അല്ലാഹുവാണ് സർവ്വരുടെയും രക്ഷിതാവ് എന്നറിയിക്കുന്ന തെളിവുകൾ അനേകമുണ്ട്. ബുദ്ധിയും പ്രമാണങ്ങളും അനുഭവവും ശുദ്ധപ്രകൃതിയുമെല്ലാം അതിനുള്ള സാക്ഷ്യങ്ങളായി നിലകൊള്ളുന്നു. നമ്മുടെ റബ്ബാകട്ടെ; എല്ലാ നന്മകളിലും അവൻ പരിപൂർണ്ണനായിരിക്കുന്നു. ഒരു ന്യൂനതയോ കുറവോ അവനിലില്ല.

സർവ്വ സൃഷ്ടികൾക്കും മുകളിൽ, തന്റെ സിംഹാസനത്തിന് മേൽ അവൻ ആരോഹിതനായിരിക്കുന്നു. തന്റെ അടിമകളുടെ എല്ലാം അവന്റെ നിയന്ത്രണത്തിന് കീഴിലത്രെ. ആകാശഭൂമികൾക്കിടയിൽ ഒരു അണുമണിത്തൂക്കം വരുന്ന വസ്തു പോലും അവന്റെ ഉടമസ്ഥതയിൽ പെടാതെയില്ല.

സർവ്വ നിലക്കും ധന്യതയുള്ളവനത്രെ അവൻ. അവന്റെ സഹായിയായി ആരുമില്ല. ആർക്കും അവനെ സഹായിക്കുക സാധ്യവുമല്ല. എന്നാൽ ആകാശഭൂമികൾക്കിടയിൽ വലുതോ ചെറുതോ ആയ ഒരു ജീവിയും അല്ലാഹുവിന്റെ സഹായം ആവശ്യമില്ലാത്തവരായില്ല. അവന്റെ മുൻപിൽ യാചിക്കേണ്ടവരായല്ലാതെ ആരുമില്ല.

يَسْأَلُهُ مَن فِي السَّمَاوَاتِ وَالْأَرْضِ ۚ كُلَّ يَوْمٍ هُوَ فِي شَأْنٍ ﴿٢٩﴾

“ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു.” (റഹ്മാൻ: 29)

പാപികൾക്ക് അവൻ പൊറുത്തു നൽകുന്നു; അവന്റെ പാപമോചനത്തിന്റെ വാതിലുകളില്ലായിരുന്നെങ്കിൽ പാപികളുടെ ഹൃദയം തകർന്നടിഞ്ഞേനേ! പ്രയാസങ്ങൾ അവൻ നീക്കി നൽകുന്നു; അവന്റെ സഹായത്തിന്റെ തിരിവട്ടം പ്രതീക്ഷയായില്ലായിരുന്നെങ്കിൽ അവർ മനംതകർന്നു മരണം വരിക്കുമായിരുന്നു. ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് അവൻ ആശ്രയമേകുന്നു; അണച്ചു ചേർക്കാനാരുമില്ലാത്തവർക്ക് അവന്റെ സംരക്ഷണത്തെക്കാൾ ശാന്തി നൽകുന്ന മറ്റേതു തുരുത്തുണ്ട്?!

ചുറ്റുപാടും നോക്കൂ; എത്രയോ പേർ മരിച്ചു വീഴുന്നു; അവനല്ലാതെ മറ്റാരാണ് അവരെ മരിപ്പിച്ചത്?! ഇന്നലെ വരെ ശൂന്യത പോലുമല്ലാതിരുന്നവർ ഇന്ന് ജനിച്ചു വീഴുന്നു; അല്ലാഹുവല്ലാതെ ആരാണവർക്ക് ജീവൻ നൽകിയത്?! സൗഭാഗ്യത്തിന്റെയും ദൗർഭാഗ്യത്തിന്റെയും അതിർവരമ്പുകൾ അവനല്ലാതെ മറ്റാരാണ് നിശ്ചയിച്ചത്?!

അല്ലാഹു സന്മാർഗം നൽകിയവന്റെ ഹൃദയത്തിൽ ഇരുട്ടു പരത്താനാർക്ക് കഴിയും?! അവൻ ദുർമാർഗത്തിന്റെ ചെളിയിൽ പ്രവേശിപ്പിച്ചവന്  ആയിരം സൂര്യന്റെ തിളക്കമുള്ള ദൃഷ്ടാന്തങ്ങൾ കാണിച്ചു നൽകിയാലുമെന്തു പ്രയോജനം?!

ഇന്നലെ വരെ എണ്ണമില്ലാത്ത അനുഗ്രഹങ്ങളുടെ ശീതളച്ചായകളിൽ മയങ്ങിയവരെ നീ കണ്ടിട്ടില്ലേ?! അതിർവരമ്പുകൾ കാത്ത ലക്ഷക്കണക്കിന് സൈന്യത്തിന്റെയും നിറഞ്ഞ സമ്പത്തിന്റെയും ലോകം എത്ര വേഗമാണവരിൽ നിന്നകന്നു പോയത്?! ആരാണ് അവരെയും അവരുടെ ലോകത്തെയും മാറ്റിമറിച്ചത്?! ദാരിദ്ര്യത്തിന്റെ, അടിമത്വത്തിന്റെ ആയിരം ചങ്ങലക്കെട്ടുകളിൽ മാത്രം ചരിത്രം രേഖപ്പെടുത്തിയ ജനതകളെ നീ അറിഞ്ഞിട്ടില്ലേ?! ആരാണിന്നവരെ നേതാക്കളും പ്രമാണിമാരുമാക്കിയത്; അല്ലാഹുവല്ലാതെ?!

അവന്റെ വലതുകരം നിറഞ്ഞിരിക്കുന്നു; എത്രയെല്ലാം വാരിച്ചൊരിഞ്ഞാലും അവന്റെ കൈകൾ ശൂന്യമാവുകയില്ല. ആകാശഭൂമികൾ സൃഷ്ടിച്ചത് മുതൽ -രാപ്പകൽ ഭേദമില്ലാതെ- അല്ലാഹു ഭൂമിയിൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ നീ കണ്ടില്ലേ?! കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന സമുദ്രത്തിൽ ഒരു മൊട്ടുസൂചി മുക്കിയെടുത്താൽ എത്ര വെള്ളമുണ്ടായിരിക്കും സൂചിയുടെ അഗ്രഭാഗത്ത്; ആകാശഭൂമികൾ സൃഷ്ടിച്ചതു മുതൽ എണ്ണമില്ലാത്ത അനുഗ്രഹങ്ങളുടെ പേമാരി തന്നെ നിർത്താതെ പെയ്തു കൊണ്ടിരുന്നിട്ടും ആ മൊട്ടുസൂചി സമുദ്രത്തിൽ വരുത്തിയ കുറവ് പോലും അവന്റെ അനുഗ്രഹത്തിന്റെ ഖജാനകളിൽ ഉണ്ടായിട്ടില്ല.

സൃഷ്ടികളിൽ ആദ്യത്തെ വ്യക്തി മുതൽ അവസാനത്തെയാൾ വരെ -സർവ്വരും- ഒരേ മൈതാനത്ത് ഒരുമിച്ചു കൂടുകയും, ഒരുമിച്ച് അവനിലേക്ക് കൈകളുയർത്തുകയും, ചോദിക്കാൻ കഴിയാവുന്നതെല്ലാം ചോദിക്കുകയും അതെല്ലാം അവർക്കവൻ നൽകുകയും ചെയ്താലും; അവന്റെ പക്കലുള്ളതിൽ ഒരു അണുവിന്റെ കുറവ് പോലുമുണ്ടാവുകയില്ല.

എന്നേയുള്ളവനത്രെ അല്ലാഹു; അവന് തുടക്കമില്ല. അവന്റെ മുൻപ് ആരുമില്ല; ഒന്നുമില്ല. എന്നെന്നും ഉണ്ടാകുന്നവനുമത്രെ അവൻ; അവനൊരിക്കലും മരിക്കില്ല. അവന്റെ പ്രതാപവും മഹത്വവും ഒരിക്കലും അവസാനിക്കുകയുമില്ല. അവന് ശേഷം ആരെങ്കിലുമോ എന്തെങ്കിലുമോ ഇല്ല.

അവന് കാവൽക്കാരില്ല; അവനിലേക്ക് കൈകളുയർത്താൻ ആരുടെയും അനുമതി തേടേണ്ടതില്ല. ആകാശഭൂമികളുടെ സംരക്ഷകന് സംരക്ഷണം നൽകുന്ന ഒരാളുമില്ല; അവന്റെ സന്നിധിയിൽ നിന്റെ തേട്ടങ്ങൾ എത്തിച്ചേരാൻ ആരുടെയും തടസ്സമില്ല. അവനെ സഹായിക്കാൻ ഒരു മന്ത്രിയോ സേവകനോ ഇല്ല; സർവ്വ രാജാക്കന്മാരുടെയും രാജാവിന്റെയരികിൽ ശുപാർശകന്റെ മദ്ധ്യസ്ഥതക്ക് സ്ഥാനമില്ല. പകരക്കാരനോ നവ്വാബുകളോ അവനില്ല; സർവ്വ നിലക്കും ഏകനത്രെ നമ്മുടെ റബ്ബായ അല്ലാഹു.

അവൻ അറിയാത്തതായി ഒന്നുമില്ല. ദൃശ്യവും അദൃശ്യവും അവന് തുല്ല്യമത്രെ. കഴിഞ്ഞു പോയതും വരാനിരിക്കുന്നതും അവൻ എന്നേ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. സൂക്ഷ്മവും നിഗൂഢമായതും പകലിലെ തെളിഞ്ഞു നിൽക്കുന്ന കാഴ്ച്ചകളും അവനൊരു പോലെ. രഹസ്യവും പരസ്യവും അവനറിയുന്നു. അവന്റെ അറിവിൽ നിന്ന് മറച്ചു നിർത്തുന്ന വിരികളോ വാതിലുകളോ മതിലുകളോ കോട്ടകളോ ഇല്ല.

വിശാലമായ കാരുണ്യത്തിന്റെ ഉടമയാകുന്നു അവൻ. ശരീരത്തിന്റെ ഏതു രോമകൂപങ്ങളിലാണവന്റെ കാരുണ്യത്തിന്റെ അടയാളങ്ങളില്ലാത്തത്. കാടിനെ വിറപ്പിക്കുന്ന ഗർജനമറിയുന്ന സിംഹത്തിന്, കാൽക്കീഴിൽ ഓടിനടക്കുന്ന ചെറുകുഞ്ഞിനെ സ്നേഹിക്കാൻ കഴിയുന്നത് അവൻ നൽകിയ കാരുണ്യത്തിന്റെ അടയാളമല്ലാതെ മറ്റെന്താണ്?! ഇന്നലെ വരെ കാണുകയോ -മനസ്സിലൊന്ന് മിന്നിമറഞ്ഞു പോവുകയോ പോലും ചെയ്തിട്ടില്ലാത്ത- തന്റെ കുഞ്ഞിനെ സ്നേഹത്തോടെ മാറോടു ചേർക്കുന്ന മാതാവിന്റെ ഹൃദയത്തിലെ വികാരം അവന്റെ അറ്റമില്ലാത്ത കാരുണ്യത്തിന്റെ കോടാനുകോടി ഭാഗങ്ങളിലെ ചെറുകണം മാത്രമത്രെ.

കോടിക്കണക്കിന് മനുഷ്യർ ഒരേ നിമിഷം അവനിലേക്ക് കരങ്ങളുയർത്തിയിരിക്കുന്നു; ചോദ്യങ്ങളുടെ ആധിക്യം അവനെ അശ്രദ്ധനാക്കുകയില്ല. ചോദിച്ചവർ വീണ്ടും വീണ്ടും ചോദിക്കുന്നത് -അവന്റെ കാരുണ്യത്തിന്റെ വാതിലിന് മുൻപിൽ കലങ്ങിയ കണ്ണുകളോടെ നിൽക്കുന്നത്- അവന് അനിഷ്ടമുണ്ടാക്കുന്നില്ല. ചോദിക്കുന്നിടത്തോളം അവൻ സ്നേഹിക്കുന്നു. അവനോട് ചോദിക്കാതിരിക്കുന്നതാണ് അവന് അനിഷ്ടകരമായിട്ടുള്ളത്. അവനെത്ര പരിശുദ്ധൻ! അറ്റമില്ലാത്ത മഹത്വവും പ്രതാപവുമുള്ളവൻ!

അല്ലാഹുവിനെ നിഷേധിക്കുന്നവരേ!

ഞങ്ങൾക്ക് ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവുണ്ട്; അവന് വേണ്ടിയാണ് ഞങ്ങൾ ജീവിക്കുന്നത്. അവന്റെ വാഗ്ദാനമാണ് ഞങ്ങളെ മുന്നോട്ട് നടത്തുന്നത്. അവന്റെ സ്വർഗമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അവനൊരുക്കി വെച്ച നരകമാണ് ഞങ്ങളെ ഭയപ്പെടുത്തുന്നത്. അവനാണ് നന്മകളറിയിച്ചു തന്നത്; തിന്മകളിൽ നിന്ന് താക്കീത് നൽകിയത്. അവന്റെ അനുഗ്രഹങ്ങൾക്കാണ് ഞങ്ങൾ നന്ദി പ്രകടിപ്പിക്കുന്നത്. അവനിലേക്കാണ് ഞങ്ങൾ കൈകളുയർത്തുന്നത്. അവന്റെ മേലാണ് ഞങ്ങൾ ഭരമേൽപ്പിച്ചിട്ടുള്ളത്. അവനിലാണ് ഞങ്ങൾ പ്രതീക്ഷയർപ്പിച്ചിട്ടുള്ളത്. അവനിലേക്കാണ് ഞങ്ങൾ ക്ഷണിക്കുന്നത്. അവന് വേണ്ടിയാണ് ഞങ്ങൾ തർക്കിച്ചത്. ഞങ്ങളുടെ ജീവിതവും മരണവും അവനാണ് ഞങ്ങൾ സമർപ്പിച്ചത്. ഞങ്ങൾ അവന്റെ അടിമകളത്രെ; മറ്റാരുടെയും അടിമകളല്ല.

എന്നാൽ -ആഹ്!- നിങ്ങളുടെ -നിഷേധികളുടെ- കാര്യമെത്ര കഷ്ടം! നിങ്ങളെക്കാൾ അർത്ഥമില്ലാത്തവർ ആരുണ്ട്?! നിങ്ങളുടെ ആ ഹൃദയങ്ങളെക്കാൾ ശൂന്യമായ മറ്റെന്തുണ്ട്?! നിങ്ങളുടെ ബുദ്ധിയെക്കാൾ ദുർബലമായ മറ്റേതു കാര്യമുണ്ട്?!

എങ്ങോട്ടാണ് നിങ്ങൾ കൈകളുയർത്തുക?! ആരാണ് നിങ്ങൾക്ക് അഭയമായുള്ളത്?! അവസാനമില്ലാത്ത റബ്ബിന്റെ കാരുണ്യത്തിന്റെ സൗന്ദര്യമെന്നാണ് നിങ്ങളറിയുക?! എന്തിലാണ് നിങ്ങളുടെ മനസ്സ് ശാന്തമാവുക?! എപ്പോഴാണ് അർത്ഥമില്ലാത്ത ചോദ്യങ്ങളുടെ തിരമാലകളടങ്ങി നിങ്ങളൊന്ന് വിശ്രമിക്കുക?! ജീവിതവഴിയുടെ ഓരങ്ങളിലെവിടെയാണ് ആ മുതുകുകളിലെ ഭാരങ്ങൾ നിങ്ങളൊന്നിറക്കി വെക്കുക?! എത്ര കാലമാണ് നിങ്ങൾ പരിഹസിച്ചു കൊണ്ടിരിക്കുക?! അർത്ഥമില്ലാതെ തർക്കിച്ചു കൊണ്ടിരിക്കുക! എന്നാണ് നിങ്ങളൊന്ന് ചിന്തിക്കുക?!

ഞങ്ങൾക്ക് അല്ലാഹുവുണ്ട്; നിങ്ങൾക്കാരുണ്ട്?!

✍️ അബ്ദുല്‍ മുഹ്സിന്‍ ഐദീദ്, പൊന്നാനി.

alaswala.com/ilhad-3

Join t.me/ALASWALA
WhatsApp bit.ly/alaswala7

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment