ഈ റമദാനിലെ വ്രതാനുഷ്ഠാനം പൂര്‍ണമാക്കണമെന്ന് ഉദ്ദേശിക്കുന്നവര്‍ ആദ്യം ശ്രമിക്കേണ്ടത് നോമ്പിന്റെ വിഷയത്തില്‍ നബി -ﷺ- പഠിപ്പിച്ച സുന്നത്തുകള്‍ അറിയാനും പ്രാവര്‍ത്തികമാക്കുവാനുമാണ്. കാരണം എത്ര മാത്രം സുന്നതുകളോട് അവന്റെ നോമ്പ് യോജിച്ചു നില്‍ക്കുന്നോ; അത്ര മാത്രം അവന്റെ നോമ്പ് പൂര്‍ണ്ണവും, അല്ലാഹുവിങ്കല്‍ കൂടുതല്‍ പ്രതിഫലം കരസ്ഥമാക്കാന്‍ അര്‍ഹാവുമാണ്. നോമ്പുമായി ബന്ധപ്പെട്ട് നബി -ﷺ- അറിയിച്ച ചില സുന്നത്തുകളെ കുറിച്ച് ഈ ലേഖനത്തിലൂടെ ഓര്‍മ്മപ്പെടുത്തട്ടെ.

അത്താഴം

അത്താഴം കഴിക്കല്‍ പ്രബലമായ സുന്നത്ത് ആണ്. ധാരാളം ഹദീഥുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നതായി വന്നിട്ടുണ്ടെന്നതോടൊപ്പം ഈ വിഷയത്തില്‍ ഇജ്മാഅ് ഉള്ളതായി ഇബ്‌നു ഹജര്‍ -رَحِمَهُ اللَّهُ- വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുല്‍ ബാരി: 4/139)

അത്താഴത്തിന്റെ ശ്രേഷ്ഠത

عَنْ عَمْرِو بْنِ العَاصِ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «فَصْلُ مَا بَيْنَ صِيَامِنَا وَصِيَامِ أَهْلِ الكِتَابِ أَكْلَةُ السَّحَر»

അംറ്ബ്നുല്‍ ആസ്വ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: “വേദക്കാരുടെയും നമ്മുടെയും വ്രതം തമ്മിലുള്ള വ്യത്യാസം അത്താഴം കഴിക്കലാകുന്നു.” (മുസ്‌ലിം:1096)

عَنْ أَنَسِ بْنِ مَالِكٍ، قَالَ: قَالَ النَّبِيُّ -ﷺ-: «تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَةٌ»

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ അത്താഴം കഴിക്കുക. തീര്‍ച്ചയായും അത്താഴത്തില്‍ ബറകത് (അനുഗ്രഹം) ഉണ്ട്.” (ബുഖാരി:1923, മുസ്‌ലിം:1095)

عَنْ عَبْدِ اللَّهِ بْنِ الحَارِثِ عَنْ رَجُلٍ مِنْ أَصْحَابِ النَّبِيِّ -ﷺ-، قَالَ: دَخَلْتُ عَلَى النَّبِيِّ -ﷺ-، وَهُوَ يَتَسَحَّرُ، فَقَالَ: « إِنَّهَا بَرَكَةٌ أَعْطَاكُمُ اللَّهُ إِيَّاهَا فَلَا تَدَعُوهُ »

അബ്ദുല്ലാഹിബ്നു ഹാരിസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: സ്വഹാബികളില്‍ പെട്ട ഒരു വ്യക്തി എന്നോട് പറഞ്ഞു: “നബി -ﷺ- അത്താഴം കഴിച്ചു കൊണ്ടിരിക്കെ ഞാന്‍ അവിടുത്തെ അരികില്‍ ചെന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: “നിങ്ങള്‍ക്ക് മാത്രമായി അല്ലാഹു നല്‍കിയ അനുഗ്രഹമാകുന്നു ഇത്. അതിനാല്‍ അത് നിങ്ങള്‍ ഉപേക്ഷിക്കാതിരിക്കുക.” (നസാഈ:2162, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

عَنِ العِرْبَاضِ بْنِ سَارِيَةَ -ؓ-، قَالَ: دَعَانِي رَسُولُ اللَّهِ -ﷺ- إِلَى السَّحُورِ فِي رَمَضَانَ فَقَالَ: « هَلُمَّ إِلَى الغَدَاءِ المُبَارَكِ »

ഇര്‍ബാദ് ഇബ്‌നു സാരിയ -رَضِيَ اللَّهُ عَنْهُ- പറയുന്നു: റമദാനില്‍ എന്നെ അത്താഴത്തിന് ക്ഷണിച്ചപ്പോള്‍ നബി -ﷺ- പറഞ്ഞു: “അനുഗ്രഹീതമായ പ്രഭാതഭക്ഷണത്തിലേക്ക് സ്വാഗതം.” (അബൂദാവൂദ്:2344, നസാഈ:2162, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

عَنِ المِقْدَامِ بْنِ مَعْدِيَكرِبَ عَنِ النَّبِيِّ -ﷺ-، قَالَ: « عَلَيْكُمْ بِغَدَاءِ السَّحُورِ؛ فَإِنَّهُ هُوَ الغَدَاءُ المُبَارَكُ »

മിഖ്ദാം ഇബ്‌നു മഅ്ദീകരിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ അത്താഴം കഴിക്കുക. തീര്‍ച്ചയായും അതാകുന്നു അനുഗ്രഹീതമായ പ്രഭാതഭക്ഷണം.” (നസാഈ:2163, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

عَنْ أَبِي سَعِيدٍ الخُدْرِيِّ قَالَ:قَالَ رَسُولُ اللَّهِ -ﷺ- : « … إِنَّ اللَّهَ -عز وجل- وَمَلَائِكَتَهُ يُصَلُّونَ عَلَى المُتَسَحِّرِينَ»

അബൂ സഈദ് അല്‍-ഖുദ്രിയ്യ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “…അല്ലാഹുവും മലക്കുകളും അത്താഴം കഴിക്കുന്നവരുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു.” (അഹ്മദ്:3/12, അല്‍ബാനി ഹസനുന്‍ ലി ഗയ്രിഹി എന്ന് വിലയിരുത്തി)

അബുല്‍ ആലിയ പറഞ്ഞു: “അല്ലാഹുവിന്റെ സ്വലാത്ത് എന്നാല്‍ മലക്കുകളുടെ അരികില്‍ പ്രശംസിക്കലും, മലക്കുകളുടെ സ്വലാത്ത് എന്നാല്‍ പ്രാര്‍ത്ഥനയുമാണ്.” (ബുഖാരി)

അത്താഴത്തിന്റെ സമയം

സഹൂര്‍ (ُالسَّحُور) എന്നാണ് അറബിയില്‍ അത്താഴത്തിന് പറയുക. സുബ്ഹിന് തൊട്ടുമുന്‍പ്, രാത്രിയുടെ അവസാനത്തിലാണ് അത്താഴത്തിന്റെ സമയം. സുബ്ഹി നിസ്കാരത്തിന് തൊട്ടു മുന്‍പ് അത്താഴം കഴിക്കുന്നതാണ് സുന്നത്ത്. നബി-ﷺ-യുടെ അത്താഴത്തിനും നിസ്കാരത്തിനും ഇടയിലുള്ള സമയം സ്വഹാബികള്‍ അറിയിച്ചിട്ടുണ്ട്.

عَنْ أَنَسٍ أَنَّ زَيْدَ بْنَ ثَابِتٍ -ؓ- حَدَّثَهُ أَنَّهُمْ تَسَحَّرُوا مَعَ النَّبِيِّ -ﷺ-، ثُمَّ قَامُوا إِلَى الصَّلَاةِ، قُلْتُ: كَمْ بَيْنَهُمَا؟ قَالَ : « قَدْرُ خَمْسِينَ أَوْ سِتِّينَ » يَعْنِي آيَة .

അനസ് -رَضِيَ اللَّهُ عَنْهُ- നിവേനം: നബി-ﷺ-യോടൊപ്പം (ഒരിക്കല്‍ താന്‍) അത്താഴം കഴിച്ചതായി സൈദ് ബ്നു സാബിഥ് അദ്ദേഹത്തോട് പറഞ്ഞു. (അത്താഴം കഴിഞ്ഞപ്പോള്‍) അവര്‍ നമസ്കരിക്കുന്നതിനായി എഴുന്നേറ്റു. ഞാന്‍ (അനസ്) ചോദിച്ചു: “അവക്കിടയില്‍ (നിസ്കാരത്തിനും അത്താഴത്തിനുമിടയില്‍) എത്ര സമയമുണ്ടായിരുന്നു?” അദ്ദേഹം പറഞ്ഞു: “അന്‍പതോ അറുപതോ (ആയത്തുകള്‍) പാരായണം ചെയ്യുന്ന സമയം.” (ബുഖാരി:575,576, മുസ്‌ലിം:1097)

അത്താഴം വൈകിപ്പിക്കല്‍

അത്താഴം വൈകിപ്പിക്കുക എന്നത് നബിമാരുടെ സമൂഹത്തിന്റെ മുഴുവന്‍ സ്വഭാവമായിട്ടാണ് നബി -ﷺ- അറിയിച്ചത്.

عَنْ ابْنِ عَبَّاسٍ عَنِ النَّبِيِّ -ﷺ- قَالَ: « إِنَّا مَعَاشِرَ الأَنْبِيَاءِ أُمِرْنَا أَنْ نُعَجِّلَ الإِفْطَار، وَأَن نُؤَخِّرَ السَّحُورَ، وَأَنْ نَضْرِبَ بِأَيْمَانِنَا عَلَى شَمَائِلِنَا »

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهَُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: “ഞങ്ങള്‍ നബിമാരോട് നോമ്പ് തുറ ധൃതി കൂട്ടാനും, അത്താഴം കഴിക്കല്‍ വൈകിപ്പിക്കാനും, (നമസ്കാരത്തില്‍) ഇടതു കൈയുടെ മേല്‍ വലതു കൈ വെക്കാനും കല്‍പ്പിക്കപ്പെട്ടിരിക്കുന്നു.” (ത്വബ്റാനി മുഅ്ജമുല്‍ കബീറില്‍:11/7, ഇബ്‌നു ഹിബ്ബാന്‍: 885, ത്വബ്റാനി അവ്സതില്‍:132)

عَنْ أَبِي الدَّرْدَاءِ عَنِ النَّبِيِّ -ﷺ- : « ثَلَاثٌ مِنْ أَخْلَاقِ النُّبُوَّةِ : تَعْجِيلُ الإِفْطَارِ، وَتَأْخِيرُ السَّحُورِ، وَوَضْعُ اليَمِينِ عَلَى الشِّمَالِ فِي الصَّلَاةِ »

അബുദ്ദര്‍ദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “മൂന്ന് കാര്യങ്ങള്‍ നുബുവ്വതിന്റെ സ്വഭാവങ്ങളില്‍ പെട്ടതാണ്; നോമ്പ് തുറ ധൃതി കൂട്ടുക, അത്താഴം വൈകിപ്പിക്കുക, നമസ്കാരത്തില്‍ വലതു കൈ ഇടതു കൈയ്യിന്‍ മേല്‍ വെക്കുക (എന്നിവയാണ് അവ).” (ഹയ്ഥമി മജ്മഉസ്സവാഇദില്‍:2/105, അല്‍ബാനി സ്വഹീഹ് ആണെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.)

ഈ പറഞ്ഞതിന്റെ അര്‍ഥം ആവശ്യമുള്ളത്ര ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത രൂപത്തില്‍ അത്താഴം തീര്‍ത്തും വൈകിക്കണമെന്നല്ല. സുബഹ് ബാങ്ക് കൊടുക്കുന്നതിന് മുന്‍പ് ആവശ്യമുള്ളത്ര ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന രൂപത്തില്‍ അത്താഴത്തിന് വേണ്ടി എഴുന്നേല്‍ക്കണം. ഇനി അബദ്ധവശാല്‍ കുറച്ച് വൈകി എഴുന്നേല്‍ക്കുകയും, വേണ്ടത്ര ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് ബാങ്ക് കൊടുക്കുകയുമാണെങ്കില്‍ ഭക്ഷണം കഴിക്കുന്നത് പൊടുന്നനെ നിര്‍ത്തി വെക്കേണ്ടതുമില്ല.

عَنْ أَبِي هُرَيْرَةَ -ؓ-، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: « إِذَا سَمِعَ أَحَدُكُمْ النِّدَاءَ وَالإِنَاءُ عَلَى يَدِهِ فَلَا يَضَعَهُ حَتَّى يَقْضِي حَاجَتَهُ مِنْهُ »

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “തന്റെ കയ്യില്‍ ഭക്ഷണപാത്രമിരിക്കെ ബാങ്ക് വിളിക്കുന്നത് കേട്ടു കഴിഞ്ഞാല്‍ തന്റെ ആവശ്യം കഴിയുന്നത് വരെ പാത്രം താഴെ വെക്കേണ്ടതില്ല.” (അബൂ ദാവൂദ്:2350, അഹ്മദ്:1029, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

അതേ സമയം അത്താഴം കഴിക്കുന്നത് അവസാനിപ്പിക്കുന്നതില്‍ തീര്‍ത്തും അശ്രദ്ധ കാണിക്കാമെന്ന് ആരും ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടതില്ല. സുബഹ് ബാങ്ക് കൊടുക്കുന്നത് കേട്ടു കഴിഞ്ഞാലും, -ഭക്ഷണം ആവശ്യത്തിന് കഴിച്ചിട്ടുണ്ടെങ്കില്‍ കൂടി- ചിലര്‍ ഭക്ഷണം ‘കൊറിച്ചിരിക്കുന്നത്’ കാണാം. ബാങ്ക് അവസാനിക്കുന്നത് വരെ ഭക്ഷണം കഴിക്കുന്ന വേറെ ചിലരുണ്ട്. ഇതെല്ലാം ചിലപ്പോള്‍ നോമ്പ് നിഷ്ഫലമാകാന്‍ വരെ കാരണമായേക്കും എന്ന് മനസ്സിലാക്കേണ്ടതുണ്ട്. (അല്‍മിന്‍ദാര്‍ – സ്വാലിഹ് ആലുശ്ശൈഖ്: 83-84)

ഏറ്റവും നല്ല അത്താഴഭക്ഷണം

عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ -ﷺ- قَالَ: « نِعْمَ سَحُورُ المُؤْمِنِ التَّمْرُ »

അബൂ ഹുറൈറ നിവേദനം: നബി -ﷺ- പറഞ്ഞു: “ഈത്തപ്പഴം സത്യവിശ്വാസിയുടെ എത്ര നല്ല അത്താഴമാണ്.” (അബൂദാവൂദ്:2345, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

എന്നാല്‍ ഈത്തപ്പഴം മാത്രമേ അത്താഴത്തിന് കഴിക്കാവൂ എന്ന് ഇതിന് അര്‍ഥമില്ല. ഈത്തപ്പഴമല്ലാത്ത അനുവദനീയമായ ഏത് ഭക്ഷണവും കഴിക്കാം. അത്താഴത്തിന്റെ ഉദ്ദേശത്തോടെ വെള്ളം കുടിച്ചാലും അത്താഴം കഴിച്ചതിന്റെ പുണ്യം ലഭിക്കുമെന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്.

عَنْ أَبِي سَعِيدٍ الخُدْرِيِّ قَالَ:قَالَ رَسُولُ اللَّهِ -ﷺ- : « السَّحُورُ أَكْلُهُ بَرَكَةٌ فَلَا تَدَعُوهُ، وَلَوْ أَنْ يَجْرَعَ أَحَدُكُمْ جُرْعَةً مِنْ مَاءٍ … »

അബൂ സഈദ് അല്‍-ഖുദ്രിയ്യ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “അത്താഴം കഴിക്കല്‍ ബറകത്താണ്. അതിനാല്‍ കുറച്ച് വെള്ളം കുടിച്ചിട്ടാണെങ്കിലും കൂടി നിങ്ങള്‍ അത് ഒഴിവാക്കരുത്…”

അത്താഴം കൊണ്ടുള്ള ഉപകാരങ്ങള്‍
1- നബി-ﷺ-യുടെ സുന്നത്തിനെ പിന്‍പറ്റുക എന്ന വലിയ ഇബാദത്ത് അത്താഴത്തിലൂടെ സാധിക്കുന്നു.

2- അല്ലാഹുവിനുള്ള മഹത്തരമായ ഇബാദത്തുകളില്‍ എണ്ണപ്പെട്ട നോമ്പ് ആരോഗ്യത്തോടെയും, ഉന്മേഷത്തോടെയും നിര്‍വ്വഹിക്കാനും അത് സഹായകമാണ്.

3- പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങളില്‍ നബി -ﷺ- എണ്ണിയിട്ടുള്ള അത്താഴ സമയങ്ങളിലൊന്നാണ് സുബ്ഹിയുടെ മുന്‍പുള്ള സമയം. ആ സമയം ഉണര്‍ന്നിരിക്കാനും, പ്രാര്‍ഥനകള്‍ നിര്‍വ്വഹിക്കാനും അത്താഴത്തിന് വേണ്ടി എഴുന്നേല്‍ക്കുന്നത് കാരണമായിത്തീരും.

4- നബി -ﷺ- യുടെ ജീവിതത്തില്‍ അവിടുന്ന് പല സന്ദര്‍ഭങ്ങളിലും ശ്രദ്ധിച്ചു പോന്ന യഹൂദ-നസ്വാറാക്കളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കലും അത്താഴം കഴിക്കുന്നതിലുണ്ട്.

5- സുബ്ഹി ജമാഅത്തിന് കൃത്യസമയത്ത് എത്തിച്ചേരാനും അത്താഴത്തിന് എഴുന്നേല്‍ക്കുന്നത് സഹായകരമാകും.

അത്താഴത്തിന്റെ ചില ഉപകാരങ്ങള്‍ മാത്രമാണിത്. ഇവയെല്ലാം കാരണമാകാം നബി -ﷺ- അത്താഴത്തിന്റെ ശ്രേഷ്ഠത ഊന്നിപ്പറഞ്ഞതും, ഇബാദത്തുകളില്‍ അതിനുള്ള മഹത്വം നമ്മെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തിയതും.

അത്താഴം; തിരുത്തേണ്ട ചില ധാരണകള്‍

അത്താഴവുമായി ബന്ധപ്പെട്ട് ചില തെറ്റായ ധാരണകള്‍ നമ്മുടെ സമൂഹത്തില്‍ കടന്നു കൂടിയിട്ടുണ്ട്. ചിലയിടങ്ങളില്‍ നോമ്പ് തുറ കഴിഞ്ഞാല്‍ തന്നെ സ്ത്രീകള്‍ അത്താഴത്തിന് വേണ്ടിയുള്ള ഭക്ഷണം തയ്യാറാക്കാന്‍ വേണ്ടി തുടങ്ങും. അങ്ങനെ ഏതാണ്ട് രാത്രി ഒന്നോ രണ്ടോ മണി ആയിക്കഴിഞ്ഞാല്‍ ഭക്ഷണം കഴിച്ച് കിടന്നുറങ്ങും. പിന്നെ സുബഹി നിസ്കാരത്തിന് വരെ എഴുന്നേല്‍ക്കാതെ പത്തും പന്ത്രണ്ടും മണി വരെ കിടന്നുറങ്ങുന്ന രീതി ചിലയിടങ്ങളിലുണ്ട്. തിരുത്തുകയും, താക്കീത് ചെയ്യപ്പെടുകയും ചെയ്യേണ്ട വലിയ അബദ്ധമാണിത്.

അതു പോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അത്താഴത്തിന് ഭക്ഷണം ഉണ്ടാക്കുന്നതിലുള്ള അതിരു കവിച്ചില്‍. പലപ്പോഴും നോമ്പ് തുറക്കുണ്ടാക്കുന്ന ഭക്ഷണം ബാക്കിയാണെങ്കിലും അത്താഴത്തിന് ചില വിഭവങ്ങള്‍ കൂടിയുണ്ടാക്കിയിട്ടില്ലെങ്കില്‍ അത് അത്താഴമാകില്ലെന്ന ധാരണയാണ് ചിലര്‍ക്ക്. നോമ്പ് തുറക്ക് ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ കുറച്ച് അത്താഴത്തിന് വേണ്ടി കൂടി ഉണ്ടാക്കിയാല്‍ ഇബാദത്തുകള്‍ക്ക് കൂടുതല്‍ ഒഴിഞ്ഞിരിക്കാന്‍ അതായിരിക്കും സഹായകം. റമദാന്‍ ഭക്ഷിക്കാനുള്ള മാസമല്ല; ഭക്ഷണം കുറക്കുന്നതിലൂടെ ഇബാദത്തുകളില്‍ വര്‍ദ്ധനവ് വരുത്താനുള്ള മാസമാണെന്നത് മറക്കാതിരിക്കുക.

നോമ്പ് തുറ

നോമ്പ് തുറക്കുക എന്നതും അതിന് ധൃതി കൂട്ടുക എന്നതും സുന്നത്താണ്. നോമ്പ് തുറയുടെ ശ്രേഷ്ഠത വ്യക്തമാക്കുന്നതും, അത് ഒഴിവാക്കുന്നതില്‍ നിന്ന് തടഞ്ഞു കൊണ്ടുമുള്ള അനേകം ഹദീഥുകള്‍ കാണാന്‍ സാധിക്കും. രണ്ടും മൂന്നും ദിവസം തുടര്‍ച്ചയായി നോമ്പ് മുറിക്കാതെ അനുഷ്ഠിക്കുന്ന ഈ സമ്പ്രദായത്തിന് വിസ്വാല്‍ എന്നാണ് പറയുക.

عَنْ عَبْدِ اللَّهِ -ؓ-: أَنَّ النَّبِيَّ -ﷺ- وَاصَلَ، فَوَاصَلَ النَّاسُ، فَشَقَّ عَلَيْهِمْ فَنَهَاهُمْ، قَالُوا: إِنَّكَ تُوَاصِلُ، قَالَ: «لَسْتُ كَهَيْئَتِكُمْ إِنِّي أَظَلُّ أُطْعَمُ وَأُسْقَى»

അബ്ദുല്ലാഹിബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഒരിക്കല്‍ വിസ്വാല്‍ ആരംഭിച്ചു. അപ്പോള്‍ ജനങ്ങളും അപ്രകാരം ചെയ്തു. എന്നാല്‍ ജനങ്ങള്‍ക്ക് അത് പ്രയാസമായി അനുഭവപ്പെട്ടപ്പോള്‍ നബി -ﷺ- അവരോട് അത് വിരോധിച്ചു. അപ്പോള്‍ അവര്‍ ചോദിച്ചു: ” റസൂലേ! അങ്ങ് വിസ്വാല്‍ ചെയ്യുന്നുണ്ടല്ലോ” അപ്പോള്‍ നബി -ﷺ- പറഞ്ഞു: “ഞാന്‍ നിങ്ങളെ പോലെയല്ല. എനിക്ക് ഭക്ഷണവും പാനീയങ്ങളും നല്‍കപ്പെടുന്നുണ്ട്.” (ബുഖാരി:1964, മുസ്‌ലിം:1105)

നബി -ﷺ- ഇവിടെ സൂചിപ്പിച്ച ഭക്ഷണ-പാനീയങ്ങള്‍ കൊണ്ടുള്ള ഉദ്ദേശം എന്താണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്.

1- ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ടി കഴിക്കുന്ന ശരിയായ ഭക്ഷണ-പാനീയങ്ങള്‍ തന്നെയാണ് ഉദ്ദേശം.

2- നബി-ﷺ-ക്ക് അല്ലാഹുവിനോടുള്ള അവിടുത്തെ സാമീപ്യത്തില്‍ നിന്നും, അല്ലാഹുവിനോടുള്ള രഹസ്യസംഭാഷണത്തിലൂടെ (നമസ്കാരം) ലഭിക്കുന്ന അനുഭൂതിയും കണ്‍കുളിര്‍മയുമെല്ലാമാണ് ഉദ്ദേശം. അത് ഒരാള്‍ക്ക് ലഭിച്ചു കഴിഞ്ഞാല്‍ ശരീരത്തെ നിലനിര്‍ത്തുന്ന ഭക്ഷണം വരെ കുറച്ച് ദിവസങ്ങള്‍ക്ക് അയാളെ അലട്ടുകയില്ല. ഈ അഭിപ്രായത്തിനാണ് ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- മുന്‍ഗണന നല്‍കിയിട്ടുള്ളത്. (സാദുല്‍ മആദ്:2/33-44)

عَنْ أَنَسٍ -رَضِيَ اللَّهُ عَنْهُ-، قَالَ: وَاصَلَ رَسُولُ اللهِ -ﷺ- فِي أَوَّلِ شَهْرِ رَمَضَانَ، فَوَاصَلَ نَاسٌ مِنَ الْمُسْلِمِينَ، فَبَلَغَهُ ذَلِكَ، فَقَالَ: «لَوْ مُدَّ لَنَا الشَّهْرُ لَوَاصَلْنَا وِصَالًا، يَدَعُ الْمُتَعَمِّقُونَ تَعَمُّقَهُمْ، إِنَّكُمْ لَسْتُمْ مِثْلِي، – أَوْ قَالَ – إِنِّي لَسْتُ مِثْلَكُمْ، إِنِّي أَظَلُّ يُطْعِمُنِي رَبِّي وَيَسْقِينِي»

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- റമദാനിന്റെ ആദ്യത്തില്‍ ‘വിസ്വാല്‍’ ആരംഭിച്ചു. അപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട ചിലരും അപ്രകാരം ചെയ്തു. ഇക്കാര്യം അറിഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: “ഈ മാസം നമുക്ക് നീട്ടിക്കിട്ടുകയായിരുന്നെങ്കില്‍ മതത്തില്‍ അതിര് കവിയുന്നവര്‍ ഇപ്രകാരം ചെയ്യുന്നത് ഒഴിവാക്കുന്നത് വരെ നാം ‘വിസ്വാല്‍’ ചെയ്യുമായിരുന്നു. നിങ്ങള്‍ എന്നെപ്പോലെയല്ല. എന്റെ രക്ഷിതാവ് എനിക്ക് ഭക്ഷണ-പാനീയങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്.” (മുസ്‌ലിം: 1104)

عَنْ أَبِي هُرَيْرَةَ -ؓ-، قَالَ: نَهَى رَسُولُ اللهِ -ﷺ- عَنِ الْوِصَالِ، فَقَالَ رَجُلٌ مِنَ الْمُسْلِمِينَ: فَإِنَّكَ يَا رَسُولَ اللهِ تُوَاصِلُ، قَالَ رَسُولُ اللهِ -ﷺ- : «وَأَيُّكُمْ مِثْلِي؟ إِنِّي أَبِيتُ يُطْعِمُنِي رَبِّي وَيَسْقِينِي» فَلَمَّا أَبَوْا أَنْ يَنْتَهُوا عَنِ الْوِصَالِ وَاصَلَ بِهِمْ يَوْمًا، ثُمَّ يَوْمًا، ثُمَّ رَأَوُا الْهِلَالَ، فَقَالَ: «لَوْ تَأَخَّرَ الْهِلَالُ لَزِدْتُكُمْ» كَالْمُنَكِّلِ لَهُمْ حِينَ أَبَوْا أَنْ يَنْتَهُوا.

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ‘വിസ്വാല്‍’ നിരോധിച്ചു. അപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട ഒരു വ്യക്തി പറഞ്ഞു: ” നബിയേ! അങ്ങ് വിസ്വാല്‍ ചെയ്യുന്നുണ്ടല്ലോ?” അവിടുന്ന് -ﷺ- പറഞ്ഞു: “നിങ്ങളിലാരാണ് എന്നെപ്പോലെയുള്ളത്? എന്റെ റബ്ബ് എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തിട്ടല്ലാതെ ഞാന്‍ രാത്രി പിന്നിടുന്നില്ല.”

എന്നാല്‍ പിന്നീടും വിസ്വാല്‍ നടത്തുന്നതില്‍ നിന്ന് പിന്മാറാന്‍ അവര്‍ വിസമ്മതിച്ചപ്പോള്‍ നബി -ﷺ- രണ്ട് ദിവസത്തോളം അവര്‍ക്കൊപ്പം വിസ്വാല്‍ നടത്തി. പിന്നീട് (പെരുന്നാളിന്റെ) മാസം കണ്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: “മാസം കാണുന്നത് ഇനിയും വൈകിയിരുന്നെങ്കില്‍ നാം ഇനിയും വര്‍ദ്ധിപ്പിച്ചേനേ.” അവര്‍ (വിസ്വാല്‍) അവസാനിപ്പിക്കുന്നതിന് വിസമ്മതം പ്രകടിപ്പിച്ചതിന് നബി -ﷺ- താക്കീത് നല്‍കുകയായിരുന്നു ഇതിലൂടെ. (ബുഖാരി:1965, മുസ്‌ലിം:1103)

ഈ ഹദീഥുകളും, നോമ്പ് തുറയുടെ വിഷയത്തില്‍ വന്ന മറ്റു ധാരാളം ഹദീഥുകളും വിസ്വാലിനോടുള്ള നബി-ﷺ-യുടെ വെറുപ്പും, നോമ്പ് തുറക്കാനുള്ള അവിടുത്തെ ശക്തമായ പ്രേരണകളും വ്യക്തമാക്കി നല്‍കുന്നുണ്ട്.

ഖുറാഫികളുടെ പല ഔലിയാക്കന്മാരുടെയും വര്‍ഷങ്ങളും മാസങ്ങളും നീണ്ടു നില്‍ക്കുന്ന നോമ്പിന്റെ ‘കറാമത്ത് കഥകളും’ മേലെ നാം കണ്ട ഹദീഥുകളും താരതമ്യം ചെയ്യുക! ‘കശ്ഫിന്റെ’യും, ‘ജദ്ബിന്റെ’യും അവസ്ഥയിലെത്തി കഴിഞ്ഞാല്‍ പിന്നെ മതനിയമങ്ങള്‍ ഔലിയാക്കള്‍ക്ക് ബാധകമല്ലെന്ന കുഫ്റല്ലാതെ അവരുടെ കൈയ്യില്‍ മറുപടിയില്ല!!

നോമ്പ് തുറയുടെ സമയം

عَنْ عُمَرَ بْنِ الخَطَّابِ قَالَ : قَالَ رَسُولُ اللَّهِ -ﷺ-: « إِذَا أَقْبَلَ اللَّيْلُ مِنْ هَا هُنَا، وَأَدْبَرَ النَّهَارُ مِنْ هَا هُنَا وَغَرَبَتِ الشَّمْسُ فَقَدْ أَفْطَرَ الصَّائِمُ »

ഉമര്‍ ബ്നുല്‍ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “രാത്രി ഇവിടെ നിന്ന് മുന്നിട്ട് വരികയും, പകല്‍ ഇവിടെ നിന്ന് പിന്നോട്ട് പോവുകയും, സൂര്യന്‍ അസ്തമിക്കുകയും ചെയ്താല്‍ നോമ്പുകാരന്‍ നോമ്പ് മുറിച്ച് കഴിഞ്ഞു.” (ബുഖാരി:1954, മുസ്‌ലിം:1100)

“നോമ്പുകാരന്‍ നോമ്പ് മുറിച്ചു കഴിഞ്ഞു” എന്ന നബി-ﷺ-യുടെ വാക്കിനെ സംബന്ധിച്ച് ഇബ്‌നുല്‍ അഥീര്‍ പറഞ്ഞു: “അതായത് നോമ്പുകാരന്‍ ഭക്ഷണം കഴിച്ചില്ലെങ്കിലും, വെള്ളം കുടിച്ചില്ലെങ്കിലും (ഈ സമയമാവുന്നതോടെ) നോമ്പ് മുറിച്ചവനെ പോലെയായി.” (ജാമിഉല്‍ ഉസൂല്‍:6/372)

ഇമാം നവവി പറഞ്ഞു: “അവന്റെ നോമ്പ് അവസാനിക്കുകയും, അവനെ ഇനി നോമ്പുകാരന്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് ഇതിന്റെ ഉദ്ദേശം. കാരണം സൂര്യന്‍ അസ്തമിക്കുന്നതോടെ പകല്‍ അവസാനിക്കുകയും, രാത്രി ആരംഭിക്കുകയും ചെയ്തു. രാത്രി സമയമാകട്ടെ, നോമ്പിന്റെ സന്ദര്‍ഭവുമല്ല. “രാത്രി മുന്നിട്ടു വരികയും, പകല്‍ പിന്നോട്ട് പോവുകയും, സൂര്യന്‍ അസ്തമിക്കുകയും ചെയ്താല്‍” എന്നിങ്ങനെ മൂന്ന് അടയാളങ്ങള്‍ നബി -ﷺ- പറഞ്ഞതിന്റെ പിന്നിലുള്ള കാരണമെന്നോണം പണ്ഡിതന്മാര്‍ പറഞ്ഞു: ഈ മൂന്ന് കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന് സംഭവിച്ചാല്‍ ബാക്കി രണ്ട് കാര്യങ്ങളും അതിനോടൊപ്പം എന്തായാലും സംഭവിക്കും.

എന്നിട്ടും നബി -ﷺ- അവ ഒരുമിപ്പിച്ചത് ഏതെങ്കിലും താഴ്വാരത്തിലോ മറ്റോ ഒരാള്‍ ചെന്നു പെടുകയും, സൂര്യന്‍ അസ്തമിക്കുന്നത് അയാള്‍ക്ക് കാണാന്‍ സാധിക്കാതിരിക്കുകയും ചെയ്തു കഴിഞ്ഞാല്‍ അയാള്‍ക്ക് രാത്രിയുടെ ആഗമനത്തെയും, പകല്‍ ഇല്ലാതാകുന്നതിനെയും അവലംബിക്കാന്‍ വേണ്ടിയായിരിക്കാം. അല്ലാഹുവിനാണ് കൂടുതല്‍ അറിയുക.” (ശര്‍ഹുന്നവവി:7/216-218)

ഇബ്‌നു ഹജര്‍ പറഞ്ഞു: “വ്രതം അവസാനിപ്പിക്കാനുള്ള സമയം ആയിരിക്കുന്നു എന്നാണ് നബി -ﷺ- പറഞ്ഞതിന്റെ ഉദ്ദേശം… (സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ പിന്നെ ഭക്ഷണമൊന്നും കഴിച്ചില്ലെങ്കിലും) നോമ്പ് മുറിച്ചവനെ പോലെ ആയിത്തീര്‍ന്നു എന്നുമാകാന്‍ സാധ്യതയുണ്ട്.” ഇബ്‌നു ഹജര്‍ രണ്ടാമത്തെ അഭിപ്രായത്തെയാണ് ഹദീഥിന്റെ മറ്റു ചില നിവേദനങ്ങള്‍ ശക്തിപ്പെടുത്തുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുല്‍ ബാരി:4/197)

عَنْ عَبْدِ اللَّهِ بْنِ أَبِي أَوْفَى، قَالَ: كُنَّا مَعَ رَسُولِ اللَّهِ -ﷺ- فِي شَهْرِ رَمَضَانَ فَلَمَّا غَابَتِ الشَّمْسُ قَالَ : « يَا فُلَان انْزِلْ فَاجْدَحْ لَنَا » قَالَ: يَا رَسُولَ اللَّهِ، إِنَّ عَلَيْكَ نَهَاراً، قَالَ: « انْزِلْ فَاجْدَحْ لَنَا » قَالَ: فَنَزَلَ فَجَدَحَ، فَأَتَاهُ بِهِ فَشَرِبَ النَّبِيُّ -ﷺ- ثُمَّ قَالَ بِيَدِهِ: « إِذَا غَابَتِ الشَّمْسُ مِنْ هَاهُنَا، وَجَاءَ اللَّيْلُ مِنْ هَاهُنَا فَقَدْ أَفْطَرَ الصَّائِمُ »

അബ്ദുല്ലാഹിബ്നു അബീ ഔഫ -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഞങ്ങള്‍ നബി-ﷺ-യോടൊപ്പം റമദാന്‍ മാസത്തില്‍ (ഒരു യാത്രയി)ലായിരുന്നു. സൂര്യന്‍ അസ്തമിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: “ഹേ സഹോദരാ! (വാഹനത്തില്‍ നിന്ന്) ഇറങ്ങി ഞങ്ങള്‍ക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കുക.” അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ!! ഇപ്പോഴും പകലുണ്ടല്ലോ?” നബി -ﷺ- വീണ്ടും പറഞ്ഞു: “(വാഹനത്തില്‍ നിന്ന്) ഇറങ്ങി ഞങ്ങള്‍ക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കുക.” അപ്പോള്‍ അദ്ദേഹം താഴെ ഇറങ്ങി ഭക്ഷണം തയ്യാറാക്കി. ഭക്ഷണവുമായി നബി-ﷺ-യുടെ അടുക്കല്‍ ചെന്നപ്പോള്‍ അവിടുന്ന് അതില്‍ നിന്ന് കുടിക്കുകയും, തന്റെ കൈകള്‍ കൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു: “സൂര്യന്‍ ഇവിടെ നിന്ന് അസ്തമിച്ചു പോവുകയും, രാത്രി ഇവിടെ നിന്ന് മുന്നിട്ടു വരികയും ചെയ്താല്‍ നോമ്പുകാരന്‍ വ്രതം മുറിച്ചു കഴിഞ്ഞു.” (ബുഖാരി:1955, മുസ്‌ലിം:1101)

സൂര്യന്‍ അസ്തമിച്ചാല്‍ നോമ്പ് തുറക്കാന്‍ ധൃതി കൂട്ടുക

عَنْ سَهْلِ بْنِ سَعْدٍ، أَنَّ رَسُولَ اللَّهِ -ﷺ- قَالَ : « لَا يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الفِطْرَ »

സഹ്ല്‍ ബ്ന്‍ സഅ്ദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നോമ്പ് തുറക്കാന്‍ ധൃതി കൂട്ടുന്നിടത്തോളം ജനങ്ങള്‍ നന്മയിലായിരിക്കും.” (ബുഖാരി:1957, മുസ്‌ലിം:1098)

عَنْ أَبِى هُرَيْرَةَ عَنِ النَّبِىِّ -ﷺ- قَالَ « لاَ يَزَالُ الدِّينُ ظَاهِرًا مَا عَجَّلَ النَّاسُ الْفِطْرَ لأَنَّ الْيَهُودَ وَالنَّصَارَى يُؤَخِّرُونَ »

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ജനങ്ങള്‍ നോമ്പ് തുറക്കാന്‍ ധൃതി കൂട്ടുന്നിടത്തോളം കാലം മതം (ഇസ്‌ലാം) വിജയിച്ചു കൊണ്ടേയിരിക്കും. കാരണം യഹൂദ നസ്വാറാക്കള്‍ നോമ്പ് തുറ വൈകിപ്പിക്കുന്നവരാണ്.” (അബൂദാവൂദ്:2353, അല്‍ബാനി ഹസന്‍ എന്ന് വിലയിരുത്തി.)

عَنْ أَبِي عَطِيَّةَ، قَالَ: دَخَلْتُ أَنَا وَمَسْرُوقٌ، عَلَى عَائِشَةَ فَقُلْنَا: يَا أُمَّ الْمُؤْمِنِينَ، رَجُلَانِ مِنْ أَصْحَابِ مُحَمَّدٍ -ﷺ-، أَحَدُهُمَا يُعَجِّلُ الْإِفْطَارَ وَيُعَجِّلُ الصَّلَاةَ، وَالْآخَرُ يُؤَخِّرُ الْإِفْطَارَ وَيُؤَخِّرُ الصَّلَاةَ، قَالَتْ: أَيُّهُمَا الَّذِي يُعَجِّلُ الْإِفْطَارَ وَيُعَجِّلُ الصَّلَاةَ؟ قَالَ: قُلْنَا عَبْدُ اللهِ يَعْنِي ابْنَ مَسْعُودٍ قَالَتْ: «كَذَلِكَ كَانَ يَصْنَعُ رَسُولُ اللهِ -ﷺ-»

അബൂ അത്വിയ്യ പറയുന്നു: ഞാനും മസ്റൂഖും ആയിശ-رَضِيَ اللَّهُ عَنهَا-യുടെ അടുക്കല്‍ ചെന്നു. ഞങ്ങള്‍ ചോദിച്ചു: “സത്യവിശ്വാസികളുടെ മാതാവേ! നബി-ﷺ-യുടെ സ്വഹാബികളില്‍ പെട്ട ഒരാള്‍ നോമ്പ് തുറക്കാനും, നമസ്കാരം നിര്‍വ്വഹിക്കാനും ധൃതി കൂട്ടുന്നു. മറ്റൊരാളാകട്ടെ നോമ്പ് തുറയും, നമസ്കാരവും വൈകിപ്പിക്കുന്നു.

(മറ്റൊരു നിവേദനത്തില്‍: നബി-ﷺ-യുടെ സ്വഹാബിമാരില്‍ പെട്ട രണ്ടു പേര്‍. രണ്ടു പേരും നന്മകളില്‍ കുറവ് വരുത്തുന്നവരല്ല. ഒരാള്‍ മഗ്രിബ് നമസ്കാരത്തിനും, നോമ്പ് തുറക്കും ധൃതി കൂട്ടുന്നു. മറ്റൊരാള്‍ മഗ്രിബ് നമസ്കാരവും നോമ്പ് തുറയും വൈകിപ്പിക്കുന്നു.)”

ആയിശ -رَضِيَ اللَّهُ عَنهَا- പറഞ്ഞു: “രണ്ടു പേരില്‍ ആരാണ് നോമ്പ് തുറക്കും, നിസ്കാരത്തിനും ധൃതി കൂട്ടുന്നത്?” ഞങ്ങള്‍ പറഞ്ഞു: “അബ്ദുല്ലാഹിബ്നു മസ്ഈദാണ്.” ആയിശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: “അങ്ങനെയായിരുന്നു നബി -ﷺ- ചെയ്തിരുന്നത്.” (മുസ്‌ലിം:1099)

നബിമാരുടെ സമൂഹത്തോട് കല്‍പ്പിക്കപ്പെട്ട കാര്യങ്ങളില്‍ ഒന്നായിരുന്നു നോമ്പ് തുറക്കാന്‍ ധൃതി കൂട്ടുക എന്ന ആശയത്തിലുള്ള ഹദീഥ് മുന്‍പ് വായിച്ചത് ഓര്‍ക്കുക.

ബാങ്ക് വിളി കേട്ടാലും നോമ്പ് തുറ വൈകിപ്പിക്കുന്നവരും, ഇന്ന പള്ളിയിലെ ബാങ്ക് കേട്ടാല്‍ മാത്രമേ നോമ്പ് തുറക്കൂ എന്ന് പറയുന്നവരും, ബാങ്കിന്റെ സമയമായാലും ഉറപ്പാകട്ടെ എന്ന് പറഞ്ഞ് വൈകിക്കുന്ന മുഅദ്ദിന്മാരും, നോമ്പ് തുറക്കാന്‍ ധൃതി കൂട്ടുന്നവരെ കളിയാക്കുന്നവരും ഇത്തരം ഹദീഥുകളിലേക്കും, നബി -ﷺ- ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വീകരിച്ച നിലപാടുകളെ സംബന്ധിച്ചും വിലയിരുത്തേണ്ടത് അനിവാര്യമാണ്.

നോമ്പ് തുറയ്ക്കുള്ള വിഭവങ്ങള്‍

عن أَنَسِ بْنِ مَالِكٍ يَقُولُ «كَانَ رَسُولُ اللَّهِ -ﷺ- يُفْطِرُ عَلَى رُطَبَاتٍ قَبْلَ أَنْ يُصَلِّىَ فَإِنْ لَمْ تَكُنْ رُطَبَاتٌ فَعَلَى تَمَرَاتٍ فَإِنْ لَمْ تَكُنْ حَسَا حَسَوَاتٍ مِنْ مَاءٍ»

അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: “നബി -ﷺ- നിസ്കാരത്തിന് മുന്‍പ് നോമ്പ് തുറക്കാറുണ്ടായിരുന്നത് ഈത്തപ്പഴം കൊണ്ടായിരുന്നു. ഈത്തപ്പഴം ഇല്ലെങ്കില്‍ കാരക്ക കൊണ്ട്. കാരക്കയില്ലെങ്കില്‍ ഒരിറക്ക് വെള്ളം കുടിച്ച് കൊണ്ട്.” (അബൂദാവൂദ്:2356, തിര്‍മിദി:696, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

മേല്‍ പറഞ്ഞ മൂന്ന് കാര്യങ്ങളും ലഭിച്ചില്ലെങ്കില്‍ അനുവദനീയമായ എന്തെങ്കിലും ഭക്ഷണമോ പാനീയമോ കൊണ്ട് നോമ്പ് മുറിക്കാം. ഒന്നും ഭക്ഷിക്കാന്‍ കിട്ടിയില്ലെങ്കില്‍ നോമ്പ് തുറന്നു എന്ന് മനസ്സില്‍ കരുതുകയാണ് വേണ്ടത്. (മജാലിസു ശഹ്രി റമദാന്‍: ഇബ്‌നു ഉഥൈമീന്‍,പേ:126)

നോമ്പ് തുറയുടെ സമയത്തുള്ള പ്രാര്‍ത്ഥന

നോമ്പ് തുറക്കുന്ന സന്ദര്‍ഭത്തിലെ നോമ്പുകാരന്റെ പ്രാര്‍ത്ഥന അല്ലാഹു ഒരിക്കലും തള്ളിക്കളയാത്ത പ്രാര്‍ത്ഥനകളില്‍ പെട്ടതാണ് എന്ന ഹദീഥിന്റെ സ്വീകാര്യതയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്നാല്‍ നോമ്പുകാരന്‍ നോമ്പ് തുറക്കുന്നതു വരെയുള്ള പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുന്നവയില്‍ പെട്ടതാണ് എന്ന ഹദീഥ് (ഇബ്‌നു മാജ:1752, തിര്‍മിദി:3598, അഹ്മദ്:8043) നോമ്പുകാരന്റെ പ്രാര്‍ത്ഥനക്കുള്ള പ്രാധാന്യം ബോധ്യപ്പെടുത്തുന്നുണ്ട്.

നബി -ﷺ- നോമ്പ് തുറന്നു കഴിഞ്ഞാല്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നത് ഇപ്രകാരമാണ്:

«ذَهَبَ الظَّمَأُ وَابْتَلَّتِ العُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ»

“ദാഹം ശമിച്ചു; നരമ്പുകള്‍ നനഞ്ഞു; അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറച്ചു.” (അബൂദാവൂദ്:2357, അല്‍ബാനി ഹസന്‍ എന്ന് വിലയിരുത്തി)

ജനങ്ങള്‍ക്കിടയില്‍ നോമ്പ് തുറയുടെ സമയം പ്രത്യേകം പ്രാര്‍ത്ഥിക്കുവാനായി പ്രചരിക്കപ്പെട്ടിട്ടുള്ള മറ്റു പ്രാര്‍ത്ഥനകള്‍ സ്ഥിരപ്പെട്ടു വന്നിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചരിക്കപ്പെട്ടിട്ടുള്ള, എന്നാല്‍ നബി-ﷺ-യില്‍ നിന്ന് സ്ഥിരപ്പെട്ടിട്ടില്ലാത്ത ഒരു പ്രാര്‍ഥനയാണ് താഴെ കൊടുത്തിട്ടുള്ളത്.

« اللَّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ »

“അല്ലാഹുവേ! നിനക്ക് വേണ്ടി ഞാന്‍ വ്രതം അനുഷ്ഠിച്ചു, നീ നല്‍കിയ ആഹാരം കൊണ്ട് ഞാന്‍ നോമ്പ് മുറിച്ചിരിക്കുന്നു.” (അബൂദാവൂദ്:2360, അല്‍ബാനി ദഈഫ് എന്ന് വിലയിരുത്തി)

നോമ്പ് തുറപ്പിക്കല്‍

മറ്റൊരാളെ നോമ്പ് തുറപ്പിക്കുന്നതിന് വലിയ പ്രതിഫലമാണ് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്.

عَنْ زَيْدِ بْنِ خَالِدٍ الجُهْنِيِّ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ فَطَّرَ صَائِماً كَانَ لَهُ مِثْلُ أَجْرِهِ، غَيْرَ أَنَّهُ لَا يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئاً»

നബി -ﷺ- പറഞ്ഞു: “ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാല്‍, (നോമ്പ് നോറ്റവന്റെത്) പോലുള്ള പ്രതിഫലം തുറപ്പിച്ചവനുമുണ്ട്. നോമ്പുകാരന്റെ പ്രതിഫലത്തില്‍ നിന്ന് ഒന്നും കുറയാതെ തന്നെ.”

എന്നാല്‍ ഇന്നുള്ള നോമ്പ് തുറകളില്‍ ചിലതെങ്കിലും നോമ്പ് തുറപ്പിക്കുന്നവന്റെ പ്രശസ്തിയും, അവന്റെ ധര്‍മ്മശീലവും ജനങ്ങള്‍ക്കിടയില്‍ കൊട്ടിഘോഷിക്കാനുള്ള ഒരു ചടങ്ങായി മാറിയിരിക്കുന്നു. ഇവയെല്ലാം ഇഖ്ലാസിന് എതിരാകുമെന്നതില്‍ യാതൊരു സംശയവുമില്ല. അവയില്‍ നിന്ന് സുരക്ഷിതരാകാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തട്ടെ.

പല്ലു തേക്കല്‍

നോമ്പുകാരനും അല്ലാത്തവര്‍ക്കും പല്ലു തേക്കല്‍ സുന്നത്താണ്. നബി -ﷺ- നോമ്പുകാരനായിരിക്കെ പല്ലു തേച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (തിര്‍മിദി:807, ഇബ്‌നു മാജ:1746, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

عَنْ عَائِشَةَ: عَنِ النَّبِيِّ -ﷺ- أَنَّهُ قَالَ « السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ»

ആയിശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: “പല്ലു തേക്കല്‍ വായക്ക് ശുദ്ധിയും, രക്ഷിതാവിന് തൃപ്തികരവുമാണ്.” (നസാഈ:1934, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

ഏഴു സന്ദര്‍ഭങ്ങളില്‍ പല്ലു തേക്കല്‍ സുന്നത്താണെന്ന് പണ്ഡിതന്മാര്‍ ഹദീഥുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവ:

  • ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാല്‍.
  • വുദൂഅ് എടുക്കുമ്പോള്‍.
  • ഓരോ നമസ്കാരത്തിന്റെയും ഒപ്പം.
  • വീട്ടില്‍ പ്രവേശിക്കുമ്പോള്‍.
  • വായുടെ ഗന്ധമോ നാവിന്റെ രുചിയോ മാറിയാല്‍.
  • ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ആരംഭിക്കുന്നതിന് മുന്‍പ്.
  • വീട്ടില്‍ നിന്ന് പള്ളിയിലേക്ക് നമസ്കാരത്തിന് പുറപ്പെടുമ്പോള്‍.

നാവിന്റെ മേല്‍ പല്ലു തേക്കുന്ന വസ്തു കൊണ്ട് -അത് അറാക്കോ ബ്രഷോ ആകാം- വൃത്തിയാക്കുന്നതും, ദന്തനിരകളുടെ വലതു ഭാഗം കൊണ്ട് ആരംഭിക്കുന്നതും, ഇടതു കൈ കൊണ്ട് പല്ലു തേക്കുന്നതും സുന്നത്താണ്.

പല്ലു തേക്കുക എന്നാല്‍ നമ്മുടെ മനസ്സിലേക്ക് വേഗം ഓടിയെത്തുക ബ്രഷും പേസ്റ്റുമെടുത്തുള്ള പല്ലു തേക്കലാണ്. എന്നാല്‍ അറാക്കിന്റെ കൊള്ളി കൊണ്ടുള്ള വലിയ പ്രയാസമില്ലാത്ത പല്ലു തേക്കലും ഈ ഹദീഥില്‍ ഉള്‍പ്പെടും എന്ന് ഓര്‍ക്കുക; ഒരു വേള അപ്രകാരമായിരുന്നു നബി-ﷺ-യുടെ പല്ലു തേക്കല്‍ എന്നും, അതില്‍ അവിടുത്തെ സുന്നത്തിനെ ജീവിപ്പിക്കുക എന്ന മഹത്തായ ഇബാദത്ത് അടങ്ങിയിട്ടുണ്ടെന്നും കൂടി ഓര്‍ക്കുക.

അതോടൊപ്പം ഓര്‍മ്മപ്പെടുത്തട്ടെ, നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന്റെ അരികില്‍ കസ്തൂരിയുടേത് പോലെയാണ് എന്ന ഹദീഥ് നോമ്പുകാരന്‍ പല്ലു തേക്കുന്നത് ശരിയല്ലെന്നോ, ഏറ്റവും ശ്രേഷ്ഠമായതിന് എതിരാണെന്നോ അറിയിക്കുന്നില്ല.

സൂഫികളില്‍ പെട്ട ചിലര്‍ ഈ ഹദീഥിന്റെ കാര്യത്തില്‍ അതിരുകവിഞ്ഞു. അവര്‍ മനപ്പൂര്‍വ്വം വായുടെ ഗന്ധം മോശമാക്കുകയും, പല്ലു തേക്കുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നതു കാണാം. “വുദു ചെയ്യുമ്പോള്‍ വായില്‍ വെള്ളം കയറ്റി കൊപ്ലിക്കരുത്; വിരല്‍ വെള്ളത്തില്‍ മുക്കി പല്ലിന്റെ മേലെ കൂടി തടവാന്‍ മാത്രമേ അനുവാദമുള്ളൂ” എന്ന് വരെ ഇവരില്‍ ചിലര്‍ പറഞ്ഞു കളഞ്ഞു! ഇവര്‍ അല്ലാഹുവിലേക്ക് ചേര്‍ക്കുന്ന നിയമങ്ങളില്‍ നിന്ന് അല്ലാഹു എത്ര പരിശുദ്ധന്‍.

ഇബാദത്തുകള്‍ അധികരിപ്പിക്കല്‍

വിശുദ്ധ ഖുര്‍ആന്‍ പാരായണം, ദിക്റുകളും ദുആഉകളും അധികരിപ്പിക്കല്‍, സുന്നത്ത് നമസ്കാരങ്ങള്‍ നിര്‍വ്വഹിക്കല്‍, സദഖകള്‍ വര്‍ദ്ധിപ്പിക്കല്‍, സാധിക്കുമെങ്കില്‍ ഉംറ നിര്‍വ്വഹിക്കല്‍ എന്നിങ്ങനെയുള്ള ഇബാദത്തുകളില്‍ വര്‍ദ്ധനവ് വരുത്തല്‍ നോമ്പിന്റെ സമയത്ത് വളരെ പ്രതിഫലം ലഭിക്കുന്ന സുന്നത്തുകളില്‍ പെട്ടതാണ്. മേല്‍ പറയപ്പെട്ട പല ഇബാദത്തുകളും നബി -ﷺ- എത്ര മാത്രം വര്‍ദ്ധിപ്പിക്കാറുണ്ടായിരുന്നുവെന്ന് വായനക്കാര്‍ ഖുതുബുകളിലും മറ്റും ധാരാളം കേട്ടിരിക്കും. ദൈര്‍ഘ്യം ഭയന്ന് ആ ഹദീഥുകള്‍ ഇവിടെ ഉദ്ദരിക്കുന്നില്ല.

അനാവശ്യമായ കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക

അനാവശ്യമായ സംസാരങ്ങളില്‍ ഏര്‍പ്പെടുക, അനാവശ്യമായവ കേട്ടു കൊണ്ടിരിക്കുക, അനാവശ്യമായവയിലേക്കുള്ള നോട്ടം, അമിതമായ ഉറക്കം എന്നിവയില്‍ നിന്ന് നോമ്പുകാരന്‍ വിട്ടു നില്‍ക്കേണ്ടതുണ്ട്.

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مِنْ حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “അനാവശ്യമായവയില്‍ നിന്ന് വിട്ടു നില്‍ക്കുക എന്നത് ഒരാളുടെ നല്ല ഇസ്‌ലാമിന്റെ ഭാഗമാണ്.” (ഇബ്‌നു മാജ:3976, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

അവസാനമായി…

നോമ്പുകാര്‍ രണ്ടു വിഭാഗമാണ്.

ഒന്ന്: അല്ലാഹുവിന് വേണ്ടി ഭക്ഷണവും, വെള്ളവും, ദേഹേഛകളും മാറ്റിവെച്ചവന്‍. അല്ലാഹുവുമായി നല്ല ഒരു കച്ചവടത്തിലാണ് അവന്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അവന്റെ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല.

عَنْ الأَعْرَابِي قَالَ رَسُولُ اللَّهِ -ﷺ- : «إِنَّكَ لَنْ تَدَعَ شَيْئًا اتِّقَاءً لِلَّهِ، إِلَّا آتَاكَ اللَّهُ خَيْرًا مِنْهُ»

നബി -ﷺ- പറഞ്ഞു: “അല്ലാഹുവിന് വേണ്ടി നീ ഒരു കാര്യം ഒഴിവാക്കിയാല്‍ അതിനെക്കള്‍ നല്ല ഒരു കാര്യം അവന്‍ നിനക്ക് പകരം നല്‍കാതിരിക്കില്ല.” (അഹ്മദ്:24/342)

രണ്ട്: ഇഹലോകത്തില്‍ അല്ലാഹുവിന് വേണ്ടി സ്വശരീരത്തെ സ്വയം പിടിച്ചു വെച്ചവന്‍.

നോമ്പിന് അറബിയില്‍ സൗം എന്നാണ് പറയുക. സൗം എന്നാല്‍ പിടിച്ചു വെക്കുക എന്നാണ് അര്‍ഥം. തന്റെ ശിരസ്സിനെയും അതുള്‍ക്കൊള്ളുന്നവയെയും അവന്‍ സംരക്ഷിക്കുന്നു. തന്റെ വയറിനെയും അത് ഉള്‍ക്കൊള്ളുന്നവയെയും അവന്‍ സംരക്ഷിക്കുന്നു. മരണത്തെയും പരലോകത്തെയും അവന്‍ ഓര്‍ക്കുന്നു. പരലോകം ഉദ്ധേശിച്ചു കൊണ്ട് ഇഹലോകത്തിന്റെ സൗന്ദര്യങ്ങള്‍ ഒഴിവാക്കുന്നു. അവന്റെ പെരുന്നാള്‍ അല്ലാഹുവിനെ കണ്ടു മുട്ടുന്ന ദിവസമാണ്. അവന്റെ സന്തോഷം അല്ലാഹുവിനെ കാണുമ്പോഴാണ്.

അല്ലാഹുവിനെ കാണുന്ന ദിവസം പെരുന്നാളായിരിക്കാന്‍ പരിശ്രമിക്കുക. അല്ലാഹുവാണ് നമ്മുടെ രക്ഷാധികാരി.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدِ بْنِ عَبْدِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.

كَتَبَهُ : أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

ലേഖനത്തിന്റെ പ്രധാന അവലംബം: അസ്സ്വിയാമു ഫില്‍ ഇസ്‌ലാം/ശൈഖ് സഈദ് അല്‍-ഖഹ്ത്വാനി

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment