ആധുനിക ഖവാരിജുകളായ ഐ എസ് ഐ എസ് (ദാഇഷ്), അല്‍-ഖാഇദ, അസ്സലഫിയ്യതുല് ജിഹാദിയ്യ പോലുള്ള സംഘങ്ങളെയും, അവരുടെ ഗ്രന്ഥങ്ങളെയും പ്രസംഗങ്ങളെയും മറ്റുമൊക്കെ നിരീക്ഷിക്കുന്നവര്‍ക്ക് ഇവരുടെ മുന്കാലക്കാരക്കായ ആദ്യകാല ഖവാരിജുകളുമായുള്ള ഇവരുടെ ബന്ധം വളരെ എളുപ്പത്തില്‍ വ്യക്തമാകും.
ഈ യോജിപ്പുകളെല്ലാം ഏതെങ്കിലും ഒന്നോ രണ്ടോ മേഖലകളില്ല; മറിച്ച് അനേകം വിഷയങ്ങളിലുണ്ട്. ചിലപ്പോള്‍ രണ്ടു പേരുടെയും ഹര്‍ഫുകളില്‍ -അക്ഷരങ്ങളില്‍- വരെ അത് പ്രകടമാകും. മറ്റു ചിലപ്പോള്‍ തങ്ങളുടെ വാദമുഖങ്ങള്‍ ന്യായീകരിക്കുന്നതിനായി എടുത്തു കൊടുക്കുന്ന തെളിവുകളിലായിരിക്കും സാദൃശ്യമുണ്ടായിരിക്കുക. ചിലപ്പോള്‍ തെളിവുകളെ അവലംബിക്കുന്ന രീതികളില്‍; വേറെ ചിലപ്പോള്‍ പ്രവര്‍ത്തനങ്ങളില്‍; ചില വിശേഷണങ്ങളില്‍. ഇത് -ശരിയായ മനസ്സോടെ- ശ്രദ്ധ പതിപ്പിക്കേണ്ട കാര്യമാണ്.
ആദ്യകാല ഖവാരിജുകളിലും പില്‍ക്കാലക്കാരിലും ഒരു പോലെ പ്രകടമായി നിലകൊള്ളുന്ന ഒരു വിഷയമുണ്ട്. രണ്ടു വിഭാഗവും തങ്ങളുടെ എതിരാളികളെ കാഫിറായി മുദ്ര കുത്തുന്നതിനും, അവര്‍ക്കെതിരെ വാളേന്തുന്നതിനും കാരണമായി പറയുന്നത് ഒരേ വിഷയമാണ്: ‘ഹാകിമിയ്യ’!
അല്ലാഹു അവതരിപ്പിച്ചതു കൊണ്ടല്ല തങ്ങളുടെ എതിര്‍കക്ഷി വിധിക്കുന്നതെന്ന ആരോപണം ആദ്യകാലക്കാരും ഇക്കാലക്കാരും ഒരു പോലെ ആവര്‍ത്തിക്കുന്ന ആരോപണമാണ്. മുന്കാലക്കാരുടേത് പോലെയല്ല ഈ വിഷയം തങ്ങള്‍ പറയുന്നതെന്ന് ഓരോ കാലക്കാരും പറയാറുണ്ടെങ്കിലും അതിലെന്തു മാത്രം സത്യമുണ്ടെന്ന് ഓരോരുത്തരും ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട്.
അലി-رَضِيَ اللَّهُ عَنْهُ-വിനെതിരെ വാളെടുത്തിറങ്ങിയ ഖവാരിജുകളും, ഇന്ന് ഇസ്ലാമിക ഭരണാധികാരികള്‍ക്കെതിരെ വാളോങ്ങുന്ന ഖവാരിജുകളും ഒരു പോലെ ഈ വിഷയം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. ഇതൊരത്ഭുതകരമായ സാദൃശ്യമാണെന്നതില് സംശയമില്ല.
രണ്ടു കാലക്കാരിലും ഒരു പോലെ പ്രകടമാകുന്ന മറ്റൊരു സാദൃശ്യം ‘അല്ലാഹുവിന്റെ ദീനിനെ കുറിച്ചുള്ള അറിവില്ലായ്മ’യാണ്. ഇവരിലെ മുത്തഛന്മാരും പേരക്കുട്ടികളും അക്കാര്യത്തില്‍ ഒരു പോലെയാണ്. അവരെത്ര മാത്രം തങ്ങളുടെ വൈജ്ഞാനിക പിന്‍ബലം പ്രകടമാക്കാന്‍ ഉദ്ദേശിച്ചാലും ഇത് -അവരറിയാതെ- പുറത്തേക്ക് തള്ളി നില്ക്കും. മുന്‍ഗാമികളുടെ ഗ്രന്ഥങ്ങള്‍ വായിച്ചവര്‍ക്ക് അത് വേഗം ബോധ്യപ്പെടാതിരിക്കില്ല.
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- ഖവാരിജുകളെ കുറിച്ചു സംസാരിക്കവെ പറഞ്ഞു:
“ഖവാരിജുകള്‍ ബോധപൂര്‍വ്വം കള്ളം കെട്ടിച്ചമക്കുന്നവരല്ല. മറിച്ച് അവരുടെ സത്യസന്ധത വളരെ അറിയപ്പെട്ടതാണ്. അല്ല! അവരുടെ ഹദീഥുകള്‍ സ്വഹീഹായവയില് തന്നെ ഏറ്റവും സ്വഹീഹാണ്. എന്നാല്‍ അവര്‍ക്ക് വിവരമില്ലായിരുന്നു. തങ്ങളുടെ ബിദ്അത്തുകളില്‍ വഴി പിഴച്ചു പോയവരാണവര്‍. മതനിഷേധമോ നിരീശ്വരത്വമോ ആയിരുന്നില്ല അവരുടെ വഴികേടിന്റെ പ്രേരണ; മറിച്ച് ഖുര്‍ആനിന്റെ ആയത്തുകളെ കുറിച്ചുള്ള വിവരമില്ലായ്മയും വഴികേടുമായിരുന്നു.” (മിന്‍ഹാജുസ്സുന്ന: 1/30)
അലി-رَضِيَ اللَّهُ عَنْهُ-വിനെതിരെ വാളെടുത്തിറങ്ങിയ ഖവാരിജുകളോട് ഇബ്നു അബ്ബാസ് –رَضِيَ اللَّهُ عَنْهُمَا– ചോദിച്ച ചോദ്യം ഇക്കാലക്കാരോടും ഒരു പോലെ ചോദിക്കാവുന്നതാണ്. അദ്ദേഹം അവരോട് പറഞ്ഞു:
«جِئْتُ أُحَدِّثُكُمْ عَنْ أَصْحَابِ رَسُولِ اللَّهِ -ﷺ- مِنْ عِنْدِ المُهَاجِرِينَ وَالأَنْصَارِ، عَلَيْهِمْ نَزَلَ الوَحْيُ، وَهُمْ أَعْلَمُ بِتَأْوِيلِهِ مِنْكُمْ، وَفِيهِمْ أُنْزِلَ، وَلَيْسَ فِيكُمْ مِنْهُمْ أَحَدٌ، جِئْتُ لِأُبَلِّغَكُمْ مَا يَقُولُونَ عَنْهُمْ، وَلِأُبَلِّغَهُمْ عَنْكُمْ»
“മുഹാജിറുകളും അന്‍സ്വാറുകളും അടങ്ങുന്ന, സ്വഹാബികളുടെ അടുക്കല്‍ നിന്നാണ് ഞാന്‍ വരുന്നത്. അവരുടെ മേലാണ് ഖുര്‍ആന്‍ അവതരിച്ചത്. നിങ്ങളെക്കാള്‍ അതിന്റെ വിശദീകരണം അറിയുന്നതും അവര്‍ക്കാണ്. അവരിലാണ് വഹ്യ് ഇറങ്ങിയത്. അവരില്‍ നിന്നൊരാളും നിങ്ങളുടെ കൂട്ടത്തിലില്ല. അവരെന്താണ് പറയുന്നതെന്ന് നിങ്ങളെ കേള്‍പ്പിക്കാനും, നിങ്ങള്‍ പറയുന്നത് അവരെ അറിയിക്കാനുമാണ് ഞാന്‍ വന്നത്.”
ആധുനിക ഖവാരിജുകളെ കുഴക്കുന്ന ചോദ്യങ്ങളില്‍ പ്രധാനമാണിത്. പ്രത്യേകിച്ച് ദാഇഷിനെ. അല്‍-ഖാഇദയെയും അസ്സലഫിയ്യതുല് ജിഹാദിയ്യയെയും പിന്താങ്ങിയിരുന്ന തക്ഫീരീ ചിന്താഗതി വെച്ചു പുലര്‍ത്തുന്ന -കൂട്ടത്തില്‍ വിവരമുള്ളവരെന്നെങ്കിലും വിശേഷിപ്പിക്കാന്‍ അര്‍ഹതയുള്ളവര്‍ പോലും- ഇവരെ അംഗീകരിക്കുന്നില്ല. സുലൈമാന്‍ അല്‍-ഉല്വാനും, അബൂ മുഹമ്മദ് അല്‍-മഖ്ദിസിയും, അബൂ ഖതാദ അല്‍-ഫിലിസ്ത്വീനിയും, സയ്യിദ് ഫദ്വ്ലുമെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. ചുരുക്കത്തില്‍, അവരുടെ നിര്‍വ്വചന പ്രകാരമെങ്കിലും പണ്ഡിതന്മാരെന്ന് വിശേഷിപ്പിക്കാവുന്നവരുടെ പിന്തുണ പോലും ഇക്കൂട്ടര്‍ക്കില്ല.
ദാഇഷീ (കള്ള) ഖിലാഫതിന്റെ മതവിഭാഗം (വിസാറതുല് ഹയ്ആതിശ്ശര്ഇയ്യ) പുറത്തിറക്കിയ ഒരു പുസ്തകമുണ്ട്. ‘ഇഅ്ലാമുല്‍ അനാം ബി മീലാദി ദൗലതില്‍ ഇസ്ലാം’ എന്ന പേരില്‍ പുറത്തിറങ്ങിയ പുസ്തകം. ‘തങ്ങളുടെ സന്താനങ്ങളിലൊരാള് ദൗലക്കെതിരെ ആക്ഷേപങ്ങള്‍ വര്‍ദ്ധിച്ച സന്ദര്‍ഭത്തില്‍ അതിലുള്ള സങ്കടം കാരണത്താല്‍ പുറത്തിറക്കിയതാണെന്നാ’ണ് ആമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. മതകാര്യ മന്ത്രാലയത്തിന്റെ പേരില്‍ പുറത്തിറക്കിയ പുസ്തകം അവരിലെ ‘പണ്ഡിതന്മാരുടെ’ കൈകളിലൂടെ മാറിമറിഞ്ഞു മാത്രമേ പുറത്തു വരികയുള്ളൂവെന്നാണല്ലോ നാം കരുതേണ്ടത്?!
എന്നാല്‍ ഈ പുസ്തകമാകട്ടെ, അറബി ഭാഷാ നിയമങ്ങളിലും മതപരമായ വൈജ്ഞാനിക മേഖലകളിലും അത്ഭുതകരമായ പല ‘പുതിയ കണ്ടുപിടുത്തങ്ങളും’ സമര്‍പ്പിക്കുന്ന ഒരു ‘അത്ഭുതപ്രതിഭാസം’ തന്നെയാണ്. ‘ഒരു വിഷയത്തെ കുറിച്ചുള്ള ചിത്രീകരണത്തിന്റെ ബാക്കിയാണ് അതിന് മേലുള്ള വിധിനിര്‍ണ്ണയം’ (الحُكْمُ عَلَى الشَّيْءِ فَرْعٌ عَنْ تَصَوُّرِهِ) എന്ന തര്‍ക്കശാസ്ത്രവുമായി ബന്ധപ്പെട്ട നിയമം ‘കര്‍മ്മശാസ്ത്ര നിയമങ്ങളില്‍’ പെട്ടതാണെന്ന എഴുത്തുകാരന്റെ നിരീക്ഷണം അതിലൊന്നാണ്. (പേ. 9) ഭാഷാപരമായ തെറ്റുകള്‍ വേറെയും. അവ സൂചിപ്പിക്കാന്‍ ഈ സന്ദര്‍ഭം യോജ്യമല്ലെന്നതിനാല് ഒഴിവാക്കട്ടെ.
‘ഏച്ചു കെട്ടിയത് മുഴച്ച് നില്‍ക്കുമെന്ന’ ചൊല്ലു പോലെ ‘വിസാറതുശ്ശര്ഇയ്യ’ എന്ന പേരുമിട്ട്, ഭംഗിയുള്ള തലക്കെട്ടും നല്കി ഒരു പുസ്തകമിറക്കിയാലും -ഈ വിവരമില്ലായ്മ പുറത്തേക്ക് തികട്ടിക്കൊണ്ടേയിരിക്കും-!
സാദൃശ്യങ്ങള്‍ ഇനിയുമുണ്ട്! കാഫിറുകളെ സംബന്ധിച്ച് വന്നിട്ടുള്ള ഖുര്‍ആനിലെ ആയത്തുകള്‍ മുസ്ലിംകളുടെ വിഷയത്തില്‍ പാരായണം ചെയ്യുക എന്നത് അതിലൊന്നാണ്. ഈ സ്വഭാവം ആദ്യ കാല ഖവാരിജുകള്‍ മുതലിങ്ങോട്ട് മുറിയാതെ തുടര്‍ന്നു കൊണ്ടിരിക്കുന്ന സ്വഭാവങ്ങളിലൊന്നാണ്.
മുന്‍കാലക്കാരെ കുറിച്ച് ഇബ്നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “അവര്‍ കാഫിറുകളുടെ വിഷയത്തില്‍ അവതരിച്ച ആയത്തുകള്‍ എടുക്കുകയും, അത് മുഅ്മിനീങ്ങളുടെ മേല്‍ ബാധകമാക്കുകയും ചെയ്തു.” (ബുഖാരി: 9/16 മുഅല്ലഖായി-സനദില്ലാതെ)
ഇക്കാല ഖവാരിജുകള്‍ മുറുകെ പിടിച്ചിട്ടുള്ള സ്വഭാവവിശേഷണങ്ങളിലൊന്നാണിത്. ഇവരുടെ ഗ്രന്ഥങ്ങള്‍ വായിക്കുന്ന ഏതൊരാള്‍ക്കും ഇബ്നു ഉമറിന്റെ മേലെ കൊടുത്ത വിശകലനം ഇവരില്‍ പൂര്‍ണമായും ഒത്തുചേരുന്നത് കാണാന്‍ കഴിയും.
ഫാരിസ് അസ്സഹ്റാനി -ഈ അടുത്ത് സഊദിയില്‍ വധശിക്ഷ നടപ്പിലാക്കപ്പെട്ട നാല്പ്പതില് പരമാളുകളില് ഒരാള്‍, തീവ്രവാദ ചിന്താഗതികളാല്‍ അറിയപ്പെട്ട, ദാഇഷിന്റെ സ്നേഹിതരില്‍ ഒരാള്‍- സഊദി ഭരണകൂടത്തിനെതിരെ വാളെടുത്തിറങ്ങാനും, അവിടെയുള്ള സുരക്ഷാ ഉദ്ധ്യോഗസ്ഥരടക്കമുള്ളവരെ കൊലപ്പെടുത്താനും പ്രേരണ നല്‍കുന്നതിനായി തെളിവ് പിടിച്ച ആയത്തുകള്‍ നോക്കുക:
«فَإِذَا انْسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدْتُمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ»
“അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ (മുശ്രിക്കുകളെ) നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക.” (തൗബ: 5)
«وَإِنْ نَكَثُوا أَيْمَانَهُمْ مِنْ بَعْدِ عَهْدِهِمْ وَطَعَنُوا فِي دِينِكُمْ فَقَاتِلُوا أَئِمَّةَ الْكُفْرِ إِنَّهُمْ لَا أَيْمَانَ لَهُمْ لَعَلَّهُمْ يَنْتَهُونَ»
“ഇനി അവര്‍ കരാറില്‍ ഏര്‍പെട്ടതിന് ശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും, നിങ്ങളുടെ മതത്തെ പരിഹസിക്കുകയും ചെയ്യുകയാണെങ്കില്‍ സത്യനിഷേധത്തിന്റെ (കുഫ്റിന്റെ) നേതാക്കളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. തീര്‍ച്ചയായും അവര്‍ക്ക് ശപഥങ്ങളേയില്ല. അവര്‍ വിരമിച്ചേക്കാം.” (തൗബ: 12)
മതവിദ്യാലയങ്ങളില്‍ പഠിക്കുന്ന ചെറിയ കുട്ടികളോട് ചോദിച്ചാല്‍ അവര്‍ പോലും പറയും: ഈ ആയത്തുകള്‍ അവതരിച്ചത് മുശ്രിക്കുകളുടെ നേതാക്കന്മാരുടെ കാര്യത്തിലും, കടുത്ത കാഫിറുകളുടെ വിഷയത്തിലുമാണെന്ന്. പക്ഷേ, ഖവാരിജുകള്‍! -അവര്‍ അല്ലാഹുവിന്റെ പടപ്പുകളില്‍ ഏറ്റവും അത്ഭുതമുള്ള ഒരു വിഭാഗം തന്നെ!-.
ആധുനിക ഖവാരിജുകള്‍ക്ക് തങ്ങളുടെ പിതാക്കളുമായുള്ള ബന്ധം സത്യസന്ധതയോടെ വിഷയത്തെ സമീപിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാകുക തന്നെ ചെയ്യും. അവര്‍ ഇസ്ലാമിക ഭരണാധികാരികളെയും, മുസ്ലിംകളില് വലിയൊരു വിഭാഗത്തെയും കാഫിറുകളോട് സാദൃശ്യമുള്ളവരാണെന്ന് മുദ്ര കുത്താന്‍ കാരണമായി പറയുന്ന തെളിവുകളെക്കാള്‍ ശക്തമാണ് ഇവരും മുന്‍കാല ഖവാരിജുകളും തമ്മിലുള്ള സാദൃശ്യം വ്യക്തമാക്കുന്ന തെളിവുകള്‍!
അല്ലാഹു സത്യത്തിലേക്ക് നമ്മെ അടുപ്പിക്കുകയും, അസത്യത്തെയും അതിന്റെ വക്താക്കളെയും നശിപ്പിക്കുകയും ചെയ്യട്ടെ.
(ഈ ലേഖന പരമ്പരയില്‍ എന്റെ പ്രധാന അവലംബം ‘അല്‍-ഖിസ്സ്വതുല് കാമില ലി ഖവാരിജി അസ്വ്രിനാ’ എന്ന തലക്കെട്ടില്‍ ഇബ്റാഹീം ബ്നു സ്വാലിഹ് അല്‍-ഹുമയ്ദ് എഴുതിയ ഗവേഷണ പ്രബന്ധമാണ്. ഈ പുസ്തകത്തിലെ ഒരു പ്രധാന അദ്ധ്യായത്തിന്റെ വിവര്‍ത്തനമാണ് ഈ ലേഖനപരമ്പരകളെന്ന് വേണമെങ്കില്‍ പറയാം. എങ്കില്‍ കൂടി -വൈജ്ഞാനികമായ സത്യസന്ധതക്കായി ഓര്‍മ്മപ്പെടുത്തട്ടെ- ചില വിഷയങ്ങള്‍ മറ്റു ചില ഗ്രന്ഥങ്ങളില്‍ നിന്നും, പ്രസംഗങ്ങളില്‍ നിന്നും ഞാന്‍ എടുത്തിട്ടുണ്ട്. അവ അതിന്റെ സന്ദര്‍ഭങ്ങളില്‍ ഓര്‍മ്മപ്പെടുത്തന്നതാണ്. ഇന്ഷാ അല്ലാഹ്.)
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدِ بْنِ عَبْدِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.
كَتَبَهُ : أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيدُ
-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-