വ്യത്യസ്ത ഭരണാധികാരികള്‍ ഉണ്ടായാല്‍…?
ഇസ്‌ലാമിക ലോകത്ത് ഒരേ സമയത്ത് വ്യത്യസ്ത രാജ്യങ്ങളും അവക്ക് വ്യത്യസ്ത ഭരണാധികാരികളും ഉണ്ടാവുക എന്നതിന് കാലങ്ങളുടെ പഴക്കമുണ്ട്. ഇവരെല്ലാം ഇസ്‌ലാമിക ഭരണാധികാരികള്‍ തന്നെയാണ്. അവരവരുടെ നാടുകളിലുള്ളവരെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ അനുസരിക്കലും, ഇസ്‌ലാമികമായ അവകാശങ്ങള്‍ അവര്‍ക്ക് വകവെച്ചു നല്‍കലും നിര്‍ബന്ധമാണ്.
ചിലര്‍ പറയുന്നത് പോലെ; എല്ലാ മുസ്‌ലിംകളെയും അടക്കി ഭരിക്കുന്ന, പൂര്‍ണമായ ഇസ്‌ലാമിക ഖിലാഫതിന്റെ ഭരണാധികാരിയായ ‘ഇമാമുല്‍ അഅ്ദമി’ന് മാത്രമേ ബയ്അത് വേണ്ടതുള്ളൂ എന്ന അഭിപ്രായം ശരിയല്ല. അത്തരമൊരു ഖലീഫ ഉണ്ടാവുക എന്നതാണ് ഏറ്റവും നല്ലതും, ഇസ്‌ലാമികമായ പ്രതാപത്തിന് അനുയോജ്യവുമെന്നതില്‍ രണ്ടഭിപ്രായമില്ല എന്നത് കൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കണം. അനേകം പണ്ഡിതന്മാര്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.
ശൈഖ് മുഹമ്മദ് ബ്നു അബ്ദില്‍ വഹ്ഹാബ് -رَحِمَهُ اللَّهُ- പറഞ്ഞു: “എല്ലാ മദ്ഹബിലുമുള്ള പണ്ഡിതന്മാര്‍ക്കിടയില്‍ ഒരു പോലെ യോജിപ്പുള്ള കാര്യമാണ്; ഏതെങ്കിലും ഒരു നാട്ടില്‍ ഒരാള്‍ ബലപ്രയോഗത്തിലൂടെ ഭരണം പിടിച്ചെടുത്താല്‍ അയാള്‍ക്ക് എല്ലാ കാര്യങ്ങളിലും ഇമാമിനുള്ള അവകാശങ്ങളുണ്ട്. അങ്ങനെയല്ലായിരുന്നെങ്കില്‍ ദുനിയാവിലെ കാര്യങ്ങള്‍ ഒന്നും ശരിയാംവണ്ണം നിലകൊള്ളില്ലായിരുന്നു.
കാരണം, ഇമാം അഹ്മദിന്റെ കാലഘട്ടത്തിന് മുന്‍പ് മുതല്‍ നമ്മുടെ ഈ കാലഘട്ടം വരെ എല്ലാ മുസ്‌ലിമീങ്ങളും ഒരു ഭരണാധികാരിക്ക് കീഴില്‍ ഒരുമിക്കുക എന്നത് ഉണ്ടായിട്ടില്ല. (അവരുടെ കാലഘട്ടത്തില്‍ ഒരേ സമയം വ്യത്യസ്ത നാടുകള്‍ ഭരിക്കുന്ന ഭരണാധികാരികള്‍ ഉണ്ടായിട്ടുണ്ട് എന്ന് സാരം) എന്നാല്‍ അക്കാലഘട്ടം മുതലുള്ള പണ്ഡിതന്മാരില്‍ ആരെങ്കിലും ഖലീഫക്കുള്ള അവകാശങ്ങള്‍ ഇത്തരം ഭരണാധികാരികള്‍ക്ക് ഇല്ലെന്ന് പറഞ്ഞതായി അറിയപ്പെട്ടിട്ടേയില്ല.” (അദ്ദുററുസ്സനിയ്യ: 7/239)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ -ﷺ- أَنَّهُ قَالَ: «مَنْ خَرَجَ مِنَ الطَّاعَةِ، وَفَارَقَ الْجَمَاعَةَ فَمَاتَ، مَاتَ مِيتَةً جَاهِلِيَّةً»
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ആരെങ്കിലും (ഭരണാധികാരിക്കുള്ള) അനുസരണത്തില്‍ നിന്ന് പുറത്തു പോവുകയും, ‘ജമാഅതി’നെ വെടിയുകയും ചെയ്തവനായിരിക്കെ മരണപ്പെട്ടാല്‍; അവന്റെ മരണം ജാഹിലിയ്യ മരണമാണ്.” (മുസ്‌ലിം: 1848)
ഈ ഹദീഥിനെ വിശദീകരിക്കവെ ഇമാം സ്വന്‍ആനി -رَحِمَهُ اللَّهُ- പറഞ്ഞു: “‘ഭരണാധികാരിയെ അനുസരിക്കുന്നതില്‍ നിന്ന് പുറത്തു കടന്നാല്‍’ എന്ന ഹദീഥിലെ പരാമര്‍ശം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ജനങ്ങള്‍ ഒരുമിച്ചു കൂടിയ ഖലീഫയാണ്. അതിനി ഏത് രാജ്യത്തിന്റെ ഖലീഫയായാലും ശരി; (അവര്‍ക്കെല്ലാം ഇത് ബാധകമാണ്).
കാരണം എല്ലാ ഇസ്‌ലാമിക രാജ്യങ്ങളിലെയും മുസ്‌ലിമീങ്ങളെല്ലാം ഒരൊറ്റ ഭരണാധികാരിയുടെ കീഴില്‍ ഒരുമിക്കുക എന്നത് അബ്ബാസീ ഖിലാഫത് മുതല്‍ക്കിങ്ങോട്ട് പിന്നീട് ചരിത്രത്തില്‍ സംഭവിച്ചിട്ടില്ല. മറിച്ച്, ഓരോ ഭൂപ്രദേശത്തിനും അവരവരുടേതായ ഭരണാധികാരികളാണ് ഉണ്ടായിട്ടുള്ളത്.” (സുബുലുസ്സലാം ശര്‍ഹു ബുലൂഗില്‍ മറാം: 3/499)
ഇമാം ശൗകാനി -رَحِمَهُ اللَّهُ- പറയുന്നു: “ഇസ്‌ലാമിന്റെ പ്രചാരം വ്യാപകമായതിന് ശേഷം, അതിന്റെ അതിര്‍വരമ്പുകള്‍ വിശാലമായതിന് ശേഷം, പിന്നീട് ഓരോ രാജ്യങ്ങള്‍ക്കും അവരവരുടേതായ ഭരണാധികാരികളാണ് ഉണ്ടായിട്ടുള്ളതെന്ന കാര്യം ഏവര്‍ക്കും അറിയാവുന്നതാണ്. ഒരു നാട്ടില്‍ ഭരണമുള്ള ഇമാമിന് മറ്റൊരു നാട്ടില്‍ ഭരണമുണ്ടായിക്കൊള്ളണമെന്നില്ല.
ഇപ്രകാരം വ്യത്യസ്ത ഭരണാധികാരികള്‍ ഉണ്ടാകുന്നതില്‍ കുഴപ്പമില്ല. അവരവരുടെ ഭരണാധികാരികളെ -അവര്‍ക്ക് ബയ്അത് നല്‍കിയതിന് ശേഷം- അനുസരിക്കല്‍ എല്ലാ രാജ്യങ്ങളിലുമുള്ള മുസ്‌ലിമീങ്ങളുടെ മേല്‍ നിര്‍ബന്ധമാണ്…
ഇത്തരം കാര്യങ്ങള്‍ തള്ളിപ്പറയുന്നവര്‍ വിഡ്ഢികളല്ലാതെ മറ്റാരുമല്ല; അവരോട് തെളിവുകള്‍ മുന്നില്‍ വെച്ച് സംസാരിക്കേണ്ടതില്ല. കാരണം അവനത് മനസ്സിലാക്കാനുള്ള ബുദ്ധി പോലുമില്ല.” (സയ്ലുല്‍ ജിറാര്‍: 4/512)
ചുരുക്കം:
മേലെ നല്‍കിയ പണ്ഡിതോദ്ധരണികളും, ചരിത്ര സംഭവങ്ങളും വിശദമാക്കുന്ന പ്രധാന പാഠങ്ങള്‍ ഇവയാണ്.
1- ബയ്അത് നിര്‍ബന്ധമാണ്.
2- ബലപ്രയോഗത്തിലൂടെ ഭരണമേറ്റെടുത്ത ഭരണാധികാരിയെയും അനുസരിക്കല്‍ നിര്‍ബന്ധമാണ്; അവര്‍ക്ക് ബയ്അത് ചെയ്യലും.
3- വ്യക്തമായ കുഫ്ര്‍ പ്രകടമാകുന്നത് വരെ ഭരണാധികാരിയെ അനുസരിക്കല്‍ നിര്‍ബന്ധമാണ്.
4- ഭരണാധികാരിക്കുണ്ടാകണമെന്ന് നബി -ﷺ- അറിയിച്ച ചില നിബന്ധനകള്‍ യോജിച്ചു വന്നില്ലെങ്കിലും അത്തരക്കാരെ അനുസരിക്കണം.
5- ഭരണാധികാരികള്‍ക്കെതിരെ പുറപ്പെടുക എന്നത് മുസ്‌ലിമീങ്ങളുടെ രക്തം ചിന്തുന്നതിനാണ് കാരണമാവുക.
6- അനീതി നിറഞ്ഞ ഭരണമാണ് കെട്ടഴിച്ചു വിട്ട അരാജകത്വത്തെക്കാള്‍ നല്ലത്. ഇക്കാര്യം പ്രയാസങ്ങളുടെ വേളയില്‍ ഓര്‍ക്കേണ്ടതുണ്ട്.
7- ഭരണത്തിലേറിയവരെക്കാള്‍ അതിന് അര്‍ഹതയുള്ള ചിലര്‍ ഭരണീയരിലുണ്ടെങ്കിലും, ഭരണാധികാരിയെ അനുസരിക്കല്‍ അവര്‍ക്ക് കൂടി നിര്‍ബന്ധമാണ്.
8- ഭരണാധികാരികള്‍ക്കെതിരില്‍ ഇറങ്ങി പുറപ്പെടുന്നവരുടെയും, ബയ്അത് പിന്‍വലിക്കുന്നവരുടെയും വിഷയത്തില്‍ നബി -ﷺ- അറിയിച്ച താക്കീതുകള്‍.
9- സ്വഹാബികളുടെ ഈ വിഷയത്തിലുള്ള മന്‍ഹജ്.
(ബയ്അതുമായി ബന്ധപ്പെട്ട ഒരു പഠനമല്ല; ഭരണാധികാരികളോടുള്ള ബാധ്യത ഓര്‍മപ്പെടുത്തലാണ് ഈ ലേഖനം കൊണ്ടുള്ള ഉദ്ദേശം. അതിനാല്‍ തന്നെ വിഷയവുമായി ബന്ധപ്പെട്ട ചില കര്‍മ്മശാസ്ത്ര മേഖലകള്‍ ഒഴിവാക്കിയിട്ടുണ്ട്. എങ്ങനെയാണ് ബയ്അത് ചെയ്യേണ്ടത്? അതിന്റെ രൂപം എങ്ങനെയാണ്? ഭരണീയര്‍ എല്ലാവരും ബയ്അത് നേരിട്ട് ചെയ്യേണ്ടതുണ്ടോ? എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അവ മറ്റൊരു സന്ദര്‍ഭത്തിലാകാം. വല്ലാഹു അഅ്ലം.)
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.
كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد
-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-