ഖവാരിജുകള്‍ -ആദ്യകാലക്കാരും പില്‍ക്കാലക്കാരും- അനേകം മേഖലകളില്‍ വളരെ വലിയ സാദൃശ്യം വെച്ചു പുലര്‍ത്തുന്നുണ്ടെന്ന് നാം സൂചിപ്പിച്ചു. അതില്‍ പ്രധാനപ്പെട്ടത് രണ്ട് കാലക്കാരും തങ്ങളുടെ ശത്രുക്കള്‍ക്കെതിരെ എന്നും ഒരു പോലെ ഉന്നയിച്ചു വന്ന ആരോപണം ‘ഹാകിമിയ്യതി’ല്‍ തങ്ങളുടെ ശത്രുക്കള്‍ക്ക് പിഴവു സംഭവിച്ചിട്ടുണ്ടെന്നതാണ്.

എപ്പോഴാണ് ആദ്യ കാല ഖവാരിജുകള്‍ മുസ്‌ലിം സമൂഹത്തില്‍ ഭിന്നിപ്പിന് തുടക്കമിട്ടു കൊണ്ട് പുറത്തിറങ്ങിയത്?! എന്തായിരുന്ന അവരുടെ വാദമുഖങ്ങളും ആരോപണങ്ങളും?! ഇക്കാര്യം മനസ്സിലാക്കുന്നതിന് കുറച്ച് ചരിത്രം പറയേണ്ടി വരും.

ഉഥ്മാന്‍-رَضِيَ اللَّهُ عَنْهُ-വിന്റെ വധത്തിന് ശേഷം അലി-رَضِيَ اللَّهُ عَنْهُ-വിന് മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും ബയ്അത് നല്‍കി. എന്നാല്‍ ശാമിലെ ഭരണാധികാരിയായിരുന്ന മുആവിയ -رَضِيَ اللَّهُ عَنْهُ- ഉഥ്മാനിന്റെ -رَضِيَ اللَّهُ عَنْهُ- ഖാതകരെ പിടികൂടണമെന്നും, മുന്‍ഖലീഫയുടെ രക്തത്തിന് പകരം ചോദിക്കണമെന്നും, അദ്ദേഹത്തിന്റെ കൊലയാളികളെ പിടികൂടുകയാണ് ഏറ്റവും പ്രധാനമെന്നും ആവശ്യപ്പെട്ടു കൊണ്ട് മുന്നോട്ടു വന്നു. ഈ ആവശ്യം പൂര്‍ത്തീകരിക്കുന്നത് വരെ ബയ്അത്തില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുമെന്നും അറിയിച്ചു.

എന്നാല്‍ ഇസ്‌ലാമിക രാജ്യങ്ങളെല്ലാം ഒരു ഖലീഫക്ക് കീഴില്‍ അണിനിരക്കുകയും, ചിലയിടങ്ങളിലെങ്കിലും കലുഷിതമായി നിലകൊള്ളുന്ന ആഭ്യന്തര സുരക്ഷ വീണ്ടെടുക്കുകയുമാണ് വേണ്ടതെന്നായിരുന്നു അലി-رَضِيَ اللَّهُ عَنْهُ-വിന്റെ പക്ഷം. ഉഥ്മാന്‍-رَضِيَ اللَّهُ عَنْهُ-വിന്റെ ഖാതകര്‍ക്ക് ജനങ്ങളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയുള്ള സാഹചര്യത്തില്‍ -അവര്‍ക്കെതിരെ തിരിയുന്നത്- കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന അദ്ദേഹത്തിന്റെ നിലപാട് തന്നെയായിരുന്നു ശരിയും. അതിനെല്ലാം പുറമെ, ആരാണ് ഉഥ്മാന്റെ ഖാതകരെന്ന കാര്യത്തില്‍ ഒരു വ്യക്തതയും ആ സന്ദര്‍ഭത്തില്‍ ഉണ്ടായിരുന്നുമില്ല. ചുരുക്കത്തില്‍, കുറച്ചു സമയം ആവശ്യമുള്ള, അവധാനതയോടെ സമീപിക്കേണ്ട ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ആദ്യം ഖലീഫക്ക് ബയ്അത്ത് ചെയ്യാന്‍ മുആവിയയും കൂട്ടരും തയ്യാറാകണമെന്ന് അലി -رَضِيَ اللَّهُ عَنْهُ- ശഠിച്ചു.

അവര്‍ക്കിടയിലെ ഭിന്നിപ്പ് സ്വിഫീന്‍ യുദ്ധത്തിലേക്ക് നയിക്കുന്നത് വരെ കാര്യങ്ങളെത്തി -അല്ലാഹുവിന് അവന്റെ തീരുമാനങ്ങളില്‍ നമുക്കറിയാത്ത പല ഉദ്ദേശങ്ങളുമുണ്ട്-. ഇറാഖുകാരുടെ നേതൃത്വത്തില്‍ അലി-رَضِيَ اللَّهُ عَنْهُ-വും, ശാമുകാരുടെ നേതൃത്വത്തില്‍ മുആവിയയും യുദ്ധം ചെയ്തു.

ചുരുക്കി പറയാം. രണ്ടു വിഭാഗവും അല്ലാഹുവിന്റെ വിധിയിലേക്ക് -ഖുര്‍ആനിലേക്ക്- മടങ്ങണമെന്ന തീരുമാനത്തില്‍ യുദ്ധം നിര്‍ത്തി വെച്ചു. അലി-رَضِيَ اللَّهُ عَنْهُ-വിന്റെ പക്ഷത്ത് നിന്ന് അബൂ മൂസല്‍ അശ്അരിയും -رَضِيَ اللَّهُ عَنْهُ- മുആവിയ-رَضِيَ اللَّهُ عَنْهُ-വിന്റെ പക്ഷത്ത് നിന്ന് അംറുബ്നുല്‍ ആസ്വും -رَضِيَ اللَّهُ عَنْهُ- മദ്ധസ്ഥന്മാരായി നിശ്ചയിക്കപ്പെട്ടു.

ഈ സന്ദര്‍ഭത്തില്‍ ഖവാരിജുകള്‍ പുറത്തു വന്നു. അലിയുടെ സൈന്യത്തിലുള്ളവരായിരുന്നു അവര്‍. അല്ലാഹുവിന്റെ ഖുര്‍ആന്‍ അനുസരിച്ചു വിധിക്കുകയെന്നതല്ലാതെ, മദ്ധ്യസ്ഥരുടെ തീരുമാനങ്ങളിലേക്ക് മടങ്ങുകയെന്നത് ഖുര്‍ആനിന് വിരുദ്ധമാണെന്നവര്‍ പറഞ്ഞു. മുആവിയയും കൂട്ടരും മുഅ്മിനീങ്ങളാണെങ്കില്‍ പിന്നെന്തിനാണ് അലി അവരുമായി യുദ്ധം ചെയ്തതെന്നും, അവര്‍ കാഫിറുകളാണെങ്കില്‍ പിന്നെന്തിനാണ് അവരുമായി മദ്ധ്യസ്ഥതയില്‍ ഏര്‍പ്പെടുകയും അവരുടെ ഗനീമത് (യുദ്ധാര്‍ജ്ജിത സമ്പത്ത്) എടുക്കാതിരിക്കുന്നതെന്നും അവര്‍ സംശയമുന്നയിച്ചു.

ഏതാണ്ട് എണ്ണായിരത്തിലധികം പേരുണ്ടായിരുന്നു അവര്‍. ‘ലാ ഹുക്മ ഇല്ലാ ലില്ലാഹ്’ (അല്ലാഹുവിനല്ലാതെ വിധിക്കാന്‍ അവകാശമില്ല) എന്ന മുദ്രാവാക്യവുമായി അവര്‍ ശബ്ദമുയര്‍ത്തി. മസ്ജിദുകളില്‍ പോലും -അലി -رَضِيَ اللَّهُ عَنْهُ- ഖതീബായി മിമ്പറില്‍ കയറിയാല്‍- അവര്‍ ഉച്ചത്തില്‍ അലമുറയിട്ടു: ‘ലാ ഹുക്മ ഇല്ലാ ലില്ലാഹ്’.

അലി-رَضِيَ اللَّهُ عَنْهُ-വിന്റെ പ്രസിദ്ധമായ വാക്ക് അപ്പോഴാണ് അദ്ദേഹം പറഞ്ഞത്:

كَلِمَةُ حَقٍّ أُرِيدَ بِهَا البَاطِلُ

“അവര്‍ പറഞ്ഞ വാക്ക് സത്യമാണ്; അത് കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നതാകട്ടെ കളവുമാണ്.”

അല്ലാഹുവിന്റെ വിധി കൊണ്ടല്ലാതെ വിധിച്ചതു കാരണത്താല്‍ അലി -رَضِيَ اللَّهُ عَنْهُ- ഇസ്‌ലാമില്‍ നിന്ന് പുറത്തു പോയിരിക്കുന്നെന്നും, അല്ലാഹുവിന് മാത്രമാണ് വിധിക്കാനുള്ള അവകാശമെന്ന ഇസ്‌ലാമിലെ ബാലപാഠം പോലും അലി നിഷേധിച്ചിരിക്കുന്നെന്നും, ഇതിലൂടെ അലി കാഫിറായിരിക്കുന്നെന്നും അവര്‍ ജല്‍പ്പിച്ചു. ഭരണാധികാരി കാഫിറായതോടെ അയാള്‍ക്കുള്ള ബയ്അത്ത് നിരര്‍ഥകമായിരിക്കുന്നു. അതിനാല്‍ ഭരണാധികാരിക്കെതിരെ പോരാടുകയും, അയാളെ മാറ്റുകയും ചെയ്യേണ്ടത് തങ്ങളുടെ മേല്‍ നിര്‍ബന്ധ ബാധ്യതയാണെന്ന് അവര്‍ വിശ്വസിച്ചു. ഇസ്‌ലാമിന്റെ രാജ്യങ്ങളെ ഭരിക്കാന്‍ ഒരു കാഫിറിനെ സമ്മതിക്കരുതെന്നും, അയാളില്‍ നിന്ന് അത് തിരിച്ചെടുക്കാത്തിടത്തോളം അങ്ങേയറ്റത്തെ അനീതിയാണ് നടമാടുന്നതെന്നും അവര്‍ വിധിച്ചു!

അലി-رَضِيَ اللَّهُ عَنْهُ-വിനെതിരെ ഇറങ്ങിപ്പുറപ്പെട്ട ഖവാരിജുകളുടെ മുദ്രാവാക്യവും ഇക്കാലക്കാരുടെ മുദ്രാവാക്യവും ഒന്നു തന്നെയാകുന്നത് അത്ഭുതകരമായ സാദൃശ്യമല്ലാതെ മറ്റെന്താണ്?! ആധുനികരുടെ ഗ്രന്ഥങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് ഇക്കാര്യം സുതരാം വ്യക്തമാകും. അവരുടെ ഗ്രന്ഥങ്ങളും ലേഖനങ്ങളും -ബഹുഭൂരിപക്ഷവും- ഈ വിഷയത്തിന് ചുറ്റുമാണ് കറങ്ങിത്തിരിയുന്നത്.

അബൂ മുഹമ്മദ് അല്‍-മഖ്ദിസി -അല്‍-ഖാഇദയുമായും ബിന്‍ ലാദനുമായും അടുത്ത ബന്ധം വെച്ചു പുലര്‍ത്തിയിരുന്ന, വ്യക്തിയാണ് ഇദ്ദേഹം- തന്റെ ‘അല്‍-കവാശിഫുല്‍ ജലിയ്യ ഫീ കുഫ്രിദ്ദൗലതിസ്സഊദിയ്യ’ എന്ന ഗ്രന്ഥം എഴുതിയിരിക്കുന്നത് തന്നെ സഊദി ഭരണകൂടത്തെ -തൗഹീദിന്റെയും സുന്നത്തിന്റെയും സംരക്ഷകരെ- കാഫിറുകള്‍ എന്ന് മുദ്ര കുത്തുന്നതിന് മാത്രമായാണ്.

അല്ലാഹുവിന്റെ വിധിയല്ലാത്തത് കൊണ്ടാണ് സഊദി ഭരണകൂടം വിധിക്കുന്നതെന്ന തന്റെ ജല്‍പ്പനം സ്ഥിരീകരിക്കുന്നതിനായി അയാള്‍ എടുത്തു കൊടുത്തിട്ടുള്ള പല വിഷയങ്ങളുമാകട്ടെ; ഇതുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളുമാണ്. സഊദി പൗരത്വം നല്‍കുന്നതിന് വേണ്ടി നിശ്ചയിച്ചിട്ടുള്ള ഭരണസംവിധാനവും, തൊഴിലാളികള്‍ക്കും തൊഴില്‍ വിഭാഗങ്ങള്‍ക്കും പ്രത്യേക ഓഫീസുകള്‍ വേര്‍തിരിച്ചതുമെല്ലാം അല്ലാഹുവിന്റെ വിധിയിലുള്ള കൈകടത്തലായും (?!), അതെല്ലാം കുഫ്റായും വിശേഷിപ്പിക്കുന്ന അത്ഭുതകരമായ ‘കണ്ടെത്തലുകള്‍’ ചില ഉദാഹരണങ്ങള്‍ മാത്രം.

മഖ്ദിസി ഇപ്പോള്‍ ദാഇഷിനെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നത് വേറെ കാര്യം. പക്ഷേ, ദാഇഷീ ചിന്താഗതികള്‍ക്ക് വെള്ളവും വളവും നല്‍കിയവരില്‍ ഇയാള്‍ക്കുള്ള പങ്ക് ആര്‍ക്കും തള്ളിക്കളയാന്‍ കഴിയില്ല. ദാഇഷിന്റെ പ്രോത്സാഹനങ്ങളും ആശീര്‍വാദങ്ങളും വേണ്ടുവോളം ലഭിച്ച പലരും ഇയാളെ പുകഴ്ത്തിയത് മാത്രം മതിയാകും ഇയാളുടെ ആശയങ്ങളും ദാഇഷീ ആശയങ്ങളും തമ്മില്‍ യാതൊരു അകല്‍ച്ചയുമില്ലെന്നത് തെളിയിക്കാന്‍.

ഇപ്പോള്‍ ജയിലില്‍ അടക്കപ്പെട്ടിട്ടുള്ള, സഊദിയില്‍ തക്ഫീരീ ചിന്തകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതില്‍ മുന്നില്‍ നിന്ന, നാസ്വിര്‍ അല്‍-ഫഹദ് ഉദാഹരണം. തങ്ങളുടെ ഖലീഫക്ക് ബയ്അത്ത് ചെയ്ത സഊദി പണ്ഡിതന്മാരില്‍ ഒരാളായാണ് ദാഇഷീ പ്രബോധകര്‍ ഇയാളെ പരിചയപ്പെടുത്തുന്നത്.

മഖ്ദിസിയെ കുറിച്ച് നാസ്വിര്‍ അല്‍-ഫഹദ് പറഞ്ഞതിപ്രകാരമാണ്: “അബൂ മുഹമ്മദ് അല്‍-മഖ്ദിസി സത്യം വെട്ടിത്തുറന്നു പറയുന്നവരില്‍ പെട്ട, തൗഹീദിന് വേണ്ടി പരിശ്രമിക്കുന്ന, ത്വാഗൂതുകളില്‍ നിന്ന് അകല്‍ച്ച പ്രഖ്യാപിച്ചവരാണ്.” (ഫത്വാ മിമ്പറുല്‍ ഹസബഃ)

ചുരുക്കത്തില്‍, ഇവരുടെ ഗ്രന്ഥങ്ങള്‍ ബഹുഭൂരിപക്ഷവും ഈ വിഷയത്തെ -ഹാകിമിയ്യ- ചുറ്റിപ്പറ്റിയായിരിക്കും; മുന്‍കാല ഖവാരിജുകള്‍ക്ക് സംഭവിച്ചതു പോലെ തന്നെ. അല്ലാഹു മനുഷ്യരെ പടച്ചതും, റസൂലുകളെ പറഞ്ഞയച്ചതും, വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതും ഈയൊരു കാര്യത്തിന് വേണ്ടി മാത്രമാണെന്ന് തോന്നും ഇതെല്ലാം കാണുന്ന ഒരാള്‍ക്ക്.

ശരിയാണ്! ഇസ്‌ലാമിക ശരീഅത്ത് ഭരണാധികാരിയുടെ കുഫ്റിനെ കുറിച്ചും, വ്യക്തമായ കുഫ്ര്‍ പ്രകടമായാല്‍ അയാള്‍ക്കെതിരെ വിപ്ലവം നയിക്കുന്ന വിഷയത്തെ സംബന്ധിച്ചുമെല്ലാം സംസാരിച്ചിട്ടുണ്ട്. പക്ഷേ, ഇതു മാത്രം തങ്ങളുടെ പ്രധാന വിഷയമാക്കി തീര്‍ക്കുകയും, ഈ ഒരു ലക്ഷ്യ സാക്ഷാല്‍കാരം മാത്രം മുന്നില്‍ കാണുകയും ചെയ്തു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍; -ഇല്ല!- അതിന് ഇസ്‌ലാമില്‍ മാതൃകയില്ല. മറിച്ച്, അതിന് മാതൃകയുള്ളത് ഖവാരിജുകളിലാണ്.

തൗഹീദീ പ്രബോധനത്തെയും, അഖീദയിലെ പുഴുക്കുത്തുകള്‍ ശരിയാക്കുന്നതിനെയെല്ലാം അവഗണിച്ചുള്ള ഈ പരിശ്രമം നബിമാരുടെയും സലഫുകളുടെയും മാതൃകയല്ല; ഖവാരിജുകളുടേതാണ്.

സലഫി പണ്ഡിതന്മാര്‍ ഹാകിമിയ്യതുമായി ബന്ധപ്പെട്ട വിഷയങ്ങളെ അവഗണിക്കുന്നവരും, കുഫ്റിന്റെ വഴികളെ നിസ്സാരവല്‍ക്കരിക്കുന്നവരുമാണെന്നാണ് പലപ്പോഴും ഇതിനെല്ലാം മറുപടിയായി ഇവര്‍ പറയാറുള്ളത്. അവരുടെ ഗ്രന്ഥങ്ങള്‍ വായിക്കുകയും, നിഷ്പക്ഷമായി കാര്യങ്ങളെ വിലയിരുത്തുകയും ചെയ്യുന്ന ഏതൊരാള്‍ക്കും അത് കളവാണെന്ന് ബോധ്യപ്പെടാതിരിക്കില്ല.

യഥാര്‍ഥത്തില്‍ ശരിയായ ഹാകിമിയ്യതിലേക്ക് ക്ഷണിക്കുന്നവര്‍ അവര്‍ മാത്രമാണ്. അല്ലാഹുവിന്റെ വിധി ജീവിതത്തിന്റെ സര്‍വ്വ മേഖലകളിലും നടപ്പാക്കണമെന്നും, വിശ്വാസപരവും ആചാരപരവുമായ എല്ലാ മേഖലകളിലും അതിന് അങ്ങേയറ്റത്തെ പ്രാധാന്യമുണ്ടെന്നും ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നവരാണ് സലഫി പണ്ഡിതന്മാര്‍. അല്ല! അവര്‍ മാത്രമാണ് അതോര്‍മ്മപ്പെടുത്തുന്നത്.

എന്നാല്‍, ‘ഹാകിമിയ്യത്തി’ന്റെ മറയും പിടിച്ച് ഭരണാധികാരികള്‍ക്കെതിരെ തിരിയുകയും, അവരുടെ കുഫ്ര്‍ വിധിക്കുകയും ചെയ്യുന്നവര്‍ തങ്ങളുടെ സ്വജീവിതത്തിലുള്ള തിന്മകളെയും, അല്ലാഹുവിന്റെ വിധിക്കെതിരായ തീരുമാനങ്ങളെയും സൗകര്യപൂര്‍വ്വം മറക്കുകയും, അതിന്റെ പ്രാധാന്യം കുറച്ചു കാണിക്കുകയും ചെയ്യുന്നു. അത് ഹാകിമിയ്യത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് ഈ ‘മിസ്കീന്മാര്‍’ കരുതിയിട്ടുള്ളത്.

ശൈഖ് റബീഉ ബ്നു ഹാദി അല്‍-മദ്ഖലി (ഹഫിദഹുല്ലാഹ്) പറഞ്ഞു: “അവസാനമായി ഞാന്‍ പറയട്ടെ; അല്ലാഹുവിന്റെ ഹാകിമിയ്യത്തില്‍ (വിധികര്‍തൃത്വത്തിനുള്ള അവകാശത്തില്‍ അവന്‍ ഏകനാണെന്ന കാര്യം) ഞാന്‍ വിശ്വസിക്കുന്നു. അല്ലാഹുവിന് മാത്രമാണ് വിധിക്കാന്‍ അര്‍ഹതയുള്ളതെന്നും ഞാന്‍ വിശ്വസിക്കുന്നു.

ഈ ഹാകിമിയ്യത്ത് എല്ലാ വിഷയങ്ങളെയും പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു. വ്യക്തികളാകട്ടെ, സംഘങ്ങളോ ഭരണാധികാരികളോ പ്രബോധകന്മാരോ ആകട്ടെ, അവരുടെ മേലെല്ലാം അല്ലാഹുവിന്റെ വിധിയിലേക്ക് കീഴൊതുങ്ങുക എന്നത് നിര്‍ബന്ധമാണ്. അല്ലാഹുവിന്റെ വിധി കൊണ്ടല്ലാതെ -തങ്ങളുടെ പ്രബോധനത്തിലോ, വിശ്വാസത്തിലോ, രാജ്യത്തോ ആകട്ടെ- വിധിക്കുന്നവര്‍; അവര്‍ തന്നെയാണ് അതിക്രമികള്‍. അവര്‍ തന്നെയാണ് കാഫിറുകള്‍. അവര്‍ തന്നെയാണ് തെമ്മാടികള്‍ (ഫാസിഖുകള്‍).

അല്ലാഹു –سُبْحَانَهُ وَتَعَالَى– അറിയിച്ചതു പോലെ, സലഫുകള്‍ മനസ്സിലാക്കിയത് പോലെ ഇക്കാര്യം ഞാനും വിശ്വസിക്കുന്നു. ഇതില്‍ അതിരു കവിയുകയോ, അലസത കാണിക്കുകയോ ചെയ്തവരുടെ വിശ്വാസം പോലെയല്ല എന്റെ വിശ്വാസം.” (മന്‍ഹജുല്‍ അമ്പിയാഇ ഫിദ്ദഅ്വതി ഇലല്ലാഹ്: 119-120)

ഇതാണ് ശരിയായ ഹാകിമിയ്യ! വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഭരണമേഖകലകളിലുമെന്ന് വേണ്ട; എല്ലാ മേഖലകളിലും അല്ലാഹുവിന്റെ വിധിയാണ് മുസ്‌ലിം സ്വീകരിക്കേണ്ടത്. അവന്റെ മുഖത്തു വളരുന്ന താടി രോമങ്ങളുടെ കാര്യത്തിലാകട്ടെ, വിസര്‍ജ്ജനസ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ അവന്‍ ആദ്യം ഉയര്‍ത്തേണ്ട കാലേതാണെന്ന കാര്യത്തിലാകട്ടെ, ധരിക്കേണ്ട വസ്ത്രത്തിന്റെ അളവുകള്‍ തീരുമാനിക്കുന്നതിലാകട്ടെ, കുടുംബവഴക്കുകള്‍ പരിഹരിക്കുന്നതിലാകട്ടെ, രാജ്യത്തിന്റെ ആഭ്യന്തരമോ അന്താരാഷ്ട്രമോ ആയ കാര്യങ്ങളിലാകട്ടെ; -എന്തിലുമാകട്ടെ!- വിധിക്കേണ്ടത് അല്ലാഹുവിന്റെ വിധിയനുസരിച്ച് മാത്രമാണ്.

എന്നാല്‍ ചിലര്‍ -അല്ലാഹു അവര്‍ക്ക് ഹിദായത് നല്‍കട്ടെ- ഹാകിമിയ്യത്തിനെ ഭരണാധികാരിയുടെ മേല്‍ മാത്രമുള്ള ബാധ്യതയാക്കിയിരിക്കുന്നു. തങ്ങളും തങ്ങളോടൊപ്പമുള്ളവരും അതില്‍ നിന്നൊഴിവാണെന്ന് -അവരുടെ നാവുകള്‍ പറയുന്നില്ലെങ്കിലും- അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നു.

ഈ ഹാകിമിയ്യത്ത് പൂര്‍ണമല്ല! ഇതില്‍ കുറവു സംഭവിച്ചിരിക്കുന്നു എന്നാണ് സലഫികള്‍ പറയുന്നത്. ഭരണാധികാരികള്‍ക്ക് മാത്രമല്ല, ഭരണീയര്‍ക്കും ബാധകമാണ് ഹാകിമിയ്യഃ. എന്നാല്‍ ഹാകിമിയ്യത്തിന്റെ പേരില്‍ വിപ്ലവങ്ങള്‍ക്കും അട്ടിമറികള്‍ക്കും നേതൃത്വം നല്‍കുന്ന ആധുനിക ഖവാരിജുകളാകട്ടെ, ഭരണാധികാരികളുടെ വിഷയത്തില്‍ ഇതിന്റെ പ്രാധാന്യം ഉയര്‍ത്തി കാണിക്കുകയും, വ്യക്തി ജീവിതത്തിലെ പ്രയോഗത്തില്‍ ഹാകിമിയ്യതിനെ നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്നു.

സുന്നത്തുകളെ നിസ്സാരവല്‍ക്കരിക്കുകയും, മദ്ഹബീ പക്ഷപാതിത്വങ്ങള്‍ക്ക് കുട പിടിക്കുകയും, തൗഹീദീ പ്രബോധനത്തെ നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്ന ഇഖ്വാനുല്‍ മുസ്‌ലിമൂനെ പുകഴ്ത്തുന്നതില്‍ ഒരു മടിയും -കുറച്ചു കാലം മുന്‍പ് വരെ- ഇക്കൂട്ടര്‍ കാണിച്ചിരുന്നില്ല; കാരണം അവര്‍ ഭരണാധികാരികളുടെ ഹാകിമിയ്യതിന് വേണ്ടി ശക്തമായി വാദിക്കുന്നവരാണ്!

എന്നാല്‍ മറുവശത്ത് ജീവിതത്തിന്റെ നിഖില മേഖലകളിലും ഹാകിമിയ്യത്തിനെ നിലനിര്‍ത്തണമെന്നും, ഭരണാധികാരികള്‍ക്കും ഭരണീയര്‍ക്കും ഒരു പോലെ അത് ബാധകമാണെന്നും ശക്തമായി പ്രബോധനം ചെയ്ത സലഫി പണ്ഡിതന്മാരെ അവര്‍ ഇകഴ്ത്തുകയും സുല്‍ത്വാന്റെ പാദസേവകര്‍ എന്നു വിശേഷിപ്പിക്കുകയും ചെയ്തു; കാരണം അവര്‍ ഭരണാധികാരിക്കെതിരെ ശബ്ദിക്കുന്നില്ല എന്നത് തന്നെ!

ഇതെന്തു ഹാകിമിയ്യതാണ്?!

ശൈഖുല്‍ ഇസ്‌ലാം പറഞ്ഞു: “രണ്ടു പേര്‍ക്കിടയില്‍ വിധിക്കുന്ന എല്ലാവരും ‘ഖാദ്വി’യാണ്. അത് യുദ്ധത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നവരോ, ഒരു ഓഫീസ് നിയന്ത്രിക്കുന്നവരോ, മതകാര്യ വകുപ്പ് നിയന്ത്രിക്കുന്നവരോ ആകട്ടെ. എന്തിനധികം! കുട്ടികള്‍ക്കിടയില്‍ കയ്യെഴുത്തില്‍ (ആരുടെ എഴുത്താണ് നല്ലതെന്ന്) വിധിക്കുന്നവരെ വരെ സ്വഹാബികള്‍ ‘ഹാകിം’ (വിധികര്‍ത്താവ്) എന്ന് വിശേഷിപ്പിച്ചിരുന്നു.” (മജ്മൂഉല്‍ ഫതാവ: 18/170)

ശൈഖുല്‍ ഇസ്‌ലാം തന്നെ പറഞ്ഞു: “രണ്ടു പേര്‍ക്കിടയില്‍ വിധി പറയുന്ന ആരും ഖാദ്വിയാണ്. അതിനി ഖലീഫയോ, സുല്‍ത്വാനോ, അദ്ദേഹത്തിന്റെ പകരക്കാരനോ (നാഇബ്), ഒരു പ്രവിശ്യയുടെ ചുമതലക്കാരനോ, മതവിധികള്‍ക്കനുസരിച്ച് വിധി കല്‍പ്പിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട ജഡ്ജിയോ, അദ്ദേഹത്തിന്റെ പകരക്കാരനോ ആകട്ടെ. എന്തിനധികം! കുട്ടികള്‍ക്കിടയില്‍ വിധിക്കുന്നവര്‍ വരെ ഈ പേരില്‍ ഉള്‍പ്പെടും.” (മജ്മൂഉല്‍ ഫതാവ: 28/254)

ചുരുക്കത്തില്‍, ഭരണാധികാരികളെ നിങ്ങള്‍ എന്തൊരു കാര്യത്തിന്റെ പേരിലാണോ കാഫിറുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്, അതേ കാര്യം ഏതൊരു വ്യക്തിയില്‍ സംഭവിച്ചാലും അയാളെ നിങ്ങള്‍ കാഫിര്‍ എന്ന് വിശേഷിപ്പിക്കേണ്ടതുണ്ട്.

ചുരുക്കത്തില്‍, ആദ്യകാല ഖവാരിജുകളും പില്‍ക്കാലക്കാരും അല്ലാഹുവിന് മാത്രമാണ് വിധി കല്‍പ്പിക്കാന്‍ അവകാശമുള്ളൂ എന്ന കാര്യത്തില്‍ കടിച്ചു തൂങ്ങുകയും, അതിനെതിരെയാണ് ഭരണാധികാരികള്‍ നിലകൊള്ളുന്നതെന്ന ആരോപണമുന്നയിച്ച് കൊണ്ട് അവര്‍ക്കെതിരെ പുറപ്പെടുകയുമാണ് ചെയ്തത്. ഈ രണ്ടു വിഭാഗവും തമ്മിലുള്ള സാമ്യതകളില്‍ ഒന്നാമത്തേതാണിത്.

ആദ്യ കാലക്കാര്‍ അലി -رَضِيَ اللَّهُ عَنْهُ- അടക്കമുള്ള സ്വഹാബികളെ ഹാകിമിയ്യത്തിന്റെ കാര്യത്തില്‍ കുറവു വരുത്തിയെന്ന് ആക്ഷേപിച്ചിരുന്നത് പോലെ, ഇക്കാലഘട്ടത്തിലുള്ളവര്‍ ഇസ്‌ലാമിക ഭരണാധികാരികളെയും, നബിമാരുടെ അനന്തരാവകാശികളായ പണ്ഡിതന്മാരെയും ഇതേ കാര്യം കൊണ്ട് ആക്ഷേപിക്കുന്നു.

ഭരണാധികാരികളുടെ കാര്യത്തില്‍ ഹാകിമിയ്യത് ശക്തമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന ഇവര്‍ -അന്നും ഇന്നും- തങ്ങളുടെ സ്വന്തം കാര്യത്തില്‍ പലപ്പോഴും വീഴ്ച്ച വരുത്തുകയും, അതിന്റെ പേരില്‍ കുഫ്ര്‍ വിധിക്കാതിരിക്കുകയും ചെയ്യുന്നു. ചില പണ്ഡിതന്മാര്‍ പറഞ്ഞതു പോലെ: ‘ഖവാരിജുകള്‍ക്കിടയില്‍ ഭരണാധികാരികളുടെ അവസ്ഥ സിംഹക്കൂട്ടില്‍ അകപ്പെട്ട ഒരു മനുഷ്യനെ പോലെയാണ്. ചെറിയ ഒരു ഇളക്കം കണ്ടാല്‍ സിംഹം അയാളുടെ മേല്‍ ചാടി വീഴുമെന്നത് പോലെ, ഇവരും -അവര്‍ക്ക് യോജിക്കാത്തത് കണ്ടാല്‍- ഭരണാധികാരികള്‍ക്ക് മീതെ ചാടിവീഴും!’

فَاللَّهُ المُسْتَعَانُ، وَعَلَيْهِ التُّكْلَانُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ!

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment