s
എന്താണ് പെരുന്നാൾ നിസ്കാരത്തിന്റെ കാര്യത്തിൽ നാം ചെയ്യുക?
ഈ വിഷയത്തിൽ പഠനം നടത്തുകയും, കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങൾ വായനക്ക് വിധേയമാക്കുകയും, പൗരാണികരും ആധുനികരുമായ പണ്ഡിതന്മാരുടെ വാക്കുകൾ പരിശോധിക്കുകയും ചെയ്ത ശേഷം എനിക്ക് മനസ്സിലാകുന്നത്: മുസ്വല്ലകളിൽ വെച്ച് പെരുന്നാൾ നിസ്കാരം നിർവ്വഹിക്കാൻ കഴിയാത്തവർക്ക് വീടുകളിൽ വെച്ച് നിസ്കാരം നിർവ്വഹിക്കാം എന്നാണ്.
– (പെരുന്നാൾ നിസ്കാരം നിർവ്വഹിക്കപ്പെടുന്ന നാടുകളിൽ) മുസ്വല്ലയിലേക്ക് (പെരുന്നാൾ നിസ്കാരം നിർവ്വഹിക്കപ്പെടുന്ന സ്ഥലം) പുറപ്പെട്ട ശേഷം അവിടെ നിസ്കാരത്തിന് മുൻപ് എത്തിച്ചേരാൻ കഴിയാതെ പോവുകയും, അങ്ങനെ നിസ്കാരം നഷ്ടപ്പെടുകയും ചെയ്താൽ (വീട്ടിൽ വെച്ച് പെരുന്നാൾ നിസ്കരിക്കാം).
– മറ്റെന്തെങ്കിലും തടസ്സം ബാധിച്ചതിനാൽ ഈദ്ഗാഹിലേക്ക് പോകാൻ കഴിയാത്തവർക്കും അവർ ഉള്ള സ്ഥലത്ത് വെച്ച് പെരുന്നാൾ നിസ്കരിക്കാം. പുറത്തിറങ്ങാൻ കഴിയാത്ത വിധം രോഗം ബാധിച്ചവർ, ശരിയായ ഹിജാബിന് വേണ്ട വസ്ത്രം കൈവശമില്ലാത്ത സ്ത്രീകൾ, തടവിലിടപ്പെട്ടവർ എന്നിവർ ഉദാഹരണം.
ഇത്തരക്കാർക്കെല്ലാം അവരവരുടെ താമസസ്ഥലങ്ങളിൽ വെച്ച് നിസ്കരിക്കാം എന്ന് ബഹുഭൂരിപക്ഷം കർമ്മശാസ്ത്ര പണ്ഡിതന്മാരും ഖണ്ഡിതമായി പ്രസ്താവിച്ചിട്ടുണ്ട്. മാലികീ മദ്‌ഹബിന്റെയും [1], ശാഫിഈ മദ്‌ഹബിന്റെയും [2], ഹമ്പലീ മദ്‌ഹബിന്റെയും [3] അഭിപ്രായം ഇതാണ്.
എന്നാൽ ചിലർ പറയുന്നു: ‘പെരുന്നാൾ ഇമാമിന്റെ പിന്നിൽ നിസ്കരിക്കാൻ കഴിയാതെ പോയവർക്ക് മാത്രമേ ഈ നിയമം ബാധകമാവൂ; (ഇപ്പോൾ നാടുകളിൽ പെരുന്നാൾ നിസ്കാരം ഇല്ലാത്തതിനാൽ പണ്ഡിതന്മാരുടെ ഈ വാക്കുകൾ തെളിവാക്കാൻ കഴിയില്ല)’. എന്താണ് അതിനുള്ള മറുപടി?
നാം പറയട്ടെ: കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ സംസാരം പെരുന്നാൾ നിസ്കാരം വീട്ടിൽ വെച്ചാകുന്നതിനെ കുറിച്ചാണ്. വീടുകളിൽ വെച്ചും പെരുന്നാൾ നിസ്കരിക്കാം എന്ന് അവരുടെ വാക്കുകൾ ബോധ്യപ്പെടുത്തുന്നു. ഇപ്രകാരം വീട്ടിൽ വെച്ച് നിസ്കരിക്കുന്നവർ പെരുന്നാൾ നിസ്കാരം നിർവ്വഹിച്ചുവെന്നും, അതിന്റെ നന്മ അവർ നേടിയെടുത്തെന്ന് പ്രതീക്ഷിക്കാം എന്നും അതിൽ നിന്ന് മനസ്സിലാക്കാം.
സ്വഹാബികളിൽ നിന്ന് വന്ന അഥറുകൾ (അഥർ: സ്വഹാബികളുടെ വാക്കുകളും പ്രവർത്തനങ്ങളും) പെരുന്നാൾ നിസ്കാരം ഖദ്വാഅ് വീട്ടുക എന്ന അർത്ഥത്തിലല്ല; മറിച്ച് പെരുന്നാൾ നിസ്കാരം നിർവ്വഹിക്കുക എന്ന അർത്ഥത്തിൽ തന്നെയായിരുന്നു എന്ന് അനേകം പണ്ഡിതന്മാർ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായപ്രകാരം പെരുന്നാൾ നിസ്കാരം സുന്നത്താണ്. സുന്നത് നിസ്കാരങ്ങൾ വീട്ടിൽ വെച്ച് നിർവ്വഹിക്കാവുന്ന നിസ്കാരങ്ങളാണ് എന്നത് സുന്നത്തിൽ സ്ഥിരപ്പെട്ട കാര്യവുമാണ്. അതിനാൽ അവ വീടുകളിൽ വെച്ച് നിർവ്വഹിക്കുന്നത് അനുവദനീയവുമാണ്. ഇതാണ് (പെരുന്നാൾ) വീട്ടിൽ വെച്ച് നിസ്കരിക്കാം എന്നതിന്റെ ഒരു തെളിവ്.
അതോടൊപ്പം അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- വിന്റെ സംഭവവും ഈ അഭിപ്രായക്കാർ തെളിവായി പരിഗണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട് പട്ടണത്തിന്റെ അങ്ങേയറ്റത്താണ്. ബസ്വറയിൽ പെരുന്നാൾ നിസ്കാരത്തിന് വന്നെത്തിയില്ലെങ്കിൽ അദ്ദേഹം തന്റെ കുടുംബത്തെയും സന്താനങ്ങളെയും അടിമകളെയും ഒരുമിച്ചു കൂട്ടുകയും, തങ്ങൾക്ക് ഇമാമായി നിന്നു കൊണ്ട് അബ്ദുല്ലാഹി ബ്നു ഉത്‌ബയോട് രണ്ട് റക്അത് നിസ്കാരം നിർവ്വഹിക്കാൻ കൽപ്പിക്കുകയും ചെയ്യുമായിരുന്നു. [4]
അനസ് ബ്നു മാലികിന്റെ ഈ സംഭവം പെരുന്നാൾ നിസ്കാരം മുസ്വല്ലയിൽ വെച്ച് നിർവ്വഹിക്കാൻ സാധിക്കാതെ പോയവർക്ക് അത് ഖദ്വാഅ് വീട്ടാമെന്ന് മാത്രമേ അറിയിക്കുന്നുള്ളൂ എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ അത് ഖദ്വാഅല്ല; മറിച്ച് അദ്ദേഹം പെരുന്നാൾ നിസ്കാരം ഇപ്രകാരമായിരുന്നു നിർവ്വഹിച്ചിരുന്നത് എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്. കാരണം അദ്ദേഹം പെരുന്നാൾ നിസ്കാരത്തിന് തീർത്തും പങ്കെടുക്കാറില്ലായിരുന്നു; മറിച്ച് അത് വീട്ടിൽ വെച്ച് നിർവ്വഹിക്കുകയായിരുന്നു ചെയ്തിരുന്നത്.
ഹമ്പലീ മദ്‌ഹബിൽ പെരുന്നാൾ നിസ്കാരം ഫർദ്വാണെങ്കിലും ഓരോ വ്യക്തിയുടെയും മേൽ ബാധ്യതയാകുന്ന തരത്തിൽ ഫർദ്വു ഐൻ (فَرْضُ عَيْنٍ) അല്ല. മറിച്ച്, സമൂഹത്തിന്റെ മേൽ ബാധ്യതയാകുന്ന ഫർദ്വു കിഫായഃ (فَرْضُ كِفَايَةٍ) ആണ്.
ഹനഫീ മദ്‌ഹബ് പ്രകാരം പെരുന്നാൾ നിസ്കാരം (ജനങ്ങൾ നിസ്കരിക്കുന്ന) മുസ്വല്ലയിൽ വെച്ച് മാത്രമേ നിസ്കരിക്കാവൂ. ആർക്കെങ്കിലും അത് നിസ്കരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവൻ ദ്വുഹാ നിസ്കാരം നിർവ്വഹിക്കട്ടെ; വീട്ടിൽ വെച്ച് പെരുന്നാൾ നിസ്കരിച്ചു കൂടാ എന്നാണ് അവരുടെ അഭിപ്രായം. [5]
ശൈഖ് ഇബ്‌നു ഉഥൈമീൻ -رَحِمَهُ اللَّهُ- ഈ അഭിപ്രായമാണ് ഫത്‌വയായി നൽകിയിരുന്നത്. അതായത്, പെരുന്നാൾ നിസ്കാരം ഖദ്വാഅ് വീട്ടുക എന്ന കാര്യമില്ല; മറിച്ച് മുസ്വല്ലയിൽ വെച്ച് തന്നെ നിർവ്വഹിക്കുകയാണ് വേണ്ടത്. [6]
ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- യുടെ അഭിപ്രായം ഇപ്രകാരമാണ്: ആരെക്കെങ്കിലും മുസ്വല്ലയിലേക്ക് പോകാൻ സാധിക്കുമെങ്കിൽ അവർക്ക് വീട്ടിൽ വെച്ച് നിസ്കരിക്കുന്നത് അനുവദനീയമാവില്ല. എന്നാൽ തടവിലിടപ്പെട്ടതിനാലോ, രോഗിയായതിനാലോ, സ്ത്രീകൾക്ക് പുറത്തു പോകാൻ കഴിയാത്തതിനാലോ പെരുന്നാൾ നിസ്കാരത്തിന് മുസ്വല്ലയിലേക്ക് എത്തിച്ചേരാൻ കഴിയില്ലെങ്കിൽ അവർക്ക് തങ്ങളുടെ താമസസ്ഥലത്ത് നാല് റക്അത് നിസ്കരിക്കാം. [7]
യഥാർത്ഥത്തിൽ, പെരുന്നാൾ നിസ്കാരം നഷ്ടപ്പെട്ടവരേക്കാൾ പ്രയാസകരമാണ് കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ നമ്മുടെ ഇപ്പോഴുള്ള അവസ്ഥ. കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ കാലഘട്ടത്തിലായിരുന്നു ഈ പ്രശ്നം ഉടലെടുത്തിരുന്നതെങ്കിൽ അവർ നിസ്കാരം നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ പറഞ്ഞതിനേക്കാൾ കൂടുതൽ ഇക്കാര്യത്തെ കുറിച്ച് ഊന്നിപ്പറയുമായിരുന്നു.
വൈജ്ഞാനികമായ കർമ്മശാസ്ത്ര പഠനത്തിന് ശേഷം എനിക്ക് മനസ്സിലാകുന്നത് ഈ വിഷയത്തിൽ വിശാലതയുണ്ട് എന്നാണ്. ഒരാൾ പെരുന്നാൾ നിസ്കാരം (വീട്ടിൽ വെച്ച്) നിർവ്വഹിച്ചില്ലെങ്കിൽ കുഴപ്പമില്ല. ആരെങ്കിലും വീട്ടിൽ വെച്ച് നിസ്കരിക്കുന്നെങ്കിൽ അതിലും കുഴപ്പമില്ല. ഈ വിഷയം വിശാലമായ കാര്യമാണ്. അൽഹംദുലില്ലാഹ്.
* വീട്ടിൽ വെച്ച് നിസ്കരിക്കാമെന്നാണ് ഒരാൾ തീരുമാനിക്കുന്നതെങ്കിൽ എങ്ങനെയാണ് അവൻ നിസ്കരിക്കേണ്ടത്?
– മുസ്വല്ലയിൽ ഇമാം നിസ്കരിക്കുന്നത് പോലെ, രണ്ട് റക്അതുകളായാണ് പെരുന്നാൾ നിസ്കാരം നിർവ്വഹിക്കേണ്ടത് എന്നതാണ് ശരിയായ അഭിപ്രായം. അനസ് -رَضِيَ اللَّهُ عَنْهُ- വിന്റെ സംഭവം അതാണ് അറിയിക്കുന്നത്.
ആദ്യത്തെ റക്അതിൽ ഏഴ് തക്ബീറുകൾ ചൊല്ലുക; ശേഷം ഫാതിഹ ഓതുക; പിന്നീട് സൂറ. ഖാഫ് പാരായണം ചെയ്യുക. (ആ റക്അത് കഴിഞ്ഞാൽ സുജൂദിൽ) നിന്ന് എഴുന്നേൽക്കുന്നതിനായി തക്ബീർ ചൊല്ലുക; അതിന് ശേഷം അഞ്ച് തക്ബീറുകൾ ചൊല്ലുക; ഫാതിഹ ഓതിക്കഴിഞ്ഞാൽ സൂറ. ഖമർ പാരായണം ചെയ്യുക. ആദ്യത്തെ റക്അതിൽ സൂറ. അഅ്ലായും രണ്ടാമത്തെ റക്അതിൽ സൂറ. ഗാശിയഃയും ഓതുകയും ചെയ്യാവുന്നതാണ്. (തശഹുദ് കഴിഞ്ഞാൽ) സലാം വീട്ടുക.
ഇതാണ് പെരുന്നാൾ നിസ്കാരത്തിന്റെ ശരിയായ രൂപം.
* വീട്ടിൽ വെച്ച് നിസ്കരിക്കുമ്പോൾ ഖുതുബ നിർവ്വഹിക്കേണ്ടതുണ്ടോ?
– ഒറ്റക്ക് നിസ്കരിക്കുന്നവനാണെങ്കിൽ അവൻ ഖുതുബ നിർവ്വഹിക്കേണ്ടതില്ല. അത് പണ്ഡിതന്മാരുടെ വ്യക്തമായ അഭിപ്രായമാണ്. [8]
– വീട്ടിൽ വെച്ച് കൂട്ടമായി നിസ്കരിക്കുന്നവരാണെങ്കിലും ഖുതുബ നിർവ്വഹിക്കേണ്ടതില്ല എന്നതാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായമായി ഞാൻ കാണുന്നത്. എന്നാൽ ശാഫിഈ പണ്ഡിതന്മാരിൽ ചിലർ പെരുന്നാൾ നിസ്കാരം ജമാഅതായി വീട്ടിൽ ഖദ്വാ വീട്ടുന്നവർ ഖുതുബ നിർവ്വഹിക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടത് കാണാം.
എന്റെ അഭിപ്രായം ഈ വിഷയത്തിലും വിശാലതയുണ്ട് എന്നാണ്. കാരണം ഇത്തരം കർമ്മശാസ്ത്ര വിഷയങ്ങൾ ഗവേഷണപരമായ ചർച്ചകളിൽ പെട്ടതാണ്. അനസ് -رَضِيَ اللَّهُ عَنْهُ- വിന്റെ സംഭവമാകട്ടെ, ഈ വിഷയത്തിൽ വ്യക്തവുമല്ല. എങ്കിലും ഖുതുബ നിർവ്വഹിക്കേണ്ടതില്ല എന്ന അഭിപ്രായത്തോടാണ് എനിക്ക് ചായ്‌വുള്ളത്.
അതോടൊപ്പം പറയട്ടെ; തീർത്തും ഗവേഷണപരമായ ഇത്തരം വിഷയങ്ങളിൽ ഓരോ നാട്ടിലും പൊതുവെ നൽകപ്പെട്ടിരിക്കുന്ന ഫത്‌വാ എന്താണെന്നത് ഓരോരുത്തരും പരിഗണിക്കേണ്ടതുണ്ട്. അവരവരുടെ നാടുകളിലെ പൊതുവെയുള്ള ഫത്‌വക്ക് വിരുദ്ധമായി നിലകൊള്ളുക എന്നത് മതവിദ്ധ്യാർത്ഥികൾക്ക് യോജിച്ചതല്ല. പൊതുജനങ്ങളുടെ മനസ്സിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനേ അത് ഉപകരിക്കുകയുള്ളൂ. ഇത്തരം സന്ദർഭങ്ങളിൽ അനാവശ്യമായ ഭിന്നതയാണ് അത് സൃഷ്ടിക്കുക.
ഉദാഹരണത്തിന്; ഒരു നാട്ടിൽ വീട്ടിൽ വെച്ച് നിസ്കരിക്കാം എന്നതാണ് ഔദ്യോഗിക പണ്ഡിതസഭയുടെയോ ഗ്രാന്റ് മുഫ്തിയുടെയോ അഭിപ്രായമെങ്കിൽ പരസ്യമായി അതിനെതിരു പറയുക എന്നത് യോജിച്ചതല്ല. വീട്ടിൽ ഖുതുബയില്ലാതെ നിസ്കരിക്കാം എന്നതാണ് ഔദ്യോഗിക ഫത്‌വയെങ്കിൽ ഖുതുബ നിർവ്വഹിക്കണം എന്ന് പരസ്യമായി അഭിപ്രായപ്രകടനം നടത്തുന്നത് അനുയോജ്യമല്ല. കാരണം സാധാരണ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന സംസാരങ്ങൾ നമ്മിൽ നിന്നുണ്ടായിക്കൂടാ. മുസ്‌ലിം ഉമ്മത്തിന്റെ ഒരുമക്ക് സഹായകമാകുന്നതും ഇത്തരം നിലപാടുകളാണ്.
ഉദാഹരണത്തിന് നമ്മുടെ നാട്ടിൽ -സഊദി അറേബ്യയിൽ- ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശ്ശൈഖ് -حَفِظَهُ اللَّهُ- പുറപ്പെടുവിച്ച ഫത്‌വ ഖുതുബയില്ലാതെ വീട്ടിൽ വെച്ച് പെരുന്നാൾ നിസ്കാരം നിർവ്വഹിക്കണമെന്നാണ്. എന്റെ അന്വേഷണത്തിൽ ബഹുഭൂരിപക്ഷം മുസ്‌ലിം രാജ്യങ്ങളിലും ഇതേ അഭിപ്രായം തന്നെയാണ് ഔദ്യോഗിക ഫത്‌വയായി നൽകപ്പെട്ടിരിക്കുന്നത്.
എന്നാൽ തന്റെ വീടിനുള്ളിൽ -ജനങ്ങൾ കാണാതെ- ഓരോരുത്തരും എന്ത് പ്രവർത്തിക്കുന്നു എന്നത് അവരവരുടെ തീരുമാനമാണ്. തനിക്ക് ശരിയാണെന്ന് മനസ്സിലായ അഭിപ്രായം അവന് (വ്യക്തിപരമായി സ്വയം) പ്രാവർത്തികമാക്കാവുന്നതാണ്.
* ‘ഔദ്യോഗിക ഫത്‌വയോ മറ്റോ ഇല്ലാത്ത, മുസ്‌ലിംകൾ ന്യൂനപക്ഷമായ നാട്ടിലാണ് ഞാൻ താമസിക്കുന്നത്; എന്തു ചെയ്യണം?’ എന്ന് ഒരാൾ ചോദിച്ചാലോ?
മുൻപ് പറഞ്ഞതു തന്നെയാണ് പറയാനുള്ളത്. നീ ഒറ്റക്കാണ് പെരുന്നാൾ നിസ്കാരം നിർവ്വഹിക്കുന്നതെങ്കിൽ ഖുതുബ പാടില്ല. കൂട്ടമായാണ് നിസ്കരിക്കുന്നതെങ്കിൽ അക്കാര്യത്തിൽ വിശാലതയുണ്ട്; വേണമെങ്കിൽ നിസ്കാരവും ഖുതുബയുമാകാം. വേണ്ടയെന്നാണെങ്കിൽ നിസ്കരിക്കുകയും ഖുതുബ ഒഴിവാക്കുകയും ചെയ്യാം. എന്റെ അഭിപ്രായം ഖുതുബ വേണ്ടതില്ലെന്നാണ്; കാരണം അനസ് -رَضِيَ اللَّهُ عَنْهُ- വിന്റെ അഥറിന്റെ ബാഹ്യാർത്ഥം അതാണ് സൂചിപ്പിക്കുന്നത്.
* മതവിദ്യാർത്ഥികളോട് പറയാനുള്ളത്; ഇത്തരം കാര്യങ്ങളിൽ നിങ്ങൾ അവഗാഹമുള്ളവരാവുക.
മുസ്‌ലിംകളുടെ ഐക്യം സംരക്ഷിക്കുകയും, ഭിന്നിപ്പിലേക്ക് വഴിനയിക്കാതിരിക്കുകയും, പൊതുജനങ്ങൾക്ക് ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കുകയും ചെയ്യുക എന്നത് ഇസ്‌ലാമിക മതനിയമങ്ങളുടെ പൊതുലക്ഷ്യമാണ്. അതിനാൽ ഈ വിഷയത്തിൽ ഭിന്നിപ്പ് പ്രകടിപ്പിക്കുകയോ ജനങ്ങളെ പ്രയാസത്തിലാക്കുകയോ ചെയ്യാതിരിക്കുക.
ആളുകൾക്കിടയിൽ വലിയ ചർച്ചക്ക് കാരണമായി തീർന്നിരിക്കുന്ന ഈ ഗൗരവമേറിയ വിഷയത്തിൽ പഠനം നടത്തിയതിൽ നിന്ന് ഇത്രയുമാണ് എനിക്ക് മനസ്സിലാകുന്നത് -വല്ലാഹു അഅ്ലം (അല്ലാഹുവിനാണ് കൂടുതൽ അറിയുക)-.
[ശൈഖിന്റെ സംസാരം ലിഖിതരൂപത്തിലേക്ക് മാറ്റിയതിനാൽ ചിലയിടത്ത് ആവർത്തനങ്ങൾ ഒഴിവാക്കുകയും, വിഷയങ്ങളുടെ ക്രമം ചിലയിടങ്ങളിൽ മാറ്റുകയും ചെയ്തിട്ടുണ്ട്. പെരുന്നാളുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ സംസാരത്തിന്റെ അറബിലിഖിതം. അടിക്കുറിപ്പുകൾ വിവർത്തകൻ്റേതാണ്. അടിക്കുറിപ്പുകളുടെ അവലംബം: ഹുക്മു സ്വലാതിൽ ഈദ് ഫീ ഹാലതിൽ ഹദ്വ്‌ർ അൽകുല്ലിയ്യ് / ഡോ. മുത്‌ലഖ് ജാസിർ]
[1] المدونة: 1/246، والكافي في فقه أهل المدينة لابن عبد البر: 1/265، وبلغة السالك لأقرب المسالك للصاوي: 1/531.
[2] كتاب الأم للشافعي 1/274-275، المجموع للنووي: 5/26، نهاية المحتاج إلى شرح المنهاج للرملي: 2/401.
[3] شرح مختصر الخرقي للقاضي أبي يعلي: 1/108، والمغني لابن قدامة: 3/284، والفروع لابن مفلح: 3/199.
[4] رواه البخاري في صحيحه تعليقا (باب إذا فاته العيد يصلي ركعتين وكذلك النساء)، ورواه البيهقي في السنن الكبرى: 3/305، وعبد الرزاق في المصنف: 3/197 5872، وابن أبي شيبة في المصنف: 4/236 5853 ق.
[5] المبسوط للسرخسي: 2/39، العناية شرح الهداية للبابرتي: 2/78.
[6] فتاوى نور على الدرب للعثيمين: 8/2.
[7] مجموع الفتاوى: 24/182.
[8] أسنى المطالب في شرح روض الطالب للأنصاري: 1/279.