ഏതൊരു ഇബാദത്തും അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടാൻ ചില നിബന്ധനകൾ ഉണ്ടായിരിക്കും. നിസ്കാരം ശരിയാകണമെങ്കിൽ വുദു ഉണ്ടായിരിക്കണം എന്നതു പോലെ. ഇഅ്തികാഫിന്റെ നിബന്ധനകൾ താഴെ പറയുന്നവയാണ്.
ഒന്ന്: മുസ്ലിമായിരിക്കുക. ഏതൊരു സൽകർമ്മവും അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടണമെങ്കിൽ മുസ്ലിമായിരിക്കണം. അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുകയോ, ശിർകോ കുഫ്റോ പ്രവർത്തിക്കുകയോ ചെയ്യുന്നവരുടെ ഇഅ്തികാഫ് അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുകയില്ല.
രണ്ട്: ബുദ്ധിയുള്ളവനായിരിക്കുക. ഭ്രാന്തനോ ബുദ്ധിയില്ലാത്തവരോ ബോധമില്ലാത്തവരോ ആയവരുടെ ഇഅ്തികാഫ് സ്വീകാര്യമല്ല. കാരണം ഏതൊരു പ്രവർത്തനവും അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്യുന്നതായിരിക്കണം. ഈ പറഞ്ഞവർക്ക് അങ്ങനെ ഉദ്ദേശിക്കാൻ കഴിയില്ല. അതിനാൽ അവർക്ക് ഇഅ്തികാഫ് ശരിയാവുകയുമില്ല.
മൂന്ന്: വകതിരിവുള്ള ആളാവുക. വകതിരിവെത്താത്ത കുട്ടികളുടെ പേരിൽ ഇഅ്തികാഫ് ശരിയാവുകയോ, പുണ്യകർമ്മമായി പരിഗണിക്കപ്പെടുകയോ ഇല്ല. ഭ്രാന്തന്മാരുടെ കാര്യത്തിൽ പറഞ്ഞത് തന്നെയാണ് ഇവിടെയുമുള്ള കാരണം.
നാല്: നിയ്യത്തുണ്ടായിരിക്കുക. മസ്ജിദിൽ ഇഅ്തികാഫ് എന്ന സൽകർമ്മത്തിനായി ഞാൻ മാറിയിരിക്കുകയാണ് എന്ന മനസ്സിലുണ്ടായിരിക്കേണ്ട ഉദ്ദേശമാണ് നിയ്യത്ത് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ഈ ഉദ്ദേശമില്ലാതെ വെറുതെ മസ്ജിദിൽ ഒരാൾ കഴിഞ്ഞു കൂടുകയോ മറ്റോ ചെയ്താൽ അത് ഇഅ്തികാഫ് ആയി പരിഗണിക്കപ്പെടുകയില്ല. എന്നാൽ നമ്മുടെ നാട്ടിലുള്ള മസ്ജിദുകളിൽ വ്യാപകമായി പ്രചാരത്തിലുള്ള നിയ്യത്ത് ചൊല്ലിപ്പറയുന്ന രീതി ഇസ്ലാമിലുള്ളതല്ല. നബി -ﷺ- യിൽ നിന്നോ സ്വഹാബത്തിൽ നിന്നോ അത് വന്നിട്ടില്ല. ഒഴിവാക്കേണ്ട, അല്ലാഹുവിന്റെ ശിക്ഷ ലഭിക്കുവാൻ കാരണമായേക്കാവുന്ന ബിദ്അത്താണ് ഈ പ്രവർത്തനം.
അഞ്ച്: ഹയ്ദ്വ്, നിഫാസ്, ജനാബത്ത് എന്നിവയിൽ നിന്ന് ശുദ്ധിയുള്ളവരായിരിക്കുക. ഹയ്ദ്വ് എന്നാൽ ആർത്തവവും, നിഫാസ് എന്നാൽ പ്രസവരക്തവും, ജനാബത്ത് എന്നാൽ മനിയ്യ് പുറത്തു വരികയോ, ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ ചെയ്തതിനാൽ ഉണ്ടാകുന്ന അശുദ്ധിയുമാണ്. കാരണം നബി -ﷺ- ആർത്തവകാരികളെ പെരുന്നാൾ മുസ്വല്ലയിൽ നിന്ന് വിട്ടുനിർത്താൻ കൽപ്പിച്ചിട്ടുണ്ട്. മസ്ജിദാകട്ടെ, മുസ്വല്ലയെക്കാൾ പവിത്രവും പരിശുദ്ധവുമാണ്.
عَنْ أُمِّ عَطِيَّةَ، قَالَتْ: أَمَرَنَا رَسُولُ اللهِ -ﷺ- أَنْ نُخْرِجَهُنَّ فِي الْفِطْرِ وَالْأَضْحَى، الْعَوَاتِقَ، وَالْحُيَّضَ، وَذَوَاتِ الْخُدُورِ، فَأَمَّا الْحُيَّضُ فَيَعْتَزِلْنَ الصَّلَاةَ، وَيَشْهَدْنَ الْخَيْرَ، وَدَعْوَةَ الْمُسْلِمِينَ، قُلْتُ: يَا رَسُولَ اللهِ! إِحْدَانَا لَا يَكُونُ لَهَا جِلْبَابٌ، قَالَ: «لِتُلْبِسْهَا أُخْتُهَا مِنْ جِلْبَابِهَا»
ഉമ്മു അത്വിയ്യ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ഈദുല്‍ ഫിത്വറിലും ഈദുല്‍ അദ്വ്-ഹയിലും വിവാഹപ്രായമെത്തിയ കന്യകകളെയും കൗമാരക്കാരായ പെണ്‍കുട്ടികളെയും (മുസ്വല്ലയിലേക്ക്) കൊണ്ട് വരാന്‍ ഞങ്ങളോട് കല്പ്പിച്ചു. എന്നാല്‍ ആര്‍ത്തവകാരികളായ സ്ത്രീകള്‍; അവര്‍ നിസ്കാരത്തില്‍ നിന്ന് (ചില രിവായതുകളില്‍: മുസ്വല്ലയില്‍ നിന്ന്) വിട്ടു നില്‍ക്കുകയും, നന്മക്ക് (ഖുതുബ) സാക്ഷ്യം വഹിക്കുകയും, മുസ്ലിമീങ്ങളുടെ പ്രാര്‍ത്ഥനയില്‍ (പങ്കു ചേരുകയും) ചെയ്യട്ടെ.” ഞാന്‍ (ഉമ്മു അത്വിയ്യ) ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! ഞങ്ങളില്‍ ചിലര്‍ക്ക് ജില്‍ബാബ് (തട്ടം) ഇല്ലല്ലോ? അവിടുന്ന് പറഞ്ഞു: “(ഒന്നിലധികം ജില്‍ബാബുള്ള) അവളുടെ സഹോദരി തന്റെ ജില്‍ബാബ് അവളെ ധരിപ്പിക്കട്ടെ.” (ബുഖാരി: 324, മുസ്ലിം: 890)
ആറ്: സ്ത്രീകൾക്ക് ഭർത്താവിന്റെ അനുമതി. നബി -ﷺ- ഇഅ്തികാഫിരുന്നപ്പോൾ അവിടുത്തോടൊപ്പം ഇഅ്തികാഫിരിക്കാൻ ആഇശ -رَضِيَ اللَّهُ عَنْهَا- അനുമതി ചോദിച്ചത് ഹദീഥിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. (ബുഖാരി: 2041, മുസ്ലിം: 1173) സുന്നത്തായ നോമ്പ് നോൽക്കുന്നതിന് ഭർത്താവിന്റെ അനുമതി വേണമെന്നതു പോലെ, ഇഅ്തികാഫിനും അനുമതി വേണ്ടതുണ്ട്. ഇഅ്തികാഫാകട്ടെ, നിർബന്ധ കർമ്മവുമല്ല; ഭർത്താവിനെ അനുസരിക്കുക എന്നതാകട്ടെ നിർബന്ധവുമാണ്.
ഏഴ്: മസ്ജിദിലായിരിക്കണം. ഇഅ്തികാഫ് മസ്ജിദുമായി ബന്ധപ്പെട്ട ഇബാദതാണ്. അതു കൊണ്ട് മസ്ജിദിലായിരിക്കണം ഇഅ്തികാഫ് എന്നത് ഈ പ്രവർത്തനം ശരിയാകാനുള്ള നിർബന്ധനകളിൽ പെട്ടതാണ്. ഏതു തരം മസ്ജിദിലായിരിക്കണം ഇഅ്തികാഫിരിക്കേണ്ടത് എന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിയെ പരാമർശിക്കുന്നതാണ്. ഇൻശാ അല്ലാഹ്.