സ്ത്രീകൾ ഇഅ്തികാഫ് ഇരിക്കുന്നത് സുന്നത്താണെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. യുവതികൾക്ക് ഇഅ്തികാഫ് മക്റൂഹാണെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട് എങ്കിലും പൊതുവായ തെളിവുകളിൽ നിന്ന് മനസ്സിലാകുന്നത് ഫിത്ന (നിഷിദ്ധമായ കാര്യങ്ങളിലേക്ക് നയിക്കുന്ന വഴികൾ) ഭയക്കുന്നില്ലെങ്കിൽ അവർക്ക് ഇഅ്തികാഫ് ഇരിക്കാം എന്ന് തന്നെയാണ്, കാരണം ഇസ്ലാമിൽ എല്ലാ നിയമങ്ങളിലും പുരുഷന്മാരും സ്ത്രീകളും ഒരു പോലെയാണ്; സ്ത്രീകൾക്ക് പ്രത്യേകമായി വല്ല വിധിയും വ്യക്തമായി വേറിട്ടു വന്നാലല്ലാതെ അതിൽ മാറ്റമുണ്ടാകില്ല.
മാത്രമല്ല, സ്വർഗസ്ത്രീകളുടെ നേതാവായ മർയം -عَلَيْهَا السَّلَامُ- ഇഅ്തികാഫ് ഇരുന്ന സംഭവം വിശുദ്ധ ഖുർആനിൽ വന്നത് കഴിഞ്ഞു പോയ ചോദ്യങ്ങളിൽ നാം പരാമർശിച്ചതും ഈ സന്ദർഭത്തിൽ ഓർക്കാം. മുൻകഴിഞ്ഞ സമുദായങ്ങൾക്ക് നിശ്ചയിക്കപ്പെട്ട മതനിയമങ്ങൾ നമുക്കും അതു പോലെ തന്നെ ബാധകമാണ്. അവ ദുർബലമാക്കി കൊണ്ട് നമ്മുടെ ദീനിൽ തെളിവ് പ്രത്യേകം വരാത്തിടത്തോളം അവ നമുക്കും ബാധകമാണ്.
നബി -ﷺ- യോടൊപ്പം അവിടുത്തെ ഭാര്യമാരിൽ അവിടുത്തെ ജീവിതകാലത്ത് തന്നെ ഇഅ്തികാഫ് ഇരുന്ന സംഭവവും സ്ഥിരപ്പെട്ടിട്ടുണ്ട്. (ബുഖാരി: 309) അവിടുത്തെ മരണശേഷം നബി -ﷺ- യുടെ ഭാര്യമാർ മസ്ജിദിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു എന്ന ഹദീഥുകളും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. എന്നാൽ ഫിത്ന ഭയക്കുന്നെങ്കിൽ അവൾ ഇഅ്തികാഫിൽ നിന്ന് വിട്ടു നിൽക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് പുരുഷന്മാരുമായി കൂടിക്കലരാനുള്ള സാധ്യതകളോ, ശരിയായ മറയില്ലാത്ത സ്ഥിതിവിശേഷമോ, പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനുള്ള പ്രയാസമോ മറ്റോ ഉണ്ടെങ്കിൽ. നബി -ﷺ- യുടെ വഫാതിന് ശേഷം ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞ വാക്ക് ഈ സന്ദർഭത്തിൽ സ്മരണീയമാണ്. അവർ പറഞ്ഞു:
عَنْ عَائِشَةَ قَالَتْ: «لَوْ أَدْرَكَ رَسُولُ اللَّهِ -ﷺ- مَا أَحْدَثَ النِّسَاءُ لَمَنَعَهُنَّ كَمَا مُنِعَتْ نِسَاءُ بَنِي إِسْرَائِيلَ»
“സ്ത്രീകൾ ഇക്കാലത്ത് ഉണ്ടാക്കിയിരിക്കുന്ന കാര്യങ്ങൾ നബി -ﷺ- യെങ്ങാനും കണ്ടിരുന്നെങ്കിൽ ഇസ്രാഈല്യരിലെ സ്ത്രീകളെ തടഞ്ഞതു പോലെ അവിടുന്ന് അവരെ തടയുമായിരുന്നു.” (ബുഖാരി: 869)