الحَمْدُ لِلَّهِ العَلَّامِ الغُيُوبِ، وَالصَّلَاةُ وَالسَّلَامُ عَلَى النَّبِيِّ الحَبِيبِ، وَعَلَى الآلِ وَالأَتْبَاعِ وَالأَصْحَابِ، وَبَعْدُ:

‘കാഫിര്‍’!

ഇത്ര വേഗതയില്‍ -വളരെ എളുപ്പത്തില്‍- ഈ അക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ കഴിയുന്ന മറ്റൊരു വിഭാഗവും ഉണ്ടായിട്ടില്ല; ഖവാരിജുകളെ പോലെ. വെള്ളം കുടിച്ചിറക്കുന്നതിനെക്കാള്‍ എളുപ്പമുള്ള കാര്യമാണ് ഇവരുടെ അടുക്കല്‍ തക്ഫീര്‍ (മറ്റുള്ളവരെ കാഫിര്‍ എന്ന് മുദ്ര കുത്തല്‍).

ഖുലഫാഉ റാഷിദുകളില്‍ നാലാമനായ, നബി-ﷺ-യുടെ മരുമകനായിരുന്ന, നബി-ﷺ-യുടെ പേരമക്കളായ ഹസന്‍, ഹുസൈന്‍ -رضي الله عنهما- എന്നിവരുടെ പിതാവിനെ -അന്ന് ജീവിച്ചിരുന്നവരില്‍ ഏറ്റവും നല്ലവരെ- കുറിച്ച് അവര്‍ പറഞ്ഞു: ‘കാഫിര്‍! ഇസ്‌ലാമില്‍ നിന്ന് പുറത്തു പോയിരിക്കുന്നു ഇയാള്‍!’

സുബ്ഹാനല്ലാഹ്!

ഇക്കാര്യം വ്യക്തമാകുന്നതിന് ഒരു നടന്ന കഥ പറയാം. മുഹമ്മദ് ബ്നു യസീദ് അല്‍-മുബ്രിദ് (285 ഹി) തന്റെ ‘അല്‍-കാമില്‍ ഫില്ലുഗതി വല്‍ അദബ്’ എന്ന ഗ്രന്ഥത്തില്‍ ഈ സംഭവം എടുത്തു കൊടുത്തിട്ടുണ്ട്.

ഒരിക്കല്‍ ഖവാരിജുകളുടെ നേതാവായ നാഫിഉ ബ്നു അസ്റഖിന്റെ അടുക്കല്‍ ഒരാള്‍ വന്നു പറഞ്ഞു: “മുശ്രിക്കുകളുടെ സന്താനങ്ങള്‍ നരകത്തിലാണ്. നമ്മോട് എതിരായവരെല്ലാം മുശ്രിക്കുകളുമാണ്. അതിനാല്‍ ഈ കുട്ടികളെ കൊലപ്പെടുത്തുന്നതും അനുവദനീയമാണ്.”

നാഫിഅ് പറഞ്ഞു: “(ഇസ്‌ലാമിലില്ലാത്ത ഈ വാദം പറഞ്ഞതിലൂടെ) നീ കാഫിറായിരിക്കുന്നു! നിന്റെ രക്തം നീ തന്നെ സ്വയം അനുവദനീയമാക്കിയിരിക്കുന്നു.”

അയാള്‍ പറഞ്ഞു: “(ഞാന്‍ പറഞ്ഞ വാദത്തിന് തെളിവായി) ഖുര്‍ആനില്‍ നിന്ന് തെളിവ് കൊണ്ട് വന്നില്ലെങ്കില്‍ എന്നെ നിങ്ങള്‍ കൊന്നോളൂ!” എന്നിട്ടയാള്‍ പാരായണം ചെയ്തു:

«وَقَالَ نُوحٌ رَبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا * إِنَّكَ إِنْ تَذَرْهُمْ يُضِلُّوا عِبَادَكَ وَلَا يَلِدُوا إِلَّا فَاجِرًا كَفَّارًا»

“നൂഹ് പറഞ്ഞു.: എന്റെ രക്ഷിതാവേ, ഭൂമുഖത്ത് കാഫിറുകളില്‍ പെട്ട ഒരു പൗരനെയും നീ വിട്ടേക്കരുതേ. തീര്‍ച്ചയായും നീ അവരെ വിട്ടേക്കുകയാണെങ്കില്‍ നിന്റെ ദാസന്‍മാരെ അവര്‍ പിഴപ്പിച്ചു കളയും. ദുര്‍വൃത്തന്നും കാഫിറിനുമല്ലാതെ അവര്‍ ജന്‍മം നല്‍കുകയുമില്ല.” (നൂഹ്: 26-27) ഇതാണ് കാഫിരീങ്ങളുടെയും അവരുടെ കുട്ടികളുടെയും കാര്യം!”

ഇത് കേട്ടപ്പോള്‍ നാഫിഅ് തന്റെ നിലപാട് മാറ്റി. മുശ്രിക്കുകളുടെ കുട്ടികളെല്ലാം നരകത്തിലാണെന്നും, അവരെ കൊല്ലുന്നത് അനുവദനീയമാണെന്നും അന്നു മുതല്‍ അയാള്‍ വാദിക്കാന്‍ തുടങ്ങി.” (അല്‍-കാമില്‍: 3/206)

ഇതാണിവരുടെ കാര്യം! എത്ര പെട്ടെന്ന് മുസ്‌ലിം കാഫിറായി; എത്ര പെട്ടെന്ന് അവന്റെ രക്തം അനുവദനീയമായി.

തന്നോട് ഒരു പുതിയ വാദം പറഞ്ഞവനോട് ഖവാരിജുകളുടെ നേതാവിന്റെ വാക്ക് പോലും നോക്കൂ! ‘നീ കാഫിറായിരിക്കുന്നു. മുശ്രിക്കുകളുടെ കുട്ടികളെ കൊലപ്പെടുത്തരുതെന്നും, എല്ലാ കുട്ടികളും ജനിക്കുന്നത് മുസ്‌ലിമായി കൊണ്ടാണെന്നുമുള്ള നബി-ﷺ-യുടെ പ്രസിദ്ധമായ ഹദീഥുകള്‍ -അല്ല! ചില ആയത്തുകള്‍ പോലും- എത്ര പെട്ടെന്ന് അവരുടെ അടുക്കല്‍ മാറിമറിയുകയും, അതിനെതിരായ വിധിപ്രഖ്യാപനം നടക്കുകയും ചെയ്തു.

എന്തെളുപ്പമാണ് ഈ പദം -കാഫിര്‍- എന്നുച്ചരിക്കാന്‍! എത്ര വേഗതയിലാണ് നാവില്‍ നിന്ന് അത് പുറത്തു വരുന്നത്!

ആധുനികര്‍ ഇക്കാര്യത്തില്‍ മുന്‍ഗാമികളോട് സാദൃശ്യമുള്ളവരാണെന്ന് പറയുന്നത് ശരിയല്ല. അവരെ ഇവര്‍ ‘അതിവേഗം ബഹുദൂരം’ ഇക്കാര്യത്തില്‍ -തക്ഫീറിന്റെ വിഷയത്തില്‍- മുന്‍കടന്നിരിക്കുന്നു എന്നാണ് പറയേണ്ടത്!

ഫാരിസ് അസ്സഹ്റാനി -ഇയാളും ദാഇഷുമായുള്ള ബന്ധം മുന്‍പ് സൂചിപ്പിച്ചിട്ടുണ്ട്- എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് ഇപ്രകാരമാണ്: “ജിസിസി രാജ്യങ്ങളുടെ പട്ടാളം കാഫിറുകളാണെന്നറിയിക്കുന്ന ധാരാളക്കണക്കിന് ആയത്തുകളും ഹദീഥുകളും”. (الآيات والأحاديث الغزيرة في كفر قوات درع الجزيرة)

ഒരു ചെറിയ ലേഖനത്തില്‍ ഏതാണ്ട് അന്‍പതിനായിരത്തോളം മുസ്‌ലിമീങ്ങളെയാണ് ഇയാള്‍ കാഫിറുകളെന്ന് മുദ്ര കുത്തിയിരിക്കുന്നത്. ജിസിസി രാജ്യങ്ങളില്‍ പെട്ട എല്ലാവരുടെയും കീഴിലുള്ള സൈന്യങ്ങള്‍ മുഴുവനും കാഫിറുകളാണെന്നാണ് ഈ മഹാന്‍ ഒരൊറ്റ ലേഖനത്തിലൂടെ തെളിയിക്കുന്നത്!

ഈയടുത്ത് ഇയാളെ തൂക്കിലേറ്റിയതിനാണ് സഊദിയിലെ ചില ഖാദ്വിമാരെ വധിക്കുമെന്ന് ദാഇഷ് ഭീഷണിപ്പെടുത്തിയത്. നബി-ﷺ-യുടെ ഹദീഥില്‍ വന്നതു പോലെ: “ഓരോരുത്തരും അവന്റെ കൂട്ടാളിയുടെ ദീനിലാണ്!”

സയ്യിദ് ഫദ്വ്ല്‍ -അല്‍-ഖാഇദയുടെ പ്രാരംഭ കാലഘട്ടത്തില്‍ അതിന്റെ മുന്‍നിരയില്‍ ബിന്‍ ലാദനോടും ദ്വവാഹിരിയോടുമൊപ്പം തോളോടുതോള്‍ ചേര്‍ന്നു നിന്ന വ്യക്തിത്വം-. ഇയാളുടെ ‘അല്‍-ഉംദ ഫീ ഇഅ്ദാദില്‍ ഉദ്ദഃ’ എന്ന ഗ്രന്ഥം ജിഹാദിസ്റ്റുകളുടെ പ്രധാന മൂലഗ്രന്ഥങ്ങളിലൊന്നാണ്.

തക്ഫീറിന്റെ കാര്യത്തില്‍ ഒരു ‘സമുദ്ര’മാണെന്ന് തന്നെ ഇയാളെ വിശേഷിപ്പിക്കേണ്ടി വരും. ഭരണാധികാരികളെയും, ഭരണാധികാരികള്‍ കാഫിറാണെന്ന് വിധിക്കാത്തവരെയും, പാര്‍ലമെന്‍റിലേക്ക് മത്സരിച്ചവരെയും, വോട്ട് ചെയ്തവരെയുമെല്ലാം ഈ മഹാന്‍ കാഫിറാക്കിയിട്ടുണ്ട്. ഇപ്പോള്‍ അല്‍-ഖാഇദയുമായും, ദാഇഷുമായുമൊക്കെ തെറ്റിപ്പിരിഞ്ഞെങ്കിലും ഇയാളുടെ ഗ്രന്ഥങ്ങള്‍ക്ക് -പ്രത്യേകിച്ച് മേലെ പറഞ്ഞ പുസ്തകത്തിന്- ഇവരിലുണ്ടായിരുന്ന സ്വാധീനം ഒരാളും നിഷേധിക്കുകയില്ല.

‘അഫ്ഗാനീ ജിഹാദിന്റെ വൈജ്ഞാനികമായ ഫലങ്ങളില്‍ പ്രധാനപ്പെട്ടത്’ എന്നാണ് അബൂ മുസ്വ്അബ് അസ്സൂരി സയ്യിദ് ഫദ്വ്ലിന്റെ ഗ്രന്ഥത്തെ വിശേഷിപ്പിച്ചത്. (മുഖ്തസ്വറു മസാരിസ്സ്വഹ്വഃ: 64) ലഭിക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ദാഇഷിന്റെ ഇപ്പോഴുള്ള സൈനിക തലവന്മാരിലൊരാളാണ് ഇയാള്‍. ചുരുക്കത്തില്‍, ദാഇഷിന്റെ നേതൃത്വത്തിലിരിക്കുന്നവര്‍ പോലും പുകഴ്ത്തിയ ഗ്രന്ഥങ്ങളിലൊന്നാണിത്. ചില പണ്ഡിതന്മാര്‍ പറഞ്ഞതു പോലെ: ‘തിന്മകളുടെ മാതാവാണ് മദ്യമെങ്കില്‍, ഇക്കാലഘട്ടത്തിലെ ഖവാരിജീ ചിന്തകളുടെ മാതാവാണ് ഇയാളുടെ ഗ്രന്ഥങ്ങള്‍.’

മുസ്‌ലിം രാജ്യങ്ങളില്‍ നിലനില്‍ക്കുന്നത് മനുഷ്യനിര്‍മ്മിത നിയമങ്ങളാണെന്നും, അതിനാല്‍ ഈ നാടുകളിലെയെല്ലാം ഭരണാധികാരികളും, ഖാദ്വിമാരും, പാര്‍ലമെന്‍റുകളിലോ മറ്റു സഭകളിലോ അംഗങ്ങളായിട്ടുള്ളവരും, ഈ രാജ്യങ്ങളെ സംരക്ഷിക്കുന്നവരുമെല്ലാം കാഫിറുകളാണെന്നാണ് ഇയാള്‍ തന്റെ പുസ്തകത്തില്‍ ജല്‍പ്പിച്ചത്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്ക് കാവല്‍ നില്‍ക്കുന്ന സൈനികര്‍ മാത്രമല്ല, മറിച്ച് ഈ രാജ്യങ്ങളെ എഴുത്തുകളിലും സംസാരങ്ങളിലും പുകഴ്ത്തുകയും, സംരക്ഷിക്കുകയും ചെയ്യുന്നവരും ഇയാളുടെ അടുക്കല്‍ കാഫിറുകളാണ്. അതില്‍ പത്ര ലേഖകരും, മാധ്യമപ്രവര്‍ത്തകരും, ശൈഖുമാരും വരെ ഉള്‍പ്പെടും.

മേല്‍ പറഞ്ഞതെല്ലാം വെറും ആരോപണമല്ല. ഇതെല്ലാം സത്യമാണോ എന്ന് അന്വേഷിക്കുന്നതിന് പേജുകള്‍ ധാരാളം വായിക്കേണ്ടതുമില്ല. ‘അല്‍-ജാമിഅ് ഫീ ത്വലബില്‍ ഇല്‍മിശ്ശരീഫ്’ എന്ന ഗ്രന്ഥത്തില്‍, കേവലം രണ്ടു പേജുകള്‍ക്കുള്ളില്‍ (പേ. 539-540) മേലെ പറഞ്ഞ തക്ഫീറെല്ലാം ഇയാള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഈ പറഞ്ഞതില്‍ എത്ര പേര്‍ ഉള്‍പ്പെടുമെന്ന് ചിന്തിച്ചു നോക്കുക. ഇസ്‌ലാമിക രാജ്യങ്ങളില്‍ ജീവിക്കുന്ന ഭരണാധികാരികളും, ഖാദ്വിമാരും, സൈന്യവും, തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളായി നില്‍ക്കുന്നവരും, അവരെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവരും, ഇസ്‌ലാമിക രാജ്യങ്ങളിലുള്ള പണ്ഡിതന്മാരുമടക്കമുള്ളവര്‍ കാഫിറുകളാണെങ്കില്‍ പിന്നെ… ഇനി ആരാണ് മുസ്‌ലിമായി ബാക്കിയുള്ളത്?!

‘തങ്ങള്‍ മുസ്‌ലിംകളെ തക്ഫീര്‍ ചെയ്യുന്നില്ല’ എന്ന് ആവര്‍ത്തിച്ച് ഉരുവിട്ടു കൊണ്ടിരിക്കുന്ന ദാഇഷീ പ്രബോധകന്മാര്‍ക്കെന്താണ് പറയാനുള്ളത്?!

നിങ്ങളുടെ ഗ്രന്ഥങ്ങളില്‍ വന്നതാണിതെല്ലാം. പത്രങ്ങളില്‍ നിന്നോ, ഇന്‍റര്‍നെറ്റില്‍ നിന്നോ അല്ല ഞങ്ങള്‍ ഉദ്ധരിച്ചിട്ടുള്ളത്. ഇവയെ തള്ളിപ്പറയാന്‍ നിങ്ങള്‍ക്കാകട്ടെ ഒരിക്കലും കഴിയുകയുമില്ല. കാരണം നിങ്ങളുടെ നേതാക്കന്മാരാണ് ഈ പുസ്തകങ്ങളെ പുകഴ്ത്തിയത്.

ചുരുക്കത്തില്‍, ആദ്യ കാല ഖവാരിജുകളും പില്‍ക്കാലക്കാരും തക്ഫീറിന്റെ കാര്യത്തില്‍ വളരെ അതിരു കവിഞ്ഞിട്ടുണ്ട്. ദാഇഷും അല്‍-ഖാഇദയും അടക്കമുള്ളവര്‍ ഖവാരിജീ ചിന്താഗതിയില്‍ അകപ്പെട്ടവരാണെന്നതിന് ഇതില്‍ പരം തെളിവിനിയെന്തു വേണം?!

വിഷയവുമായി നേരിട്ടു ബന്ധമില്ലെങ്കില്‍ കൂടി, ദാഇഷും കൂട്ടാളികളും ഏറെ പുകഴ്ത്തിയ സയ്യിദ് ഫദ്വ്ലിന്റെ പുസ്തകത്തില്‍ ശ്രദ്ധിക്കേണ്ട ചില ഉദ്ധരണികള്‍ കൂടിയുണ്ട്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയെ കുറിച്ചും, ഇബ്‌നുല്‍ ഖയ്യിമിനെ കുറിച്ചും ഇയാള്‍ പറഞ്ഞു വെച്ച വാക്കുകളാണവ.

പലപ്പോഴും ദാഇഷീ പ്രബോധകന്മാര്‍ ഈ രണ്ടു പേരുടെയും ഗ്രന്ഥങ്ങളില്‍ നിന്ന് മുറിച്ചെടുത്തതും അല്ലാത്തതുമായ ചില വാക്കുകളെടുത്തുദ്ധരിച്ച് തങ്ങളാണ് യഥാര്‍ഥത്തില്‍ ഇവരുടെ മന്‍ഹജിലുള്ളതെന്ന് തെറ്റിദ്ധരിപ്പിക്കാറുണ്ട്. എന്നാല്‍ ഇവരുടെ നേതാക്കള്‍ പുകഴ്ത്തിയ സയ്യിദ് ഫദ്വ്ലിന്റെ ഗ്രന്ഥത്തിലുള്ളത് വായിക്കൂ!

ഹാകിമിയ്യതിന്റെ വിഷയം ചര്‍ച്ച ചെയ്യവെ സയ്യിദ് ഫദ്വ്ല്‍ പറഞ്ഞു: “ഈ വിഷയത്തില്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ വാക്കുകള്‍ വൈരുദ്ധ്യമുള്ളവയാണെന്ന് ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” (അല്‍-ജാമിഅ്: 971)

‘ഹാകിമിയ്യ’ പോലൊരു പ്രധാനപ്പെട്ട വിഷയത്തില്‍ ശൈഖുല്‍ ഇസ്‌ലാമിന്റെ വാക്കുകളില്‍ വൈരുദ്ധ്യമുണ്ടെന്ന് ഈ ‘മഹാന്‍’ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ മറ്റൊരു സൂചന കൂടിയുണ്ട്. ‘വൈരുദ്ധ്യമുള്ള വാക്കുകള്‍ സത്യമല്ല’ എന്നതാണത്. ഖവാരിജുകള്‍ക്കും അവരുടെ ചിന്താഗതികള്‍ക്കും ഇത്ര വ്യക്തമായി മറുപടി പറഞ്ഞ ശൈഖുല്‍ ഇസ്‌ലാമിന്റെ വാക്കുകളില്‍ വൈരുദ്ധ്യം കാണുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ഥം നീ അദ്ദേഹത്തിന്റെ മന്‍ഹജിലല്ലെന്ന് തന്നെയാണ്.

കഴിഞ്ഞില്ല! ഇബ്‌നുല്‍ ഖയ്യിമിനെ കുറിച്ച് ഇയാള്‍ -സയ്യിദ് ഫദ്വ്ല്‍- പറഞ്ഞു: “അല്ലാഹുവിന്‍റേതല്ലാത്തത് കൊണ്ട് വിധിക്കുന്ന വിഷയത്തില്‍ ഇബ്‌നുല്‍ ഖയ്യിം അവതരിപ്പിച്ചിട്ടുള്ള വേര്‍തിരിവുകള്‍ അല്ലാഹു യാതൊരു തെളിവും അവതരിപ്പിച്ചിട്ടില്ലാത്ത വേര്‍തിരിവുകളാണ്. ഈ അഭിപ്രായത്തിലാണ് ആധുനികരായ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും നിലകൊള്ളുന്നത്.” (അല്‍-ജാമിഅ്: 602)

‘ദാഇഷി’കളുടെ ഔദ്യോഗിക സ്പോക്സ്മാനായ അബൂ മുഹമ്മദ് അല്‍-അദ്നാനി ‘അസ്സില്‍മിയ്യഃ; ദീനു മന്‍?’ എന്ന തന്റെ പ്രസംഗത്തില്‍ പറഞ്ഞു:

“മുസ്‌ലിംകളുടെ നാടുകള്‍ ഭരിക്കുന്ന ഭരണാധികാരികളുടെ കീഴിലുള്ള സൈന്യങ്ങള്‍ മൊത്തത്തില്‍ രിദ്ദത്തിന്റെയും (മതഭ്രഷ്ടരുടെ) കുഫ്റിന്റെയും സൈന്യമാണ്. ഈ സൈന്യങ്ങളെല്ലാം -അതിന്റെ മുന്‍പന്തിയിലാണ് മിസ്വ്റിലെ (ഈജിപ്തിലെ) സൈന്യം- കാഫിറുകളാണെന്നും, അവരെല്ലാം ഇസ്‌ലാമില്‍ നിന്ന് പുറത്തു പോയവരാണെന്നതും അഭിപ്രായവ്യത്യാസം അനുവദനീയമല്ലാത്ത -എല്ലാവരും ഒരു പോലെ പറയേണ്ട- അഭിപ്രായമാണ്!”

ഇസ്‌ലാമിക രാജ്യങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന സൈന്യങ്ങളുടെ എണ്ണമെത്രയുണ്ടായിരിക്കും?! സങ്കല്‍പ്പിച്ചു നോക്കുക. ലക്ഷങ്ങള്‍ വരും. ഇവരെല്ലാം ഇയാളുടെ കണ്ണില്‍ തനിച്ച കാഫിറുകളും മുര്‍തദ്ദുകളുമാണ്.

സുബ്ഹാനല്ലാഹ്!

ഇതല്ലാതെ മറ്റെന്താണ് തക്ഫീറിലുള്ള അതിര്‍കവിച്ചില്‍?!

മറ്റെന്താണ് ആദ്യ കാല ഖവാരിജുകള്‍ പറഞ്ഞിരുന്നത്?

തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെല്ലാം കാഫിറുകളും മുര്‍തദ്ദുകളും, ത്വാഗൂതുകളെ സംരക്ഷിക്കുന്നവരുമാണെന്നല്ലാതെ ഖവാരിജുകള്‍ പറഞ്ഞത് പിന്നെയെന്താണ്?!

ഈ പ്രസംഗത്തില്‍ തന്നെ ഇയാള്‍ പറഞ്ഞു: “പണ്ഡിതന്മാര്‍ മറച്ചു വെച്ച, ഫുഖഹാക്കള്‍ സൂചനകള്‍ മാത്രം നല്‍കി മതിയാക്കിയ -കയ്പ്പേറിയ ഒരു യാഥാര്‍ഥ്യം തുറന്നു പറയേണ്ടത് അനിവാര്യമായിരിക്കുന്നു. ത്വാഗൂതുകളുടെ ഭരണകൂടങ്ങളെ സംരക്ഷിക്കുന്ന സൈനികര്‍ കാഫിറുകളാണെന്നതാണത്.”

അംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു സൂചന കൂടി മേലെ കൊടുത്ത ഈ വാക്കിലുണ്ട്. പണ്ഡിതന്മാരും ഫുഖഹാക്കളും ഇയാളീ പറയുന്ന വാദം പറയുന്നില്ലെന്നതാണത്; പിന്നെ ഈ സത്യം വിളിച്ചു പറയാന്‍ ധൈര്യമുണ്ടായത് ആര്‍ക്കു മാത്രമാണ്?!

40 വയസ്സു പോലും തികഞ്ഞിട്ടില്ലാത്ത, മഹാപണ്ഡിതനായ അദ്നാനിക്ക്! മറ്റെന്തെല്ലാം അംഗീകരിച്ചില്ലെങ്കിലും ഈ തൊലിക്കട്ടി സമ്മതിച്ചു കൊടുക്കേണ്ടത് തന്നെ!

ഇവിടെയും അവസാനിക്കുന്നില്ല ഇയാളുടെ തക്ഫീര്‍. നേരത്തെ സയ്യിദ് ഫദ്വ്ല്‍ പറഞ്ഞതു പോലെയെല്ലാം ഏതാണ്ട് ദാഇഷിന്റെ നേതാക്കന്മാരില്‍ പ്രമുഖനായ ഇയാളും പറഞ്ഞിട്ടുണ്ട്.

‘ഉദ്റന്‍! അല്‍-ഖാഇദ’ എന്ന പ്രഭാഷണത്തില്‍ ഇയാള്‍ ദാഇഷിന്റെ ആദ്യത്തെ അമീറായ അബൂ മുസ്വ്അബ് അസ്സര്‍ഖാവി പറഞ്ഞതായി ഇപ്രകാരം ഉദ്ധരിച്ചു:

“തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളായി നില്‍ക്കുന്നവര്‍ റുബൂബിയ്യത്തും ഉലൂഹിയ്യത്തും (തങ്ങള്‍ റബ്ബും ഇലാഹുമാണെന്ന്) വാദിക്കുന്നവരാണ്. അവരെ തിരഞ്ഞെടുക്കുന്ന (സാധാരണക്കാരാകട്ടെ,) ഇവരെ അല്ലാഹുവിന് പുറമെയുള്ള റബ്ബായി സ്വീകരിച്ചവരും. രണ്ടു വിഭാഗത്തിനും -സ്ഥാനാര്‍ഥികള്‍ക്കും അവരെ തിരഞ്ഞെടുത്തവര്‍ക്കും- അല്ലാഹുവിന്റെ ദീനിലുള്ള വിധി, അവര്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോയവരും, കാഫിറുകളുമാണെന്നതാണ്.”

തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളായി നില്‍ക്കുന്നവരെ മാത്രമല്ല, അതില്‍ വോട്ട് ചെയ്തവരെ വരെ ഒറ്റയടിക്ക് കാഫിറുകളാക്കിയിരിക്കുകയാണ്. പണ്ഡിതന്മാര്‍ക്കിടയില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുക എന്നത് -ചില നിബന്ധനകള്‍ പാലിച്ചു കൊണ്ട്- അനുവദനീയമാണെന്ന് പറയുന്ന വലിയൊരു വിഭാഗം തന്നെയുണ്ട്. എത്രയോ പണ്ഡിതന്മാര്‍!

ഇവരുടെയെല്ലാം അവസ്ഥയെന്താണ്?

ഇവരെല്ലാം കാഫിറുകളാണോ?!

മാത്രമല്ല, വോട്ടെടുപ്പ് അനുവദനീയമല്ലെന്ന് -ഹറാമാണെന്ന്; കുഫ്റാണെന്നല്ല- പറയുന്ന വിഭാഗമാകട്ടെ വളരെ കുറച്ചു പേര്‍ മാത്രമാണ്. അവരും അത് കുഫ്റാണെന്ന് പറയുന്നില്ല. ഇവരെ ഒഴിച്ചു നിര്‍ത്തിയാല്‍ പോലും -ബാക്കി-… എത്ര മുസ്‌ലിംകളാണ് പിന്നെ ലോകത്തുള്ളത്?!

‘ദാഇഷീ’ ചിന്താഗതിയെ പുണരാന്‍ കൊതിക്കുന്നവര്‍ എത്ര ശ്രമിച്ചാലും ഈ മാറാപ്പ് അവരുടെ മേല്‍ നിന്ന് എടുത്തു മാറ്റാന്‍ കഴിയില്ല. ഇത് നിങ്ങള്‍ ഏറ്റെടുത്താകട്ടെ; മറ്റെവിടെ നിന്നുമല്ല! നിങ്ങളുടെ മുന്‍ഗാമികളായ ഖവാരിജുകളില്‍ നിന്ന് തന്നെയാണ്.

അവസാനമായി പറയട്ടെ! തക്ഫീറിലുള്ള ഈ അതിരു കവിച്ചില്‍ ആദ്യ കാല ഖവാരിജുകളിലും, ഇക്കാലക്കാരിലും ഒരു പോലെ കാണപ്പെടുന്നതിനാല്‍ സംശയലേശമന്യേ പറയുക!

ഇവര്‍ ഖവാരിജുകളാണ്!

ഇവര്‍ ഖവാരിജുകളാണ്!

ഇവര്‍ ഖവാരിജുകളാണ്!

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment