ഇമാം ബുഖാരി -رَحِمَهُ اللَّهُ- തന്റെ സ്വഹീഹില്‍ ഒരു അദ്ധ്യായത്തിനു നല്കിയ പേര് ഇപ്രകാരമാണ്: “കുട്ടികള്‍ക്ക് മുസ്വല്ലയിലേക്ക് പോകാം എന്നറിയിക്കുന്ന അദ്ധ്യായം.” ചെറിയ കുട്ടിയായിരുന്ന ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നബി -ﷺ- യോടൊപ്പം ഈദുല്‍ ഫിത്വറിലും ഈദുല്‍ അദ്വ്-ഹയിലും മുസ്വല്ലയിലേക്ക് പോയിട്ടുണ്ട് എന്നറിയിക്കുന്ന ഹദീസാണ് (ബുഖാരി: 975) ഈ അദ്ധ്യായത്തില്‍ അദ്ദേഹം നല്‍കിയത്.
ഹാഫിദ് ഇബ്നു ഹജര്‍ -رَحِمَهُ اللَّهُ- ഈ ഹദീസിന്റെ വിശദീകരണത്തില്‍ പറഞ്ഞു: “കുട്ടികളെ മുസ്വല്ലയിലേക്ക് കൊണ്ടു വരുന്നത് അനുവദിക്കപ്പെട്ടത് (ഇത്തരം സല്‍കര്‍മ്മങ്ങള്‍ കൊണ്ടും പുണ്യമാക്കപ്പെട്ട സമയം കൊണ്ടുമുള്ള) ബറകത് അവര്‍ക്ക് ലഭിക്കുന്നതിനും, കൂടുതല്‍ പേര് പങ്കെടുക്കുന്നതിലൂടെ ഇസ്ലാമിന്റെ അടയാളങ്ങള്‍ പ്രകടമാക്കുന്നതിനും വേണ്ടിയാണ്… അതിനാല്‍ നിസ്കരിക്കാന്‍ കഴിയുന്ന കുട്ടികള്‍ക്കും അല്ലാത്തവര്‍ക്കും ഈദിന്റെ മുസ്വല്ലയിലേക്ക് വരാം. എന്നാല്‍ കളിയും വികൃതിയും നിയന്ത്രിക്കാന്‍ കഴിയുന്ന കുട്ടികളായിരിക്കണം എന്ന നിബന്ധന പരിഗണിക്കപ്പെടേണ്ടതാണ്.” (ഫത്ഹുല്‍ ബാരി: 2/466)