ഖവാരിജുകളെ കുറിച്ചുള്ള നബി-ﷺ-യുടെ ഹദീഥുകളില്‍ അവരെ കുറിച്ച് പൊതുവായി വന്ന രണ്ടു വിശേഷണങ്ങളുണ്ട്. അതിലൊന്ന് അവര്‍ ‘വളരെ പ്രായം കുറഞ്ഞവരാണെന്ന’താണ്. രണ്ടാമത്തേത്, അവര്‍ ‘ബുദ്ധിയില്ലാത്തവരാണെന്ന’താണ്.

ഈ രണ്ടു വിശേഷണങ്ങളും പൂര്‍ണമായി യോജിച്ച ഏതെങ്കിലും കക്ഷിയെ കാണണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ‘ദാഇഷ്’ എന്ന പേരില്‍ അറിയപ്പെടുന്ന, ഈ കാലഘട്ടത്തിലെ തനിച്ച ഖവാരിജുകളെ ശ്രദ്ധിച്ചാല്‍ മതി. അവരുടെ എഴുത്തുകളിലും സംസാരങ്ങളിലും ‘ഒഴുക്കില്ലാതെ’ വന്നു കൊണ്ടിരിക്കുന്ന വിഡ്ഢിത്തങ്ങളെല്ലാം ഒരാള്‍ സമാഹരിച്ചാല്‍ രണ്ടു വാള്യങ്ങളില്‍ കുറയാത്ത ഒരു പുസ്തകമെങ്കിലും പുറത്തു വരും.

ഇവരുടെ കള്ളഖലീഫ ബഗ്ദാദിയുടെ നേതൃത്വത്തില്‍ ഇറാഖിലും പരിസരപ്രദേശങ്ങളിലുമായി തങ്ങള്‍ ഖിലാഫത് സ്ഥാപിച്ചിരിക്കുന്നുവെന്ന പ്രചരണം ഇന്‍റര്‍നെറ്റിലും മറ്റുമായി തുടങ്ങിയിട്ടു കുറച്ചു നാളായി. ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിമീങ്ങളും ഇങ്ങനെയൊരു ഖിലാഫത്ത് സ്ഥാപിതമായത് പൊടുന്നനെ ഒരു സുപ്രഭാതത്തില്‍ പത്രത്തിലും ഇന്റര്‍നെറ്റിലും വായിച്ചാണ് അറിഞ്ഞത്! എന്തിനധികം?! ഖലീഫയുടെ ഊരും പേരും വരെ കുറേകാലം ഒരു ‘സസ്പെന്‍സായി’ നിലകൊണ്ടു.

ഇരിക്കട്ടെ! എന്തായാലും ഖിലാഫത്തിന്റെ സംസ്ഥാപനം കഴിഞ്ഞുവെന്നാണ് ഇവര്‍ പറയുന്നത്. സ്വാഭാവികമായും പൊടുന്നനെ ഒരു പുതിയ കാര്യം കേള്‍ക്കുമ്പോള്‍ അത് സ്വീകരിക്കപ്പെടാന്‍ സമയമെടുക്കും. ആളുകള്‍ക്ക് പല സംശയങ്ങളും ആശങ്കകളുമുണ്ടാകും.

ഈ സംശയങ്ങളെയും ആശങ്കകളെയും ദൂരീകരിക്കുന്നതിന് വേണ്ടി -ഈ കൊച്ചു കേരളത്തിലും- കുറച്ചു പേര്‍ ഒരുമിച്ചു കൂടി. ഇംഗ്ലീഷില്‍ വരുന്ന ചവറെല്ലാം അതു പോലെ മലയാളത്തിലേക്ക് ചര്‍ദ്ദിക്കുക എന്നതാണ് പ്രധാന പരിപാടിയെങ്കിലും ‘മഹത്തായ ദഅ്വത്തെന്ന’ പേരില്‍ ഇവര്‍ തങ്ങളുടെ (കള്ള) ദൗലയ്ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയായി ഒരു ലേഖനമെഴുതി.

ഔദ്യോഗികമൊന്നുമല്ലെന്നാണ് തോന്നുന്നതെങ്കിലും, അവര്‍ തങ്ങള്‍ക്ക് വേണ്ടി ഒരു സൈറ്റ് ആരംഭിക്കുകയും അതില്‍ തങ്ങളുടെ ‘കരളിന്റെ കഷ്ണമായ’ ദൗലക്കെതിരെയുള്ള ആക്ഷേപങ്ങള്‍ക്ക് ആ ലേഖനത്തിലൂടെ മറുപടി പറയുകയും ചെയ്തു. നേരത്തെ പറഞ്ഞതു പോലെ, ‘തനിച്ച വിഡ്ഢികളായിരിക്കും ഇവര്‍’ എന്ന നബി-ﷺ-യുടെ ഓര്‍മ്മപ്പെടുത്തല്‍ മനസ്സിലാക്കാന്‍ ഈ ഒരൊറ്റ ലേഖനം മാത്രം വായിച്ചാല്‍ മതിയാകും.

തങ്ങള്‍ക്കെതിരെ വരുന്ന എല്ലാ വാര്‍ത്തകളും മാദ്ധ്യമ സൃഷ്ടികളാണെന്ന പൊതുബോധം നിര്‍മ്മിച്ചെടുക്കുന്നതിന് വേണ്ടിയാണെന്ന് തോന്നുന്നു; തുടക്കത്തില്‍ തന്നെ ‘മാധ്യമ പരദൂഷകര്‍ക്ക് നേരെ കണ്ണു തുറന്നിരിക്കണ’മെന്ന് ലേഖകന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

യഥാര്‍ഥത്തില്‍, മാധ്യമങ്ങള്‍ക്കെതിരെയുള്ള ഇവരുടെ ഈ ഉറഞ്ഞുതുള്ളല്‍ തനിച്ച കാപട്യമാണ്. എല്ലാ സമയവും ഇങ്ങനെ കണ്ണു തുറന്നിരിക്കണമെന്നൊക്കെ പറയുമെങ്കിലും തങ്ങള്‍ക്കെതിരെ വരുന്ന മാദ്ധ്യമ വാര്‍ത്തകളോട് മാത്രമേ ഇക്കൂട്ടര്‍ക്കീ രോഷം കാണൂ. തങ്ങള്‍ക്കനുകൂലമായി വാര്‍ത്ത കൊടുക്കുന്നത് തനിച്ച കാഫിറുകളാണെങ്കിലും ഒരു നാണവുമില്ലാതെ ഇവറ്റകള്‍ അവയൊക്കെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും.

ഇക്കൂട്ടര്‍ ഇറാഖിലും പരിസരങ്ങളിലും ഉയര്‍ന്നു വരുന്നതിന്റെ വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നു തുടങ്ങുന്ന സന്ദര്‍ഭത്തില്‍, കേരളത്തില്‍ നിന്നുള്ള കുറച്ചു നേഴ്സുമാര്‍ ഇവരുടെ ബന്ധികളാക്കപ്പെട്ടുവെന്ന വാര്‍ത്ത വരികയുണ്ടായി. നഴ്സുമാര്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഇവരെ കുറിച്ച് ‘ഭീകര’കഥകള്‍ പുറത്തു വരുമെന്നും, മാധ്യമങ്ങള്‍ അതെല്ലാം ആഘോഷമാക്കുമെന്നും പ്രതീക്ഷിച്ചവര്‍ക്ക് -പക്ഷേ- തെറ്റി! നഴ്സുമാര്‍ ‘ദാഇഷികള്‍’ തങ്ങളെ സഹോദരിമാരെ പോലെ പരിചരിച്ചുവെന്നും, തങ്ങള്‍ക്ക് ഒരു ഉപദ്രവും വരുത്തിയില്ലെന്നുമൊക്കെ പറഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടി. ചിലരൊക്കെ പറഞ്ഞു: ‘എന്തൊരു തങ്കപ്പെട്ട മനുഷ്യര്‍!’

നഴ്സുമാരുടെ സംസാരത്തിലായിരുന്നില്ല ശരിയായ അത്ഭുതം; തരം കിട്ടിയാല്‍ ഇസ്‌ലാമിനെയും മുസ്‌ലിമീങ്ങളെയും കുത്തി നോവിക്കുന്ന മാദ്ധ്യമ മുത്തശ്ശിമാര്‍ ഫസ്റ്റ് പേജുകളില്‍ വെണ്ടക്ക നിരത്തി. നഴ്സുമാരുടെ വാഴ്ത്തലുകള്‍ പേപ്പറുകളിലും ചാനലുകളിലുമൊക്കെ നിറഞ്ഞു. മനോരമയും മാതൃഭൂമിക്കുമൊക്കെ എന്തു പറ്റിയെന്ന് തലക്ക് വെളിവുള്ള ഓരോ മുസ്‌ലിമും ചിന്തിച്ചു!

ഇവരോ! ഇന്നും അവര്‍ പണ്ടു കഴിഞ്ഞ ആ സംഭവവും പറഞ്ഞ് തങ്ങളുടെ ക്രൂരതകള്‍ ആട്ടിന്‍തോല്‍ കൊണ്ടു പൊതിയുന്നു! എവിടെ ഇവരുടെ മാധ്യമ വിരോധം?! എവിടെ കണ്ണു തുറന്നു പിടിക്കാന്‍ പറഞ്ഞ ലേഖകന്‍?

കഴിഞ്ഞില്ല! മാധ്യമങ്ങള്‍ക്കെതിരെ കണ്ണു തുറന്നു പിടിക്കണമെന്നൊക്കെ വലിയ വായില്‍ വിളിച്ചു പറയുന്ന ഇതേ മഹാന്മാരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ പരിശോധിക്കുക; അത്ഭുതം -ശരിയായ അത്ഭുതം- നിനക്കവിടെ കാണാം!

മക്കയും മദീനയും സ്ഥിതി ചെയ്യുന്ന, തൗഹീന്റെ നാടിനെതിരെ ആക്ഷേപങ്ങള്‍ ചൊരിയാന്‍ ഈ കപടന്മാര്‍ ലിങ്ക് കൊടുത്തിട്ടുണ്ടായിരിക്കുക ഇതേ മാധ്യമങ്ങളിലേക്കായിരിക്കും. ഇവര്‍ ‘പരദൂഷണക്കാരെന്നു’ വിളിച്ച അതേ മാധ്യമ അപ്പോസ്തലന്മാരുടെ പേജുകളിലേക്കായിരിക്കും!

അപ്പോള്‍ എവിടെ നിങ്ങളുടെ നീതി?! -എന്നോട് ക്ഷമിക്കുക-! നിങ്ങളോടത് ചോദിക്കുന്നതിലെന്തര്‍ഥം?! അതിനെ കുറിച്ചോര്‍മ്മപ്പെടുത്തിയിട്ടെന്തു ഫലം?!

മക്കയുടെയും മദീനയുടെയും സേവകന്‍ സല്‍മാന്‍ ബ്നു അബ്ദില്‍ അസീസ് -അല്ലാഹു അദ്ദേഹത്തെ കൂടുതല്‍ നന്മകളിലേക്ക് നയിക്കട്ടെ- ഇസ്രാഈല്‍ പ്രധാനമന്ത്രിക്ക് മില്ല്യണുകള്‍ നല്‍കിയെന്ന വാര്‍ത്ത ഒരു സന്ദര്‍ഭത്തില്‍ വ്യാപകമായി ഇക്കൂട്ടര്‍ പ്രചരിപ്പിച്ചിരുന്നു.

വാര്‍ത്തയുടെ സ്രോതസ്സ് ഏതാണെന്നറിയുന്നതിന് വേണ്ടി -എന്റെ കഴിവിനുള്ളില്‍ നിന്നു കൊണ്ട്- അന്വേഷിച്ചു. സ്രോതസ്സ് കണ്ടെത്തി; ആദ്യമായി ഈ വാര്‍ത്ത ഏതു പത്രത്തിലാണ് വന്നതെന്നറിയാമോ?! -ഊഹിച്ചു നോക്കൂ; എനിക്കുറപ്പുണ്ട് നിങ്ങള്‍ക്കുത്തരം ലഭിക്കില്ല-! ആ വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത് ജൂത രാഷ്ട്രം തന്നെ പുറത്തിറക്കുന്ന ഒരു പത്രത്തിലായിരുന്നു!

ചുരുക്കത്തില്‍, ഇതാണിവരുടെ സ്ഥിതി! തങ്ങള്‍ക്കനുകൂലമെങ്കില്‍ അവര്‍ക്ക് എന്തും ഏതും വേദവാക്യമാകും. തങ്ങള്‍ക്ക് എതിരായി ലോകത്ത് ഏറ്റവും സത്യസന്ധതയുള്ളവര്‍ പറഞ്ഞാലും അതവര്‍ സ്വീകരിക്കുകയില്ല.

സൂറ. ഹുജുറാതിലെ ആറാമത്തെ ആയത്ത് തുടക്കത്തില്‍ തന്നെ നല്‍കിയിട്ടുണ്ട് ലേഖകന്‍.

«يَاأَيُّهَا الَّذِينَ آمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ»

“മുഅമിനീങ്ങളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.” (ഹുജുറാത്: 6)

യഥാര്‍ഥത്തില്‍, ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട ‘ഫാസിഖ്’ -അധര്‍മ്മകാരിയെന്ന- പരാമര്‍ശം ഏറ്റവും യോജിക്കുക ഈ ലേഖനമെഴുതിയവന്റെ കാര്യത്തിലും, അവന്‍ പിന്തുണക്കുന്ന ഖവാരിജുകളായ ദാഇഷീ നേതാക്കന്മാരുടെയും അനുയായികളുടെയും കാര്യത്തിലാണ്. കേവലം ആരോപണമല്ല ഇത്; അനേകം കാരണങ്ങള്‍ ഇതിനുണ്ട്.

ആരാണ് ‘ഫാസിഖ്’? അധര്‍മ്മകാരിയെന്ന് സാധാരണയായി മലയാളത്തില്‍ അര്‍ഥം നല്‍കാറുള്ള ഈ പദം കൊണ്ടുദ്ദേശിക്കുന്നത് ശഹാദത് കലിമ ഉച്ചരിച്ചിട്ടുണ്ടെങ്കിലും, വന്‍പാപങ്ങള്‍ (കബാഇറുകള്‍) ചെയ്യുകയും, ചെറുപാപങ്ങളില്‍ (സ്വഗാഇര്‍) തുടരുകയും ചെയ്യുന്നവനെയാണ്. (തഅ്രീഫാതുല്‍ ഫിഖ്ഹിയ്യ: 161)

ദാഇഷും അതിനെ പിന്തുണക്കുന്ന വിഡ്ഢികളും -ചെറുപാപങ്ങള്‍ അവിടെ നില്‍ക്കട്ടെ- വന്‍പാപങ്ങളില്‍ തന്നെ യാതൊരു നാണവുമില്ലാതെ തുടരുന്നവരാണ്. മുസ്‌ലിമീങ്ങളെ കൊലപ്പെടുത്തുകയും, ഇസ്‌ലാമിക രാജ്യങ്ങളില്‍ അസമാധാനം വിതക്കുകയും ചെയ്യുക എന്നതെന്തു മാത്രം വലിയ പാതകമാണെന്നു പറയേണ്ടതില്ല. അതോടൊപ്പം, മുഹദ്ദിഥുകളും പണ്ഡിതന്മാരുമായവരെ ആക്ഷേപിക്കുകയും വളരെ വൃത്തികെട്ട പദപ്രയോഗങ്ങള്‍ കൊണ്ട് അവരെ വിശേഷിപ്പിക്കുകയും ചെയ്യുന്നത് ദീനിനെ സ്നേഹിക്കുന്ന ഏതൊരു മുസ്‌ലിമിന്റെ മനസ്സിലും വളരെ വലിയ തിന്മ തന്നെ. ഈ പറഞ്ഞതെല്ലാം നമുക്കും അവര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസമുള്ളവയാണെന്നത് കൊണ്ട് ഇവിടെ അതു പറയുന്നതില്‍ പ്രസക്തിയില്ല.

രസകരമായ കാര്യം -തങ്ങള്‍ ഫാസിഖാണെന്നതിനുള്ള സാക്ഷ്യം ഇതെഴുതിയ വിഡ്ഢി തന്നെ തന്റെ ലേഖനത്തില്‍ കൊടുത്തിട്ടുണ്ട്. ഇവരുടെ കള്ളഖലീഫ ബഗ്ദാദി ഏതോ ജൂതനാണെന്നും, തനി ഫാസിഖാണെന്നും ചില വിമര്‍ശകര്‍ പ്രചരിപ്പിച്ചതിന് മറുപടി പറയവെ -അവര്‍ക്ക് മറുപടി നല്‍കുന്നതിന് വേണ്ടി- ഈ ഫോട്ടോകള്‍ അതേ പടി തങ്ങളുടെ സൈറ്റില്‍ അവര്‍ എടുത്തു കൊടുത്തിട്ടുണ്ട്. ആ ഫോട്ടോയിലാകട്ടെ, ശരിയായ ഹിജാബ് പോയിട്ട് -മര്യാദക്കു വസ്ത്രം പോലും ധരിക്കാത്ത- സ്ത്രീയുടെ ചിത്രവുമുണ്ട്. ചിത്രമാകട്ടെ, അതു പോലെ തന്നെ, ഒരു മാറ്റവും വരുത്താതെ -സ്ത്രീയുടെ ഭാഗം മറക്കുകയോ, അവിടെ ബ്ലര്‍ ചെയ്യുകയോ ഒന്നും ചെയ്യാതെ- നമ്മുടെ ലേഖകനും എടുത്തു കൊടുത്തിട്ടുണ്ട്.

രണ്ടാലൊരു കാര്യം ഇതില്‍ നിന്ന് മനസ്സിലാക്കാം. ഒന്നല്ലെങ്കില്‍ ഇയാള്‍ വിവരമില്ലാത്ത പടുജാഹിലാണ്; അല്ലെങ്കില്‍ സ്ത്രീകളുടെ മോശമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ യാതൊരു ഗൗരവവും കാണാത്ത ഫാസിഖാണ്. രണ്ടില്‍ ഏതാണെങ്കിലും ഇയാള്‍ മതപരമായ വാര്‍ത്തകളില്‍ അവലംബിക്കാന്‍ കഴിയാത്ത തനി ഫാസിഖാണെന്ന് മനസ്സിലാക്കാന്‍ അത് മതിയായ തെളിവാണ്.

ഈ ഫോട്ടോ മാത്രമല്ല ‘ഇസ്‌ലാമിക രാഷ്ട സംസ്ഥാപകന്‍’ നല്‍കിയിട്ടുള്ളത്. ഇതിനെല്ലാം പുറമേ ഏതോ സിനിമയിലുള്ള ബലാത്സംഗത്തിന്റെ സീനുകളും അവയുടെ ഫോട്ടോയും, ലിങ്കുമെല്ലാം ലേഖകന്‍ എടുത്തു കൊടുത്തിട്ടുണ്ട്! പ്രത്യേകം ഓര്‍മ്മപ്പെടുത്തട്ടെ; ഇതൊക്കെ മറുപടിയെന്ന പേരിലാണ് കൊടുത്തിരിക്കുന്നത്. ഈ സിനിമയിലെ ബലാത്സംഗ രംഗം എടുത്ത് ഏതോ ദാഇഷി വിമര്‍ശകന്‍ ഇവര്‍ യസീദി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിന്റെ ചിത്രമാണെന്ന് പ്രചരിപ്പിച്ചപ്പോള്‍ അതിനിവര്‍ നല്‍കിയ ‘മറുപടി’യാണിത്!

ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ -ഇസ്‌ലാമില്‍ ഹറാമായ സ്ത്രീ പദര്‍ശനവും മറ്റും വ്യക്തമായി എടുത്തു കൊടുക്കാന്‍ പാടില്ലെന്ന സാമാന്യ വിവരം പോലും ലേഖകനില്ലെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. അല്ലെങ്കില്‍, ഇതെല്ലാം വളരെ നിസ്സാരമായി കാണുന്നവരാണ് ഇവര്‍. -നേരത്തെ പറഞ്ഞതു പോലെ- രണ്ടാണെങ്കിലും കാര്യം കഷ്ടം തന്നെ!

ഇതിനെല്ലാം പുറമെ, താന്‍ വാര്‍ത്ത സ്വീകരിക്കാന്‍ പാടില്ലാത്ത ഫാസിഖാണെന്നതിന് വേറെയും തെളിവ് നല്‍കിയിട്ടുണ്ട് ലേഖകന്‍. മറ്റൊന്നുമല്ല, ലേഖനത്തിലെവിടെയും താനാരാണെന്ന് ലേഖകന്‍ ഒരു സൂചനയും നല്‍കിയിട്ടില്ല. സാധാരണ ഈ കൂട്ടത്തില്‍ പെട്ടവര്‍ക്കൊക്കെ ഒരു കുന്യതെങ്കിലും -അബൂ ബക്ര്‍ എന്നോ, ഇബ്‌നു മുജാഹിദ് എന്നോ ഒക്കെ- ഉണ്ടാകാറുള്ളതാണ്. ഇതതൊന്നുമില്ല. തുടക്കവും ഒടുക്കവും സമ്പൂര്‍ണ ശൂന്യത!

‘മജ്ഹൂലുല്‍ അയ്ന്‍’ എന്ന വകുപ്പിലാണ് ഇത്തരക്കാര്‍ ഉള്‍പ്പെടുക. അതായത്, ഇതേതാണ് വകുപ്പ് എന്നു പോലും അറിയാത്ത തരം. ഇതെഴുതിയവന്‍ വല്ല കള്ളനോ, പെണ്ണുപിടിയനോ, പലിശക്കാരനോ, പടുജാഹിലോ, ഭ്രാന്തനോ, മാനസികരോഗിയോ, പൊട്ടനോ, ബിദ്അത്തുകാരനോ -ഇനി കാഫിര്‍ തന്നെയോ- ആണെന്ന് എങ്ങനെ അറിയും?! എങ്ങനെ ഇത്തരക്കാര്‍ പറയുന്നത് വിശ്വസിക്കും?!

നിന്റെ വീട്ടിലേക്ക് ഒരു അജ്ഞാത ഫോണ്‍ കോള്‍ വരികയാണെന്ന് സങ്കല്‍പ്പിക്കുക! അജ്ഞാതമായ ഒരു ശബ്ദം നിന്റെ പണം മുഴുവന്‍ ഇന്ന നമ്പറിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും പറഞ്ഞെന്നു വിചാരിക്കുക! നീ എന്തു ചെയ്യും?! ഇവര്‍ നമ്മില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഹിദായത്താണ്. കോടികള്‍ കൊടുത്താലും വിലമതിക്കാന്‍ കഴിയാത്ത മുസ്‌ലിമിന്റെ സമ്പത്ത്. അതെങ്ങനെ ദാഇഷികളുടെ കള്ള അക്കൗണ്ടിലേക്ക് ഈ അജ്ഞാതന്റെ സംസാരത്തിന്റെ അടിസ്ഥാനത്തില്‍ നാം ‘ട്രാന്‍സ്ഫര്‍’ ചെയ്യും?!

ഞാന്‍ നേരത്തെ പറഞ്ഞതു പോലെ; ഒന്നല്ലെങ്കില്‍ ഇവന്‍ തനി വിഡ്ഢിയാണ്. മതവുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ പോലും അറിയാത്ത ‘പമ്പരവിഡ്ഢി’. അല്ലെങ്കില്‍ ഇസ്‌ലാമിനും മുസ്‌ലിമീങ്ങള്‍ക്കും ഉപദ്രവമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന -ഏതെങ്കിലും കാഫിറോ മുനാഫിഖോ- ആണ്. രണ്ടാമത് പറഞ്ഞതിനുള്ള സാധ്യത തീരെ തള്ളിക്കളയാന്‍ പറ്റില്ല.

ഇവരോട് മാനസിക അടുപ്പമുള്ളവര്‍ ആരൊക്കെയാണ് എന്നറിയാന്‍ വേണ്ടി കുറ്റാന്വേഷകര്‍ ഉണ്ടാക്കി വെച്ച പോസ്റ്റാണോ ഇതും എന്നും സംശയിക്കണം.  അതിനാല്‍ എന്റെ മുസ്‌ലിം സഹോദരങ്ങളോട് സ്നേഹത്തോടെ ഉപദേശിക്കാനുള്ളത്; ഇവരുടെ സൈറ്റില്‍ അബദ്ധത്തില്‍ പോലും കയറരുതെന്നാണ്.

ചുരുക്കത്തില്‍, ഇതെഴുതിവന്‍ തനിക്കെതിരെയുള്ള തെളിവ് ലേഖനത്തിന്റെ ‘മണ്ട’യില്‍ തന്നെ എടുത്തു കൊടുത്തിട്ടുണ്ട്. ആ ഖുര്‍ആന്‍ ആയത്ത് പാലിക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ തന്നെ പിന്നീടത് വായിക്കാന്‍ പാടില്ല. കാരണം ഇതെഴുതിവനില്‍ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട ഫാസിഖിന്റെ എല്ലാ അടയാളങ്ങളും പത്തരമാറ്റ് തിളക്കത്തോടെ വിളങ്ങുന്നുണ്ട്.

തല്‍ക്കാലം ഇവിടെ നിര്‍ത്തട്ടെ! ലേഖകന്റെ ബാക്കി വിഡ്ഢിത്തരങ്ങള്‍ക്കുള്ള മറുപടി വഴിയെ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment