copy

ലേഖനം വായിക്കാന്‍ പ്രയാസമുള്ളവര്‍ക്ക് ലേഖനത്തിന്റെ ആശയം വിശദീകരിക്കുന്ന ക്ലാസ്  ഓഡിയോ ഫയലായി താഴെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

الحَمْدُ لِلَّهِ رَبِّ العَالَمِينَ، نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُهُ وَنَتُوبُ إِلَيْهِ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلَا مُضِلَّ لَهُ، وَمَنْ يُضْلِلْ فَلَا هَادِيَ لَهُ.

وَأَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ.

« يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ»

« يَاأَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا»

«يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا * يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا»

أَمَّا بَعْدُ؛

ഏതൊരു വിഷയങ്ങളിലാകട്ടെ; ശരിയായ നിലപാടും പെരുമാറ്റവും എന്താണെന്നും എങ്ങനെയാണെന്നും ഇസ്‌ലാം വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളും പെരുമാറ്റ രീതികളുമാകട്ടെ, സമൂഹങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയവും സാംസ്കാരികവുമായ ഇടപെടലുകളാകട്ടെ, രക്തബന്ധങ്ങള്‍ തമ്മിലുള്ള പരസ്പര കൊടുക്കല്‍ വാങ്ങലുകളാകട്ടെ; വിശദവും വ്യക്തവുമായ നിയമങ്ങള്‍ ഇസ്‌ലാമിലുണ്ട്.

അതിലൊന്നും ഓരോ മനുഷ്യരെയും അവന്റെ തോന്നലുകള്‍ക്കും വൈകാരിക ചിന്തകള്‍ക്കും അനുസരിച്ച് തീരുമാനമെടുക്കാന്‍ ഇസ്‌ലാം അനുവദിച്ചിട്ടില്ല. മറിച്ച്, അല്ലാഹുവിന്റെ തീരുമാനമാണ് അവന്‍ തന്റെ ജീവിതത്തില്‍ നിറവേറ്റേണ്ടത്. അപ്പോള്‍ മാത്രമേ ഒരുവന്‍ തന്റെ ഇസ്‌ലാമില്‍ മുന്നേറിയെന്നും അതില്‍ വിജയം വരിച്ചുവെന്നും പറയാനാകൂ.

ചില സന്ദര്‍ഭങ്ങളില്‍ നമ്മോട് അല്ലാഹു സ്വീകരിക്കാന്‍ ആവശ്യപ്പെട്ട നിയമങ്ങള്‍ ചിലപ്പോള്‍ നമുക്ക് നല്ലതല്ലാതായി അനുഭവപ്പെട്ടേക്കാം. നന്മയുടെ പക്ഷം അതല്ലെന്ന് നമുക്ക് തോന്നിയേക്കാം. എങ്കിലും, വെറുപ്പും സങ്കടവും ഉണ്ടായാല്‍ പോലും, അല്ലാഹുവിന്റെ വിധിയില്‍ പൂര്‍ണ തൃപ്തിയോടെ, അതിലാണ് പരിപൂര്‍ണ നന്മയുള്ളത് എന്ന ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ നാം മനസ്സിനെ തയ്യാറെടുപ്പിക്കേണ്ടതുണ്ട്.

കാരണം, അല്ലാഹുവിന്റെ നിയമങ്ങള്‍ പരിപൂര്‍ണ്ണവും ആത്യന്തികമായ നന്മ ലക്ഷ്യം വെക്കുന്നതുമാണ്. ചില പ്രയാസങ്ങള്‍ അത് പ്രാവര്‍ത്തികമാക്കുന്നതില്‍ ഉണ്ടായേക്കാമെങ്കിലും, അതിന്റെ പര്യവസാനം നന്മയിലായിരിക്കും. എന്നാല്‍, തുടക്കത്തില്‍ അത് നമുക്ക് ബോധ്യപ്പെട്ടു കൊള്ളണമെന്നില്ലെന്ന് മാത്രം.

ഭരണാധികാരികളുമായി ബന്ധപ്പെട്ടുള്ള ഇസ്‌ലാമിന്റെ നിയമങ്ങളില്‍ അപ്രകാരം ചില കാര്യങ്ങളുണ്ട്. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരാള്‍ക്കും രാജ്യം ഭരിക്കാന്‍ കഴിയില്ല. എന്തിനധികം?! ഒരു വീട് പോലും എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ട് കൊണ്ടു പോകാന്‍ സാധ്യമല്ല.

ഭരണാധികാരിയോട് പല കാര്യങ്ങളിലും ഭരണീയര്‍ക്ക് വിയോജിപ്പുണ്ടായേക്കാം. എല്ലാവരുടെയും അഭിപ്രായം സ്വീകരിച്ചാല്‍ ഭരണം മുന്നോട്ടു പോവുകയില്ല. ഭരണത്തിന് പുറത്തിരിക്കുന്നവര്‍ക്കാകട്ടെ; എന്തു കൊണ്ട് ഇയാള്‍ ഞാന്‍ ആഗ്രഹിക്കുന്നത് പോലെയെല്ലാം ചെയ്യുന്നില്ല എന്ന വേവലാതിയും അതിലുള്ള അമര്‍ഷവും!

എന്തായാലും ഭരണാധികാരികളോട് പെരുമാറേണ്ടതിന്റെ ഇസ്‌ലാമിക വിധി ഇക്കാലഘട്ടത്തില്‍ പഠന വിധേയമാക്കപ്പെടാന്‍ ഏറെ പ്രസക്തിയുള്ളതാണ്. കാരണം, എത്രയോ പേര്‍ ഈ വിഷയത്തില്‍ വഴി പിഴച്ചു പോകുന്നു. പലരുടെയും അബദ്ധങ്ങള്‍ എത്രയോ മുസ്‌ലിംകളുടെ സ്വൈര്യജീവിതവും സ്വസ്ഥതയും കെടുത്തുന്നു. പലപ്പോഴും ഖവാരിജിയ്യത്തിലേക്കുള്ള തുടക്കം ആരംഭിക്കുന്നത് ഭരണാധികാരികള്‍ക്കെതിരെയുള്ള വിപ്ലവ ചിന്തകളില്‍ നിന്നും മറ്റുമാണ്.

ഇസ്‌ലാമിക ഭരണാധികാരികളുടെ കല്‍പ്പനകള്‍ കേള്‍ക്കുകയും അനുസരിക്കുകയും വേണമെന്നത് അഹ്ലുസ്സുന്ന വല്‍ ജമാഅഃയുടെ -സലഫിയ്യതിന്റെ- അടിസ്ഥാനങ്ങളില്‍ പരമ പ്രധാനമായ ഒന്നാണ്. അഹ്ലുസ്സുന്നത്തിന്റെ അഖീദ വിശദീകരിക്കുന്ന ഗ്രന്ഥങ്ങളില്‍ ഈ വിഷയം പറയാതെ വിട്ട ഗ്രന്ഥങ്ങള്‍ ഉണ്ടാവുകയേ ഇല്ല എന്നു വേണമെങ്കില്‍ പറയാം.

കാരണം, ഭരണാധികാരി അനുസരിക്കപ്പെടുകയും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കപ്പെടുകയും ചെയ്യുമ്പോഴാണ് മതപരവും ഭൗതികവുമായ നന്മകള്‍ നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. അതില്‍ തകരാറുകള്‍ സംഭവിക്കുമ്പോള്‍ ദീനും ദുനിയാവുമെല്ലാം തകിടം മറിയും. അതു കൊണ്ടാണല്ലോ ഉമര്‍ ബ്നുല്‍ ഖത്താബ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞത്:

قَالَ عُمَرُ: «لاَ إِسْلاَمَ إِلاَّ بِجَمَاعَةٍ، وَلاَ جَمَاعَةَ إِلاَّ بِإِمَارَةٍ، وَلاَ إِمَارَةَ إِلاَّ بِطَاعَةٍ»

“ജമാഅത് (ഇസ്‌ലാമിക ഭരണസംവിധാനം) ഇല്ലാതെ ദീനില്ല. ഇമാം (ഭരണാധികാരി) ഇല്ലാതെ ജമാഅതുമില്ല. (അദ്ദേഹത്തിന്റെ കല്‍പ്പനകള്‍) കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്ന (ഭരണീയര്‍) ഇല്ലെങ്കില്‍ ഭരണാധികാരിയുമില്ല.” (ദാരിമി: 1/69)

താബിഈങ്ങളില്‍ പെട്ട ഹസനുല്‍ ബസ്വരി -رَحِمَهُ اللَّهُ تَعَالَى- പറഞ്ഞു:

قَالَ الحَسَنُ البَصْرِيُّ: «هُمْ يَلُونَ مِنْ أُمُورِنَا خَمْساً: الجُمُعَةَ، وَالجَمَاعَةَ، وَالعِيدَ، وَالثُّغُورَ، وَالحُدُودَ، وَاللَّهِ لَا يَسْتَقِيمُ الدِّينُ إِلَّا بِهِمْ، وَإِنْ جَارُوا وَظَلَمُوا، وَاللَّهِ لَمَا يُصْلِحُ اللَّهُ بِهِمْ أَكْثَرَ مِمَّا يُفْسِدُونَ، مَعَ أَنَّ طَاعَتَهُمْ -وَاللَّهِ- لَغِبْطَةٌ، وَأَنَّ فُرْقَتَهُمْ لَكُفْرٌ»

“നമ്മുടെ (ഭരണീയരുടെ) അഞ്ചു കാര്യങ്ങള്‍ അവര്‍ (ഭരണാധികാരികള്‍) ഏറ്റെടുത്തിരിക്കുന്നു. ജുമുഅഃ, ജമാഅത്, പെരുന്നാള്‍ നിസ്കാരം, ഇസ്‌ലാമിന്റെ അതിര്‍വരമ്പുകള്‍ ശത്രുക്കളുടെ അക്രമണത്തില്‍ നിന്ന് സംരക്ഷിക്കല്‍, ഇസ്‌ലാമിക ശിക്ഷാ വിധികള്‍ നടപ്പിലാക്കല്‍; (ഇവയാണവ).

അല്ലാഹു സത്യം! അവരില്ലാതെ ദീന്‍ ശരിയാംവണ്ണം നിലനില്‍ക്കുകയില്ല; അവര്‍ ചതിയും അനീതിയും പ്രവര്‍ത്തിച്ചാലും. അവര്‍ ഭൂമിയില്‍ നശിപ്പിക്കുന്ന കാര്യങ്ങളെക്കാള്‍ കൂടുതല്‍ അല്ലാഹു അവരെ കൊണ്ട് നേരാംവണ്ണം നിലനിര്‍ത്തുന്നുണ്ട്.
അല്ലാഹു സത്യം! അവരെ അനുസരിച്ചു കൊണ്ട് നിലകൊള്ളുക എന്നതാണ് സന്തോഷകരമായ സ്ഥിതി വിശേഷം. അവരോട് ഭിന്നിപ്പിലാവുക എന്നതാകട്ടെ; കുഫ്റും.” (ആദാബുല്‍ ഹസനില്‍ ബസ്വ്രി: 121)

ഇവിടെ കുഫ്ര്‍ എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നത് ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകാന്‍ കാരണമാകാത്ത, വന്‍പാപങ്ങളില്‍ ഉള്‍പ്പെടുന്ന കുഫ്റാണ്.

ചുരുക്കത്തില്‍, ഈ വിഷയം സലഫുകള്‍ വളരെ ഗൗരവത്തിലെടുത്തിരുന്നു. പല രൂപത്തിലും ഇതിന്റെ പ്രാധാന്യം അവര്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി നല്‍കി. മുന്‍ഗാമികള്‍ ഈ വിഷയത്തില്‍ സ്വീകരിച്ച ചില നിലപാടുകള്‍ താഴെ നല്‍കാം.

ഭരണാധികാരികള്‍ക്കെതിരെ പുറപ്പെടുന്നതിനെ എതിര്‍ക്കല്‍:

മുന്‍ഗാമികളായ പണ്ഡിതന്മാര്‍ ഭരണാധികാരികള്‍ക്കെതിരെ പുറപ്പെട്ടിറങ്ങുന്നതിനെ ശക്തമായി എതിര്‍ക്കുകയും, വിഷയത്തിന്റെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. കുഴപ്പങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ അവര്‍ അതിനെതിരെ എഴുന്നേറ്റു നിന്നു.

ഇമാമു അഹ്ലിസ്സുന്ന അഹ്മദ് ബ്നു ഹമ്പല്‍ -റഹിമഹുല്ലാഹ്-!! അദ്ദേഹം ഈ വിഷയത്തില്‍ വളരെ വലിയ മാതൃകയാണ്.

അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഭരണാധികാരികള്‍, വളരെ അപകടങ്ങള്‍ നിറഞ്ഞ, മുഅ്തസലീ ചിന്താഗതിയാണ് വിശ്വാസമായി സ്വീകരിച്ചിരുന്നത്. മാത്രമല്ല, തങ്ങള്‍ സ്വീകരിച്ചിട്ടുള്ള തനിച്ച കുഫ്റന്‍ ചിന്താഗതി സ്വീകരിക്കുന്നതിന് അവര്‍ ജനങ്ങളെ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും വരെ ചെയ്തിരുന്നു. എത്രയോ മഹാന്മാരായ, മുന്‍ഗാമികളില്‍ പെട്ട പണ്ഡിതന്മാരെ തങ്ങളെ അനുസരിച്ചില്ല എന്ന പേരില്‍ അവര്‍ കൊലപ്പെടുത്തി.

ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്ന തനിച്ച കുഫ്ര്‍ ജനങ്ങളുടെ മേല്‍ അവര്‍ അടിച്ചേല്‍പ്പിച്ചു. കുട്ടികളുടെ മദ്രസകളില്‍ പോലും അത് നിര്‍ബന്ധ പാഠ്യ വിഷയമായി. ഇതിനെല്ലാം പുറമെ അനേകം തിന്മകളും വൃത്തികേടുകളും വേറെയും. ഇമാം അഹ്മദും ചാട്ടവാറു കൊണ്ട് അടിക്കപ്പെട്ടു. ജയിലില്‍ പ്രവേശിക്കപ്പെട്ടു. അനേകം അതിക്രമങ്ങള്‍ അദ്ദേഹത്തോടും അവര്‍ ചെയ്തു.

ഇന്നുള്ള ഇസ്‌ലാമിക ഭരണാധികാരികളില്‍ പലരെയും കാഫിര്‍ എന്ന് വിധിക്കാന്‍ കാരണമായി ആധുനിക ഖവാരിജുകള്‍ പറയുന്നതിനെക്കാള്‍ വലിയ കാരണങ്ങള്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ നിലനിന്നിരുന്നു.

എന്നാല്‍, അദ്ദേഹം കേവല വൈകാരികതകളുടെ വക്താവായിരുന്നില്ല. ദേഹേഛകള്‍ അദ്ദേഹത്തെ പിടികൂടിയില്ല. അദ്ദേഹം സുന്നത്തില്‍ ഉറച്ചു നിന്നു. ഭരണാധികാരികളെ അനുസരിക്കണമെന്നും, അതില്‍ ഒരുമിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ഉപദേശിച്ചു കൊണ്ടിരുന്നു. ഭരണാധികാരിക്കെതിരെ പുറപ്പെടണമെന്ന് ആക്രോശിച്ചവരുടെ മുന്നില്‍ അദ്ദേഹം ശക്തമായി നിലകൊണ്ടു.

വൈകാരികതയുടെ തള്ളിച്ചയില്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും കെട്ടു പൊട്ടിക്കാന്‍ ഉദ്ദേശിച്ചവരെ അദ്ദേഹം തടുത്തു നിര്‍ത്തി.

ഹമ്പല്‍ പറയുന്നു: “ബഗ്ദാദിലെ പണ്ഡിതന്മാര്‍ വാഥിഖിന്റെ ഭരണകാലഘട്ടത്തില്‍ ഇമാം അഹ്മദിന്റെ അരികില്‍ വന്നു. അവര്‍ പറഞ്ഞു: (ഭരണാധികാരിയുടെ അതിക്രമവും ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന വാദത്തിന്റെ പ്രചാരവും മറ്റുമായി) വിഷയം വളരെ ഗൗരവമുള്ളതായിരിക്കുന്നു. ആളുകള്‍ക്കിടയില്‍ (ഈ പിഴച്ച വാദങ്ങള്‍) വളരെ പ്രചാരം നേടിയിരിക്കുന്നു. അയാളുടെ ഭരണത്തിലും അധികാരത്തിലും ഞങ്ങള്‍ക്ക് തൃപ്തിയില്ലാതായിരിക്കുന്നു. ഇമാം അഹ്മദ് അവര്‍ക്ക് മറുപടിയായി പറഞ്ഞു:

«عَلَيْكُمْ بِالإِنْكَارِ فِي قُلُوبِكُمْ وَلَا تَخْلَعُوا يَداً مِنْ طَاعَةٍ، وَلَا تَشُقُّوا عَصَا المُسْلِمِينَ، وَلَا تَسْفِكُوا دِمَائَكُمْ وَدِمَاءَ المُسْلِمِينَ مَعَكُمْ، وَانْظُرُوا فِي عَاقِبَةِ أَمْرِكُمْ، وَاصْبِرُوا حَتَّى يَسْتَرِيحَ بَرٌّ، وَيُسْتَرَاحَ مِنْ فَاجِرٍ، وَلَيْسَ هَذَا صَوَاباً، هَذَا خِلَافُ الآثَارِ»

“നിങ്ങള്‍ (ഈ തിന്മയെ) ഹൃദയം കൊണ്ട് വെറുക്കുക. എന്നാല്‍ ഭരണാധികാരിക്കുള്ള അനുസരണം നിങ്ങള്‍ അവസാനിപ്പിക്കാതിരിക്കുക. മുസ്‌ലിമീങ്ങളുടെ ഒരുമ നിങ്ങള്‍ തകര്‍ക്കരുത്. നിങ്ങളുടെയും നിങ്ങളോടൊപ്പം മറ്റു മുസ്‌ലിമീങ്ങളുടെയും രക്തം നിങ്ങള്‍ ചൊരിയരുത്.

ഇത്തരം തീരുമാനങ്ങളുടെ പര്യവസാനം എന്തായിരിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കുക. ക്ഷമിക്കുക! ഒന്നല്ലെങ്കില്‍ നന്മ ചെയ്തവര്‍ മരണത്തോടെ സമാധാനം അനുഭവിക്കും. അല്ലെങ്കില്‍ അതിക്രമികള്‍ മരിക്കുന്നതോടെ ദുനിയാവില്‍ സമാധാനം പുലരും.

നിങ്ങള്‍ ഈ പറയുന്നത് -അധികാരിക്കെതിരെ പുറപ്പെടാമെന്നത്- ശരിയല്ല. അത് സലഫുകളുടെ ആഥാറുകള്‍ക്കെതിരാണ്.” (ആദാബുശ്ശര്‍ഇയ്യ-ഇബ്‌നു മുഫ്ലിഹ്: 1/195-196, അസ്സുന്നഃ-ഖല്ലാല്‍: 133)

സലഫുകള്‍ ഭരണാധികാരികളുടെ അതിക്രമങ്ങളുടെ വേളയില്‍ സ്വീകരിച്ചിരുന്ന നിലപാട് വളരെ മനോഹരമായി വിശദീകരിക്കുന്ന സംഭവമാണ് മേലെ കണ്ടത്. എന്തു മാത്രം പ്രാധാന്യത്തോടെയും ഗൗരവത്തോടെയുമാണ് അവര്‍ വിഷയത്തെ സമീപിച്ചിരുന്നതെന്ന് നോക്കൂ.

എന്നാല്‍ ഇന്നിന്റെ കാര്യമെത്ര അത്ഭുതമാണ്! യാതൊരു ഭയവുമില്ലാതെ, കണക്കില്ലാതെ മുസ്‌ലിമീങ്ങളുടെ രക്തം ചിന്താന്‍ കാരണമാകുന്ന പ്രസ്താവനകള്‍ നല്‍കാന്‍ തയ്യാറെടുക്കുന്നവര്‍ എത്ര പേരാണ്. രാത്രി പുലര്‍ന്ന് പകലാകുമ്പോഴേക്ക് ഇസ്‌ലാമിന്റെ ഭരണം സ്ഥാപിക്കാന്‍ സാധിക്കുമെന്ന് വ്യഥാ മോഹങ്ങളിലാണവര്‍ ജീവിക്കുന്നത്. അല്ലാഹു കാക്കട്ടെ.

ഭരണാധികാരിക്ക് വേണ്ടിയുള്ള പ്രാര്‍ഥന:

ഭരണാധികാരികളുടെ അതിക്രമത്തിനെതിരെ വാളെടുത്തിറങ്ങാന്‍ തുനിഞ്ഞവരെ തടയുന്നതില്‍ മാത്രമല്ല സലഫുകള്‍ ശ്രദ്ധിച്ചത്. അവര്‍ക്ക് -ഭരണാധികാരികള്‍ക്ക്- വേണ്ടി പ്രാര്‍ഥിക്കാനും അവര്‍ക്ക് നന്മ വരണമെന്ന് ആഗ്രഹിക്കാനും അവര്‍ ജനങ്ങളെ പഠിപ്പിച്ചു കൊണ്ടിരുന്നു.

ഇമാം ബര്‍ബഹാരി -رَحِمَهُ اللَّهُ تَعَالَى- അദ്ദേഹത്തിന്റെ ‘അസ്സുന്നഃ’ എന്ന ഗ്രന്ഥത്തില്‍ നല്‍കിയ വാക്കുകള്‍ ഇതിനൊരു ഉദാഹരണമാണ്. അദ്ദേഹം പറഞ്ഞു:

«إِذَا رَأَيْتَ الرَّجُلَ يَدْعُوا عَلَى سُلْطَانٍ: فَاعْلَمْ أَنَّهُ صَاحِبُ هَوًى، وَإِنْ سَمِعْتَ الرَّجُلَ يَدْعُو لِلسُّلْطَانِ بِالصَّلَاحِ فَاعْلَمْ أَنَّهُ صَاحِبُ سُنَّةٍ -إِنْ شَاءَ اللَّهُ تَعَالَى-»

“ഒരാള്‍ ഭരണാധികാരിക്കെതിരെ പ്രാര്‍ഥിക്കുന്നത് നീ കണ്ടാല്‍; -മനസ്സിലാക്കുക- അവന്‍ ബിദ്അത്തുകാരനാണ്. ഒരാള്‍ ഭരണാധികാരിക്ക് നന്മ വരുന്നതിന് വേണ്ടി പ്രാര്‍ഥിക്കുന്നത് കണ്ടാല്‍ -അറിയുക- അവന്‍ സുന്നത്തിന്റെ വക്താവാണ്. ഇന്‍ഷാ അല്ലാഹ്.

ഫുദ്വൈല്‍ ഇബ്‌നു ഇയാദ്വ് -رَحِمَهُ اللَّهُ تَعَالَى- പറയാറുണ്ടായിരുന്നു:

«لَوْ كَانَ لِي دَعْوَةٌ مَا جَعَلْتُهَا إِلَّا فِي السُّلْطَانِ»

“സ്വീകരിക്കുമെന്ന് ഉറപ്പുള്ള ഒരു പ്രാര്‍ഥന എനിക്കുണ്ടായിരുന്നെങ്കില്‍ ഞാന്‍ അത് ഭരണാധികാരിക്ക് വേണ്ടി ഉപയോഗിക്കുമായിരുന്നു.”

«فَأُمِرْنَا أَنْ نَدْعُوَ لَهُمْ بِالصَّلَاحِ، وَلَمْ نُؤْمَرْ أَنْ نَدْعُوَ عَلَيْهِمْ -وَإِنْ جَارُوا وَظَلَمُوا-، لِأَنَّ جَوْرَهُمْ وَظُلْمَهُمْ عَلَى أَنْفُسِهِمْ وَعَلَى المُسْلِمِينَ»

അതിനാല്‍, നാം കല്‍പ്പിക്കപ്പെട്ടിരിക്കുന്നത് അവര്‍ക്ക് നന്മ വരുന്നതി് വേണ്ടി പ്രാര്‍ഥിക്കാനാണ്. -അവര്‍ വഞ്ചന നടത്തിയാലും അതിക്രമം പ്രവര്‍ത്തിച്ചാലും- അവര്‍ക്കെതിരെ പ്രാര്‍ഥിക്കാന്‍ നമ്മോട് (അല്ലാഹുവോ റസൂലോ സലഫുകളോ) കല്‍പ്പിച്ചിട്ടില്ല.

കാരണം അവരുടെ ചതിയും അതിക്രമവും അവരുടെ സ്വന്തങ്ങളോടും മുസ്‌ലിംകളോടുമാണ്. അവരുടെ നന്മ അവരുടെ സ്വന്തങ്ങളോടും മുസ്‌ലിംകളോടുമാണ്.” (ത്വബഖാതുല്‍ ഹനാബില: 2/36)

ഇമാം ബര്‍ബഹാരിയുടെ മേല്‍ നല്‍കിയ വാക്കിന്റെ അവസാനം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഭരണാധികാരിക്ക് അനുകൂലമായി നീ പ്രാര്‍ഥിക്കുകയും, അത് സ്വീകരിക്കപ്പെടുകയും ചെയ്താല്‍ അതിന്റെ ഉപകാരം അവര്‍ക്കും മുഴുവന്‍ മുസ്‌ലിമീങ്ങള്‍ക്കും ലഭിക്കും. അതിന് വേണ്ടി പ്രാര്‍ഥിച്ചവന്‍ എന്ന നിലക്ക് നിനക്കും അതിലൊരു പങ്കുണ്ടായിരിക്കും.

എന്നാല്‍ അവര്‍ക്കെതിരെ പ്രാര്‍ഥിക്കുകയും അവര്‍ നശിക്കുകയും കൂടുതല്‍ അതിക്രമികളാവുകയും ചെയ്താല്‍ അതിന്റെ ഉപദ്രവം അവര്‍ക്കും അവരുടെ കീഴില്‍ ജീവിക്കുന്ന മുസ്‌ലിമീങ്ങള്‍ക്കുമാണ് ഉണ്ടാവുക.

ഭരണാധികാരികള്‍ക്ക് എതിരെ നാഴികക്ക് നാല്‍പ്പതു വട്ടം എഴുതുകയും ശാപവാക്കുകള്‍ ചൊരിയുകയും ചെയ്യുന്നവര്‍ ഇപ്പറഞ്ഞതിനെ കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍!

അവരില്‍ എത്ര പേര്‍ തങ്ങളുടെ നിസ്കാരങ്ങളില്‍ അല്ലാഹുവിനോട് അവര്‍ക്ക് വേണ്ടിയും മുസ്‌ലിമീങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ഥിച്ചിട്ടുണ്ടെന്ന് സ്വയം ഒന്ന് വിലയിരുത്തിയിരുന്നെങ്കില്‍!

ജനങ്ങളുടെ മുന്നില്‍ ആയിരം പോസ്റ്റുകളെഴുതിയവര്‍ പലപ്പോഴും ഒരു തവണ പോലും അല്ലാഹുവിന് മുന്‍പില്‍ ആവലാതി ബോധിപ്പിച്ചിട്ടുണ്ടായിരിക്കില്ല എന്നതാണ് സത്യം!

ഭരണാധികാരികള്‍ക്ക് ഒഴിവുകഴിവ് നല്‍കല്‍:

ഭരണാധികാരികള്‍ക്ക് എന്തെങ്കിലും തെറ്റ് സംഭവിച്ചു എന്ന് കാണുമ്പോഴേക്ക് അതിനെ മോശമായി ചിത്രീകരിക്കാനും തെറ്റിദ്ധരിക്കാനും ശ്രമിക്കുന്നവര്‍ എന്തു വലിയ അപരാധമാണ് ചെയ്തു കൊണ്ടിരിക്കുന്നത്?! യഥാര്‍ഥത്തില്‍, ഭരണാധികാരിയെന്നല്ല; ഏതൊരു മുസ്‌ലിമിന്റെ കാര്യത്തിലും അവനില്‍ ഒരു തെറ്റ് കണ്ടാല്‍ അപ്രകാരം ചെയ്തതിന് പിന്നില്‍ അവന് വല്ല ഒഴിവുകഴിവുമുണ്ടോ എന്ന് അന്വേഷിക്കല്‍ നന്മയാഗ്രഹിക്കുന്ന മുസ്‌ലിമിന്റെ സ്വഭാവഗുണങ്ങളില്‍ പെട്ടതാണ്.

عَنْ مُحَمَّدِ بْنِ سِيرِينَ قَالَ: «إِذَا بَلَغَكَ عَنْ أَخِيكَ شَيْءٌ فَالْتَمِسْ لَهُ عُذْراً فَإِنْ لَمْ تَجِدْ لَهُ عُذْراً فَقُلْ لَعَلَّ لَهُ عُذْراً»

മുഹമ്മദ് ബ്നു സീരീന്‍ -رَحِمَهُ اللَّهُ تَعَالَى- പറഞ്ഞു: “നിന്റെ സഹോദരന്‍ ഒരു തെറ്റ് ചെയ്തതായി നീ അറിഞ്ഞാല്‍ അവന് എന്തെങ്കിലും ഒഴിവുകഴിവ് നീ കണ്ടെത്തുക. നിനക്ക് അങ്ങനെയൊന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നീ പറയുക: (എനിക്കറിയാത്ത) എന്തെങ്കിലും ഒഴിവുകഴിവ് അവന് ഉണ്ടായേക്കാം.” (താരീഖു ദിമശ്ഖ്: 22/149)

عَنْ جَعْفَرِ بْنِ مُحَمَّدٍ قَالَ: «إِذَا بَلَغَكَ عَنْ أَخِيكَ الشَّيْءُ تُنْكِرُهُ فَالْتَمِسْ لَهُ عُذْرًا وَاحِدًا إِلَى سَبْعِينَ عُذْرًا، فَإِنْ أَصَبْتَهُ وَإِلَّا قُلْ: لَعَلَّ لَهُ عُذْرًا لَا أَعْرِفُهُ»

ജഅ്ഫര്‍ ബ്നു മുഹമ്മദ് -رَحِمَهُ اللَّهُ تَعَالَى- പറഞ്ഞു: “നീ വെറുക്കുന്ന എന്തെങ്കിലും നിന്റെ സഹോദരന്റെ പക്കല്‍ കണ്ടാല്‍ അവന് ഒന്നോ എഴുപതോ ഒഴിവുകഴിവുകള്‍ നീ കണ്ടെത്തുക. നീ മനസ്സില്‍ ധരിച്ചത് ശരിയായെങ്കില്‍ അത് വളരെ നല്ലത്. ഇനി നീ വിചാരിച്ച ഒഴിവുകഴിവ് അവനില്ലെങ്കില്‍ ‘എനിക്കറിയാത്ത എന്തെങ്കിലും ഒഴിവുകഴിവ് അവന് ഉണ്ടായേക്കാം’ എന്ന് നീ പറയുക.”

സാധാരണ മുസ്‌ലിമീങ്ങളുടെ കാര്യമിതാണെങ്കില്‍ അവരുടെ നേതൃത്വം വഹിക്കുന്ന, അല്ലാഹു അനുസരിക്കല്‍ നിര്‍ബന്ധമാണെന്ന് അറിയിച്ച, നബി -ﷺ- നിങ്ങള്‍ നസ്വീഹത്ത് കാണിക്കണമെന്ന് ഉപദേശം നല്‍കിയ ഭരണാധികാരികളുടെ കാര്യത്തില്‍ അതെന്തു മാത്രം ആവശ്യമാണ്?!

സാധാരണ മുസ്‌ലിമീങ്ങളെക്കാള്‍ കൂടുതല്‍ ഭരണാധികാരികളുടെ വിഷയത്തില്‍ ഇതിന് പ്രാധാന്യമുണ്ട്. കാരണം, അവര്‍ക്ക് ശത്രുക്കളില്‍ നിന്ന് ഭരണീയരെ കാത്തു രക്ഷിക്കണം; ശത്രുക്കളോടുള്ള ഇടപെടലുകളില്‍ കൃത്യമായ നയതന്ത്രം പാലിച്ചിരിക്കണം. ഭരണീയരെ തൃപ്തിപ്പെടുത്തണം. പലപ്പോഴും ചുറ്റുമുണ്ടാകുന്ന ഉപജാപക സംഘങ്ങളെ ശ്രദ്ധിക്കണം. ചതിക്കാനും വഞ്ചിക്കാനും അധികാരം കയ്യടക്കാനും ശ്രമിക്കുന്നവരെ സൂക്ഷിക്കണം. അതിനെല്ലാം പുറമെ, രാജ്യത്തിന്റെ സംവിധാനങ്ങള്‍ കൃത്യമായി മുന്നോട്ടു കൊണ്ടു പോകണം.

ഇതെല്ലാം പുറമെ നിന്ന് നോക്കുമ്പോള്‍ വളരെ എളുപ്പമുള്ളതായി തോന്നിയേക്കാം. ‘ഞാന്‍ രാജാവായാല്‍’, ‘ഞാന്‍ മന്ത്രിയായാല്‍’ എന്നിങ്ങനെ പകല്‍ സ്വപ്നം കാണാനും എളുപ്പമാണ്. പക്ഷേ, അധികാരം മുന്നോട്ടു കൊണ്ടു പോവുക എന്നത് ഏറെ തലവേദനകളും ഉത്തരവാദിത്വവുമുള്ള ജോലിയാണ്. അവര്‍ ചെയ്യുന്ന പല പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ രാഷ്ട്രീയവും സാങ്കേതികവുമായ പല കാരണങ്ങളുമുണ്ടായേക്കാം.

ഇതൊക്കെ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന രൂപത്തില്‍ പുറത്തു പറയാന്‍ കഴിഞ്ഞു കൊള്ളണമെന്നുമില്ല. കാരണം, രാഷ്ട്രീയമായ തന്ത്രങ്ങളും പലതും മുന്നില്‍ കണ്ടു കൊണ്ടുള്ള നീക്കങ്ങളും ജനങ്ങളില്‍ നിന്ന് ഓരോ ചോദ്യങ്ങളുണ്ടാകുമ്പോഴും പുറത്തു പറയാന്‍ നിന്നാല്‍ രാജ്യത്തിന്റെ സുരക്ഷയുടെയും മറ്റും സ്ഥിതിയെന്തായിരിക്കും?!

ഇതൊന്നും ചിന്തിക്കാതെയാണ് ഭരണാധികാരികള്‍ ഇസ്‌ലാമിന്റെ ശത്രുക്കളുമായി സ്വീകരിച്ചിട്ടുള്ള ചില നിലപാടുകള്‍ ചൂണ്ടിക്കാട്ടി അതിന് വിശദീകരണം നല്‍കണമെന്ന് ചില വിഡ്ഢികള്‍ ആക്രോശിക്കുന്നത്. യഥാര്‍ഥത്തില്‍, ഇസ്‌ലാമിക രാജ്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പുറത്തു വിട്ട് മുസ്‌ലിമീങ്ങളെ നശിപ്പിക്കാനാണ് ഇത്തരക്കാര്‍ക്ക് മറുപടി നല്‍കുന്നത് കാരണമാവുക.

സലഫുകള്‍ ഇക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്. ഇമാം ത്വര്‍ത്വൂശി -رَحِمَهُ اللَّهُ تَعَالَى- പറഞ്ഞു:

«كَانَ العُلَمَاءُ يَقُولُونَ: إِذَا اسْتَقَامَتْ لَكُمْ أُمُورُ السُّلْطَانِ، فَأَكْثِرُوا حَمْدَ اللَّهِ -تَعَالَى- وَشُكْرَهُ، وَإِنْ جَاءَكُمْ مِنْهُ مَا تَكْرَهُونَ، وَجِّهُوهُ إِلَى مَا تَسْتَوْجِبُونَهُ بِذُنُوبِكُمْ وَتَسْتَحِقُّونَهُ بِآثَامِكُمْ، وَأَقِيمُوا عُذْرَ السُّلْطَانِ، لِانْتِشَارِ الأُمُورِ عَلَيْهِ، وَكَثْرَةِ مَا يُكَابِدُهُ مِنْ ضَبْطِ جَوَانِبِ المَمْلَكَةِ، وَاسْتِئْلَافِ الأَعْدَاءِ وَإِرْضَاءِ الأَوْلِيَاءِ، وَقِلَّةِ النَّاصِحِ وَكَثْرَةِ التَّدْلِيسِ وَالطَّمَعِ»

“മുന്‍ഗാമികളായ പണ്ഡിതന്മാര്‍ പറയാറുണ്ടായിരുന്നു: ഭരണാധികാരി ശരിയാം വണ്ണം നിലകൊള്ളുന്നവനാണെങ്കില്‍ നിങ്ങള്‍ അല്ലാഹുവിന് ഹംദും (സ്തുതി) ശുക്റും (നന്ദി) പറയുന്നത് അധികരിപ്പിക്കുക. എന്നാല്‍, അദ്ദേഹത്തില്‍ നിന്ന് നിങ്ങള്‍ വെറുക്കുന്ന വല്ലതും സംഭവിച്ചാല്‍; അത് നിങ്ങളുടെ തിന്മകളുടെ ഫലമാണെന്നും, തെറ്റുകള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നും മനസ്സിലാക്കുക.

ഭരണാധികാരികള്‍ക്ക് ഒഴിവുകഴിവ് നല്‍കുക എന്ന കാര്യം നിങ്ങള്‍ നിലനിര്‍ത്തുക. കാരണം അദ്ദേഹത്തിന് അനേകം കാര്യങ്ങള്‍ നിയന്ത്രിക്കാനുണ്ട്. രാജ്യത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശത്രുക്കളെ മയത്തില്‍ നിര്‍ത്തേണ്ടതും, പിന്തുണ നല്‍കുന്നവരെ തൃപ്തിപ്പെടുത്തേണ്ടതുമൊക്കെ അദ്ദേഹത്തിന്റെ ആവശ്യമാണ്. അതോടൊപ്പം, ചുറ്റുമുള്ളവരില്‍ ഗുണകാംക്ഷയുള്ളവര്‍ വളരെ കുറവും, തെറ്റിദ്ധരിപ്പിക്കാനും സ്വയം നേട്ടങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ വളരെ കൂടുതലുമായിരിക്കും.” (സിറാജുല്‍ മുലൂക്: 43)

ഒരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം ആവശ്യമായി വരുന്ന അനേകം കാര്യങ്ങളില്‍ ചിലത് മാത്രമാണ് അദ്ദേഹം പറഞ്ഞത്. അവയില്‍ രണ്ടോ മൂന്നോ കാര്യങ്ങള്‍ മാത്രം നമ്മില്‍ പലരെയും ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ അറിയാം; എത്ര മാത്രം നീതിയില്‍ നമുക്ക് അത് നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന്!

അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഒന്നു കൂടി നമുക്ക് എണ്ണിത്തിട്ടപ്പെടുത്താം.

1- അദ്ദേഹത്തിന് അനേകം കാര്യങ്ങള്‍ നിയന്ത്രിക്കാനുണ്ട്. ഭരണവുമായി ബന്ധപ്പെട്ട എത്രയോ വിഷയങ്ങള്‍! അതില്‍ ആഭ്യന്തരവും അന്താരാഷ്ട്രവുമൊക്കെയുണ്ട്.

2- ശത്രുക്കളെ മയത്തില്‍ നിര്‍ത്തേണ്ടതുണ്ട്. അവര്‍ക്ക് അതൃപ്തിയുണ്ടാക്കുന്നത് ചെയ്തു കഴിഞ്ഞാല്‍ രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ ചിലപ്പോള്‍ അപകടത്തിലായേക്കാം. എല്ലാ സാഹചര്യത്തിലും ഒരേ ശക്തിയും സ്വാധീനവും രാജ്യത്തിന് ഉണ്ടായിക്കൊള്ളണമെന്നില്ല.

3- പിന്തുണക്കുന്നവരെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ അവര്‍ പിന്നില്‍ നിന്ന് പാലം വലിക്കും. ചിലപ്പോള്‍ രാജ്യത്തിനുള്ളില്‍ തന്നെ കലാപങ്ങളുണ്ടാക്കിയേക്കാം. പലപ്പോഴും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള ചിലരെ തൃപ്തിപ്പെടുത്തലും മറ്റും അനിവാര്യമായി വരും. നബി -ﷺ- യുടെ ഹദീഥുകളില്‍ അതിനുള്ള ചില മാതൃകകളും കാണാം.

4- ഭരണാധികാരിക്ക് ചുറ്റുമുള്ളവരില്‍ ബഹുഭൂരിപക്ഷവും അദ്ദേഹത്തോട് അസൂയയും കുശുമ്പുമുള്ളവരായിരിക്കാം. പലപ്പോഴും എങ്ങനെയെങ്കിലും ഇയാളെ ഭരണത്തില്‍ നിന്ന് ഇറക്കി അവിടെ കയറിപ്പറ്റാനുള്ള അവസരം നോക്കി നടക്കുന്നവരായിരിക്കാം.

മേല്‍ പറഞ്ഞ അവസ്ഥയില്‍ ഓരോരുത്തരും സ്വയം ഒന്ന് പ്രതിഷ്ഠിച്ചു നോക്കുക. എന്തു മാത്രം വലിയ അങ്കലാപ്പുകള്‍ക്കും, അവ്യക്തതകള്‍ക്കുമിടയിലാണ് ഒരു മനുഷ്യന്‍ അകപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ അടുക്കല്‍ നിന്ന് വരുന്ന ഓരോ പ്രവര്‍ത്തനങ്ങളെയും ഇഴകീറി പരിശോധിക്കുന്നത് എന്തു മാത്രം വലിയ അനീതിയാണ്.

ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ പലരും തങ്ങള്‍ക്കെതിരെ ചെറിയ ആരോപണങ്ങള്‍ തങ്ങളുടെ കീഴിലുള്ള ‘പ്രജകളി’ല്‍ പെട്ട ആരെങ്കിലും പറഞ്ഞാല്‍ പലപ്പോഴും പ്രതികരിക്കുക വളരെ മോശമായിട്ടായിരിക്കും. ഭാര്യ എന്തെങ്കിലും കുറ്റം പറഞ്ഞാല്‍ ഭര്‍ത്താവ് പറയും: നിനക്കും മക്കള്‍ക്കും വേണ്ടി ഇക്കണ്ട ജോലിയെല്ലാം എടുത്തിട്ടും എന്റെ തെറ്റും നോക്കി നടക്കുകയാണോ എന്ന് പറയും. ഭാര്യയും മക്കളുമെല്ലാം ആക്ഷേപങ്ങള്‍ വന്നാല്‍ ഇപ്രകാരം തന്നെ പ്രതികരിക്കുക.

അപ്പോള്‍ അനേകം വീടുകളടങ്ങുന്ന, പട്ടണങ്ങള്‍ ഉള്‍ക്കൊള്ളുന്ന, വലിയ രാജ്യങ്ങള്‍ അയല്‍വാസികളായി നിലകൊള്ളുന്ന ഒരു രാജ്യത്തിന്റെ ഭരണാധികാരിയുടെ സ്ഥിതി വിശേഷം എന്തായിരിക്കും?

ഇസ്‌ലാമിക രാജ്യങ്ങള്‍ക്കെതിരെ ആരോപണങ്ങളുമായി ഇറങ്ങുന്നവര്‍ സാമാന്യമായ ഈ ചിന്ത പോലും പലപ്പോഴും നടത്താറില്ല. എന്തിനധികം! സ്വന്തം അധീനതയില്‍ നീതിയും സമാധാനവും നിറക്കാന്‍ പോലും അയാള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നിട്ടും, അയാളടങ്ങുന്ന സമൂഹത്തില്‍ സമാധാനം സ്ഥാപിക്കാത്തതിന് അയാള്‍ രാജാവിനെതിരെ ഉറഞ്ഞു തുള്ളിക്കൊണ്ടിരിക്കുകയാണ്!

അത്ഭുതം തന്നെ!

ഈ വിഷയത്തില്‍ സലഫുകളുടെ വാക്കുകള്‍ ക്രോഡീകരിക്കാനും അവ മാത്രമായി എഴുതാനും തീരുമാനിച്ചാല്‍ അതിന് മാത്രമായി പുസ്തകങ്ങള്‍ എഴുതേണ്ടി വരും.

അവയെല്ലാം നാമീ പറഞ്ഞു കൊണ്ടിരിക്കുന്ന വിഷയം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതും, സലഫുകളുടെ മന്‍ഹജ് എന്താണെന്നും വിശദമാക്കുന്നതാണ്.

മുസ്‌ലിം ഉമ്മത്തിന് ഈ വിഷയം എപ്പോഴെല്ലാം അനിവാര്യമായി വന്നിട്ടുണ്ടോ അപ്പോഴെല്ലാം സലഫുകള്‍ കൂടുതല്‍ ഇക്കാര്യം വിശദീകരിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തിട്ടുണ്ട്. ഫിത്നയുടെ വാതിലുകള്‍ അടക്കുന്നതിനും, ഭരണാധികാരികള്‍ക്കെതിരെ വിപ്ലവവുമായി ഇറങ്ങിത്തിരിക്കാന്‍ ഉദ്ദേശിക്കുന്നവരെ തടയുന്നതിനും അത് വളരെ ആവശ്യമാണ്.

നജ്ദിലെ പണ്ഡിതന്മാര്‍ക്ക് ഈ വിഷയത്തില്‍ ധാരാളം പഠനങ്ങളും മനോഹരമായ അനേകം വിശദീകരണങ്ങളുമുണ്ട്. അവയില്‍ പലതും അവരുടെ ഗ്രന്ഥങ്ങളില്‍ പരന്നു കിടക്കുന്നുമുണ്ട്.

ശൈഖ് അബ്ദുല്ലത്വീഫ് ബ്നു അബ്ദുറഹ്മാന്‍ ആലുശ്ശൈഖ് -رَحِمَهُ اللَّهُ تَعَالَى- പറഞ്ഞ വാക്കുകള്‍ പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. അദ്ദേഹം പറഞ്ഞു:

“(ഭരണാധികാരികള്‍ക്കെതിരെ തിരിയുക) എന്ന ഫിത്നയില്‍ അകപ്പെട്ടിട്ടുള്ള ഇക്കൂട്ടര്‍ മനസ്സിലാക്കാത്ത ഒരു കാര്യം ഇസ്‌ലാമിക ഭരണാധികാരികളില്‍ ബഹുഭൂരിപക്ഷവും -യസീദു ബ്നു മുആവിയഃയുടെ കാലഘട്ടം മുതലിങ്ങോട്ട്, ഉമറു ബ്നു അബ്ദില്‍ അസീസിനെ പോലുള്ള ചിലരെ ഒഴിച്ചു നിര്‍ത്തിയാല്‍-; അവരില്‍ നിന്നെല്ലാം ചില വഞ്ചനകളും ക്രൂരതകളും വളരെ ഗുരുതരമായ പിഴവുകളും, മുസ്‌ലിമീങ്ങളുടെ അധികാരം കയ്യാളുന്നതില്‍ വലിയ കുഴപ്പങ്ങളും പ്രശ്നങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്.

എന്നാല്‍, ഇതെല്ലാം സംഭവിച്ചിട്ടും ഈ ഉമ്മത്തിലെ മഹാന്മാരായ പണ്ഡിതന്മാരും നേതാക്കന്മാരും അവയോട് സ്വീകരിച്ച നിലപാടുകള്‍ അറിയപ്പെട്ടതും പ്രസിദ്ധവുമാണ്. അവരാരും ഭരണാധികാരിക്കുള്ള അനുസരണത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നില്ല. അല്ലാഹുവും റസൂലും കല്‍പ്പിച്ച, ദീനിന്റെ നിയമങ്ങളില്‍ പെട്ട, നിര്‍ബന്ധ ബാധ്യതകളില്‍ പെട്ട ഈ വിഷയത്തില്‍ അവരെല്ലാം ഉറച്ചു നിലകൊള്ളുന്നവരായിരുന്നു.

ഹജ്ജാജു ബ്നു യൂസുഫ് അസ്സഖഫി എന്ന ഭരണാധികാരിയുടെ ചരിത്രം പറഞ്ഞു കൊണ്ട് ഞാന്‍ നിനക്കൊരു ഉദാഹരണം വിവരിച്ചു നല്‍കാം. മുസ്‌ലിം ഉമ്മത്തില്‍ ഇയാള്‍ വിതച്ച തിന്മയുടെയും ക്രൂരതയുടെയും രക്തം ചിന്തലിന്റെയും കഥകള്‍ പ്രസിദ്ധമാണ്. അല്ലാഹു നിഷിദ്ധമാക്കിയ ഹറാമുകള്‍ അനേകം പ്രവര്‍ത്തിച്ചു കൊണ്ടും, മുസ്‌ലിം ഉമ്മത്തിലെ എത്രയോ മഹാന്മാരായ പണ്ഡിതന്മാരെ -സഈദു ബ്നു ജുബൈര്‍, പരിശുദ്ധമായ ഹറമില്‍ അഭയം തേടിയ ഹാസ്വര്‍ ബ്നു സുബൈര്‍ പോലുള്ളവര്‍- കൊലപ്പെടുത്തി കൊണ്ടും ഇയാള്‍ വിതച്ച കുഴപ്പങ്ങള്‍ ചില്ലറയല്ല.

അല്ലാഹു നിഷിദ്ധമാക്കിയ പലതും അവന്‍ പിച്ചിച്ചീന്തി. മക്കയിലെയും മദീനയിലെയും യമനിലെയും പൊതുജനങ്ങളും, ഇറാഖിലെ ബഹുഭൂരിപക്ഷം പേരും ബയ്അത് ചെയ്ത ഇബ്‌നു സുബൈറിനെ ഇയാള്‍ കിരാതമായി വധിച്ചു കളഞ്ഞു.

മര്‍വാനു ബ്നുല്‍ ഹകമിന്റെയും, അദ്ദേഹത്തിന്റെ മകന്‍ അബ്ദുല്‍ മലിക് ബ്നു മര്‍വാന്റെയും നാഇബായിരുന്നു ഹജ്ജാജ്. മുസ്‌ലിം പൊതുജനങ്ങളോ, അഹ്ലുല്‍ ഹല്ലി വല്‍ അഖ്ദ് (മുസ്‌ലിം നേതാക്കന്മാര്‍) മര്‍വാന് ബയ്അത് നല്‍കിയിരുന്നില്ല. എന്നിട്ടും, പണ്ഡിതന്മാരില്‍ ആരും തന്നെ മര്‍വാനെ അനുസരിക്കുന്നതില്‍ നിന്നും, അയാള്‍ക്ക് കീഴൊതുങ്ങുന്നതില്‍ നിന്നും പിന്തിനിന്നില്ല.

ഇബ്‌നു ഉമറിനെ പോലെ ഹജ്ജാജിന്റെ കാലഘട്ടത്തില്‍ ജീവിച്ച നബി -ﷺ- യുടെ സ്വഹാബിമാരില്‍ പെട്ട ഒരാളും ഹജ്ജാജിന് എതിരെ നിന്നില്ല. ഇസ്‌ലാം കാര്യങ്ങളും ഈമാനിന്റെ പൂര്‍ത്തീകരിക്കുന്ന ഇബാദത്തുകളിലും അയാളെ അനുസരിക്കാനും അവര്‍ വിമുഖത കാണിച്ചില്ല.

ഇതു പോലെ തന്നെയായിരുന്നു അയാളുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന താബിഈങ്ങളുടെയും സ്ഥിതി. ഇബ്‌നുല്‍ മുസയ്യബ്, ഹസനുല്‍ ബസ്വ്രി, മുഹമ്മദ് ബ്നു സീരീന്‍, ഇബ്രാഹീം അത്തയ്മി പോലുള്ള മുസ്‌ലിം ഉമ്മത്തിലെ പണ്ഡിതന്മാരായ നേതാക്കന്മാര്‍ അയാള്‍ക്കെതിരെ നിലകൊണ്ടില്ല.

മുസ്‌ലിം ഉമ്മത്തിലെ പണ്ഡിതന്മാര്‍ ഇതേ നിലപാടില്‍ തന്നെയാണ് ഇത്രയും കാലം തുടര്‍ന്നു വന്നത്. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണമെന്നും, സല്‍കര്‍മ്മിയായ ഭരണാധികാരിയാകട്ടെ, ദുര്‍വൃത്തികള്‍ ചെയ്യുന്നവനാകട്ടെ; അയാളുടെ പിന്നില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദിന് അണിനിരക്കണമെന്നും അവര്‍ ജനങ്ങളെ ഉപദേശിച്ചു കൊണ്ടിരുന്നു. ദീനിന്റെ അടിസ്ഥാനങ്ങളും വിശ്വാസ സംഹിതകളും പഠിപ്പിക്കുന്ന ഗ്രന്ഥങ്ങളില്‍ ഇക്കാര്യം വിശദമായി കണ്ടെത്താന്‍ കഴിയും.

അബ്ബാസീ ഭരണകാലഘട്ടവും ഈ പറഞ്ഞതിനൊരു ഉദാഹരണമാണ്. മുസ്‌ലിമീങ്ങളുടെ രാജ്യങ്ങള്‍ ബലപ്രയോഗത്തിലൂടെ -വാളുപയോഗിച്ചു കൊണ്ടാണ്- അവര്‍ കൈവശപ്പെടുത്തിയത്. ഭരണം കൈവശപ്പെടുത്താന്‍ ഒരു പണ്ഡിതനും അക്കാലഘട്ടത്തില്‍ അവരെ സഹായിച്ചില്ല. എത്രയോ മുസ്‌ലിമീങ്ങളെയും, ബനൂ ഉമയ്യ കുടുംബത്തില്‍ പെട്ട ധാരാളം ഭരണാധികാരികളെയും നവാബുമാരെയും അവര്‍ കൊലപ്പെടുത്തി. ഇറാഖിലെ അമീറായിരുന്ന ഇബ്‌നു ഹുബയ്റയെയും, ഖലീഫയായിരുന്ന മര്‍വാനെയും അവരാണ് കൊലപ്പെടുത്തിയത്.

ഒരൊറ്റ ദിവസം കൊണ്ട് ബനൂ ഉമയ്യയിലെ എണ്‍പത് പേരെ കൊലപ്പെടുത്തിയതിന് ശേഷം, അവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് അതിന് മേല്‍ പരവതാനി വിരിച്ച്, ഭക്ഷണവും പാനീയവും വിളമ്പി ഭക്ഷിച്ച ക്രൂരന്മാര്‍ വരെ അബ്ബാസിയ്യാ ഭരണാധികാരികളില്‍ ഉണ്ടായിരുന്നു.

ഇതെല്ലാം സംഭവിച്ചിട്ടും, ഇമാം ഔസാഇ, ഇമാം മാലിക്, സുഹ്രി, ലയ്ഥ് ബ്നു സഅ്ദ്, അത്വാഉ ബ്നു അബീ റബാഹ് പോലുള്ള പണ്ഡിതന്മാരുടെ നിലപാട് എന്തായിരുന്നു? കുറച്ചെങ്കിലും അറിവും വായനയും ഉള്ളവര്‍ക്ക് അത് ഒരിക്കലും അവ്യക്തമായിരിക്കില്ല.

രണ്ടാമത്തെ തലമുറ; ഇമാം അഹ്മദിന്റെയും ബുഖാരിയുടെയും ശാഫിഇയുടെയും അഹ്മദ് ബ്നു നൂഹിന്റെയും ഇസ്ഹാഖ് ബ്നു റാഹ്വൈഹിയുടെയും അവരോടൊപ്പമുണ്ടായിരുന്ന പണ്ഡിതന്മാരുടെയും കാലഘട്ടത്തില്‍ സംഭവിച്ചതും ഇത് പോലെയൊക്കെ തന്നെ. അവരുടെ കാലഘട്ടത്തിലുണ്ടായിരുന്ന ഭരണാധികാരികള്‍ അനേകം ഗൗരവതരമായ ബിദ്അത്തുകളിലും, അല്ലാഹുവിന്റെ സ്ഥിരപ്പെട്ട വിശേഷണങ്ങളെ നിഷേധിക്കുന്നതിലുമൊക്കെ അകപ്പെട്ടെവരായിരുന്നു.

ഈ പണ്ഡിതന്മാരെയും അവര്‍ തങ്ങളുടെ പിഴച്ച ആദര്‍ശങ്ങളിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു. അതിന്റെ പേരില്‍ അനേകം പരീക്ഷണങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വന്നു. എത്രയോ പേര്‍ -അഹ്മദ് ബ്നു നസ്വ്റിനെ പോലുള്ളവര്‍- അതിന്റെ പേരില്‍ കൊല്ലപ്പെട്ടു.

ഇതെല്ലാം ഉണ്ടായിട്ടും, അവരിലാരെങ്കിലും ഭരണാധികാരികള്‍ക്കുള്ള അനുസരണം അവസാനിപ്പിച്ചതായി സ്ഥിരപ്പെട്ട ഒരു സംഭവവും ഇല്ല. അവരാരും ഭരണാധികാരികള്‍ക്കെതിരെ പുറപ്പെടുന്നത് അനുവദനീയമായി കാണുകയും ചെയ്തില്ല.” (അദ്ദുററുസ്സനിയ്യ ഫില്‍ അജ്വിബതുന്നജ്ദിയ്യ: 7/177-178)

ശൈഖിന്റെ മനോഹരമായ ഈ വാക്കുകള്‍ ശ്രദ്ധിച്ചു മനസ്സിലാക്കേണ്ടതാണ്. നീതിയുടെ കണ്ണോടു കൂടി നീ അവ പരിശോധിച്ചാല്‍, സലഫുകളുടെ വിളക്കുമാടത്തില്‍ നിന്നാണ് അതിന്റെ പ്രകാശം വരുന്നതെന്ന് നിനക്ക് മനസ്സിലാക്കാന്‍ കഴിയും. ഖുര്‍ആനിനെയും സുന്നത്തിനെയും ഇസ്‌ലാമിലെ അടിസ്ഥാന നിയമങ്ങളെയും പാലിച്ചും പരിഗണിച്ചും, അതിരു കവിയുകയോ കുറവു വരുത്തുകയോ ചെയ്യാതെയാണ് അദ്ദേഹം ഈ വാക്കുകള്‍ എഴുതിയതെന്ന് നിനക്ക് തിരിച്ചറിയാന്‍ കഴിയും.

ഈ വിഷയത്തില്‍ പണ്ഡിതന്മാരുടെ വാക്കുകള്‍ ഇനിയും അനേകം കാണാന്‍ കഴിയും. അതില്‍ ചിലതെല്ലാം ‘ദുററുസ്സനിയ്യ’യുടെ ഏഴാം അദ്ധ്യായത്തില്‍ കാണാം.

ചുരുക്കത്തില്‍, മേലെ പറഞ്ഞതില്‍ നിന്നെല്ലാം ഈ വിഷയത്തിന്റെ പ്രാധാന്യവും ഗൗരവവും മനസ്സിലാക്കാന്‍ കഴിയും. അറിവില്ലായ്മയും പിഴച്ച വാദങ്ങളുടെ പ്രചാരവും വ്യാപകമായിട്ടുള്ള ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും ഈ വിഷയം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.

അതിനാല്‍ പണ്ഡിതന്മാരും മതവിദ്യാര്‍ഥികളും ഈ അടിസ്ഥാനം കൂടുതല്‍ ജനങ്ങള്‍ക്ക് പഠിപ്പിച്ചു നല്‍കല്‍ നിര്‍ബന്ധമാണ്. അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിച്ചും, ഇഖ്ലാസുള്ളവരായും ഈ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങളും ആശയക്കുഴപ്പങ്ങളും നീക്കി നല്‍കാന്‍ അവര്‍ തയ്യാറെടുക്കണം. അവയില്‍ പലതും ദീനില്‍ യാതൊരു വിവരവുമില്ലാത്ത ജാഹിലുകള്‍ പടച്ചു വിടുന്നവയാണ്.

ഉദാഹരണത്തിന് ചിലര്‍ പറയുന്നത് പോലെ: ആര്‍ക്കാണ് ഈ വിഷയം ജനങ്ങള്‍ക്ക് പഠിപ്പിക്കുന്നത് കൊണ്ട് ഉപകാരമുള്ളത്?

അവര്‍ ഉദ്ദേശിക്കുന്നത് ഭരണാധികാരികള്‍ക്ക് മാത്രമാണ് ഈ വിഷയം ജനങ്ങള്‍ പഠിക്കുന്നത് കൊണ്ട് ഉപകാരമുള്ളതെന്നാണ്. ഇത് അങ്ങേയറ്റത്തെ വിവരമില്ലായ്മയാണ്. ഭരണാധികാരികള്‍ -അവര്‍ നല്ലവരോ ചീത്തവരോ ആകട്ടെ- അവരുമായി ബന്ധപ്പെട്ട ബാധ്യതകളെ കുറിച്ചുള്ള അറിവില്ലായ്മയില്‍ നിന്നാണ് ഇവയെല്ലാം ഉടലെടുക്കുന്നത്.

യഥാര്‍ഥത്തില്‍, ഈ വിഷയം പഠനവിധേയമാക്കുന്നതിലൂടെ ഭരണാധികാരികളും ഭരണീയരും ഒരു പോലെ നന്മകള്‍ ആസ്വദിക്കുമെന്നതാണ് സത്യം. അത് പണ്ഡിതന്മാര്‍ക്ക് അവ്യക്തമായിട്ടില്ല. ചിലപ്പോള്‍ ഭരണാധികാരികളെക്കാള്‍ കൂടുതല്‍ ഭരണീയര്‍ക്കാണ് ഈ വിഷയം പ്രാവര്‍ത്തികമാക്കുന്നത് കൊണ്ട് ഉപകാരം സിദ്ധിക്കുന്നത് എന്നതാണ് ശരി.

വേറെ ചിലര്‍ പറയുന്നത്: ഈ വിഷയം പറയാനുള്ള സമയമല്ല ഇതെന്നാണ്?!

സുബ്ഹാനല്ലാഹ്! ഇനിയെപ്പോഴാണ് ഈ വിഷയം പഠിപ്പിക്കേണ്ടത്?!

ജനങ്ങളുടെ ശിരസ്സുകള്‍ ഛേദിക്കപ്പെടുകയും, അവരുടെ രക്തം ഭൂമിയില്‍ ഒഴുകുകയും ചെയ്താലാണോ? അരാജകത്വം നാട്ടില്‍ മുഴുവന്‍ പരക്കുകയും, നിര്‍ഭയത്വം തീര്‍ത്തും ഇല്ലാതാവുകയും ചെയ്താലാണോ?

ഈ വിഷയം പണ്ഡിതന്മാരും മതവിദ്യാര്‍ഥികളും ധാരാളമായി പഠിപ്പിക്കേണ്ട സമയങ്ങളിലൊന്നാണിത്. കാരണം എത്രയോ ജനങ്ങള്‍ക്ക് ഈ വിഷയത്തിലുള്ള പിഴച്ച ചിന്താധാരകളുടെ സ്വാധീനം ഉണ്ടായിരിക്കുന്നു.

ഈ വിഷയത്തില്‍ ജനങ്ങള്‍ക്ക് യാതൊരു പിഴവും ഇന്ന് സംഭവിച്ചിട്ടില്ലെന്ന് സാമാന്യവല്‍ക്കരിക്കുന്നവര്‍; ഒന്നല്ലെങ്കില്‍ ഈ പിഴച്ച ചിന്താധാരകള്‍ ജനങ്ങളിലേക്ക് കുത്തിവെക്കാന്‍ ശ്രമിക്കുന്നവരാണ്. അല്ലെങ്കില്‍; ജനങ്ങളുടെ സ്ഥിതിവിശേഷം അറിയാത്ത ജാഹിലാണ്.

ഇത്തരക്കാര്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യട്ടെ.

അതിനാല്‍ വിജയവും മോക്ഷവും ആഗ്രഹിക്കുന്നവര്‍ ഇസ്‌ലാമിന്റെ തെളിവുകള്‍ വിശദമായി പരിശോധിക്കുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യട്ടെ. തന്റെ ദേഹേഛയെ സ്വന്തത്തിന് മേല്‍ അവന്‍ അധികാരിയാക്കാതിരിക്കട്ടെ. ബുദ്ധിയെ പ്രമാണത്തിന് മീതെ പ്രതിഷ്ഠിക്കുന്നത് കൊണ്ടാണ് ഈ വിഷയത്തില്‍ സംഭവിച്ചിട്ടുള്ള പിഴവുകളില്‍ അധികവും ഉണ്ടായിട്ടുള്ളത്.

അതിനാല്‍ -സത്യം അന്വേഷിക്കുന്ന സഹോദരാ!- നിനക്ക് മുന്‍പില്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെയും സലഫുകളുടെ വാക്കുകളുടെയും അടിസ്ഥാനത്തില്‍ ഈ വിഷയം വിശദീകരിക്കുന്ന ഒരു ലേഖനമാണുള്ളത്. ശ്രദ്ധിച്ച് കേള്‍ക്കുക; കണ്ണു തുറന്ന് കാണുക.

അല്ലാഹു നിനക്ക് തൗഫീഖ് നല്‍കുകയും, ഫിത്നകളില്‍ നിന്ന് നിന്നെ കാത്തു രക്ഷിക്കുകയും ചെയ്യട്ടെ.

(‘മുആമലതുല്‍ ഹുക്കാം ഫീ ദ്വൗഇല്‍ കിതാബി വസ്സുന്നഃ’ എന്ന പേരില്‍ ശൈഖ് അബ്ദുസ്സലാം ബ്നു ബര്‍ജസ് അല്‍-അബ്ദുല്‍ കരീം -رَحِمَهُ اللَّهُ تَعَالَى- എഴുതിയ ഗ്രന്ഥത്തിന്റെ സ്വതന്ത്ര വിവര്‍ത്തനമാണിത്. ഈ ഗ്രന്ഥത്തില്‍ നിന്നല്ലാത്ത ചില പാഠങ്ങളും വിഷയങ്ങളും വിവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടേക്കാം. അത് സന്ദര്‍ഭം വരുമ്പോള്‍ സൂചിപ്പിക്കും.)

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

16 Comments

  • ഈ ലേഖനം പ്രത്യേകിച്ച്‌ ഇന്നത്തെ സാഹചര്യത്തിൽ വളരെയധികം അനിവാര്യമായതും പരമാവധി ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കേണ്ടതുമാണ്‌. ലേഖകന്‌ അല്ലാഹു സുബ്‌ഹാനഹു വ തആല അർഹിക്കുന്ന പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ,ആമീൻ

  • അൽഹംദുലില്ലാഹ്… അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ….
    അമുസ്ലിം ഭരണാധികാരിക്ക് കീഴിൽ മുസ്ലിംകൾ എങ്ങനെ ആയിരിക്കണം എന്ന് ആരും പറഞ്ഞു തന്നിട്ടില്ല ആരോട് ചോദിക്കാൻ? അതും കൂടി പറഞ്ഞു തരാമോ?

  • മനസ്സിൽ തോന്നിയ ചില തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ സാധിച്ചു.
    الحمدلله

    جزاكم الله خيرا

  • وعليكم السلام ورحمة الله وبركاته

    ഓഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ബാറകല്ലാഹു ഫീകും.

  • السلام عليكم و رحمة الله وبركاته
    جزاك الله خيرا بارك الله فيكم
    ഇതിന്റെ ഓഡിയോ ഡൗൺലോഡ് ചെയ്യാൻ അനുമതി നൽകിയൽ നന്നായിരുന്നു

  • باركلله فيكم muslim baranathikarikale kurvukal mathram anieshikkunnavark sondham kudumbathinte polum baranam neethiporvam nadappil varuthan kazhiyathavaran enna thirchariv nalkan ee leganathin kazhinju. الحمدللله lالله thangalk علم varthippichu tharatte

  • ഇന്‍ഷാ അല്ലാഹ്. അടുത്ത് തന്നെ പ്രസിദ്ധീകരിക്കും.

  • آمين، نسأل الله التوفيق لنا ولكم ولجميع المسلمين

  • Jazakallah khair ya akhi… Kooduthal ilm nedaanum, ath amal aakkaanum, mattullavark ath parann tharuvaanum allahu ningalk thoufeek nalkumaaraakatte

  • وأنتم فجزاكم الله خيرا وبارك فيكم

Leave a Comment