പെരുന്നാള്‍ നിസ്കാരം മസ്ജിദുകളില്‍ നിന്ന് ഒഴിവാക്കി മുസ്വല്ലകളിലേക്ക് മാറ്റിയതിന്റെ പിന്നിലുള്ള ഉദ്ദേശങ്ങളില്‍ ഒന്ന് മുസ്ലിമീങ്ങള്‍ അത്തരമൊരു വേളയില്‍ ഒരു സ്ഥലത്ത് തന്നെ ഒരുമിച്ചു കൂടുന്നതിനും, അവര്‍ക്കിടയില്‍ ഐക്യവും സ്നേഹവും പടരുന്നതിനുമാണ്. അതു കൊണ്ടാണ് ആവശ്യ സാഹചര്യമില്ലാതെ മുസ്വല്ലകള്‍ ഒരേ നാട്ടില്‍ അധികരിപ്പിക്കുന്നത് മക്റൂഹ് (വെറുക്കപ്പെട്ടത്) ആണെന്ന് പണ്ഡിതന്മാര് ഉണര്‍ത്തിയത്. (നിഹായതുല്‍ മുഹ്താജ്/റംലി: 2/375)
എന്നാല്‍ ഖേദകരമെന്ന് പറയട്ടെ, മുസ്ലിം സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഭിന്നിപ്പും ചിദ്രതയും പെരുന്നാളുകളിലും അവരെ വിട്ടു പിരിയുന്നില്ല എന്നത് എത്ര സങ്കടകരമാണ്?! പലപ്പോഴും ഒരു മുസ്വല്ലയിലെ പ്രസംഗം മറ്റൊരു മുസ്വല്ലയിലുള്ളവര് കേള്‍ക്കുന്നത്ര അടുത്തടുത്ത് വരെ പെരുന്നാള്‍ നിസ്കാരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു! തങ്ങളുടെ മുസ്വല്ലയില്‍ പങ്കെടുത്തവരുടെ എണ്ണവും വണ്ണവും കാട്ടി ഓരോ വിഭാഗവും കക്ഷികളും സംഘടനകളും ഊറ്റം കൊള്ളുന്നു. നാലോ അഞ്ചോ പേര് മാത്രം വരുന്ന മുസ്വല്ലകളുമായി ഒരു ചെറുവിഭാഗം ആയിരക്കണക്കിന് മുസ്വല്ലകളെ ഉപേക്ഷിക്കുന്നു! എത്ര വേദനാജനകം!
അല്ലാഹു നാമേവരെയും സത്യത്തില്‍ ഒരുമിപ്പിക്കുമാറാകട്ടെ!