ചോദ്യം: ഇന്ത്യയിലെ ചില മുസ്‌ലിമീങ്ങള്‍ അനിസ്ലാമിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഭൗതിക സ്കൂളുകള്‍ ആരംഭിക്കുകയും, ഗവ. അംഗീകാരം അതിന് നേടിയെടുക്കുകയും ചെയ്യുന്നു. അംഗീകാരം ലഭിക്കുന്നത് വലിയ പണം അവര്‍ ഗവ.ന് നല്‍കും. ഭരണാധികാരികളില്‍ നിന്നുള്ള അനുമതി ലഭിച്ചു കഴിഞ്ഞാല്‍ അവര്‍ ഒരു നിശ്ചിത തുക പ്രവേശനത്തിനായി കുട്ടികളില്‍ നിന്ന് വാങ്ങിക്കുകയും ചെയ്യും. ഗവ. പരീക്ഷകള്‍ നടത്തുകയും, ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യുന്നതിനാണ് ഈ പണം അവര്‍ വാങ്ങിക്കുന്നത്.
പരീക്ഷ കഴിയുകയും, സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുകയും ചെയ്താല്‍ സ്കൂള്‍ അധികൃതരുടെ പക്കല്‍ മുന്‍പ് വാങ്ങിച്ച തുകയുടെ ബാക്കി ധാരാളമുണ്ടാകും. അത് കുട്ടികള്‍ക്ക് തിരിച്ചു നല്‍കാതെ അവര്‍ തന്നെ ശാപ്പിടും. ഇത് കച്ചവടമാണെന്നാണ് അവരുടെ ന്യായം.
ഇത്തരം ഇടപാടുകളുടെ വിധിയെന്താണ്? ഈ സമ്പാദ്യം സ്കൂള്‍ അധികൃതര്‍ക്ക് അനുവദനീയമാണോ?
ഉത്തരം: കാഫിറുകളുടെ മതം പഠിപ്പിക്കുന്ന സ്കൂളുകള്‍ ആരംഭിക്കുന്നത് മുസ്‌ലിംകള്‍ക്ക് അനുവദനീയമല്ല. കാരണം, തിന്മയിലും അല്ലാഹുവിനെ ധിക്കരിക്കുന്നതിലുമുള്ള പരസ്പര സഹായമാണിത്. ഇത്തരം സ്കൂളുകളില്‍ നിന്ന് ലഭിക്കുന്ന സമ്പാദ്യവും ഹറാമാണ്.
എന്നാല്‍, ഇസ്‌ലാമികമായി അനുവദനീയമായ വിഷയങ്ങള്‍ -എഞ്ചിനീയറിംഗ്, ഗണിതം, ഭാഷ, എഴുത്ത് പോലുള്ളവ- ആണ് അവിടെ പഠിപ്പിക്കുന്നതെങ്കില്‍ അതില്‍ കുഴപ്പമില്ല.
കുട്ടികള്‍ അഡ്മിഷന്റെ സന്ദര്‍ഭത്തില്‍ നല്‍കിയ പണം പ്രവേശനത്തിനും അദ്ധ്യാപനത്തിനും പകരമായിട്ടാണ് രക്ഷിതാക്കളില്‍ നിന്ന് വാങ്ങിച്ചിട്ടുള്ളതെങ്കില്‍ അതില്‍ തെറ്റില്ല. സ്കൂള്‍ അധികൃതര്‍ക്ക് അത് എടുക്കുന്നതില്‍ കുഴപ്പമില്ല.
എന്നാല്‍ കുട്ടികളുടെ ചിലവ് നിര്‍വ്വഹിക്കുന്നതിനാണ് ഈ പണം വാങ്ങിച്ചിട്ടുള്ളതെങ്കില്‍ അത് എടുക്കുന്നത് അനുവദനീയമല്ല. അവരുടെ പഠനം അവസാനിച്ചാല്‍ ബാക്കിയുള്ള പണം അവര്‍ക്ക് തന്നെ തിരിച്ചു നല്‍കണം.
(ഫതാവാ ലജ്നതിദ്ദാഇമ: 12/198)