മത് ന്‍

الأَوَّلُ: الشِّرْكُ فِي عِبَادَةِ اللَّهِ تَعَالَى.

وَالدَّلِيلُ قَوْلُهُ تَعَالَى: «إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ»

وَمِنْهُ: الذَّبْحُ لِغَيْرِ اللَّهِ؛ كَمَنْ يَذْبَحُ لِلْجِنِّ أَوْ لِلْقَبْرِ.

അര്‍ഥം

റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തില്‍. ഒന്ന്: അല്ലാഹു-تعالى-ക്കുള്ള ഇബാദത്തില്‍ പങ്കുചേര്‍ക്കല്‍. അതിനുള്ള തെളിവ് അല്ലാഹുവിന്റെ വാക്കാണ്:

«إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ»

“തീര്‍ച്ചയായും അല്ലാഹു അവനില്‍ ശിര്‍ക്ക് ചെയ്യപ്പെടുന്നത് പൊറുത്തു കൊടുക്കുകയില്ല; അതിന് താഴെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തു കൊടുക്കും.”

അതില്‍ പെട്ടതാണ് അല്ലാഹു അല്ലാത്തവര്‍ക്കായി ബലിയറുക്കല്‍. ജിന്നുകള്‍ക്കോ ഖബറുകള്‍ക്കോ ബലിയറുക്കുന്നവരെ പോലെ.

ചോദ്യോത്തരങ്ങള്‍

<strong>എന്താണ് 'ഇബാദത്'?</strong>

ഇബാദതിന് ആരാധന എന്നാണ് മലയാളത്തില്‍ സാധാരണ അര്‍ഥം നല്‍കപ്പെടാറുള്ളത്. വളരെ വിശാലമായ അര്‍ഥങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു വാക്കാണത്.

അല്ലാഹുവിന്റെ മുന്നില്‍ അങ്ങേയറ്റത്തെ സ്നേഹവും അങ്ങേയറ്റത്തെ താഴ്മയും ഒരുമിക്കുന്ന പ്രവര്‍ത്തനമാണ് ഇബാദത് എന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رحمه الله- പറഞ്ഞ നിര്‍വ്വചനം കുറച്ചു കൂടി വ്യക്തമാണ്. അദ്ദേഹം പറഞ്ഞു:

قَالَ شَيْخُ الإِسْلَامِ: «العِبَادَةُ: اسْمٌ جَامِعٌ لِكُلِّ مَا يُحِبُّهُ اللَّهُ وَيَرْضَاهُ مِنَ الأَقْوَالِ وَالأَعْمَالِ الظَّاهِرَةِ وَالبَاطِنَةِ»

“ഇബാദത്ത് എന്നാല്‍: അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമായ ആന്തരികവും ബാഹ്യവുമായ എല്ലാ വാക്കുകളെയും പ്രവര്‍ത്തികളെയും ഉള്‍ക്കൊള്ളുന്ന ഒരു പദമാണ്.”

ആന്തരികം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനസ്സിനുള്ളിലെ പ്രവര്‍ത്തനങ്ങളാണ്. ഉദാഹരണത്തിന് അങ്ങേയറ്റത്തെ ഭയം, പ്രതീക്ഷ, സ്നേഹം, തവക്കുല്‍ പോലുള്ളവ. ഇവയെല്ലാം മനസ്സിന്റെ പ്രവര്‍ത്തനങ്ങളാണ്.

ബാഹ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശരീരാവയവങ്ങള്‍ കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ്. ഉദാഹരണമായി സ്വലാത് (നിസ്കാരം), നോമ്പ്, സകാത്ത്, ഹജ്ജ് പോലുള്ളവ.

ആന്തരികവും ബാഹ്യവുമായ വാക്കുകള്‍ക്ക് ഉദാഹരണമാണ് ദിക്റുകള്‍. മനസ്സില്‍ മാത്രമാണ് ഒരാള്‍ ദിക്റെടുക്കുന്നതെങ്കില്‍ അത് ആന്തരികമായ വാക്ക് കൊണ്ടുള്ള ഇബാദത്താണ്. എന്നാല്‍ നാവ് കൊണ്ട് ദിക്ര്‍ എടുത്താല്‍ അത് ബാഹ്യമായ വാക്ക് കൊണ്ടുള്ള ഇബാദത്താണ്. മനസ്സും നാവും ഒരുമിച്ചു നില്‍ക്കുന്ന ദിക്റാണെങ്കില്‍ അത് ആന്തരികവും ബാഹ്യവുമായ അവയങ്ങള്‍ യോജിച്ച ഇബാദതിന്റെ ഉദാഹരണമാകും.

<strong>ഇസ്‌ലാമില്‍ ഇബാദതിനുള്ള പ്രാധാന്യം എന്താണ്?</strong>

മനുഷ്യനും ജിന്നുകളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തന്നെ അല്ലാഹുവിന് ഇബാദത് ചെയ്യുക എന്ന പരമപ്രധാനമായ ലക്ഷ്യനിര്‍വ്വഹണത്തിന് വേണ്ടിയാണ്.

അല്ലാഹു -تعالى- പറഞ്ഞു:

وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾ 

“ജിന്നുകളെയും മനുഷ്യരെയും എനിക്ക് മാത്രം ഇബാദത്ത് ചെയ്യുന്നതിന് വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.” (ദാരിയാത്ത്: 56)

അല്ലാഹു -تعالى- പറഞ്ഞു:

وَاعْبُدُوا اللَّـهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ

“നിങ്ങള്‍ അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുകയും, അവനില്‍ ശിര്‍ക്ക് ചെയ്യാതിരിക്കുകയും ചെയ്യുക.” (നിസാഅ്: 36)

അല്ലാഹു -تعالى- പറഞ്ഞു:

وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَـٰهًا وَاحِدًا ۖ لَّا إِلَـٰهَ إِلَّا هُوَ ۚ سُبْحَانَهُ عَمَّا يُشْرِكُونَ ﴿٣١﴾

“ഏകഇലാഹായ   (അല്ലാഹുവിന്) ഇബാദത്ത് ചെയ്യണമെന്നല്ലാതെ അവര്‍ കല്‍പ്പിക്കപ്പെട്ടിട്ടില്ല. അവനല്ലാതെ മറ്റൊരു ഇലാഹുമില്ല.” (തൗബ: 31)

അല്ലാഹു -تعالى- പറഞ്ഞു:

قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَبِّ الْعَالَمِينَ ﴿١٦٢﴾ لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ ﴿١٦٣﴾

“പറയുക! എന്റെ നിസ്കാരവും ബലികര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകങ്ങളുടെ റബ്ബായ   അല്ലാഹുവിന്നാകുന്നു. അവന് യാതൊരു പങ്കുകാരനുമില്ല. അപ്രകാരമാണ് ഞാന്‍ കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഞാന്‍ മുസ്‌ലിമീങ്ങളില്‍ ഒന്നാമനാകുന്നു.” (അന്‍ആം: 162-163)

അല്ലാഹു -تعالى- പറഞ്ഞു:

قُلْ إِنَّمَا أُمِرْتُ أَنْ أَعْبُدَ اللَّـهَ وَلَا أُشْرِكَ بِهِ ۚ إِلَيْهِ أَدْعُو وَإِلَيْهِ مَآبِ ﴿٣٦﴾

“പറയുക! അല്ലാഹുവിന് ഇബാദത്ത് ചെയ്യുവാനും, അവനില്‍ ശിര്‍ക്ക് ചെയ്യാതിരിക്കാനും മാത്രമാണ് ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. അവനിലേക്കാണ് ഞാന്‍ ക്ഷണിക്കുന്നത്; അവനിലേക്ക് തന്നെയാണ് എന്റെ മടക്കവും.” (റഅ്ദ്: 36)

<strong>ഇബാദത് അല്ലാഹുവിങ്കല്‍ സ്വീകാര്യമാകാനുള്ള നിബന്ധനകള്‍ ഏതെല്ലാമാണ്?</strong>

ഇബാദത്ത് അല്ലാഹുവിന് തൃപ്തികരമാകണമെങ്കില്‍ രണ്ട് നിബന്ധനകള്‍ (ശ്വര്‍ത്വുകള്‍) ഉണ്ട്.

ഒന്ന്: ഇഖ്ലാസ് (അല്ലാഹുവിന് മാത്രമാക്കുക).

രണ്ട്: ഇത്തിബാഅ്. (നബി -ﷺ- കാണിച്ചു തന്നത് പ്രകാരമായിരിക്കുക)

ഈ രണ്ട് കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് ഇബാദത്തുകളില്‍ നിന്ന് നഷ്ടപ്പെട്ടാല്‍ അവന്റെ ഇബാദത്ത് സ്വീകാര്യമാകില്ല. അല്ലാഹു -تعالى- പറഞ്ഞു:

الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ ﴿٢﴾

“നിങ്ങളില്‍ ആരാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് എന്നറിയുന്നതിന് വേണ്ടി ജീവിതത്തെയും മരണത്തെയും സൃഷ്ടിച്ചവനാണ് അവന്‍ (അല്ലാഹു).” (മുല്‍ക്: 2)

ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഫുദൈല്‍ ബ്നു ഇയാദ് -رحمه الله- പറഞ്ഞു: “ഏറ്റവും നല്ല പ്രവര്‍ത്തനമെന്നാല്‍ ഏറ്റവും ഇഖ്ലാസുള്ളതും, ഏറ്റവും ശരിയായതുമാണ്.” അപ്പോള്‍ ചിലര്‍ ചോദിച്ചു: “ഏറ്റവും ഇഖ്ലാസുള്ളതും, ഏറ്റവും ശരിയായതും എന്നാല്‍ എന്താണ് ഉദ്ദേശം?”

അദ്ദേഹം പറഞ്ഞു: “ഒരു ഇബാദത്ത് എപ്പോള്‍ അല്ലാഹുവിന് മാത്രമുള്ളതാകുന്നോ അപ്പോള്‍ അത് ഇഖ്ലാസുള്ളതാകുന്നു. ഒരു ഇബാദത്ത് എപ്പോള്‍ നബി-ﷺ-യുടെ സുന്നത്തിനോട് യോജിച്ചു നില്‍ക്കുന്നുവോ അപ്പോള്‍ അത് ഏറ്റവും ശരിയായതാകുന്നു.

പ്രവര്‍ത്തനം ഇഖ്ലാസുള്ളതാകുകയും നബി-ﷺ-യുടെ സുന്നത്തിനോട് യോജിക്കാതെ വരികയും ചെയ്താല്‍ അത് സ്വീകരിക്കപ്പെടുകയില്ല. നബി-ﷺ-യുടെ സുന്നത്തിനോട് യോജിക്കുകയും ഇഖ്ലാസ് ഇല്ലാതെയാവുകയും ചെയ്താല്‍ അതും സ്വീകരിക്കപ്പെടുകയില്ല.” (മജ്മൂഉല്‍ ഫതാവ: 11/600)

<strong>ഇബാദതില്‍ നിര്‍ബന്ധമായും അടങ്ങിയിരിക്കേണ്ട സത്ത എന്തെല്ലാമാണ്?</strong>

ഇബാദതിന്റെ റുക്നുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന മൂന്ന് കാര്യങ്ങള്‍ ഏതൊരു ഇബാദത്തിലും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതുണ്ട്. ഒരു മനുഷ്യനെ അല്ലാഹുവിന് ഇബാദത് ചെയ്യുക എന്നതിലേക്ക് പ്രേരിപ്പിക്കുന്നത് ഈ മൂന്ന് കാര്യങ്ങളും ഒരുമിച്ചായിരിക്കണം. അവ:

1- ഭയം (ഖൗഫ്)

2- പ്രതീക്ഷ (റജാഅ്)

3- സ്നേഹം (മഹബ്ബഃ)

ഈ മൂന്ന് കാര്യങ്ങളില്‍ ഏതിലെങ്കിലും ഒരാള്‍ അതിര് കവിയുകയും, മറ്റുള്ളവയെ തീര്‍ത്തും അവഗണിക്കുകയും ചെയ്താല്‍ അവന്റെ ഇബാദതുകള്‍ പിഴവിലാവുകയും, അവ ചിലപ്പോള്‍ സ്വീകാര്യമല്ലാതാവുകയും ചെയ്തേക്കാം.

അല്ലാഹുവിനെ സ്നേഹിക്കുന്നു എന്ന പേരില്‍ -അവന്‍ സല്‍കര്‍മ്മികള്‍ക്ക് പ്രതിഫലമായി നിശ്ചയിച്ച സ്വര്‍ഗത്തില്‍ യാതൊരു പ്രതീക്ഷയും അര്‍പ്പിക്കാതെ, അധര്‍മ്മകാരികള്‍ക്ക് ശിക്ഷയായി ഒരുക്കിയ നരകത്തെ ഒട്ടും ഭയക്കാതെ- അവന് ഇബാദത് ചെയ്യുന്ന സ്വൂഫികള്‍ക്ക് ഈ പിഴവ് സംഭവിച്ചിട്ടുണ്ട്.

സൃഷ്ടികളില്‍ അല്ലാഹുവിന് ഏറ്റവും തൃപ്തിയുള്ളവരായ നബിമാരെ കുറിച്ച് ഖുര്‍ആനില്‍ അവന്‍ പറഞ്ഞു:

إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ ﴿٩٠﴾

“അവര്‍ നന്മകളില്‍ മുന്നേറുന്നവരും, പ്രതീക്ഷയോടും ഭയത്തോടും കൂടെ നമ്മോട് ദുആ (പ്രാര്‍ഥന) ചെയ്യുന്നവരുമായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരും ആയിരുന്നു.” (അമ്പിയാഅ്: 90)

അല്ലാഹുവിന്റെ ആയതുകളില്‍ -ദൃഷ്ടാന്തങ്ങളില്‍- വിശ്വസിച്ച മുഅ്മിനുകളെ വിശേഷിപ്പിക്കവെ അവന്‍ പറഞ്ഞു:

 يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿١٦﴾

“ഭയത്തോടും പ്രതീക്ഷയോടും കൂടെ അവര്‍ തങ്ങളുടെ റബ്ബിനോട് ദുആ ചെയ്യുന്നു.” (സജദഃ: 16)

അല്ലാഹുവിനെ ഭയക്കുന്നു എന്ന പേരില്‍ -അവന്റെ കാരുണ്യത്തില്‍ തീര്‍ത്തും പ്രതീക്ഷയില്ലാത്തവരായി-, വന്‍പാപങ്ങള്‍ ഏതെങ്കിലും ചെയ്തവന്‍ കാഫിറാകുമെന്നും, അവന്‍ ശാശ്വത നരകവാസിയാണെന്നും, അല്ലാഹുവിന്റെ മഗ്ഫിറത് (പശ്ചാത്താപം) അവന് ലഭിക്കുകയില്ലെന്നും വാദിച്ച്, ഇസ്‌ലാമിലെ ആദ്യത്തെ പിളര്‍പ്പിന് കാരണക്കാരായ ഖവാരിജുകളും ഈ വിഷയത്തില്‍ പിഴവ് സംഭവിച്ചവര്‍ തന്നെ.

എന്നാല്‍ നബിമാരും ഔലിയാക്കന്മാരും അല്ലാഹുവില്‍ പ്രതീക്ഷ വെക്കുന്നവരും, അവനില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരെ ആക്ഷേപിക്കുന്നവരും ആയിരുന്നു.

അല്ലാഹു -تعالى- പറഞ്ഞു:

قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِ إِلَّا الضَّالُّونَ ﴿٥٦﴾

“അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: ‘വഴികേടിലായവര്‍ അല്ലാതെ മറ്റാരെങ്കിലും അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാകുമോ?”‘ (ഹിജ്ര്‍: 56)

قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ ۚ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴿٥٣﴾

“പറയുക: സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ച എന്റെ അടിമകളേ! നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് നിരാശരാകരുത്. അല്ലാഹു എല്ലാ തിന്മകളും പൊറുക്കുന്നവനാകുന്നു.” (സുമര്‍: 53)

അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തി -അവന്റെ ശിക്ഷയെ ഒട്ടും ഭയക്കാതെയും, തിന്മകള്‍ ചെയ്തവര്‍ക്ക് അവന്‍ ഒരുക്കി വെച്ചിട്ടുള്ള നരകത്തെ പേടിക്കാതെയും- മതവിഷയങ്ങളില്‍ അലസത പുലര്‍ത്തിയ മുര്‍ജിഅതിന്റെ വക്താക്കളും ഈ പിഴവില്‍ പങ്കാളികള്‍ തന്നെ. അല്ലാഹുവിന്റെ തന്ത്രത്തില്‍ നിര്‍ഭയരായ ഇത്തരക്കാരെ ഖുര്‍ആനില്‍ ശക്തമായ ഭാഷയില്‍ അല്ലാഹു ആക്ഷേപിച്ചിരിക്കുന്നു.

أَفَأَمِنُوا مَكْرَ اللَّـهِ ۚ فَلَا يَأْمَنُ مَكْرَ اللَّـهِ إِلَّا الْقَوْمُ الْخَاسِرُونَ ﴿٩٩﴾

“അവര്‍ അല്ലാഹുവിന്റെ തന്ത്രത്തില്‍ നിന്ന് നിര്‍ഭയരാണോ? അല്ലാഹുവിന്റെ തന്ത്രത്തില്‍ നിന്ന് പരാജിതരായ സമൂഹമല്ലാതെ നിര്‍ഭയരാവുകയില്ല.” (അഅ്റാഫ്: 99)

نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ ﴿٤٩﴾ وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ ﴿٥٠﴾

“ഞാനാണ് ‘ഗഫൂറും’ ‘റഹീമും’ ആയിട്ടുള്ളവന്‍ എന്ന് എന്റെ അടിമകളെ അറിയിക്കുക. എന്റെ ശിക്ഷയാണ് വേദനയേറിയ ശിക്ഷയെന്നും (അവരെ അറിയിക്കുക)” (ഹിജ്ര്‍: 49-50)

ചുരുക്കത്തില്‍ ഈ മൂന്ന് കാര്യങ്ങളും ഇബാദതിന്റെ അടിസ്ഥാന സത്തയായി നിലകൊള്ളേണ്ടതാണ്. അവയിലൊന്നിലും അതിര് കവിയുകയോ, അലസത കാണിക്കുകയോ പാടില്ല.

എന്നാല്‍ തിന്മ ചെയ്യാനുള്ള പ്രേരണ മനസ്സില്‍ ഉടലെടുക്കുമ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് ഓര്‍ക്കുകയും, തിന്മകള്‍ സംഭവിച്ചു പോയാല്‍ അവന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മഗ്ഫിറത്തിന് (പാപമോചനം) യാചിക്കുകയും ചെയ്യുക എന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്.

ഇബാദത്തുകള്‍ ചെയ്യാന്‍ സാധിക്കുന്ന, തിന്മകളിലേക്ക് ചെന്നുചാടാന്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ അല്ലാഹുവെ കുറിച്ചുള്ള ഭയത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കാനും, മരണം പ്രതീക്ഷിക്കുന്ന, ഇബാദതുകള്‍ സാധ്യമല്ലാത്ത രോഗത്തിന്റെ സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിലുള്ള പ്രതീക്ഷക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കാനും സലഫുകളില്‍ ചിലര്‍ ഉപദേശിച്ചതായി കാണാം.

ചുരുക്കത്തില്‍, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കാനും, തിന്മകളില്‍ നിന്ന് മഗ്ഫിറത് ചോദിക്കാനും പ്രേരിപ്പിക്കുന്ന തരത്തില്‍ ഹൃദയത്തില്‍ ഭയത്തിനും പ്രതീക്ഷക്കും കൃത്യമായ സ്ഥാനം നല്‍കാന്‍ കഴിയണം.

<strong>എന്താണ് ശിര്‍ക്ക്?</strong>

തുല്യനാക്കുക, പങ്കുകാരനാക്കുക, സമനെ നിശ്ചയിക്കുക എന്നതെല്ലാം ശിര്‍ക്ക് എന്ന അറബി പദത്തിന്റെ അര്‍ഥങ്ങളില്‍ പെട്ടതാണ്. മുഷ്രിക്കുകളുടെ പരലോകത്തുള്ള വിലാപത്തെ കുറിച്ച് വ്യക്തമാക്കവേ അല്ലാഹു പറഞ്ഞു:

تَاللَّـهِ إِن كُنَّا لَفِي ضَلَالٍ مُّبِينٍ ﴿٩٧﴾ إِذْ نُسَوِّيكُم بِرَبِّ الْعَالَمِينَ ﴿٩٨﴾

“അല്ലാഹുവാണ സത്യം! ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു. ലോകങ്ങളുടെ റബ്ബിനോട് നിങ്ങളെ ഞങ്ങള്‍ തുല്യപ്പെടുത്തുന്ന സമയത്ത്.” (ശുഅറാഅ്: 97-98)

തങ്ങള്‍ ചെയ്തിരുന്ന ശിര്‍ക്ക് ‘അല്ലാഹുവിനെ മറ്റുള്ളവരോട് തുല്യപ്പെടുത്തലായിരുന്നു’ എന്ന് പരലോകത്ത് മുഷ്രിക്കുകള്‍ സമ്മതിക്കുകയാണ് ഈ വാക്കിലൂടെ. ഇതില്‍ നിന്ന് ശിര്‍ക്ക് എന്നാല്‍ അല്ലാഹുവെ മറ്റുള്ളവരുമായി തുല്യപ്പെടുത്തലാണെന്ന് മനസ്സിലാക്കാം.

നബി -ﷺ- യുടെ ഹദീഥിലും ശിര്‍ക്ക് എന്താണെന്നതിനുള്ള വിശദീകരണം കാണാം.

عَنْ عَبْدِ اللَّهِ قَالَ: سَأَلْتُ النَّبِيَّ -ﷺ-: «أَيُّ الذَّنْبِ أَعْظَمُ عِنْدَ اللَّهِ؟ قَالَ: «أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ»

അബ്ദുല്ലാഹ് -رضي الله عنه- നിവേദനം: ഞാന്‍ നബി-ﷺ-യോട് ചോദിച്ചു: “ഏത് തിന്മയാണ് ഏറ്റവും ഗൗരവമുള്ളത്?” നബി -ﷺ- പറഞ്ഞു: “നിന്നെ സൃഷ്ടിച്ചവന്‍ അല്ലാഹുവാണെന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്.”

ഏറ്റവും വലിയ തിന്മയായ ശിര്‍ക്കിനെ വാക്കിലൂടെ വ്യക്തമാക്കാതെ, വിശദീകരണത്തിലൂടെ പറഞ്ഞു കൊടുക്കുകയാണ് ഈ ഹദീഥിലൂടെ നബി -ﷺ- ചെയ്തത്. ശിര്‍ക്ക് എന്നാല്‍ അല്ലാഹുവിന് പങ്കാളിയെ നിശ്ചയിക്കലാണെന്ന നബി -ﷺ- യുടെ വാക്കില്‍ നിന്ന് അല്ലാഹുവിന് അര്‍ഹതപ്പെട്ട എന്തെങ്കിലുമൊന്ന് അവനല്ലാത്തവര്‍ക്ക് നല്‍കലാണ് ശിര്‍ക്കെന്നും മനസ്സിലാക്കാം.

അല്ലാഹുവിന് മാത്രം നല്‍കേണ്ട കാര്യങ്ങള്‍ അല്ലാഹു അല്ലാത്തവര്‍ക്ക് നല്‍കിക്കൊണ്ട്, അവരെ അല്ലാഹുവിന്റെ പങ്കാളികളാക്കുകയും, അതിലൂടെ അല്ലാഹുവിനെയും ഈ പങ്കാളികളെയും തുല്യരാക്കലുമാണ് ശിര്‍ക്ക് എന്ന് ഈ രണ്ട് തെളിവുകളും നമ്മെ അറിയിക്കുന്നു.

ചുരുക്കത്തില്‍, ഇബാദത്തുകളില്‍ പെട്ട ഏതെങ്കിലും ഒരു ഇനം അല്ലാഹുവല്ലാത്തവര്‍ക്ക് നല്‍കലാണ് ശിര്‍ക്ക്. അതാകട്ടെ, ആ ഇബാദത് നല്‍കപ്പെട്ട വ്യക്തിയെ അല്ലാഹുവിനോട് തുല്യപ്പെടുത്തലുമാണ്.

ഇബാദത്ത് അനേകം ഇനങ്ങളുണ്ടെന്ന് കഴിഞ്ഞ ചോദ്യത്തിനുള്ള ഉത്തരത്തില്‍ നിന്ന് നാം മനസ്സിലാക്കി. അതില്‍ ഏതെങ്കിലും ഒരു ഇബാദത് അല്ലാഹു അല്ലാത്ത ആര്‍ക്കെങ്കിലും ഒരാള്‍ സമര്‍പ്പിച്ചാല്‍ ആ സമര്‍പ്പണം ശിര്‍ക്കാണ്; അവന്‍ മുഷ്രികും.

അല്ലാഹുവല്ലാത്തവര്‍ക്ക് ബലിയര്‍പ്പിക്കുക, അവനല്ലാത്തവരോട് ദുആ ചെയ്യുക, മരിച്ചവരോട് സഹായതേട്ടം നടത്തുക എന്നിവയെല്ലാം ശിര്‍ക്കിനുള്ള ചില ഉദാഹരണങ്ങളാണ്.

<strong>വിഗ്രഹങ്ങളെ ആരാധിച്ചാല്‍ മാത്രമേ ശിര്‍ക്കാവൂ; ഔലിയാക്കളെയും അമ്പിയാക്കളെയും വിളിച്ച് പ്രാര്‍ഥിക്കുന്നതൊന്നും ശിര്‍ക്കില്‍ പെട്ടില്ലെന്ന് ചിലര്‍ പറയുന്നു; ഇത് ശരിയാണോ?</strong>

ശിര്‍ക്കിന്റെ അനേകം ഇനങ്ങളില്‍ പെട്ട ഒരു ഇനം തന്നെയാണ് വിഗ്രഹങ്ങളെ ആരാധിക്കുക എന്നത്. എന്നാല്‍ അത് മാത്രമേ ശിര്‍ക്കാവൂ എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കലാണ്.

അല്ലാഹുവിന് പുറമേ എന്തൊന്നിനെ വിളിച്ച് പ്രാര്‍ഥിക്കുകയും, അവക്ക് ഇബാദത്ത് നല്‍കുകയും ചെയ്താലും -അത് വിഗ്രഹമോ, മലക്കുകളോ, നബിമാരോ, ഔലിയാക്കളോ ആകട്ടെ- ശിര്‍ക്കാണ്.

നബി -ﷺ- യുടെ കാലത്തുള്ള മുഷ്രിക്കുകളുടെ കാര്യം തന്നെ എടുക്കാം. അവര്‍ വ്യത്യസ്ത തരക്കാരുണ്ടായിരുന്നു. ചിലര്‍ വിഗ്രഹങ്ങളെയാണ് ആരാധിച്ചിരുന്നതെങ്കില്‍, മറ്റു ചിലര്‍ സൂര്യനെയും ചന്ദ്രനെയും ആരാധിച്ചവരായിരുന്നു. മലക്കുകളെയും ജിന്നുകളെയും ശ്വൈത്വാന്മാരെയും വിളിച്ച് പ്രാര്‍ഥിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഈസ -عليه السلام- യെയും ഉസൈര്‍ -عليه السلام- യെയും ആരാധിച്ചവരുണ്ടായിരുന്നു. ഔലിയാക്കളെയും സ്വാലിഹീങ്ങളെയും വിളിച്ച് സഹായം തേടിയ മുഷ്രിക്കുകളും ഉണ്ടായിരുന്നു.

സൂര്യനെയും ചന്ദ്രനെയും അവര്‍ ആരാധിച്ചിരുന്നു എന്നതിനുള്ള തെളിവ് അല്ലാഹുവിന്റെ ആയത്താണ്:

وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ ۚ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّـهِ الَّذِي خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ ﴿٣٧﴾

“അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.” (ഫുസ്സ്വിലത്: 37)

മലക്കുകളെ അവര്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നു എന്നതിനുള്ള തെളിവ് അല്ലാഹുവിന്റെ വാക്കാണ്:

وَيَوْمَ يَحْشُرُهُمْ جَمِيعًا ثُمَّ يَقُولُ لِلْمَلَائِكَةِ أَهَـٰؤُلَاءِ إِيَّاكُمْ كَانُوا يَعْبُدُونَ ﴿٤٠﴾ قَالُوا سُبْحَانَكَ أَنتَ وَلِيُّنَا مِن دُونِهِم ۖ بَلْ كَانُوا يَعْبُدُونَ الْجِنَّ ۖ أَكْثَرُهُم بِهِم مُّؤْمِنُونَ ﴿٤١﴾

“അവരെ മുഴുവന്‍ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം: അവന്‍ (അല്ലാഹു) മലക്കുകളോട് ചോദിക്കും: നിങ്ങളെയാണോ ഇക്കൂട്ടര്‍ ആരാധിച്ചിരുന്നത്? അവര്‍ പറയും: നീ എത്ര പരിശുദ്ധന്‍! നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അവരല്ല. എന്നാല്‍ അവര്‍ ജിന്നുകളെയായിരുന്നു ആരാധിച്ചിരുന്നത് അവരില്‍ അധികപേരും അവരില്‍ (ജിന്നുകളില്‍) വിശ്വസിക്കുന്നവരത്രെ.” (ആലു ഇംറാന്‍: 80)

നബിമാരെ വിളിച്ച് പ്രാര്‍ഥിച്ചിരുന്നു എന്നതിനുള്ള തെളിവ് ഖുര്‍ആനിലെ ആയത്താണ്:

وَإِذْ قَالَ اللَّـهُ يَا عِيسَى ابْنَ مَرْيَمَ أَأَنتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَـٰهَيْنِ مِن دُونِ اللَّـهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنتَ عَلَّامُ الْغُيُوبِ ﴿١١٦﴾

“അല്ലാഹു പറയുന്ന സന്ദര്‍ഭം (ശ്രദ്ധിക്കുക.) മര്‍യമിന്റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട്  പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റേത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍.” (മാഇദ: 116)

സ്വാലിഹീങ്ങളെയും ഔലിയാക്കളെയും ആരാധിച്ചിരുന്നു എന്നതിനുള്ള തെളിവും ആയത്ത് തന്നെ:

أُولَـٰئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا ﴿٥٧﴾

“അവര്‍ വിളിച്ച് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ റബ്ബിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു.” (ഇസ്റാഅ്: 57)

മേല്‍ പറഞ്ഞവരോടെല്ലാം നബി -ﷺ- ഒരേ നിലപാടാണ് സ്വീകരിച്ചത്. അവരെയെല്ലാം അല്ലാഹുവും റസൂലും വിശേഷിപ്പിച്ചത് മുഷ്രിക്കുകള്‍ എന്ന് തന്നെയാണ്. നബിമാരെ വിളിച്ച് പ്രാര്‍ഥിച്ചവരും, മലക്കുകളെ ആരാധിച്ചവരും, സ്വാലിഹീങ്ങളോട് സഹായം തേടിയവരുമെല്ലാം, കല്ലുകളെയും വിഗ്രഹങ്ങളെയും ആരാധിച്ച മുഷ്രിക്കുകളോടൊപ്പം തന്നെയാണ് അവിടുന്ന് നിര്‍ത്തിയത്. അവരോടെല്ലാം ഒരേ പോലെ നബി -ﷺ- പോരാടി.

ഇക്കാര്യം ഇന്നുള്ളവര്‍ക്കും ബാധകമാണ്. ഈസ നബി -عليه السلام- യെ വിളിച്ചു പ്രാര്‍ഥിക്കുകയും, അദ്ദേഹത്തോട് സഹായം ചോദിക്കുകയും ചെയ്തവര്‍ നബി -ﷺ- യുടെ അടുക്കല്‍ മുഷ്രിക്കുകളായാണ് പരിഗണിക്കപ്പെട്ടതെങ്കില്‍, അദ്ദേഹത്തെക്കാള്‍ പദവികള്‍ എത്രയോ താഴെയുള്ള മുഹ്യുദ്ദീന്‍ ശൈഖിനെയും, രിഫാഈ ശൈഖിനെയുമൊക്കെ വിളിച്ച് പ്രാര്‍ഥിക്കുന്നവര്‍ എന്തു കൊണ്ടും ‘മുഷ്രിക്’ എന്ന പേരിന് അര്‍ഹരാണ്.

ചുരുക്കത്തില്‍, വിഗ്രഹങ്ങളെ ആരാധിക്കുമ്പോള്‍ മാത്രമല്ല -ഔലിയാക്കളെയും അമ്പിയാക്കളെയും സ്വാലിഹീങ്ങളെയും ആരാധിച്ചാലും- അത് ശിര്‍ക്ക് തന്നെ.

<strong>ആദ്യം ഉണ്ടായത് ശിര്‍ക്കാണോ, അതല്ല തൗഹീദാണോ?</strong>

അല്ലാഹു -تعالى- എല്ലാ മനുഷ്യരെയും സൃഷ്ടിച്ചിട്ടുള്ളത് തൗഹീദിലാണ്. അതിനാല്‍ തന്നെ അവരെല്ലാം ജനിക്കുന്നതും ശുദ്ധ പ്രകൃതിയുള്ളവര്‍ ആയാണ്.

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَا مِنْ مَوْلُودٍ إِلَّا يُولَدُ عَلَى الفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ، وَيُنَصِّرَانِهِ، أَوْ يُمَجِّسَانِهِ»

അബൂ ഹുറൈറ -رضي الله عنه- നിവേദനം: നബി -ﷺ- പറഞ്ഞു: “ശുദ്ധപ്രകൃതിയില്‍ ആയല്ലാതെ ഒരു കുഞ്ഞും ജനിച്ചു വീഴുന്നില്ല. അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദനും നസ്വ്റാനിയും മജൂസിയുമെല്ലാം ആക്കുന്നത്.” (ബുഖാരി: 1358, മുസ്‌ലിം: 2658)

عَنْ عِيَاضِ بْنِ حِمَارٍ الْمُجَاشِعِيِّ، أَنَّ رَسُولَ اللَّهِ -ﷺ-، قَالَ: «أَلَا إِنَّ رَبِّي أَمَرَنِي أَنْ أُعَلِّمَكُمْ مَا جَهِلْتُمْ، مِمَّا عَلَّمَنِي يَوْمِي هَذَا … إِنِّي خَلَقْتُ عِبَادِي حُنَفَاءَ كُلَّهُمْ، وَإِنَّهُمْ أَتَتْهُمُ الشَّيَاطِينُ فَاجْتَالَتْهُمْ عَنْ دِينِهِمْ، وَحَرَّمَتْ عَلَيْهِمْ مَا أَحْلَلْتُ لَهُمْ، وَأَمَرَتْهُمْ أَنْ يُشْرِكُوا بِي مَا لَمْ أُنْزِلْ بِهِ سُلْطَانًا»

ഇയാദ്വ് ബ്നു ഹിമാര്‍ -رضي الله عنه- നിവേദനം: നബി -ﷺ- പറഞ്ഞു: “എന്റെ റബ്ബ് നിങ്ങള്‍ക്ക് അറിവില്ലാത്തത് പഠിപ്പിച്ചു നല്‍കാന്‍ എന്നോട് കല്‍പ്പിച്ചിരിക്കുന്നു. ഇന്ന് എന്റെ റബ്ബ് എന്നെ പഠിപ്പിച്ചവയില്‍ പെട്ടതാണ് … ‘ഞാന്‍ എന്റെ അടിമകളെ എല്ലാവരെയും ഋജുമാനസ്കരായാണ് സൃഷ്ടിച്ചത്. പിന്നീട് ശ്വയ്ത്വാന്മാര്‍ (പിശാചുക്കള്‍) ആണ് അവരുടെ അടുക്കല്‍ ചെന്ന് അവരെ തങ്ങളുടെ ദീനില്‍ നിന്ന് റാഞ്ചിയെടുത്തത്. ഞാന്‍ അവര്‍ക്ക് അനുവദനീയമാക്കിയവയെ അവര്‍ നിഷിദ്ധമാക്കി. ഞാന്‍ ഒരു തെളിവും അവതരിപ്പിച്ചിട്ടില്ലാത്തവരെ എനിക്ക് പങ്കാളികളാക്കാന്‍ (ശിര്‍ക്ക് ചെയ്യാന്‍) അവരോട് (പിശാചുക്കള്‍) കല്‍പ്പിച്ചു.” (മുസ്‌ലിം: 2865)

മനുഷ്യരുടെ അടിസ്ഥാനം തൗഹീദാണെന്ന് ഈ ഹദീഥുകള്‍ വ്യക്തമായി അറിയിക്കുന്നുണ്ട്. പിശാചുക്കളാണ് പിന്നീട് ശിര്‍ക്കിലേക്ക് അവരെ എത്തിച്ചതെന്നും ഇവ വ്യക്തമാക്കുന്നു.

ഓരോ മനുഷ്യന്റെയും കാര്യമാണ് മേല്‍ ഹദീഥുകളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നതെങ്കില്‍, മനുഷ്യസമൂഹം ഒന്നടങ്കം തന്നെ തൗഹീദിലായിരുന്നു നിലകൊണ്ടിരുന്നതെന്നും, പിന്നീട് ശിര്‍ക്കിലേക്ക് പിശാചിന്റെ തന്ത്രങ്ങളില്‍ വഞ്ചിതരായി അവര്‍ എത്തിപ്പെടുകയാണുണ്ടായതെന്നും അറിയിക്കുന്ന തെളിവുകള്‍ വേറെ തന്നെ വന്നിട്ടുണ്ട്.

അല്ലാഹു -تعالى- പറഞ്ഞു:

كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّـهُ النَّبِيِّينَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ الْكِتَابَ بِالْحَقِّ

“മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു.” (ബഖറ: 213)

അല്ലാഹു -تعالى- പറഞ്ഞു:

وَمَا كَانَ النَّاسُ إِلَّا أُمَّةً وَاحِدَةً فَاخْتَلَفُوا ۚ

“മനുഷ്യര്‍ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. പിന്നീട് അവര്‍ ഭിന്നിച്ചതാണ്.” (യൂനുസ്: 19)

عَنِ ابْنِ عَبَّاسٍ -رَضِيَ اللَّهُ عَنْهُمَا- قَالَ: «كَانَ بَيْنَ نُوحٍ وَآدَمَ عَشَرَةُ قُرُونٍ, كُلُّهُمْ عَلَى شَرِيعَةٍ مِنَ الْحَقِّ فَاخْتَلَفُوا, فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنْذِرِينَ»

ഇബ്‌നു അബ്ബാസ് -رضي الله عنهما- പറഞ്ഞു: “ആദം നബിക്കും നൂഹ് നബിക്കും ഇടയില്‍ പത്ത് തലമുറകളുടെ വിടവ് ഉണ്ടായിരുന്നു. അവരെല്ലാം സത്യദീനില്‍ ആയിരുന്നു. പിന്നീട് അവര്‍ ഭിന്നിച്ചു. അപ്പോള്‍ അല്ലാഹു താക്കീതുകാരായും സന്തോഷവാര്‍ത്ത അറിയിക്കുന്നവരായും നബിമാരെ നിയോഗിച്ചു.” (ഹാകിം: 2/442)

എങ്ങനെയാണ് നൂഹ് നബി -عليه السلام- യുടെ സമൂഹത്തില്‍ ശിര്‍ക്ക് വന്നത് എന്ന് ഇബ്‌നു അബ്ബാസിന്റെ തന്നെ വിശദീകരണത്തില്‍ കാണാം.

വദ്ദ്, സുവാഅ്, യഗ്വൂസ്, യഊഖ്, നസ്ര്‍ എന്നീ വിഗ്രഹങ്ങളെ കുറിച്ച് പരാമര്‍ശിക്കപ്പെട്ട സൂറ. നൂഹിലെ 23 ാം ആയത്തിന്റെ വിശദീകരണത്തില്‍ അദ്ദേഹം പറഞ്ഞു:

عَنِ ابْنِ عَبَّاسٍ -رَضِيَ اللَّهُ عَنْهُمَا-: «أَسْمَاءُ رِجَالٍ صَالِحِينَ مِنْ قَوْمِ نُوحٍ، فَلَمَّا هَلَكُوا أَوْحَى الشَّيْطَانُ إِلَى قَوْمِهِمْ، أَنِ انْصِبُوا إِلَى مَجَالِسِهِمُ الَّتِي كَانُوا يَجْلِسُونَ أَنْصَابًا وَسَمُّوهَا بِأَسْمَائِهِمْ، فَفَعَلُوا، فَلَمْ تُعْبَدْ، حَتَّى إِذَا هَلَكَ أُولَئِكَ وَتَنَسَّخَ العِلْمُ عُبِدَتْ»

“ഇവയെല്ലാം നൂഹ് നബി -عليه السلام- യുടെ സമൂഹത്തിലെ സ്വാലീഹീങ്ങളായ ചിലരുടെ പേരുകളാണ്. അവര്‍ മരിച്ചപ്പോള്‍ അവര്‍ ഇരുന്ന സ്ഥലങ്ങളില്‍ ചില നാട്ടക്കുറികള്‍ സ്ഥാപിക്കാനും, അവക്ക് സ്വാലിഹീങ്ങളുടെ പേരുകള്‍ നല്‍കാനും കല്‍പ്പിച്ചു. അന്ന് അവയൊന്നും ആരാധിക്കപ്പെട്ടില്ല. എന്നാല്‍ (ആ തലമുറ) നശിച്ചപ്പോള്‍ അതിനെ കുറിച്ചുള്ള അറിവ് ഇല്ലാതാവുകയും, അത് ആരാധിക്കപ്പെടുകയും ചെയ്തു.” (ബുഖാരി: 4920)

ശിര്‍ക്കാണ് പുതുതായി ഉണ്ടായത്; തൗഹീദ് മനുഷ്യ സമൂഹത്തിന്റെ ആദ്യ വിശ്വാസമായിരുന്നു. മേല്‍ കൊടുത്ത ചില തെളിവുകള്‍ അക്കാര്യം വ്യക്തമായി ബോധ്യപ്പെടുത്തുന്നുണ്ട്.

എന്നാല്‍ ഇന്ന് സ്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്നത് ‘ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്ന് ആദിമമനുഷ്യര്‍ വിശ്വസിച്ചിരുന്നില്ലെന്നും, പിന്നീട് കടല്‍ക്ഷോഭങ്ങളും പ്രളയവും വരള്‍ച്ചയും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ അവര്‍ സൂര്യനെയും ചന്ദ്രനെയും കടലിനെയുമെല്ലാം ആരാധിക്കാന്‍ തുടങ്ങിയെന്നും, പില്‍ക്കാലത്ത് അവയുടെ പേരുകളില്‍ വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചെന്നും, പിന്നീട് ഈ ദൈവങ്ങളെല്ലാം ഒരൊറ്റ ദൈവമാണെന്ന ചിന്താഗതി ഉടലെടുത്തുവെന്നു’മാണ്.

ഈ വാദം ഖുര്‍ആനിനും ഹദീഥിനും എതിരാണെന്ന് മേലെ നല്‍കിയ തെളിവുകള്‍ വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും. ചില ഊഹങ്ങളും അനുമാനങ്ങളുമല്ലാതെ മറ്റൊന്നും അവരുടെ പക്കലില്ല.

وَإِن تُطِعْ أَكْثَرَ مَن فِي الْأَرْضِ يُضِلُّوكَ عَن سَبِيلِ اللَّـهِ ۚ إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ ﴿١١٦﴾

“ഭൂമിയിലുള്ളവരില്‍ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും നിന്നെ അവര്‍ തെറ്റിച്ചുകളയുന്നതാണ്. ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്.” (അന്‍ആം: 116)

قُلْ هَلْ عِندَكُم مِّنْ عِلْمٍ فَتُخْرِجُوهُ لَنَا ۖ إِن تَتَّبِعُونَ إِلَّا الظَّنَّ وَإِنْ أَنتُمْ إِلَّا تَخْرُصُونَ ﴿١٤٨﴾

“പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിജ്ഞാനവും ഉണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അതൊന്ന് വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത്. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്.” (അന്‍ആം: 148)

ഏതൊരു പിഞ്ചുകുഞ്ഞിനോട് ചോദിച്ചാലും ഈ ഭൂമിക്കൊരു സ്രഷ്ടാവുണ്ടെന്നും, ഇതിനെല്ലാം ഒരു റബ്ബുണ്ടെന്നും അവന്‍ പറഞ്ഞു തരും. വിഡ്ഢികളല്ലാതെ അക്കാര്യം നിഷേധിക്കുകയില്ല.

<strong>അല്ലാഹുവല്ലാത്ത മറ്റൊരു സ്രഷ്ടാവുണ്ട്, അവനല്ലാതെ മറ്റൊരു പരിപാലകനുണ്ട് എന്നിങ്ങനെ വിശ്വസിച്ചാല്‍ മാത്രമേ ശിര്‍ക്ക് കടന്നു വരൂ എന്ന് ചിലര്‍ പറയുന്നു; ഇത് ശരിയാണോ?</strong>

ഇപ്രകാരം പറയുന്നവന്‍ ഒന്നെങ്കില്‍ ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെ കുറിച്ച് ഒന്നും തന്നെ അറിയാത്ത പടുവിഡ്ഢിയാണ്; അവന് ദീന്‍ എന്താണെന്ന് ആദ്യം മുതല്‍ പഠിപ്പിച്ചു നല്‍കേണ്ടതുണ്ട്.

അതല്ലെങ്കില്‍, അവന്‍ ഇസ്‌ലാമിനെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കുടിലചിന്താഗതിയുള്ള ശത്രുവാണ്; അവന്റെ കുഴപ്പങ്ങളില്‍ നിന്ന് മുസ്‌ലിം ഉമ്മത്തിന്റെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണം.

ഈ വാദം അംഗീകരിക്കുകയാണെങ്കില്‍, നബി -ﷺ- യുദ്ധം ചെയ്ത് കീഴടക്കുകയും, മസ്ജിദുല്‍ ഹറമില്‍ നിന്ന് പുറത്താക്കുകയും ചെയ്ത മുഷ്രിക്കുകളെല്ലാം ശുദ്ധ തൗഹീദുള്ളവരായിരുന്നു എന്ന് പറയേണ്ടി വരും. കാരണം, അല്ലാഹു തന്നെയാണ് ഈ പ്രപഞ്ചത്തെ പടച്ചതെന്നും, അവന്‍ തന്നെയാണ് എല്ലാത്തിനെയും പരിപാലിക്കുന്നതെന്നുമുള്ള വിശ്വാസം മുഷ്രിക്കുകള്‍ക്കും ഉണ്ടായിരുന്നു.

وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّـهُ ۚ قُلِ الْحَمْدُ لِلَّـهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ﴿٢٥﴾

“ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.” (ലുഖ്മാന്‍: 25)

وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّـهُ ۖ فَأَنَّىٰ يُؤْفَكُونَ ﴿٦١﴾

“ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (മുശ്രിക്കുകളോട്) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?” (അന്‍കബൂത്: 61)

وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الْأَرْضَ مِن بَعْدِ مَوْتِهَا لَيَقُولُنَّ اللَّـهُ ۚ قُلِ الْحَمْدُ لِلَّـهِ ۚ بَلْ أَكْثَرُهُمْ لَا يَعْقِلُونَ ﴿٦٣﴾

“ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവന്‍ നല്‍കുകയും ചെയ്താരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി! പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല.” (അന്‍കബൂത്: 63)

ഇന്നുള്ള മുഷ്രിക്കുകള്‍ -തങ്ങള്‍ മുസ്‌ലിംകളാണെന്ന് അവകാശപ്പെടുന്നവരും, അല്ലാത്തവരും- എന്തു ന്യായം പറഞ്ഞു കൊണ്ടാണോ അല്ലാഹുവല്ലാത്തവര്‍ക്ക് ഇബാദതുകള്‍ സമര്‍പ്പിക്കുന്നത്, അതേ ന്യായങ്ങള്‍ തന്നെയായിരുന്നു നബി -ﷺ- യുടെ കാലത്തുള്ള മുശ്രിക്കുകളും നിരത്തിയിരുന്നത്.

وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ ۚ

“അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു.” (യൂനുസ്: 18)

കഅ്ബയുടെ ചുറ്റും ത്വവാഫ് ചെയ്യാറുണ്ടായിരുന്ന സന്ദര്‍ഭത്തില്‍ മക്കയിലെ മുശ്രിക്കുകള്‍ ചൊല്ലിയിരുന്ന തല്‍ബിയ്യത് ഇബ്‌നു അബ്ബാസിന്റെ ഹദീഥില്‍ വന്നത് ഇപ്രകാരമാണ്.

عَنِ ابْنِ عَبَّاسٍ -رَضِيَ اللَّهُ عَنْهُمَا-، قَالَ: «كَانَ الْمُشْرِكُونَ يَقُولُونَ: لَبَّيْكَ لَا شَرِيكَ لَكَ، قَالَ: فَيَقُولُ رَسُولُ اللهِ -ﷺ-: «وَيْلَكُمْ، قَدْ قَدْ» فَيَقُولُونَ: إِلَّا شَرِيكًا هُوَ لَكَ، تَمْلِكُهُ وَمَا مَلَكَ، يَقُولُونَ هَذَا وَهُمْ يَطُوفُونَ بِالْبَيْتِ

“മുശ്രിക്കുകള്‍ ‘നിന്റെ വിളിക്ക് ഉത്തരം നല്‍കുന്നു; നിനക്ക് യാതൊരു പങ്കുകാരനും ഇല്ല’ എന്ന് പറയാറുണ്ടായിരുന്നു. അപ്പോള്‍ നബി -ﷺ- പറയും: “നിങ്ങള്‍ക്ക് നാശം. മതി, മതി.” അപ്പോള്‍ അവര്‍ പറയും: “ഒരു പങ്കുകാരന്‍ ഒഴികെ; അവന്‍ നിനക്കുള്ളതാണ്. ആ പങ്കുകാരനെയും അവന്‍ ഉടമപ്പെടുത്തിയിട്ടുള്ളതും നിന്‍റേതാണ്.” (മുസ്‌ലിം: 1185)

മുശ്രിക്കുകള്‍ അല്ലാഹു സ്രഷ്ടാവും, പരിപാലകനുമാണെന്ന കാര്യം അംഗീകരിച്ചിരുന്നു എന്ന് മേലെ നല്‍കിയ തെളിവുകളില്‍ നിന്ന് വ്യക്തമാകും. എന്നാല്‍ ഇബാദതിന് അര്‍ഹന്‍ അല്ലാഹു മാത്രമാണ്; അവനല്ലാത്ത ആര്‍ക്കും ഒരു ഇബാദതും നല്‍കരുതെന്നുമുള്ള നിര്‍ദേശമാണ് അവര്‍ക്ക് ദഹിക്കാതെ പോയത്.

ഇക്കാരണത്താലാണ് അവര്‍ അംഗീകരിക്കുന്ന ഈ കാര്യം -അല്ലാഹുവാണ് സ്രഷ്ടാവും പരിപാലകനുമെന്ന കാര്യം- ഉയര്‍ത്തിക്കാട്ടി, അവര്‍ നിഷേധിക്കുന്ന കാര്യത്തിലേക്ക് -അല്ലാഹുവിന് മാത്രം ഇബാദത് നല്‍കുക എന്ന കാര്യത്തിലേക്ക്- അല്ലാഹു ഖുര്‍ആനില്‍ പലയിടത്തും ക്ഷണിച്ചത്.

أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿٢١﴾ الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا لِلَّـهِ أَندَادًا وَأَنتُمْ تَعْلَمُونَ ﴿٢٢﴾

“ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ റബ്ബിന് നിങ്ങള്‍ ഇബാദത് ചെയ്യുക. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (റബ്ബിനെ). അതിനാല്‍ അറിഞ്ഞ് കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്.” (ബഖറ: 21-22)

قُلْ هَلْ مِن شُرَكَائِكُم مَّن يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ ۚ قُلِ اللَّـهُ يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ ۖ فَأَنَّىٰ تُؤْفَكُونَ ﴿٣٤﴾

“(നബിയേ,) പറയുക: സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തവരുടെ കൂട്ടത്തിലുണ്ടോ? പറയുക: അല്ലാഹുവാണ് സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നത്. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്?” (യൂനുസ്: 34)

ഈ ആയത്തിന്റെ വിശദീകരണത്തില്‍ മുഹമ്മദ് അമീന്‍ അശ്ശന്‍ഖീത്വി -رحمه الله- പറഞ്ഞു: “അല്ലാഹുവാണ് തങ്ങളുടെ റബ്ബും, റസ്സാഖും (ഉപജീവനം നല്‍കുന്നവന്‍), മുദബ്ബിറും (കാര്യങ്ങളെ നിയന്ത്രിക്കുന്നവന്‍), തന്റെ അധികാരത്തില്‍ ഉദ്ദേശമനുസരിച്ച് മാറ്റത്തിരുത്തലുകള്‍ വരുത്തുന്നവനെന്നും (മക്കയിലെ) കാഫിറുകള്‍ അംഗീകരിച്ചിരുന്നുവെന്ന് അല്ലാഹു ഈ ആയത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. അവര്‍ അല്ലാഹു റബ്ബാണെന്നത് അംഗീകരിച്ചിരുന്നുവെന്ന വിഷയത്തില്‍ ഈ ആയത്ത് വളരെ വ്യക്തമായ തെളിവാണ്. എന്നാല്‍ അത് അംഗീകരിച്ചിരുന്നതിനോടൊപ്പം അവര്‍ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുകയാണ് (ശിര്‍ക്ക്) ചെയ്തത്… അല്ലാഹു റബ്ബാണെന്നത് അംഗീകരിച്ചതു കൊണ്ട് മാത്രം ഇസ്‌ലാമില്‍ പ്രവേശിക്കാനാകില്ലെന്നും, അല്ലാഹുവല്ലാതെ മറ്റാരും ഇബാദതിന് അര്‍ഹനായി ഇല്ലെന്ന ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പ്രാവര്‍ത്തികമാക്കുന്നതിലൂടെ അല്ലാതെ അത് സാധ്യമല്ലെന്നും ഈ ആയത്തുകള്‍ വ്യക്തമാക്കുന്നു.” (അദ്വ്വാഉല്‍ ബയാന്‍: 2/154)

اللَّـهُ الَّذِي خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۖ هَلْ مِن شُرَكَائِكُم مَّن يَفْعَلُ مِن ذَٰلِكُم مِّن شَيْءٍ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ ﴿٤٠﴾

“അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കി. പിന്നെ നിങ്ങളെ അവന്‍ രമിപ്പിക്കുന്നു. പിന്നീട് അവന്‍ നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും. അതില്‍ പെട്ട ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തിലുണ്ടോ? അവന്‍ എത്രയോ പരിശുദ്ധന്‍. അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു.” (റൂം: 40)

يَا أَيُّهَا النَّاسُ اذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ ۚ هَلْ مِنْ خَالِقٍ غَيْرُ اللَّـهِ يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ ۚ لَا إِلَـٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ ﴿٣﴾

“മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്?” (ഫാത്വിര്‍: 3)

إِنَّ هَـٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ ﴿٩٢﴾

“(മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ ഉമ്മത്;   ഏക ഉമ്മത്. ഞാന്‍ നിങ്ങളുടെ റബ്ബും. അതിനാല്‍ നിങ്ങള്‍ എനിക്ക് ഇബാദത് ചെയ്യുവിന്‍.” (അന്‍ബിയാഅ്: 92)

ഈ ആശയത്തിലുള്ള ആയത്തുകള്‍ ഖുര്‍ആനില്‍ വേറെയും അനേകം കാണാന്‍ സാധിക്കും.

<strong>ശിര്‍ക്കിന്റെ ഗൗരവം വ്യക്തമാക്കുന്ന ചില തെളിവുകള്‍ പറയാമോ?</strong>

അതിക്രമങ്ങളില്‍ വെച്ചേറ്റവും വലുത് ശിര്‍ക്കാണ്.

അല്ലാഹു -تعالى- പറഞ്ഞു:

وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّـهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ﴿١٣﴾ 

“ലുഖ്മാന്‍ തന്റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.” (ലുഖ്മാന്‍: 13)

അല്ലാഹുവിന് മനുഷ്യരുടെ മേലുള്ള അവകാശമാണ് അവനില്‍ ശിര്‍ക്ക് ചെയ്യപ്പെടാതിരിക്കുക എന്നത്.

عَنْ مُعَاذٍ، قَالَ: كُنْتُ رِدْفَ النَّبِيِّ -ﷺ- عَلَى حِمَارٍ يُقَالُ لَهُ عُفَيْرٌ، فَقَالَ: «يَا مُعَاذُ، هَلْ تَدْرِي حَقَّ اللَّهِ عَلَى عِبَادِهِ؟»، قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: «فَإِنَّ حَقَّ اللَّهِ عَلَى العِبَادِ أَنْ يَعْبُدُوهُ وَلاَ يُشْرِكُوا بِهِ شَيْئًا»

മുആദ് -رضي الله عنه- നിവേദനം: ഞാന്‍ നബി -ﷺ- യുടെ പിന്നില്‍ കഴുതപ്പുറത്തിരുന്ന് യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: “ഹേ മുആദ്! അല്ലാഹുവിന് അവന്റെ അടിമകളുടെ മേലുള്ള അവകാശം എന്താണെന്ന് നിനക്കറിയുമോ?” ഞാന്‍ പറഞ്ഞു: “അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും അറിയുക.” നബി -ﷺ- പറഞ്ഞു: “അല്ലാഹുവിന് അവന്റെ അടിമകളുടെ മേലുള്ള അവകാശം അവര്‍ അവന് മാത്രം ഇബാദത് നല്‍കലും, അവനില്‍ ശിര്‍ക്ക് ചെയ്യാതിരിക്കലുമാണ്.” (ബുഖാരി: 2856, മുസ്‌ലിം: 30)

ഏഴ് വന്‍പാപങ്ങളുടെ കൂട്ടത്തില്‍ ഒന്നാമതായാണ് നബി -ﷺ- ശിര്‍ക്കിനെ എണ്ണിയത്. (ബുഖാരി: 2766, മുസ്‌ലിം: 89. അബൂ ഹുറൈറ -رضي الله عنه- വിന്റെ ഹദീഥില്‍ നിന്ന്)

عَنْ أَبِي الدَّرْدَاءِ قَالَ: أَوْصَانِي خَلِيلِي -ﷺ- أَنْ: «لَا تُشْرِكْ بِاللَّهِ شَيْئًا، وَإِنْ قُطِّعْتَ وَحُرِّقْتَ … »

അബുദ്ദര്‍ദാഅ് -رضي الله عنه- നിവേദനം: “എന്റെ കൂട്ടുകാരനായ നബി -ﷺ- ‘നിന്റെ ശരീരം കൊത്തിനുറുക്കപ്പെട്ടാലും, നീ ചുട്ടുകരിക്കപ്പെട്ടാലും ശിര്‍ക്ക് ചെയ്യരുതെന്ന്…’ വസ്വിയ്യത് (ഉപദേശം) നല്‍കി.” (ഇബ്‌നു മാജ: 4034, അല്‍ബാനി ഹസന്‍ എന്ന് വിലയിരുത്തി)

അല്ലാഹു ഒരിക്കലും പൊറുത്തു കൊടുക്കാത്ത തിന്മയായാണ് ശിര്‍ക്കിനെ അവന്‍ എണ്ണിയത്.

إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّـهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا ﴿٤٨﴾

“തീര്‍ച്ചയായും അല്ലാഹു അവനില്‍ ശിര്‍ക്ക് ചെയ്യപ്പെടുക എന്നത് പൊറുത്തു കൊടുക്കുകയില്ല. അതില്‍ താഴെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുന്നതാണ്. ആരെങ്കിലും അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്താല്‍ അവന്‍ വളരെ ഗൗരവമുള്ള തിന്മയാണ് കെട്ടിച്ചമച്ചിരിക്കുന്നത്.” (നിസാഅ്: 48)

ശിര്‍ക്ക് ചെയ്തവര്‍ സ്വര്‍ഗത്തില്‍ ഒരിക്കലും, ഒരു കാരണവശാലും പ്രവേശനം ഉണ്ടായിരിക്കുന്നതേയല്ല. അതിന്റെ കവാടങ്ങള്‍ അവര്‍ക്ക് മുന്നില്‍ എന്നും കൊട്ടിയടക്കപ്പെട്ടു തന്നെയിരിക്കും. പകരം, നരകത്തിന്റെ ചൂടും വേദനകളും പീഢനങ്ങളും മാത്രമാണ് അവരെ കാത്തിരിക്കുന്നത്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ!

إِنَّهُ مَن يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ﴿٧٢﴾

“ആരെങ്കിലും അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്താല്‍ അവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു. അവന്റെ സങ്കേതം നരകമത്രെ.” (മാഇദ: 72)

ശിര്‍ക്ക് ചെയ്തവന്റെ പ്രവര്‍ത്തനങ്ങള്‍ -അത് എത്ര മാത്രമുണ്ടായാലും- അല്ലാഹു സ്വീകരിക്കുകയില്ല; അവയെല്ലാം നിഷ്ഫലമായിത്തീരും.

وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ ﴿٦٥﴾

“തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.” (സുമര്‍: 65)

അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ നന്ദികേടാണ് ശിര്‍ക്ക്. അവന്റെ അനുഗ്രഹങ്ങള്‍ ആവോളം ആസ്വദിച്ച്, അവന്റെ ഭൂമിയില്‍ വസിച്ച്, അവന് മാത്രം അര്‍ഹതപ്പെട്ട നന്ദിപ്രകടനങ്ങള്‍ -ഇബാദതുകള്‍- അവക്കൊന്നിനും യാതൊരു അര്‍ഹതയുമില്ലാത്ത ദുര്‍ബലരും, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ആസ്വദിക്കുന്നവരുമായ മറ്റു സൃഷ്ടികള്‍ക്ക് നല്‍കുക എന്നതിനെക്കാള്‍ വലിയ നന്ദികേട് മറ്റെന്തുണ്ട്?!

അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം യഹ്യ ബ്നു സകരിയ്യ -عليه السلام- ബനൂ ഇസ്റാഈലുകാരോട് പറഞ്ഞു കൊടുത്ത അഞ്ചു കാര്യങ്ങളില്‍ ഒന്നാമതായി പറഞ്ഞ കാര്യം നബി -ﷺ- യുടെ ഹദീഥില്‍ വന്നിട്ടുണ്ട്. അതിപ്രകാരമാണ്.

عَنِ الحَارِثَ الأَشْعَرِيَّ، أَنَّ النَّبِيَّ -ﷺ- قَالَ: « … قَالَ يَحْيَى بْنُ زَكَرِيَّا: إِنَّ اللَّهَ أَمَرَنِي بِخَمْسِ كَلِمَاتٍ أَنْ أَعْمَلَ بِهِنَّ، وَآمُرَكُمْ أَنْ تَعْمَلُوا بِهِنَّ: أَوَّلُهُنَّ أَنْ تَعْبُدُوا اللَّهَ وَلاَ تُشْرِكُوا بِهِ شَيْئًا، وَإِنَّ مَثَلَ مَنْ أَشْرَكَ بِاللَّهِ كَمَثَلِ رَجُلٍ اشْتَرَى عَبْدًا مِنْ خَالِصِ مَالِهِ بِذَهَبٍ أَوْ وَرِقٍ، فَقَالَ: هَذِهِ دَارِي وَهَذَا عَمَلِي فَاعْمَلْ وَأَدِّ إِلَيَّ، فَكَانَ يَعْمَلُ وَيُؤَدِّي إِلَى غَيْرِ سَيِّدِهِ، فَأَيُّكُمْ يَرْضَى أَنْ يَكُونَ عَبْدُهُ كَذَلِكَ؟ …»

“അഞ്ചു കാര്യങ്ങള്‍; ഞാന്‍ പ്രാവര്‍ത്തികമാക്കുന്നതിനും, നിങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ടി നിങ്ങളെ അറിയിക്കണമെന്നും കല്‍പ്പിച്ചു കൊണ്ട് അല്ലാഹു എന്നെ അറിയിച്ചിരിക്കുന്നു.

അതില്‍ ഒന്നാമത്തെ കാര്യം: നിങ്ങള്‍ അല്ലാഹുവിന് ഇബാദത് ചെയ്യുകയും, അവനില്‍ ഒന്നിനെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യുക എന്ന കാര്യമാണ്. അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്ത ഒരാളുടെ ഉപമ ഒരു മനുഷ്യനെ പോലെയാണ്. അയാള്‍ തന്റെ സ്വന്തം സമ്പാദ്യത്തില്‍ നിന്ന് സ്വര്‍ണവും വെള്ളിയും ചിലവഴിച്ച് ഒരു അടിമയെ വാങ്ങി. എന്നിട്ട് (അടിമയോട്) പറഞ്ഞു: “ഇതാകുന്നു എന്റെ വീട്. ഇതാണ് (എനിക്ക് വേണ്ടി ചെയ്യേണ്ട) പണികള്‍. അവ ചെയ്ത് നീ എന്നോടുള്ള കടമ നിറവേറ്റുക. എന്നാല്‍ ഈ അടിമ തന്റെ ഉടമസ്ഥനു വേണ്ടിയല്ലാതെ, മറ്റു പലര്‍ക്കു വേണ്ടിയുമാണ് പണിയെടുത്തത്. നിങ്ങളില്‍ ആരാണ് തന്റെ അടിമ ഇത്തരം ഒരാളാകുന്നത് തൃപ്തിപ്പെടുക?” (തിര്‍മിദി: 2863, അഹ്മദ്: 17170, ഹാരിഥ് അല്‍-അശ്അരിയുടെ ഹദീഥില്‍ നിന്ന്)

ഇനിയും അനേകം തെളിവുകള്‍ ശിര്‍ക്കിന്റെ ഗൗരവം അറിയിക്കുന്നതായി ഖുര്‍ആനിലും ഹദീഥിലും വന്നിട്ടുണ്ട്. അല്ല! ഖുര്‍ആനും ഹദീഥും ഈ വിഷയത്തിലുള്ള തെളിവുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.

എന്നാല്‍ എത്ര മാത്രം നിസ്സാരമായാണ് നമ്മുടെ സമൂഹം ഈ തിന്മയെ പരിഗണിക്കുന്നതെന്ന കാര്യം നീ ശ്രദ്ധിക്കുക. അല്ലാഹു എന്നെയും നിന്നെയും നാശകരമായ ഈ തിന്മയില്‍ നിന്ന് രക്ഷിക്കട്ടെ.

<strong>മുഹമ്മദ് നബി -ﷺ- യുടെ ഉമ്മത്തില്‍ ശിര്‍ക്ക് ഉണ്ടാകുമോ?</strong>

മുന്‍കാലക്കാര്‍ക്ക് സംഭവിച്ച അബദ്ധങ്ങള്‍ ചാണിന് ചാണായും, മുഴത്തിന് മുഴമായും ഈ സമൂഹവും പിന്‍പറ്റുമെന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് സംഭവിച്ച പിഴവുകളില്‍ പ്രധാനപ്പെട്ട ഒന്ന് ശിര്‍ക്കായിരുന്നു.

عَنْ أَبِي سَعِيدٍ الخُدْرِيِّ، عَنِ النَّبِيِّ -ﷺ-، قَالَ: «لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ، شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ»، قُلْنَا: يَا رَسُولَ اللَّهِ، اليَهُودُ وَالنَّصَارَى؟ قَالَ: «فَمَنْ»

അബൂ സഈദ് അല്‍ ഖുദ്രി -رضي الله عنه- നിവേദനം: നബി -ﷺ- പറഞ്ഞു: “മുന്‍കാലക്കാരുടെ ചര്യകള്‍ നിങ്ങള്‍ ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്‍പറ്റും. അവര്‍ ഒരു ഉടുമ്പിന്‍ മാളത്തില്‍ പ്രവേശിച്ചാല്‍ നിങ്ങള്‍ അതിലും അവരെ പിന്‍പറ്റും.” ഞങ്ങള്‍ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! (മുന്‍കാലക്കാര്‍ എന്നത് കൊണ്ട് അങ്ങ് ഉദ്ദേശിച്ചത്) യഹൂദ നസ്വാറാക്കളാണോ?” നബി -ﷺ- പറഞ്ഞു: “പിന്നെ ആരെയാണ്?” (ബുഖാരി: 7320, മുസ്‌ലിം: 2669)

ശിര്‍ക്കിന്റെ വളരെ മ്ലേഛമായ രൂപങ്ങള്‍ വരെ ഈ സമൂഹത്തില്‍ സംഭവിക്കുമെന്ന് അവിടുന്ന് അറിയിച്ചു.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ -ﷺ-، قَالَ: «لاَ تَقُومُ السَّاعَةُ حَتَّى تَضْطَرِبَ أَلَيَاتُ نِسَاءِ دَوْسٍ عَلَى ذِي الخَلَصَةِ»

അബൂ ഹുറൈറ -رضي الله عنه- നിവേദനം: നബി -ﷺ- പറഞ്ഞു: “ദൗസ് (ഗോത്രത്തിലെ) സ്ത്രീകളുടെ പൃഷ്ഠങ്ങള്‍ ദുല്‍ ഖലസ്വ (എന്ന വിഗ്രഹത്തിന്റെ) മേല്‍ വെച്ച് ഉരതുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല.” (ബുഖാരി: 7116, മുസ്‌ലിം: 7116)

عَنْ عَائِشَةَ، قَالَتْ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «لَا يَذْهَبُ اللَّيْلُ وَالنَّهَارُ حَتَّى تُعْبَدَ اللَّاتُ وَالْعُزَّى»

ആഇഷ -رضي الله عنها- നിവേദനം: നബി -ﷺ- പറഞ്ഞു: “ലാതയും ഉസ്സയും ആരാധിക്കപ്പെടുന്നത് വരെ രാത്രിയും പകലും ഇല്ലാതാവുകയില്ല.” (മുസ്‌ലിം: 2907)

عَنْ ثَوْبَانَ قَالَ قَالَ رَسُولُ اللَّهِ -ﷺ- «وَلاَ تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِى بِالْمُشْرِكِينَ وَحَتَّى تَعْبُدَ قَبَائِلُ مِنْ أُمَّتِى الأَوْثَانَ»

ഥൗബാന്‍ -رضي الله عنه- നിവേദനം: നബി -ﷺ- പറഞ്ഞു: “എന്റെ ഉമ്മത്തില്‍ പെട്ട ചില ഗോത്രങ്ങള്‍ മുഷ്രിക്കുകളുമായി ചേരുകയും, എന്റെ ഉമ്മത്തില്‍ പെട്ട ചില ഗോത്രങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നത് വരെയും അന്ത്യനാള്‍ സംഭവിക്കുകയില്ല.” (അബൂദാവൂദ്:4254, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

മേലെ നല്‍കിയ ഹദീഥുകള്‍ വായിക്കുന്ന ഏതൊരാള്‍ക്കും ഈ ഉമ്മത്തില്‍ ശിര്‍ക്ക് വരാനുള്ള സാധ്യതകള്‍ എത്ര മാത്രമുണ്ടെന്ന് ബോധ്യപ്പെടാതിരിക്കില്ല. എന്നാല്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറയുന്ന മുസ്‌ലിംകളുള്ള ഈ സമൂഹത്തില്‍ ഒരിക്കലും -അവര്‍ ഖബറിടത്തില്‍ പോയി പ്രാര്‍ഥിച്ചാലും, സുജൂദ് ചെയ്താലും, ഔലിയാക്കള്‍ക്കും അമ്പിയാക്കള്‍ക്കും ഇബാദത് സമര്‍പ്പിച്ചാലും- ശിര്‍ക്ക് വരില്ലെന്ന് പറയുന്നവര്‍ ഈ സമൂഹത്തിന്റെ പരലോകത്തെയും ഇഹലോകത്തെയും നശിപ്പിക്കാനും ചൂഷണം ചെയ്യാനും ഇറങ്ങിപ്പുറപ്പെട്ടവരാണെന്ന് ആര്‍ക്കും ബോധ്യമാകും.

അതിനാല്‍ -സഹോദരാ!- നബി -ﷺ- യുടെ ഈ താക്കീതുകളെ നീ ഗൗരവത്തില്‍ പരിഗണിക്കുക. നിന്റെ പരലോകം സുരക്ഷിതമാക്കാന്‍ നീ സ്വയം പരിശ്രമിക്കേണ്ടതുണ്ടെന്ന കാര്യം തിരിച്ചറിയുക. അല്ലാഹു എന്നെയും നിന്നെയും സത്യത്തിലേക്ക് നയിക്കട്ടെ!

<strong>ശിര്‍ക്കിന്റെ ഇനങ്ങള്‍ ഏതെല്ലാം?</strong>

ശിര്‍ക്ക് രണ്ട് രൂപത്തിലുണ്ട്.

ഒന്ന്: ശിര്‍ക്കുന്‍ അക്ബറുന്‍ ജലിയ്യ് (പ്രകടമായ വലിയ ശിര്‍ക്ക്) (الشرك الأكبر الجلي)

ഇസ്‌ലാമില്‍ നിന്ന് പൂര്‍ണമായും പുറത്തു പോകാന്‍ കാരണമാകുന്ന ഈ ശിര്‍ക്കിനെ കുറിച്ചാണ് ഗ്രന്ഥകാരനായ ശൈഖ് മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ് ഒന്നാമത്തെ നാഖിദ്വ് എന്ന് സൂചിപ്പിച്ചിരിക്കുന്നത്. ശിര്‍ക്കിന്റെ ഈ രൂപത്തെ കുറിച്ച് മേലെ വിശദീകരിക്കപ്പെട്ടു കഴിഞ്ഞു.

രണ്ട്: ശിര്‍ക്കുന്‍ അസ്വ്ഗ്വറുന്‍ ഖഫിയ്യ് (ഗോപ്യമായ ചെറിയ ശിര്‍ക്ക്) (الشرك الأصغر الخفي)

ഖുര്‍ആനിലും സുന്നത്തിലും ശിര്‍ക്ക് എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള, എന്നാല്‍ അത് പ്രവര്‍ത്തിക്കുന്നവന്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുകയില്ലെന്നതിന് തെളിവുകളുള്ള കാര്യങ്ങളാണ് ശിര്‍ക്കുന്‍ അസ്വ്ഗ്വര്‍ എന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്.

ഇതല്ലാത്ത നിര്‍വചനങ്ങളും നല്‍കപ്പെട്ടിട്ടുണ്ട്.

ഈ ശിര്‍ക്കിന് അനേകം ഇനങ്ങളുണ്ട്. അവയില്‍ ചിലത് വളരെ ചുരുക്കി സൂചിപ്പിക്കാം.

* വാക്കുകളില്‍ വരുന്ന ശിര്‍ക്ക്.

ഉദാഹരണത്തിന് അല്ലാഹുവല്ലാത്തവരെ കൊണ്ട് സത്യം ചെയ്യല്‍. അതല്ലെങ്കില്‍ ‘അല്ലാഹുവും നീയും ഇല്ലായിരുന്നെങ്കില്‍’, ‘അല്ലാഹുവും നീയും ഉദ്ദേശിച്ചാല്‍’ എന്നിങ്ങനെയുള്ള വാക്കുകള്‍.

عَنِ ابْنِ عَبَّاسٍ –رَضِيَ اللَّهُ عَنْهُمَا-، قَالَ رَجُلٌ لِلنَّبِيِّ -ﷺ-: مَا شَاءَ اللَّهُ وَشِئْتَ! قَالَ: «جَعَلْتَ لِلَّهِ نِدّاً؟! مَا شَاءَ اللَّهُ وَحْدَهُ»

ഇബ്‌നു അബ്ബാസ് -رضي الله عنهما- നിവേദനം: ഒരാള്‍ നബി-ﷺ-യോട് പറഞ്ഞു: “അല്ലാഹുവും അങ്ങും ഉദ്ദേശിച്ചാല്‍.” നബി -ﷺ- പറഞ്ഞു: “നീ അല്ലാഹുവിന് പങ്കുകാരനെ വെക്കുകയാണോ? അല്ലാഹു മാത്രം ഉദ്ദേശിച്ചാല്‍.”

* ഹൃദയത്തില്‍ വരുന്ന ശിര്‍ക്ക്.

രിയാഅ് (ലോകമാന്യം), സുംഅത് (പ്രശസ്തിക്കായുള്ള ആഗ്രഹം) എന്നിവ ഇതിന് ഉദാഹരണമാണ്.

عَنْ مَحْمُودِ بْنِ لَبِيدٍ، أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمُ الشِّرْكُ الْأَصْغَرُ» قَالُوا: وَمَا الشِّرْكُ الْأَصْغَرُ يَا رَسُولَ اللَّهِ؟ قَالَ: «الرِّيَاءُ، يَقُولُ اللَّهُ عَزَّ وَجَلَّ لَهُمْ يَوْمَ الْقِيَامَةِ: إِذَا جُزِيَ النَّاسُ بِأَعْمَالِهِمْ: اذْهَبُوا إِلَى الَّذِينَ كُنْتُمْ تُرَاءُونَ فِي الدُّنْيَا فَانْظُرُوا هَلْ تَجِدُونَ عِنْدَهُمْ جَزَاءً»

മഹ്മൂദ് ബ്നു ലബീദ് -رضي الله عنه- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ‘ശിര്‍കുന്‍ അസ്വ്ഗ്വറി’നെയാണ്.” സ്വഹാബികള്‍ ചോദിച്ചു: “എന്താണ് ‘ശിര്‍ക്കുന്‍ അസ്വ്ഗ്വര്‍’, അല്ലാഹുവിന്റെ റസൂലേ!” നബി -ﷺ- പറഞ്ഞു: “രിയാഅ് (ലോകമാന്യം) ആണത്. ജനങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടു കഴിഞ്ഞാല്‍ രിയാഇന്റെ ആളുകളോട് അല്ലാഹു പറഞ്ഞു: “നിങ്ങള്‍ ദുനിയാവില്‍ ആരെയാണോ കാണിച്ചു കൊണ്ടിരുന്നത് അവരുടെ അടുക്കല്‍ പോയി വല്ല പ്രതിഫലവും കിട്ടുമോ എന്ന് നോക്കുക.” (സ്വഹീഹുല്‍ അദബില്‍ മുഫ്റദ്: 605)

* ദുനിയാവിന് വേണ്ടിയുള്ള പ്രവര്‍ത്തനം.

മതപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഐഹികമായ നേട്ടങ്ങള്‍ ആഗ്രഹിക്കുന്നതിനെ അല്ലാഹു ആക്ഷേപിച്ചിട്ടുണ്ട്.

مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ﴿١٥﴾ أُولَـٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ ۖ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ ﴿١٦﴾

“ഐഹികജീവിതത്തെയും അതിന്റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്) വെച്ച് അവര്‍ക്ക് നാം നിറവേറ്റികൊടുക്കുന്നതാണ്. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല. പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ.” (ഹൂദ്: 15)

<strong>ശിര്‍ക്കുന്‍ അക്ബറും അസ്വ്ഗ്വറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ എന്തെല്ലാം?</strong>

ശിര്‍ക്കുന്‍ അക്ബ്റും അസ്വ്ഗ്വറും തമ്മില്‍ അനേകം വ്യത്യാസങ്ങളുണ്ട്. അവയില്‍ ചിലത്:

1. ശിര്‍ക്കുന്‍ അക്ബര്‍ ചെയ്ത വ്യക്തി ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകും. അവന്‍ കാഫിറും മുര്‍തദ്ദുമായി പരിഗണിക്കപ്പെടും. എന്നാല്‍ ശിര്‍ക്കുന്‍ അസ്വഗ്വര്‍ ചെയ്തവന്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകില്ല; എങ്കിലും അവന്റെ പ്രവൃത്തി ശിര്‍ക്കുന്‍ അക്ബറിലേക്ക് ചിലപ്പോള്‍ എത്താന്‍ സാധ്യതയുണ്ട്.

2. ശിര്‍ക്കുന്‍ അക്ബര്‍ ചെയ്തു കഴിഞ്ഞാല്‍ അവന്റെ സകല സല്‍കര്‍മ്മങ്ങളും നിഷ്ഫലമാകും. എന്നാല്‍ ശിര്‍ക്കുന്‍ അസ്വ്ഗ്വര്‍ ഏതെങ്കിലും പ്രവൃത്തിയില്‍ ഉണ്ടായാല്‍ അത് ആ പ്രവൃത്തിയെ മാത്രമേ നശിപ്പിക്കൂ; എല്ലാ പ്രവര്‍ത്തനങ്ങളെയും അല്ലാഹുവിങ്കല്‍ അസ്വീകാര്യമാക്കില്ല.

3. ശിര്‍ക്കുന്‍ അക്ബര്‍ ചെയ്തവന്റെ രക്തവും സമ്പാദ്യവും അനുവദനീയമാണ്; മുസ്‌ലിം സമൂഹത്തിന്റെ നേതാവായ വലിയ്യുല്‍ അംറ് കല്‍പ്പിച്ചാല്‍ അവരുമായി യുദ്ധം ചെയ്യുകയും, അവരെ കൊലപ്പെടുത്തുകയും, അവരുടെ സമ്പാദ്യം യുദ്ധ മുതലായി (ഗനീമത്) എടുക്കുകയും ചെയ്യാം. എന്നാല്‍ ശിര്‍ക്കുന്‍ അസ്വ്ഗ്വര്‍ ചെയ്തവന്‍ മുസ്‌ലിം തന്നെയാണ്. അവന്റെ രക്തവും സമ്പാദ്യവും നിഷിദ്ധമാണ്.

4. ശിര്‍ക്കുന്‍ അക്ബര്‍ ചെയ്തവന്‍ ശാശ്വത നരകവാസത്തിന് അര്‍ഹനാണ്. ഒരിക്കലും അവന് സ്വര്‍ഗപ്രവേശമുണ്ടാവുകയില്ല. എന്നാല്‍ ശിര്‍ക്കുന്‍ അസ്വ്ഗ്വര്‍ ചെയ്തവന് അവന്റെ തിന്മക്കുള്ള ശിക്ഷ ലഭിച്ചു കഴിഞ്ഞാല്‍ സ്വര്‍ഗപ്രവേശനമുണ്ടായിരിക്കും.

<strong>ശിര്‍ക്കുന്‍ അസ്വ്ഗ്വര്‍; ചെറിയ ശിര്‍ക്കെന്നാണ് ഇതിന്റെ അര്‍ഥം. ഈ തിന്മ വളരെ ഗൗരവം കുറഞ്ഞ ചെറിയ തിന്മയാണോ?</strong>

ഒരിക്കലുമല്ല! വളരെ ഗൗരവമുള്ള തിന്മയാണ് ശിര്‍ക്കുന്‍ അസ്ഗ്വര്‍. അല്ല! വന്‍പാപങ്ങളെക്കാള്‍ ഗൗരവമുള്ളതാണ് അവ.

قَالَ عَبْدُ اللَّهِ بْنُ مَسْعُودٍ: «لِأَنْ أَحْلِفَ بِاللَّهِ كَاذِباً أَحَبُّ إِلَيَّ مِنْ أَنْ أَحْلِفَ بِغَيْرِ اللَّهِ صَادِقاً»

ഇബ്‌നു മസ്ഊദ് -رضي الله عنه- പറഞ്ഞു: “അല്ലാഹു അല്ലാത്തവരുടെ പേരില്‍ കള്ളമില്ലാതെ സത്യം ചെയ്യുന്നതിനെക്കാള്‍ എനിക്ക് ഇഷ്ടം  , അല്ലാഹുവിന്റെ പേരില്‍ കള്ള സത്യം ചെയ്യുന്നതാണ്.” (മുസ്വന്നഫു അബ്ദി റസാഖ്: 15929)

അല്ലാഹുവിന്റെ പേര് പറഞ്ഞു കൊണ്ട് കള്ളസത്യം ചെയ്യുക എന്നത് വളരെ ഗൗരവമുള്ള തിന്മയാണ്; അത് വന്‍പാപങ്ങളില്‍ പെട്ടതുമാണ്. എന്നാല്‍ അതിനെക്കാള്‍ ഗൗരവമുള്ളതാണ്; അല്ലാഹുവല്ലാത്തവരുടെ പേരില്‍ കള്ളം പറയാതെ സത്യം ചെയ്യുക എന്നത്. കാരണം, അത് ശിര്‍ക്കുന്‍ അസ്വ്ഗ്വറാണ് എന്നത് തന്നെ. ഇബ്‌നു മസ്ഊദിന്റെ ഈ അഥറില്‍ നിന്ന് ശിര്‍ക്കുന്‍ അസ്വ്ഗ്വര്‍ വന്‍പാപങ്ങളെക്കാള്‍ (കബാഇര്‍) ഗൗരവതരമാണെന്നത് മനസ്സിലാക്കാം.

മാത്രമല്ല, കബാഇറുകള്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ പൊറുത്തു കൊടുക്കുകയും, ഉദ്ദേശിച്ചാല്‍ ശിക്ഷിക്കുകയും ചെയ്തേക്കാം എന്ന കാര്യത്തില്‍ ഏകോപിച്ച അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ ശിര്‍ക്കുന്‍ അസ്വ്ഗ്വറിന്റെ കാര്യത്തില്‍ അപ്രകാരം യോജിച്ചിട്ടില്ല. അവരില്‍ ചിലര്‍ പറഞ്ഞത് ശിര്‍ക്കുന്‍ അസ്വ്ഗ്വര്‍ ഒരിക്കലും പൊറുക്കപ്പെടുകയില്ലെന്നും, അതിന് ശിക്ഷ ലഭിച്ചതിന് ശേഷം മാത്രമേ അത് ചെയ്തവര്‍ക്ക് സ്വര്‍ഗപ്രവേശം സാധ്യമാകൂ എന്നുമാണ്. (അറദ്ദു അലല്‍ ബക്രി – ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ: 146)

<strong>ശിര്‍ക്കും കുഫ്റും തമ്മിലുള്ള വ്യത്യാസം എന്താണ്?</strong>

എല്ലാ ശിര്‍ക്കും കുഫ്റാണ്. എല്ലാ കുഫ്റും ശിര്‍ക്കാണ്. മുഷ്രികിനെ കാഫിര്‍ എന്നും, കാഫിറിനെ മുഷ്രിക്ക് എന്നും വിശേഷിപ്പിക്കാം.

എന്നാല്‍ അല്ലാഹുവിനുള്ള ഇബാദതില്‍ പങ്കു ചേര്‍ക്കുകയും, അവനോടൊപ്പം മറ്റു വല്ലവരെയും വിളിച്ച് പ്രാര്‍ഥിക്കുകയും ചെയ്തവരെ മുഷ്രിക്ക് എന്നാണ് കൂടുതലും വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ നിഷേധത്തില്‍ നിന്ന് ഉടലെടുക്കാറുള്ള എന്തെങ്കിലും കാര്യങ്ങള്‍ -ഉദാഹരണത്തിന് അല്ലാഹു നിര്‍ബന്ധമാക്കിയ എന്തെങ്കിലും നിഷേധിക്കുകയോ, അവന്‍ നിഷിദ്ധമാക്കിയ എന്തെങ്കിലുമൊന്ന് അനുവദനീയമാക്കുകയോ, അല്ലാഹുവിനെയോ റസൂലിനെയോ ചീത്ത വിളിക്കുകയോ പോലുള്ളവ- ചെയ്തവനാണെങ്കില്‍ അവനെ കാഫിര്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എല്ലാ മുഷ്രിക്കുകളും കാഫിറുകളും, എല്ലാ കാഫിറുകളും മുഷ്രിക്കുകളുമാണ്.

<strong>ശിര്‍ക്കില്‍ നിന്ന് രക്ഷപ്പെടുത്തുന്ന വല്ല പ്രാര്‍ഥനയും ഉണ്ടോ?</strong>

عَنْ أَبِي مُوسَى الْأَشْعَرِيُّ قَالَ: خَطَبَنَا رَسُولُ اللَّهِ -ﷺ- ذَاتَ يَوْمٍ فَقَالَ: «أَيُّهَا النَّاسُ اتَّقُوا هَذَا الشِّرْكَ؛ فَإِنَّهُ أَخْفَى مِنْ دَبِيبِ النَّمْلِ» فَقَالَ لَهُ مَنْ شَاءَ اللَّهُ أَنْ يَقُولَ: وَكَيْفَ نَتَّقِيهِ، وَهُوَ أَخْفَى مِنْ دَبِيبِ النَّمْلِ يَا رَسُولَ اللَّهِ؟ قَالَ: «قُولُوا: اللهُمَّ إِنَّا نَعُوذُ بِكَ مِنْ أَنْ نُشْرِكَ بِكَ شَيْئًا نَعْلَمُهُ، وَنَسْتَغْفِرُكَ لِمَا لَا نَعْلَمُ»

അബൂ മൂസല്‍ അശ്അരി -رضي الله عنه- നിവേദനം: നബി -ﷺ- ഒരു ദിവസം ഞങ്ങളോട് പ്രസംഗിക്കവെ ഇപ്രകാരം പറഞ്ഞു: “ഹേ ജനങ്ങളേ! നിങ്ങള്‍ ഈ ശിര്‍ക്കിനെ സൂക്ഷിക്കുക. അത് ഉറുമ്പിന്റെ കാലടിപ്പാടുകളെക്കാള്‍ ഗോപ്യമാണ്.” അപ്പോള്‍ ഒരാള്‍ പറഞ്ഞു: “ഉറുമ്പിന്റെ കാലടിപ്പാടുകളെക്കാള്‍ ഗോപ്യമാണ് അതെങ്കില്‍ ഞങ്ങള്‍ എങ്ങനെയാണ് അതിനെ സൂക്ഷിക്കുക, അല്ലാഹുവിന്റെ റസൂലേ?” നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ പറയുക!

«اللهُمَّ إِنَّا نَعُوذُ بِكَ مِنْ أَنْ نُشْرِكَ بِكَ شَيْئًا نَعْلَمُهُ، وَنَسْتَغْفِرُكَ لِمَا لَا نَعْلَمُ»

(സാരം: അല്ലാഹുവേ ഞങ്ങള്‍ നിന്നില്‍ അറിഞ്ഞു കൊണ്ട് ശിര്‍ക്ക് ചെയ്യുന്നതില്‍ നിന്ന് നിന്നോട് ശരണം തേടുന്നു. അറിയാതെ നിന്നില്‍ ശിര്‍ക്ക് ചെയ്യുന്നതില്‍ നിന്ന് ഞങ്ങള്‍ നിന്നോട് പാപമോചനം ചോദിക്കുന്നു.” (അഹ്മദ്: 19606, ഇബ്‌നു അബീ ശൈബ: 10/337-338, അല്‍ബാനി ഹസനുന്‍ ലിഗയ്രിഹി എന്ന് വിശേഷിപ്പിച്ചു)

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدِ بْنِ عَبْدِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.

كَتَبَهُ : أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment