്‍ആനും ഹദീഥും കേള്‍പ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന, തൗഹീദും സുന്നത്തും പഠിപ്പിക്കപ്പെടുന്ന ഒരു നാട്ടില്‍ ജീവിക്കുന്നവന്‍ തന്റെ മടിയും അഹങ്കാരവും കാരണത്താല്‍ പഠിക്കുന്നതില്‍ നിന്ന് വിട്ടുനിന്നാല്‍ അവന് എങ്ങനെയാണ് ഒഴിവുകഴിവ് നല്‍കുക?!
തീര്‍ച്ചയായും.
തൗബ ചെയ്തവരുടെ തൗബ അല്ലാഹു സ്വീകരിക്കുക തന്നെ ചെയ്യും. തിന്മ ചെയ്തവരാകട്ടെ, ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോയ മുര്‍തദ്ദുള്‍ തന്നെയോ ആകട്ടെ, അവരുടെ തൗബ ആത്മാര്‍ഥമെങ്കില്‍ അല്ലാഹു സ്വീകരിക്കുന്നതാണ്.
“തൗബ ചെയ്യുകയും, ഈമാന്‍ സ്വീകരിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും -പിന്നീട് സന്മാര്‍ഗത്തില്‍ എത്തുകയും ചെയ്തവര്‍ക്ക്- ഞാന്‍ പൊറുത്തു കൊടുക്കുന്നവന്‍ തന്നെയാണ്.” (ത്വാഹ: 82)
“പറയുക! സ്വന്തങ്ങളോട് അതിക്രമം പ്രവര്‍ത്തിച്ച എന്റെ അടിമകളേ! നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു എല്ലാ തിന്മകളും പൊറുത്തു കൊടുക്കും.” (സുമര്‍: 53)
എന്നാല്‍ നവാഖിദ്വുകള്‍ ചെയ്ത് കാഫിറാവുകയും പിന്നീട് കുഫ്റില്‍ തന്നെ മരണപ്പെടുകയും ചെയ്തവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കില്ല.
“തങ്ങളുടെ ഈമാനിന് ശേഷം കുഫ്ര്‍ സ്വീകരിക്കുകയും സ്വീകരിക്കുകയും, പിന്നീട് കുഫ്ര്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തവര്‍; അവരുടെ തൗബ സ്വീകരിക്കപ്പെടുകയില്ല. അവര്‍ തന്നെയാകുന്നു വഴിപിഴച്ചവര്‍.” (ആലു ഇംറാന്‍: 90)
മുര്‍തദ്ദിന്റെ സല്‍കര്‍മ്മങ്ങള്‍ -അവന്‍ തൗബ ചെയ്ത് ഇസ്‌ലാമിലേക്ക് മടങ്ങിയാലും- നിഷ്ഫലമായി പോകുമെന്ന് ഒരു വിഭാഗം പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. ഉദാഹരണത്തിന് വുദു ഉള്ളവനായിരിക്കെയാണ് അവന്‍ മുര്‍തദ്ദായതെങ്കില്‍, അവന്റെ വുദു നഷ്ടപ്പെടും; രിദ്ദത്തില്‍ നിന്ന് തൗബ ചെയ്ത് മടങ്ങിയാല്‍ പുതുതായി അവന്‍ വീണ്ടും വുദു എടുക്കണം.
മറ്റൊരു അഭിപ്രായം -അതാണ് കൂടുതല്‍ ശരിയായത്-: ഒരാള്‍ മുര്‍തദ്ദായതിന് ശേഷം തൗബ ചെയ്ത് ഇസ്‌ലാമിലേക്ക് തിരിച്ചു വന്നാല്‍ അവന്റെ സല്‍കര്‍മ്മങ്ങള്‍ അവനിലേക്ക് തിരിച്ചു വരുമെന്നാണ്.
“നിങ്ങളില്‍ ആരെങ്കിലും തന്റെ ദീനില്‍ നിന്ന് പുറത്തു പോവുകയും, പിന്നീട് കാഫിറായി മരണപ്പെടുകയും ചെയ്താല്‍; അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇഹലോകത്തും പരലോകത്തും നിഷ്ഫലമായിരിക്കുന്നു.” (ബഖറ: 217)
“കാഫിറായി മരണപ്പെട്ടാല്‍” എന്ന സാരം വരുന്ന അല്ലാഹുവിന്റെ വാക്കില്‍ നിന്ന് കാഫിറാകാതെയാണ് അവന്‍ മരണപ്പെടുന്നതെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാകില്ലെന്ന് മനസ്സിലാക്കാം. വല്ലാഹു അഅ്ലം.
ഇല്ല. കുളിക്കേണ്ടതില്ല.
എന്നാല്‍ ഒരു അമുസ്‌ലിം -ജനനം കൊണ്ട് തന്നെ കാഫിറായിരുന്നവന്‍- തൗബ ചെയ്യുകയും, മുസ്‌ലിമാവുകയും ചെയ്താല്‍ അവന്‍ കുളിക്കേണ്ടതുണ്ട് എന്ന് ചില പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്.
എന്നാല്‍ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം അവരുടെ മേലും കുളി നിര്‍ബന്ധമില്ല എന്നാണ്. നബി-ﷺ-യുടെ കാലഘട്ടത്തില്‍ അനേകം പേര്‍ ഇസ്‌ലാം സ്വീകരിച്ചപ്പോഴൊന്നും, അവര്‍ കുളിക്കാന്‍ കല്‍പ്പിക്കപ്പെട്ടിട്ടില്ല.
അവലംബം: ദുറൂസുന്‍ ഫീ നവാഖിദില്‍ ഇസ്‌ലാം – ശൈഖ് സ്വാലിഹ് അല്‍-ഫൗസാന്‍
I need to contact this informer.I have some doubts.give me what’s app no.Or contact me in+919526673138
Maranasheshamulla chadangukal vishadhamaakkamo?